ജനങ്ങൾക്കിടയിൽ താരമായി ടിവി അനുപമ ഐ.എ.എസ്.

കേരളത്തില്‍ ഇപ്പോള്‍ സിനിമാ താരങ്ങളെക്കാള്‍ ആരാധകര്‍ ഇന്ന് ഐഎഎസ് ഓഫീസര്‍മാര്‍ക്കാണ്, മമ്മൂട്ടി തകര്‍ത്താടിയ തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സിനെ നിത്യ ജീവിതത്തില്‍ കണ്ടുമുട്ടിയതിന്റെ ത്രില്ലിലാണ് മലയാളികള്‍, ഒന്നല്ല ഒന്നില്‍ കൂടുതല്‍ തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സുമാര്‍ ഉണ്ട് കേരളത്തില്‍. അവരിലൊരാളാണ് അനുപമ ഐഎഎസ് എന്ന പൊന്നാനിക്കാരി. ജോസഫ് അലക്‌സിനെ പോലെ പഞ്ചുള്ള ഡയലോഗ് പറഞ്ഞല്ല ഇവരെല്ലാം കയ്യടിനേടുന്നത്. മറിച്ച് നല്ല പഞ്ചുള്ള തീരുമാനങ്ങളെടുത്തുകൊണ്ടാണ്. സത്യസന്ധരായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ കേരളത്തില്‍ സെലിബ്രിറ്റികളാകുന്ന കാലമാണിന്ന് .അനുപമ എന്ന യുവ ഐപിഎസ് ഓഫീസര്‍ അക്കൂട്ടരുടെ ഇടയിലേക്ക് എത്തിപ്പെട്ടത് ഒരു വമ്പന്‍ ബ്രാന്റിനെ ഞെട്ടിച്ചുകൊണ്ടാണ്.

കേരളത്തിലെ സ്ത്രീകള്‍ അടുക്കളയില്‍ കയറണമെങ്കില്‍ കയ്യില്‍ നിറപറ വേണമായിരുന്നു. എന്തിനും ഏതിനും നിറപറ, അത്ര വിശ്വാസമായിരുന്നു മലയാളി വീട്ടമ്മമാര്‍ക്ക് നിറപറയെ. നിറപറയ്ക്ക് സാക്ഷ്യപത്രവുമായി മലയാളികളുടെ പ്രിയതാരം കാവ്യാമാധവന്‍ കൂടി എത്തിയതോടെ ആ വിശ്വാസം ഇരട്ടിയായി. ആ വിശ്വസമാണ് അനുപമ ആദ്യം പൊളിച്ചടുക്കിയത്. നിറപറ ഉത്പന്നങ്ങളില്‍ മായം എന്ന വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. ഒരു വമ്പന്‍ ബ്രാന്റിനെ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറായിരുന്ന അനുപമ സധൈര്യം വിപണിയില്‍ നിന്നു പിന്‍വലിപ്പിച്ച് കയ്യടിനേടി. നിറപറയുടെ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയിലാണ് സുരക്ഷാ പരിശോധനയില്‍ മായം കണ്ടെത്തിയത്. ഉത്പന്നങ്ങളില്‍ സാര്‍ച്ചിന്റെ അംശം കണ്ടെത്തിയതാണ് നിറപറയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അനുപമയെ പ്രേരിപ്പിച്ചത്.

കേരളത്തിലെ മൂന്നു ലാബുകളില്‍ സ്‌പെസസ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ 15 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് സാര്‍ച്ച് കണ്ടെത്തിയത്. 35ല്‍ അധികം കേസുകള്‍ നിറപറയ്‌ക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് കോടതിയില്‍ നല്‍കിയിട്ടുണ്ട് ഇതില്‍ പലതിലും നിറപറയെ ശിക്ഷിച്ചു. എന്നാല്‍ പല കേസുകളിലും പിഴ അടച്ച് നിറപറ ഊരിപ്പോന്നു. അനുപയുടെ നടപടിയ്‌ക്കെതിരെ കോടതിയില്‍ പോയ നിറപറ അനുകൂല ഉത്തരവ് സംബാധിച്ചു. ഭക്ഷ്യ സുരക്ഷാവകുപ്പും നിറപറയും തമ്മിലുള്ള പോരാട്ടം നടക്കുമ്പോള്‍ അനുപമയെ തല്‍സ്ഥാനത്തു നിന്നു നീക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായതായി അനുപമയുടെ മേലുദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

മലപ്പുറം പൊന്നാനി മാറാഞ്ചേരി സ്വദേശിയായ അനുപമ, പോലീസ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ കെ.കെ.ബാല സുബ്രമണ്യത്തിന്റെയും ഗുരവായൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയറായ ടി.വി.രമണിയുടെയും മൂത്ത മകളാണ്. 2002 ൽ പൊന്നാനി വിജയമാതാ കോൺവെന്റ് ഹൈസ്കൂളിൽ നിന്നും പതിമൂന്നാം റാങ്കോടെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി.തുടർന്ന് ത്രിശ്ശൂർ സെന്റ് ക്ലെയേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മൂന്നാം റാങ്കോടെ പ്ലസ് റ്റു വിജയിച്ചു.രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) -പിലാനി, ഗോവയിൽ നിന്ന് 92% മാർക്കോടെ ബി.ഇ (ഓണേഴ്സ്) വിജയിച്ചു. 2009 ൽ നാലാം റാങ്കോടെ ഇൻഡ്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി.

ആദ്യം അനുപമ വാര്‍ത്തകളില്‍ ഇടം നേടുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികള്‍ക്കെതിരെ നപടി സ്വീകരിച്ചുകൊണ്ടാണ്. അതിര്‍ത്തികളില്‍ അനുപമ പരിശോധന കര്‍ശനമാക്കിയതോടെ തമിഴ്‌നാട് പച്ചക്കറിലോഭിയുടെ കണ്ണിലെ കരടായി മാറി. മലയാളികളെ വിഷം തീറ്റിക്കില്ലെന്ന അനുപമയുടെ നിലപാട് മലയളികളെ പോലും ഇരുത്തിചിന്തിപ്പിച്ചു, പച്ചക്കറിയുടെ കാര്യത്തിലെങ്കിലും അന്യസംസ്ഥാനത്തെ ആശ്രയിക്കാതെ സ്വയം പര്യാപ്തരായിക്കൂടെയെന്നു മലയാളി ചിന്തിച്ചു തുടങ്ങിയത് ഇതോടെയാണ്.ഭക്ഷ്യ സുരക്ഷാ വകുപ്പിലെത്തുന്നതിനു മുന്‍പ് അനുപമ തലശ്ശേരി സബ് കലക്ടറായിരുന്നു. തലശ്ശേരി സബ് കലക്ടര്‍ സ്ഥാനത്തെത്തിയത് ഒരു സ്ഥലമാറ്റ ഉത്തരവിലൂടെയാണ്. കാഞ്ഞങ്ങാട് സബ്കലക്ടറായിരിക്കെ പുഴയോരം കയ്യേറിയ ഭൂമാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിന് തലശ്ശേരിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.

കോഴിക്കോട് അസിസ്റ്റന്റ് കളക്റ്റർ, കാസർഗോഡ് സബ് കളക്റ്റർ, തലശ്ശേരി സബ് കളക്റ്റർ, ആറളം ട്രൈബൽ ഡെവലപ്പ്മെന്റ് മിഷൻ സ്പെഷ്യൽ ഓഫീസർ, ആലപ്പുഴ ജില്ലാ കളക്ടർ എന്നീ പദവികൾ വഹിച്ചിട്ടുള്ള ടി.വി.അനുപമ നിലവിൽ തൃശ്ശൂർ ജില്ലാ കളക്റ്ററാണ്. ഇതുവരെ ഇരുന്ന കസേരയില്‍ എല്ലാം കൂറുപുലര്‍ത്തി കൊണ്ടാണ് കൈയടി നേടിയിട്ടുണ്ട് മിടുക്കിയായ ഐഎഎസ് ഉദ്യോഗസ്ഥ. രാഷ്ട്രീയക്കാരുടെ ചട്ടുകമാകാതെ നിന്ന് സ്വതന്ത്രമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് ആലപ്പുഴക്കാരുടെ കൈയടി നേടിയാണ് അവര്‍ കലക്ടര്‍ പദവിയില്‍ നിന്നും പടിയിറങ്ങിയത്. കണ്ണീരോടെയാണ് ആലപ്പുഴ കലക്ടറെ ജീവനക്കാര്‍ യാത്രയാക്കിയത്. ആലപ്പുഴയിൽ നിന്ന് തൃശ്ശൂരിലെത്തി ചാർജ്ജെടുത്ത ആദ്യ ദിവസങ്ങളിൽത്തന്നെ അനുപ തൃശ്ശൂർ നിവാസികളുടെ ഹൃദയത്തിലിടം പിടിച്ചിരുന്നു. കടൽക്ഷോഭം മൂലം ബുദ്ധിമുട്ടുന്ന തീരദേശവാസികളെ ത്തിയപ്പോൾ അവരെ ക്ഷമയോടെ കേൾക്കാനും അവർക്ക് പക്വതയോടെ മറുപടി നൽകാനും കഴിഞ്ഞതിലൂടെയാണ് കലക്ടർ അവരുടെ മനം കവർന്നത്. പിന്നീട് അവരുടെ ആവശ്യപ്രകാരം കലക്ടർ തീരപ്രദേശം നേരിട്ട് സന്ദർശിക്കുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

ആജ്ഞാ സ്വരത്തില്‍ കാര്യങ്ങള്‍ പറയുകയും തലക്കനത്തോടെ പെരുമാറുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ തീര്‍ത്തും വ്യത്യസ്തയായിരുന്നു അനുപമ. ഒരു കുടുംബത്തിലെ അംഗങ്ങളോട് പെരുമാറുന്നതു പോലെയുള്ള ഇടപെടല്‍ കൊണ്ട് അവര്‍ ജീവനക്കാര്‍ക്കിടയില്‍ ചുരുങ്ങിയ സമയം കൊണ്ട് സ്വാധീനം നേടുകയും ചെയ്തു.

‘ഞാന്‍ വലുതായാല്‍ അച്ഛന്‍ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരും’ ഒരു കൊച്ചു പെണ്‍ക്കുട്ടി പലപ്പോഴും തന്റെ വിജിലന്‍സില്‍ സിഐ ആയിരുന്ന പിതാവിനോട് പറഞ്ഞിരുന്നു ഞാന്‍ വലുതായാല്‍ അച്ഛന്‍ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. കീഴുദ്യോഗസ്ഥര്‍ അച്ഛനെ സല്യൂട്ട് ചെയുന്നത് കണ്ടാണ് ആ കൊച്ചു മിടുക്കി ഈ കമന്റ് പാസാക്കിയത്. കാലം ആ കുട്ടിയെ തൃശൂര്‍ കളക്ടറായി ഉയര്‍ത്തി. പക്ഷേ അതു കാണാനും തന്റെ മകളെ സല്യൂട്ട് ചെയ്യാനും ഭാഗ്യം ആ അച്ഛനുണ്ടായിരുന്നില്ല. മകള്‍ ഐഎഎസ് നേടുന്നതിന് മുമ്പ് പിതാവ് മരിച്ചു.

പ്രളയം വന്നപ്പോൾ കയ്യും മെയ്യും മറന്നു പ്രവർത്തിച്ചവരുടെ കൂട്ടത്തിൽ ഈ കളക്ടർ സഹോദരിയും ഉണ്ടായിരുന്നു. പാലിയേക്കര ടോൾ ബൂത്തുകാരുടെ അഹങ്കാരത്തിനു ചെറിയൊരു കൊട്ട് കൊടുത്തുകൊണ്ട് അനുപമ വീണ്ടും വാർത്തകളിൽ ഇടംനേടി.

തെറ്റുകള്‍ക്കെതിരെ ഈ പെണ്‍കുട്ടി പെരുതിയപ്പോള്‍ കേരളം ഇവള്‍ക്കൊപ്പം നിന്നു, വരുന്ന തലമുറയക്കും അനീധിയ്ക്കുനേരെ കണ്ണടച്ചുകൊണ്ട് മുന്നേ നടന്നുപോയവരും അനുപമയില്‍ നിന്നും ഒരുപാട് പഠിക്കേണ്ടത്… ഇനിയും അനീതിയ്ക്കും അഴിമതിയ്ക്കും നേരെ പെണ്‍പുലിയുടെ വീറോടെ പൊരുതാന്‍ അനുപമയ്ക്കാകട്ടെ.

കടപ്പാട് – yourstory.com.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply