ബാലരാമപുരം: സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ ബസിനെ ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ സ്ഥലവാസികളായ രണ്ടു പേര് മര്‍ദ്ദിച്ചസംഭവത്തില്‍ പ്രതിഷേധിച്ച് ബസ് സര്‍വീസ് നിര്‍ത്തിവച്ചു. കിഴക്കേകോട്ട, പുന്നക്കാട് സര്‍വീസാണ് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ന് ആലുവിളയില്‍ വച്ചാണ് സംഭവം. കാറില്‍ വന്ന രണ്ടുപേര്‍ക്ക് മുന്‍പേ പോയ ബസ് സൈഡ് കൊടുക്കാത്തതില്‍ ഓവര്‍ടേക്ക് ചെയ്ത് കയറി ബസിനെ തടഞ്ഞു നിര്‍ത്തിയാണ് ഡ്രൈവറെ കൈയേറ്റം ചെയ്തത്. പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവറായ മലയം വിളവൂര്‍ക്കല്‍ വിലംതറതേരി വീട്ടില്‍ ദിലീപി (40) നാണ് മര്‍ദ്ദനമേറ്റത്.
കിഴക്കേകോട്ടയില്‍ നിന്നും ആലുവിള പുന്നക്കാട്ടിലേക്ക് ഒരു ദിവസം ആറു സര്‍വീസാണ് കെ.എസ്.ആര്.ടി.സി നടത്തുന്നത്. പുന്നക്കാട്ടും ആലുവിളയിലും പരിസരത്തുമുളള ആള്‍ക്കാര്‍ക്ക് ഒരു വലിയ അനുഗ്രഹമായിരുന്നു. ആ സ്ഥലവാസികള്‍ തന്നെ ബസ് കൊടുത്തില്ലായെന്ന പേരില്‍ ഡ്രൈവറെ ദേഹോപദ്രവമേല്പ്പിച്ചതാണ് കെ.എസ്.ആര്.ടി.സിക്കാരെ ചൊടിപ്പിച്ചത്.
ഇടുങ്ങിയ ഇട റോഡായത് കാരണം പുറകില്‍ നിന്നും ഏതു വാഹനം സൈഡ് ചോദിച്ചാലും സ്ഥല സൗകര്യം നോക്കി മാത്രമേ സൈഡു കൊടുക്കാന്‍ സാധിക്കുകയുളളൂ. ഇതറിയാവുന്ന നാട്ടുകാര്‍ തന്നെ ഇത്തരത്തില്‍ പെരുമാറിയതിനാലാണ് പ്രധാനമായും ബസ് തല്‍ക്കാലത്തേക്കെങ്കിലും നിര്‍ത്തിവക്കാന്‍ കാരണം. ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പുന്നക്കാട് കരിംപ്ലാവിള സ്വദേശികളാണ് അക്രമം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.
വാര്‍ത്ത : മംഗളം