നമ്മുടെ ആനവണ്ടി അടിമുടി മാറുന്നു, സ്മാര്‍ട്ടാവാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

ജി.പി.എസും ഐ.ടി. അധിഷ്ഠിത സംവിധാനവും നടപ്പാക്കി കെ.എസ്.ആര്‍.ടി.സി. സ്മാര്‍ട്ടാവുന്നു. വരുമാനക്കുതിപ്പിനൊപ്പം രാജ്യത്തെ ആദ്യ ഐ.ടി. അധിഷ്ഠിത ഗതാഗതസംവിധാനമെന്ന പെരുമയും കെ.എസ്.ആര്‍.ടി.സി.ക്ക് സ്വന്തമാവും. ബി.ഒ.ഒ. (ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ഓണ്‍ഡ്) മാതൃകയിലാണ് സംവിധാനം നടപ്പാക്കുക. ആറുമാസത്തിനുള്ളില്‍ നിലവില്‍വരും.

ഇലക്ട്രോണിക് ടിക്കറ്റ് – ഇലക്ട്രോണിക് ടിക്കറ്റിലൂടെ വരുമാനക്കുതിപ്പ് ലക്ഷ്യം. വാലറ്റ്, സ്മാര്‍ട്ട് കാര്‍ഡ് പേയ്മെന്റ് എന്നിവവഴി എവിടെയിരുന്നും ടിക്കറ്റെടുക്കാം. ഒരു ദിവസത്തെ ടിക്കറ്റിന്റെ മുഴുവന്‍ വിവരവും ഒറ്റ ക്ലിക്കില്‍ ആസ്ഥാന കാര്യാലയത്തില്‍ ലഭിക്കും.

ബസ് എവിടെയെത്തി – ബസ് ഏത് റൂട്ടിലായാലും എവിടെയെത്തി എന്നറിയാം. എപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നും അറിയാം. ഓടിക്കൊണ്ടിരിക്കുന്ന ബസിനെപ്പറ്റി യാത്രക്കാര്‍ക്കും അധികൃതര്‍ക്കും വിവരങ്ങള്‍ കിട്ടും. ഇതിനായി 91 ഡിപ്പോകളിലും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. വലിയ ഡിസ്പ്ലേയില്‍ എല്ലാ ബസിന്റെയും വിവരങ്ങള്‍ ബോര്‍ഡില്‍ ലഭ്യമാവും.

തത്സമയ ബുക്കിങ് – നിലവില്‍ യാത്രപുറപ്പെട്ട ഒരു ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവില്ല. ലൈവ് ട്രാക്കിങ്ങിലൂടെ ബസ് എവിടെയെത്തിയെന്നും സീറ്റ് ഒഴിവുണ്ടോയെന്നും പരിശോധിക്കാം. അപ്പോള്‍ത്തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഡിപ്പോകള്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും തത്സമയബുക്കിങ് നടത്താം. ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുപകരം ടാബ്ലെറ്റ് ഉപയോഗിച്ചുള്ള ബുക്കിങ് സംവിധാനമാണ് പുതുതായി വരിക.

ബസ് തോന്നിയപോലെ ഓടില്ല – ഗൈറോസ്‌കോപിക് ജി.പി.എസ്. സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഇതോടെ തോന്നിയ പോലെ ബസ് ഓടിക്കാനാവില്ല. വഴിമാറി ഓടുക, വൈകിയോടുക, അതിവേഗത്തിലോ വളരെ പതുക്കെയോ പോകുക, അപകടത്തില്‍പ്പെടുക എന്നിവയുണ്ടായാല്‍ വിവരങ്ങള്‍ അപ്പോള്‍ത്തന്നെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും.

ട്രിപ്പ് ഷെഡ്യൂള്‍ മാനേജ്മെന്റ് – ഇതിലൂടെ യാത്രക്കാര്‍ കുറവുള്ള റൂട്ടും തിരക്കുള്ള റൂട്ടും സമയവും കണ്ടെത്തും. ലാഭകരമല്ലാത്തവ പുനഃക്രമീകരിച്ച് നഷ്ടം ഒഴിവാക്കും. ആവശ്യമുള്ളിടത്ത് പുതിയ ബസും ഓടിക്കും.

മൊബൈല്‍ ആപ്പ് – ഓണ്‍ലൈന്‍ ടിക്കറ്റിനും ബസ് ട്രാക്കിങ്ങിനുമൊപ്പം പുതുതായി ആരംഭിച്ച സര്‍വീസുകള്‍, റൂട്ടുകള്‍, സ്പെഷല്‍ സര്‍വീസുകള്‍, നിര്‍ത്തിവെച്ച ബസുകള്‍ എന്നിവ മൊബൈല്‍ ആപ്പിലൂടെ അറിയാം. കെ.എസ്.ആര്‍.ടി.സി. നല്‍കുന്ന മുഴുവന്‍ സേവനങ്ങളും ആപ്പിലൂടെ ലഭിക്കും.

കണ്‍ട്രോള്‍ റൂം, കോള്‍ സെന്റര്‍ – 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും കോള്‍ സെന്ററും. യാത്രക്കാരുടെ പരാതികളും ഇവിടെത്തന്നെ പരിഹരിക്കും. 10 മുതല്‍ 15 വരെ ജീവനക്കാര്‍ ഇവിടെ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Source – http://www.mathrubhumi.com/auto/features/ksrtc-bus-upgrade-with-latest-technologies–1.2257086

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply