കാനനച്ഛായയിൽ ‘ആന’ മേയ്ക്കാൻ ആനവണ്ടിയിലേറി ഗവിയിലേക്ക്..

പതിവിലും വ്യത്യസ്തമായി യാത്രക്ക് നമ്മുടെ സ്വന്തം ആനവണ്ടി തിരഞ്ഞെടുക്കുമ്പോൾ ആദ്യം ഓർമ വന്നത് . ആനവണ്ടിയിലെ കിടിലൻ ട്രിപ്പ് ആയ ഗവി ആയിരുന്നു. കയറ്റങ്ങളും ഇറക്കങ്ങളും പച്ചവിരിച്ച മൊട്ടക്കുന്നുകളും വെളിച്ചം മരങ്ങളെ കീറിമുറിച്ചു കാടിനുള്ളിലെക്ക്‌ വരാൻ കൊതിക്കുന്ന കോട പെയ്യുന്ന ഗവി കാട്ടിലെ കട്ട ഓഫ്‌റോഡ് ഡ്രൈവ് ഒക്കെ ആണ് KSRTC നമുക്ക് തരുന്നത്.

പതിവ് പോലെ ഗവിയെ പറ്റി ഉള്ള വിവരം പോയവരോട് ചോദിച്ചു അറിഞ്ഞു. പറഞ്ഞതൊക്കെ നെഗറ്റീവ്. അവിടെ കാണാൻ ഒന്നുല്ല ചുമ്മാ ടൈം പോവും എന്നൊക്കെ ആയിരുന്നു. അവരുടെ മറുപടി. ഞാൻ പോയി വന്ന ശേഷമാണ് എനിക്ക് മനസിലായത് ഈ പറഞ്ഞവർ ഒക്കെ ഗവി എന്ന കേട്ട ഉടൻ ആന കാണാം കുതിര കാണാം എന്നൊക്കെ കരുതി ഓടി ഗവി ചെന്നത്. കാടിനുള്ളിൽ ഒരു ചെറിയ ഗ്രാമം അത്രേം ഉള്ളൂ ഗവി. അപ്പോൾ അത് വലിയ നഷ്ട മായി തോന്നും. എന്നാൽ നമ്മൾ ഗവിയിലേക്ക് പോകുമ്പോൾ അവിടെ എത്തുന്ന വരെയുള്ള കാഴ്ചകൾ ആണ് ഗവി മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വ്യത്യാസം ആവുന്നത്.

ഗവിയിലേക്ക് ഉള്ള ബസുകൾ പത്തനംതിട്ട നിന്നും ഗവി വഴി കുമളിക്കും, കുമളി നിന്നും ഗവി വഴി പത്തനംതിട്ട ക്കുമാണ് ഉള്ളത്. ഞാൻ തിരഞ്ഞെടുത്തത് കുമളിയിൽ നിന്ന് ഗവി പത്തനംതിട്ട ക്ക്‌ ഉള്ള ബസ്‌ ആയിരുന്നു. വെളുപിനെ 5:20നു കുമളി സ്റ്റാൻഡിൽ നിന്നും ബസ്‌ പുറപ്പെടും. പത്തനംതിട്ട യിൽ നിന്നും വരുന്നതിലും നല്ലത് കുമളി യിൽ നിന്ന് വരുന്ന ബസ്‌ ആവും നല്ലത്. കാരണം നേരം പുലരും മുംബ് നമ്മൾ പെരിയാർ കാട് കയറുകയും മൃഗങ്ങളെ കാണാൻ ചാൻസ് കൂടുതലും ഇത് തന്നെയാണ്.

യാത്രകൾ ഒരുപാട് ചെയ്തിട്ടുണ്ടെലും തനിച്ചു ആദ്യത്തെ യാത്ര ആയതു കൊണ്ടു പ്രതേകിച്ചു പ്ലാനോ ടൈമോ ഒന്നും ഉണ്ടായില്ല. രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി ഹരിപ്പാട് KSRTC സ്റ്റാൻഡിൽ നിന്ന് നേരെ ചങ്ങനാശേരിക്ക് അവിടെ നിന്നും 1:30pm നുള്ള കുമളി ഫാസ്റ്റ് പാസ്സന്ജർ നു കുമളിക്ക്. കുമളിക്ക് പോകുന്ന വഴി പീരുമേട് എത്തിയതോടെ നല്ല മഴയായിരുന്നു വരവേറ്റത്. മഴയിൽ കുളിച്ചു ഒരു ആനവണ്ടിയുടെ മുന്നിലിരുന്നു ഉള്ള ഒരു യാത്ര തികച്ചും ഇരട്ടി മധുരം ആയിരുന്നു. 5മണിയോടെ കുമളിയിൽ എത്തി. ദൂരെ മലനിരകളിൽ കോട വന്നു പൊതിഞ്ഞു കൊണ്ടിരിക്കുന്നു. ബസ്‌ ഇറങ്ങി സ്റ്റാൻഡിൽ അടുത്തുള്ള ഒരു ഹോട്ടലിൽ റൂം എടുത്തു ഫ്രഷ്‌ ആയി പുറത്തേക്ക് ഇറങ്ങി. മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു കൂടെ ഇളം കാറ്റിന്റെ വികൃതിയിൽ എത്തുന്ന ഇളം തണുപ്പും. മഴ ആയിട്ടും റോഡിലും കടകളിലും ഒക്കെ നല്ല തിരക്ക്‌ കൂടുതലും ടൂറിസ്റ്റുകൾ ആയിരുന്നു.

അടുത്തുള്ള അണ്ണാച്ചിയുടെ കടയിൽ നിന്നും ഒരു മസാല ചായയും കുടിച്ചു കുമളി ചെക്ക് പോസ്റ്റ്‌ കടന്നു തമിഴ് മണ്ണിലേക്ക് കുറെ ദൂരം ഒറ്റക്ക് നടന്നു.തണുപ്പ് കൂടിയത് കൊണ്ടു അതികം മുന്നോട്ടു പോവാൻ പറ്റാതെ തിരികെ റൂമിൽ വന്നു .

വെളുപ്പിനെ 5:20am ആയിരുന്നു ബസ്‌ 5 മണിക്ക് തന്നെ ഫ്രഷ്‌ ആയി സ്റ്റാൻഡിൽ എത്തി. മരം കോച്ചുന്ന തണുപ്പ് ഒരു ഓവർ കോട്ട് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അപ്പോൾ മനസിലായി. ബസ്‌ 5:30ആണ് എടുത്തത്. വളരെ കുറച്ചു പേരെ ബസിനുള്ളിൽ ഉള്ളു. അതിൽ ഞാൻ ഉൾപ്പെടെ 4പേര് ഗവി കാണാൻ പോകുന്നവരും പിന്നെ ഗവിയിലെ ജോലിക്കാരും മാത്രം. ബസ്‌ പതിയെ പെരിയാർ റിസെർവോയെർ കേറി നേരം പുലർന്നിട്ടും വെളിച്ചം വീഴാതെ ഉള്ള കാട്ടുപാത. ബസിനുള്ളിലെക്ക് ഇരച്ചു കേറുന്ന തണുപ്പ്. റോഡിൽ ആന പിണ്ഡം. ആന ഉപേക്ഷിച്ചു പോയ ഈറ്റകൾ. റോഡിലേക്ക് വളർന്നു കിടക്കുന്ന മരച്ചില്ലകൾ. അതിനെ ഭേദിച്ച് വീഗാലാന്റിലെ റൈഡുകളെ തോല്പ്പിക്കും വിധം ഉള്ള കട്ട ഓഫ്‌ റോഡ്‌ ഡ്രൈവ് ഇതൊക്കെ ആണ് കാട് കയറുമ്പോൾ തന്നെ ഗവി നമുക്ക് തരുന്നത്.

നിബിഡ വനത്തിനുള്ളിലെ സുന്ദരമായ കാഴ്ചകൾ കണ്ടു ആസ്വദിച്ചു പോകാൻ ആണ് ആഗ്രഹം എങ്കിൽ ആനവണ്ടിയിൽ ഗവി വന്നു പോവുക. അതല്ല നഗരത്തിന്റെ തിരക്കും, ശബ്ദ കോലാഹലങ്ങൾക്കിടയിൽ നിന്നും, മലിനമായ പൊടി പടലങ്ങൾക്കിടയിൽ നിന്ന് മാറി സമാധാനമായി രണ്ട് ദിവസം കാടിനോട് കഥ പറഞ്ഞും തടാകക്കരയിൽ സമയം ചിലവഴിച്ചും കാട്ടുവഴിയിലൂടെ നടന്നു കാടിനെ അറിഞ്ഞു മൊട്ടക്കുന്നുകളും കണ്ടു അതിരാവിലെ പച്ചപ്പട്ടു പുതച്ച മലനിരകളെ മഞ്ഞു പുതക്കുന്ന സുന്ദര നിമിഷം ഒക്കെ കാണാൻ ആണ് ആഗ്രഹം എങ്കിൽ ഗവി പാക്കെജ് എടുത്തു രണ്ടു ദിവസം സ്റ്റേ ചെയ്യാൻ ആയി വരിക. മുൻ‌കൂർ ഓൺലൈൻ ബുക്കിങ് ചെയ്യാവുന്നതാണ്.

കാടിന്റെ വിജനതയിലൂടെ പച്ചവിരിച്ച മൊട്ടക്കുന്നുകൾ കടന്നു വളഞ്ഞും പുളഞ്ഞും വണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. വഴിയിൽ കൂടുതലും ആന ഉപേക്ഷിച്ച ഈറ്റകൾ കാണാനുണ്ട്.എന്നിട്ടും ഈ യാത്രയിൽ ഒരു കൊമ്പനെ പോലും കാണാൻ പറ്റിയിരുന്നില്ല. ഇടയ്ക്കു പെട്ടെന്ന് താഴ് വരയിൽ 2,3 കാട്ടു പോത്തുകൾ അങ്ങിങ്ങു ആയി മേഞ്ഞു നടക്കുന്നു. ഫോട്ടോ എടുക്കാൻ ആഗ്രഹത്തോടെ ഡ്രൈവർ ചേട്ടനോട് കാര്യം പറഞ്ഞു തീർന്നപ്പോൾ വണ്ടി കുറെ ദൂരം പിന്നിട്ടു പോയിരുന്നു.

ഗവി യാത്രയിൽ പ്രധാനമായും കാണുന്നത് നാല് ഡാമുകൾ ആണ്. പമ്പ ഡാം, കക്കി ഡാം, മൂഴിയാർ ഡാം, ആനത്തോട് ഡാം എല്ലാം ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി kseb യുടെ കീഴിൽ ആണ് നിലകൊള്ളുന്നത്. ഡാമുകളുടെ മുകളിലൂടെയുള്ള യാത്ര വളരെ സുന്ദരമായ ഒന്നാണ്. കക്കി ഡാം ആണ് ഏറ്റവും സുന്ദരം ആയി തോന്നിയിട്ടുള്ളത്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് ഇറങ്ങി ഫോട്ടോ എടുക്കാൻ പറ്റിയ ഇടം കൂടിയാണ്… കാട്ടിലൂടെ മുന്നോട്ടു പോകുമ്പോൾ ദേ വരുന്നു വേറേ ഒരു ആന… കക്ഷി പത്തനംതിട്ട യിൽ നിന്ന് ഗവിക്കുള്ള ആനവണ്ടി ആയിരുന്നു. കഷ്ടിച്ച് ഒരു വണ്ടി പോകാൻ ഉള്ള കാനന പാതയിൽ ഇത് പോലെ വരുന്ന ഇടങ്ങളിൽ വളരെ ബുദ്ധിമുട്ട് ആണ് ഉണ്ടാവുന്നത്. ചിലപ്പോൾ ബസ്‌ വളരെ പിന്നിലേക്ക് കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥ ഉണ്ടാവും. ഇതുപോലെയുഉള്ള ഇത്രയും ചെറിയ റോഡിൽ പലപ്പോഴും ആന ഇങ്ങനെ വന്നു നിക്കാറുണ്ട് കിലോമീറ്ററോളം ബസ്‌ പുറകോട്ടു എടുക്കേണ്ടി വരും . അല്ലേൽ കൊമ്പൻ കാട് കയറുന്നവരെ കാത്തിരിക്കേണ്ടി വരും.

കക്കി ഡാം കഴിഞ്ഞാൽ പിന്നെ ഉള്ളത് ഇക്കോ പാറയാണ്. കക്കിഡാം നിർമിക്കാൻ പാറ പൊട്ടിച്ച സ്ഥലം ആണ് എന്ന് പറയപ്പെടുന്നു. കാണാൻ സുന്ദരം ആണ് ഇവിടെ എവിടേക്ക് നോക്കിയാലും പച്ചപുതച്ച മലകളും കാടുകളും കണ്ണിനു കുളിര്മയേകും…… ഇതെല്ലാം ആവോളം ആസ്വദിച്ചു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു……. അൽപ്പം ചെന്നതും കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകളുടെ മുകളിലായി, ഒരു പാലത്തിൽ ബസ് നിർത്തി. ഡ്രൈവർ, കണ്ടക്ടർ, ഇവരൊക്കെ ഇറങ്ങി പോകുന്നു . എന്താ എനിക്ക് മനസിലായില്ല. ഞാൻ ഇറങ്ങി ചെന്നപ്പോൾ ആണ് കണ്ടത് റോഡിനു കുറുകെ ഒരു വലിയ മരം ഒടിഞ്ഞു വീണു കിടക്കുന്നു നിറയെ മുള്ളുകൾ ഉള്ള ഒരു മരം. വണ്ടിയിൽ ഞാൻ ഉൾപെടെ 5പേര് മാത്രം. ഡ്രൈവർ ചേട്ടൻ വണ്ടിയിൽ നിന്ന് ഒരു ഇരുമ്പ് പൈപ്പ് എടുത്തു കൊണ്ടു വന്നു പൊക്കിയും ചവിട്ടിയും കഷ്ടിച്ച് റോഡിൽ നിന്ന് മാറ്റി.മുന്നോട്ടു ഉള്ള വഴി തെളിച്ചു.

പാലത്തിനു താഴെ കൂറ്റൻ പെൻസ്റ്റോക്ക് പൈപ്പുകൾ കാണാമായിരുന്നു. 25കിലോമീറ്റർ ദൂരത്തോളം പൈപ്പ് ലൈൻ ഉണ്ടു. പകുതിയിലേറെയും ഭൂഗർഭ തണലിൽ കൂടി ആണ് വരുന്നത്. ശബരിഗിരി പദ്ധതിയുടെ ഭാഗമായി കക്കി ഡാമിൽ നിന്നും മൂഴിയാറിലേക്ക് ഉള്ള വെള്ളം കൊണ്ടു വരാൻ നിർമിച്ചത് ആണ് ഇവ. ഡാം നിർമ്മാണ സമയത്ത് ഇത്ര വലിയ ഇരുമ്പു പൈപ്പുകൾ എങ്ങനെയീ മലമുകളിൽ എത്തിച്ചു.എന്നത് ചിന്തയിലും അപ്പുറം ആണ്. വർഷങ്ങൾ മുംബ് വഴി പോലും ഇല്ലാത്ത സ്ഥലത്ത് ഇത്രയും വലിയ എൻജിനിയർ വൈദഗ്ത്യം സമ്മതിച്ചു കൊടുക്കണം…. കുറച്ചു നേരം പെൻസ്റ്റോക്ക് പൈപ്പുകൾ നോക്കി നിന്നു സമയക്കുറവ് ആവാം ഡ്രൈവർ വിളിച്ചു വണ്ടി എടുക്കാൻ പോകുന്നു എന്ന് പറഞ്ഞു.

ആനവണ്ടിയുടെ ജനൽ കമ്പികളിലൂടെ പുറത്തേക്കു നോക്കിയാൽ എങ്ങും പച്ചപ്പും കോടമഞ്ഞും. അവസാന ചെക്ക് പോസ്റ്റും കഴിഞ്ഞു ഞങ്ങൾ പുറത്തു ഇറങ്ങി. അതിനു ശേഷം വണ്ടിയിൽ ആളുകൾ കൂടി തുടങ്ങി നാട്ടുവഴിയിലൂടെ നാട്ടുവഴിയിലൂടെ നേരെ പത്തനംതിട്ട ക്ക്‌… അവിടെ നിന്നു ഹരിപാടിന് വണ്ടി കേറുമ്പോൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു ഒരു വട്ടം കൂടി ഗവിയിലൊന്നു പോകണം. ആ തീരത്തിരുന്ന് കാടിനോട് സംസാരിക്കണം, പാട്ടു പാടണം, ആഗ്രഹിക്കുന്ന ഓർമ്മകൾ താലോലിച്ച്, അതും‌ സ്വപ്നം കണ്ട്, അവിടെ കിടന്നുറങ്ങണം… വിവരണം – ഹാഷിം എ. മജീദ്‌.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply