4 സംസ്ഥാനങ്ങളിലൂടെ 2100 കിലോമീറ്ററുകൾ താണ്ടി ഹോണ്ട ഡിയോയില്‍…

4 സംസ്ഥാനങ്ങളിലൂടെ 4 ലക്ഷ്യങ്ങളിലേക്ക് 2100 കിലോമീറ്ററുകൾ താണ്ടിയ യാത്ര…. #വാഹനം_ഡിയോ. എങ്ങനെയാണ് ഒരു എഴുത്തുകാരന് വായനക്കാരന്റെ മനസ്സിനെ ഇത്രയേറെ സ്വാധീനിക്കാൻ കഴിയുന്നത്… ബെന്യാമിന്റെ “മഞ്ഞവെയിൽ മരണങ്ങൾ’ വായിച്ചുകഴിഞ്ഞപ്പോഴേക്കും അതിലെ കഥാപാത്രങ്ങൾ എന്റെ മനസ്സിനെ വരിഞ്ഞു മുറുക്കിയ നിലയിലെത്തിയിരുന്നു. അതിൽനിന്നും ഒരു രക്ഷപെടൽ എന്ന നിലയിൽകൂടിയാണ് ഞാൻ ഈ യാത്ര തെരഞ്ഞെടുത്തത് ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ അതിലെ വരികളിലൂടെ വായിച്ചറിഞ്ഞ ഉദയംപേരൂരിലേക് ആവുമായിരുന്നു എന്റെ യാത്ര..,അതിനായി ചില അന്വേഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു….

പെട്ടെന്നൊരു ദിവസം “ഡാ ഗണ്ടികോട്ട പോയാലോ എന്ന ജിതിന്റെ മെസ്സേജ് വന്നത്…” ഒന്നും ആലോചിക്കുക പോലും ചെയ്യാതെ അപ്പോ തന്നെ ഡബിൾ ഒക്കെ പറഞ്ഞു… എങ്ങനെ പോകും എന്ന അവന്റെ ചോദ്യത്തിന് “നിന്റെ കൈയിൽ ഡിയോയില്ലേ അത് മതി എന്ന് ഞാനും മറുപടി നൽകി”(ആലപ്പുഴ-ഹംപി,ഡിയോ നൽകിയ ആത്മവിശ്വാസം തന്നെ)അവനും ഓക്കെ. എന്നാൽ അങ്ങനെയാവട്ടെ എന്ന് കരുതി പണിമുടക്ക് ദിവസം തന്നെ യാത്ര ആരംഭിക്കുവാൻ തീരുമാനിച്ചു.തലേന്ന് തന്നെ ഫുൾ ടാങ്ക് പെട്രോളും ഫിൽചെയ്ത് ഒരു രണ്ടു ലിറ്റർ എക്സ്ട്രാ കൂടി കരുതിയേക്കാൻ ജിതിനെ ഏല്പിച്ചു.അത്ര വലിയ പണിമുടക്കാണെങ്കിൽ പെട്രോൾ തീരുന്നിടം വരെ വണ്ടി ഓടിച്ചെത്തി ബാക്കി പിറ്റേന്ന് ആരംഭിക്കാം എന്ന് ഞങ്ങൾ തീരുമാനമെടുത്തു.

ആവശ്യമുള്ള സാധനങ്ങളെല്ലാം പെറുക്കി ബാഗിൽ കേറ്റുന്നത് കണ്ടപ്പോഴേ അടുത്ത ഊരുതെണ്ടലിനുള്ള പോക്കാണെന്നു അമ്മയ്ക്കും മനസിലായി.പിന്നെ അങ്ങ് കാര്യം അവതരിപ്പിച്ചു അച്ഛന്റേം അമ്മയുടെയും സമ്മതം കൂടിവാങ്ങി… എന്തായാലും ഗണ്ടികോട്ട ബക്കറ്റ്ലിസ്റ്റിൽ ഉള്ള ഒരു സ്ഥലം കൂടിയായിരുന്നു..ഒന്നുടെ ചിന്തിച്ചപ്പോഴാണ് “ലേപാക്ഷി ടെമ്പിളും,ബേലും കേവ്സും” കാണണം എന്ന് ആഗ്രഹിച്ചിരുന്ന രണ്ടു സ്ഥലങ്ങൾ കൂടി അടുത്തായുണ്ടെന്നു മനസിലായത് എന്നാൽ ഈ യാത്ര ആ ആഗ്രഹങ്ങൾ കൂടി പൂർത്തീകരിക്കപ്പെടാനുള്ളതാണ് എന്ന് ഞാൻ ഉറപ്പിച്ചു.

പിറ്റേന്ന് കാലത്തു 5മണിക്ക് തന്നെ ആരെയും വിളിച്ചെഴുനേല്പ്പിച്ചു ബുദ്ധിമുട്ടിക്കാതെ ഒരു കട്ടനും തിളപ്പിച്ച്‌ കുടിച്ചിട്ട് നേരെ വണ്ടിയെടുത്തു ജിതിന്റെ വീട്ടിലേക്ക്, കൊച്ചു വെളുപ്പാൻകാലത്തെ അതും പണിമുടക്കായിട്ട് ഒരുത്തൻ ഒരു വലിയ ഭാണ്ഡക്കെട്ടുമായിട്ടു ദേ പോകുന്നെടാ എന്ന രീതിയിലായിരുന്നു വെളുപ്പിനെ നടക്കാനിറങ്ങിയവരുടെ നോട്ടം..

അവന്റെ വീട്ടിലെത്തിയപ്പോഴാണ് അവൻ കോയമ്പത്തൂർ എന്ന് പറഞ്ഞാണ് വീട്ടിൽ സമ്മതിപ്പിച്ചതെന്നു അവിടെ ചെന്നപ്പോഴാണ് ഞാൻ അറിയുന്നത്..ഞാനും കൂടുതൽ മിണ്ടാൻ നിന്നില്ല..അവരോടും യാത്രപറഞ്ഞു ഞങ്ങൾ റോഡിലേക്കിറങ്ങി… പണിമുടക്ക് മുതലാക്കാൻ എന്ന വണ്ണം പായുന്ന ചില കാറുകൾ,എക്സർസൈസ് എന്ന പേരിൽ എന്തൊക്കെയോ റോഡരിൽ നിന്ന് കാണിക്കുന്ന ആളുകൾ ഇത്രയുമൊഴിച്ചാൽ ഹൈവേ നന്നേ വിജനമായിരുന്നു…

അതുകൊണ്ട് തന്നെ 3മണിക്കൂർ പോലും വേണ്ടിവന്നില്ല പാലക്കാട്‌ എത്തുവാൻ..ഇടയ്ക്ക് ചില പെട്രോൾ പമ്പുകൾ തുറന്നിരുന്നതിനാൽ അത്ര ശക്തമായുള്ള പണിമുടക്കല്ല എന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു,കൂടാതെ വാഹനങ്ങളും റോഡിൽ കൂടി വരുന്നുണ്ടായിരുന്നു..മണലൂർ എത്തിയപ്പോഴാണ് മറ്റൊരു സഞ്ചാരി സുഹൃത്ത് കൂടിയായ സത്യയെ വിളിക്കുന്ന കാര്യം ഓർത്തത്,അവന്റെ വീടിന്റെ അടുത്തുനിന്നും ഏതാണ്ട് 8കിലോമീറ്റർ ഞങ്ങൾ മുന്നിലേക്ക് പോയിരുന്നതിനാൽ തിരികെവരുമ്പോൾ കാണാം എന്നുറപ്പിച്ചു അവൻ ഫോണിലൂടെ യാത്രയ്ക് എല്ലാ ആശംസകളും അറിയിച്ചു അറിയിച്ചു.

രാവിലെ കഴിച്ച കട്ടന്റെ ബലത്തിലാണ് പാലക്കാട്‌ വരെയെത്തിയത് അതുകൊണ്ടുതന്നെ ഞാൻ കയ്യിൽ കരുതിയിരുന്ന ബണ്ണും വെള്ളവും ഞങ്ങളുടെ ബ്രേക്ക്‌ഫാസ്റ്റാക്കി,അൽപനേരം വിശ്രമത്തിനു ശേഷം ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങാൻ തുടങ്ങി,വെയിലിനു ചൂട് കൂടി വരുന്നു,റോഡിനിരുവശവും തരിശുനിലം പോലുണങ്ങി കിടക്കുന്ന പാടങ്ങൾ,അവയ്ക്കിടയിലും പച്ചനിറഞ്ഞു നിൽക്കുന്ന വയലുകൾ കാണാമായിരുന്നു…

ചെക്ക്പോസ്റ്റും കടന്ന് മുന്നോട്ട് നീങ്ങിയപ്പോൾ ഇന്ന് തന്നെ ബാംഗ്ലൂർ എത്താം എന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു പമ്പുകൾ ഉണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നു.അവിടെ നിന്നും ഗൂഗിൾ അമ്മച്ചി കാട്ടിയ എളുപ്പവഴിയിലൂടെ ഞങ്ങൾ മുന്നോട്ടു നീങ്ങി.ഹൈവേയിൽ നിന്നും റോഡ് ഉള്ളിലേക്ക് തിരിഞ്ഞപ്പോൾ ഒരു 3വട്ടമെങ്കിലും ഞാൻ അവനോടു “ഇത് കറക്റ്റ് ആണോഡേയ്”എന്ന് ചോദിച്ചിട്ടുണ്ട്..(ഗൂഗിൾ കൊണ്ട് പെടുത്തിയ അനുഭവം ഉണ്ടേ..)

വൺവേയില്നിന്നും നല്ല തിരക്കുള്ള ഒരു റോഡിലേക്കാണ് ഞങ്ങൾ കയറിയത്..തമിഴ്മക്കളുടെ ആന വണ്ടിയും,കിളിപോയപോലെ ഓടുന്ന ഓട്ടോകളും,അതിനിടയിലൂടെ കുത്തിക്കേറ്റി പോകുന്ന ലൂണകളും അതിനിടയിൽ ഞങ്ങളും..

അതുവരെയുണ്ടായിരുന്നതിനേക്കാൾ വളരെ വേഗത കുറഞ്ഞ അവസ്ഥ..തിരക്ക് അൽപം കുറഞ്ഞപോഴേക്കും ഞങ്ങൾ എത്തിപ്പെട്ടത് വലിയ പുളിമരങ്ങൾ പന്തൽ തീർത്ത റോഡിലേക്കായിരുന്നു.ശെരിക്കും മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നു അത്.വെയിലിന്റെ പിടിയില്ലാതെ സ്വസ്ഥമായി പോകാവുന്ന ഒരു റോഡ് കൂടിയാണത്.ഇരുവശത്തും കരിമ്പിൻ പാടങ്ങൾ,വെയിലിനോട് പോരാടി പണിയെടുക്കുന്ന കർഷകർ..അതിൽ സ്ത്രീകൾ ഉൾപ്പടെ പ്രായമായവർ മുതൽ ചെറുപ്പക്കാർവരെ ഉണ്ടായിരുന്നു. ഒരു വലിയ മരത്തിനു കീഴിൽ വണ്ടി ഒതുക്കി ഞങ്ങൾ ഈ കാഴ്ചകൾ എല്ലാം കണ്ടിരുന്നു..

വീണ്ടും റോഡ് ഹൈവേയിൽ സന്ധിച്ചപ്പോൾ വെയിലിന്റെ കാഠിന്യം അൽപം കൂടുന്നത് ഞങ്ങളറിഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ വിശപ്പിന്റെ വിളി എത്തിയതിനാൽ ആദ്യം കണ്ട കാണുന്ന ഹോട്ടലിലേക് കയറാം എന്ന വിചാരത്തിൽ മുന്നോട്ട് നീങ്ങിയെങ്കിലും കുറെ ദൂരത്തേക്ക് ഒരു ഭക്ഷണശാലകളും ഉണ്ടായിരുന്നില്ല(ഒരാവശ്യത്തിന് നോക്കുമ്പോൾ എല്ലാ കാര്യങ്ങളും അങ്ങനാണല്ലോ). അല്പംകൂടി മുന്നോട്ട് എത്തിയപ്പോൾ റോഡിനു അൽപം ഉള്ളിലേക്ക് മാറി “PUNJABI DHABA”Thirupur’ എന്നൊരു വലിയ ബോർഡ്‌ കണ്ടു.വണ്ടി നേരെ അങ്ങോട്ട്‌ ഓടിച്ചു കയറ്റി.ഞങ്ങളെ കണ്ടതും അവിടെ ഈച്ചയായിരുന്ന സപ്ലയർ ഓടിവന്നു.ബാഗുകളെല്ലാം എടുത്തു ഞങ്ങൾ ഉള്ളിലേക്ക് കയറിയിരുന്നു,2ഫ്രൈഡ്റൈസിന് ഓർഡർ ചെയ്തു.

ടിൻ ഷീറ്റ് പാകിയ മേൽക്കൂര സകല ചൂടും വലിച്ച് ഉള്ളിലേക്ക് കൊണ്ടുവരുന്നുണ്ടായിരുന്നു.അതിനപ്പുറം ഭക്ഷണം കിട്ടാൻ താമസവും.അൽപം നേരം അവിടെനിന്നെഴുനേറ്റു ആ കെട്ടിടത്തിന്റെ പിന്നിലേക്ക് നോക്കിയപ്പോൾ അടുത്തടുത്തായി പണികഴിപ്പിച്ചിരിക്കുന്ന ഓല മേഞ്ഞ ചില ഇരിപ്പിടങ്ങൾ എന്റെ ശ്രദ്ധയിൽപെട്ടു,ഭക്ഷണം അങ്ങോട്ടെടുത്തോളാൻ പറഞ്ഞു ഞങ്ങൾ ബാഗുമെടുത്തു അതിനുള്ളിലേക്കിരുന്നു.പുറത്ത് നല്ല വെയിലുണ്ടെങ്കിലും അതിനുള്ളിലെ തണുപ്പ് ഞങ്ങൾക്ക് ആശ്വാസമായിരുന്നു.അതിനുള്ളിലെ ചെറിയ ഫാൻ കൂടി കറങ്ങിയപ്പോൾ വല്ലാത്ത ആശ്വാസമായി.

ഭക്ഷണത്തിന്റെ അളവ് പതിവ് കാണുന്നതിലും കൂടുതൽ ആയിരുന്നത്കൊണ്ട് വിലയും ഏതാണ്ട് അതുപോലെ ആവുമോ എന്ന് ഞങ്ങൾ സംശയിച്ചിരുന്നു.(ഞങ്ങൾ വരുന്നത് വരെ ആരും എത്താതിരുന്നത് കൊണ്ട് വരുന്നവരെ പിഴിയാനുള്ള അവസരവും ആവാല്ലോ )വിചാരിച്ചത്ര മോശമല്ലാത്ത ഫുഡ്‌ ലഭിച്ചതുകൊണ്ട് മുഴുവനും കഴിച് ആ തണുപ്പിൽ കുറച്ച് നേരം കൂടി വിശ്രമിച്ചു.ഞങ്ങൾ കൈ കഴുകി ഇറങ്ങിയപ്പോഴേക്കും ഒരുപാടാളുകൾ മറ്റ് ഓല കുടിലുകളിൽ ഭക്ഷണത്തിനായി എത്തിയിരുന്നു.

കയ്യിലുള്ള വെള്ളം തീർന്നിരുന്നതിനാൽ അവിടെ നിന്നും വെള്ളം കുപ്പിയിൽ നിറച്ചു വീണ്ടും യാത്ര ആരംഭിച്ചപ്പോഴും വെയിലിനു കുറവൊന്നും ഉണ്ടായിരുന്നില്ല.അടുത്ത പമ്പിൽ നിന്നും പെട്രോളും ഫിൽ ചെയ്ത് മുന്നോട്ട് പോകുമ്പോൾ “ഇവിടൊക്കെ ഒരു മഴ ഇപ്പോൾ പെയ്താൽ നല്ല മൂട് ആയിരിക്കും” എന്നതായിരുന്നു ഞങ്ങളുടെ സംസാരവിഷയം.., എങ്ങാനും മഴ പെയ്താൽ നനയാതിരിക്കാൻ ജാക്കറ്റോ മറ്റു മുൻകരുതലുകളോ ഒന്നും എടുത്തിട്ടില്ല എന്നത് വേറൊരു സത്യം….

അൽപം തിരക്കുള്ള ഒരു ജംഗ്ഷൻ കൂടി കടന്നു ഞങ്ങൾ ധർമപുരി എത്തിയപ്പോഴേക്കും വെയിൽ മറഞ്ഞിരുന്നു.എന്നാൽ ഒരു ചായ കുടിച്ചിട്ടാവാം ഇനി എന്ന് കരുതി അടുത്തുള്ള ഒരു ചായക്കടയിൽ കയറി അൻപതു 60വയസോളം പ്രായം ചെന്ന ഒരമ്മയാണ് കടയുടെ നടത്തിപ്പുകാരി.വീടിനോട് ചേർന്നു തന്നെയാണ് കടയും നില്കുന്നത്.അവിടുന്ന് വാങ്ങി കുടിച്ച ചായയ്ക് എന്തോ പ്രത്യേക രുചി ഉണ്ടായിരുന്നു.ഇത് പശുവിൻ പാലാണോ അതോ എരുമപ്പാൽ ആണോ എന്നായി ഞങ്ങളുടെ സംശയം,എന്തായാലും ഒന്ന് കൂടി വാങ്ങി കുടിച്ചാലോ എന്ന് ഓർത്തപ്പോഴാണ് പുറത്ത് ശക്തിയായി കാറ്റ് വീശാൻ തുടങ്ങിയത്.

ഞങ്ങൾ പുറത്തേക്കിറങ്ങി,അത്ര നേരത്തെ വെയിലിന്റെ ചൂട് മുഴുവൻ പറിച്ചെറിയാൻ പാകത്തിലുള്ള തണുത്ത കാറ്റ്,അപ്പോഴാണ് ഒരു ഐസ്കാരനെ ഞങ്ങളുടെ കണ്ണിലുടക്കിയത്..എന്നാൽ പിന്നെ അകത്തു കൂടി ഒന്ന് തണുപ്പിച്ചേക്കാം എന്ന് കരുതി ഓരോ ഐസും കൂടി വാങ്ങി കഴിച്ചു..ഞങ്ങൾക് ദൂരം ഒരുപാട് എത്താനുണ്ട് എന്ന് മനസിലായിട്ടാവണം കടയിലിരുന്ന ഒരു അപ്പൂപ്പൻ മഴ വരാൻ പോകുന്നുണ്ട് എന്ന മുന്നറിയിപ്പ് നൽകി…

അങ്ങനെ ഒരു സാധ്യത ഞങ്ങളും തള്ളിക്കളയാൻ പോയില്ല.അവരോടു യാത്ര പറഞ്ഞത് മുന്നിലേക്ക് 2കിലോമീറ്റർ തികച്ചെത്തും മുന്നേ മഴ വീഴാൻ തുടങ്ങിയിരുന്നു..അല്പം മുന്നോട്ട് പോയി നോക്കിയെങ്കിലും മഴയുടെശക്തി കൂടുന്നത് ഞങ്ങളറിഞ്ഞു.ആദ്യം കണ്ട ബസ് സ്റ്റോപ്പിലേക് വണ്ടി വെച്ചു ഞങ്ങൾ ഓടിക്കയറി.മഴയുടെ കാര്യം പറഞ്ഞത് അറംപറ്റിപ്പോയല്ലോ എന്ന ചിന്തയോടെ ഞങ്ങൾ മുഖത്തോടു മുഖം നോക്കി.

മഴയ്ക്ക് അൽപം ശമനം കണ്ടതോടെ ഞങ്ങൾ വീണ്ടും റോഡിലേക്കിറങ്ങി.മുന്നോട്ട് നീങ്ങുന്തോറും റോഡിലെല്ലാം നിറയെ വെള്ളം നിറഞ്ഞിരുന്നു.ഇത്രയും നേരമുണ്ടായിരുന്ന വെയിലും പെട്ടെന്നുണ്ടായ മഴയും ഞങ്ങൾക്ക് അതിശയമായി. അടുത്ത മഴയ്ക്ക് മുന്നെങ്കിലും ബാംഗ്ലൂർ എത്തണം എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.അപ്പോഴേക്കും ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു.ട്രാഫിക് പതിയെ കൂടി വരുന്നതുകണ്ടപ്പോൾ ബാംഗ്ലൂർ അടുക്കാറായി എന്ന് മനസിലായി.ബാംഗ്ലൂർ എത്തിയപ്പോഴേക്കും ജിതിൻ അവന്റെ ഫ്രണ്ടിന്റെ റൂമിൽ ഇന്ന് സ്റ്റേ റെഡിയയാക്കാം എന്ന് പറഞ്ഞിരുന്നു. അവനെ വിളിച്ചു ലൊക്കേഷൻ വാങ്ങി ട്രാഫിക്കിൽ കുടുങ്ങിയും,ഒരുവട്ടം വഴി തെറ്റിയും മുരുഗേഷ്പാളയം എന്ന സ്ഥലത്തെത്തി.ആദ്യം കണ്ട റെസ്റ്റോറന്റിൽ കയറി ഭക്ഷണവും കഴിച്ചു.

കഴിച്ചിറങ്ങി അൽപനേരം ആയപ്പോഴേക്കും ഞങ്ങളെ കൂട്ടാനായി ശ്യാം എത്തിയിരുന്നു.ഞങ്ങളെയും കൂട്ടി അവൻ ഒരു വലിയ ബിൽഡിംഗിനു മുന്നിൽ നിർത്തി.ശ്യാം ബാംഗ്ലൂരിൽ ഒരു ഹോട്ടലിൽ ട്രെയിനിങ്ങിനായി താമസിക്കുന്ന സ്ഥലത്തേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. സെക്യൂരിറ്റി ആദ്യം സമ്മതിച്ചില്ല എങ്കിലും അവൻ എന്തൊക്കെയോ ഒക്കെ പറഞ്ഞു പുള്ളിയെ സമ്മതിപ്പിച്ചു ഞങ്ങളെ ഉള്ളിൽ കയറ്റി.റൂമിലെ മറ്റ് സുഹൃത്തുക്കളെയും പരിചയപ്പെട്ടു അൽപനേരം സംസാരിച്ചിരുന്ന് ഞങ്ങൾ ഉറക്കത്തിലേക്കുവീണു.

നേരത്തെ എഴുന്നേൽക്കണം എന്ന് വിചാരിച്ചാണ് കിടന്നതെങ്കിലും 7മണിയായപ്പോഴാണ് എഴുന്നേൽക്കാൻ കഴിഞ്ഞത്.വേഗം കുളിച്ചു റെഡിയായി മറ്റുള്ളവരെ ശല്യപ്പെടുത്താതെ ശ്യാമിനെയും കൂട്ടി ഞങ്ങൾ താഴെയെത്തി. അവനോടു നന്ദി പറഞ്ഞു ഞങ്ങൾ റോഡിലേക്കിറങ്ങിയപ്പോൾ റോഡിൽ നല്ല തിരക്കായി കഴിഞ്ഞിരുന്നു.ഗൂഗിൾ മാപ്പിൽ ലേപാക്ഷി സെറ്റ് ചെയ്ത് ഞങ്ങൾ ആ തിരക്കിനിടയിൽ മുന്നോട്ടു നീങ്ങി.

ഒരു സിഗ്നലിൽ വെച്ചു ഒരു പോലീസുകാരൻ പിന്നിലിരിക്കുന്ന ആൾക്ക് ഹെൽമെറ്റ്‌ എവിടെ എന്ന് ചോദിച്ചു(2പേർ ഉണ്ടെങ്കിൽ 2പേർക്കും ഹെൽമെറ്റ്‌ നിർബന്ധമാണ് ബാംഗ്ലൂരിൽ)ഫൈൻ അടിക്കാൻ പോയെങ്കിലും വണ്ടിയുടെ രെജിസ്ട്രേഷൻ കണ്ടുകൊണ്ടു എങ്ങോട്ട് പോകുന്നു എന്നായി. കേരളത്തിൽ നിന്നാണെന്നും ആന്ധ്രാ ആണ് ലക്ഷ്യം എന്ന് പറഞ്ഞപ്പോൾ സ്കൂട്ടറിൽ ഇത്രയും ഒക്കെ പോകാൻ പറ്റുമോ എന്നായി പുള്ളി.. അതുകൊണ്ടാവണം ഞങ്ങളോട് പൊയ്ക്കോളാൻ പറഞ്ഞു. ഇവിടെ റൂൾസ്‌ ഒക്കെ ഇങ്ങനെയാണ് അടുത്ത വട്ടം സൂക്ഷിക്കണം എന്ന ഒരു ഉപദേശവും നൽകി ഞങ്ങളെ പറഞ്ഞയച്ചു.100 രൂപ പോകാത്തതിൽ പുള്ളിയോട് ഒരു താങ്ക്സ് പറഞ്ഞത് ഞങ്ങൾ ലേപാക്ഷിയിലേക് നീങ്ങി….

ബാംഗ്ലൂർ നിന്നും ഏതാണ്ട് 35കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും റോഡിനു കിഴക്കുവശത്തായി “ടിപ്പു സുൽത്താൻസ് ബർത്ത് പ്ലേസ്” ദേവനഹള്ളി ഫോർട്ട്‌ എന്നൊരു സൈൻ ബോർഡ്‌ കണ്ണിൽപെട്ടത്,അപ്പോ തന്നെ റോഡ് ക്രോസ്സ് ചെയ്ത് നേരെ അങ്ങോട്ടേക്ക് വെച്ചു പിടിച്ചു.മെയിൻ റോഡിൽ നിന്നും കഷ്ടിച്ച് 200മീറ്റർ പോലുമില്ല ഫോർട്ടിലേക്.. പ്രൗഢിയോടെ നിൽക്കുന്ന ആ കോട്ടയുടെ വാതിൽ വഴി ഉള്ളിലേക്ക് ചെറിയൊരു ടാർ റോഡ് പോവുന്നുണ്ട്, ഞങ്ങളും അങ്ങനെ ഉള്ളിലേക്ക് കടന്നു.മുകളിലേക്ക് കയറാൻ പടികൾ കണ്ട ഒരിടത്തു വണ്ടി വെച്ചു ഞങ്ങൾ മുകളിലേക്ക് കയറി.പ്രത്യേകിച്ച് സൂക്ഷിപ്പുകാരോ മേൽനോട്ടത്തിനോ ആരും തന്നെയില്ല.കോട്ടയുടെ ചുവരുകളിലെല്ലാം കല്ലുകൾ കൊണ്ടെഴുതിയ പേരുകളാൽ നിറഞ്ഞിരുന്നു…

മുകളിൽ നിന്നും നോക്കിയപ്പോഴാണ് മനസിലായത് ഒരു വലിയ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന കോട്ടയുടെ ഉൾവശം ഇന്ന് ജനവാസമേഖലയാണ്.കോട്ടയെ മുറിച്ചുകൊണ്ടാണ് റോഡ് കടന്നു പോവുന്നത്.ശെരിക്കും കോട്ടയുടെ ചുറ്റിനുമുള്ള വലിയ മതിൽക്കെട്ടുകൾ,പ്രധാന വലിയ കവാടം എന്നിവയാണ് ഇന്ന് അവശേഷിക്കുന്നത്.ഒരു വശത്തു നിന്നും നടന്ന് മുഴുവൻ ഭാഗങ്ങളും കണ്ടു തീർത്തു.കോട്ടമതിലിൽ പുറം നിരീക്ഷണത്തിനായി ഓരോ ചെറിയ കിളിവാതിലുകൾ കാണാം.അതിലൂടെ നോക്കിയാൽ അതിനുള്ളിൽ മൂന്ന് ചെറിയ നിരീക്ഷണ വാതിലുകൾ കൂടി കാണാം.അതൊരു നല്ല കാഴ്ച തന്നെയായിരുന്നു.കൂടാതെ ഒരു വലിയ പില്ലറിന് താഴെയായി ഒരു അടയാള ചിഹ്നവും കാണാം..

ശെരിക്കും ഞങ്ങളുടെ ഈ യാത്രയിൽ കിട്ടിയ ഒരു ബോണസ് തന്നെയായിരുന്നു “ദേവനഹള്ളി ഫോർട്ട്‌” അവിടെനിന്നും വീണ്ടും യാത്ര തുടങ്ങിയ ഞങ്ങൾ ലേപാക്ഷി എന്ന ലക്ഷ്യത്തിലേക്കു വീണ്ടും കുതിച്ചു..വെയിൽ അൽപം കൂടുതലായി തോന്നിയെങ്കിലും,റോഡിൽ വാഹനങ്ങൾ വളരെ കുറവായിരുന്നതിനാൽ ദൂരങ്ങൾ വേഗത്തിൽ പിന്നിടാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. കർണാടക-ആന്ധ്രാ ബോർഡ്‌ എത്തിയപ്പോൾ അൽപം തിരക്കനുഭവപ്പെട്ടിരുന്നു. കാറുകൾ എല്ലാം ചെക്ക്ചെയ്താണ് കയറ്റി വിടുന്നത്.ടു വീലേഴ്സ് ഒരു അരികിലൂടെ കടന്നു പോവുന്നത് കണ്ട് ഞങ്ങളും അതിനിടയിലൂടെ കുത്തി കേറ്റി എങ്ങനെയോ അപ്പുറത്തെത്തി…

ചെക്ക്പോസ്റ്റും ടോൾ ഗേറ്റും കടന്നപ്പോഴേക്കും ഒരു പയ്യൻ ജ്യൂസ്‌ വിൽകാനിരിക്കുന്നത് കണ്ട് നേരെ അങ്ങോട്ടൊതുക്കി.നമ്മുടെ നാട്ടിൽ ഉള്ളതുപോലെ ഫ്രഷ് ഓറഞ്ച് പ്രെസ്സ് ചെയ്ത് ജ്യൂസ്‌ എടുക്കുന്ന രീതി ആയതുകൊണ്ട് കുടിക്കാൻ കൊള്ളാം എന്ന വിശ്വാസത്തിലാണ് അങ്ങോട്ടെത്തിയത്. രണ്ടു ജ്യൂസ്‌ പറഞ്ഞത് അല്പം റസ്റ്റ്‌ എടുത്തപ്പോഴേക്കും പയ്യൻ ജ്യൂസ്‌ റെഡി ആക്കി തന്നു.മോശം പറയരുതല്ലോ വായിൽ വെച്ചപ്പോഴേ വാട്ട ഓറഞ്ച് ആണെന്ന് മനസിലായി. തീരെ മധുരവുമില്ല, 3 വട്ടം ചെക്കനെകൊണ്ട് പഞ്ചസാര ഇടീപ്പിച്ചു മിക്സ്‌ ചെയ്യിപ്പിച്ചപ്പോഴേക്കും ജ്യൂസ്‌ ഏതാണ്ട് കശുമാങ്ങയുടെ ടേസ്റ്റ് ആയിരുന്നു.ചെക്കൻ തിരിഞ്ഞ സമയത്തു താഴേക്കു ഒഴിഞ്ഞു കളഞ്ഞ് കാശും കൊടുത്തു. കയ്യിൽ ബാക്കി ഉണ്ടായിരുന്ന വെള്ളവും കുടിച്ച് വണ്ടിയെടുത്തു.വെറുതെ കയ്യിൽ കാശ് കളഞ്ഞപ്പോ എന്തൊരാശ്വാസം എന്ന് പറഞ്ഞ് സമാധാനിക്കാനല്ലാതെ എന്ത് ചെയ്യാൻ…

സമയം ഉച്ച കഴിഞ്ഞപ്പോൾ വിശപ്പിന്റെ വിളിവന്നു,രാവിലെ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല..വെള്ളത്തിന്റെ സ്റ്റാമിനയിലാണ് ഓട്ടം.ആദ്യം കണ്ണിൽ പെട്ട ധാബയിലേക് കയറി ഫോൺ ചാർജ് ചെയ്യാൻ സൗകര്യം ഉണ്ട് പക്ഷെ വില ഒക്കെ അൽപം കൂടുതലാണ് എന്ന് ജിതിൻ ഉള്ളിൽ പോയി മനസിലാക്കി വന്നു.

എന്തെങ്കിലും ആവട്ടെ എന്നു കരുതി ഉള്ളിലേക്ക് കയറി ആദ്യമേ ഫോൺ ചാർജിലിട്ടു.ടേബിളിൽ കിടന്ന തെലുങ്കു മെനു കാർഡ് മാറ്റി ഇംഗ്ലീഷ് കൊണ്ടുവരാൻ പറഞ്ഞു.എല്ലാത്തിനും അത്യാവശ്യം ഡബിൾ റേറ്റ് ആയിരുന്നു.എഗ്ഗ് റൈസും,ചിക്കൻ ഫ്രൈയും ഓർഡർ ചെയ്തിട്ട് കൊണ്ട് വന്നപ്പോൾ അത് ചിക്കൻ റോസ്റ്റ് ആയി.അതിന്റെ പേരിൽ പറഞ്ഞു മനസിലാക്കാനുള്ള ശക്തി അപ്പോൾ ഇല്ലാതിരുന്നത് കൊണ്ട് കൊണ്ടുവന്നത് അങ്ങ് കഴിച്ചു.ഫോൺ ചാർജ് ആവുന്നത് വരെ അവിടെ വിശ്രമിച്ചു.പോകാൻ നേരം ബാക്കി കൂടി വെള്ളം ഫിൽ ചെയ്‌തു പുറത്തേക്കിറങ്ങി….

പുറത്തേക്കിറങ്ങിയപ്പോൾ നമ്മുടെ നാട്ടിലെ പാലക്കാടുള്ള ചൂടൊക്കെ സ്വർഗ്ഗമാണു എന്നു തോന്നിപ്പിക്കുന്ന വിധം വെയിൽ പരന്നു നിൽക്കുന്നുണ്ടായിരുന്നു.സമയം കളയാതെ വേഗം വണ്ടി വീണ്ടും മുന്നോട്ട് നീങ്ങി.റോഡിലൂടെ കുറെ മുന്നോട്ട് പോയിട്ടും വണ്ടിയൊന്നും കാണാനില്ലായിരുന്നു.(ഓവർടേക്ക് ചെയ്യാൻ ഒരു വണ്ടിയെങ്കിലും കണ്ടിരുന്നെങ്കിൽ..)(ജഗതിjpg).

അൽപം തിരക്കുള്ള ഒരു ജംഗ്ഷൻ എത്തിയപ്പോൾ ലേപാക്ഷി എന്നൊരു സൈൻ ബോർഡും ചെറിയ ഒരു നന്ദി പ്രതിമയും കാണുകയുണ്ടായി..ഹൈവേയിൽ നിന്നും ഉള്ളിലേക്കാണ് ലേപാക്ഷി ക്ഷേത്രത്തിലേക്കുള്ള വഴി.. ഹൈവേയിൽ നിന്നും ഏതാണ്ട് 15കിലോമീറ്ററോളം ഉള്ളിലേക്കാണ് ലേപാക്ഷി ക്ഷേത്രം സ്ഥിതി ചെയുന്നത്.അധികം വലുതല്ലെങ്കിലും നല്ല രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന റോഡ് തന്നെയാണ് ഉള്ളിലേക്ക് കിടക്കുന്നതും.ഇടയ്ക്ക് പച്ചപ്പ്‌ നിറഞ്ഞതും,പിന്നെ തരിശു നിലങ്ങളും,പൂപ്പാടങ്ങളും കടന്നു മുന്നോട്ട് നീങ്ങിയപ്പോൾ അകലെയായി ഒരു വലിയ ഉരുളൻ പാറയുടെ മുകളിലായി ജടായുവിന്റെ ചിറകുവിരിച്ച വലിയ ഒരു ശിൽപം കാണാൻ കഴിഞ്ഞിരുന്നു.അതായിരുന്നു ലേപാക്ഷി എന്ന് ഉറപ്പിക്കാൻ ഞങ്ങൾക്ക് മാപ്പ് നോക്കേണ്ടി വന്നില്ല.

ജഡായുശില്പത്തിന്റെ താഴെയെത്തിയ ഞങ്ങൾ അത് പണി കഴിപ്പിച്ചിരിക്കുന്ന രീതികണ്ട് അത്ഭുതപ്പെട്ടുപോയി. വലിയ ഒരു ഉരുളൻ പാറയുടെ ഒത്ത നടുഭാഗത്തായാണ് ശിൽപം,മുകളിലേക്ക് ആളുകൾക്ക് കയറി ശില്പത്തിനടുത്തു നിന്നും കാഴ്ചകൾ കാണുവാനുള്ള ഇരുമ്പ് കോണികളുടെ പണികൾ പൂർത്തിയായി വരുന്നു. ചെറുതല്ലെങ്കിലും നമ്മുടെ ജഡായുപാറയുടെ പാതിയിൽ ഒന്ന് വലിപ്പം ഇല്ല..ആ വഴിയിലൂടെ മുന്നോട്ടു ക്ഷേത്രത്തിലേക്കു ഞങ്ങൾ നീങ്ങിയെങ്കിലും അങ്ങനെ പ്രവേശനം ഇല്ലാത്തതിനാൽ വീണ്ടും ഗൂഗിളിനെ ആശ്രയിക്കേണ്ടി വന്നു.ഇച്ചിരി വഴി മുന്നോട്ട് ഓടിച്ചെങ്കിലും അവസാനം ഞങ്ങൾ തന്നെ ശെരിയായ വഴി കണ്ടുപിടിച്ചു.(ചില സമയങ്ങളിൽ ഗൂഗിളും ഇങ്ങനാണ്)

അൽപം തണൽ കണ്ട മരച്ചുവട്ടിൽ വണ്ടി വെച്ച് ഞങ്ങൾ അമ്പലത്തിനുള്ളിലേക്ക് കയറാൻ തയ്യാറായി.അപ്പോഴാണ് മറ്റൊരു പ്രശ്നം ബാഗും സാധനങ്ങളും എവിടെ വെക്കും എന്നത്.മറ്റൊന്നും ചോദിക്കാതെ അടുത്ത് കണ്ട കടയിലെ ചേച്ചിയോട് “ചേച്ചി ഈ ബാഗ് ഒന്ന് ഇവിടെ വെച്ചോട്ടെ” എന്ന് പച്ച മലയാളത്തിൽ ചോദിച്ചു.അത് മനസിലായിട്ട് അനുവാദം തന്നിരിക്കുന്നു എന്ന വണ്ണം അവർ തെലുങ്കിൽ എന്തോ പറഞ്ഞു. ബാഗ് അവിടെ ഏൽപ്പിച്ചു ഞങ്ങൾ ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി.

പടികൾകയറി മുകളിലേക്കെത്തുന്നതുമുതൽ നമ്മൾ മറ്റൊരു ലോകത്തിലേക്കും കാലഘട്ടത്തിലേക്കുമാണ് എത്തിച്ചേരുന്നത്.ആദ്യമേ കണ്ണിലുടക്കുന്നത് ശില്പചാരുതയാൽ തലയുയർത്തി നിൽക്കുന്ന ക്ഷേത്രഗോപുരമാണ്,അതും കടന്നു ഉള്ളിലേക്ക് കയറുമ്പോൾ ക്ഷേതത്തിലേക്കുള്ള പ്രധാന ഗോപുരപ്രവേശന വഴിയും കൊടിമരവും കാണാം.

ആകാശം മുട്ടി നിൽക്കുന്ന കൊടിമരത്തിന് മുകളിലെ ചെറു മണികൾ കാറ്റിന്റെ വ്യതിയാനത്തിനനുസരിച് ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.ഈ രണ്ടു ഗോപുരങ്ങളുടെയും പ്രത്യേകത എന്തെന്നാൽ,ഇവനിർമിച്ചിരിക്കുന്നത് യാതൊരുവിധ ചേർത്തൊട്ടിക്കലുളുകളോ ഇല്ലാതെയാണ്.ശില്പങ്ങൾ കൊത്തി മനോഹരമാക്കിയ ശിലകൾ അടുക്കിവെച്ച നിലയിലാണ് നിർമാണം.എന്നാൽ ഇതുപോലൊരു ദൃഢമായതും മനോഹരവുമായ നിർമാണശൈലി ഇന്നത്തെകാലത്ത് അപ്രാപ്യമാണ് എന്ന് നിസംശയം പറയാൻ കഴിയും.

ഉള്ളിലേക്ക് കടക്കുമ്പോൾ നമ്മൾ എത്തുന്നത് അന്തരാളം എന്നറിയപ്പെടുന്ന അർദ്ധമണ്ഡപത്തിലേക്കാണ്. അതിനഭിമുഖമായാണ് വീരഭദ്രനായ ശിവന്റെ പ്രതിഷ്ഠ.വടക്കോട്ടു ദർശനമുള്ള ക്ഷേത്രം എന്ന പ്രത്യേകതയും ലേപാക്ഷിയ്ക്കുണ്ട്. തൂണുകളാൽ നിറഞ്ഞ ഈ ഭാഗത്തു ശില്പചാരുതയുടെ ഒരു സംഗമം തന്നെയാണ്.ഒരു തരിയിട പോലും വിടാതെ സകല തൂണുകളിലും കൊത്തി വെച്ചിരിക്കുന്ന പല പല നാട്യശില്പങ്ങൾ,ശിവന്റെ അവതാരങ്ങളുടെ ശില്പങ്ങൾ കാഴ്ചകൾ അനവധിയാണ്. അതിനു മുകൾഭാഗത്തെ മച്ചിലായി ഛായചിത്രങ്ങളുടെ ഒരു വർണ പെരുമ ആസ്വദിക്കാൻ കഴിയും,ചില ഭാഗങ്ങൾ അവ്യക്തമെങ്കിലും ശിവ പാർവതി പരിണയമാണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത് ഏറെ കുറെ മനസിലായി. ഇവയെല്ലാം വരച്ചിരിക്കുന്നത് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് എന്നത് അത്ഭുതമുളവാക്കുന്ന കാര്യങ്ങളാണ്..

ക്ഷേത്രനടയ്ക്കുള്ളിൽ കയറി തൊഴുതശേഷം പുറത്തെ കാഴ്ചകളിലേക്ക് ഞങ്ങളിറങ്ങി.പാറയുടെ മുകളിലൂടെ തന്നെയാണ് നടത്തം..ചെത്തിയൊതുക്കിയ വലിയ ഒരു പാറയുടെ ഉപരിതലത്തിലായാണ് ക്ഷേത്രം മുഴുവനായി സ്ഥിതിചെയുനത്.അതിന്റെ വലിപ്പം എത്രത്തോളമായിരുന്നു എന്ന് അതിലൂടെ തന്നെ ഊഹിക്കാവുന്നതാണ്.. ഇന്നത്തെ കാലത്ത് ഇതുപോലൊന്നും പണിയെടുക്കുവാൻ നമ്മുടെ ആളുകളെ കിട്ടില്ല എന്നത് ഒരു വലിയ സത്യം തന്നെയാണ്. മതിലിനോട് ചേർന്ന് നിർമിച്ചിരിക്കുന്ന തിണ്ണകൾ ഒട്ടനവധി കൽത്തൂണുകളാൽ അലംകൃതമാക്കിയിരിക്കുന്നു.. എല്ലാത്തിലും മികവുറ്റ ശില്പികളുടെ കഴിവുകൾ പ്രകടമായി തന്നെ കാണാം..

അപ്പോഴും എന്റെ കണ്ണുകൾ തിരഞ്ഞിരുന്നത് 7തലയുള്ള സർപ്പം കാവലൊരുക്കുന്ന ശിവലിംഗം ആയിരുന്നു.അതായിരുന്നു ലേപാക്ഷി എന്ന എന്റെ മോഹത്തിന്റെ അടിത്തറയും.നടന്ന് പിൻവശത്തെത്തിയപ്പോൾ പാളികളാക്കിയ കല്ലുകൾ കൊണ്ടുണ്ടാക്കിയ മറ്റൊരു നട,അതിനുള്ളിലേക് കയറിയപ്പോൾ ഒരു വലിയ ഒറ്റക്കൽ ശില്പത്തിൽ കാണാം നാഗത്തിന്റെ ഏഴുതലകളുടെ ഒരു വശം. അപ്പോഴുണ്ടായ ആവേശത്തിന് അതിരുകളുണ്ടായിരുന്നില്ലവേഗം നടന്ന് അതിനു മുന്നിലെത്തി.ഇതിനെയൊക്കെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക..ശെരിക്കും വാക്കുകളില്ല.. ശില്പിയെ നമിക്കുക എന്നതല്ലാതെ…ഏറെ നേരവും ആ ഭീമാകാരമായ ശിൽപം തന്നെയായിരുന്നു ഞങ്ങളുടെ ആനന്ദം.വിരിഞ്ഞുനിൽകുന്ന തലകളാൽ ശിവന് തണലൊരുക്കുകയാണോ ഈ നാഗം എന്ന് ചിന്തിച്ചു പോയി…

അതിനു കീഴെയായി സപ്തമാതൃക്കളുടെ ശിൽപം കുങ്കുമ പൊട്ടണിയിച്ചു സുന്ദരമാക്കിയിരുന്നു. ആ ഒറ്റക്കൽ ശില്പത്തിന് മറ്റൊരരികിലായി വലിയ ഒരു ഗണപതിയുടെ ശില്പവും പണികഴിപ്പിച്ചിട്ടുണ്ട്.. കാഴ്ചകൾ കണ്ടാലും മതിവരാത്തത്രയുണ്ട് ലേപാക്ഷിയിൽ,അതിനപ്പുറമാണ് അർദ്ധമണ്ഡപമെന്നയിടം.അതിനുള്ളിലാണ് ഏവർകും ആശ്ചര്യമുളവാക്കുന്ന “ഹാങ്ങിങ് പില്ലർ”ഉള്ളത്.ഒരു മണ്ഡപത്തിന്റെ മുഴുവൻ നിയന്ത്രണവും നിലം തൊടാതെ നിൽക്കുന്ന ആ തൂണിലാണ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ വിശ്വസിക്കാൻ പ്രയാസമായിരിക്കും..

അതുകൊണ്ട് തന്നെയാവണം അതിന്റെ രഹസ്യമറിയാൻ ശ്രമിച്ച ബ്രിട്ടീഷുകാർ ഹാങ്ങിങ് പില്ലർ നീക്കം ചെയ്യാൻ തുടങ്ങിയപ്പോൾ മറ്റു തൂണുകളെല്ലാം ചരിയാൻ തുടങ്ങി അതോടെ ആ ശ്രമം അവർ ഉപേക്ഷിച്ചു..നിലം തൊടാത്ത ആ തൂൺ എങ്ങനെയാണ് പുറത്തുള്ള തൂണുകൾ വരെ ചരിയുവാൻ കാരണമായത് എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി നിലനിൽക്കുന്നു. അതിൽ നിന്നാവണം തൂണുകൾക് ചരിവ് സംഭവിച്ചത്.

1530ൽ വിജയനഗരസാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയായിരുന്ന അച്യുതദേവരായാരുടെ നിർദ്ദേശപ്രകാരം വിജയനഗരത്തിനു തന്നെ കീഴിലുള്ള പെനുകോണ്ടയിലെ ഭരണാധിപന്മാരും സഹോദരങ്ങളുമായിരുന്ന വീരണ്ണനായിക്,വിരൂപണ്ണനായിക് എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രം നിർമിക്കുവാൻ ആവിശ്യപെട്ടു. പ്രശസ്‌ത ശില്പിയായിരുന്ന ജക്കാനാചാരിയുടെ നേതൃത്വത്തിൽ മനോഹരങ്ങളായ കൊത്തുപണികളോടെയും മനംമയക്കുന്ന ശില്പചാരുതയോടെയും നിർമാണം തുടങ്ങിയ ക്ഷേത്രം രാജാവിന്റെ ഖജനാവിന് കാര്യമായ ക്ഷീണം വരുത്തി എന്ന ആരോപണമുയർന്നു,വീരണ്ണ,വിരൂപണ്ണ സഹോദരങ്ങൾക്കെതിരെ മോഷണക്കുറ്റം ആരോപിച്ചു.

അതിനു ശിക്ഷയെന്നവണ്ണം വിരൂപണ്ണയുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുവാൻ അച്യുതദേവനായർ ഉത്തരവിട്ടു.തന്റെ വിശ്വസ്തത രാജാവ് മനസിലാകാത്തതിൽ മനംനൊന്ത വിരൂപണ്ണ സ്വന്തം കണ്ണുകൾ ചൂഴ്ന്നെടുത്തു ക്ഷേത്രത്തിന്റെ ചുവരുകളിലേക്കെറിഞ്ഞു. ഇപ്പോഴും രണ്ടു കണ്ണുകൾ ചെന്ന് പതിച്ച ചോരപ്പാടുകൾ ക്ഷേത്രചുവരിൽ ഇപ്പോഴും വ്യക്തതയോടെ കാണാം. ഇത്രെയും കാര്യങ്ങൾ മനസിലാക്കിയത് ഒരു കൂട്ടം കുട്ടികളെയും കൊണ്ട് വന്ന ഗൈഡുമാരെ ചുറ്റിപറ്റിനിന്നാണ്.അതിൽ നിന്നും കൂടിയാണ് ഇനി പറയുന്നവ കൂടി മനസിലായത്..

“വിരൂപണ്ണയുടെ കണ്ണുകൾ പതിഞ്ഞ സ്ഥലമായതിനാൽ ലേപാക്ഷി എന്നും.(“ലേപം എന്നാൽ പുരട്ടുക അല്ലെങ്കിൽ പൂശുക എന്നർദ്ധം” അക്ഷി എന്നാൽ കണ്ണ്). സീതാപഹരണം കണ്ട ജഡായു രാവണനുമായി ഏറ്റുമുട്ടി ചിറകറ്റുവീണത് ആ ജഡായുവിന്റെ ശിൽപം കണ്ട പാറയുടെ മുകളിൽ ആണെന്നും,സീതയെ തേടിയെത്തിയ രാമൻ മുറിവേറ്റുകിടന്ന ജടായുവിനെ ലേ-പക്ഷി (എഴുന്നേൽക്കു പക്ഷി) എന്ന് വിളിച്ചുവെന്നും,സീതയെ രാവണൻ അപഹരിച്ച വാർത്ത ജഡായു രാമന് കൈമാറുകയും അതിനു ശേഷം മരണം വരിക്കുകയും ചെയ്‌തു അതിനാൽ ലേപാക്ഷി എന്ന് മറ്റൊരു കഥ….

നമ്മുടെ ജഡായുപാറ ഇതേ ഐതീഹ്യം ആയതിനാൽ വിരൂപണ്ണയുടെ കഥയാണ് ഞാൻ വിശ്വസനീയമായി എടുത്തത്.അല്ലെങ്കിലും ഒരേ സംഭവത്തിന്‌ രണ്ടു സ്ഥലങ്ങൾ എങ്ങനെ ഉണ്ടാവും.. വിരൂപണ്ണയുടെ കഥ ഒരു സ്‌ക്രീനിൽ എന്ന വണ്ണം എന്റെ മനസിലൂടെ അപ്പോൾ മിന്നി മറഞ്ഞിരുന്നു.അതിനുശേഷം ഞങ്ങൾ നടന്നെത്തിയത് അഗസ്ത്യ മുനി പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കുന്ന ശിവലിംഗത്തിനടുതേക്കാണ്.അത്യാവിശം നല്ല വലിപ്പമുള്ള ഒരു ശിവലിംഗം,കുങ്കുമം പൂശി അലങ്കരിച്ചിരുന്നു.പിന്നീടാണ് ഒറ്റക്കല്ലിൽ തീർത്ത ഏഴുതല നാഗങ്ങൾക്കു അരികിൽ കൊത്തിയ ചിത്രം ശിവനെ പൂജ ചെയ്യുന്ന വിരൂപണ്ണയുടെത് ആണെന്ന് മനസിലായത്..

അടുത്ത കാഴ്ച കല്യാണമണ്ഡപം ആയിരുന്നു.ഇവിടുത്തെ ബാക്കി ചരിത്രങ്ങൾ എല്ലാം ശിവ-പാർവതി പരിണയത്തെ കുറിച്ചുള്ളവയാണ്.ശിവപാർവതി പരിണയം നടന്നത് വിരൂപണ്ണ കണ്ണുകൾ ചൂഴ്ന്നെറിഞ്ഞ ദിവസമാണ് എന്നും പറയപ്പെടുന്നു.ചെയ്യാത്ത കുറ്റത്തിൽ മനംനൊന്തു സ്വയം മരണം വരിച്ച ആ ആത്മാവ് ഇപ്പോഴും തന്റെ വിശ്വാസ്യത കാലം തെളിയിക്കുന്നതും കാത്തിരിപ്പാവാം….

ലേപാക്ഷിയിലെ പുറം കാഴ്ചകളും,കുളവും എല്ലാം കണ്ട ശേഷം,പടിയിറങ്ങുമ്പോൾ തിരിച്ചുവിളി എന്ന വണ്ണം കൊടിമരത്തിലെ ചെറുമണികൾ കരയുന്നുണ്ടായിരുന്നു.മുന്നിൽ നിന്നും ഒന്നുകൂടെ ലേപാക്ഷിയെ മനസിലേക്കർജിച്ചു.ഇല്ല,ഒന്നും ഇവിടെ വിട്ടു പോവുന്നില്ല.ശിവപുരാണങ്ങളും,വിരൂപണ്ണയും,വിഘ്‌നേശ്വര-നാഗ ശില്പങ്ങളും എല്ലാം മനസ്സിൽ നിന്നും ഇറങ്ങാത്ത വണ്ണം ചേർന്നിരുന്നു….

ബാഗ് വെച്ച കടയിലെത്തി വെള്ളവും വാങ്ങി ചേച്ചിയോട് നന്ദിയും പറഞ്ഞിറങ്ങി..തിരിച്ചു പോവുന്ന വഴിയിലാണ് ആ വലിയ നന്ദിശില്പമുള്ളത് ഞാൻ ജിതിനെ ഓർമിപ്പിച്ചു. അങ്ങോട്ടുള്ള പോക്കിൽ ഞങ്ങൾ ജഡായു ശിൽപം കണ്ട് അങ്ങോട്ട്‌ പോയതിനാൽ അതിനു റോഡിന്റെ എതിർ വശത്തായുള്ള നന്ദിയെ കണ്ടിരുന്നില്ല.ശെരിക്കും ഭീമാകാരനായ ഒരു ശിൽപം തന്നെ,ഇതും ഒറ്റക്കല്ലിലാണ് പണിതീർത്തിരിക്കുന്നത്.അത്ഭുതപ്പെടാൻ ഒരുപാടുണ്ട് ലേപാക്ഷിയിൽ..നന്ദിക്കു എതിരെ ചിറകുവിരിച്ചു നിൽക്കുന്ന ജഡായു,ക്ഷേത്രത്തിനുള്ളിലെ നാഗശില്പത്തിലെ ശിവനെ നന്ദിക് ഇവിടെ നിന്നും നോക്കിയാൽ കാണുവാൻ കഴിയുന്ന രീതിയിലാണ് നിർമാണം.പറഞ്ഞാലും കണ്ടാലും മാത്രം മനസിലാകുന്ന വാസ്തുവിദ്യയുടെ ഒരു അപൂർവ സംഗമം കൂടിയാണിവിടം.

ലേപാക്ഷിയോട് വിട നൽകി ഞങ്ങൾ ഗണ്ടികോട്ട ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി.തിരിച്ചു ഹൈവേയിൽ എത്തിയാൽ മാത്രമേ ഗണ്ടികോട്ടയിലേക്കുള്ള വഴിയിൽ എത്തുവാൻ കഴിയുകയുള്ളൂ..ഹൈവേയിൽ നിന്നും ഒഴിഞ്ഞു കദ്രി,പുലിവെന്തുല റൂട്ട് പിടിച്ച മനോഹരമായ ഗ്രാമകാഴ്ചകൾ കാണുവാൻ സാധിക്കും എന്ന് മുൻപ് വായിച്ചു കേട്ടിട്ടുള്ളതിനാൽ അങ്ങനെ തന്നെ യാത്ര തിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

മെയിൻറോഡിൽ നിന്നും ആ റൂട്ടിലേക് കടന്നപ്പോൾ അതുവരെ കണ്ടിരുന്ന കാഴ്ചകൾ പെട്ടെന്നു മാറുന്നത് പോലെ തോന്നി.കടകൾ എല്ലാം ഓലമേഞ്ഞ മേല്കൂരകളായി മാറിയിരിക്കുന്നു.പോരാത്തതിന് റോഡിൽ നിറയെ പശുക്കളും(സോറി ഗോമാതാ) ആട്ടിൻകൂട്ടങ്ങളും.

പെട്രോൾ പമ്പ് ഇവിടെ കാണാൻ ഇനി ഒരുവഴിയുമില്ല എന്ന ഉറപ്പിനോട് ഞങ്ങൾ യോജിച്ചിരുന്നു.ഒരു ദാക്ഷിണ്യവും കൂടാതെ വന്നു കേറുന്ന ഹംബുകൾ എനിക്കോർമ്മ വന്നത് മൈസൂർ-സിറാ റോഡ് ആണ്..ഈ റോഡുകളിൽ സത്യം പറഞ്ഞാൽ ഹംബുകളുടെ ഒരാവശ്യവും ഉണ്ടെന്നു ഞങ്ങൾക്ക് തോന്നിയില്ല.ഒന്നോ രണ്ടോ വണ്ടി വല്ലപ്പോഴും കൂടിയാണ് കണ്ടത്.

ഹംബുണ്ടാക്കിയ മഹാന്മാരെ സ്മരിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ട് നീങ്ങി.വഴിയരികിൽ പൂപ്പാടങ്ങൾ ഉൾപ്പടെ പല കൃഷിയിടങ്ങളും കാണുവാൻ കഴിയും.പക്ഷെ റോഡിൽ ഒരു ശ്രദ്ധ ഇല്ലെങ്കിൽ ഹംബിൽ കേറി തലേം കുത്തിവീഴാനും ചാൻസ് ഉണ്ട്.കാരണം സാധരണ ഉള്ളതിന്റെ ഇരിട്ടിയിലാണ് പലതിന്റെയും പൊക്കം.ഒരിടത്തു വീഴാൻ പോയതാണ്,എന്തോ ഭാഗ്യം തുണച്ചത് കൊണ്ട് രക്ഷപെട്ടു.ഏതാണ്ട് 150കിലോമീറ്ററിനു മുകളിൽ ഇനിയും പിന്നിടാനുണ്ട്….

കിലോമീറ്ററുകൾ പിന്നിട്ടു,സൂര്യൻ അസ്തമനത്തിനു തയ്യാറെടുക്കുന്ന കാഴ്ച റോഡരികിൽ നിന്നും കണ്ട് വലിയ കൽക്കൂമ്പാര മലകൾക്കിടയിലേക് സൂര്യൻ പതിയെ താഴ്ന്നിറങ്ങുന്നു.. മുന്നോട്ടുള്ളയാത്രയിൽ സൂര്യന്റെ ചൂടേറ്റിട്ടെന്നവണ്ണം ആ മലയുടെ ഒരു ഭാഗം തീ പടരുന്നതത് ഞങ്ങൾ കണ്ടു.ഇരുട്ട് വീണ വഴികളിൽ ഹൈബീം ലൈറ്റുമായി വരുന്ന ലോറികളുടെ മുന്നിൽ നിന്നും രക്ഷപെടാൻ നന്നേ പ്രയാസപ്പെട്ടു. അതിനിടയിൽ ചില ഹെയർപിൻ വളവുകളും പിന്നിട്ടു,ഈ വഴിയിലും ഹെയർപിന്നൊ എന്നായിരുന്നു ഞങ്ങളുടെ സംശയം.ഒന്നും കാണാൻ പറ്റാത്ത അവസ്ഥ……..(തുടരും……).

വിവരണം – സജിന്‍ സതീശന്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply