പുഴകളാലും മലനിരകളാലും ചുറ്റപെട്ടുകിടക്കുന്ന എന്റെ മൂത്തേടം ഗ്രാമത്തിൽ…

പ്രവാസിയായ ഞാനും അങ്ങിനെ ഒരു മാസത്തെ വിസിറ്റിനു നാട്ടിലേക്ക് പറന്നു … പ്രകൃതി രമണീയമായ നിലമ്പൂരിൽ നിന്നും കുറച്ചു ദൂരം മാത്രം യാത്ര ചെയ്താൽ മൂന്ന് ഭാഗം പുഴകളും ..ഒരു ഭാഗം മലനിരകളാലും ചുറ്റപെട്ടുകിടക്കുന്ന എന്റെ മൂത്തേടം ഗ്രാമത്തിൽ എത്താം … കാലവർഷം ഇടക്ക് തകർത്തു പെയ്യുന്നതു കൊണ്ട് …നാട് കുളിച്ചു സുന്ദരിയായി പച്ചപ്പട്ടണിഞ്ഞു നിൽക്കുന്നു… അടുത്ത ദിവസം രാവിലെതന്നെ മകൻ Izin Hash നെയും കൂട്ടി വീടിനടുത്തുള്ള തോട് കാണിച്ചു കൊടുക്കാൻ കൊണ്ടുപോയി..കൂട്ടിനു അനിയന്റെ മോനും.

നടന്നു പോകുന്ന പാടവരമ്പിൽ നിറയെ കുഞ്ഞു മഞ്ഞപ്പൂക്കൾ നിറഞ്ഞു നിൽക്കുന്നു …”നീ ധൈര്യമായി പൂക്കൾ പറിച്ചോ ..ഇവിടെ ആരും ഫൈൻ അടിക്കില്ല”..എന്ന് പറഞ്ഞപ്പോ അവൻ ആവേശത്തോടെ പൂക്കൾ പറിച്ചു .. ദുബായിൽ ജീവിക്കുന്ന അവനു അതൊക്കെ ഒരു വലിയ കൗതുകമായി… എന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളിൽ ചെറുത് ഒന്ന് അവനും സമ്മാനിക്കണം എന്നൊരു ആഗ്രഹം ഉണ്ട് … തോട്ടിൻ കരയിൽ എത്തി ..കയ്യിൽ കരുതിയ ഒരു തുണികഷ്ണവും പിടിച്ചു ആഴമില്ലാത്ത തോട്ടിലിറങ്ങി … മീൻ കോരുന്നത് എങ്ങിനെആണെന്ന് കാണിച്ചുകൊടുത്തു. അവർ സ്വന്തമായി പിടിച്ച ഒരു കുഞ്ഞു മീനിനെ ഇലയിൽ പൊതിഞ്ഞു കരയിൽ വെച്ച് തോട്ടിലേക്ക് ചാടി. തോട്ടിലെ വെള്ളത്തിൽ ഉരുണ്ടു മറിഞ്ഞു.. മാളുകളിലെ ഗെയിം സോണുകളിലും പ്ലേ സ്റ്റേഷനുകളിലും കളിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ നൂറിരട്ടി സന്തോഷം അവന്റെ മുഖത്തു കാണാമായിരുന്നു.

സമയം വൈകിയപ്പോൾ വെള്ളത്തിൽ നിന്നും കയറാൻ ഞാൻ ഒരു നമ്പർ ഇറക്കി …” ഐസിൻ … വേഗം വീട്ടിൽ പോവാം … ഈ വഴി ആന വരും “… ഇതുകേട്ട അവന്റെ മറുപടി “ആന വരുമ്പോൾ ഞാൻ അനങ്ങാതെ ..ദാ…ഇങ്ങനെ ..നിന്നോളാ പപ്പാ … ആന ഫേസ്ബുക്കിലെ ഫോട്ടോ ആണെന്ന് വിചാരിച്ചു ഒന്നും ചെയ്യാതെ പൊയ്ക്കോളും”. ഞാൻ … പ്ലിങ്. അങ്ങിനെ തോട്ടിലെ നീരാട്ട് കഴിഞ്ഞു വീട്ടിൽ എത്തി … വിറകടുപ്പിൽ വെച്ച ചട്ടിയിൽ.. ഉമ്മയുടെ കൈപുണ്യവും സ്നേഹവും ചേർത്ത് വരട്ടിയ നാടൻ ബീഫ് റെഡിയായിട്ടുണ്ട് .. ബീഫിനൊപ്പം കപ്പയും കാപ്പിയും കൂട്ടി ഒരു തട്ട് തട്ടി, അതിന്റെ രുചിയൊന്നും എഴുതി അറിയിക്കാൻ പറ്റൂല്ലാ.

ഉച്ചക്ക് ശേഷം ഭാര്യയെയും മകനെയും കൂട്ടി സ്കൂട്ടിയിൽ സ്വന്തം നാട് ചുറ്റാൻ ഇറങ്ങി… വീടിന്റെ അടുത്തുനിന്നും 3 കിലോമീറ്റർ ദൂരത്തിൽ ആനയും കടുവയുമൊക്കെ ഇറങ്ങുന്ന സ്ഥലം കാണിച്ചുകൊടുത്തു ….. ഞങ്ങളുടെ നാട്ടിൽ ഒരു പുഴയുണ്ട് … ഔഷധ ഗുണമുള്ള പുഴ എന്നാണു പഴമക്കാർ പറയാറുള്ളത് ..നെടുംങ്കയം പുഴ .. . അങ്ങിനെ പറയാൻ കാരണം ഉണ്ട് … നിലമ്പൂർ കാടുകളിലെ ഔഷധ ഗുണമുള്ള മരങ്ങയുടെയും ചെടികളുടെയും ഇടയിലൂടെയാണ് ഈ പുഴ ഒഴുകുന്നത് … ഇതിന്റെ വേരുകൾക്കിടയിൽ ഉരുളൻ കല്ലുകൾ ഉരസി ഔഷധങ്ങൾ വെള്ളത്തിൽ ലയിച്ചു ചേരും, വല്ല അസുഖവും ഉണ്ടെങ്കിൽ ഈ കാട്ടാറിൽ ഒന്നു മുങ്ങികുളിച്ചാൽ മതി … നല്ല ഉന്മേഷംവരും …അസുഖം ഭേദമാകും …… പിന്നെ ഈ വെള്ളത്തിന്റെ രുചി ലോകത്തിലെ ഇരു മിനറൽ വാട്ടർ കമ്പനിക്കാർക്കും നൽകാൻ കഴിയില്ല ….ഇപ്രാവശ്യവും ഈ പുഴയിൽ ഒന്നുമുങ്ങി കുളിച്ചു…വെള്ളം കുടിച്ചു ..

കാടും പുഴകളും നിറഞ്ഞ ഗ്രാമഭംഗി ആസ്വദിച്ചു വീട്ടിലെത്തി. അടുത്ത ദിവസത്തെ യാത്ര മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കാടംപൊയിലിലേക്ക് …ഞങ്ങളുടെ കൂടെ ഉപ്പയും ഉമ്മയും ഉണ്ട്..നിലമ്പൂരിൽ നിന്ന് വെറും 20 കിലോമീറ്റെർ മാത്രം ദൂരം …. പോകുന്ന വഴിയിലൊക്കെ കുഞ്ഞു കുഞ്ഞു വെള്ളച്ചാട്ടങ്ങൾ കാണാം …ഏത് വേനൽക്കാലത്തും കുളിരുള്ള കാലാവസ്ഥ …കുന്നുകളും വളവുകളും താണ്ടി കാർ മുന്നോട്ടുപോകുമ്പോൾ .. ഇടയ്ക്കിടക്ക് കോട മഞ്ഞു കാഴ്ച മറക്കുന്നുണ്ട്.. പച്ചപരവതാനി വിരിച്ച മലകൾക്കിടയിലൂടെ …. വെള്ള പട്ടണിഞ്ഞ മൂടൽമഞ്ഞു ഒഴുകി നീങ്ങുന്നതുകാണുമ്പോൾ … ഞാൻ ഏതോ വിദേശ രാജ്യത്തു എത്തിയതുപോലെ തോന്നി …ഞങ്ങളുടെ ലക്ഷ്യം മലമുകളിൽ നിർമ്മിച്ച Nature Ooo എന്ന പുതിയ വാട്ടർ തീം പാർക്കാണ് …

ഉച്ചക്ക് രണ്ടുമണിയോടെ ആണ് പാർക്കിൽ എത്തിയത് . ഒരുപാട് റൈഡുകൾ ഒന്നുമില്ലെങ്കിലും … ഇവിടുത്തെ പ്രകൃതി സൗന്ദര്യത്തോട് ഇണങ്ങിചേർന്ന പാർക്ക് ഒരു പുതുമയുള്ള അനുഭവം നമുക്കുനൽകും …. കോടമഞ്ഞിൻറെ തണുപ്പ് ആസ്വദിച്ചു …ബോട്ടുസവാരി നടത്താം.. പൂന്തോട്ടത്തിലൂടെ കറങ്ങിനടക്കാം മലമുകളിൽനിന്നും ഒഴുകി വരുന്ന ശുദ്ധമായ വെള്ളം പാർക്കിലെ കൃത്രിമ ജലാശയത്തിലേക്കാണ് എത്തുന്നത് ..ആ വെള്ളത്തിൽ ഒരുക്കിയ റൈഡുകളിൽ നമുക്ക് മതിവരുവോളം ആർത്തുല്ലസിക്കാം … പ്രത്യേകിച്ചു കുട്ടികൾക്ക് .. മകൻ ശരിക്കും അത് ആസ്വദിച്ചു …

വൈകുന്നേരം 6 മണിക്കുശേഷം ഞങ്ങൾ കക്കാടംപൊയിൽ മല ഇറങ്ങാൻ തുടങ്ങി … അപ്പോഴേക്കും കോട മഞ്ഞു..സൂര്യനെ പൊതിഞ്ഞിരുന്നു. നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും ഇതുപോലെ ഒരുപാട് മനോഹര കാഴ്ചകളുണ്ട്… ലോകത്തിലെ ആദ്യ തേക്ക് മ്യൂസിയവും … ബൊട്ടാണിക്കൽ ഗാർഡനും … ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ടും … തൂക്കുപാലവും .. ആഢ്യൻ പാറ വെള്ളച്ചാട്ടവും , കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ള ചാട്ടവും … പിന്നെ ചെറുതും വലുതുമായ നൂറുകണക്കിന് വെള്ള ചാട്ടങ്ങൾകൊണ്ടും സമൃദ്ധമാണ് എൻറെ മലയോര നാട് … നാട്ടിൽ ജീവിക്കുന്നവർക്കു ഇതൊരു പുതുമ അല്ലായിരിക്കും. അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നല്ലേ ചൊല്ല് …പക്ഷെ ഒരു പ്രവാസി ആയ ശേഷം ഞാൻ ആ പഴംഞ്ചൊല്ല് തിരുത്തി … “ മുറ്റത്തെ മുല്ലയ്ക്ക് ഇപ്പോൾ നല്ല മണമുണ്ട്.”

വരികളും ചിത്രങ്ങളും : Hash Javad

കടപ്പാട് – സഞ്ചാരി

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply