പരേഷാർ മുനിയെ തേടി ഹിമാചൽ യാത്ര..

വെറും 2000 രൂപയ്ക്കു ഡൽഹിയിൽ നിന്നും ഹിമാചലിലേക്കു ഒരു ട്രെക്കിങ്ങ് പോകാൻ ആഗ്രഹമുണ്ടോ.. അതും ഏതു സീസണിലും ട്രെക്കിങ്ങ് പോകാൻ പറ്റുന്ന സ്ഥലം.. വെറും ഒരു സ്ഥലം അല്ല.. നല്ല ഒന്നൊന്നര സ്ഥലം.. എങ്കിൽ പോകാം പരേഷാറിലേക്ക്‌… ഹിമാചൽ പ്രദേശിലെ കാമരു താഴ്‌വരയിൽ നിന്നും 2700 അടി ഉയരത്തിൽ മല മുകളിൽ പരേഷാർ മുനി നിർമിച്ച പഗോഡ ആകൃതിയിൽ ഉള്ള അമ്പലവും അതിനു മുന്നിലായുള്ള തടാകവും കണ്ടു മടങ്ങാം..

കയ്യിൽ കാശില്ലെങ്കിലും യാത്ര ചെയ്യാൻ ഉള്ള ആഗ്രഹത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.. ഇപ്പോഴാണെങ്കിൽ ഹിമാചലിൽ മഞ്ഞുപെയ്യുന്ന സമയമാണ്.. ഡൽഹിയിലെ തണുപ്പ് പോരാഞ്ഞിട്ടാണോ ഇനി ഹിമാലയത്തിൽ പോകുന്നേ എന്ന് എല്ലാരും ചോദിച്ചു.. എന്നാൽ പുലിയെ അതിന്റെ മടയിൽ പോയി നേരിട്ടല്ലേ നമ്മൾ മലയാളികൾക്ക് ശീലമുള്ളു..

അങ്ങനെ ഗൂഗിൾ തിരഞ്ഞു.. സഞ്ചാരി ഗ്രൂപ്പിലെ പോസ്റ്റുകളും നോക്കി.. അപ്പോഴാണ് യാത്ര ഭ്രാന്ത് തലയ്ക്കു പിടിച്ച ഫ്രണ്ട്‌നെ കണ്ടുമുട്ടുന്നത്.. ശ്യാം മോഹൻ.. പിന്നെ ഞങ്ങൾ 2 പേരും കൂടെയായി പ്ലാനിംഗ് ഒക്കെ.. പക്ഷെ ഓരോരോ കാരണങ്ങൾ കൊണ്ട് നവംബറിൽ പോകേണ്ട യാത്ര അവസാനം സംഭവിച്ചത് ജനുവരിയിൽ ആണ്..

പക്ഷെ കയ്യിൽ കാശില്ല.. ഇനിയും നീട്ടികൊണ്ടുപോയാൽ ചിലപ്പോൾ ഈ വര്ഷം പോകാൻ പറ്റിയെന്നു വരില്ല. അങ്ങനെ പോകേണ്ട സ്ഥലം മാറ്റിപിടിച്ചു. ഒരു ബജറ്റ് ട്രിപ്പ്.. പക്ഷെ 2000 രൂപയ്ക്കു എവിടെ വരെ പോകാം.. അങ്ങനെ അവസാനം ഒരു തീരുമാനത്തിൽ എത്തി.. പരേഷാർ lake ലേക്ക് പോകാം..

ഇനി റൂട്ട്: ഡൽഹിയിൽ നിന്നും 400km ദൂരത്തു ഹിമാചലിൽ മണ്ഡി എന്ന സ്ഥലം. അവിടുന്ന് 50km യാത്ര ചെയ്താൽ ബാഗി എന്ന ഗ്രാമത്തിൽ എത്തും.ഇവിടെ നിന്നും 7km മല കയറിയാൽ പരേഷാർ എത്താം.

അങ്ങനെ redbus വഴി മണ്ഡി വരെയുള്ള ബസ് ബുക് ചെയ്തു. ആദ്യത്തെ ബുകിംഗ് ആയതുകാൊണ്ട് 800 രൂപയ്കുള്ള ബസ് 650 രൂപയ്ക്ക് കാിട്ടി.. ഡൽഹിയിലെ മജ്നു കാ ടില യിൽ നിന്നും 7 മണിക് ബസ് കയറി.. 6.30 നു മണ്ടിയിൽ എത്തും എന്ന് പറഞ്ഞെങ്കിലും ബസ് 5 മണിയ്ക്ക് തന്നെ എത്തി. ബസ്സിൽ നിന്നും ഇറങ്ങിയതും കിടുകിടാ വിറക്കാൻ തുടങ്ങി..വേഗം ജാക്കറ്റും തൊപ്പിയും കയ്യുറയും ഒക്കെ ഇട്ടു മണ്ഡി ബസ്റ്റാണ്ടിലേക്കു നടന്നു.അവിടെ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് രാവിലെ 8.30 നു പരേഷാർ മലമുകളിലേക്ക് വരെ പോകുന്ന ബസ് ഉണ്ടെന്ന്.. 6 മണിക്ക് ബഗ്ഗി ഗ്രാമത്തിലേക്ക് ഒരു ബസും ഉണ്ട്. അങ്ങനെ ആ ബസ് കണ്ടുപിടിച്ചു.ഫ്രണ്ട് സീറ്റ് തന്നെ കിട്ടി. ഹിമാചലിൽ ബസ് ഡ്രൈവർമാരാണ് റിയൽ ഹീറോസ്..

ആ ബസ് ബഗ്ഗി ഗ്രാമത്തിൽ എത്തുന്നതിനു 3km മുൻപ് ഒരു വളവിൽ ഞങ്ങളെ ഇറക്കി. ഞങ്ങൾക്ക് കൂട്ടായി 2 സുഹൃത്തുക്കൾ കൂടി ആ ബസിൽ ഉണ്ടായിരുന്നു.. പരസ്പരം പരിചയപ്പെട്ടു കാഴ്ചകൾ കണ്ടു ഞങ്ങൾ നടന്നു തുടങ്ങി. ഇടയ്ക്കു മരച്ചില്ലകളും ഇലകളും കൂട്ടിവെച്ചു കത്തിച്ചു തീ കാഞ്ഞു.. അങ്ങനെ ട്രെക്കിങ്ന്റെ സ്റ്റാർട്ടിങ് പോയിന്റ് ആയ ബഗ്ഗിയിൽ എത്തി. അവിടെ വെച്ചു ഒരു ചെറിയ ചായക്കടയിൽ കയറി കഴിക്കാൻ ബ്രെഡും ചിക്കെനും വാങ്ങിച്ചു. 300 രൂപയ്ക്കു അയാൾ ഒരു കിലോ ചിക്കൻ കഴുകി മുറിച്ചു കറിവെച്ചു തന്നു.. ബാക്കി വന്നത് പാക്ക് ചെയ്തു കയ്യിൽ വെച്ചു.

ആ ഗ്രാമത്തിനോട് വിട പറഞ്ഞു യാത്ര തുടങ്ങി. ഇനി ഉള്ളത് 7km കൊടും കാട്ടിൽ കൂടെയുള്ള മലകയറ്റം.. തുടക്കത്തിൽ അരുവിയുടെ അരികിൽ കൂടെയുള്ള നടത്തം ശരിക്കും ആസ്വദിച്ചു. കുറച്ചു നടന്നപ്പോൾ ആണ് മനസിലായത് വഴി തെറ്റി എന്ന്. ഞങ്ങൾ കാട്ടിലെ ഏതോ ഒരു ഗ്രാമത്തിലേക്ക് പോകുന്ന വഴിയിലാണ്. കുറച്ചു സ്ത്രീകൾ ഞങ്ങളെ മുന്നോട്ട് പോകാൻ വിട്ടില്ല.. ശരിയായ വഴി കാണിച്ചു തരാൻ അവരുടെ കൂടെയുള്ള ഒരു ചെക്കനെ ഞങ്ങളുടെ കൂടെ അയച്ചു.. തിരിച്ചു വരുന്ന വഴിക്കു കുറച്ചു യാത്രക്കാരെ കൂടെ കിട്ടി.. അങ്ങനെ ഞങ്ങൾ 8 പേർ കത്തിയടിച്ചും പാട്ടുപാടിയും ഫുഡ് അടിച്ചും നടന്നു..

ഒരു 5km കാട്ടിനുള്ളിൽ കൂടെയുള്ള യാത്ര തന്നെയായിരുന്നു.. ഇടയ്ക്കിടെ റസ്റ്റ് എടുത്തു ഒരു 3 മണിക്കൂർ കൊണ്ട് അത്രയും ദൂരം നടന്നു. പിന്നെ കാട് വെട്ടി പുല്ലു മാത്രം മുളച്ചിരിക്കുന്ന സ്ഥലത്തെത്തി. അവിടെ കുറെ നേരം കിടന്നു വിശ്രമിച്ചു.. ഇതിനിടയിൽ ഞങ്ങളൊക്കെ നല്ല സുഹൃത്തുക്കളായി മാറി.. എല്ലാരും കാടുകയറാൻ പരസ്പരം കൈകൊടുത്തു സഹായിച്ചു.. ഏറ്റവും പിന്നിലായി കയറുന്ന എന്നെ എപ്പോളും കാത്തുനിന്നു.. ആരും കൂട്ടം തെറ്റരുതെന്നു നിര്ബന്ധമുണ്ടായിരുന്നു.. കാരണം വഴി തെറ്റിയാലോ കൂട്ടം തെറ്റിയാലോ തിരിച്ചു വരാനോ മുന്നോട് പോകാനോ പറ്റാത്ത ഒരു കാട്. മുൻപ് ആരെങ്കിലും നടന്നു പോയതിന്റെ കാൽപാടുകൾ പോലും അവിടെ ഇല്ല.

സമയം 4 മണി ആകാറായി.. നല്ല തണുപ്പ് തുടങ്ങി.. കാട്ടിൽ വെളിച്ചം കുറഞ്ഞു.. പോകുന്ന വഴിയിൽ ഒരു പശു ചത്തുകിടക്കുന്നതും കൂടെ കണ്ടപ്പോൾ പിന്നെ ഞങ്ങൾ നടത്തത്തിന്റെ സ്പീഡ് കൂട്ടി.. അങ്ങനെ ഒരു വിധം മലമുകളിൽ കയറി.. പിന്നെ നേരെ പരേഷാർ മുനിയുടെ അമ്പലം നോക്കി നടന്നു.

കുന്നിൻ മുകളിൽ നിന്നും അമ്പലം കണാൻ ഒരു പ്രത്യേക ഭംഗിയാണ്. സമയം വൈകിട്ട് 6 മണി ആയി. അമ്പലവും തടാകവും മഞ്ഞു മൂടാൻ തുടങ്ങി. പിന്തിരിഞ്ഞു നോക്കിയാൽ 180 ഡിഗ്രിയിൽ പർവ്വതനിരകൾ കണാം.. എല്ലാം സൂര്യാസ്തമയ സമയത്തു ഓറഞ്ച്നിറത്തിൽ തിളങ്ങി നിൽക്കുന്നു.

കുന്നിനു മുകളിൽ തന്നെ റ്റെന്റ് കിട്ടുമോ എന്ന് നോക്കി നടന്നു. പക്ഷെ ഒരാൾക്ക് 600 രൂപ.. അത്രയും കാശില്ലെന്നു പറഞ്ഞപ്പോൾ എത്ര തരാൻ പറ്റുമെന്ന് അയാൾ ചോദിച്ചു. യാതൊരു നാണക്കേടും കൂടാതെ പറഞ്ഞു 200. അയാൾ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി.. ഞങ്ങൾ മിണ്ടിയില്ല.. ഇത് കുറെ കണ്ടതാ എന്ന ഭാവത്തിൽ ഞങ്ങൾ അയാളുടെ മറുപടിക്കായി കാത്തു. ഞങ്ങൾ പിടിവിടില്ലെന്നു മനസിലാക്കി അവസാനം 300 രൂപയ്ക്കു ലേലം ഉറപ്പിച്ചു.

റ്റെൻഡ് ഒക്കെ സെറ്റ് ചെയ്തു പാർസൽ വാങ്ങിയ ഫുഡ് കഴിച്ചു. കൂടെ വന്ന 6 പേരിൽ 4 പേർക്ക് റ്റെൻഡ് ഉണ്ടായിരുന്നു. അവർ വേറെ സ്ഥലത്തു റ്റെൻഡ് കെട്ടി. കുറച്ചു റസ്റ്റ് എടുത്തു പുറത്തേക്കിറങ്ങി.. സമയം 10 മണി.. പുറത്തിറങ്ങിയ ഞങ്ങൾ ആകാശത്തു നോക്കിയപ്പോൾ കണ്ടത് മിന്നാമിന്നികൾ പോലെ തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങളാണ്.. എവിടെ തിരിഞ്ഞാലും നക്ഷത്രങ്ങൾ. ചിലതു വേഗത്തിൽ ഓടി നടക്കുന്നു.. ചില നക്ഷത്രങ്ങൾ മിന്നിയും മങ്ങിയും.. എല്ലാം കൈയെത്തും ദൂരത്തു എന്നപോലെ.. തണുപ്പ് സഹിക്കാൻ പറ്റാതെ വന്നപ്പോൾ ടെന്റിൽ കയറി കിടന്നുറങ്ങി.

ക്ഷീണം കാരണം നന്നായി ഉറങ്ങി. എഴുനേൽക്കുമ്പഴേക്കും മണി 7 ആയി. എഴുന്നേറ്റു പുറം കാഴ്ചകൾ കാണാൻ ഇറങ്ങി. മലകളൊക്കെ മഞ്ഞു മൂടികിടക്കുന്നു. മഞ്ഞു കാരണം അമ്പലം കാണാൻ പറ്റുന്നില്ല..കുറെ കുരുവികൾ തടാകത്തിൽ വെള്ളം കുടിക്കുന്നുണ്ട്. അമ്പലത്തിൽ പൂജ നടക്കുന്നതിന്റെ മണിയടി കേൾക്കാം.. നേരെ അടുത്തുള്ള ചായക്കടയിൽ കയറി ചായ കുടിച്ചു.. എന്നിട്ട് തിരിച്ചു ടെന്റിന്റെ അടുത്തേക്ക് വന്നു നിന്നു.ഇനി എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോളാണ്‌ കുറച്ചു ദൂരെയായി താഴെ മഞ്ഞു പെയ്തു കിടക്കുന്നതു കണ്ടത്. പക്ഷെ വിചാരിച്ചതിനെക്കാളും ദൂരം ഉണ്ടായിരുന്നു അവിടേക്കു.

പോകുന്ന വഴിയിൽ ഞങ്ങളുടെ കൂട്ടുകാരുടെ റ്റെൻഡ് കണ്ടു. അവരുടെ കൂടെ കുറച്ചു സമയം ഇരുന്നു. അവരോടു യാത്ര പറഞ്ഞു മഞ്ഞു പെയ്ത സ്ഥലം നോക്കി നടന്നു.. മഞ്ഞു തേടി മലകയറിയ ഞങ്ങൾക്ക് ഈ കാഴ്ച എല്ലാ ക്ഷീണവും മാറ്റിത്തന്നു. കുറെ നേരം മഞ്ഞിൽ കളിച്ചു. തിരിച്ചു നടന്നു പോകുമ്പോൾ പരേഷാർ അമ്പലത്തിന്റെ ദൂരക്കാഴ്ച അതിഗംഭീരമായിരുന്നു.. മതിവരുവോളം കിടന്നും ഇരുന്നും നിന്നും ഒക്കെ ഫോട്ടോ എടുത്തു.

അതിനിടയിൽനു തിരിച്ചു മണ്ടിയിലേക്കു 1 മണിക്ക് ബസ് ഉണ്ടെന്ന് അറിഞ്ഞത്. ഞങ്ങൾ തടാകത്തിന്റെ അടുത്തേക്ക് നടന്നു. അപ്പോഴാണ് അതിലെ വെള്ളം ശ്രദ്ദിച്ചത്. തടാകത്തിലെ വെള്ളം മുഴുവൻ ഐസ് പോലെ കട്ടപിടിച്ചിരിക്കുന്നു.. ഐസ് കട്ട പൊട്ടിച്ചാണ് അമ്പലത്തിൽ പൂജ ചെയ്യാനുള്ള വെള്ളം എടുക്കുന്നത്..

പതിമൂന്നാം നൂറ്റാണ്ടിൽ പരേഷാർ മുനി നിർമിച്ചതാണ് പഗോഡ ആകൃതിയിൽ ഈ 3 നിലകൾ ഉള്ള അമ്പലം. കുളിക്കാത്തതു കൊണ്ട് അകത്തു കയറിയില്ല. അമ്പലത്തിനു അരികിൽ തന്നെ മരം കൊണ്ട് ഉണ്ടാക്കിയ ചെറിയ മുറികളുണ്ട്. കുറഞ്ഞ ചിലവിൽ ഇവിടെ താമസം ഒരുക്കി തരും.നക്ഷത്രങ്ങളും മഞ്ഞു മലകളും കാണാനാണ് ഞങ്ങൾ ടെന്റിൽ താമസിച്ചത്. കുറെ പേർ ചേർന്നു അമ്പലത്തിൽ ഇരുന്നു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.എത്ര ശാന്തമായ സ്ഥലം.

12 മണി കഴിഞ്ഞു. ദൂരെ ബസ് പാർക്ക് ചെയ്‌തിരുകുന്നതായി കണ്ടു. അങ്ങനെ റ്റെൻഡിന്റെ പൈസ കൊടുത്തു ബാഗും എടുത്തു നടന്നു. രണ്ടു ദിവസം ലോകത്തിന്റെ ഏതോ ഒരു വടക്കു കിഴക്കേ അറ്റത്താണെന്നു തോന്നിയിരുന്നു..ഇനി അടുത്ത യാത്രയ്ക്കായുള്ള കാത്തിരിപ്പ്..

വിവരണം – സുമേഷ്.ജി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply