മധുര മനോജ്ഞ മധുരൈയിൽ ഒരു ജെല്ലിക്കെട്ട് കാലത്ത്..

വിവരണം – അരുൺ പുനലൂർ.

രണ്ടു കൊല്ലങ്ങൾക്കു ശേഷം വീണ്ടും കേമറയെടുത്തു ഒരു യാത്ര പോകാനിറങ്ങുമ്പോ മധുരയിൽ ജെല്ലിക്കെട്ട് നടക്കുന്നു എന്ന സുഹൃത്ത് ദേവന്റെ ഇൻഫർമേഷൻ മൂലം അവിടേക്കു വഴിതിരിയുകയായിരുന്നു… തെങ്കാശിയിൽ നിന്ന് നാല് മണിക്കൂർ ബസിലിരുന്നു മധുരയിലെത്തുമ്പോ സന്ധ്യ മയങ്ങിയിരുന്നു… വൈദ്യുതി വിളക്കുകൾ തെളിഞ്ഞു മഞ്ഞ വെളിച്ചത്തിൽ കുളിച്ചു സുന്ദരിയായി നിൽക്കുന്ന മധുര…

പെരിയോർ ബസ് സ്റ്റാന്റിനു പക്കത്തിലെ ഹോട്ടലിൽ നിന്ന് ചൂട് ഇഡ്ഡലിയും സാമ്പാറുമടിച്ചു ടൌൺ ഹാൾ റോഡിലെ ഒരു കൊച്ചു ലോഡ്ജ് മുറിയിൽ ബാഗും വച്ചു കേമറയുമായി നേരെ തിരക്ക് കൂടി വരുന്ന തെരുവിലേക്കിറങ്ങുകയായിരുന്നു… ഇരുവശത്തും മധുര മീനാക്ഷിയെ വണങ്ങാനെത്തുന്ന ഭക്തരെയും സഞ്ചാരികളെയും കാത്തിരിക്കുന്ന കച്ചവടക്കാരുടെ വിളികൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ സ്ട്രീറ്റ്‌ഫോട്ടോഗ്രഫിയുമായി ഉണ്ടായ ദീർഘ കാലത്തെ അകൽച്ച ആദ്യമൊക്കെ എന്നേ തലങ്ങും വിലങ്ങും കുഴപ്പിച്ചെങ്കിലും സബ്ജക്ടുകൾക്കു ഓപ്പോസിറ്റായി ഒഴുകി വരുന്ന വെളിച്ചം എപ്പോഴോ എന്നെയും പിടിച്ചു വലിച്ചു കൊണ്ടുപോയി…

രാത്രി വെളിച്ചത്തിലാണ് മധുരയ്ക്ക് കൂടുതൽ സൗന്ദര്യം.. വഴിയുടെ വശങ്ങളിലെ പൂക്കടകളിൽ നിന്ന് ഒഴുകി വരുന്ന മല്ലിപ്പൂമണം… ആറ്റിയൊഴിക്കുന്ന ഫിൽറ്റർ കോഫികളുടെ മനം മയക്കുന്ന ഗന്ധം മൂക്കിലേക്കിടിച്ചു കയറിയാൽ പിന്നെയൊരു കോഫി കുടിക്കാതെ മുന്നോട്ടു പോവുക അസാദ്ധ്യം… ആ നടത്തം അങ്ങിനെ അങ്ങ് നടന്നു നടന്നു എത്ര കിലോമീറ്റർ പോയെന്നറിയില്ല… ഭക്തിയും സഞ്ചാരവും സമാന്തര പാതകളായി ഒഴുകി നീങ്ങുന്ന വഴികൾ.. ഏതൊക്കെയോ നഗരങ്ങളിൽ നിന്നും ഇവിടേക്ക് വണ്ടിയിറങ്ങുന്നവർ പല ഭാഷകളിലായി കലപില കൂട്ടുന്ന ആമ്പിയൻസ്…

തെരുവുകളിൽ ഇടക്കിടെ കാണുന്ന കൊച്ചു കൊച്ചു കോവിലുകളിൽ നിന്നു മണിനാദമുയരുന്നു.. മന്ത്രോച്ചാരണങ്ങളും തിരിയുടെയും കർപ്പൂരത്തിന്റെയുമൊക്കെ മിശ്രിത ഗന്ധം നിറയുന്ന ആ അന്തരീക്ഷം നമ്മളിലെവിടെയോ ഉറങ്ങിക്കിടക്കുന്ന ഭക്തനെ ചിലപ്പോ ഒന്ന് മുട്ടിവിളിച്ചുണർത്തിയേക്കാം… പശുക്കളിങ്ങനെ തെക്കുവടക്കു മേഞ്ഞു നടക്കുന്നതിനാൽ തറയിൽ നോക്കി നടന്നില്ലെങ്കിൽ ചാണകം പണി തരും… രാവിലെ വരച്ചിട്ട കോലം മാഞ്ഞു തുടങ്ങുന്ന വീടുകൾക്ക് മുന്നിൽ സൊറ പറഞ്ഞിരിക്കുന്ന പെണ്ണുങ്ങളും തെരുവിന്റെ മൂലകളിലും കടകൾക്കു മുന്നിലുമൊക്കെയായി കൂടി നിന്ന് തമാശകളും ആനുകാലികങ്ങളുമൊക്കെ പങ്കു വയ്ക്കുന്ന ആണുങ്ങളും ചെറിയ സൈക്കിളിലും, ഓടിയും നടന്നുമൊക്കെ തെരുവിന്റെ അനക്കങ്ങളെ സജീവമാകുന്ന പിള്ളേരുമൊക്കെച്ചേർന്നു നല്ല രസം പിടിച്ച നടത്തം…

ചെറിയ തട്ടുകടകളിലിരുന്നു ചേച്ചിമാർ ആവിപറക്കുന്ന ഇഡ്ഡലിയും അപ്പവും ദോശയും ആമ്പ്ളേറ്റുമൊക്കെ ഉണ്ടാക്കുന്നതിന്റെ മണമിങ്ങനെ ഒഴുകിപ്പരക്കുന്നു..നോൺ വെജ് ഹോട്ടലുകൾക്കു മുന്നിലൂടെ കടന്നു പോകുമ്പോൾ ഈ കൊതിപ്പിക്കുന്ന മണം മട്ടൻ ഫ്രൈ ആയും ചിക്കൻ 65 ആയുമൊക്കെ നമ്മുടെ വായിൽ കപ്പലോടിക്കുന്നു… റേറ്റ് ബോർഡിലെ വലിയ സംഖ്യകൾ കാണുമ്പോൾ സാധാരണ സഞ്ചാരിയുടെ പോക്കറ്റിന്റെ കനത്തിനെക്കുറിച്ചു പെട്ടെന്ന് ബോധവാനാവുകയും വളരെപ്പെട്ടെന്നു ആ പ്രകോപന പരിസരത്തു നിന്ന് കീഞ് പാഞ്ഞു ഏതെങ്കിലും വെജിറ്റേറിയൻ ഹോട്ടലിൽ സ്വന്തം വിശപ്പുമായി അഭയം പ്രാപിക്കുകയും ചെയ്യുന്നു..

കറങ്ങി നടക്കുമ്പോ അതാ മധുരയിലെ ഒരു സാധാരണ മനിതനായ ഗണേശനും ഓസ്‌ട്രേലിയയിൽ നിന്നും ഇന്ത്യ കാണാൻ എത്തിയ ജോണും രാജ്യങ്ങളുടെയും ഭാഷയുടെയും വർണ്ണത്തിന്റെയും ദേശത്തിന്റെയും ജാതിയുടെയും മതത്തിന്റെയുമൊക്കെ അതിർ വരമ്പുകൾ തച്ചുടച്ചു കൊണ്ട് ഒരു കടത്തിണ്ണയിരുന്നു മ്യൂസിക് പ്ലെയറിൽ ചെറു സ്പീക്കർ ഘടിപ്പിച്ചു വെസ്റ്റേൺ സംഗീതം ആസ്വദിച്ചു കൊണ്ട് പരസ്പരം മനസ്സിലാവാത്ത രണ്ടു ഭാഷകൾക്കപ്പുറമുള്ള സൗഹൃദം പങ്കു വയ്ക്കുന്നത് കാണുമ്പോ വീണ്ടുമുറപ്പിക്കാം സഞ്ചാരികളുടെ സൗഹൃദത്തിന് അതിരുകളില്ല…

അങ്ങിനെ നടന്നും ഇരുന്നും നിന്നും വഴികളെല്ലാം ഒരേ പോലിരിക്കുന്ന മീനാക്ഷി കോവിലിന്റെ ചുറ്റിനും പല തവണ കറങ്ങി വഴി തെറ്റി ഒടുവിൽ ബസ് സ്റ്റാൻഡ് തന്നേ അടയാളം ചോദിച്ചു ലോഡ്ജിൽ തിരിച്ചെത്തി… അതി രാവിലെ എണീറ്റു ജെല്ലിക്കെട്ട് നടക്കുന്ന അലങ്കാനല്ലൂരിലേക്കു വണ്ടി കേറി.. ചെന്നിറങ്ങിയപ്പോ പൊരിഞ്ഞ പോര് തന്നേ… വെളുപ്പിന് തന്നേ ജെല്ലിക്കെട്ട് നടത്തുന്ന ഗ്രൗണ്ടിന്റെ താൽക്കാലിക ഗാലറികൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു… റോഡ് തിങ്ങി നിറഞ്ഞു വന്നോണ്ടിരിക്കുന്നോരെ വഴി തടഞ്ഞു മുട്ടൻ വടിയേന്തിയ പോലീസുകാർ അങ്ങോട്ടേക്ക് കടത്തി വിടാതെ പായിച്ചു വിടുന്നു…

സ്പെഷ്യൽ പാസ് ഇല്ലാത്തോർക്ക് പ്രവേശനം നഹി ഹേ… ആദ്യമൊരു ചിന്ന നിരാശ തോന്നിയെങ്കിലും ഊർജ്ജം വിടാതെ ആ പരിസരത്തൊക്കെ കറങ്ങി നടന്നു കിട്ടിയ ആമ്പിയൻസ് പടങ്ങൾ ചിലതെടുത്തും ഇടക്ക് വിശന്നപ്പോൾ അവിടത്തന്നെ ലൈവ് ആയി വച്ചു കൊടുക്കുന്ന സ്പെഷൽ പോർക്ക് റോസ്റ്റും ലൈം സോഡയുമടിച്ചും തണ്ണിമത്തന്റെ പീസ് കാന്തിത്തിന്നും കേരളാവിൽ നിന്ന് വന്ന മറ്റു സുഹൃത്തുക്കളായ പടം പിടുത്തകാർക്കൊപ്പം ചായ കുടിച്ചും വഴിയിൽ വച്ചിരിക്കുന്ന സ്ക്രീനിനു മുന്നിൽ പോയി നിന്ന് ജെല്ലിക്കെട്ട് കണ്ടു ത്രില്ലടിച്ചും ഉള്ളിൽ പോയി പടം എടുക്കാൻ ഭാഗ്യം കിട്ടിയ പടം പിടുത്തക്കാരുടെ തള്ളുകൾ കേട്ട് നെടുവീർപ്പിട്ടും ഉച്ച കഴിഞ്ഞപ്പോ മടങ്ങിപ്പോന്നു.

അതിന്റെ ക്ഷീണം തീർക്കാൻ അന്ന് രാത്രിയും പിറ്റേന്നു രാവിലെയും സിറ്റിയിൽ അലഞ്ഞു തിരിഞ്ഞു നടന്നു ജിഗർതണ്ട മോന്തിയും പ്രേമവിലാസിലെ ചൂടൻ ആലുവ തിന്നും നഗരത്തിന്റെ ചൂടും ചൂരും കുളിരുമൊക്കെ അനുഭവിച്ചറിഞ്ഞും കാളം പൂളം പടങ്ങൾ എടുത്തു അർമാദിച്ചു നടന്നിട്ട് തിരിച്ചു വണ്ടി കേറി… എന്തൊരു സൗന്ദര്യമാണപ്പാ ഇവിടുത്തെ രാത്രിക്കു…

മുല്ലപ്പൂ മണം ചൂടി മാദകഗന്ധം കൊണ്ട് സന്ദർശകരെ വലവീശിപ്പിടിക്കുന്ന സുന്ദരിയെപ്പോലെ ദക്ഷിണേന്ത്യയിലെ ചരിത്ര രേഖകളിൽ പുകൾപെറ്റ തൂങ്കാ നഗരമായ മധുരയിലെ ഗല്ലികളിങ്ങനെ വളഞ്ഞും പുളഞ്ഞും നീണ്ടും പൊയ്ക്കൊണ്ടിരുന്നു… ഇനിയും കണ്ടു,അനുഭവിച്ചു,രുചിച്ചു തീരാത്ത മധുര…. വീണ്ടും വീണ്ടും വരാൻ മോഹിപ്പിക്കുന്ന, ചരിത്രമുറങ്ങുന്ന മധുര…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply