KSRTC Malappuram – ഓട്ടം താഴോട്ട്; ഒരുവര്‍ഷംകൊണ്ട് 64ല്‍ നിന്ന് 43ലേക്ക്

ഓരോ ദിവസവും മലപ്പുറം കെ. എസ്.ആര്‍.ടി.സി ഡിപ്പോയിലെ വരുമാനത്തില്‍ രണ്ടുലക്ഷം കുറവ് വരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. 64 ഷെഡ്യൂളുകള്‍ 43 ആയി ചുരുങ്ങി. ഏഴുലക്ഷമുണ്ടായിരുന്ന പ്രതിദിന വരുമാനം പലപ്പോഴും അഞ്ചും നാലരയും അതിന് താഴേക്കുമിറങ്ങി. കെ.യു.ആര്‍.ടി.സിയുടെ ഏഴ് ലോ ഫ്‌ളോര്‍ ബസ്സുകള്‍ കൂടിയെത്തിയതോടെയാണ് വരുമാനം ഇത്രയെങ്കിലുമെത്തുന്നത്. ഇതുകൂടി ചേര്‍ക്കുമ്പോള്‍ ആകെ 50 ഷെഡ്യൂളുകളുണ്ട്. എന്നിട്ടും വരുമാനം ഇത്രയേയുള്ളോയെന്ന ചോദ്യം ബാക്കിയാണ്.

തിരൂര്‍ സര്‍വീസ് 14ല്‍നിന്ന് നാലിലേക്ക്

പ്രതിദിനം മികച്ച കളക്ഷന്‍ കിട്ടിയിരുന്ന മലപ്പുറം  തിരൂര്‍ റൂട്ടില്‍ 14 സര്‍വീസുകളാണുണ്ടായിരുന്നത്. എന്നാല്‍ ഇതിപ്പോള്‍ നാലു സര്‍വീസിലേക്ക് ഒതുങ്ങി. ചില ദിവസങ്ങളില്‍മാത്രം അഞ്ച് സര്‍വീസുകള്‍ നടത്തുന്നു. വര്‍ഷങ്ങളായി കെ.എസ്.ആര്‍.ടി.സിക്ക് മികച്ച കളക്ഷനുള്ള റൂട്ടില്‍ ഇത്തരത്തില്‍ ബസുകളുടെ എണ്ണം കുറഞ്ഞത് കോര്‍പ്പറേഷന്  ക്ഷീണമുണ്ടാക്കുന്നുണ്ട്.

14 സര്‍വീസുകള്‍ ഉണ്ടായിരുന്ന സമയത്ത് 20 മിനിറ്റ് ഇടവേളകളിലാണ് ബസുകള്‍ ഓടിയിരുന്നത്. അന്വേഷിച്ചാല്‍ 14 സര്‍വീസുകള്‍ കൊണ്ടുപോകാന്‍ ആളില്ലെന്ന സ്ഥിരംപല്ലവിയാണ് മറുപടി.

ksrtc malappuram

പാസ് വാങ്ങി വെട്ടിലായി

തിരൂര്‍ റൂട്ടില്‍ എണ്ണൂറിലധികം പാസുകളാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. നിശ്ചിതസംഖ്യ അടച്ച് പാസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പക്ഷേ കയറാന്‍ ബസ് കാണാറില്ല. 14 സര്‍വീസിന് കണക്കാക്കിയാണ് ഡിപ്പോയില്‍നിന്ന് പാസ് വിതരണം ചെയ്തത്. പക്ഷേ, ഓടുന്നത്  നാലെണ്ണം. ഇതില്‍ മറ്റ് യാത്രക്കാര്‍ക്കുതന്നെ സ്ഥലമുണ്ടാകാത്ത അവസ്ഥ.

ഫലത്തില്‍, പാസ് വാങ്ങിയ വിദ്യാര്‍ഥികള്‍ പിന്നെയും പണംനല്‍കി സ്വകാര്യബസില്‍ യാത്ര ചെയ്യും. ഓരോ വര്‍ഷവും ഈ റൂട്ടില്‍ ധാരാളം പാസുകള്‍ നല്‍കാറുണ്ട്. 14 സര്‍വീസുകളുള്ളതിനാല്‍ ഫലപ്രദമായ രീതിയില്‍ നടത്തിക്കൊണ്ടുപോകാനും കഴിഞ്ഞിരുന്നു. ഈ പ്രതീക്ഷയിലാണ് സ്‌കൂളുകള്‍ തുറന്നപ്പോള്‍ ഇത്തവണയും ഡിപ്പോയില്‍ വരിനിന്ന് വിദ്യാര്‍ഥികള്‍ പാസ് ഒപ്പിച്ചത്. വെയില്‍ കൊണ്ടത് മിച്ചം.

തിരുവനന്തപുരം സര്‍വീസുകള്‍ പാതിവഴിയില്‍

മലപ്പുറത്തുനിന്ന് അഞ്ച് തിരുവനന്തപുരം സര്‍വീസുകളാണുള്ളത്. പുലര്‍ച്ചെ 5.15നും രാത്രി 8.15നുമിടയില്‍. എന്നാല്‍ മലപ്പുറം വണ്ടിയില്‍ തിരുവനന്തപുരത്തേക്ക് കയറിയാല്‍ പലപ്പോഴും പാതിവഴിയിലിറങ്ങേണ്ട അവസ്ഥയാണ്. ഒരു മാസത്തിനിടെ പലതവണ തിരുവനന്തപുരം സര്‍വീസുകള്‍ പാതിവഴിയില്‍ നിലച്ചു. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെത്തുമ്പോള്‍ ബസുകള്‍ ബ്രേക്ക് ഡൗണ്‍ ആവും.

പിന്നീട് യാത്രക്കാരെ കോര്‍പ്പറേഷന്റെതന്നെ പിറകില്‍ വരുന്ന ബസ്സില്‍ കയറ്റിയയയ്ക്കും. പണം നഷ്ടമാകില്ലെങ്കിലും യാത്രക്കാര്‍ക്ക് നഷ്ടമായ സമയം എങ്ങനെ തിരിച്ചുനല്‍കും? കൃത്യസമയം കണക്കാക്കി അത്യാവശ്യകാര്യങ്ങള്‍ക്ക് പോകുന്നവരാണെങ്കില്‍ ഇത്തരം സര്‍വീസിനെ ആശ്രയിക്കാന്‍ മടിക്കും. ദിവസേന 20,000മുതല്‍ 30,000വരെ കളക്ഷനുള്ള സര്‍വീസിന്റെ അവസ്ഥയാണിത്. കാര്യക്ഷമത കുറഞ്ഞ വാഹനങ്ങളുപയോഗിക്കുന്നതും കൃത്യമായ പരിശോധനയില്ലാത്തതുമാണ് കാരണം.

ആവശ്യത്തിന് ജീവനക്കാരില്ല

കെ.എസ്.ആര്‍.ടി.സി. ഷെഡ്യൂളുകള്‍ മുടങ്ങാന്‍ കാരണം ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളില്‍ ആളില്ലാത്തതാണ്. സ്ഥിരംജീവനക്കാരില്‍  142 കണ്ടക്ടര്‍മാരും 153 ഡ്രൈവര്‍മാരുമാണുള്ളത്. താത്കാലിക വിഭാഗത്തില്‍ 37 കണ്ടക്ടര്‍മാരും 27 ഡ്രൈവര്‍മാരുമുണ്ട്. കെ.യു.ആര്‍.ടി.സി ലോ ഫ്‌ലോര്‍ സര്‍വീസ് വന്നതോടെ ഏഴ് സര്‍വീസ് കൂടി. ഇതിലേക്കും ജീവനക്കാരെ നല്‍കിയപ്പോള്‍ നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ ഓടിക്കാന്‍ ആളില്ലാതായി.

ദീര്‍ഘദൂര സര്‍വീസുകളില്‍ തുടര്‍ച്ചയായി ഒരേ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തുടരാന്‍ കഴിയില്ല. നിശ്ചിത ഇടവേളകളില്‍ ജീവനക്കാര്‍ മാറി വേണം ജോലിയെടുക്കാന്‍.
എല്ലാം കൂടിയാകുമ്പോള്‍ സര്‍വീസ് നടത്താന്‍ ആളില്ലാത്ത അവസ്ഥ. ഓരോ തവണ കണ്ടക്ടര്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴും മലപ്പുറത്തേക്ക് ആളില്ലാത്ത അവസ്ഥയാണ്. എന്നാല്‍ സംസ്ഥാനത്ത് പലയിടത്തും ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള ഡിപ്പോകളുമുണ്ട്. ഇത് കാര്യക്ഷമമായ രീതിയില്‍ ക്രമീകരിക്കാനും തയ്യാറാകുന്നില്ല.

KSRTC യുടെ നിലവിലെ ഷെഡ്യൂൾ പ്രകാരം മലപ്പുറം ഡിപ്പോയിൽ നിന്നുള്ള സർവ്വീസുകളുടെ സമയ വിവരങ്ങൾ എല്ലാം തന്നെ www.aanavandi.com ൽ ലഭ്യമാണ്. 

News: Mathrubhumi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply