ഒരു അവധിക്കാലം ഭൂട്ടാനില്‍ ആസ്വദിച്ച ഒരു പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍..

ഭൂട്ടാനിൽ ഒരു അവധിക്കാലം !! പണ്ടൊരു ഹിമാലയൻ ട്രെക്കിനിടയിൽ ഒരു സുഹൃത്ത് കാണിച്ച് തന്ന ടൈഗർ നെസ്റ്റിന്റെ ഫോട്ടോയാണ് ഭൂട്ടാൻ ആകർഷണത്തിന്റെ തുടക്കം. പിന്നെ ഒത്തിരി ഭൂട്ടാൻഫോട്ടോകളിൽ കണ്ണുകൾ ഉടക്കിയിരുന്നു.. . ഭൂട്ടാന്റെ സൗന്ദര്യത്തിന്റെ.. ഹിമാലയൻ മലനിരകളുടെ… കണ്ണാടി പുഴകളുടെ.. സുന്ദരികളായ ഭൂട്ടാൻ പെൺകുട്ടികളുടെ … അങ്ങനെ അങ്ങനെ !!

സമുദ്ര നിരപ്പിൽ നിന്നും 7218 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാലയൻ രാജ്യം. ബുദ്ധമത വിശ്വാസികളും, മൊണാസ്ട്രികളും, രാജഭരണവും ഒക്കെയാണ് ഈ മലയോര രാജ്യത്തിന്റെ പ്രത്യേകത. ഭൂട്ടാൻ എന്നാൽ “land of thunder dragons”- ഗർജ്ജിക്കുന്ന വ്യാളിയുടെ നാട്.
ഭൂട്ടാന്റെ ഔദ്യോഗിക പതാകയിൽ കാണപ്പെടുന്ന ആഭരണങ്ങളുമായി നില്ക്കുന്ന വ്യാളി സമ്പത് സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഏഷ്യയിലെ സന്തുഷ്ട രാജ്യം എന്ന പട്ടം ഭൂട്ടാന്റെ സ്വന്തമാണ് ഏറെ കാലമായി.

 നേപ്പാളും കറങ്ങി തിരിച്ചു വരുന്ന വഴിയ്ക്കാണ്‌ ഭൂട്ടാൻ പോകണം എന്ന ആഗ്രഹം അങ്ങ് സ്ട്രോങ്ങ് ആയത്.. കുറച്ചു സുഹൃത്തുക്കൾ കൂടെ തയ്യാറായപ്പോൾ പ്ലാൻ സെറ്റ്.ക്രിസ്തുമസ് അവധിക്കു പോകാം എന്നായി. പാക്കേജ് ബുക്ക് ചെയ്ത് പോകുന്ന ശീലം പണ്ടേ ഇല്ലാത്തത് കാരണം സ്വന്തമായി വിവരങ്ങൾ ശേഖരിച്ച് തുടങ്ങി. ഭൂട്ടാനിലെ കാണാനുള്ള പ്രധാന സ്ഥലങ്ങൾ, യാത്രാ വിനിമയങ്ങൾ,ഹോട്ടലുകൾ, ചിലവ് എല്ലാം തന്നെ.

സമാന ചിന്താഗതിയുള്ള സുഹൃത്തുക്കൾ ഉള്ളത് കാര്യങ്ങൾ എളുപ്പമാക്കി. സഞ്ചാരി ഗ്രൂപ്പിലെ പല സുഹൃത്തുക്കളും പല വിവരങ്ങളും നല്കി സഹായിച്ചു.ആ നല്ല മനസ്സുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. അസാമിലെ ഗുവാഹത്തിയിൽ നിന്ന് ഏകദേശം 5 മണിക്കൂർ തീവണ്ടി യാത്ര ന്യു അലിപ്പുർദ്വാർവരെ… അലിപ്പുർദ്വാറിൽ ട്രെയിൻ ഇറങ്ങിയപ്പോൾ പുലർച്ചെ 5 മണി..പുറത്തു ഇറങ്ങി -Bhaiyya border keliye bus kaham se milega?(ചേട്ടാ.. ബോർഡറിലേയ്ക്ക് ബസ് എവിടുന്നു കിട്ടും..)അന്വേഷണം ആരംഭിച്ചു..ബസ്സ്റ്റാൻഡ് ഇവിടെ അടുത്താണ്.. അവിടുന്നു ബസ് കിട്ടും ബോർഡറിലേയ്ക്ക്….പക്ഷേ നേരം പുലർന്നു 7..8 മണി ആകണം ബസ് കിട്ടാൻ..അത് വരെ ഇവിടെ ഇരുന്നു വിശ്രമിക്കൂ എന്നായി ഇനി ഒരിക്കലും കാണാൻ ഇടയില്ലാത്ത ആ റെയിൽവേ സ്റ്റേഷനിൽ ഞാൻ കണ്ടു മുട്ടിയ യാത്രാക്കാർ.

എന്നാൽ മനസ്സ് ഭൂട്ടാൻ മണ്ണിലേയ്ക്കു എത്താൻ വെമ്പുകയായിരുന്നു.പിടിച്ചു നിർത്താൻ പറ്റിയില്ല നടന്നു തുടങ്ങിയിരുന്നു ഞങ്ങൾ അപ്പോൾ തന്നെ ബസ് സ്റ്റാന്റിന്റെ ദിശയിലേയ്ക്ക്. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഞങ്ങൾക്ക് വേണ്ടി പറഞ്ഞ് നേരത്തെ വരുത്തിയത് പോലെ ഒരു ബസ് റെഡി ആയി നിൽക്കുന്നു ജൈഗാവൂണിലേയ്ക്ക്. ജൈഗാവൂൺ ആണ് ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ ഗ്രാമം.

ബസിൽ കയറി ടിക്കറ്റ് എടുത്തു 45 Rs ആണ് ..ഒരു മണിക്കൂർ യാത്ര.ബംഗാൾ ഗ്രാമങ്ങളിലൂടെ ബസ് ഇഴഞ്ഞ് നീങ്ങാൻ തുടങ്ങിയപ്പോൾ സൂര്യൻ ഉദിച്ച് ഉയരാൻ തുടങ്ങിയിരുന്നു.ചെറിയ തണുപ്പ് ഉണ്ട്.ഡൽഹിയിലെ കൊടും തണുപ്പിൽ നിന്നും വന്ന എനിയ്ക്ക് അതൊരു തണുപ്പ് ആയി ഒന്നും തോന്നിയില്ല.. എന്നാലും ഒരു സുഖമുള്ള തണുപ്പ്..window seat കൈയ്യടക്കി മനസ്സിന് കുളിരേകുന്ന ആ ഗ്രാമീണ ഭംഗി ആസ്വദിച്ചു തുടങ്ങി ഞാൻ.2 വശവും തേയില തോട്ടങ്ങൾ.. രാവിലെ തന്നെ തേയില നുള്ളാൻ തുടങ്ങി കഴിഞ്ഞിരുന്നു ബംഗാളി സ്ത്രീകൾ. പുറകിൽ വലിയൊരു കൂടയും ഉണ്ട്.പണ്ട് Kanan Devan ചായപ്പൊടിയുടെ പരസ്യത്തിലും നമ്മുടെ മൂന്നാറിലും ഒക്കെ കണ്ട തേയില തോട്ടങ്ങൾ മനസ്സിലേയ്ക്ക് ഓടി വന്നു.സംസ്ഥാനം അങ്ങ് കേരളം ആയാലും ഇങ്ങ് ബംഗാൾ ആയാലും തേയില തോട്ടവും തൊഴിലാളികളും ഒക്കെ ഒരു പോലെ തന്നെ എന്ന് മനസ്സിൽ ഓർത്തു.

ഭൂപ്രകൃതിയിൽ ചെറിയ മാറ്റം വന്ന് തുടങ്ങി.ഹിമാലയൻ മലകൾ അന്വേഷിച്ച് തുടങ്ങി എന്റെ കണ്ണുകൾ.. മൂടൽ മഞ്ഞ് കാരണം Himalayan view ഒന്നും കിട്ടിയില്ല. ചെറുതായി ഒന്നു മയങ്ങി ഉണർന്നപ്പോൾ ജൈഗാവൂണിൽ എത്തി. സമയം 7 മണി.. റോഡിന്റെ ഇരുവശത്തും ഓറഞ്ച് വില്ക്കാൻ വച്ചിട്ടുണ്ട്..40 രൂപയ്ക്ക് അര കിലോ ഓറഞ്ച് വാങ്ങാൻ ഒരു നിമിഷം പോലും ആലോചിച്ചില്ല. 100 രൂപ കൊടുത്തപ്പോൾ ബാക്കി കിട്ടിയത് ഭൂട്ടാന്റെ 60 രൂപ.ആ ഭൂട്ടാൻ നോട്ട് കണ്ടപ്പോൾ ഉണ്ടായ സന്തോഷം ഉണ്ടല്ലോ …അങ്ങ് ഭൂട്ടാനിൽ എത്തിയതു പോലെയാ തോന്നിയതു..ശെരിക്കും പറഞ്ഞാൽ ഭൂട്ടാനിൽ എത്തിയത് പോലെ തന്നെയാ.. ഇന്ത്യൻ സൈഡ് Jaigaon ഭൂട്ടാൻ സൈഡ് Phuntsholing.കണ്ണ് മുമ്പിൽ ഭൂട്ടാൻ എൻട്രി ഗേറ്റ് കാണാം.ആ ഗേറ്റിനു അപ്പുറത്തു എന്റെ സ്വപ്നത്തിലെ ഭൂട്ടാൻ.

Id Card ന്റെ ഫോട്ടോകോപ്പി എടുക്കാൻ ഒരു കടയിൽ കയറിയപ്പോൾ ,കടക്കാരൻ ചേട്ടന്റെ ഉപദേശം -immigration form വേണം ഭൂട്ടാൻ പോകാൻ..ദേ എന്റെ കയ്യിൽ ഉണ്ട്..ഇതും പൂരിപ്പിച്ചു ഇമിഗ്രേഷൻ ഓഫീസിൽ പോയാൽ മതി. സന്തോഷത്തോടെ 5 രൂപ കൊടുത്തു ആ ഫോറം അങ്ങ് വാങ്ങി.Id card ന്റെ ഫോട്ടോകോപിയും, ഒരു വെള്ള പേപ്പറിൽ itinerary യും,ഹോട്ടൽ ബുക്കിംഗ് ഡീറ്റൈൽസും,ഇമിഗ്രേഷൻ ഫോമും ഫിൽ ചെയ്‌തു അതിൽ ഒരു ഫോട്ടോയും ഒട്ടിച്ചു ഞങ്ങൾ എൻട്രി ഗെറ്റിലേക്ക് നടന്നു.ഹോട്ടൽ ബുക്കിംഗ് ഡീറ്റൈൽസ് കാണിക്കേണ്ടതു ആവശ്യം ആണ് പെർമിറ്റ് കിട്ടാൻ.അതിനായി booking.com ഉപയോഗിക്കാം. കാശു മുൻകൂട്ടി അടയ്ക്കാതെ ബുക്കിംഗ് ചെയാൻ ഈ സൈറ്റ് ഉപകാരപ്പെടും.

ഗേറ്റ് കടന്നു കാല് കുത്തിയ ഞാൻ ഒന്ന് ഞെട്ടി.ഈശ്വരാ ഇത് റോഡ് തന്നെയാണോ.. എന്തൊരു വൃത്തി..വീടിന്റെ മുറ്റം അടിച്ചു വൃത്തിയാക്കിയിട്ട് ഇങ്ങനെ നിന്ന് നോക്കുന്ന ഒരു സുഖം ഉണ്ട്… അതുപോലെ തോന്നി.. വൃത്തിയുള്ള റോഡും റോഡരികും കടത്തിണ്ണകളും.!!

ഇമിഗ്രേഷൻ ഓഫീസിൽ അത്യാവശ്യം നല്ല തിരക്കുണ്ട്.വരിയിൽ സ്ഥാനം പിടിച്ചു ഞങ്ങളും..അപ്പോഴാണ് മനസിലായത്‌ വളരെ സ്നേഹത്തോടെ 5 രൂപ വാങ്ങി ഫോട്ടോകോപ്പി ചേട്ടൻ തന്ന ഫോറം ഇവിടെ ഫ്രീ ആയി കിട്ടും.ആ പോട്ടെ..!!Documents അവിടെ പരിശോധനയ്ക്കായി കൊടുക്കുക.. കംപ്യൂട്ടറിൽ അവർ ഫോട്ടോ എടുക്കും.. എല്ലാം ok ആണേൽ.. ദേ കിട്ടി പെർമിറ്റ്.. എല്ലാവരുടേയും കണ്ണിൽ Excitement.. Bhutan Permit കൈയ്യിൽ!!
അതുമായി നടന്നു ബസ് സ്റ്റാൻഡിലേയ്ക്ക്..

പരോയിലേയ്ക്ക് പോകാൻ ആണ് പ്ലാൻ. പാരോയിൽ ആണല്ലോ Tigernest. ചാടി കുതിച്ച് ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് മനസ്സിലായത് പാരോയിലേയ്ക്കുള്ള ബസ് ഒക്കെ രാവിലെ തന്നെ പോയി കഴിഞ്ഞു എന്ന്.. share ടാക്സികൾ സുലഭമാണ് ഭൂട്ടാനിൽ. ഒരാളിന് 600 രൂപ പാരോ വരെ.5… 6 മണിക്കൂർ യാത്ര ഉണ്ട് . ഡ്രൈവർ ചേട്ടൻ ഒരു ജിമ്മൻ ആണ്. ഭൂട്ടാനിലെ ആളുകൾ മിക്കവാറും കുറച്ച് ശാരീരിക അഭ്യാസികൾ പോലെയാണ് കാണാൻ. പ്രത്യേകതരമായ വസ്ത്ര ധാരണവും അവരെ മറ്റു രാജ്യക്കാരിൽ നിന്ന് വ്യത്യസ്തർ ആക്കുന്നു. അങ്ങനെ യാത്ര ആരംഭിച്ചു.കാർ മല കയറാൻ തുടങ്ങി.

ഏകദേശം 3 മണിക്കൂർ കഴിഞ്ഞപ്പോൾ ഡ്രൈവർ ചേട്ടൻ ഭക്ഷണം കഴിയ്ക്കാൻ നിറുത്തി. ഒരു വീടാണ് സൈഡിലെ മുറി ഭക്ഷണശാലയ്ക്കായി ഒരുക്കിയിരിക്കുന്നു. Beef Rice..Pork Rice..Chicken Rice ഒക്കെയുണ്ട്. ചോറ് കഴിക്കുവോ എന്നായി എന്നോട് ഡ്രൈവർ ചേട്ടൻ..

” എന്നോടോ ബാലാ”- ഒരു പ്ലേറ്റ് ബീഫ് റൈസ് അകത്താക്കിയത് നിമിഷങ്ങൾക്കുള്ളിൽ.
പിന്നെയും യാത്ര തുടങ്ങി.റോഡിൽ എങ്ങും ആൾക്കാർ ഇല്ല. വിജനമായ വീഥികൾ. അല്ലേലും ആകെ 8 ലക്ഷം മാത്രം ജനസംഖ്യ ഉള്ള ഭൂട്ടാനിൽ എങ്ങനെയാണ് വഴി നീളം ആൾക്കാർ ഉണ്ടാവുക. മനസ്സിനെ മുഴുവൻ കീഴടക്കിയ ചിന്തകളുടെ തേരിൽ ഏറി..ദിവാ സ്വപ്നങ്ങളുടെ മധുരം നുണഞ്ഞ്..  മണിക്കൂറുകളെ ചിന്തകൾ വെറും നിമിഷങ്ങൾ ആക്കി മാറ്റിയപ്പോൾ പാരോ എത്തി ചേർന്നത് നിമിഷ വേഗത്തിൽ.

കണ്ണുകൾ തേടിയത് എന്നെ ഇവിടെ വരെ എത്തിച്ച ടൈഗർ നെസ്റ്റിനെ മാത്രം.. കൂട്ടുകാർ ഒക്കെ കളിയാക്കി എങ്കിലും അവരും തേടുന്നുണ്ടായിരുന്നു ആ മായാമോഹിനിയെ…Tiger Nest നെ.. അപ്പോഴാണ് ഡ്രൈവർ ചേട്ടൻ പറഞ്ഞത് 3 മണിക്കൂർ നടന്ന് മല കയറിയാൽ മാത്രമേ കാണാൻ പറ്റൂ എന്ന്.അങ്ങനെയെങ്കിൽ അങ്ങനെ ഏതായാലും നാളത്തെ പ്ലാൻ ടൈഗർ നെസ്റ്റ് ആണല്ലോ . നാളെ കാണാമല്ലോ എന്ന് സമാധാനിച്ച് ഡ്രൈവർ ചേട്ടന് Bye പറഞ്ഞ് കാശും കൊടുത്തിട്ട് ഹോട്ടൽ തപ്പൽ തുടങ്ങി.

1000 രൂപയ്ക്ക് ഡബിൾ റൂം.. വിശാലമായ മുറി.. നല്ലൊരു ഹോട്ടൽ..ഒന്നു കുളിച്ച് ഒരു എഗ് ഫ്രൈഡ് റൈസും അകത്താക്കി ഒരു സുഖ ഉറക്കം. അടുത്ത ദിവസം രാവിലെ തന്നെ ഒരു ടാക്സി എടുത്ത് ടൈഗർ നെസ്റ്റിന്റെ ബെയ്സ് ക്യാംപിലേയ്ക്ക്.പാരോ സുന്ദരിയാണ്.. ചെറിയ ചെറിയ കടകൾ..സുന്ദരമായ കെട്ടിടങ്ങൾ.. പ്രയർ ഫ്ലാഗുകളാൽ അലങ്കരിച്ച വഴിയോരങ്ങൾ. ശാന്തമായി ഒഴുകുന്ന പുഴ!!

ടിക്കറ്റ് കൗണ്ടറിന് മുമ്പിൽ കാർ നിർത്തി ഡ്രൈവർ. ടിക്കറ്റോ… മൊണാസ്ട്രിയിൽ കയറാനോ.. അതും 500 രൂപ… അത് കേട്ടപ്പോൾ ആരോ പിടിച്ച് ഒന്ന് കുലുക്കിയത് പോലെ!! ഏതായാലും ടിക്കറ്റും എടുത്ത്…2..3 ഫോട്ടവും പിടിച്ച് ഞങ്ങൾ മല കയറാൻ തുടങ്ങി.. കുതിര സവാരികളും ധാരാളം ഉണ്ട്… നടക്കാൻ കഴിയാത്തവർക്ക് കുതിര പുറത്ത് പോകാം മൊണാസ്ട്രി കാണാൻ.. അപ്പോഴാണ് മറ്റൊരു കാഴ്ച എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.. ഒരു കുതിരക്കാരി..lady driver മാരെ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഒരു സ്ത്രീ കുതിര സവാരിക്കാരുമായി 3..4 കുതിരകളെ ഒരുമിച്ച് മേയിച്ച് അതിന് മുകളിൽ ആളുകളെ ഇരുത്തി മല കയറ്റുന്നത് കൗതുകത്തോടെ ഒരു നിമിഷം നോക്കി നിന്ന് പോയി ഞാൻ.

ഏകദേശം അര കിലോമീറ്റർ നടന്നു കഴിഞ്ഞപ്പോൾ വലത്തോട്ട് ഒരു വഴി കണ്ടു.. ആ വഴി വെറുതെ നടന്നു കയറാൻ തുടങ്ങി.. കുറച്ച് കഴിഞ്ഞപ്പോൾ മനസ്സിലായി.. പണി പാളി .. വഴി തെറ്റി.. ഏതായാലും ആ വഴി പോയത് കാരണം വളരെ വേഗം തന്നെ ടൈഗർ നെസ്റ്റ് ദൃശ്യമായി തുടങ്ങിയിരുന്നു.. കൈയ്യിൽ ഉണ്ടായിരുന്ന ” maps me” ആപ്ലിക്കേഷൻ നോക്കിയപ്പോൾ മനസ്സിലായി.. ഇത് shortcut ആണ്.. കുത്തന്നെയാണ് ഈ വഴി.. പക്ഷേ സമയം ലാഭിക്കാം.. വേറെ യാത്രാക്കർ ആരും ഇല്ല ഈ വഴിയിലൂടെ.. ആയതിനാൽ തന്നെ ശാന്തമാണ്… സുന്ദരമായ പ്രകൃതിയും താഴ്വരയും… മലമുകളിൽ ടൈഗർ നെസ്റ്റും.. ആകാശത്തിൽ കീഴിൽ ചലിക്കുന്നത് ഞങ്ങളും മാത്രം എന്ന് തോന്നി..!!

പ്രാർത്ഥന പതാകകൾ അഥവാ ലുംഗ്താർ കൊണ്ട് അലങ്കരിതമാണ് വഴികളും മലകളും മരങ്ങളും എല്ലാം. പതിയെ നടന്ന് ഇടയ്ക്ക് ഒരു കാപ്പിയും ഒക്കെ നുണഞ്ഞ് ഞങ്ങൾ എത്തി..ടൈഗർ നെസ്റ്റിനു മുമ്പിൽ. ടൈഗേഴ്സ് നെസ്റ്റ് അഥവാ paro Taktsang ഒരു പ്രമുഖ ബുദ്ധമത ആരാഥനാലയം ആണ്. പാരോ താഴ്വരയിലെ കുത്തനെയുള്ള പാറയിൽ പണി കഴിക്കപ്പെട്ടിരിക്കുന്ന ഈ അതിശയ ഗോപുരം ലോകമെമ്പാടുമുള്ള ബുദ്ധമതക്കാരേയും, ടൂറിസ്റ്റുകളേയും ഭൂട്ടാനിലേയ്ക്ക് ആകർഷിക്കുന്നു.

ഭൂട്ടാനിലെ ബുദ്ധ മതത്തിന്റെ സ്ഥാപകനായ ഗുരു പത്മസംഭവ അഥവാ ഗുരു റംബോച്ചി എട്ടാം നൂറ്റാണ്ടിൽ ഇവിടെ കൃത്യം 3 വർഷം ,3 മാസം, 3 ആഴ്ച ,3 ദിവസം, 3 മണിക്കൂർ ധ്യാനം നടത്തി എന്നാണ് വിശ്വാസം.ഗുരുവിനോടുള്ള ആദരവായി എല്ലാ വർഷവും മാർച്ച്..ഏപ്രിൽ മാസങ്ങളിൽ ഇവർ Tsechu ഉത്സവം കൊണ്ടാടുന്നു.

മലയിടുക്കിൽ പാറപ്പുറത്താണ് പണിതിരിക്കുന്നത് ഈ മായാമോഹിനിയെ… അതിശയിപ്പിക്കുന്ന നിർമ്മാണം.. ഏകദേശം 400 വർഷങ്ങൾക് മുമ്പ് പണിതതാണ്. അതും ഇത്രയും ഉയരത്തിൽ.. മനുഷ്യന്റെയും കുതിരയുടേയും പുറത്ത് കയറ്റി ആയിരിക്കുമല്ലോ പണി സാധനങ്ങൾ ഇവിടെ എത്തിച്ചത്.. കാലം ഇത്രയും കഴിഞ്ഞിട്ടും ഇന്നലെ പണിത ശില്പം പോലെ.. ദേ അവൾ.. സ്വപ്നത്തിൽ കണ്ട മായാമോഹിനി.. ഇതാ കൺമുമ്പിൽ!!

മനസ്സ് പ്രകാശത്തിന്റെ വേഗതയെ വെല്ലുന്ന വേഗതയിൽ ശിലാ യുഗങ്ങളിലേയ്ക്ക് സഞ്ചരിച്ച് കൊണ്ടിരുന്നപ്പോഴാണ് ആരോ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പറഞ്ഞത്.. സ്വപ്നത്തെ വെല്ലുന്ന യാഥാർത്ഥ്യം- അതേ.. ഞാൻ ഭൂട്ടാനിലെ ടൈഗർ നെസ്റ്റിന്റെ മുമ്പിൽ !! ഇതാണ് ലാസ്റ്റ് ഫോട്ടോഗ്രഫി പോയിന്റ് എന്ന് പറയാം. ഇവിടം കഴിഞ്ഞാൽ കുറച്ച് പടികൾ താഴോട്ട് ഇറങ്ങിയിട്ടാണ് മൊണാസ്ട്രിയിലേയ്ക്കുള്ള എൻട്രി. എന്നാൽ ഇവിടെ നിന്ന് ഫോട്ടോ എടുത്താൽ മാത്രമേ ടൈഗർ നൈസ്റ്റിന്റെ മുഴുവൻ സൗന്ദര്യവും ക്യാമറയിൽ ഒപ്പി എടുക്കാൻ കഴിയുകയുള്ളു.

ഫോട്ടോ 5..6 എണ്ണം പല പോസുകളിലും ആയി എടുത്തു. മൊണാസ്ട്രിയ്ക്ക് അകത്ത് കയറുമ്പോൾ ഫോണും ക്യാമറയും ഒക്കെ അവർ തരുന്ന ലോക്കറിൽ വയ്ക്കണം. ടിക്കറ്റ് കാണിച്ചാണ് അകത്തേയ്ക്കുള്ള എൻട്രി. ഇനി മൊണാസ്ട്രിയ്ക്ക് അകത്ത് കയറണം എന്ന് ഇല്ലാത്തവർ ,പുറത്ത് നിന്ന് കണ്ട് ഫോട്ടോ ഒക്കെ എടുത്താൽ മതി എന്നുള്ളവർ 500 രൂപ കൊടുത്ത് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല കേട്ടോ!!

പല നിലകളിൽ ആയിട്ടാണ് പണിതിരിക്കുന്നത്.പ്രധാനമായും 3 നിലകളാണ്. മൂന്നാമത്തെ നിലയെയാണ് സ്വർഗ്ഗത്തോട് ഉപമിക്കുന്നത്. മൊണാസ്ട്രിയ്ക്കുള്ളിൽ ഒരു ഗുഹ ഉണ്ട് .അതാണ് Tiger’s Nest. ഗുരു റംബോഞ്ചി ടിബറ്റിൽ നിന്ന് വന്ന് ഇറങ്ങിയത് ഈ ഗുഹയ്ക്കുള്ളിൽ ഉണ്ടായിരുന്ന കടുവയുടെ പുറത്ത് ആയിരുന്നു എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.ആ വിശ്വാസം അവർ അടുത്ത തലമുറകളിലോട്ട് വളരെയധികം ഭയ ഭക്തിയോടെ പകർന്നു നല്കുന്നു.
പടിവാതില്ക്കൽ ഒരു ആൾക്കൂട്ടം കണ്ട് ഞാനും ഒന്ന് നിന്നു.. എന്താ സംഭവം എന്ന് അന്വേഷിച്ചപ്പോൾ പാറപ്പുറത്ത് നെറ്റിയിൽ തൊടുന്ന പൊട്ടിന്റെ വലിപ്പത്തിൽ ഒരു ചെറിയ കുഴിയുണ്ട്. കണ്ണ് അടച്ച് കുറച്ച് ദൂരത്ത് നിന്ന് നടന്ന് വന്ന് അതിൽ തൊടണം. കൃത്യമായി കുഴിയിൽ തൊട്ടാൽ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നത് നടക്കും അതാണ് വിശ്വാസം.

ആരുടേയും ഉന്നം ശരിയാകുന്നില്ല. ഒന്ന് ശ്രമിച്ച് നോക്കാം എന്നായി.പണ്ടെന്നോ സുന്ദരിക്ക് പൊട്ട് കുത്തലിന് പങ്കെടുത്ത അതേ ആവേശം. കണ്ണ് അടച്ച് പാറയിൽ നിശ്ചിത സ്ഥാനത്ത് ഞാൻ അറിയാതെ ഞാൻ തൊട്ടപ്പോൾ ..കൂടി നിന്നവർ എല്ലാവരും മതിമറന്ന് കൈയ്യടിച്ചു.. ഹേംകുണ്ടിൽ ബ്രഹ്മകമാൽ കാണിച്ചു തന്ന .. നേപ്പാൾ സാരംഗ്ഘോട്ടിൽ ഹിമാലയൻ വൻ മലകളുടെ ക്ലിയർ വ്യു നല്കിയ പ്രകൃതി ദൈവങ്ങളുടെ വക മറ്റൊരു അത്ഭുതം.. ദേ ഇപ്പോൾ ഇങ്ങ് ഭൂട്ടാനിൽ നന്മയുടെ വരമായിട്ട്.. ഭൂട്ടാൻ യാത്ര സഫലമായി എന്ന് തോന്നിയ നിമിഷം!!

മൊണാസ്ട്രിയക്കുള്ളിൽ ഒരു പാട് പ്രാർത്ഥന മുറികളുണ്ട്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും. മുട്ടുമടക്കി നിസ്കരിക്കുന്ന കുഞ്ഞ് ബുദ്ധ കുട്ടികളെ കണ്ടപ്പോൾ ഞാനും അറിയാതെ തന്നെ മുട്ടു മടക്കി ഒന്ന് നമസ്കരിച്ച് പോയി ആ ബുദ്ധ ദേവന്മാരെ !! മൊണാസ്ട്രിയുടെ സൈഡിൽ മഴവിൽ വിരിയ്ക്കുന്ന വെള്ളച്ചാട്ടം മറ്റൊരു സുന്ദരമായ കാഴ്ചയാണ്. ടൈഗർ നെസ്റ്റിൽ പ്രാർത്ഥിച്ച പ്രാർത്ഥന സഫലം ആകുകയാണെങ്കിൽ ഒരു വട്ടം കൂടെ മല കയറി വരും എന്ന് ആ മണ്ണിനും മലയ്ക്കും വാക്ക് കൊടുത്ത് മനസ്സിലാ മനസ്സോടെ ഞാൻ ആ മൺകൂടാരത്തിനു വിട പറഞ്ഞു.

Down trekk എന്നും എനിയ്ക്ക് ഒരു ഹരമായിരുന്നു. ഓരോ കഥകൾ പങ്ക് വച്ച് ഓടിച്ചാടി ഞങ്ങൾ വളരെ വേഗം തന്നെ ബെയ്സ് ക്യാംപിൽ എത്തി ഒരു ടാക്സി എടുത്തു ഹോട്ടലിലേയ്ക്ക്.പാരോ തെരുവിലൂടെ ഒന്ന് നടന്നു.. എന്നിട്ട് നേരെ തിംമ്പുവിലേയ്ക്ക്. സമയം 7 മണി. ഞങ്ങൾ തിംമ്പുവിൽ. സൂര്യൻ അസ്തമിച്ച് കഴിഞ്ഞിരുന്നു. ഭൂട്ടാന്റെ തലസ്ഥാന നഗരമാണ് തിംമ്പു. ഇതു വരെ കണ്ട ഭൂട്ടാനിൽ നിന്നൊരു മാറ്റം അനുഭവപ്പെട്ടു. ഗ്രാമങ്ങളിൽ നിന്ന് പട്ടണത്തിലേയ്ക്കുള്ള മാറ്റം… കുടിലുകളിൽ നിന്ന് അംമ്പര ചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലേയ്ക്കുള്ള മാറ്റം.. ഒഴിഞ്ഞ വഴികളിൽ നിന്ന് ജനസാന്ദ്രമായ വഴിയോരങ്ങൾ കണ്ടപ്പോൾ ഉള്ള മാറ്റം.

തെരുവ് വിളക്കുകൾ കൊണ്ട് അലങ്കരിത മാണ് തിംമ്പു നഗരം. തിംമ്പുവിൽ എത്തി തിരിച്ചറിയൽ കാർഡ് കാണിയ്ച്ച് ഒരു ഭൂട്ടാൻ സിം എടുത്ത് വീട്ടിലേയ്ക്ക് ഒന്നു വിളിച്ചു.2 ദിവസം കഴിഞ്ഞിട്ടാണ് വിളിയ്ക്കുന്നത്. സുഖമായി ഇരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ അമ്മയുടെ വാക്കുകളിലും ഒരു സമാധാനം. അവിടുന്ന് ഇറങ്ങി ഹോട്ടൽ തപ്പി തുടങ്ങി. ഹോട്ടലുകൾ മിക്കവാറും ഫുൾ ആയിരുന്നു. ഏതായാലും പ്രതീക്ഷ കൈവിടാതെ ഒന്ന്.. രണ്ട് ഹോട്ടലുകളിൽ കൂടെ അന്വേഷിച്ചു.900 രൂപയ്ക്ക് 3 പേർക്ക് താമസിക്കാൻ പറ്റുന്ന ഒരു ഹോട്ടൽ മുറി കിട്ടി.

കുറച്ച് സംസാരിച്ച് ഇരുന്നിട്ട് ഭക്ഷണം കഴിയ്ക്കാൻ 10 മണി ആയപ്പോൾ ഹോട്ടലിന് പുറത്തേയ്ക്ക് ഇറങ്ങി. ഹോട്ടലിന്റെ പുറത്ത് ഇറങ്ങിയപ്പോൾ ഒരു Maggie Point കണ്ടു.. അയ്യേ മാഗിയോ.. അതിനേയും പുച്ഛിച്ച് ഭക്ഷണം കഴിയ്ക്കാൻ ഒരു റെസ്റ്റോറന്റും തപ്പി ഞങ്ങൾ മുമ്പോട്ട് നടന്നു.അപ്പോഴല്ലേ twist.. തിംമ്പുവിൽ കടകൾ എല്ലാം 10 മണിയ്ക്ക് അടയ്ക്കും പോലും.. എല്ലാ ഹോട്ടലുകളും അതിനകം അടച്ച് കഴിഞ്ഞിരുന്നു.. ദൈവമേ.. പണി പാളിയോ.. പട്ടിണി ആയോ.. പെട്ടെന്നാണ് ആ മാഗി പോയിന്റിന്റെ കാര്യം ഓർമ്മ വന്നത്. തിരിച്ച് ഒരു ഓട്ടം ആയിരുന്നു. ഓട്ടം നിന്നത് മാഗി കടയുടെ മുമ്പിൽ. ചേട്ടാ എല്ലാവർക്കും ഓരോ മാഗി.. കട അടയ്ക്കാൻ പോകുവായിരുന്നെങ്കിലും പാവം തോന്നിയിട്ട് ആകാം മാഗി ഉണ്ടാക്കി തന്നു അവർ ഞങ്ങൾക്ക്. അന്ന് കഴിച്ച മാഗിയുടെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പിൽ ഉണ്ട്.

ഹോട്ടലിൽ എത്തി കുളിച്ചു. എന്നിട്ടൊരു ഉറക്കം.രാവിലെ 7 മണി ആയപ്പോൾ എല്ലാവരുടേയും അലാറം അടിച്ച് തുടങ്ങി. മനസ്സിലാ മനസ്സോടെ പതിയെ പുതപ്പിന് പുറത്തിറങ്ങി.
പൂനഖയ്ക്ക് പോകാൻ പെർമിറ്റ് എടുക്കണം അതാണ് ഇന്നത്തെയ്ക്കുള്ള ആദ്യ പ്ലാൻ. പൂനഖ Restricted Area ൽ പെട്ടത് ആയത് കാരണം അവിടെ പോകാൻ പ്രത്യേക പെർമിറ്റ് എടുക്കണം. തിംമ്പു ഇമിഗ്രേഷൻ ഓഫീസിൽ നിന്നാണ് പൂനഖയ്ക്കുള്ള പെർമിറ്റ് കിട്ടുക. ഇമിഗ്രേഷൻ ഓഫീസ് ഞങ്ങൾ താമസിച്ച ഹോട്ടലിന്റെ അടുത്ത് തന്നെയായിരുന്നു. അവിടെ പോയി ഒരു ഫോറം പൂരിപ്പിച്ച് ഭൂട്ടാൻ പെർമിറ്റിന്റെ ഫോട്ടോകോപ്പിയും എടുത്ത് കൊടുത്തപ്പോൾ വൈകുന്നേരം 3 മണിയ്ക്ക് വന്നാൽ മതി പെർമിറ്റ് തരാം എന്ന് വളരെ സ്നേഹത്തോടെ ഒരു ഭൂട്ടാൻ ഉദ്യോഗസ്ഥ പറഞ്ഞു.

3 മണി വരെ തിംമ്പു കറങ്ങാൻ തീരുമാനിച്ചു.Tashichong Dzong, തിംമ്പു വ്യൂ പോയിൻറ്, ബുദ്ധ ഡോൻഡെൻമ, ആർട്ട് മ്യൂസിയം എന്നിവയാണ് തിംമ്പുവിലെ പ്രധാന ആകർഷണങ്ങൾ.
ഓരോ സ്ഥലവും നടന്ന് നാടിന്റെ തനിമ അറിഞ്ഞ് ..കാണുന്ന സുഖം അതൊന്നു വേറെ തന്നെയാണ്.ഡിസോംഗിലേയ്ക്ക് ഒരു 4 km ഉണ്ട്. പതിയെ നടക്കാം എന്ന് തന്നെ ആയി പ്ലാൻ.
നേരായ വഴിയ്ക്ക് നടക്കുന്ന സ്വഭാവം പണ്ടേ ഇല്ലാത്തത് കാരണം കണ്ട വഴിയിലൂടെ ഒക്കെ നടന്ന് ഒരു ഏകദേശ ദിശ നോക്കി തിംമ്പു വ്യൂ പോയിന്റിൽ എത്തി.4 Km കഴിഞ്ഞപ്പോൾ പട്ടണത്തിന്റെ രൂപം ഒക്കെ മാറി… കുറച്ച് ഗ്രാമീണത വന്ന് തുടങ്ങിയിരുന്നു. കൊയ്ത്ത് കഴിഞ്ഞ നെല്ല് പാടങ്ങളിലൂടെ വെറുതെ ഓടി കളിയും ഫോട്ടം പിടിത്തവും ഒക്കെ ആയി. മേയ്ഞ്ഞ് നടക്കുന്ന കുതിരകളും ,അങ്ങ് മലകളിൽ പാറി പറക്കുന്ന പല നിറങ്ങളിലുള്ള ബുദ്ധമത പ്രാർത്ഥന പതാകകളും, ഭൂട്ടാൻ നെല്പാടങ്ങളും ,കൃഷിയും, പ്രത്യേക ആകൃതിയിൽ ഉള്ള കെട്ടിടങ്ങളും ഒക്കെ മനസ്സിന് കുളിരേകുന്ന കാഴ്ചയായി.

Wang chu നദിയുടെ പടിഞ്ഞാറൻ തീരത്ത് സ്വർണ്ണ ഇലകളുള്ള മേൽക്കൂരകളാൽ പണിയപ്പെട്ട ഒരു ബുദ്ധിസ്റ്റ് മൊണാസ്ട്രിയാണ് താഷിച്ചോംങ്ങ് ഡിസോംഗ്.അതിന്റെ അരികിലൂടെ ഒഴുകുന്ന നദിയും അതിൽ നീന്തി കളിയ്ക്കുന്ന അരയന്നങ്ങളും നദിയ്ക്ക് കുറുകേ ഉള്ള രാജകീയമായ പാലവും ഒക്കെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്.
തിംമ്പുവിന്റെ ഏത് കോണിൽ നിന്നാലും ശ്രദ്ധ പിടിച്ചു പറ്റുന്ന ഭൂട്ടാന്റെ സ്വന്തം അഹങ്കാരമാണ് Budha Dordenma- ആജാനബാഹുവായ 52 മീറ്റർ ഉയരമുള്ള ബുദ്ധ സ്തൂപം.

ഇമിഗ്രേഷൻ ഓഫീസിൽ എത്തി പൂനഖയ്ക്ക് ഉള്ള പെർമിറ്റ് കൈപ്പറ്റി ഹോട്ടലിൽ എത്തി ബാഗ് പായ്ക്ക് ചെയ്ത് പൂനഖയ്ക്ക് ഒരു ടാക്സി എടുത്തു. വൈകുന്നേരങ്ങളിൽ ഭൂട്ടാനിൽ ബസ് കിട്ടാൻ ബുദ്ധിമുട്ടാണ്. ബസ് ടിക്കറ്റുകൾ പലപ്പോഴും ഒരു ദിവസം മുമ്പ് ബുക്ക് ചെയ്യുമ്പോൾ മാത്രമാണ് കിട്ടുക.ഒരു 2 മണിക്കൂർ യാത്ര ദൈർഘ്യം ഉണ്ടാകും തിംമ്പുവിൽ നിന്ന് പൂനഖ വരെ.
ടാക്സിയിൽ കൂടെ ഒരു ബുദ്ധ സന്യാസിയും കയറി.ആള് ഒരു ഒന്നൊന്നര സംഭവം ആയിരുന്നു. ആകെ കൂടെ ഒരു പരിഭ്രാന്തി. ആരോടെന്നിലാതെ എന്തൊക്കയോ ചോദിയ്ക്കുന്നു… പറയുന്നു.. ലഗ്ഗേജ് വണ്ടിയുടെ മുകളിൽ കെട്ടി വയ്പ്പിക്കുന്നു.. ഡ്രൈവറെ കൊണ്ട് താഴെ ഇറക്കിപ്പിക്കുന്നു… ഇടയ്ക്ക് യാത്രക്കാരോട് എല്ലാവരോടും സോറി പറയുന്നു.. മുറുക്കാൻ ചവയ്ക്കുന്നു.. തണുത്ത് വിറയ്ക്കുന്നു ആകെ ഒരു ബഹളം തന്നെ.

യാത്ര ആരംഭിച്ചു. സൂര്യൻ ഒക്കെ goodbye പറഞ്ഞതിന്നാൽ പുറത്തെ കാഴ്ചകൾ ഒന്നും കാണാൻ പറ്റുന്നില്ല. അപ്പോൾ പിന്നെ ബുദ്ധ സന്യാസിയുടെ ജീവിത കഥകൾ ആയി ആകെ ഉള്ള നേരം പോക്ക്. പുള്ളിക്കാരൻ അഞ്ചാം ക്ലാസ്സ് വരെ പഠിച്ചിട്ടുള്ളു പോലും അത് കാരണം ഞങ്ങളെ പോലെ ഇംഗ്ലീഷ് ഒന്നും അറിയില്ല എന്ന് പരിഭവം. അത് കഴിഞ്ഞ് ആള് സന്യാസി ആകാൻ പഠനം ആരംഭിച്ചെന്ന്. ഞാൻ കേരളത്തിൽ നിന്ന് ആണെന്ന് അറിഞ്ഞപ്പോൾ പണ്ട് അദ്ദേഹത്തെ സ്കൂളിൽ തല്ലി പഠിപ്പിച്ച മലയാളി ടീച്ചറിന്റെ കഥ വരെ പറഞ്ഞു.

ഭൂട്ടാനിൽ എത്തിയപ്പോൾ തൊട്ട് കേൾക്കുന്നതാണ് ടാക്സി ഡ്രൈവർമാരേയും, സഹയാത്രികരേയും, കടക്കാരേയും ഒക്കെ സ്കൂളിൽ പഠിപ്പിച്ചത് മലയാളി ടീച്ചർമാർ ആണെന്നുള്ള കഥകൾ.ഈ കേരളത്തിലെ അദ്ധ്യാപകർ മൊത്തം പോകുന്നത് അങ്ങ് ഭൂട്ടാനിലേയ്ക്ക് ആണോ എന്നുപോലും തോന്നിപ്പോയി.

പിന്നെയും ഉണ്ട് ഒരു സഹയാത്രികൻ. ഭൂട്ടാൻ സർക്കാരിൽ എന്തോ മുന്തിയ ഉദ്യോഗം ആണ്.അദ്ദേഹത്തിന്റെ പൊതു വിജ്ഞാനത്തിന് മുമ്പിൽ സത്യം പറഞ്ഞാൽ കൈകൂപ്പി പോയി. ഇന്ത്യൻ ക്രിക്കറ്റും, വിരാട്- അനുഷ്ക വിവാഹ വിശേഷങ്ങളും, ഇന്ത്യൻ സംസ്ഥാനങ്ങളുടെ വിവരണവും എന്തിന് ഏറെ പറയുന്നു കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം അല്ലേ എന്ന് വരെ എന്നോട് ചോദിച്ചപ്പോൾ നമിച്ച് പോയി ഞാൻ ആ മഹാനെ.

അങ്ങനെ കഥകൾ കുറേ കൈമാറി കുറേ ഭൂട്ടാൻ വിശേഷങ്ങളും ഒക്കെ കേട്ട് ഞങ്ങൾ എത്തി പൂനഖയിൽ. വിരലിൽ എണ്ണാവുന്ന കടകൾ മാത്രം.. മിന്നുന്ന ഇലക്ട്രിക് ബൾബുകൾ.. ആകാശം മുഴുവൻ കയ്യടക്കി നക്ഷത്രക്കൂട്ടങ്ങൾ..അതിന്റെ താഴെ കൊടും തണുപ്പ് കടിച്ചമർത്തി സൊറ പറയുന്ന 2..3 ചെറിയ കൂട്ടം മനുഷ്യർ. Hotel Sherling-നദിക്കരയിലാണ്.കൊള്ളാം ഹോട്ടലും… ലൊക്കേഷനും ഒക്കെ… എന്നാൽ പിന്നെ 2 ദിവസം ഇവിടെ തന്നെ ആക്കി കളയാം എന്ന് ഉറപ്പിച്ചു.
ടൈഗർ നെസ്റ്റ് കഴിഞ്ഞാൽ എന്നെ ഭൂട്ടാൻ യാത്രയ്ക്ക് പ്രേരിപ്പിച്ചത് പൂനഖയാണ്. പൂനഖ ഡിസോംഗ്… പൂനഖ തൂക്കുപാലം പിന്നെ ശാന്തവും സുന്ദരവുമായ പൂനഖ ഗ്രാമം…!!

ഹോട്ടലിന്റെ അവിടെ നിന്ന് പൂനഖ ഡിസോംഗ് വരെ ഒരാളിന് 40 രൂപയ്ക്ക് ടാക്സി കിട്ടി.
ഡിസോംഗ് എന്നാൽ ഭൂട്ടാനിലെ ഒരു പ്രത്യേക രീതിയിൽ നിർമ്മിച്ച സുരക്ഷിത കേന്ദ്രങ്ങൾ ആണ്. തോക്കേന്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിൽ ഉള്ള ഈ കെട്ടിടങ്ങൾ വന്മതിലുകളാൽ ചുറ്റപ്പെട്ടതാണ്. സന്ദർശകൾക്ക് ഇതിനകത്തേയ്ക്കുള്ള പ്രവേശനം സുരക്ഷാ പരിശോധനയ്ക്ക് ശേഷം മുൻ നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ മാത്രമാണ്. പ്രധാനപ്പെട്ട ആഭ്യന്തര ഓഫീസുകൾ, പ്രാർത്ഥനാലയങ്ങൾ, ബുദ്ധ സന്യാസിമാരുടെ പഠന കേന്ദ്രങ്ങൾ, അവരുടെ താമസം എന്നിവയാണ് ഡിസോംഗുകൾ പ്രധാനമായും. വളരെ വിശാലമാണ്, നടുമുറ്റങ്ങൾ ഉണ്ട്‌.. ഉയർന്ന കെട്ടിടങ്ങൾ ആണ് എന്നിവയാണ് പ്രത്യേകത.

തിംമ്പുവിൽ കണ്ട താഷിച്ചോങ്ങ് ഡിസോംഗിന്റെ അതേ ആകൃതി തന്നെയാണ് പൂനഖയിലെ ഈ പ്രാർത്ഥനാലയത്തിനും. ഡിസോംഗിന്റെ അപ്പുറവും ഇപ്പുറവും നദികൾ. ശാന്തമായി ഒഴുകുന്നത് പെൺ നദിയായ മോച്ചു എന്നും രൗദ്ര ഭാവമുള്ളത് ആൺ നദിയായ പോച്ചു എന്നും ഇവിടുത്തുകാർ കണക്കാക്കുന്നു. ഒടുവിൽ അത് ഒന്നായി പൂനഖ ഡിസോംഗിന്റെ മുന്നിൽ നിന്ന് സംഘോഷ് നദിയായി ഒഴുകി തുടങ്ങുന്നു.

ഡിസോംഗിന്റെ ഉള്ളിൽ കയറാൻ 300 രൂപ ടിക്കറ്റ് ചാർജ്. പിന്നേ നമ്മൾ കുറേ ഡിസോംഗ് കണ്ടതാണേ … ഇനി 300 രൂപയ്ക്ക് ടിക്കറ്റ് എടുത്ത് ഡിസോംഗ് കാണാൻ ഒന്നും ഞങ്ങൾ ഇല്ലേ എന്നും പറഞ്ഞ് ഡിസോംഗിന്റെ ചുറ്റും ഒന്നു കറങ്ങി. ശാന്തമായി ഒഴുകുന്ന നദി.. അതിന് തണലേകുന്ന വൃക്ഷങ്ങൾ .. അപ്പോഴാണ് ഒറ്റയ്ക്ക് ഫുട്ബോൾ കളിയ്ക്കുന്ന ഭൂട്ടാൻ കുഞ്ഞ് കണ്ണിൽപ്പെട്ടത്. അവളുടെ കൂടെ പന്ത് തട്ടി കളിച്ചു.. ഓടി നടന്നു….. അതേ നിഷ്കളങ്കത കളം കെട്ടി നിന്ന കുറച്ച് നല്ല നിമിഷങ്ങൾ.. അവളുടെ വികൃതികൾ.. നിഷ്കളങ്കമായ കണ്ണുകൾ…മായം ഇല്ലാത്ത ചിരി..ആശയവിനിമയത്തിന് ഭാഷ ഒരു മാനദണ്ഡം അല്ല എന്ന് മനസ്സിലാക്കി തന്ന കുഞ്ഞേ..മറക്കില്ല നിന്നെ… വേരുകൾ എവിടെയാണെങ്കിലും… ഓർമ്മകളിൽ നീ എന്നും ഉണ്ടാകും.. ഈ ജീവിത യാത്രയിൽ !!

ഡിസോംഗിന്റെ പുറകിലായിട്ട് ഒരു ചെറിയ ഗ്രാമം ശ്രദ്ധയിൽപ്പെട്ടു. കുഞ്ഞ് ബുദ്ധ സന്യാസിമാർ, ഇന്റർനെറ്റും മൊബൈലും ഒക്കെ ഉപയോഗിക്കുന്ന യുവ സന്യാസിമാർ, സ്വയം ജീവിതം ബുദ്ധനിൽ സമർപ്പിച്ച് ജീവിതം കഴിച്ച് കൂട്ടുന്ന വൃദ്ധരായ സന്യാസിമാരെ ഒക്കെ ഞങ്ങൾ അവിടെ കണ്ടു. അവിടുന്ന് മുമ്പോട്ട് നടന്നപ്പോൾ കാവൽ ഗോപുരം പോലെ തോന്നിപ്പിയ്ക്കുന്ന ഒരു കെട്ടിടം കണ്ണിൽപ്പെട്ടു. കെട്ടിടത്തിന്റെ മതില്ക്കെട്ടിനുള്ളിൽ കുറച്ച് ആൾക്കാരും ഉണ്ട്. ഭക്ഷണവും വിളമ്പുന്നു.. ശ്ശെടാ…അപ്പോ പിന്നെ ഒന്നു മുട്ടി നോക്കിയിട്ട് തന്നെ കാര്യം.. ഞങ്ങൾ ഇവിടുത്തേയ്ക്ക് തന്നെയാ വന്നെത് എന്ന രീതിയിൽ ഒരു അങ്കലാപ്പും ഇല്ലാതെ അങ്ങ് കയറിച്ചെന്നു.

പ്രവേശന കവാടം കടന്നപ്പോൾ തന്നെ 2-3 മുതിർന്ന വ്യക്തികൾ ഈ വഴി അല്ല… ആ വഴി എന്നൊക്കെ പറഞ്ഞു… അക്ഷരാർത്ഥത്തിൽ get out അടിച്ചു.. നമ്മൾ ഇതൊക്കെ എത്ര കണ്ടതാ എന്ന രീതിയിൽ ഞങ്ങൾ പിന്നേയും മുമ്പോട്ട് നടന്നു.. Yeh cremation ground hei..suspension bridge keliye us rasthe se jaana padega..

ഈശ്വരാ അപ്പോഴാണ് വലത് വശത്തായി കത്തി ഉയരുന്ന തീജ്വാല കണ്ണിൽപ്പെട്ടത്… ശവസംസ്കാരം നടക്കുകയാണ്… വിറകുകൾ കൂട്ടി വച്ച്… ഹൂയ്യോ….അവിടെ മുങ്ങിയ ഞങ്ങൾ പിന്നെ പൊങ്ങിയത് സസ്പെൻഷൻ ബ്രിഡ്ജിന്റെ അറ്റത്തായിരുന്നു. തൂക്ക് പാലങ്ങൾ ഒരു പാട് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നീളം ഉള്ളത് ആദ്യമായിട്ടാണ് കാണുന്നത് എന്നൊക്കെ സുഹൃത്തുക്കൾ പിന്നിൽ അടക്കം പറയുന്നു. ഞാനപ്പോഴും ശവസംസ്കാരത്തിന് വരെ ഇടിച്ച് കയറിയ ഞങ്ങളുടെ വിഢിതത്തെപ്പറ്റി ആലോചിച്ച് ഉള്ളിൽചിരിക്കുകയായിരുന്നു. യാത്രകൾ എപ്പോഴും അങ്ങനെയാണ്‌ നമ്മളെ സന്തോഷിപ്പിക്കുകയും അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതിലേറെ ജീവിയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ തന്നെ ജീവിതം തന്നെ ഒരു വലിയ യാത്ര അല്ലേ.. എന്തെന്നറിയാതെ എവിടേയ്ക്ക് എന്നറിയാതെ.. കാലങ്ങളെ വകവയ്ക്കാതെ ഒഴുകുന്ന പുഴ പോലെ !!

പൂനഖ തൂക്കുപാലത്തിന്റെ നീളം 160 മീറ്ററാണ്.അതിന്റെ ആകൃതിയും അടിയിലൂടെ ഒഴുകുന്ന തെളിഞ്ഞ പുഴയും പൂനഖയുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടുന്നു. പൂനഖ ഗ്രാമം ചുറ്റി കറങ്ങി ഞങ്ങൾ അവസാനം എത്തിയത് പൂനഖയുടെ സ്വന്തം പച്ചക്കറി ചന്തയിൽ. സമയം ഏകദേശം 5 മണി. സൂര്യദേവൻ അസ്തമിക്കാൻ പോവുകയാണെന്ന് സൂചന നല്കി കഴിഞ്ഞിരിക്കുന്നു. മാർക്കറ്റ് ആകെ സജീവമായിരിക്കുകയാണ്. പച്ചക്കറികൾക്ക് ഒക്കെ നല്ല ഫ്രഷ് ലുക്ക്. ശെരിയ്ക്കും പറഞ്ഞാൽ വാങ്ങി പച്ചയ്ക്ക് കടിച്ച് കഴിയ്ക്കാൻ തോന്നും. എല്ലാം organic ആണ്.. വീട്ടിൽ ജൈവവളങ്ങൾ മാത്രം ഇട്ട് വളർത്തിയതാണ് എന്നൊക്കെ ഗ്രാമവാസികൾ ഞങ്ങളോടും പറഞ്ഞു. വിഷവസ്തുക്കൾ മാത്രമാണല്ലോ നമ്മുടെ ഒക്കെ ഇപ്പോഴത്തെ ഭക്ഷണം..fast-food മാത്രം മതിയല്ലോ എല്ലാവർക്കും ഇപ്പോൾ.. എന്നിട്ട് കുറ്റം ക്യാൻസറിനും കൊളസ്ട്രോളിനും എന്നൊക്കെ മനസ്സിന്റെ കോണിൽ ആരോ ഇരുന്ന് മന്ത്രിയ്ക്കുന്നത് പോലെ.

10 രൂപ കൊടുത്ത് ഒരു ചായ വാങ്ങി ചന്തയിൽ വെറും തറയിൽ കുത്തിയിരുന്ന് കുടിയ്ക്കാൻ ഞങ്ങളുടെ എഞ്ചിനീയർ മനസ്സുകൾ ഒരു നിമിഷം പോലും ആലോചിച്ചില്ല. അല്ലേലും അത് അങ്ങനെയായിരുന്നു എന്നും. യാത്രകൾ തുടങ്ങി കഴിഞ്ഞാൽ ഞങ്ങൾ വെറും യാത്രികർ മാത്രം. പച്ചയായ മനുഷ്യർ…white collar job ന്റെ എല്ലാ കെട്ടുകളും ഓഫീസിൽ വലിച്ചെറിഞ്ഞ് പച്ചയായ ജീവിതവും മായമില്ലാത്ത പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ ഇറങ്ങി തിരിച്ച ഒരു കൂട്ടം യുവ എഞ്ചിനീയർ …. അല്ല വെറും യുവാക്കൾ !!

പൂനഖയിൽ നിന്ന് തിംമ്പുവിലേയ്ക്ക് തിരിച്ച് പോകുമ്പോൾ ഡോച്ചുലയിൽ ഇറങ്ങി.തിംമ്പുവിനെ പൂനഖയുമായി ബന്ധിപ്പിക്കുന്ന മഞ്ഞ് മലകളാൽ ചുറ്റപ്പെട്ട ഒരു ഹിമാലയൻ ചുരമാണ് 10171 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഡോച്ചുല പാസ്.

2003 ഡിസംബറിൽ ഭൂട്ടാൻ- അസാം കലാപത്തിൽ വീരമൃത്യു വരിച്ച ഭൂട്ടാൻ പട്ടാളക്കാർക്കായി നിർമ്മിക്കപ്പെട്ട 108 യുദ്ധ സ്മാരക സ്തൂപങ്ങൾ ആണ് ഡോച്ചുലയെ വിനോദ സഞ്ചാരികൾക്ക് ഇടയിൽ പ്രസിദ്ധമാക്കുന്നത്.

തിംമ്പുവിൽ നിന്ന് ഫ്യുവൻ ഷോളിങ്ങിലേയ്ക്ക് തിരിച്ച് പോകുമ്പോൾ ഭൂട്ടാനിലെ ചിരിയ്ക്കുന്ന മുഖങ്ങളും, യാത്രികരെ കാണുമ്പോൾ ഓടിയെത്തുന്ന ടാക്സി ഡ്രൈവർമാരും, ജീവിതം ബുദ്ധനായി ഒഴിഞ്ഞു വച്ച സന്യാസിമാരും, നിഷ്കളങ്കരായ ഭൂട്ടാൻ കുഞ്ഞുങ്ങളും, തെളിഞ്ഞ നദികളും, തണലേകിയ പച്ച വൃക്ഷങ്ങളും ,അങ്ങ് ദൂരെ ഞങ്ങൾക്ക് അനുഗ്രഹങ്ങൾ പകർന്ന് ചിരിച്ച് നിന്ന് ഹിമാലയൻ മഞ്ഞ് മലകളും… എല്ലാം മനസ്സിൽ വേരു പിടിച്ച് കഴിഞ്ഞിരുന്നു.
ഒരിക്കലും മനക്കാനാകാത്ത ഒരു അവധിക്കാലം ഞങ്ങൾക്ക് സമ്മാനിച്ച ഭൂട്ടാനെ നിനക്ക് നന്ദി..!! നീ എന്നും ഇങ്ങനെ തന്നെ ആയിരിക്കുക.. നിന്റെ നിഷ്കളങ്കമായ ആ ചിരി എന്നും മായാതെ ഇരിക്കട്ടെ…ഏഷ്യയിലെ സന്തുഷ്ട രാജ്യം എന്ന പട്ടം ആരും നിന്നിൽ നിന്ന് തട്ടി എടുക്കാതെ ഇരിക്കട്ടെ.. പ്രകൃതി നിന്നെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ… നിഷ്കളങ്കരായ നല്ല മനുഷ്യർ എന്നും കളങ്കം എന്തെന്നറിയാതെ ജനിച്ച് ജീവിച്ച് നിന്നിൽ അലിയട്ടെ !!Just be the way you are Bhutan-you are amazing !!

ഭൂട്ടാനും കഴിഞ്ഞ് ബംഗാളിന്റെ തെരുവോരങ്ങളിൽ ഒരു രാത്രി ചിലവഴിച്ച് ..പഴയ കാലത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടാത്ത .. ആധൂനികത എന്തെന്നിയാത്ത ബംഗാളിന്റെ സിലിഗുരിയിൽ നിന്ന് അടുത്ത ദിവസം ഡൽഹിലേയ്ക്ക് പറന്നു !!

ഓർമ്മകൾ ഒരുപാട് ഏകിയ..സ്വപ്ന സാഫല്യത്തിന്റെ നിർവൃതിയോടെ ..സ്വപ്ന സാക്ഷാത്കാരമായ ആ ഹിമാലയൻ രാജ്യത്തേയ്ക്കുള്ള യാത്രയ്ക്ക് ഇവിടെ പര്യവസാനം ….
ഇനിയും ഒരുപാട് യാത്രകൾക്ക് പ്രജോദനം നല്കി ആ സുന്ദരമായ പ്രണയാദ്രമായ യാത്രയുടെ അവസാനം………..ശുഭം !!

വരികളും ചിത്രങ്ങളും – അനു ജി.എസ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply