കാറ്റ് കഥപറയും ബിആർ ഹിൽസ് എന്ന ബിലിഗിരി രംഗനാഥ ഹിൽസ്..

വിവരണം – ശുഭ ചെറിയത്ത്.

മഴ കനത്തു പെയ്തു തുടങ്ങിയ ജൂലായ് മാസത്തെ ഒരു നനുത്ത പുലരിയിലാണ് ബി ആർ ഹിൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബിലിഗിരി രംഗനാഥ ഹിൽസിലേക്ക് (ബിലിഗിരി രംഗനബെട്ട )യാത്ര പുറപ്പെടുന്നത് .പശ്ചിമഘട്ട – പൂർവ്വഘട്ട മലനിരകളുടെ സംഗമ ഭൂവാണ് ഇവിടം. അതുകൊണ്ടുതന്നെ അമൂല്യമായ ജൈവ സമ്പത്തിന്റെ കലവറ കൂടിയാണ് ഈ മലനിരകൾ . കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ, യെലന്തൂർ താലൂക്കിൽപ്പെടുന്ന ഈ പ്രദേശം ഒരു കാലത്ത് വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്നു . സമുദ്രനിരപ്പിൽനിന്നും ഏകദേശം 5091അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലമുകളിലാണ് പ്രസിദ്ധ ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം . കർണാടക വനം വകുപ്പിന്റെ കീഴിൽ സംരക്ഷിത കടുവാ സങ്കേതം കൂടിയാണ് ബിലിഗിരി രംഗനാഥ ടൈഗർ റിസർവ്ഡ് ഫോറസ്റ്റ് (B.R.T tiger reserved forest ) പരിധിയിൽ പെടുന്ന BR ഹിൽ …

B.R.T tiger reserved forest ലേക്ക് സ്വാഗതമോതികൊണ്ട് ഭംഗിയായി അലങ്കരിച്ച വനം വകുപ്പിന്റെ സ്വാഗത കമാനമുള്ള ചെക്ക് പോസ്റ്റിലെത്തുമ്പോൾ സമയം 12 .30 കഴിഞ്ഞിരുന്നു . ഇരുപത് രൂപ പ്രവേശന ഫീസ് അടച്ചാലെ ഇനിയങ്ങോട്ട് യാത്ര തുടരാനാവൂ . ആനയുടെയും കടുവയുടെയും കാട്ടുപോത്തിന്റെയുമൊക്കെ പ്രതിമകൾ സ്ഥാപിച്ച് ചെക്ക് പോസ്റ്റ് പരിസരം ഏറെ ആകർഷണീയം . കടന്നു പോകുന്ന സഞ്ചാരികൾ ഇവിടിറങ്ങി കാഴ്ചകൾ ക്യാമറയിൽ പകർത്തുന്നുണ്ട് . ഇത്തരമൊരു ചെക്ക് പോസ്റ്റ് ആദ്യമായ് കാണുന്നതിൽ കൗതുകം തോന്നിയെങ്കിലും തിരികെ വരുമ്പോൾ ഇവിടിറങ്ങാമെന്ന അനുമാനത്തിൽ ഞങ്ങൾ യാത്ര തുടർന്നു .

ചുരം കയറുമ്പോൾ തന്നെ വരാനിരിക്കുന്ന കാലാവസ്ഥയുടെ നേരിയ രൂപം വ്യക്തമായി തുടങ്ങി .ക്ഷേത്രത്തിലേക്ക് പോകുന്ന ചുരുക്കം ചില വാഹനങ്ങൾ ഒഴിച്ചാൽ എറെക്കുറെ വിജനമായിരുന്നു വീഥി. അങ്ങു ദൂരെ മലമുകളിലെ ക്ഷേത്ര ഗോപുരത്തിന്റെ ദൂരക്കാഴ്ച അവിടെ എത്താനുള്ള ജിജ്ഞാസയ്ക്ക് ആക്കം കൂട്ടി . കണ്ണിനു മിഴിവേകി കാടിനുള്ളിലെ വലുതും ചെറുതുമായ സ്ഫടിക ജലം നിറച്ചപോലുള്ള തടാകങ്ങൾ . റോഡരികിലും മരച്ചില്ലകളിലും കലപില കൂട്ടി വാനര കൂട്ടങ്ങൾ .പച്ചപ്പിന്റെ മാസ്മരികത നുണഞ്ഞു കൊണ്ടുള്ള യാത്രക്കിടയിൽ സോലിഗ ഗ്രോത വിഭാഗത്തിന്റെ വീടുകളും ഇവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയുടെ ഓഫീസും കണ്ടു .റോഡകരിൽ പച്ചക്കറികളും ചക്കയും മാങ്ങയുമൊക്കെ വില്പന നടത്തുണ്ടവർ. ഗവൺമെൻറിനു കീഴിൽ പ്രത്യേകം സംരക്ഷിക്കപ്പെടുന്ന ,സംരക്ഷണം അർഹിക്കുന്ന ഗോത്രവിഭാഗമാണ് സോളിഗർ .

കാനന പാതയിലൂടെ റിസോർട്ടിലെത്തി . ചെറിയ കടകളല്ലാതെ ഭക്ഷണത്തിനായി ഹോട്ടലുകൾ ഇല്ലാത്തതിനാൽ ഉച്ചഭക്ഷണം റിസോർട്ടിൽ വിളിച്ചു ഏർപ്പാടു ചെയ്തിരുന്നു .കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ തണുത്ത കാറ്റ് ആശ്ലേഷണത്തോടെ സ്വാഗതമോതി .പിന്നെ ഇടതടവില്ലാത്ത കാറ്റിന്റെ സ്നേഹ സ്പർശം .റൂമിലെത്തി കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞപ്പോൾ തണുപ്പിന് തെല്ലൊരാശ്വാസം .ഉച്ചഭക്ഷണം കഴിക്കാനായി സമീപത്തുള്ള ചെറിയ കെട്ടിടത്തിലേക്ക് . ബുഫെ രീതിയിലാണ് ഭക്ഷണം .ചോറും ചപ്പാത്തിയും പായസവും ഉൾപ്പെടുന്ന രുചികരമായ ആഹാരം .കാറ്റലകളാൽ ശബ്ദമുഖരിതമായ തണുപ്പുള്ള അന്തരീക്ഷത്തിൽ റിസോർട്ടിലെ യാത്രികരെല്ലാം കൂടി ഒരുമിച്ചിരുന്നുള്ള ആ ആഹാരരീതി തറവാട്ടിലെ കുടുബാംഗങ്ങളുടെ ഒത്തുചേരലിനെ അനുസ്മരിപ്പിച്ചു . അല്ലെങ്കിലും കാലദേശ ഭാഷ വ്യത്യാസങ്ങൾക്കതീതമായി സഞ്ചാരി കുടുംബത്തിന്റെ ഭാഗമാണല്ലോ നമ്മൾ.

യാത്രയിൽ റൂമിൽ കുത്തിയിരുന്ന് സമയം പാഴാക്കരുത് എന്നതിനാൽ തണുപ്പിനെയും കാറ്റിനെയും അവഗണിച്ച് ക്ഷേത്രത്തിലേക്ക് നടന്നു .ഏതാനും റിസോട്ടുകളും കുമിട്ടിക്കടകളും ഇലക്ട്രിക്ക് ഫെൻസ് വച്ച് സംരക്ഷണം തീർന്ന ഒന്നു രണ്ടു വീടുകളുമാണ് ഈ പ്രദേശത്ത് ഉള്ളത് . സദാ സമയവുമുള്ള കടലിരമ്പും പോലുള്ള കാറ്റിന്റെ വരവും പോക്കും ഹുങ്കാരവും ആദ്യമൊക്കെ അസഹനീയമായിരുന്നു . ശബ്ദ പങ്കിലമായ അന്തരീക്ഷത്തിൽ ഇവിടത്തുകാർ എങ്ങനെ ജീവിക്കുന്നു എന്നു പോലും തോന്നി . പതിയെ അതുമായി ഞങ്ങളും പൊരുത്തപ്പെട്ടു .
ഏകദേശം അര കിലോമീറ്റർ പിന്നിട്ട പ്പോൾ Govt of karnadaka sericulture development and research centre എന്നൊരു ബോർഡ് കണ്ടു . യാത്രയിൽ ചിലപ്പോൾ അങ്ങനെയാണല്ലോ നമ്മൾ മുൻകൂട്ടി പ്ലാൻ ചെയ്ത ഇടങ്ങൾക്കുപ്പുറം നമ്മെ അദ്ഭുതപ്പെടുത്തി അപ്രതീക്ഷിത വിരുന്നൊരുക്കുന്ന ഇടങ്ങളുമുണ്ടാകുമല്ലോ . അതുകൂടി ചേരുമ്പോഴാണല്ലോ യാത്ര അതിന്റെ പൂർണതയിൽ എത്തുന്നത് .

വിജനമായ മറ്റൊരു പാതയിലൂടെ അവിടേക്കു പോകുമ്പോൾ നനുത്ത കാറ്റ് വഴികാട്ടിയായി കൂടെക്കൂടി . അവിടെത്തുമ്പോൾ പച്ച ചായം തേച്ച ഒട്ടേറെ കെട്ടിടങ്ങൾ പലയിടത്തായി കിടക്കുന്നു . കാറ്റിന്റെ വരവിലും പോക്കിലും കെട്ടിടത്തിനു മുന്നിലെ വലിയ വൃക്ഷങ്ങൾ തമ്മിലുരഞ്ഞു ശബ്ദ കോലാഹലം തീർക്കുന്നു . അടഞ്ഞുകിടക്കുന്ന ഇരുമ്പു ഗേററ് പിടിച്ചു കെട്ടിടത്തിലേക്ക് നോക്കിനിൽക്കുമ്പോഴാണ് ജീവനക്കാരൻ വന്നത് . കണ്ടമാത്രയിൽ തന്നെ ഗേറ്റ് തുറന്നു അദ്ദേഹം ഞങ്ങളെ ഒരു വലിയ കെട്ടിടത്തിലേക്ക് ആനയിച്ചു .

പുറം വാതിൽ തുറന്ന് പാദരക്ഷകൾ അഴിച്ച് , ഒന്ന് രണ്ട് മൂന്ന് നാല് ക്രമത്തിൽ ഓരോ വാതിലുകളും തുറന്നു ഒരു ഇരുട്ട് മുറിയിൽ ഞങ്ങളെത്തി അപ്പോൾ തന്നെ വാതിലടച്ച് ഒരു ചെറിയ ബൾബ് തെളിച്ചു . നിശബ്ദത തളം കെട്ടി നിൽക്കുന്ന അതീവശ്രദ്ധയോടെ സംരക്ഷിക്കപ്പെടുന്ന ആ മുറിയിലാണ് പട്ടുനൂൽപ്പുഴുക്കൾ മുട്ട വിരിഞ്ഞ് ഇറങ്ങുന്നത് . 26 ഡിഗ്രി സെൽഷ്യസിലാണ് മുറികകത്തെ താപനില ക്രമീകരിച്ചിരിക്കുന്നത് . വിരിഞ്ഞിറങ്ങിയ പട്ടുനൂപുഴുക്കളെ കാണിച്ച് മുട്ട ,ലാർവ ,പ്യൂപ്പ എന്നിങ്ങനെ വിവിധ ഘട്ടത്തിലൂടെ കടന്നു പോകുന്ന അവയുടെ ജീവിതചക്രം അദ്ദേഹം വിവരിച്ചു . പിന്നെ വാതിലുകൾ ഓരോന്നായി അടച്ച് മറ്റൊരു കെട്ടിടത്തിലേക്ക് ഞങ്ങളെ കൊണ്ടുപോയി. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ വിരിക്കാൻ ഗവൺമെന്റ് നൽകുന്ന ഒരു കടുകോളം വലുപ്പമുള്ള പട്ടുനൂൽ പുഴുക്കളുടെ മുട്ടകൾ കാണിച്ചു. പട്ടിന്റെ നിർമാണരീതി ഓരോന്നായി വിശദീകരിച്ചു . ഇവിടെ നിന്നും വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ സമാധി ഘട്ടത്തിലെത്തിയാൽ പട്ട് നിർമാണത്തിന്റെ അടുത്ത ഘട്ടത്തിനായി മൈസൂരിലേക്ക് കൊണ്ടുപോകും. അവിടെ വച്ച് തിളച്ച വെള്ളത്തിലിട്ട് കൊന്നാണ് പട്ട് വേർതിരിക്കുന്നത്. ഇതുപോലെ ഏതെങ്കിലുമൊരു യാത്രയ്ക്കിടെ ആ ഒരു പ്രക്രിയയും നേരിൽ കാണാൻ അവസരമുണ്ടാകുമെന്ന് കണക്കുകൂട്ടി ഞാനും. നമ്മളൊക്കെ വലിയ വിലകൊടുത്തു വാങ്ങി ഉടുക്കുന്ന പട്ടുസാരികളിൽ എന്തുമാത്രം പട്ടുനൂൽ പുഴുക്കളുടെ ജീവനും ജീവിതവും ഹോമിച്ചിട്ടാണെന്ന് എന്നോർത്തപ്പോൾ നെഞ്ചിനകത്തൊരു വിങ്ങൽ .

അവിടെ നിന്നും പുറത്തിറങ്ങി ക്ഷേത്രത്തിലേക്ക് നടന്നു . മലമുകളിലേക്ക് പോകുകയും മടങ്ങുകയും ചെയ്യുന്ന വാഹനങ്ങൾ റോഡിലൂടെ പോകുന്നുണ്ട് .ദേവസ്വത്തിന്റെ കീഴിലുള്ള വലിയ അതിഥിമന്ദിരം കണ്ടു .ബി.ആർ ഹില്ലിൽ താമസൗകര്യമുള്ള ഇടങ്ങൾ വളരെ കുറവാണ് എന്നതിനാൽ സഞ്ചാരികളെ പരമാവധി കീശകാലിയാകും വിധമാണ് റിസോട്ടുകളും മറ്റും വാടക ഈടാക്കുന്നത് .താരതമ്യേന വാടക കുറഞ്ഞ ദേവസ്വത്തിനു കീഴിലുള്ള അതിഥിമന്ദിരങ്ങൾ ഇവിടെത്തുന്നവർക്ക് അനുഗ്രഹമാണ് . ക്ഷേത്രപരിസരത്തെ ബസ്റ്റാൻഡിൽ ലെത്തുമ്പോൾ ജനതിരക്ക് .മൈസൂരിൽ നിന്നും ബാംഗ്ലൂരിൽ നിന്നും ഒക്കെ ഇവിടേക്ക് കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സർവീസ് ഉണ്ട് .ബസ്സിലേക്ക് തിക്കിയും തിരക്കിയും കയറുന്നവർ , അവർക്കിടയിലേക്ക് പോലീസുകാരനെപ്പോലെത്തിയ കണ്ടക്ടറുടെ ആക്രോശനം .നമ്മുടെ കേരളത്തിലെ തിരക്കാർന്ന ബസ്സുകളിലെ അതേ അവസ്ഥ .

കുമിട്ടി കടകളും ചെറിയ വീടുകളും ഒരു സ്കൂളുമൊക്കെ ചേർന്ന ക്ഷേത്ര ഗ്രാമമാണിവിടം . ക്ഷേത്രത്തിലേക്ക് പോകാൻ പടവുകൾ ഉണ്ടെങ്കിലും റോഡിലൂടെ നടന്നു മലകയറാൻ തുടങ്ങി . ആ കയറ്റത്തിനിടയിൽ രണ്ടു വ്യൂ പോയ്ൻറുകളുണ്ട് .ആദ്യ വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച തന്നെ ചെതോഹരമായിരുന്നു.കാറ്റിനെ വകവയ്ക്കാതെ താഴ്വരയുടെ വിദൂര ദൃശ്യങ്ങളിലേക്ക് കണ്ണയച്ചു. തെളിഞ്ഞു നിൽക്കുന്ന മലകൾ ,ഹരിത കമ്പളമണിഞ്ഞ കാടിന് മേലാപ്പ് ,ആരോ നിറച്ചു വയ്യ പാൽക്കിണ്ണം പോലെ തടാകങ്ങൾ , വിദൂരതയിലെ ഡാമിൻറെ ദൃശ്യം .
സർവ്വസംഹാരിണിയെപ്പോലെ വീശിയടിക്കുന്ന കാറ്റ് കൈ കുഞ്ഞുമായ് നിൽക്കുന്ന അമ്മയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെപ്പോലും തട്ടിയെടുക്കാൻ പോന്നത്ര ശക്തമായിരുന്നു .കാറ്റലകളിൽ താഴേക്ക് പതിക്കുമെന്ന് തോന്നുമാറ് അടിയും ഉലത്തും വൃക്ഷശിഖരങ്ങൾ. തൊട്ടടുത്തുള്ള മറ്റൊരു വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച ഏതൊരു സഞ്ചാരിയേയും വിസ്മയിപ്പിക്കുന്നതായിരുന്നു .കാറ്റാണെങ്കിൽ നാട്ടിലെ തുലാ മാസപേമാരിയ്ക്ക് കൂട്ടായെത്തുന്ന കാറ്റിനെ അനുസ്മരിക്കും വിധം.. പക്ഷെ ഇവിടെ കാറ്റ് ശബ്ദകോലാഹലമുണ്ടാക്കി കടന്നു പോകുന്നതല്ലാതെ യാതൊരു നാശനഷ്ടവും വരുത്തുന്നില്ല എന്ന വ്യത്യാസം മാത്രം.

പടവുകയറി ക്ഷേത്ര കവാടത്തിലെത്തുമ്പോൾ നാലു മണിക്കേ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശനമുള്ളൂ എന്നറിഞ്ഞു. അപ്പോഴേക്കും തീർത്ഥാടകരുടെ നല്ല ഒരു നിര ആ പരിസരത്ത് തമ്പടിച്ചിരിന്നു .തിരികെ വ്യൂപ്ലയൻറിൽ എത്തി എറെ നേരം കാഴ്ചകൾ ആസ്വദിച്ച് മടങ്ങി.റൂമിലെത്തി വിശ്രമ ശേഷം 5 മണിയോടെ വീണ്ടും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു .

മലകയറുന്നതിനു മുന്നെ ഗ്രാമ കാഴ്ച്ചകൾ കണ്ടു നടന്നു .പാതയുടെ ഇരു വശവും രാജഭണകാലത്ത് നിർമിച്ച മണ്ഡപങ്ങളും , കെട്ടിടങ്ങളും വീടുകൾ മിക്കതും ഇത്തരം കെട്ടിടങ്ങളിൽ ചെറിയ കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് .ചില വീടുകളിലെ ചുമരിൽ ദേവതാ ശില്പങ്ങൾ വരെ ഉണ്ട്. അന്നു കാലത്തെ കച്ചവട ശാലകളും വിശ്രമ മന്ദിരങ്ങളുമാകാം ഇവ . രാജഭരണ കാലത്ത് പ്രധാന തീർത്ഥാടന കേന്ദ്രമായിരിക്കണം ഈ മഹാ ക്ഷേത്രം .ഉപയോഗശൂന്യമായ മണ്ഡപങ്ങളുമുണ്ട്. താഴെ ഭംഗിയായി കെട്ടിയൊരുക്കിയ ക്ഷേത്രക്കുളം കല്യാണി ദൂരെനിന്നു കണ്ടു .ഇവിടെ നിന്നും പടവുകൾ കയറി ക്ഷേത്രത്തിലെത്താം എങ്കിലും ആദ്യം പോയ വഴി തന്നെ ഞങ്ങൾ തിരഞ്ഞെടുത്തു .റോഡരികിൽ ധാരാളം കാട്ടുപന്നികൾ മേയുന്നു.

വീണ്ടും പഴയ വ്യൂപോയിൻറിലെത്തി. സായാഹ്നത്തിൽ അവിടെ നിന്നുള്ള കാഴ്ച എറെ ഹൃദ്യമായിരുന്നു . സൂര്യന്റെ വിടവാങ്ങുന്നതിനനുസരിച്ച് തണുപ്പിന്റെ തീവ്രത കൂടിക്കൂടി വന്നു . കാറ്റ് ആ വേർപാടിൽ തലതല്ലി കരയുമെന്നു തോന്നും വിധം ഗാഢ ശബ്ദത്തോടെ വീശിയടിക്കുന്നു .പടവുകൾ കയറി ക്ഷേത്രത്തിനകത്തു കയറിപ്പോഴാണറിഞ്ഞത് പുനർ നിർമണത്തിനായി ഒന്നര വർഷത്തേക്ക് ക്ഷേത്രം അടച്ചിട്ടിരിക്കയാണെന്ന് എങ്കിലും കൊടിമരച്ചുവട്ടിൽ നിന്നും പ്രാർത്ഥനയും വഴിപാടുകൾ നടത്തികൊടുക്കുന്നുണ്ട് അതിൽ പങ്കു ചേർന്നതിനു ശേഷം ക്ഷേത്ര കാഴ്ചകൾ കണ്ടു നടന്നു . പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ക്ഷേത്രത്തിൽ നിർമിതി നടക്കുന്നതിനാൽ ഒട്ടേറെ ദേവശില്പങ്ങൾ പുറത്ത് വച്ചിരിക്കുന്നു .ക്ഷേത്രത്തിനു മുന്നിലായി വലിയൊരു ഗോപുരത്തിന്റെ നിർമാണം നടക്കുന്നു . പഴമ ഒട്ടും ചോരാതെയാണ് പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ പുനർനിർമാണം .

ക്ഷേത്രവുമായി ബന്ധപ്പെട്ടു ഒട്ടേറെ ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട് ഇവിടെ വച്ച് ഭഗവാനെ ആരാധിച്ച
വസിഷ്ഠമഹർഷിക്കു മുന്നിൽ രംഗനാഥ സ്വാമി പ്രത്യക്ഷനായി എന്നു പറയപ്പെടുന്നു .പുരാണങ്ങളിൽ പ്രതിപാദിക്കുന്നു ചമ്പകാരണ്യം ഈ വനമാണെന്നും സീതാന്വേഷണത്തിനിടെ രാമലക്ഷ്മണൻമാർ ഇവിടെ വന്ന് രംഗനായികയായ ദേവിയെ പൂജ ചെയ്തിരുന്നു എന്നതാണ് മറ്റൊരു ഐതിഹ്യം .ഹൊയ്സാല രാജാവായിരുന്ന വിഷ്ണുവർദ്ധനന്റെ കാലത്ത് പണികഴിപ്പിച്ചതാണ് ഇന്നീ കാണുന്ന ക്ഷേത്രം സമുച്ചയം . ദ്രാവിഡ ശില്പചരുതയിൽ ആണ് നിർമാണം .ക്ഷേത്രത്തിനും ചുറ്റും കരിങ്കൽ മതിലുകൾ തീർത്ത് സംരക്ഷണം തീർത്തിരിക്കുന്നു . ക്ഷേത്ര മുറ്റത്തെ മറ്റൊരു കവാടം വഴി ഒരു വ്യൂ പോയിന്റിൽ എത്താം .

ധാരാളം വൃക്ഷങ്ങൾ നിറഞ്ഞ രാജഭരണകാലത്ത് നിർമ്മിക്കപ്പെട്ട കരിങ്കൽ ഇരിപ്പിടങ്ങളും മണ്ഡപങ്ങളുമൊക്കെയായി വിശാലമായ ആ വ്യൂ പോയിൻറ് ഒരു പാർക്കിനു സമാനം .മലയുടെ ഓരം പറ്റി നിൽക്കുന്ന പാറക്കൂട്ടങ്ങൾ ഭംഗി ക്ക് മാറ്റുക്കൂട്ടുന്നു .വൃക്ഷത്തലപ്പിൽ നിറയെ സന്ധ്യയടുത്തതിനാൽ വാനരൻമാർ .ഇവിടെയും ശക്തമായ കാറ്റു തന്നെ.ഈ വ്യൂ പോയിന്റിൽ നിന്നും ഒരു വശത്ത് അഗാധതയിൽ മഞ്ഞിൻ പുതപ്പണിഞ്ഞു തുടങ്ങിയ താഴ്വരയുടെ മനോഹര ദൃശ്യം കാണാമെങ്കിൽ മറു ഭാഗത്തു നിന്നും കാടിനുള്ളിലെ ക്ഷേത്ര ഗ്രാമത്തിന്റെ ദൃശ്യം . ഇരുളു പരന്നു തുടങ്ങിയതോടെ മനസ്സില്ലാ മനസ്സോടെ ആളുകൾ ഇവിടെ നിന്നും വിടവാങ്ങി തുടങ്ങി കൂടെ ഞങ്ങളും .മലമുകളിലെ കടകളൊക്കെ അപ്പോഴേക്കും അടച്ചു കഴിഞ്ഞിരുന്നു .

റിസോർട്ടിലെത്തി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോഴും കാറ്റ് വാശിക്കാരനായ ഒരു കുഞ്ഞിനെ പ്പോലെ പുറത്ത് ബഹളം കൂട്ടുന്നുണ്ടായിരുന്നു . കാറ്റലകളുടെ ശബ്ദം പ്രഭാതത്തിൽ അലാറത്തിന്റെ റോൾ നിർവഹിച്ചു . ഉണർന്ന് ഫ്രഷായി റിസോട്ടിനു മുന്നിലേ വീഥിയിലൂടെ ഒരു ചെറു സവാരി .ഭക്ഷണം കഴിഞ്ഞ് ബി ആർ ഹില്ലിനോട് വിടപറയുമ്പോൾ ആരിലും ഹഠാദാകർഷണമുളവാക്കുന്ന ഭൂപ്രകൃതി മനസ്സിൽ ഓളങ്ങൾ തീർത്തു കഴിഞ്ഞിരുന്നു.

Check Also

ബാലിയിലെ കൗതുകകരമായ വിശേഷങ്ങളും പുഷ്‌പയുടെ ക്ലാസ്സും

വിവരണം – ഡോ. മിത്ര സതീഷ്. സുഹൃത്തുക്കളുമായി ബാലിയിലെ കാഴ്ചകൾ കാണാനും, അടിച്ചു പൊളിക്കാനുമായി പോയ എന്റെ കൗതുകം ഉണർത്തിയ …

Leave a Reply