ബോഡിമെട്ടു + ബോഡിനായ്ക്കന്നൂർ = ഒരു ബൈക്കു യാത്ര

ബോഡിമെട്ടു ചുരമറിഞ്ഞു ബോഡിനായ്ക്കന്നൂരിലേക്കു ഒരു ബൈക്കു യാത്ര.

വിവരണം – റിയാസ് റഷീദ്.

(വര്‍ഷം – 2015) ശനിയാഴ്ചയായാൽ മനസ്സിനൊരു സന്തോഷമാണു.. കാരണം വേറൊന്നുമല്ല.. ഞായറാഴ്ച ലീവാണു,എവിടെയെങ്കിലും കറങ്ങാൻ പോകാം,അത്ര തന്നെ.. കൊച്ചിയിലെ ഓഫിസിൽ നിന്നും ഇറങ്ങിയതും നേരെ പോയത്‌ സമീപത്തെ പെട്രോൾ പമ്പിലേക്കായിരുന്നു, 500 രൂപയ്ക്കു ബൈക്കിൽ പെട്രോൾ അടിച്ചു നേരെ വീട്ടിലേക്കു.. ഇനിയാണു പണി കിടക്കുന്നത്‌,നാളെ എങ്ങോട്ടു പോകണം എന്നു തീരുമാനിക്കണം,അങ്ങോട്ടേക്കുള്ള വഴികൾ,കിട്ടാവുന്ന വിവരങ്ങൾ അങ്ങനെ എല്ലാം തപ്പിയെടുക്കണം.

അങ്ങനെ സകലയാത്ര ഗ്രൂപ്പുകളും തപ്പിയപ്പോഴാണു ബോഡിനായ്ക്കന്നുർ എന്ന പേരു മനസ്സിൽ ഉടക്കിയതും ആ സ്ഥലത്തേക്കുറിച്ചു മുൻപ്‌ വായിച്ച വിവരണങ്ങളും ചിത്രങ്ങളും മനസ്സിലേക്കു കടന്നു വന്നതും..പിന്നെ ഒന്നും നോക്കിയില്ല ബോഡിനായ്ക്കന്നുർ തന്നെ ആകട്ടെ നാളത്തെ യാത്ര എന്നു മനസ്സിൽ തീരുമാനിച്ചു റൂട്ടും മറ്റു കാര്യങ്ങളും നോക്കി മനസ്സിലാക്കി സുന്ദരമായ ഒരു യാത്രയും മനസ്സിൽക്കണ്ടു ഉറങ്ങാൻ കിടന്നു ഞാൻ.. മൈന, പകിട, പിതാമഹൻ, അവൻ ഇവൻ, കുംകി, തുടങ്ങിയ ചിത്രങ്ങളിലെ മനോഹരമായ ബോഡി ദൃശ്യങ്ങൾ മനസ്സിലോർത്തു കൊണ്ടു ഉറക്കത്തിന്റെ അഗാധതയിലേക്കു….

പതിവു പോലെതന്നെ ഞായറാഴ്ച അതിരാവിലെ ബൈക്കും കൊണ്ടു കടവന്ത്രയിൽ നിന്നും യാത്രയാരംഭിച്ചു. എല്ലായാത്രകളിലും എന്റെ കൂടെ ഉണ്ടാകുന്ന എന്റെ DSLR ക്യാമറ ഈ യാത്രയിൽ ഇല്ല എന്ന പ്രത്യേകത കൂടിയുണ്ട് ഈ യാത്രയ്ക്കു, അതൊരു കുറവു തന്നെയായിരുന്നു, ക്യാമറ സർവ്വീസിനു കൊടുത്തതിനാൽ എനിക്കു ഒരുപാടു മനോഹര ദൃശ്യങ്ങൾ നഷ്ടമായി എന്നു തന്നെ പറയാം. വൈറ്റില-തൃപ്പൂണിത്തറ-മൂവാറ്റുപുഴ-കോതമംഗലം വഴി ഹൈറേഞ്ചിന്റെ പ്രവേശനകവാടമായ നേര്യയമംഗലത്തേക്കു..എർണ്ണാകുളത്തുനിന്നും ഇതുവഴിയുള്ള എന്റെ എല്ലാ ബൈക്കു യാത്രകളിലും ഞാനിവിടെ നിന്നുമാണു ബ്രേക്ഫാസ്റ്റ്‌ കഴിക്കുന്നത്‌..നല്ല നാടൻ ഭക്ഷണം കിട്ടുന്ന ഒരമ്മച്ചിയുടെ കടയുണ്ടിവിടെ..

ഇവിടെ നിന്നും എർണാകുളം ജില്ലയോടു വിട പറയുകയാണു, പെരിയാറിനു കുറുകേയുള്ള നേര്യമംഗലം പാലം കടന്നാൽ ഇടുക്കി ജില്ലയായി.. അന്വേഷിച്ചപ്പോൾ ഈ പാലത്തിനു ഒരു ചരിത്രം ഉള്ളതായി അറിയാൻ സാധിച്ചു.അതിങ്ങനെയാണു… കൊച്ചിയിൽ നിന്നും തട്ടേക്കാട്-പൂയംകുട്ടി-മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യപാത. ഹൈറേഞ്ചിൽ നിന്നും സുഗന്ധവ്യജ്ഞനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാത വഴിയായിരുന്നു. പുതിയ പാതയിലുള്ള വിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിലുണ്ടായിരുന്നില്ല. 1924-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ് നമാവശേഷമായി. പൂയംകുട്ടി മുതൽ മാങ്കുളം വരെയുള്ള പാത വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞു. തന്മൂലം കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന് ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിക്കാൻ മഹാറാണി സേതു ലക്ഷ്മി ഭായി ഉത്തരവിട്ടു.. 1924-ൽ നിർമ്മാണം ആരംഭിച്ച പാലം ശർക്കരയും ചുണ്ണാമ്പും കലർത്തിയുണ്ടാക്കുന്ന സുർഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിർമ്മിച്ചത്.

ഹൈറേഞ്ചിന്റെ വ്യാപാര – വ്യവസായ മേഖലയ്ക്കു പുതിയ കരുത്തു നൽകിക്കൊണ്ട് 1935 മാർച്ച് 2-നു ശ്രീചിത്തിരതിരുനാൾ രാമവർമ്മ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. സേതു ലക്ഷ്മി ഭായിയുടെ പേരിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 1935-നു ശേഷം ഹൈറേഞ്ചിനുണ്ടായിട്ടുള്ള എല്ലാ വളർച്ചയിലും നേര്യമംഗലം പാലത്തിനു മുഖ്യപങ്കുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിനു വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്. ദക്ഷിണേന്ത്യയിലെ പ്രഥമ ആർച്ച് പാലമാണ് കേരളത്തിലെ എറണാകുളം – ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം . ഈ അറിവു എന്നെ ഞെട്ടിച്ചു എന്നു തന്നെ പറയാം.. ഇതുവഴി എത്രയോ തവണ യാത്ര ചെയ്തിരിക്കുന്നു, എന്നിട്ടും ഇങ്ങനെ ചില അറിവുകൾ അറിയാതെ പോയല്ലോ? 80 വർഷത്തെ ചരിത്രങ്ങളുമായി ഇന്നും ഈ പാലം നമ്മളെ ഹൈറേഞ്ചിലേക്കു സ്വാഗതമരുളുന്നു..

ചീയപ്പാറ-വാളര വെള്ളച്ചാട്ടങ്ങൾ വെള്ളമില്ലാതെ ചാടുന്നതു പോലെ തോന്നി.. വെള്ളമില്ലെങ്കിലും അവിടെയും സഞ്ചാരികളുടെ ബഹളത്തിനു ഒരു കുറവുമില്ല.നേരെ അടിമാലി വഴി മൂന്നാറിനു, മൂന്നാറിൽ നിന്നും ഒരു ചായ കൂടി കുടിച്ചതിനു ശേഷം നേരെ ദേവികുളത്തേക്കു ഞാനും കരിസ്മയും യാത്രയായി.

ദേവികുളത്തെ ലേക്-ഹേർട്ടിൽ കുറച്ചുനേരം വിശ്രമം, ഈ വശീകരിക്കുന്ന ലേക്-ഹാർട്ട് എന്നെ പല ഓർമ്മകളിലേക്കും കൊണ്ടുപോയി, യാത്രയിൽ ചില ഓർമ്മകൾക്കു സ്ഥാനം ഇല്ലാത്തതു കൊണ്ടു ഞാൻ ബൈക്കു സ്റ്റാർട്ട് ചെയ്തു ഗ്യാപ് റോഡിലേക്കു യാത്രയായി, ചൊക്രന്റെ (ചൊക്രമുടി) മടിത്തട്ടിൽ ഒരല്പം ധ്യാനിച്ചു..ചൊക്രനും ഞാനും തമ്മിൽ വലിയ ഒരു ആത്മ ബന്ധം ഉള്ളതിനാലാണു ഈ ധ്യാനം. ഇവിടുത്തെ വെള്ളച്ചാട്ടത്തിലും വെള്ളമില്ല, എങ്കിലും ബൈക്കു നിർത്തി, വണ്ടി കഴുകി കൊണ്ടിരുന്ന ഒരാളെ പരിജയപ്പെട്ടു, എന്റെ ലക്ഷ്യ സ്ഥാനമായ ബോഡിനായ്ക്കന്നൂരിലേക്കുള്ള പുതു വഴികൾ തേടുക എന്നതാണു എന്റെ ലക്ഷ്യം, അങ്ങനെ ബോഡി മെട്ടിലേക്കു ഒരു പുതിയ വഴി ഈ ജീപ്പ് ഡ്രൈവറിൽ നിന്നും അറിയാൻ സാധിച്ചു, പണ്ടു കള്ളക്കടത്തു നടത്തിക്കൊണ്ടിരുന്ന വഴിയാണു, ഇപ്പോൾ വണ്ടികൾ വളരെ കുറവാണു എന്നും കൂടിയറിഞ്ഞപ്പോൾ ഞാൻ ഹാപ്പിയായി, സ്ഥിരം റുട്ടായ പൂപ്പാറ വഴി പോകാതെ സൂര്യനെല്ലിയിലേക്കുള്ള വഴിയിലേക്കു ഇടത്തേക്കു ബൈക്കു തിരിച്ചു യാത്രയായി ഞാൻ, നേരെ പോയാൽ സൂര്യനെല്ലിയാണു, ചിന്നക്കനാൽ എന്ന സ്ഥലത്തു നിന്നും വലത്തോട്ടുള്ള റോഡിലേക്കായി യാത്ര.

താഴെ ആനയിറങ്ങൽ ഡാം റിസർവ്വോയറിന്റെ മനോഹരമായ കാഴ്ചകൾ, എതിരെ വാഹനങ്ങൾ ഇല്ല എന്നു തന്നെ പറയാം, വഴിയിൽ ഓറഞ്ചുമരങ്ങൾ കായ്ച്ചു കിടക്കുന്നതു കണ്ടപ്പൊൾ സഹിച്ചില്ല, ഓറഞ്ചു പറിക്കാം എന്നു വെച്ചാൽ വഴിയിൽ ആണെങ്കിൽ ഒരാളെപ്പോലും കാണുന്നുമില്ല, ആ അഗ്രഹം മനസ്സിൽ അടക്കി യാത്ര തുടർന്നു.

ചിലതോടിന്റെ കരയിലിരുന്നു തമിഴന്മാർ പരസ്യമായി മദ്യപിക്കുന്നു, തമിഴ്നാടു വാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ടും പരസ്യമായ മദ്യപാനം. ഇപ്പോൾ തന്നെ ഈ റൂട്ട് എങ്ങനെയുള്ളതാകുമെന്നു നിങ്ങൾക്കു ഒരു എകദേശ ഐഡിയ കിട്ടിക്കാണുമല്ലോ?
വഴി ചോദിക്കാൻ പോലും ഒരാളെയും കാണുന്നില്ല.ഗ്രാൻഡിസ്-യൂക്കാലി-ഏലത്തോട്ടങ്ങളുടെ ഇടയിലൂടെ ഏകാന്തമായ ഒരു യാത്ര.അങ്ങനെ കേരളത്തിന്റെ അതിർത്തിയായ ബോഡിമെട്ടിൽ എത്തി ഞാൻ,

ബോഡിമെട്ട് തമിഴ് നാട്ടിലെ തേനി ജില്ലയിൽ ഉൾപ്പെട്ട ഒരുഗ്രാമം ആണു, ഇവിടുന്നു ഒരു ചായ കൂടി ,എന്റെ ഭാഷയിൽ പറഞ്ഞാൽ കിടുക്കൻ ചായ തന്നെ, ഇനി അങ്ങോട്ടു ബോഡിമെട്ടു ചുരമാണു, ഈ ചുരത്തിനും മൂന്നാറിനും തമ്മിൽ വളരെയേറെ ബന്ധം ഉണ്ട്, ഒരു കാലഘട്ടത്തിന്റെയും ചൂഷണങ്ങളുടെയും അടിച്ചമർത്തലുകളുടേയും ഒരു വലിയ ചരിത്രം തന്നെ ഈ ചുരം തുറന്നിട്ടിരിക്കുന്നു, എനിക്കു കിട്ടിയ അറിവുകൾ വളരെ പരിമിതമാണു.ഈ ഒരു ലോകത്തിൽ ഒതുങ്ങുന്നതല്ല ഈ ചരിത്രങ്ങൾ ഒന്നും തന്നെ, അതുകൊണ്ടു തന്നെ ചരിത്രങ്ങൾ മടക്കിവെച്ചുകൊണ്ടു ഞാൻ ചുരമിറങ്ങി.

വളരെ അപകടം പിടിച്ച ഒരു റുട്ടാണിത്, വഴിയിൽ റോഡുപണി നടക്കുകയാണു, മണ്ണു ഇട്യ്ക്കിട്യ്ക്കു ഇടിഞ്ഞു വീണിരിക്കുന്നു, ഇത്രയും നേരത്തെ പ്രകൃതിയിൽ നിന്നും പെട്ടെന്നുള്ള ഒരു മാറ്റം ഒരു വല്ലാത്ത മാറ്റം തന്നെയാണു, മൂന്നറിന്റെ തണുപ്പിൽ നിന്നും തമിഴ്നാടിന്റെ വരണ്ട-ചൂടുള്ള കാറ്റു ശരിക്കും അനുഭവിച്ചറിയാൻ സാധിക്കുന്നു, തമിഴ്നാടിന്റെ ബസ്സുകളുടെ പോക്കു കണ്ടിട്ട് ശരിക്കും വിറച്ചുപോയി, അതിലിരിക്കുന്ന യാത്രക്കാരുടെ അവസ്ഥ എന്താകുമോ എന്തോ?

ഈ ചുരത്തിന്റെ ഭീകരതയും സൗന്ദര്യവും അറിയണമെങ്കിൽ ബൈക്കു യാത്ര തന്നെ ചെയ്യണം. പല സിനിമകളിലും കണ്ടു മറന്ന ദൃശ്യങ്ങൾ, പലയിടങ്ങളിലും മണ്ണു ഇടിഞ്ഞു പോയിരിക്കുന്നു, അതിന്റെ കല്കെട്ടും തകർന്നിരിക്കുന്നു, സുരക്ഷാവേലികൾക്കു പകരം ചെറിയ കല്ലുകൾ വെച്ചിരിക്കുന്നു, അതിലൊന്നു തെറ്റിയാൽ ചിത്രം വിചിത്രമാകും, താഴെ അഗാധതയിൽ ഭുമി വിളിക്കുന്നതു പോലെ, ഇത്രയും അപകടം പിടിച്ച ഒരു ചുരത്തിലൂടെ ഇതിനു മുൻപ് ഞാൻ ബൈക്കിൽ യാത്ര ചെയ്തിട്ടില്ല.

ക്യാമറ ഇല്ലാഞ്ഞത് എന്നെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്, താഴത്തെ മുന്തൽ എന്ന ഗ്രാമത്തിൽ നിന്നും നെരേ പോയാൽ കൊരങ്ങിണിയായി,(എന്റെ അടുത്ത യാത്ര ഇങ്ങോട്ടായിരിക്കും) ദേശീയപാത കൊച്ചി-മധുര ( NH 49 ) വലത്തൊട്ടു വളഞ്ഞു കിടക്കുന്നു, വലത്തൊട്ടു പോയാൽ തേനി വഴി മധുരയ്ക്കു പോകാം, തമിഴ് നാടിന്റെ കാർഷിക ഗ്രാമങ്ങളാണിനി, വഴിയിൽ കണ്ട ചെറിയ ഒരു കടയിൽ കയറി ഞാൻ, കടയിലെ അമ്മയുമായി പെട്ടെന്നു തന്നെ പരിചയത്തിലായി. കൂറെ മുറുക്കും, പലഹാരങ്ങളും വെട്ടിവിഴുങ്ങി, കടയുടെ പുറകിൽ കണ്ട പുളിമരത്തിൽ കയറി കൂറച്ചു പുളിയും പറിച്ചു തിന്നു, അതിൽ ഉപ്പും മുളകും അമ്മച്ചി തന്നെ പുരട്ടി തന്നു, ഇന്നലെ വരെ എനിക്കിവരെ അറിയില്ലായിരുന്നു, യാത്രകൾ പുതിയ ബന്ധങ്ങൾ സമ്മാനമായി തരുന്നു എന്നതിന്റെ ഉദാഹരണം മാത്രം, യാത്ര പറഞ്ഞു നേരെ ബോഡിനായ്ക്കന്നുരിലേക്കു.

റോഡിനിരുവശവും കാർഷിക നിലങ്ങൾ . ബോഡിനായ്ക്കന്നൂരിൽ നമ്മളെ വരവേല്ക്കുന്നത് വീരപാൻഡ്യയ കട്ടബൊമ്മന്റെ ഒരു പ്രതിമയാണു, ആ സർക്കിളിൽ ഒന്നു വലം വെച്ചു ടൗൺ ഒന്നു കറങ്ങി, ഇവിടങ്ങളിലെ കാപ്പി വളരെ പ്രസിദ്ധമാണു, ഇവിടുത്തെ ഒരു കാപ്പിയും കുടിചു, കിടുക്കൻ കാപ്പി തന്നെ..ഇനി ബോഡിനായ്ക്കന്നൂരിനെ അടുത്തറിയാം…

ബോഡിനായ്ക്കന്നൂർ : ഇവിടുത്തെ കാലാവസ്ഥയും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും അടുത്തറിഞ്ഞ നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രു സൌത്തിന്റെ കാശ്മീർ എന്നു ബോഡിനായ്ക്കന്നൂരിനെ വിശേഷിപ്പിച്ചു എന്നാണു ചരിത്രം. ഇന്ത്യയിലെ ഏലക്കായുടെ തലസ്ഥാനം( “Cardamom Capital of India”. ) എന്നാണു ഈ നാടു അറിയപ്പെടുന്നത്.

ഇനിയും ഒരുപാടു കാഴ്ചകൾ എനിക്കിവിടെ കാണുവാനും അറിയുവാനും ഉണ്ട്, ക്യാമറ കയ്യിൽ ഇല്ലാത്തത് കൊണ്ടു യാത്ര ചെയ്യാനും പുതിയ കാഴ്ചകളെ വരവേല്ക്കനും ഒരു മടി അനുഭവപ്പെടുന്നതു പോലെ. ഇനിയും യാത്ര ചെയ്യനാണുണ്ട്. തേനിയിൽ എത്തണം. പറ്റുമെങ്കിൽ അവിടുന്നു മധുരയ്ക്കു പോകണം. പുതിയ യാത്രകളുമായി ഉടൻ വരാം, നന്ദി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply