കേരള പോലീസ്; വിവിധ വിഭാഗങ്ങളും തസ്തികകളും… നിങ്ങൾ അറിഞ്ഞിരിക്കേണ്ടവ..

കേരള പോലീസ്‌ വിഭാഗം, കേരള സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനസേനയാണ്‌. സംസ്ഥാന തലത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്ത്‌, പരിശീലനം നൽകി സ്വന്തം ജന്മദേശത്തോ, കേരളത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ നിയമിച്ചു കൊണ്ടുള്ള സംവിധാനം ആണ്‌ നിലവിലുള്ളത്‌. കേരളാ പോലീസിലെ ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്‌. ആവശ്യമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും പ്രവർത്തിക്കേണ്ടതുണ്ട്‌. തിരുവനന്തപുരം ആണ്‌ കേരള പോലീസിന്റെ‌ ആസ്ഥാനം. ‘മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ’ എന്ന് അർത്ഥമാക്കുന്ന ‘മൃദു ഭാവെ, ദൃഢ കൃത്യെ’ എന്ന സംസ്കൃത വാക്യം ആണ്‌ ഈ സേനയുടെ ആപ്തവാക്യം.

സ്വാതന്ത്ര്യലബ്ധിക്കു മുൻപ് വ്യത്യസ്തങ്ങളായ ഭരണസം‌വിധാനങ്ങളുടെ കീഴിലായിരുന്നു കേരളാ പോലീസ്. തിരുവിതാം‌കൂറിൽ ദിവാൻ ഉമ്മിണിത്തമ്പിയും റസിഡന്റ് കേണൽ മൺറോയും പോലീസ് സേനയെ രൂപീകരിക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചു. 1881-ൽ ദിവാനായിരുന്ന രായ്യങ്കാരാണ്‌ പോലീസ് സേനയെ നിയമവകുപ്പിൽ നിന്ന് അടർത്തി പകരം സ്വന്തമായ ഒരു പോലീസ് സൂപ്രണ്ടിനെ അധികാരപ്പെടുത്തിയത്.

ക്രൈം ബ്രാഞ്ച്‌ : ക്രൈം ബ്രാഞ്ച്‌ (സി.ബി. സി.ഐ.ഡി) വിഭാഗം പ്രമാദമായാതോ, അന്തർ ജില്ലാ തലത്തിൽ നടന്നിട്ടുള്ള കുറ്റ കൃത്യങ്ങളോ അന്വേഷിക്കുന്നു. ഗവർമെന്റിനോ, കോടതികൾക്കോ ഇവരോട്‌ ഒരു കേസ്‌ ഏറ്റെടുക്കാൻ സർക്കാറിന് ആവശ്യപ്പെടാവുന്നതാണ്‌.

സ്പെഷൽ ബ്രാഞ്ച്‌ : സ്പെഷൽ ബ്രാഞ്ച്‌ (എസ്‌.ബി. സി.ഐ.ഡി) വിഭാഗം ആണ്‌ സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെയോ നില നിൽപ്പിന്‌ ഭീഷണി ഉയർത്തുന്ന സംഘടനകൾ, വ്യക്തികൾ ഇവരെയൊക്കെ നിരീക്ഷിക്കുന്നതും അവരുടെ ഒക്കെ വിവരങ്ങൾ ശേഖരിച്ചു വെക്കുന്നതും ഇവരുടെ ജോലിയാണ്‌. പാസ്പോർട്ട്‌ സംബന്ധിച്ച്‌ അന്വേഷണങ്ങൾക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്താറുണ്ട്‌. ലോക്കൽ പോലീസ്‌ സ്റ്റേഷനുകളിൽ സ്പെഷൽ ബ്രാഞ്ചിലെ പോലീസുകാർ ഉണ്ടായിരിക്കും. സി.ഐ.ഡി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പോലീസുകാർ യൂണീഫോം ധരിക്കേണ്ടതില്ല. ഈ വിഭാഗങ്ങളിലേക്ക്‌ എല്ലാം തന്നെ ഒരു പോലീസ്‌ ഉദ്യോഗസ്ഥനെ മാറ്റാവുന്നതാണ്‌. ലോക്കൽ പോലീസിൽ നിന്ന് സി.ഐ.ഡി-യിലേക്കും, അവിടെ നിന്ന് തിരിച്ച്‌ ലോക്കൽ പോലീസിലേക്കും ഉള്ള സ്ഥലം മാറ്റങ്ങൾ സർവ്വസാധാരണമാണ്‌.

നർക്കോട്ടിക് സെൽ : സംസ്ഥാനത്തെ അനധികൃത മദ്യം മയക്കുമരുന്ന് വിൽപ്പന നിന്ത്രിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന പ്രത്യേക പോലീസ് വിഭാഗമാണിത്. ഗഞ്ചാവ്,ഹാഷിഷ്, ബ്രൗൺ ഷുഗർ, മറ്റ് ലഹരി വസ്തുക്കൾ പുകയില ഉത്പന്നങ്ങൾ എന്നിവയുടെ അനധികൃത വിൽപനയും ഉപഭോഗവും അന്വേഷിച്ച് കണ്ടുപിടിച്ച് കേസെടുക്കുകയും സ്റ്റേഷനുകൾക്കും മറ്റ് അന്വേഷണ ഏജൻസികൾക്കും വേണ്ട നിർദ്ദേശം നല്കുകയും ചെയ്യുന്ന നർക്കോട്ടിക് സെല്ലുകൾ മിക്ക പോലീസ് ജില്ലകളിലും പ്രവർത്തിക്കുന്നുണ്ട്.

സായുധ സേന വിഭാഗങ്ങൾ (ആംഡ്‌ പോലീസ്‌ ബറ്റാലിയനുകൾ) : സംസ്ഥാനത്ത്‌ 7 കേരള ആംഡ്‌ പോലീസ്‌ (കെ.എ.പി) ബറ്റാലിയനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്‌. പുതിയ റിക്രൂട്ടുകൾക്കുള്ള പരിശീലനം ഇവിടെ ആണ്‌ നടക്കുന്നത്‌. അവശ്യ സമയങ്ങളിൽ ലോക്കൽ പോലീസിനെ ക്രമസമധാന പ്രശ്നങ്ങളിൽ സഹായിക്കാനും, ഈ പോലീസ്‌ വിഭാഗത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. വളരെയധികം പോലീസുകാരുടെ സേവനം ആവശ്യം വരുന്ന മതപരമായ ഉത്സവങ്ങൾ, സമരങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ കെ.എ.പി ബറ്റാലിയനിലെ പോലീസുകാരെ അവിടെ നിയോഗിക്കാറുണ്ട്‌. ഈ വിഭാഗത്തിലെ പോലീസുകാർക്ക്‌ കേസുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം ഇല്ല. ഇവർ ചുരുക്കം അവസരങ്ങളിൽ അല്ലാതെ പൊതു ജനങ്ങളുമായി ഇടപെടാറുമില്ല. താഴെ കൊടുത്തിട്ടുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമ്പുകളിൽ ആയി ഈ വിഭാഗം പ്രവർത്തിക്കുന്നു.

കെ.എ.പി 1-ആം ബറ്റാലിയൻ, രാമവർമ്മപുരം, തൃശ്ശൂർ, കെ.എ.പി 2-ആം ബറ്റാലിയൻ, മുട്ടികുളങ്ങര, പാലക്കാട്‌, കെ.എ.പി 3-ആം ബറ്റാലിയൻ, അടൂർ, പത്തനംതിട്ട, കെ.എ.പി 4-ആം ബറ്റാലിയൻ, മാങ്ങാട്ടുപറമ്പ്‌, കണ്ണൂർ, കെ.എ.പി 5-ആം ബറ്റാലിയൻ, മണിയാർ, പത്തനംതിട്ട, മലബാർ സ്പെഷ്യൽ‍ പോലീസ്‌ (എം.എസ്‌.പി.), മലപ്പുറം., സ്പെഷൽ ആർംഡ്‌ പോലീസ്‌ (എസ്‌.എ.പി), തിരുവനന്തപുരം, സംസ്ഥാന ദ്രുത കർമ്മ സേന (സ്റ്റേറ്റ്‌ റാപ്പിഡ്‌ ആക്ഷൻ ഫോഴ്സ്‌-S R A F), പാണ്ടിക്കാട്‌, നിലമ്പൂർ. ഇതിൽ മലബാർ സ്പെഷൽ പോലീസും, സ്പെഷൽ ആംഡ്‌ പോലീസും ബ്രിട്ടീഷുകാരുടെ ഭരണകാലത്തും, ഇന്ത്യക്കും സ്വാതന്ത്ര്യം കിട്ടിയ സമയത്തും രൂപീകൃതമായ വിഭാഗങ്ങൾ ആണ്‌.

ട്രാഫിക്ക് പോലീസ് : പ്രധാന നഗരങ്ങളിലെ ഗതാഗതം നിയന്ത്രിക്കാൻ വേണ്ടി സജ്ജീകരിച്ചിട്ടുള്ള വിഭാഗമാണ് ട്രാഫിക്ക് പോലീസ്. ജനറൽ എക്സിക്യൂട്ടീവ് വിഭാഗത്തിൽ പെടുന്നവരെ തന്നെയാണ് ഈ വിഭാഗത്തിൽ ഉപയോഗിക്കുന്നത്. പക്ഷെ യൂണിഫോം വ്യത്യസ്തമാണ്. കാക്കി ഷർട്ടിന് പകരം വെള്ള ഷർട്ട് ആണ് യൂണീഫോം ആയി ഉപയോഗിക്കുന്നത്. ഗതാഗത നിയന്ത്രണം അല്ലാതെ തന്നെ മോട്ടോർ വാഹനങ്ങളുടെ അപകട സ്ഥിതീകരണം ഇവരാണ് ചെയ്യുന്നത്.

റെയിൽവെ പോലീസ് : പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളിലെ റെയിൽവെ ദ്രുത കർമ്മസേനയെ സഹായിക്കുന്നതിനായിട്ടാണ് റെയിൽവേ പോലീസ് സജ്ജീകരിച്ചിരിക്കുന്നത്. ജനറൽ എക്സിക്യൂട്ടിവ് വിഭാഗം തന്നെയാണ് ഈ പോലീസ് സ്റ്റേഷനുകളിലും എയ്ഡ് പോസ്റ്റുകളിലും പ്രവർത്തിക്കുന്നത്.

ഹൈവെ പോലീസ് : ‘ജനറൽ എക്സിക്യൂട്ടിവ്‌’ നിന്നു തന്നെ തിരഞ്ഞെടുത്ത പോലീസുകാർ തന്നെ ഹൈവേ പോലീസ്‌ സ്ക്വാഡുകളിലും പ്രവർത്തിക്കുന്നു. ഹൈവേകളോടു അടുത്തു കിടക്കുന്ന പോലീസ്‌ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന പോലീസുകാരെ ആണ്‌ ഹൈവേ പോലീസ്‌ വാഹനങ്ങളിൽ നിയോഗിക്കാറുള്ളത്‌.

ഒരു പോലീസ്‌ സ്റ്റേഷൻ ഒരു സബ്‌-ഇൻസ്പെകടറുടെ കീഴിലായിരിക്കും. ജോലി ഭാരം അധികം ഉള്ള സ്റ്റേഷനുകളിൽ ഒന്നിൽ കൂടുതൽ സബ്‌-ഇൻസ്പെകടർമാർ ഉണ്ടായിരിക്കും. അവരെ അഡീഷണൽ സബ്‌-ഇൻസ്പെക്ടർ എന്ന് വിളിക്കുന്നു. ജനറൽ എക്സിക്യൂട്ടിവ്‌ വിഭാത്തിലേക്കുള്ള സബ്‌-ഇൻസ്പെകടർമാരെ നേരിട്ടും പോലീസുകാരിൽ നിന്നും പ്രൊമോഷൻ മുഖേനയും 1:1 എന്ന അനുപാതത്തിൽ ആണ് എടുക്കുന്നത്‌. പി. എസ്. സി മുഖാന്തരം നേരിട്ടു നിയമനം ലഭിച്ചു വരുന്ന സബ്‌-ഇൻസ്പെക്ടർമാരുടെ പരിശീലനം വ്യത്യസ്തവും, ആദ്യ റാങ്ക്‌ തന്നെ സബ്‌-ഇൻസ്പെകടറുടേതും ആയിരിക്കും. പോലീസ്‌ സ്റ്റേഷനുകൾക്ക്‌ കീഴിലായി പോലീസ്‌ ഔട്ട്‌ പോസ്റ്റുകളും നിലവിലുണ്ട്‌. അവ ഒരു അസിസ്റ്റന്റ്‌ സബ്‌-ഇൻസ്പെക്ടറുടേയൊ, (എ.എസ്‌.ഐ), സീനിയർ സിവിൽ പോലീസ് ഓഫീസറുടേയൊകീഴിലായിരിക്കും.

ഒന്നിൽ കൂടുതൽ പോലീസ്‌ സ്റ്റേഷനുകൾ ഒരു പോലീസ്‌ സർക്കിൾ ആയി കണക്കാക്കുന്നു. ഒരു ഇൻസ്പെക്ടറുടെ കീഴിൽ ആയിരിക്കും ഇത്‌. സർക്കിൾ ഇൻസ്പെക്ടർ എന്നതിനെ ചുരുക്കിയ രൂപമായ ‘സി.ഐ’ എന്ന പേരിൽ ആണ്‌ ഈ ഉദ്യോഗസ്ഥർ അറിയപ്പെടുന്നത്‌. ഒന്നിൽ കൂടുതൽ സർക്കിളുകൾ ഉൾപെടുന്നതാണ്‌ പോലീസ്‌ സബ്‌-ഡിവിഷൻ. ഇതിന്റെ മേൽനോട്ടം ചുമതല ഡെപ്പ്യൂട്ടി പോലീസ്‌ സൂപ്രണ്ടിനായിരുക്കും(ഡി.വൈ.എസ്‌.പി). സബ്‌-ഡിവിഷനുകൾ കൂട്ടി ചേർത്തതാണ്‌ പോലീസ്‌ ജില്ല. ഇതിന്റെ ചുമതല പോലീസ്‌ സൂപ്രണ്ടിന്‌ ആയിരിക്കും. ഇതിനു മുകളിലായി ജില്ലകൾ ഉൾപ്പെടുത്തിയ റേഞ്ചുകൾ, സോണുകൾ എന്നിവ വരുന്നു. ഇതിന്റെ ചുമതല സാധാരണയായി ഐ.പി.എസ്‌ കേഡറിലുള്ള ഉദ്യോസ്ഥർക്കാണ്‌ കൊടുക്കുക.

ആംഡ്‌ പോലീസ്‌ ബറ്റാലിയനിലെ പരിശീലനം കഴിഞ്ഞാൽ ഒരു കോൺസ്റ്റബിൾ കുറച്ചു വർഷം അതേ ബറ്റാലിയനിൽ തന്നെ തുടരുന്നു. അതു കഴിഞ്ഞാൽ സ്വന്തം ജില്ലയിൽ വരുന്ന ഒഴിവുകൾക്കനുസരിച്ചു, അയാൾ സ്വന്തം ജില്ലയിലെ ‘ജില്ലാ സായുധ റിസർവ്വ്‌’ (ഏ . ആർ ക്യാമ്പ്‌)-ലേക്ക്‌ വരുന്നു. ജില്ലാ സായുധ റിസർവ് സേന അടിയന്തര ഘട്ടത്തിൽ ലോക്കൽ പോലീസിനെ സഹായിക്കാൻ ഉദ്ദേശിച്ച്‌ ഉണ്ടാക്കിയ ഒരു സേനാ വിഭാഗം ആണ്. ലഹളകളെ അമർച്ച ചെയ്യൽ, തടവു പുള്ളികളെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള ബന്ദവസ്സ്‌ തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നത്‌ സായുധ റിസർവ്വിലെ പോലീസുകാരാണ്‌. ലഹളകൾ അടിച്ചമർത്തുന്നതിന്‌ സഹായകരമായ ജല പീരങ്കി, കണ്ണീർ വാതക ബോംബ് എന്നിവ ഈ വിഭാഗത്തിന്‌ നൽകിയിരിക്കുന്നു. പിന്നീട്‌ ലോക്കൽ പോലീസിൽ വരുന്ന ഒഴിവുകൾക്കനുസരിച്ചു സിവിൽ പോലീസ് ഓഫീസർ(സി.പി.ഓ) ന്‌ ലോക്കൽ പോലീസ്‌ സ്റ്റേഷനിലേക്ക്‌ നിയമനം ലഭിക്കുന്നു.

ലോക്കൽ പോലീസ്‌ സംവിധാനത്തിലെ ഒരു പ്രധാന ഘടകം ആണ്‌ ക്രൈം സ്ക്വാഡുകൾ.

കേരള പോലീസിൽ സിവിൽ പോലീസ് ഓഫീസർ(സി.പി.ഓ) മുതൽ ഡി.ജി.പി വരെയാണ് റാങ്കുകൾ. നേരിട്ടുള്ള നിയമനം പി.എസ്.സി മുഖേന സിവിൽ പോലീസ് ഓഫീസർ(സി.പി.ഓ) സബ്‌-ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌ എന്നീ തസ്തികകളിലേക്കും യു.പി.എസ്.സി മുഖേന കേരള കേഡറിലേക്കു നിയമനം ലഭിക്കുന്ന ഐ.പി.എസു കാർക്കു എ.എസ്.പി തസ്തികയിലേക്കുമാണ്.

റാങ്കുകൾ –  സംസ്ഥാന പോലീസ് മേധാവി അഥവാ ഡയറക്ടർ ജനറൽ ഓഫ്‌ പോലീസ്‌ (ഡി.ജി.പി), അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ്‌ പോലീസ്‌ (എ.ഡി.ജി.പി.), ഇൻസ്പെക്ടർ ജനറൽ ഓഫ്‌ പോലീസ്‌ (ഐ.ജി.പി) , ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ്‌ പോലീസ്‌ (ഡി.ഐ.ജി) , ജില്ലാ പോലീസ് മേധാവി അഥവാ സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ (എസ്‌.പി), അസിസ്റ്റന്റ്‌ സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ (എ.എസ്‌.പി)/ഡെപ്യൂട്ടി സൂപ്രണ്ട്‌ ഓഫ്‌ പോലീസ്‌ (ഡി.വൈ.എസ്‌.പി), സർക്കിൾ ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌ (സി.ഐ), സബ്‌-ഇൻസ്പെക്ടർ ഓഫ്‌ പോലീസ്‌ (എസ്‌.ഐ), അസിസ്റ്റന്റ്‌ സബ്‌-ഇൻസ്പെക്ടർ (എ.എസ്‌.ഐ), സീനിയർ സിവിൽ പോലീസ് ഓഫീസർ(എസ്.സി.പി.ഒ), സിവിൽ പോലീസ് ഓഫീസർ(സി.പി.ഒ).

കൂടാതെ 2006 മുതൽ 16 വർഷം സർവീസ് പൂർത്തിയാക്കിയ സിവിൽ പോലീസ് ഓഫീസർമാർക്കു് ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ റാങ്കും 23 വർഷം സർവീസ് പൂർത്തിയാക്കിയ സീനിയർ സിവിൽ പോലീസ് ഓഫീസർമാർക്കു് ഗ്രേഡ് അസിസ്റ്റന്റ്‌ സബ്‌-ഇൻസ്പെക്ടർ റാങ്കും നൽകുവാനും 2010 മുതൽ 28 വർഷം സർവീസ് പൂർത്തിയാക്കിയ അസിസ്റ്റന്റ്‌ സബ്‌-ഇൻസ്പെക്ടർമാർക്ക് ഗ്രേഡ് സബ്‌-ഇൻസ്പെക്ടർമാർ റാങ്കും നൽകുവാൻ സർക്കാർ തീരുമാനം എടുത്തു. ഇവർ ഹോണററി ഗ്രേഡ് ലഭിക്കുമ്പോൾ ഉള്ള റാങ്കിന്റെ ചുമതലകളും ഉത്തരവാദിത്തങ്ങളുമായിരിക്കും തുടർന്നും വഹിക്കുക.

നിലവിൽ കേരളത്തിൽ 19 പോലീസ് ജില്ലകൾ ആണുള്ളതു. കേരളത്തിലെ അഞ്ച് പ്രധാന നഗരങ്ങൾ ആയ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്ട്‌,തൃശൂർ, കൊല്ലം എന്നിവിടങ്ങളിലെ പോലീസ്‌ സംവിധാനത്തെ ‘സിറ്റി പോലീസ്‌’,’റൂറൽ പോലീസ്‌’ എന്നിങ്ങനെ വേർ തിരിച്ചിരിക്കുന്നു. ഇതു പ്രകാരം ഒരു നഗരം ഒരു പോലീസ്‌ ജില്ലക്ക്‌ തുല്യം ആയിരിക്കും. കൊച്ചി, തിരുവനന്തപുരം സിറ്റി പോലീസിന്റെ ചുമതല ഡി.ഐ.ജി റാങ്കിലുള്ള ‘പോലീസ്‌ കമ്മീഷണറു‍’ ടെ കീഴിലും കോഴിക്കോട്,തൃശൂർ, കൊല്ലം നഗരത്തിന്റെ ചുമതല ഒരു പോലീസ്‌ സൂപ്രണ്ടിന്റെ കീഴിലുംൽ ആണ്‌. . നഗരാതിർത്തിക്ക്‌ പുറത്തുള്ള സ്ഥലങ്ങളെ ഉൾപ്പെടുത്തി ‘റൂറൽ പോലീസ്‌ രൂപീകരിച്ചിരിക്കുന്നു. ഈ റൂറൽ പോലീസ്‌ മറ്റു ജില്ലകളിലെ പോലെ ഒരു സൂപ്രണ്ടിന്റെ കീഴിൽ ആയിരിക്കും.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply