തായ്ലൻഡിലെ ഗുഹയും, അഞ്ചുരുളി ഗുഹയിലെ പേടിപ്പിക്കുന്ന അനുഭവങ്ങളും…

കടപ്പാട് – ഹബീബ് റഹ്മാന്‍,  ദീനദയാല്‍ വി.പി.

തായ്ലൻഡിലെ ഗുഹക്കുള്ളിൽ ഫുട്ബോൾ കോച്ചും പന്ത്രണ്ട് കുട്ടികളും കുടുങ്ങിയ വാർത്ത അറിഞ്ഞതു ഞെട്ടലോടെയാണ്. തുടർന്ന് മൂന്ന് ദിവസമായി അവരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനങ്ങളെ സാകൂതം വീക്ഷിക്കുകയായിരുന്നു. ദൗത്യസംഘത്തിൽ ഒരാളുടെ ജീവൻ ബലി നൽകി ഗുഹയിൽ കുടുങ്ങിയ പതിമൂന്ന് പേരെയും രക്ഷപ്പെടുത്തിയ പ്രത്യേക ദൗത്യസംഘം അഭിനന്ദനമർഹിക്കുന്നു. ഒരു ഗുഹക്കുള്ളിലെ ഭീകരതയും അപകടങ്ങളും ഒരിക്കൽ നേരിട്ട് അനുഭവിച്ചിട്ടുള്ള ആളെന്ന നിലക്ക് അവർ അനുഭവിച്ച യാതനകളുടെ ആഴം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.

2016 November 26 ന് Subair Muhammed, Sayid Fazil, Omer Sidhiqui ഇവരെയും കൂട്ടി നാട്ടിൽ നിന്നും തുടങ്ങിയ അലക്ഷ്യമായ ഒരു യാത്ര ചെന്നെത്തിച്ചത് മൂന്നാറിലേക്ക്. മൂന്നാർ യാത്രകൾ പലപ്പോഴും ഉണ്ടാകാറുള്ളതാണെങ്കിലും ഇനി അവിടെ കാണാൻ ബാക്കിയുള്ള ലിസ്റ്റിൽ പ്രധാനപ്പെട്ടത് അഞ്ചുരുളി ആയത് കൊണ്ട് വണ്ടി നേരെ അഞ്ചുരുളി ലക്ഷ്യം വെച്ചു. കട്ടപ്പനയിൽ നിന്നും പത്ത് കിലോമീറ്ററോളം മാറി ഇടുക്കി ഡാമിന്റെ പിൻവശത്തായാണ് സ്ഥലം കിടക്കുന്നത്. ഉച്ചയോടു കൂടി അഞ്ചുരുളി എത്തി. കാർ പാർക്ക് ചെയ്ത് കുറച്ച് താഴേക്ക് നടന്നിറങ്ങി വേണം അഞ്ചുരുളി ടണലിന്റെ മുന്നിലേക്കെത്താൻ. നൂറ് മീറ്റർ നടന്നിറങ്ങിയപ്പൊഴേക്കും വശ്യസുന്ദരമായ ഇടുക്കി ഡാമിന്റെ ഓരത്തെത്തി. ഇവിടെയാണ് ഇടുക്കി ഡാമിന്റെ ആരംഭം.

ഇരട്ടയാറിൽ അണക്കെട്ട് നിർമ്മിച്ച് അവിടെ നിന്ന് വെള്ളം ഇടുക്കി ഡാമിലേക്കെത്തിക്കാൻ കല്യാണത്തണ്ട് എന്ന് പേരുള്ള മലയുടെ ഏറ്റവും മുകൾ ഭാഗത്തായി പാറ തുരന്ന് 1974 ൽ പണി തുടങ്ങി 1980 ൽ ഉദ്ഘാടനം നിർവ്വഹിച്ച തുരങ്കമാണ് അഞ്ചുരുളി ടണൽ എന്നറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രം.

ടണലിൽ നിന്നും പുറത്തേക്ക് പരന്നൊഴുകുന്ന വെള്ളത്തിലൂടെ ശ്രദ്ധിച്ച് വേണം ഗുഹയിലേക്ക് പ്രവേശിക്കാൻ. സീസൺ ആയതിനാൽ ധാരാളം സഞ്ചാരികൾ ഉണ്ടായിരുന്നു. അങ്ങനെ ഒരു കേവല സഞ്ചാരികളായി ഞങ്ങളും അവരോടൊരൊപ്പം ചേർന്ന് ഗുഹാമുഖം കണ്ട് ആസ്വദിച്ചു ഗുഹക്കള്ളിലേക്ക് കയറി. സഞ്ചാരികളെല്ലാം ഗുഹാമുഖത്ത് കയറി സെൽഫിയും ഫോട്ടോസും എടുക്കുന്ന തിരക്കിലാണ്. ഇരുപത്തിനാല് അടി മാത്രം വ്യാസമുള്ള ഗുഹയിലൂടെ മുട്ടോളം ഉയരത്തിൽ വെള്ളം ഒഴുകി വരുന്നു. ഒഴുകി വരുന്ന വെള്ളത്തിന്റെ ഇരുവശത്തുള്ള ഓരം പിടിച്ച് പാറകളിലൂടെ ചാടി നടന്ന് ഞങ്ങൾ കുറച്ച് കൂടി മുന്നോട്ട് പോയി നോക്കി. ഇപ്പോൾ ബാക്കിയുള്ളവരെല്ലാം ഞങ്ങളുടെ പിറകിലാണ്. മുന്നിലേക്ക് ഗുഹ നീണ്ട് കിടക്കുന്നു.

മുന്നിലേക്ക് നോക്കിയാൽ ഇരുളിന്റെ കറുപ്പിന് നടുവിൽ കടുക്മണിയോളം വലുപ്പത്തിൽ ഒരു വെളുത്ത പുള്ളി കാണാം. ആ പുള്ളിയാണ് ഗുഹയുടെ മറ്റേ അറ്റം എന്ന് മനസ്സിലായി. നമുക്ക് ഈ ഗുഹയുടെ മറ്റേ അറ്റം വരെ പോയാലോ എന്ന നിർദ്ദേശം വെച്ചത് ഞാനാണ്. ഉടനെ സിദ്ദീഖിന്റെ ചോദ്യം ഗുഹ എത്ര ദൂരമുണ്ടെന്ന്. ഒരു രണ്ട് രണ്ടര കിലോമീറ്റർ കാണുമെന്ന് ഞാൻ പറഞ്ഞു. വീണ്ടും അവന്റെ ചോദ്യം ഇത് വഴി മുമ്പ് ആരെങ്കിലും അപ്പുറം പോയിട്ടുണ്ടോ. ഒരു പ്രമുഖ ഗ്രൂപ്പിലോ മറ്റോ ആരോ പോയത് കണ്ട പോലെ ഓർക്കുന്നു എന്ന് ഞാൻ പറഞ്ഞു. എന്തിനും റെഡിയായി ഫാസിലും സുബൈറും. ഞാൻ പറഞ്ഞു ഒന്നും നോക്കണ്ട നമുക്ക് അപ്പുറം കടക്കാം. ബാക്കി വരുന്നിടത്ത് വെച്ച് കാണാം. ആത്മവീര്യത്തോടെയുള്ള ആ ഡലയോഗ് കേട്ട് എല്ലാവർക്കും ഉന്മേഷമായി. മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു.

സത്യത്തിൽ അഞ്ച് കിലോമീറ്ററോളം നീളമുള്ള ഒരു ഗുഹയാണതെന്നോ മുന്നോട്ട് പോയാൽ ഇരുട്ടാകുമെന്നോ, അതിനുള്ളിൽ ഉണ്ടാവാൻ സാദ്ധ്യതയുള്ള അപകടങ്ങളെ കുറിച്ചോ, മറ്റേ അറ്റം എവിടെയാണെന്നോ, തിരിച്ച് എങ്ങനെ ഏതുവഴി വരുമെന്നോ, എപ്പോൾ അപ്പുറം എത്തുമെന്നോ, മഴ പെയ്താൽ ഗുഹയിലെ വെള്ളവും ഒഴുക്കും കൂടുമെന്നോ എന്നതിനെ കുറിച്ചൊന്നും ആ സമയത്ത് ഞങ്ങളാരും ബോധവാന്മാരായിരുന്നില്ല. മാത്രമല്ല ഇങ്ങനെയൊരു സാഹസിക യാത്രക്ക് വേണ്ട യാതൊരു വിധ മുന്നൊരുക്കവും ഞങ്ങൾ നടത്തിയിരുന്നില്ല. ഗുഹ നിർമ്മാണ സമയത്ത് മാത്രം പലപ്പോഴായി 22 പേർ മരിച്ചതൊക്കെ പിന്നീടാണറിയുന്നത്.

ചോരത്തിളപ്പിൽ നിന്ന് ഉണ്ടായ തീരുമാന പ്രകാരം ഞങ്ങൾ മുന്നോട്ട് നീങ്ങി. സമയം രണ്ട് മണി! ഗുഹാമുഖത്ത് നിന്ന് വരുന്ന വെളിച്ചത്തെ വിട്ട് ഗുഹക്കുള്ളിലെ ഇരുട്ടിലേക്കുള്ള യാത്ര. ചില സ്ഥലത്ത് മുട്ടോളം വെള്ളം, ചില സ്ഥലത്ത് മുട്ടിന് താഴെ, ചില സ്ഥലത്ത് അരയ്ക്കൊപ്പം വെള്ളം. ഒഴുക്കിനെതിരെയുള്ള നടത്തമായതിനാൽ മുന്നോട്ടുള്ള ഓരോ അടിയും നന്നെ പ്രയാസമായിരുന്നു. നടക്കും തോറും പിന്നിലെ വെളിച്ചം അകന്നകന്ന് പോയി ഞങ്ങൾ ഇരുളിലകപ്പെട്ടു. നടക്കുക എന്ന് പറയുന്നതിനേക്കാൾ ഉചിതം ഇഴയുക എന്ന് പറയുന്നതാകും ശരി. കാരണം എതിരെയുള്ള ഒഴുക്ക്, കല്ലുകൾ, മരക്കൊമ്പുകൾ എല്ലാം നിറഞ്ഞതായിരുന്നു ഗുഹക്കകം. മുന്നിലേക്ക് ഒന്നും കാണാത്ത അവസ്ഥ. പോക്കറ്റിൽ എങ്ങനെയോ പെട്ട് പോയ ഒരു പവർബാങ്കിലെ ഇത്തിരിയോളം പോന്ന ഒരു LED ലൈറ്റായി പിന്നത്തെ വഴികാട്ടി. എങ്കിലും ആവേശം ഒട്ടും ചോർന്നിരുന്നില്ല!. ഈ ഗുഹ കീഴടക്കാൻ പോകുന്ന ഒരു സാഹസിക യാത്രികന്റെ പോരാട്ട വീര്യമായിരുന്നു ഞങ്ങൾക്ക്.

ഒരു വലിയ ശബ്ദം കേട്ടോ..? ഇല്ല! തോന്നിയതായിരിക്കാം.. എല്ലാവരും മനസ്സിൽ പറഞ്ഞു. കുറച്ച് കഴിഞ്ഞ് വീണ്ടും അതേ ശബ്ദം. ഒരു വലിയ ചങ്ങല പോലെ എന്തോ വലിക്കുന്ന ശബ്ദം. ഇത്തവണ സിദ്ദീഖ് ചോദിച്ചു എന്താടാ ഒരു ശബ്ദം? ഒരു പിടിയുമില്ല! ഇരുട്ടിൽ എന്ത് കാണാൻ. കൂടെ ഒരു പട പട ശബ്ദവും. ചെവിക്കരികിലൂടെ എന്തോ ഒന്ന് സ്പീഡിൽ പോയി. LED ലൈറ്റ് മുകളിലോട്ട് തെളിച്ച് നോക്കി. ഒരു കൂട്ടം വവ്വാലുകൾ. ഇതെന്താ വവ്വാലുകളുടെ സംസ്ഥാന സമ്മേളനമോ.?  ഞങ്ങൾക്കവയെ കാണാനാകില്ലെങ്കിലും അവയ്ക്ക് ഞങ്ങളെ കൃത്യമായി അറിയാം. തലങ്ങും വിലങ്ങും പാറിപ്പറക്കുന്നു. ഞങ്ങളുടെ വരവറിഞ്ഞ് പരിഭ്രമിച്ച് പരക്കം പായുകയാണവ.
എഡാ വവ്വാല് കടിക്കുമോ? അവക്ക് വിഷമുണ്ടോ? സിദ്ദീഖിന്റെ അടുത്ത ചോദ്യം! ഇല്ലെന്ന് പറഞ്ഞു ഞാനവനെ സമാധാനിപ്പിച്ചു. പിന്നീടങ്ങോട്ട് ഞങ്ങളുടെ യാത്രക്ക് കൂട്ടായി എല്ലായിടത്തും വവ്വാലുകൾ ഉണ്ടായിരുന്നു.

വീണ്ടും മറ്റൊരു ശബ്ദം! അടുക്കും തോറും ശബ്ദത്തിന്റെ ഒച്ചയും ഭയാനകതയും കൂടി വരുന്നു. ചെറുതായൊന്ന് ഭയന്നെങ്കിലും അടുത്ത് ചെന്നപ്പോൾ പാറകൾക്കുള്ളിൽ നിന്നും ഗുഹയിലേക്ക് ചാടുന്ന ഒരു വെള്ളച്ചാട്ടം. ഒരു രണ്ട് മണിക്കൂറായിക്കാണും നടത്തം തുടങ്ങിയിട്ട്. പിന്നിലും മുന്നിലും ഇരുട്ട് മാത്രം. രണ്ടു ഭാഗത്തും ഒരു വെളുത്ത പൊട്ട് മാത്രമായി ഗുഹാ കവാടങ്ങൾ!

ഈ അടുത്തൊന്നും ഒരു മനുഷ്യ ജീവി ഇതുവഴി പോയിട്ടുണ്ടാവില്ല എന്ന് സാഹചര്യങ്ങളിൽ നിന്ന് മനസ്സിലാക്കാം. ശരിക്കും ചടച്ചു തുടങ്ങി യാത്ര. ക്ഷീണം ഓരോരുത്തരെയും കീഴ്പ്പെടുത്താൻ തുടങ്ങി. വിശപ്പും ദാഹവും വേറെ. മുന്നോട്ട് പോകണോ പിൻതിരിയണോ.? ഇതുവരെ എത്തിയ ബുദ്ധിമുട്ട് ഓർത്ത് പിന്നോട്ട് പോകാൻ തോന്നുന്നില്ല. മുന്നോട്ട് തന്നെ പോകാം.. LED ലൈറ്റ് ഉള്ളത് കൊണ്ട് ഞാൻ തന്നെയാണ് മുന്നിൽ നടക്കുന്നത്. ബ്ലും! തിരിഞ്ഞ് നോക്കി.

സുബൈർ വഴുതി വീണിരിക്കുന്നു. ഫാസിൽ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു. ഒന്നും പറ്റിയില്ല! എന്റെ ചെരുപ്പ് പോയി എന്ന് സുബൈർ. ലൈറ്റടിച്ചു നോക്കി. കാണുന്നില്ല. ഒഴുക്കിൽ പെട്ടിട്ടുണ്ടാവും. അങ്ങനെ സുബൈർ നഗ്നപാദനായ് മുന്നോട്ട്. പിന്നീടങ്ങോട്ടുള്ള പ്രയാണത്തിൽ പലരും പല തവണ വീണു.

ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ വെള്ളത്തിൽ വലിയ വലിയ ഞണ്ടുകൾ! അതൊന്നും വക വെക്കാതെ മുന്നോട്ട് തന്നെ.. സിദ്ദീഖിന്റെ അടുത്ത ചോദ്യം ഇതിന്റെ അപ്പുറത്ത് എന്താവും?! ഞാൻ പറഞ്ഞു വല്ല കാടുമായിരിക്കും. അപ്പൊ എന്ത് ചെയ്യും? എന്ത് ചെയ്യാനാ രാത്രി അവിടെ നിന്ന് കാലത്ത് നമുക്ക് ഇതിന് മുകളിലൂടെ തിരിച്ച് നടക്കാം. എന്തു വന്നാലും ഗുഹക്കുള്ളിലൂടെ ഒരു തിരിച്ച് പോക്കില്ല എന്നുറപ്പിച്ചു. എത്ര നടന്നിട്ടും മുന്നിലെ ഗുഹാ കവാടം എത്തുന്നില്ല. ഇത് രണ്ടര കിലോമീറ്റർ മാത്രമല്ല ദൂരം ഉള്ളത് എന്ന് എപ്പഴേ ഞങ്ങൾക്ക് ബോദ്ധ്യമായി കഴിഞ്ഞിരുന്നു.

പെട്ടെന്ന് വെള്ളത്തിൽ ഒരു പാമ്പ്! എഡാ പാമ്പ്! എല്ലാവരും നിൽക്ക്. എല്ലാവരും ഭയചകിതരായി നിൽക്കുന്നു. നിങ്ങൾ അപ്പുറം സൈഡിലൂടെ പൊയ്ക്കൊ എന്ന് ഞാൻ പറഞ്ഞു. അവർ അപ്പുറം കടന്നു. പാമ്പ് അവിടെ തന്നെ കിടക്കുന്നു. ഞാനും അപ്പുറം സൈഡിലൂടെ കടന്നു. പാമ്പിനെ കണ്ടതോടെ എന്റെ അവസാന തരി ആത്മ വിശ്വാസവും ചോർന്ന് പോയി. പക്ഷേ പുറത്ത് കാണിച്ചില്ല! ഞാനല്ലെ അവരെ കൂടി കൊണ്ട് വന്നത്.? പിന്നീട് ഓരോ അടിയും ലൈറ്റടിച്ച് നോക്കി ശ്രദ്ധിച്ച് മാത്രം. എങ്ങനേലും ഇതൊന്ന് കഴിഞ്ഞ് കിട്ടിയാൽ മതിയായിരുന്നു.

മുന്നിലെ ഗുഹാകവാടം വലുതായി വരുന്ന പോലെ തോന്നി. അതായത് ഞങ്ങൾ അടുത്തെത്താറായി എന്ന്. പ്രതീക്ഷയുടെ പൊൻകിരണങ്ങൾ ഞങ്ങളിലേക്കടുത്തു വരുന്നു. വെളിച്ചത്തെ ഇത്രമാത്രം പ്രണയിച്ച മറ്റൊരു സന്ദർഭവും ഞങ്ങളുടെ ജീവിതത്തിലുണ്ടാവില്ല. അതെ! ഞങ്ങൾ അടുത്തെത്താൻ പോകുന്നു. പക്ഷേ..!! പ്രതീക്ഷകൾക്ക് വീണ്ടും മങ്ങൽ. ഗുഹാകവാടം കമ്പിക്കൂട് കൊണ്ട് അടച്ചിരിക്കുന്നു. എങ്ങനെ അപ്പുറം കടക്കും.? തിരിച്ച് പോകേണ്ടി വരുമോ.? ഒരു തിരിച്ച് പോക്ക് ചിന്തിക്കാവുന്നതിലപ്പുറമായിരുന്നു. അടുത്തെത്തിയപ്പോൾ കമ്പികൾക്കുള്ളിലൂടെ അപ്പുറം കടക്കാം. ആശ്വാസം!

വെള്ളം ഒരാൾ പോക്കത്തിൽ കെട്ടി നിൽക്കുന്നു. നീന്തി പോയി കമ്പിയിൽ പടിച്ച് വലിഞ്ഞ് കയറി അപ്പുറം കടന്നു. എല്ലാവർക്കും ശ്വാസം നേരെ വീണു. നാല് മണിക്കൂർ ഏതോ ലോകത്ത് കഴിഞ്ഞ് രണ്ടാം ജന്മത്തിലേക്ക് വന്ന് വീണ പോലെ. അപ്പുറം നല്ല ശാന്ത സുന്ദരമായ സ്ഥലം. സമയം 6.15 സൂര്യാസ്ഥമയം ആകുന്നെയുള്ളൂ. വാഹനം പോകുന്ന സൗണ്ട് കേട്ടപ്പോൾ അടുത്ത് റോഡുണ്ടെന്ന് മനസ്സിലായി. പുറത്തിറങ്ങി മുകളിലേക്ക് നോക്കി. 30, 40 അടി പൊക്കമുണ്ട് മുകളിലേക്ക്. കയറാനായി ഒരു കമ്പി കോണി. സാഹചര്യങ്ങൾ നമ്മെ കൊണ്ട് പലതും ചെയ്യിപ്പിക്കും. ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ ഒരിക്കലും ആ കോണി കയറില്ലായിരുന്നു. അത്രക്ക് അപകടം പിടിച്ച കോണി കയറി മുകളിലെത്തി. ദൈവത്തിന് സ്തുതി!

ഒരു ചെറിയ ടാറിട്ട റോഡ്. ഒന്ന് രണ്ട് വീടും ഒരു ചെറിയ പെട്ടിക്കടയും. ആ കട മുഴുവൻ തിന്ന് തീർക്കാനുള്ള വിശപ്പും ദാഹവുമുണ്ടായിരുന്നു ആ സമയത്ത്. ചേട്ടാ വെള്ളം! ചേട്ടൻ വെള്ളം തന്നു. കയ്യിൽ കിട്ടിയ പേക്കറ്റുകളൊക്കെ പൊട്ടിച്ച് തിന്നു. ഭരണിയിൽ നിന്നും മിട്ടായികൾ വാരി തിന്നു. ഞങ്ങളുടെ ആക്രാന്തം കണ്ട ചേട്ടൻ നിങ്ങളെവിടുന്നാ വരുന്നതെന്ന് ചോദിച്ചു.

അഞ്ചുരുളീന്ന് ടണൽ കടന്ന് വരികയാണെന്ന് പറഞ്ഞപ്പോൾ ചേട്ടൻ കുറെ വഴക്ക് പറഞ്ഞു. നിങ്ങൾ എന്ത് കണ്ടിട്ടാ അതിനുള്ളിലൂടെ വന്നത്.? ഇവിടെ മഴ പെയ്താൽ ഗുഹക്കുള്ളിൽ വെള്ളം കൂടും. പിന്നെ നിങ്ങടെ ശവം കിട്ടണേൽ ഇടുക്കി ഡാമിൽ പോയി തപ്പേണ്ടി വരും! ഞങ്ങൾ ഒന്നും പറഞ്ഞില്ല. അവരൊക്കെ അതിനുള്ളിൽ പോകാറുള്ളത് കട്ട വേനലിൽ വെള്ളമെല്ലാം വറ്റിയതിന് ശേഷമാണത്രെ. നിങ്ങൾ ഏത് നാട്ടുകാരാണെന്ന ചോദ്യത്തിന് തെല്ലഭിമാനത്തോടെ ഞങ്ങൾ പട്ടാമ്പിക്കാരാണെന്ന് പറഞ്ഞു.

ഇനി തിരിച്ച് അഞ്ചുരുളി എത്തണമെങ്കിൽ പതിനേഴ് കിലോമീറ്റർ പോകണമത്രേ. അടുത്ത അങ്ങാടി വരെ നടന്നു. അവിടന്ന് ഒരു പിക്കപ്പ് ലോറിക്ക് കൈകാട്ടി കട്ടപ്പന എത്തി. പിന്നെ ഓട്ടോ വിളിച്ച് നേരെ അഞ്ചുരുളി നിർത്തിയിട്ടിരുന്ന കാറെടുത്തപ്പോഴേക്കും സമയം രാത്രി ഒമ്പത് മണിയായി.

ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സാഹസിക യാത്ര അപ്രതീക്ഷിതമായി സംഭവിച്ചതിന്റെ വിശേഷങ്ങൾ പങ്ക് വെച്ച് വണ്ടി നേരെ അടുത്ത ലൊക്കനിലേക്ക് വിട്ടു. വാഗമൺ പാലൊഴുകും വെള്ളച്ചാട്ടത്തിലേക്ക്. ഈ നട്ടപ്പാതിരക്ക് എന്തിനാണ് വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് എന്നാർക്കെങ്കിലും ചോദിക്കാൻ തോന്നുന്നുവെങ്കിൽ അവരോട് പറയാനുള്ളത് താരാട്ട് പാട്ട് തോറ്റു പോകുന്ന വെള്ളച്ചാട്ടത്തിന്റെ ആരവം കേട്ടുറങ്ങുന്ന സുഖം എന്റെ പൊന്നേ അതനുഭവിക്കണം! അപ്പഴേ അറിയൂ.. അവിടത്തെ വിശേഷങ്ങളുമായി പിന്നീട് വരാം.

NB: ഈ പോസ്റ്റ് കണ്ട് ആരും അഞ്ചുരുളി ടണൽ ക്രോസ് ചെയ്യാൻ മെനക്കെടരുത്. ഞങ്ങൾ തന്നെ പെട്ടു പോയതാണ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply