വാറുണ്ണിയും പുലിമുരുകനും പോലെ ഒരു ഗ്രാമത്തിന്‍റെ രക്ഷകനായ ഒരാള്‍..

നരഭോജിയായ പുലിയെ കൊന്നു ഗ്രാമത്തെ പരിരക്ഷിക്കുന്ന വാറുണ്ണിയും പുലിമുരുകനും സിനിമയിലെ കഥാപാത്രമാണെങ്കിൽ, യഥാർത്ഥ ജീവിതത്തിൽ ഇതേ പോലെ ഒരു ഗ്രാമത്തിന്റെ സ്വന്തമായി മാറിയ ഒരാളായിരുന്നു ജിം കോർബെറ്റ്

കുറേ വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ്. മനോഹരമായ ഒരുൾനാടൻ ഗ്രാമം. ഗ്രാമത്തിന്റെ അതിരിലൂടെ ഒരു നദി ഒഴുകുന്നുണ്ട്. രാത്രി! ചുറ്റും ഘനീഭവിച്ച ഇരുട്ട്. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ചീറി അടിക്കുന്ന കാറ്റിന്റെ സീൽക്കാരം ഇടയ്ക്കിടെ കേൾക്കാം .ആടിയുലയുന്ന മരങ്ങൾ . നേരം വെളുക്കാൻ ഇനിയും നാഴികകളുണ്ട്. ആ രൌദ്രതയുടെ മറവിൽ പുഴ നീന്തിക്കടന്നു ഒരു പുലി ആ ഗ്രാമത്തിലെത്തി.. ഗ്രാമത്തിലെ മൃഗങ്ങൾക്കും മനുഷ്യ ജീവിതങ്ങൾക്കും ഒരു വെല്ലുവിളി ആയി മാറിയ പുലിയെ പിടിക്കാൻ എത്തിയ വാറുണ്ണിയിൽ ആണ് ‘മൃഗയ’ സിനിമയുടെ ഇതിവൃത്തം ഇതൾ വിരിയുന്നത്. ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പകയുടേയും സാഹസികതയുടേയും അധിനിവേശത്തിന്റെയും കഥ പറയുന്ന ഒരു ചിത്രമാണത്. കാലമേറെ പിന്നിട്ടു. അന്ന് പുലിയെ കീഴ്‌പ്പെടുത്താന്‍ വാറുണ്ണിയും പുലിയും തമ്മിൽ നടന്നത് ഒരു മല്പിടുത്തമെങ്കിൽ ഇന്ന് സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഏറ്റവും മനോഹരമായി ഉപയോഗിച്ച് പുതു പുത്തൻ ദൃശ്യാവിഷ്ക്കാരത്തിൽ മറ്റൊരു പകയുടെ കഥയിൽ പുലിയുമായി ഏറ്റു മുട്ടിക്കൊണ്ട് പുലി മുരുകൻ രംഗപ്രവേശനം നടത്തി. വാറുണ്ണിയും പുലിയുമായുള്ള മൽപ്പിടുത്തം കണ്ട് ഉണ്ടായ അതേ അമ്പരപ്പും അത്ഭുതവും പുലിമുരുകനെ കാണുമ്പോഴുമുണ്ടാകുന്നു. മാസ്മരികതയുടെ വിസ്മയം!.

നരഭോജിയായ പുലിയെ കൊന്ന് ഗ്രാമത്തെ പരിരക്ഷിക്കുന്ന വാറുണ്ണിയും പുലിമുരുകനും സിനിമയിലെ കഥാപാത്രമാണെങ്കിൽ, യഥാർത്ഥ ജീവിതത്തിൽ ഇതേപോലെ ഒരു ഗ്രാമത്തിന്റെ സ്വന്തമായി മാറിയ ഒരാളായിരുന്നു ജിം കോർബെറ്റ് . ബ്രിട്ടീഷ് ഭരണകാലത്ത് ഉത്തരാഖണ്ഡിൽ ഉള്ള കുമയൂൺ എന്ന ഗ്രാമത്തിലെ ഒരു ക്ഷേത്രം. അവിടെ സന്ദർശനം നടത്തുന്നവരെ ആക്രമിച്ചു കൊല്ലുകയായിരുന്നു ടെംപിൾ ടൈഗേഴ്‌സ് എന്നറിയപ്പെട്ടിരുന്ന കടുവകൾ. അന്ന് നിരവധി പേർക്ക് ജീവാപായം സംഭവിച്ചപ്പോൾ അവരുടെ രക്ഷകനായി മാറിയത് ലോക പ്രശസ്ത വേട്ടക്കാരനും പ്രകൃതി സംരക്ഷക പ്രവർത്തകനുമായ ജിം കോർബെറ്റ് ആണ് .ടെമ്പിള്‍ ടൈഗേഴ്‌സ് കൂടാതെ ചമ്പാവത്, രുദ്രപ്രയാഗ് എന്നിവിടങ്ങളിലെ നരഭോജിക്കടുവകളേയും കോര്‍ബറ്റ് കൊന്നു. വിനോദോപാധിയെന്ന നിലയിൽ കോർബെറ്റ്‌ മൃഗങ്ങളെ വേട്ടയാടിയിരുന്നില്ല. മനുഷ്യരെ കൊന്നു തിന്നുകയും ഉപദ്രവിക്കുകയും ചെയ്തിരുന്ന കടുവകളെയും പുള്ളിപുലികളെയും മാത്രമേ നാട്ടുകാരുടെ അപേക്ഷ മാനിച്ച് അദ്ദേഹം വേട്ടയാടിയിരുന്നുള്ളൂ.

വാറുണ്ണിയും പുലിമുരുകനും നടത്തിയ അതിശയിപ്പിക്കുന്ന മല്പിടുത്തങ്ങൾ പോലെ ആയിരുന്നില്ല കോർബെറ്റ് വേട്ടകൾ. ‘തക് – മാൻ ഈറ്റർ’ എന്ന സ്റ്റോറിയിൽ ഒരു സന്ദർഭം വിവരിച്ചിട്ടുണ്ട്. നരഭോജിയായ ഒരു കടുവയുടെ കാൽ‌പ്പാടുകൾ പിന്തുടർന്ന് അതിനെ കണ്ടെത്താൻ ശ്രമിക്കുന്ന ജിം കോർബറ്റാണതിൽ. ഒരു പെൺകടുവ ആയിരുന്നു അത്. നവംബർ മാസം കടുവകളുടെ പ്രജനന സമയമാണ്. ഇണയെ വിളിക്കുന്ന പെൺകടുവയ്ക്ക് ആൺകടുവയുടെ ശബ്ദത്തിൽ മറുവിളി കൊടുത്താണ് കോർബെറ്റ് അവളെ കുടുക്കിയത്! ജിമ്മിന്റെ ശബ്ദത്തോട് പ്രതികരിച്ച പെൺകടുവയെ തിരിച്ചറിഞ്ഞ് ജിം പിന്തുടർന്നു. ഒരു പാറയുടെ മറവിലിരുന്ന് മർമ്മത്തിലേക്ക് വെടിയുണ്ട തുളച്ചുകയറ്റി. ഈ പെൺകടുവയായിരുന്ന ജിം കോര്‍ബെറ്റിന്‍റെ തോക്കിന്റെ അവസാനത്തെ ഇര! പിന്നീട് വേട്ടയാടൽ അവസാനിപ്പിച്ച് കടുവകളുടെ സംരക്ഷകനായി മാറിയ കോർബെറ്റിന്റെ പേരിൽ അറിയപ്പെടുന്ന നൈനിറ്റാള്‍ ജില്ലയിലുള്ള കുമയൂണിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഒരു മനോഹരമായ ടൂറിസ്റ്റ് കേന്ദ്രവും കൂടി ആണ് . കോർബെറ്റ്‌ കഥയെ ആസ്പദമാക്കി ‘മാൻ ഈറ്റർ ഓഫ് കുമയൂൺ’ എന്ന സിനിമയും 1948ൽ പുറത്തുവന്നു.

മൃഗയയിൽ പുലിയെ ഉന്നം വയ്ക്കുന്ന വാറുണ്ണിയെ കാ‍ണുമ്പോൾ ജിം കോർബെറ്റിനെ ഓർമ്മ വരും. മടയിൽ കയറിയ പുലിയെ നേർക്ക് നേരെ കണ്ടു വെടിവെയ്ക്കാന്‍ ഒരു ചൂരൽ തട്ടത്തിൽ ഇരുന്നു താഴെ മടയിലേക്ക് ഇറങ്ങുകയാണ് വാറുണ്ണി. കൂടെ ഉള്ളവർ ചതിച്ചതിനാൽ വാറുണ്ണിക്ക് ആ അവസരം പാഴായി. എന്നാൽ സമാനമായ അവസരം കോർബെറ്റിന് നഷ്ടമായില്ല. ഒരു പാറയുടെ അരികിൽ വശം ചെരിഞ്ഞു കിടന്നാണ് ജിം കടുവയെ ഉന്നം വച്ചത്. വെടിയുണ്ട ചീറിപ്പാഞ്ഞു. കൃത്യമായ ലക്ഷ്യത്തിൽ കൊണ്ടു. വെടിവെച്ചതിന്റെ ആഘാതത്തിൽ പിന്നാക്കം മറഞ്ഞു പാറയിടുക്കിൽ വീണു പോയി എന്നാണ് കോർബെറ്റ്‌ തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നത് .

പുലി മുരുകനാ‍യാലും മൃഗയയായാലും മാൻ ഈറ്റർ ഓഫ് കുമായൂണായാലും കാണുമ്പോൾ മനസ്സിലുയരുന്ന ഒരു ചോദ്യമുണ്ട്. എപ്പോഴാണ് കാട്ടിലെ മൃഗങ്ങൾ മനുഷ്യരെ ആക്രമിക്കാൻ തുനിയുക? ഭക്ഷണത്തിനുള്ള ഇരയായി മാത്രമാണോ അവ മനുഷ്യർക്കു നേരെ തിരിയുന്നത്? അതിർത്തി അതിക്രമിച്ചു കടക്കുമ്പോഴുള്ള അമർഷവും ശത്രുവാണോ എന്ന ഭീതിയും, തങ്ങളുടെ പറ്റത്തെ സംരക്ഷിക്കാനുള്ള വ്യഗ്രതയുമാണ് അവറ്റകളെ നരഭോജികളാക്കി മാറ്റുന്നതെന്നാണ് വന്യജീവി പഠനങ്ങളിൽ കണ്ടിട്ടുള്ളത്. ചില പ്രത്യേക സാഹചര്യങ്ങളിൽ ആണ് ഗഡ്‌വാളിലെ പുള്ളിപ്പുലികൾ നരഭോജികൾ ആയത് എന്നായിരുന്നു കോർബറ്റിന്റെ നിരീക്ഷണം . പകർച്ചവ്യാധി പടർന്നുപിടിച്ച് ഒട്ടേറെ മനുഷ്യർ മരണപ്പെട്ടപ്പോൾ വിധിപൂർവം ദഹിപ്പിക്കാൻ കഴിയാതെ മലമുകളിൽ നിന്ന് മൃതശരീരങ്ങൾ താഴോട്ട് എറിയുക പതിവായി. അലഞ്ഞുനടന്ന പുള്ളിപ്പുലികൾ ഈ മനുഷ്യശരീരങ്ങൾ തിന്നു വിശപ്പടക്കി. പിന്നീട് പകർച്ചവ്യാധി ശമിച്ചതോടെ മരണ സംഖ്യ കുറഞ്ഞു . മൃതു ശരീരങ്ങൾ കിട്ടാതായ പുള്ളിപ്പുലികള്‍ പതിയിരുന്ന് മനുഷ്യരെ ആക്രമിച്ച് കൊന്നുതിന്നാന്‍ തുടങ്ങി എന്നാണ് അദ്ദേഹം കണ്ടെത്തിയത്. വെടിവെയ്ക്കുന്നവർ അവയ്ക്കു മേൽ ഏൽപ്പിക്കുന്ന മുറിവുകൾ അവയിൽ ശത്രുത ഉണ്ടാക്കുന്നതും മറ്റു മൃഗങ്ങളെ ഓടിച്ചു പിടിക്കാനുള്ള ആരോഗ്യം ഇല്ലാതാകുമ്പോള്‍ അവ മനുഷ്യന് നേരെ തിരിയുന്നു എന്നും ആയിരുന്നു കോർബെറ്റിന്റെ മറ്റു നിരീക്ഷണങ്ങൾ.

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധവും സംഘർഷങ്ങളും ഭംഗിയായി അവതരിപ്പിച്ച മൃഗയയും ആധുനികസാങ്കേതിക വിദ്യയുടെ കാലത്ത് അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി . പുലിമുരുകനും നമ്മുടെ സിനിമ ചരിത്രത്തിൽ സ്ഥാനം നേടി .വാറുണ്ണിയും മുരുകനും ജനഹൃദയങ്ങളിൽ സ്ഥാനം കൈയ്യടക്കുമ്പോൾ ഒരുകാലത്ത് ധീരരായ ചില യഥാർത്ഥ നായകർ ഉണ്ടായിരുന്നു. സിനിമയുടെ മായക്കാഴ്ചകൾക്കുമപ്പുറം യഥാർത്ഥ ജീവിതത്തിൽ ഈ ഭാഗം അഭിനയിച്ച് മറഞ്ഞുപോയവർ. സ്വന്തം ജീ‍വൻ പോ‍ലും പണയം വെച്ച് മരണത്തിനും ജീവിതത്തിനും ഇടയിലുള്ള വരമ്പിൽ നിന്നും മടകളിലെ ഇരുളിലേയ്ക്ക് അമ്പെയ്തും നിറയൊഴിച്ചും നരഭോജികളെ അവർ വകവരുത്തി. ഓരോ ദേശങ്ങൾക്കും ഉണ്ടാകാം ഇത്തരം കഥകൾ. അവരുടെ ജീവിതം പോയിട്ട് പേര് പോലും ആഘോഷിക്കപ്പെട്ടിട്ടില്ലായിരിക്കാം. അവർക്കായി കട്ടൗട്ടുകളോ അതിൽ പാലാഭിഷേകമോ ചെയ്യപ്പെട്ടിട്ടില്ലായിരിക്കാം. വാറുണ്ണിയും മുരുകനും ആഘോഷിക്കപ്പെടുമ്പോൾ ഇങ്ങനെ മറഞ്ഞിരിക്കുന്ന ജിം കോർബെറ്റുമാരുടേത് കൂടിയാണ് ഈ ലോകം. അതുകൊണ്ട് ഇതാ അക്ഷരങ്ങൾകൊണ്ടെങ്കിലും അവർക്കായി ഒരു പാലഭിഷേകം.

Source – http://ml.naradanews.com/2016/10/varunni-and-puli-murukan/

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply