അതിരപ്പിള്ളി എന്ന വനസുന്ദരിയെ മഴക്കാലത്ത് ദർശിച്ചപ്പോൾ…

യാത്രാവിവരണം – Renjith B Nair.

അതെ…. എന്നത്തേയും പോലെ ഇന്നത്തെ യാത്രയും ആകസ്മികമായി സംഭവിച്ചതാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അതിരപ്പിള്ളിയിലെയും ചാർപ്പ വെള്ളച്ചാട്ടത്തിന്റെയും വിഡിയോകൾ ഞങ്ങളെ പ്രലോഭിപ്പിക്കുന്നു.. ഞങ്ങൾ എന്നു പറയുമ്പോൾ പ്രത്യേകിച്ച്  എടുത്തു പറയേണ്ട കാര്യം ഇല്ലാലോ …. യാത്രകളിലെ എന്റെ സന്തത സഹചാരി , അല്ലെങ്കിൽ മാർഗ്ഗദർശി Amal Amalu Amaldev.  ഇന്ന് രാവിലെ ഒരു വിളി…. “ഡാ മഴ ഇല്ല എന്ന പോകുവല്ലേ എന്ന് ” കേൾക്കേണ്ട താമസം വണ്ടി ഫസ്റ്റ് ഗിയറിൽ എപ്പോ ഇട്ടെന്ന് ചോദിച്ചാൽ മതി. അങ്ങനെ ഇത്തവണ യാത്ര ഇരുചക്രത്തിൽ ആക്കി. ബസിന്റെയോ കാറിന്റെയോ പോലെ ജനല്ചില്ലുകളിലൂടെ ഉള്ള പരിമിതമായ കാഴ്ചകൾ അല്ലാലോ ബൈക്കിൽ പോകുമ്പോൾ.. അല്ലെങ്കിലും പ്രകൃതിയെന്ന മഹാ ക്യാൻവാസ് മനസ്സിലാകണമെങ്കിൽ ചുറ്റും കാണാവുന്ന കാലാവസ്ഥ തൊട്ടറിയാവുന്ന ബൈക്ക്‌ തന്നെയാണ് നല്ലതു….

പ്ലാന്റഷന് വഴിയാണ് അങ്ങോട്ടുള്ള യാത്ര. വഴി നീളെ പശുക്കൾ ഉള്ളത് കൊണ്ട് നല്ല രസമായിരുന്നു. ഫോറെസ്റ് ഓഫീസിൽ നിന്നു പാസും എടുത്തു ഞങ്ങൾ യാത്ര തുടർന്നു.  ഇടക്ക് ഞങ്ങളെ തണുപ്പിക്കാനാവണം നൈസായി മഴ പെയ്തു. അങ്ങനെ ജലദേവതയുടെ അനുഗ്രഹാശ്രുക്കൾ ഏറ്റുവാങ്ങി നേരെ ചാർപ്പയിൽ എത്തി. നല്ല തുമ്പപ്പൂ നിറത്തിൽ ഉള്ള വെള്ളച്ചാട്ടം കണ്ടാൽ തന്നെ കൊതിയാകും. മുല്ലപ്പൂ തോറ്റുപോകുന്ന വെളുപ്പും ആലിപ്പഴത്തിന്റെ തണുപ്പും.. അങ്ങനെ വനദേവതയും ജലദേവതയും ഒന്നാകുന്ന നിമിഷമത്തിനു സാക്ഷ്യം വഹിച്ചു. ചാർപ്പയിലെ കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ  അതിരപ്പിള്ളിയിലേക്കു വണ്ടി തിരിച്ചു. മലക്കപ്പാറ വരെ എങ്കിലും പോകണം എന്നുണ്ടായിരുന്നുവെങ്കിലും ഉൾകാട്ടിലേക്കുള്ള യാത്ര ഇത്തവണ നടന്നില്ല.

സ്ഥിരം പോകാറുള്ള റൂട്ട് ആയതിനാലും ഉടനെ തന്നെ പ്രിയ സുഹൃത്ത് Akhil Thoppil നു വാൽപ്പാറയിലെ ചായ കുടിക്കാൻ പോകണം എന്ന നേർച്ച ഉള്ളതിനാലും അങ്ങോട്ട് പോകാൻ കഴിയാത്തതിനു ഞങ്ങൾക്ക് വിഷമം ഇല്ല. അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടം പല തവണ കണ്ടിട്ടുണ്ടെങ്കിലും അവൾ ഏറ്റവും മനോഹാരിയായിട്ടു തോന്നിയത് ഇന്നാണ്. കൂട്ടമായി എത്തുന്ന വെള്ളം താഴേക്ക് പതിച്ചു പാറ കെട്ടുകളിൽ തട്ടി ചിന്നിച്ചിതറിയപ്പോഴും അവരുടെ മുഖങ്ങളിൽ പുഞ്ചിരി മാത്രമേ ഞങ്ങൾക്കു കാണാൻ കഴിഞ്ഞൊള്ളു. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ഞങ്ങൾ അവിടെ കണ്ടില്ല … ചിതറിത്തെറിച്ച ജലകണങ്ങൾ ഒന്ന് സംഭവിക്കാത്തത് പോലെ പിന്നെയും ഒഴുകുന്നതു കണ്ടു..

കുറെ നേരത്തെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു. വരുന്ന വഴികളിൽ എന്റെ ചിന്ത മൊത്തം ആ വെള്ളച്ചാട്ടത്തെ കുറിച്ചായിരുന്നു. നമ്മൾ ആണ് അവരുടെ സ്ഥാനത്തു എങ്കിലോ ഒരു പക്ഷെ പരസ്പരമുള്ള എത്ര കുറ്റപ്പെടുത്തലുകൾ ഉണ്ടായേനേ. അതെ, പ്രകൃതി തന്നെയാണ്‌ ഏറ്റവും വലിയ ഗുരു.. എവിടെയൊക്കെയോ എത്താനുള്ള, എന്തെങ്കിലുമൊക്കെ ആകാനുള്ള ജീവിതപ്പാച്ചിലിനിടയിൽ നമ്മൾ ആരെയും ഒന്നും ശ്രദ്ധിക്കുന്നേയില്ല. അതാണ് മനുഷ്യന്റെ ഇന്നത്തെ ന്യൂനത. ഇനിയും അതിരപ്പിള്ളിയിൽ കാഴ്ചകൾ കാണുവാൻ  ഞങ്ങൾ പോകും… ആ സൗന്ദര്യം പല ഭാവങ്ങളിൽ ഞങ്ങൾക്ക് ആസ്വദിക്കണം… അതെ നമ്മുടെയെല്ലാം അഭിമാനമായി ഒഴുകുന്ന അവൾ സുന്ദരിയല്ലേ?

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply