ആധുനിക നേഴ്‌സിങ്ങിന്‌ അടിത്തറപാകിയ ‘വിളക്കേന്തിയ വനിത’

ആധുനിക നേഴ്‌സിങ്ങിന്‌ അടിത്തറപാകിയ ഫ്ലോറൻസ്‌ നൈറ്റിങ്ഗേൽ (1820 മെയ്‌ 12 – 1910 ഓഗസ്റ്റ്‌ 13) ‘വിളക്കേന്തിയ വനിത’ എന്നാണ്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവർ. ക്രീമിയൻ യുദ്ധകാലത്ത് (1853–1856) പരിക്കേറ്റ പട്ടാളാക്കാർക്കു നൽകിയ പരിചരണമാണ്‌ അവരെ പ്രശസ്തയാക്കിയത്. ഇറ്റലിയിൽ ടാസ്കാനിയിലെ ഫ്ലോറൻസ് നഗരത്തിൽ ഒരു ബ്രിട്ടീഷ്‌ ധനികകുടുംബത്തിലാണ്‌ അവർ ജനിച്ചത്‌, ഫ്ലോറൻസ്‌ എന്ന നഗരത്തിന്റെ പേരുതന്നെയാണ്‌ അവർക്ക്‌ നൽകിയത്‌. പിതാവ്‌ വില്ല്യം എഡ്‌വേർഡ്‌ നൈറ്റിംഗേൽ (1794?-1875), മാതാവു ഫ്രാൻസിസ്‌ നീ സ്മിത്‌(1789-1880) 1850-ൽ കൈസർവർത്തിലെ ലൂഥറൻ പാസ്റ്ററായ തിയോഡർ ഫ്ലേയ്‌ൻഡറ്രിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരെ ശൂശ്രൂഷിക്കന്നത്‌ കണ്ടത്‌ അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. 1853 ഓഗസ്റ്റ്‌ 22-നു ലണ്ടനിലെ അപ്പർ ഹാർലി സ്റ്റ്രീറ്റിൽ സ്ഥിതിചെയ്റ്റിരുന്ന ഇൻസ്റ്റിറ്റിയൂട്ട്ട്‌ ഒഫ്‌ കെയറിംഗ്‌ സിക്ക്‌ ജെന്റിൽവുമൺ എന്ന സ്ഥാപനത്തിൽ സൂപ്രണ്ടായി ജോലിചെയ്യാൻ ആരംഭിച്ചു.

ഇറ്റലിയിൽ ടാസ്കാനിയിലെ ഫ്ലോറൻസ് നഗരത്തിൽ ഒരു ബ്രിട്ടീഷ്‌ ധനികകുടുംബത്തിലാണ്‌ അവർ ജനിച്ചത്‌, ഫ്ലോറൻസ്‌ എന്ന നഗരത്തിന്റെ പേരുതന്നെയാണ്‌ അവർക്ക്‌ നൽകിയത്‌. പിതാവ്‌ വില്ല്യം എഡ്‌വേർഡ്‌ നൈറ്റിംഗേൽ), മാതാവു ഫ്രാൻസിസ്‌ നീ സ്മിത്‌ ഇവരുടെ മകളായി മെയ്‌ 12 1820 ജനിച്ചു, വീട്ടുകാരുടെ എതിർപ്പ്‌ അവഗണിച്ചാണ്‌ നഴ്സിങ്‌ തിരഞ്ഞെടുത്തത്‌. കുടുംബജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ തന്റെ സേവനത്തിന്‌ തടസമാവുമോ എന്നു കരുതി വിവാഹജീവിതം പോലും വേണ്ടെന്നുവച്ചു. ഇംഗ്ലണ്ടിൽ ഡെർബിഷയറിലെ ലീഹഴ്സ്റ്റിലും ഹാംഷയറിലെ എംബ്ലിയിലുമുള്ള ബംഗ്ലാവുകളിൽ സുഖലോലുപതയ്ക്കു നടുവിലായിരുന്നു ഫ്ലോറൻസും സഹോദരി പാർത്തേയും ജീവിച്ചത്‌. 1821-ൽ ഇംഗ്ലണ്ടിലെ ഡെർബീഷയറിലെ ലീഹാഴ്സ്റ്റിലേക്ക്‌ താമസം മാറ്റി. തുടർന്ന്‌ ഹാംഷെയറിലെ എംബ്ലിയയിൽ സഹോദരി പാർത്തേയുമൊത്ത്‌ ജീവിതം.12-ാ‍ം വയസ്സിൽ ലാറ്റിൻ, ഗ്രീക്ക്‌, ഇറ്റാലിയൻ, ഫ്രഞ്ച്‌, ജർമ്മൻചരിത്രം, തത്വശാസ്ത്രം, സംഗീതം എന്നിവയിൽ വിദ്യാഭ്യാസം. നേടി.

ചെറുപ്പത്തിൽതന്നെ ഈശ്വരസേവ ചെയ്യാനായിരുന്നു ഫ്ലോറൻസിന്റെ മോഹം. എന്നാൽ കന്യാസ്ത്രീയാകാതെ മറ്റേതെങ്കിലും രീതിയിൽ ലോകത്തെ ശുശ്രൂഷിക്കാൻ ഫ്ലോറൻസ്‌ ആഗ്രഹിച്ചു. 1837-ൽ തനിക്ക്‌ ദൈവവിളി ഉണ്ടായതായി അവൾ മാതാപിതാക്കളെ അറിയിച്ചു. 1842-ൽ ഇംഗ്ലണ്ടിലുണ്ടായ ക്ഷാമത്തെ തുടർന്ന്‌ ഫൊളാവോ എന്ന ഗ്രാമത്തിൽ ഫ്ലോറൻസ്‌ ജീവകാരുണ്യ പ്രവർത്തനത്തിനിറങ്ങി. 19-ാ‍ം നൂറ്റാണ്ടിലെ സമൂഹത്തിൽ തീരെ വിലകൽപിക്കപ്പെടാതിരുന്ന നഴ്സ്‌ ജോലിക്ക്‌ ഫ്ലോറൻസ്‌ ഇറങ്ങിപുറപ്പെട്ടപ്പോൾ മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്ന്‌ കടുത്ത സമ്മർദ്ദത്തിലായ ഫ്ലോറൻസ്‌ കുടുംബസുഹൃത്തായ ചാൾസിനും സെലീറയ്ക്കുമൊപ്പം യൂറോപ്യൻ പര്യടനത്തിനിറങ്ങി. 1850 ജൂലൈയിൽ ജർമ്മനിയിലെത്തിയ അവർ ഡസൻ ഡോർഫിലുള്ള കയ്സേഴ്സ്‌ ബർത്തിലെ തിയഡോർഫ്ലിഡ്നറുടെ ആശുപത്രി സന്ദർശിച്ചു. തൊട്ടടുത്ത വർഷം കയ്സേഴ്സ്‌ ബർത്തിൽ മടങ്ങിയെത്തി ഫ്ലോറൻസ്‌ മൂന്നുമാസത്തെ നഴ്സിങ്‌ പരിശീലനം പൂർത്തിയാക്കി. 1853-ൽ ലണ്ടനിലെ ഹർലി സ്ട്രീറ്റിലുള്ള ജന്റിൽവുമൺ ആശുപത്രിയിൽ സൂപ്രണ്ടായി ഫ്ലോറൻസ്‌ ജോലിനേടി. ആതുര ശുശ്രൂഷ ദൈവപൂജയാണ്‌ എന്ന സന്ദേശം തന്റെ സഹപ്രവർത്തകരായ നഴ്സുമാരെക്കൊണ്ട്‌ പ്രാവർത്തികമാക്കുന്നതിൽ ഫ്ലോറൻസ്‌ വിജയിച്ചു.1853-ലെ ക്രീമിയൻ യുദ്ധരംഗത്താണ്‌ ഫ്ലോറൻസിന്റെ ആതുരശുശ്രൂഷാ നൈപുണ്യം ലോകം ശ്രദ്ധിക്കപ്പെട്ടത്‌. ബ്രിട്ടനും ഫ്രാൻസും തുർക്കിയും ചേർന്ന്‌ റഷ്യക്കെതിരെ നടത്തിയ ആക്രമണമായിരുന്നു ക്രിമിയൻ യുദ്ധം ഹർലി സ്ട്രീറ്റ്‌ ആശുപത്രിയിൽ ഫ്ലോറൻസിന്റെ പ്രവർത്തന മികവിനെക്കുറിച്ചറിഞ്ഞ പ്രതിരോധമന്ത്രി സിഡ്നി ഹെർബർട്ട്‌ ഫ്ലോറൻസിനെ പട്ടാള ആശുപത്രികളിലേക്ക്‌ നിയോഗിച്ചു. 1854 ഒക്ടോബർ 21-ന്‌ ഫ്ലോറൻസ്‌ തന്നെ പരിശീലനം നൽകിയ 38 നഴ്സുമാരൊന്നിച്ച്‌ ടർക്കിയിലേക്ക്‌ പുറപ്പെട്ടു. നവംബർ ആദ്യം അവർ കോൺസ്റ്റാന്റിനോപ്പിളിലെ സ്കൂട്ടാരിയിലുള്ള സലീമിയ ബാരക്കുകളിൽ (ഇന്നത്തെ ഇസ്താംബുളിൽ) എത്തിച്ചേർന്നു. രക്തരൂക്ഷിത യുദ്ധത്തിന്റെ കാഴ്ചകൾ മാത്രമല്ല അവിടെ ഫ്ലോറൻസിനെ ഞെട്ടിച്ചത്‌. യുദ്ധം ചെയ്ത്‌ മരണാസന്നരായ പട്ടാളക്കാരെ ഒരു ദയയുമില്ലാതെ ഉപേക്ഷിക്കുന്നു. പരുക്കേറ്റ പട്ടാളക്കാർക്കാവട്ടെ, ചികിത്സയും പരിചരണവും ഇല്ല. ആവശ്യത്തിന്‌ കിടക്കകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. രോഗം പരത്തുന്ന വൃത്തിഹീന സാഹചര്യമായിരുന്നു അവിടെ. ആശുപത്രി ശുചീകരിച്ച ഫ്ലോറൻസും സംഘവും പരുക്കേറ്റ പട്ടാളക്കാരുടെ ശുശ്രൂഷ ഏറ്റെടുത്തു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ പഠിപ്പിച്ചു. നഴ്സുമാരുടെ വരവിൽ ഡോക്ടർമാർക്ക്‌ കടുത്ത എതിർപ്പുണ്ടായിരുന്നെങ്കിലും പ്രവർത്തന മികവിലൂടെ ഫ്ലോറൻസും സംഘവും നഴ്സുമാരുടെ ആവശ്യകത ബോധ്യപ്പെടുത്തി. ലേഡി ഇൻ ചീഫ്‌ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫ്ലോറൻസിന്റെ ശ്രമഫലമായി പട്ടാള ആശുപത്രികളിൽ വനിതാ നഴ്സുമാരെ നിയമിക്കാൻ നടപടികളുമായി.

ആതുര ശുശ്രൂഷാരംഗത്ത്‌ ഫ്ലോറൻസ്‌ ഒരു നിമിഷം പോലും വെറുതെയിരുന്നില്ല. ഫ്ലോറൻസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിശ്രമമില്ലാത്ത ശുശ്രൂഷയും പരിഗണനയും ഭടന്മാരുടെ മരണ സംഖ്യയെ ഗണ്യമായി കുറച്ചു. മുറിവുകളാൽ മരണമടഞ്ഞവരുടെ പത്തിരട്ടി മരണനിരക്കായിരുന്നു ടൈഫോയിഡ്‌, കോളറ തുടങ്ങിയ സാംക്രമിക രോഗങ്ങൾ വന്നവരുടേത്‌. രോഗികളുടെ എണ്ണത്തിലുള്ള ബാഹുല്യവും, വായു സഞ്ചാരത്തിലും അശുദ്ധജല നിർമ്മാർജ്ജനത്തിലുണ്ടായ പോരായ്മകളുമായിരുന്നു ഇതിനുള്ള പ്രധാന കാരണങ്ങൾ. ആശുപത്രികളിലെ പരിമിതികൾ തിരിച്ചറിഞ്ഞ ഫ്ലോറൻസ്‌ രാത്രിയുടെ അന്ത്യയാമങ്ങളിൽ പോലും വിശ്രമമില്ലാതെ, ഒരു വിളക്കുമേന്തി പട്ടാളക്കാർക്കടുത്തെത്തി പരിചരിച്ചു. മരണം കാത്തുകിടന്ന തങ്ങൾക്കരികിലേക്ക്‌ വെളിച്ചവുമായി വന്ന മാലാഖയായാണ്‌ പട്ടാളക്കാർ ഫ്ലോറൻസിനെ കണ്ടത്‌. ഒന്നരവർഷം ഫ്ലോറൻസ്‌ അവിടെ തുടർന്നു. അവരുടെ പ്രയത്നം വെറുതെയായില്ല. പരിചരണത്തിന്റെ ഫലമായി പട്ടാളക്കാർ ജീവിതത്തിലേക്കു തിരിച്ചുവന്നതോടെ ഫ്ലോറൻസിന്റെ ദൗത്യം ലോകം അംഗീകരിച്ചു. 1855 മാർച്ചിൽ ബ്രിട്ടീഷ്‌ ഗവൺമന്റ്‌ ശുചിത്വപാലനത്തിനായി ഒരു കമ്മീഷനെ നിയോഗിക്കുകയും തുടർന്ന് ഓടകൾ വൃത്തിയാക്കിയതും വായുസഞ്ചാരം മെച്ചപ്പെടുത്തിയതും മരണനിരക്കിൽ കാര്യമായ കുറവുണ്ടാക്കി.

ഓഗസ്റ്റ്‌ 7 1857-നു അവർ ബ്രിട്ടണിലേക്ക്‌ തിരിച്ചുവന്നു – ആ കാലഘട്ടത്തിൽ ( വിക്റ്റോറിയൻ കാലഘട്ടം), വിക്റ്റോറിയ രാജ്ഞി കഴിഞ്ഞാൽ ഏറ്റവും പ്രശസ്തയായ വനിത ഫ്ലോറൻസ്‌ ആണെന്ന്‌ കണക്കാക്കപ്പെടുന്നു. യുദ്ധകാലത്ത്‌ പിടിപെട്ട ബ്രൂസെല്ലോസിസ്‌ (ക്രിമിയൻ ഫീവർ) എന്ന അസുഖം മൂർച്ചിച്ചതിനെത്തുടർന്ന് അവർ ഒറ്റക്കാണ്‌ കഴിഞ്ഞിരുന്നതെങ്കിലും വിക്റ്റോറിയ രാജ്ഞിയുടെ ആവശ്യപ്രകാരം, റോയൽ കമ്മീഷൺ ഒഫ്‌ ഹെൽത്ത്‌ ഒഫ്‌ ദ ആർമിയുടെ രൂപവത്കരണത്തിൽ ഫ്ലോറൻസ്‌ സുപ്രധാന പങ്ക്‌ വഹിച്ചു. ഒരു വനിതയായതിനാൽ കമ്മീഷനിൽ അംഗമാവാൻ സാധിച്ചില്ലെങ്കിലും വിശദമായ സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടുത്തിയ ആയിരത്തിലധികം പേജുകളുള്ള റിപ്പോർട്ട്‌ എഴുതിയത്‌ ഫ്ലോരൻസായിരുന്നു. കമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലും അവർ പ്രധാനപങ്ക്‌ വഹിക്കുകയുണ്ടായി

ഫ്ലോറൻസ്‌ നൈറ്റിങ്ഗേൽ ടർക്കിയിൽ സേവനം ചെയ്യുന്ന കാലത്ത്‌ അവരെ ആദരിക്കാനായി 1855 നവംബർ 29 ന്‌ ഒരു സമ്മേളനം നടത്തുകയുംഇത്‌ നഴ്സുമാരുടെ പരിശീലനത്തിനായി “നൈറ്റിംഗേൽ ഫണ്ട്‌” രൂപവൽക്കരിക്കാൻ കാരണമായിത്തീരുകയും ചെയ്തു. 1859 ആയപ്പോഴേക്കും ഏകദേശം 45,000 പൗണ്ട്‌ഉണ്ടായിരുന്ന ഈ ഫണ്ട്‌ ഉപയോഗിച്ച്‌ സെന്ത്തോമസ്‌ ഹോസ്പിറ്റലിൽ 1860 ജൂലൈ 9 ന്‌ നൈറ്റിങ്ഗേൽ സ്കൂൾ ഓഫ്‌ നഴ്സിംഗ്‌ ആന്റ്‌ മിഡ്‌വൈഫറി എന്ന പേരിൽഅറിയപ്പെടുന്ന ഈ സ്ഥാപനം ലണ്ടനിലെ കിങ്ങ്സ്‌ കോളേജിന്റെ ഭാഗമാണ്‌. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ശുചീകരണത്തെക്കുറിച്ച്‌ സമഗ്രമായ പഠനം നടത്തിയ നൈറ്റിങ്ഗേൽ ഇന്ത്യയിലെ വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുവാൻ ശ്രമം നടത്തി.

ഫ്ലോറൻസിന്റെ സേവനങ്ങൾ കണക്കിലെടുത്ത്‌ വിക്ടോറിയ മഹാറാണി 1883-ല റോയൽ റെഡ്ക്രോസ്‌ ബഹുമതി നൽകി. 1907-ൽ ഓർഡർ ഓഫ്‌ മെരിറ്റ്‌ ബഹുമതി നേടുന്ന ആദ്യവനിതയുമായി. സേവനതൽപരത കൊണ്ട്‌ പ്രശസ്തയായ ഫ്ലോറൻസിന്‌ സൈന്യസ്ഥിതി വിവരക്കണക്കിലും ആശുപത്രി സ്ഥിതി വിവരക്കണക്കിലുമുള്ള സേവനങ്ങൾ കണക്കിലെടുത്ത്‌ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റി 1860-ൽ ഫെലോ സ്ഥാനം നൽകി ആദരിച്ചു. ഈ നേട്ടം കൈവരിച്ച ആദ്യവനിതയാണ്‌ ഫ്ലോറൻസ്‌. ബ്രിട്ടീഷ്‌ സേനയുടെ വൈദ്യപരിപാലനം അന്വേഷിക്കുന്നതിന്‌ നിയോഗിക്കപ്പെട്ട റോയൽ കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക്‌ പിന്നിലും നൈറ്റിങ്ഗേൽ പ്രവർത്തിച്ചു. മിസ്‌ നൈറ്റിങ്ഗേൽ എന്നറിയപ്പെട്ടിരുന്ന ഫ്ലോറൻസ്‌ നല്ല ഒരു എഴുത്തുകാരിയും ആയിരുന്നു. 1860-ൽ പ്രസിദ്ധീകരിച്ച നോട്സ്‌ ഓൺ നഴ്സിങ്‌ എന്ന ഗ്രന്ഥം നൈറ്റിങ്ഗേൽ ട്രെയിനിങ്‌ സ്കൂളിലേയും മറ്റ്‌ നഴ്സിങ്‌ സ്കൂളുകളിലേയും അടിസ്ഥാന പാഠ്യവിഷയമായിരുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ശുചീകരണത്തെക്കുറിച്ച്‌ സമഗ്രമായ പഠനം നടത്തിയ അവർ ഇന്ത്യയിലെ വൈദ്യപരിചരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്താനും ശ്രമം നടത്തിയിട്ടുണ്ട്‌.

വിശ്രമമില്ലാത്ത ജീവിതം നൈറ്റിങ്ഗേലിനെ ഒരു രോഗിയാക്കി മാറ്റി. 1889 ഓടെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ട ഫ്ലോറൻസ്‌ ശയ്യാവലംബിയായി. ഏറെക്കാലം രോഗശയ്യയിൽ കഴിയാനായിരുന്നു ഫ്ലോറൻസിന്റെ വിധി. തളരാതെ പോരാടിയ ഫ്ലോറൻസ്‌ നഴ്സിങ്ങിനെക്കുറിച്ച്‌ ഇരുനൂറിലേറെ പുസ്തകങ്ങളും ലഘുലേഖകളും തയ്യാറാക്കി. 1910 ആഗസ്റ്റ്‌ 13-ന്‌ തൊണ്ണൂറാമത്തെ വയസ്സിൽ ഫ്ലോറൻസ്‌ അന്തരിച്ചു. ഫ്ലോറൻസിന്റെ ആഗ്രഹപ്രകാരം ഹാംഷെയറിലെ ഈസ്റ്റ്‌ വെല്ലോസെയിന്റ്‌ മാർഗരറ്റ്‌ ചർച്ചിൽ മാതാപിതാക്കളുടെ സമീപത്തുതന്നെ സംസ്കരിച്ചു. ആ മഹതിയുടെ ഓർമയ്ക്കായി അവരുടെ ജന്മദിനമായ മെയ്‌ 12-ന്‌ ലോകമെമ്പാടും നഴ്സസ്‌ ദിനമായി ആഘോഷിക്കുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply