കെ.എസ്.ആര്‍.ടി.സി.: ക്രമക്കേട് അക്കൗണ്ടിങ് വിഭാഗത്തിന്റെ പാളിച്ച

കെ.എസ്.ആര്‍.ടി.സി.യില്‍ ഓണശമ്പളത്തിനൊപ്പം 1.97 കോടി രൂപ അധികമായി വിതരണം ചെയ്ത സംഭവത്തില്‍ വെളിപ്പെടുന്നത് അക്കൗണ്ടിങ് വിഭാഗത്തിന്റെ പാളിച്ച. ശമ്പളം, പെന്‍ഷന്‍, ആനുകൂല്യങ്ങള്‍ എന്നിവയിലായി മാസം 95 കോടി രൂപയോളം വിതരണം ചെയ്യുന്നത് ഇലക്ട്രോണിക് ഡാറ്റാ പ്രോസസിങ് (ഇ.ഡി.പി.സി.) സെക്ഷനിലാണ്. ഈ വിഭാഗത്തിലും മേല്‍നോട്ടം വഹിക്കേണ്ട അക്കൗണ്ട്‌സ് വിഭാഗത്തിലും ഇത്രയും തുക കൈകാര്യം ചെയ്യുന്നതിന് വൈദഗ്ധ്യം ലഭിച്ചവരില്ല. അക്കൗണ്ടിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവരെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അധികം നല്‍കിയ തുകയില്‍ 4.64 ലക്ഷം ഇനിയും തിരിച്ചെടുക്കാന്‍ കഴിയാത്തത് അക്കൗണ്ടിങ് സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയാണ്. ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെയാണ് ജീവനക്കാര്‍ക്ക് പണം നല്‍കിയത്. ബാങ്കില്‍ നിന്നുള്ള രേഖകള്‍ പരിശോധിച്ചാല്‍ എത്ര രൂപ വീതമാണ് വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുള്ളതെന്ന് വ്യക്തമാകും. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് വെളിപ്പെടുത്തുന്നത്. ഇ.ഡി.പി.സി. സൂപ്രണ്ട്, അക്കൗണ്ടസ് മാനേജര്‍, ചീഫ് അക്കൗണ്ടസ് ഓഫീസര്‍ എന്നിവര്‍ക്കാണ് ശമ്പള- ആനുകൂല്യ വിതരണത്തിന്റെ ചുമതല.
ഏതെങ്കിലും ജീവനക്കാരന്‍ മനഃപൂര്‍വമോ, അശ്രദ്ധയോടെയോ ആര്‍ക്കെങ്കിലും കൂടുതല്‍ തുക കൈമാറിയാല്‍ കണ്ടെത്താന്‍ കഴിയില്ല. താത്കാലിക ജീവനക്കാരുള്‍പ്പെടെ 90,000 പേര്‍ക്കാണ് മാസവും ശമ്പളം നല്‍കേണ്ടത്. പുറമെ പെന്‍ഷനും കൈമാറണം. ഇത്രയും കൈമാറ്റങ്ങള്‍ കുറ്റമറ്റരീതിയില്‍ നടത്താനുള്ള സംവിധാനം കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് ഒരുക്കിയിട്ടില്ല. കാലഹരണപ്പെട്ട കംപ്യൂട്ടര്‍ സംവിധാനത്തിലാണ് ജീവനക്കാരുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. കോര്‍പ്പറേഷന് നഷ്ടം സംഭവിക്കുന്ന ഇടപാടുകള്‍ അന്വേഷിക്കേണ്ട വിജിലന്‍സ് വിഭാഗവും ക്രമക്കേട് നടന്ന ഇ.ഡി.പി.സി.യും വിജിലന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ കീഴിലാണ്.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പത്രവാര്‍ത്ത വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച ജീവനക്കാരനെ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ക്രമക്കേടിനെക്കുറിച്ച്് വിജിലന്‍സ് മേധാവിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മൗനം പാലിക്കുകയാണ്. വീഴ്ച വരുത്തിയവരെ സംരക്ഷിക്കുന്നത് കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരാണെന്ന ആക്ഷേപം ശക്തമാണ്. ശമ്പളം ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നതിന് ചുമതലയുള്ളവരുടെ കംപ്യൂട്ടര്‍, അക്കൗണ്ടിങ് പരിജ്ഞാനം വെളിപ്പെടുത്തുന്നതിനും കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് പോലും കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്.
KSRTC ബസ്സുകളുടെ സമയ വിവരങ്ങൾക്ക്: www.aanavandi.com
News: Mathrubhumi

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply