ആവിപറക്കുന്ന ആനപ്പിണ്ടങ്ങൾക്കിടയിലൂടെ ഒരു കാനനയാത്ര..

വിവരണം – ജിതിൻ ജോഷി.

രാവിലെയാണ് പെട്ടെന്നൊരു തോന്നൽ ഉണ്ടായത്. “യാത്ര പോകണം…”നാട്ടിൽ ആയതിനാൽ കുട്ടിക്കാലം തൊട്ടേ കൂടെയുള്ള എന്റെ അതേ പേരുള്ള കൂട്ടുകാരനെ വിളിച്ചു. ഇടയ്ക്കിടെ “ഡാ..ട്രിപ്പ്‌ പോണം..” എന്ന് പറയുകയും എന്നാൽ വിളിക്കുമ്പോഴൊക്കെ ഒഴിവുകഴിവു പറയുകയും ചെയ്യുന്ന ചങ്കിനെയും ബൈക്കിൽ വച്ചുകെട്ടി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വൈകുന്നേരം 6 മണി ആയിരുന്നു.

നേരെ കുറ്റ്യാടി ആണ് ലക്ഷ്യം. യാത്രയിലൂടെ കിട്ടിയ വലിയ ചങ്ക് നൗഷീർ ഭായിയുടെ വീട്ടിലേക്ക്. രാത്രി ഭക്ഷണം അവിടുന്ന് തരാം എന്ന് അങ്ങേരെക്കൊണ്ട് സമ്മതിപ്പിച്ചിട്ടുണ്ട്.. പണിമുടക്ക് ആയതിനാൽ റോഡിൽ നന്നേ തിരക്ക് കുറവാണ്. KSRTC, പ്രൈവറ്റ് ബസുകളോ ചരക്കുവാഹനങ്ങളോ ഇല്ലാത്ത റോഡിലൂടെ മിതമായ വേഗതയിൽ ബൈക്ക് നീങ്ങിക്കൊണ്ടിരുന്നു. രണ്ടുവട്ടം ഫോൺ വിളിച്ചു വഴി ഉറപ്പിച്ചിട്ടാണ് പ്രധാനപാതയിൽ നിന്നും ബൈക്ക് തിരിച്ചത്.

നൗഷീർ ഭായിയുടെ വീട്ടിൽ എത്തുമ്പോൾ ടേബിളിൽ ഒരുപാട് സംഗതികൾ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്നു. എല്ലാം കാലിയാക്കി മണ്ണാർക്കാട് വെയിറ്റ് ചെയ്യാം എന്ന് നൗഷീർ ഭായിയോട് പറഞ്ഞു വീട്ടിൽ നിന്നിറങ്ങുമ്പോൾ തണുപ്പ് വീണ്ടും കടുത്തിരുന്നു. കയ്യിൽ ഇരുന്ന രണ്ടു ബാഗിൽ ഒന്ന് നൗഷീർ ഭായിയും സുഹൃത്തുക്കളും വരുന്ന കാറിൽ വച്ചു. ബാഗിൽ നിന്നും ഒരു സ്വെറ്റർ കൂടി എടുത്തു ധരിക്കാതെ നിവർത്തി ഇല്ലെന്നായി. ഇടയ്ക്കിടെ നിർത്തി വിശ്രമിച്ചും കട്ടൻ ചായകുടിച്ചും മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.

താമരശ്ശേരി ടൌൺ കഴിഞ്ഞു ഒന്ന് നിർത്തിയപ്പോളാണ് രണ്ടു കാട്ടുപന്നി കുഞ്ഞുങ്ങൾ തൊട്ടുമുന്നിലൂടെ ഓടിപ്പോയത്.. കാട് വിട്ട് ഇത്രയും ജാനബാഹുല്യമുള്ള പ്രദേശങ്ങളിലും ഇവയെ കാണുന്നുണ്ടെങ്കിൽ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. തൃശൂർ നിന്നും വരുന്ന ചങ്ക് സജിത്ത് ഭായ് പലവട്ടം വിളിച്ചു എവിടെ എത്തി എന്നറിയാൻ.. പുള്ളി ഈ യാത്രയെക്കുറിച്ചറിഞ്ഞു ഒരു പ്ലാനും ഇല്ലാതെ പെട്ടെന്ന് ഇറങ്ങിപ്പുറപ്പെട്ടതാണ്.. ഞങ്ങൾ മണ്ണാർക്കാട് എത്തി ഇത്തിരി നേരം കഴിഞ്ഞപ്പോളേക്കും പുള്ളിയും എത്തി.

ഒരു ചായയും കുടിച്ചു വർത്താനം പറഞ്ഞു കുറച്ചു നേരം ഇരുന്നപ്പോളേക്കും നൗഷീർ ഭായിയും ടീമും വന്ന കാറും എത്തിച്ചേർന്നു. ഇനിയാണ് യാത്ര തുടങ്ങുന്നത്. മണ്ണാർക്കാട് നിന്നും അട്ടപ്പാടിക്കുള്ള വഴിയേ ആനയുണ്ടാകാൻ സാധ്യത ഉണ്ടായിരുന്നതിനാൽ കാർ ആണ് മുന്നിൽ പോയത്. ഞങ്ങൾ രണ്ടു ബൈക്കിൽ പിന്നാലെയും. കാട്ടുപന്നിയെയും മാനിനെയും മ്ലാവിനെയും ഒക്കെ കണ്ടുകൊണ്ട് ഓരോ ഹെയർ പിന്നും പിന്നിടുന്തോറും തണുപ്പും കൂടിക്കൂടി വന്നു..

പുലർച്ചെ ഏതാണ്ട് നാലു മണിയോടെ ഞങ്ങൾ മുള്ളി ചെക്‌പോസ്റ്റിൽ എത്തിച്ചേർന്നു. നല്ല തണുപ്പ്. ഏതാനും വാഹനങ്ങൾ അതിർത്തി കടക്കാൻ കാത്തുകിടക്കുന്നു. ഇനി നാളെ രാവിലെയേ ചെക്ക് പോസ്റ്റ്‌ തുറക്കൂ. അതുവരെ ചെറിയ ഒരു മയക്കം. അധിക സമയം ഉറങ്ങാൻ സാധിച്ചില്ല. ഏതെക്കെയോ വാഹനങ്ങൾ വരുന്ന ശബ്ദവും നിശബ്ദതയെ ഭേദിക്കുന്ന വകതിരിവില്ലാത്ത മനുഷ്യ ശബ്ദവും വില്ലനായി വന്നപ്പോൾ ഉറങ്ങാനുള്ള ശ്രമം ഉപേക്ഷിച്ചു പുറത്തു കടന്നു. ഏഴ് മണി ആയതും ചെക്ക്പോസ്റ്റ് തുറന്നു. വിവരങ്ങൾ ബുക്കിൽ എഴുതി തമിഴ്‌നാട്ടിലേക്ക്.

കാട്ടുവഴിയിലൂടെ 43 ഹെയർപിൻ വളവുകളാണ് ഇനി താണ്ടാനുള്ളത്. കാട് ഉണർന്നു വരുന്നതേയുള്ളു. പലതരം കിളികൾ. ശബ്ദങ്ങൾ.. ചൂടുള്ള ആനപ്പിണ്ടം റോഡിൽ അവിടവിടെയായി കിടന്നത് ഒന്നൂടെ ശ്രദ്ധാലുവാകാൻ ഓർമ്മപ്പെടുത്തി. “കാടറിയാൻ രാവിലെ പോണം”. അനുഭവങ്ങൾ ശരിവച്ച വാക്കുകൾ. കാടിനെ അതിന്റെ നൈർമല്യത്തോടെ കാണാൻ പ്രഭാതത്തെക്കാളും ഉപരിയായ മറ്റൊരു സമയമില്ല.. മാറ്റങ്ങളുടെ സമയമാണ് പുലരി.. രാത്രിയാമങ്ങളുടെ വിശ്രമത്തിന് ശേഷം കൂടുവിട്ട് പറന്നകലുന്ന പക്ഷിക്കൂട്ടങ്ങളും, രാവിന്റെ വന്യതയിൽ ആറാടിയ ശേഷം ശാന്തരായി മടങ്ങുന്ന ആനക്കൂട്ടങ്ങളും നൽകുന്ന കാനനഭംഗിയുടെ കാണാക്കാഴ്ചകൾ..

കാടിന്റെ കാഴ്ചകളിലൂടെ സഞ്ചരിച്ചു മഞ്ഞൂർ എത്തിയത് അറിഞ്ഞില്ല. ഒരു ചെറിയ പട്ടണം എന്ന് വേണമെങ്കിൽ പറയാം. ഊട്ടി, കോത്തഗിരി, കിണ്ണക്കോറൈ ഇവിടങ്ങളിലേക്കെല്ലാം ഉള്ള ഒരു പൊതു കേന്ദ്രമാണ് മഞ്ഞൂർ. ഒരുപാട് പ്രതീക്ഷകളോടെയാണ് “നീലഗിരി” ഹോട്ടലിലേക്ക് കയറിയത്. നല്ല ഭക്ഷണം ആണെന്ന് ഒരു കുറിപ്പിൽ കണ്ടതിനാൽ ഒന്നും ആലോചിക്കാതെ ഓർഡർ ചെയ്തു. പ്രഭാത ഭക്ഷണം വലിയ കുഴപ്പമില്ല എന്ന് കണ്ടതിനാൽ ഉച്ചയ്ക്കും ഇവിടെ നിന്നുതന്നെ ഭക്ഷണം കഴിക്കാൻ തീരുമാനിച്ച ഞങ്ങൾക്ക് തെറ്റി. വളരെ മോശം ഉച്ചഭക്ഷണം ആയിരുന്നു അവിടെ. ലോകത്തെങ്ങും ഇല്ലാത്ത വിലയും.

മഞ്ഞൂർ നിന്നും ഏകദേശം 27 കിലോമീറ്റർ ഉണ്ട് കിണ്ണക്കോറൈ എന്ന ഗ്രാമത്തിലേക്ക്. വണ്ടി മെല്ലെ മഞ്ഞൂരിൽ നിന്നും അകന്നുതുടങ്ങി. തരക്കേടില്ലാത്ത വഴി. ഇത്തിരി വീതി കുറവായതിനാൽ ഒന്ന് സൂക്ഷിക്കണം എന്നുമാത്രം. കൊടും വളവുകളിൽ ഏതുനിമിഷവും ഒരു വാഹനത്തെ എതിരെ പ്രതീക്ഷിച്ചു മാത്രം വാഹനം ഓടിക്കുക. വനവും നാടും തേയിലത്തോട്ടവും മാറിമാറി വരുന്ന പ്രകൃതിഭംഗി. തണുത്ത കാലാവസ്ഥ.. ശാന്തമായ അന്തരീക്ഷം.. എല്ലാംകൊണ്ടും മനോഹരമായ പ്രദേശമാണ് കിണ്ണക്കോറൈ..

വഴിയിൽ അതിമനോഹരമായ ഒരു വ്യൂ പോയിന്റ് ഞങ്ങൾ കാണുകയുണ്ടായി.. ആരെയും ഒന്ന് ആത്മഹത്യ ചെയ്യാൻ മോഹിപ്പിക്കുന്ന ആ മുനമ്പിൽ പക്ഷേ യാതൊരു വിധ സുരക്ഷയും ഒരുക്കിയിട്ടില്ല. കൊക്കയോട് ചേർന്നു ഞങ്ങൾ കണ്ടെത്തിയ ഒഴിഞ്ഞ മദ്യക്കുപ്പികൾ അത്ര ശുഭമല്ലാത്ത ഒരു സൂചനയായി തോന്നി. വേനൽക്കാലത്ത് ഒരുപാട് പ്രതീക്ഷകളോടെ പോകാൻ പറ്റിയ ഒരു സ്ഥലമല്ല കിണ്ണക്കോറൈ.. എന്നാൽ മനോഹാരിയാണ് താനും. പക്ഷേ മഴക്കാലങ്ങൾക്കാവും കൂടുതൽ മിഴിവേറിയ കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കാനാവുക.

വേനലിലും സജീവമായ ഒരു മനോഹര വെള്ളച്ചാട്ടം വഴിയിൽ കാണുവാൻ സാധിക്കും. അധികസമയം ചിലവഴിക്കാൻ കഴിയില്ലെങ്കിലും ഒരു നല്ല കുളി പാസാക്കാം. കിണ്ണക്കോറൈ ഗ്രാമം അവസാനിക്കുന്ന സ്ഥലത്തും ഒരു വ്യൂ പോയിന്റ് ഉണ്ട്. ദൗർഭാഗ്യം എന്ന് പറയാം, ഞങ്ങൾ എത്തിയപ്പോൾ അവിടെ ആന ഇറങ്ങിയതുകാരണം വ്യൂ പോയിന്റ് അടച്ചിരുന്നു. എങ്കിലും ഞങ്ങൾ നിരാശരായില്ല. മഞ്ഞും തണുപ്പും കാടും മേടുമെല്ലാം ചേർന്ന് മനസ്സിൽ സൂക്ഷിക്കാൻ ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ചു. കാട്ടുപോത്തുകൾ നൽകിയ മനോഹരമായ പോസും യാത്രയിലെ ബോണസായി.

തിരികെ യാത്രയിൽ ആ മനോഹരമായ വെള്ളച്ചാട്ടത്തിന്റെ കുളിരിൽ ഞങ്ങളെല്ലാവരും ക്ഷീണം അലിയിച്ചുകളഞ്ഞു. വീണ്ടും ഉച്ചയോടെ മാഞ്ഞൂരിൽ. മനസ് മടുപ്പിച്ച ആ ഉച്ചഭക്ഷണം കഴിച്ചു നേരെ ഊട്ടി വഴി നാട്ടിലേക്ക്. ഒരു മനോഹര യാത്ര കൂടി ഓർമ്മയുടെ കുട്ടിചെല്ലത്തിലേക്ക്. ഈ യാത്രയിൽ സഹയാത്രികരായിരുന്ന ജിതിൻ ജേക്കബ്, നൗഷീർ ഭായ്, അൻസാർ ഭായ്, അർഷാദ് ഭായ്, യഹ്യ ഭായ്, ജഫ്‌നാസ് ഭായ്, സജിത്ത് ഭായ്.. എല്ലാവരോടും സ്നേഹം. കട്ടയ്ക്ക് കൂടെ നിന്നതിനു പെരുത്ത് നന്ദി..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply