വിവരണം – ഗീതു മോഹന്ദാസ്.
“അവസാനം 6 മണിയോടെ ഞങ്ങൾ കഠ്മണ്ടുവിലെ ഞങ്ങളുടെ താമസസ്ഥലത്തെത്തി. അല്പം വിശ്രമിച്ച ശേഷം, ഞെട്ടിപ്പിക്കുന്ന ആ സത്യം ഞങ്ങൾ അറിയുന്നത്..” നേപ്പാളിലെ പ്രശസ്തമായ പൊഖറയിൽ നിന്നും കാട്മടുവിലേക്ക് മനസ് തകർന്നൊരു യാത്ര.. വേറെ ഒന്നും കൊണ്ടല്ല. ഈ നേപ്പാൾ യാത്ര അവസാനിക്കാറായല്ലോ എന്ന വിഷമം മാത്രം. അങ്ങോട്ട് പോയപ്പോൾ പനിയുടെ അതിപ്രസരം കാരണം വണ്ടിയിൽ ഉറങ്ങിപ്പോയ എനിക്കും പലതും കാണുമ്പോൾ അത്ഭുതം. യാത്രചെയ്യുന്ന ഹൈവേയുടെ ഒരു വശം ഹിമാലയൻ നദികൾ ഒഴുകുകയാണ്.
നല്ല പാൽ നിറത്തിലുള്ള വെള്ളം. വലുതും ചെറുതുമായ നിരവധി വെള്ളാരം കല്ലുകൾ.. ഒരുപാട് വെള്ളം ഇല്ലെങ്കിലും നല്ല ഒഴുക്കിൽ എങ്ങോട്ടോ ഒഴുകി പോകുകയാണ്. മഞ്ഞു കാലം ആയതിനാൽ നദികളിൽ വെള്ളം കുറവാണ്. പണ്ട് സ്കൂളിലെ സോഷ്യൽ സ്റ്റഡീസ് എക്സാം ചോദ്യപേപ്പറിലെ പ്രമുഖ ചോദ്യം ബീന ടീച്ചർ വീണ്ടും ഓർമപ്പെടുത്തി, വേനൽ കാലത്തു എന്തുകൊണ്ടാണ് ഹിമാലയൻ നദികൾ കര കവിഞ്ഞു വെള്ളപൊക്കം ഉണ്ടാകുന്നത് ? ഉത്തരം മുന്നിൽ തന്നെ. ഇതാണ് യാത്രകൾ നമുക്ക് നൽകുന്ന അറിവ്. പുസ്തകങ്ങളിൽ നിന്നും കാഴ്ചയുടെ വിശാല ലോകം .
പോകുന്ന വഴിക്കെല്ലാം വലിയ വലിയ തൂക്കുപാലങ്ങൾ ഒരു 2 km ദൂരത്തിൽ ഒരു തൂക്കുപാലം അതും മനോഹരമായ ആ നദികളുടെ മുകളിലൂടെ..നദിക്കപ്പുറം ചെറു ഗ്രാമങ്ങളിലേക്കെത്താൻ ഉള്ള വഴി ആണ് ഇതു എന്ന് ഗൈഡ് ചേട്ടൻ പറഞ്ഞു തന്നു. ഓരോ സംസ്കാരങ്ങൾ ഉള്ള, തികച്ചും വ്യത്യസ്തമായ ഗ്രാമങ്ങൾ. വലിയ ഇരുമ്പുകമ്പികൾ കൊണ്ട് വലിച്ചു കെട്ടിയിരിക്കുകയാണ് പാലങ്ങളെ. ഓരോ പാലങ്ങൾക്കും ഓരോ പേരാണ്, ചിലപ്പോൾ ഗ്രാമത്തിന്റെ പേരോ മറ്റോ ആകും. കുറച്ചൊക്കെ കുറിച്ചെടുത്തു, ഗോമതി ബ്രിഡ്ജ്, ഗജുർ ബ്രിഡ്ജ്, galundi ബ്രിഡ്ജ്.. അങ്ങനെ പോകുന്നു പേരുകൾ. കുറിച്ചെടുക്കാൻ തുടങ്ങിയാൽ എന്റെ പുസ്തകത്തിന്റെ താളുകൾ തീരും എന്ന് ഉറപ്പായപ്പോൾ പരുപാടി നിർത്തി.
വേനൽ കാലത്തു, അതായത് നദിയിൽ വെള്ളം നിറയുമ്പോൾ ഞങ്ങൾ പോകുന്ന വഴിയിൽ കാണുന്ന നദികളിലൂടെ ഗംഭീര റിവർ റാഫ്റ്റിങ് നടക്കുന്ന സ്ഥലം ആണ് ഇത്. ഇത്രയധികം തൂക്കുപാലം കണ്ടെങ്കിലും ഞങ്ങൾ ഇതുവരെ അതിൽ ഒന്ന് കയറിയില്ല. ആദിത്യ തൂക്കുപാലം വരുമ്പോൾ വണ്ടി നിർത്തണം എന്ന് ഗൈഡ് ചേട്ടനോട് പറഞ്ഞു.
അങ്ങനെ അടുത്തതായി കണ്ട തൂക്കുപാലത്തിനെ ലക്ഷ്യമാക്കി ഞങ്ങളുടെ ശകടം കുതിച്ചു. ഒരു തൂക്കുപാലത്തിനു സമീപം വണ്ടി നിർത്തി. പക്ഷെ അങ്ങോട്ട് പോകണം എങ്കിൽ ഒരു കുത്തനെ ഉള്ള ഇറക്കം ഇറങ്ങണം. ഇനി നേപ്പാൾ വന്നിട്ടു തൂക്കുപാലത്തിൽ കയറില്ല എന്ന വിഷമം വേണ്ട. ഞങ്ങൾ പതുക്കെ ആ ഇറക്കം ഇറങ്ങി.. മനോഹരമായ ആ പാലത്തിലൂടെ അക്കര വരെ നടന്നു. താഴെ ലോറികൾ, ഭക്ഷണം ഉണ്ടാകുന്ന ആളുകൾ, തുണി അളക്കുന്ന സ്ത്രീകൾ, വെള്ള നിറത്തിൽ ഒഴുകുന്ന നദി.. മനോഹരമായ ഒരു അനുഭവം ആണ് ഇവിടെത്തെ തൂക്കുപാലം യാത്ര. അവിടെന്നു ഇറങ്ങി, ഇനി സമയം ഒട്ടും കളയാനില്ല. ഇല്ലെങ്കിൽ കാട്മണ്ടു എത്തുമ്പോൾ വൈകും. വൈകിയാൽ രാത്രിയുടെ നഗരം ആയ താമൽ ഞങ്ങൾക്ക് മിസ് ആകും. അതുകൊണ്ടു ആവേശത്തോടെ യാത്ര ആരംഭിചു. പോകുന്ന വഴിയാണ് മന കാമ്നാ ക്ഷേത്രം. അങ്ങോട്ട് പോകാൻ കേബിൾ കാർ മാത്രമാണ് ഉള്ളത്. ഈ സ്ഥലം ഞങ്ങൾ itinerary നു ഒഴിവാക്കിയിരുന്നു.
അവസാനം 6 മണിയോടെ ഞങ്ങൾ കഠ്മണ്ടുവിലെ ഞങ്ങളുടെ താമസസ്ഥലത്തെത്തി. അല്പം വിശ്രമിച്ച ശേഷം, ഞെട്ടിപ്പിക്കുന്ന ആ സത്യം ഞങ്ങൾ അറിയുന്നത്. സുധിനയുടെ ആകെ ഉള്ള ഒരേ ഒരു ട്രാവൽ ഡോക്യുമെന്റ് ആയ വോട്ടേഴ്സ് id മിസ്സിംഗ്. ബാഗ് മുഴുവൻ കുടഞ്ഞു തപ്പി. സാധനം മിസ്സിംഗ് തന്നെ. ഇതില്ലാതെ ഇവിടുന്നു വിമാനത്തിൽ രാജ്യം വിടാൻ പറ്റില്ല. നാളെ ആണ് തിരിച്ചുള്ള ഫ്ലൈറ്റ്. വേറെ ആരെയും ഞങ്ങൾ ഇത് അറിയിച്ചില്ല. ഹോട്ടലിൽ വന്ന സമയം id കാർഡ് കൊടുത്തിരുന്നു അവർ അത് പ്രിന്റ് എടുത്തു വച്ചിരുന്നു. ഒരു കോപ്പി വാങ്ങി കയ്യിൽ വച്ച്. നേപ്പാളിലെ ഇന്ത്യൻ എംബസി വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല. നേപ്പാളിലെ ചില ഇന്ത്യൻ സുഹൃത്തുക്കളെ വിളിച്ചു ഇന്ത്യൻ എംബസി രാവിലെ 10 മണികഴിഞ്ഞു ചെന്നാലേ കാര്യം ഉള്ളു എന്ന് അവർ പറഞ്ഞു. എല്ലാംകൊണ്ടും പ്രതീക്ഷ കൈവിട്ടു.
ഇനി ടെൻഷൻ അടിച്ചിട്ട് എന്ത് ചെയ്യാനാ.. പൊഖാറയിൽ വച്ച് ഫീവ തടാക കരയിലൂടെ ഞാനും സുധിയും നടക്കുമ്പോൾ വെറുതെ പറഞ്ഞിരുന്നു, ഈ നേപ്പാളിൽ നിന്ന് പോകാൻ തോന്നുന്നില്ല. ചിലപ്പോൾ ഇവിടെ വച്ച് നമ്മുടെ id കാർഡ് പോയാൽ അവർക്കു പിന്നെ നമ്മളെ തിരിച്ചയക്കാൻ പറ്റില്ലാലോ.. ഇവിടെ ജോലി കണ്ടുപിടിച്ചു യാത്രയൊക്കെ ആയി ഇവിടെ കൂടാം എന്ന്. സംഭവം അച്ചട്ടായി. പക്ഷെ നാളെ എല്ലാം ശെരി ആകും എന്ന് പ്രതീക്ഷിച്ചു ഞങ്ങൾ നേപ്പാളിലെ ഏറ്റവും വലിയ ഷോപ്പിങ് ഡെസ്റ്റിനേഷൻ, രാത്രി മിഴിതുറക്കുന്ന താമലിലേക്കിറങ്ങി.
പല രാജ്യക്കാർ പബ്ബുകൾ ബാറുകൾ.. വല മാല ട്രക്കിങ് സാധങ്ങൾ അങ്ങനെ ഒരു വലിയ മാർക്കറ്റ്. ഞാനും സുധിയും അരുണും അങ്ങനെ ഓരോ കടയിലൂടെ താമലിലെ വീഥികളിലൂടെ കയറി ഇറങ്ങി…. നാളത്തെ പ്രഭാതം.. നേപ്പാളിലെ അവസാന ദിവസം ആണ്. യാത്ര ആരംഭിച്ചപ്പോൾ ഉള്ള അതെ ടെൻഷൻ ആയിപോയി അവസാനിക്കുമ്പോളും. ഇന്ത്യൻ എംബസി ചതിക്കുമോ, രക്ഷിക്കുമോ, സുദിനക്കു ഞങ്ങളുടെ കൂടെ ഇന്ത്യയിലേക്ക് പറക്കാൻ പറ്റുമോ അതോ നേപ്പാളിൽ കുടുങ്ങിപ്പോയ മലയാളി പെൺകൊടി ആകുമോ, രാവിലെ നമ്മെ കാത്തിരിക്കുന്ന ദർബാർ സ്ക്വയർ ഇതെല്ലാം അടുത്ത ഭാഗത്തിൽ..