സർവീസ് നിരോധിച്ച ഇടവഴിയിലൂടെ വന്ന ബസ് ഇടിച്ച് നഴ്സ് മരിച്ചു

ബസ് സർവീസ് നിരോധിച്ച ഇടവഴിയിലൂടെ പെരുന്ന സ്റ്റാൻഡിലേക്കു വന്ന കെഎസ്ആർടിസി ബസിടിച്ചു മതിലിന് ഇടയിൽ ഞെരുങ്ങി നഴ്സിങ് അസിസ്റ്റന്റിനു ദാരുണാന്ത്യം. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയ്ക്കുള്ള’ ഭക്ഷണവുമായി നടന്നുപോവുകയായിരുന്ന തൃക്കൊടിത്താനം ആരമലക്കുന്ന് ക്ടാക്കയിൽ തുണ്ടിപ്പറമ്പിൽ ഫാത്തിമാ ബീവി (49) ആണു മരിച്ചത്.

kottayam-nurse-death

കവിയൂർ റോഡിൽ നിന്നു പെരുന്ന രണ്ടാം നമ്പർ ബസ് സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന വീതികുറഞ്ഞ വഴിയിൽ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കായിരുന്നു അപകടം. ഉദയഗിരി ഭാഗത്തു നിന്നെത്തിയ ബസിന്റെ പിൻഭാഗം ഇടിച്ചതോടെ മതിലിൽ ഞെരുങ്ങിയ ഫാത്തിമ ബസ് മുന്നോട്ടുനീങ്ങിയപ്പോൾ വഴിയിലേക്കു തലയിടിച്ചു വീണു. സംഭവമറിഞ്ഞയുടൻ ഡ്രൈവർ ബസ് നിർത്തി ഓടിക്കളഞ്ഞു. നാട്ടുകാർ ചേർന്നു ഫാത്തിമയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എടത്വയിൽ നിന്നു വന്ന ചങ്ങനാശേരി ഡിപ്പോയിലെ വേണാട് ഓർഡിനറി ബസാണ് അപകടമുണ്ടാക്കിയത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവശവും മതിലുള്ള ഇടവഴിയിൽ ബസ് വന്നാൽ യാത്രക്കാർക്കു നടക്കാൻ ഇടമില്ല. ഇതിനിടയിൽ വൈദ്യുതി തൂണും ഉള്ളതിനാൽ ബസ് വരുന്നതു കണ്ട ഫാത്തിമയ്ക്ക് ഓടിമാറാൻ പോലും കഴിഞ്ഞില്ല.

മുൻപ് ഒരു വീട്ടമ്മയും വിദ്യാർഥിയും ഈ ഇടവഴിയിൽ അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് ഈ വഴിയിൽ ബസുകൾ കയറുന്നതു നിരോധിച്ചിരുന്നു. ഇതു ലംഘിച്ച് ഇടയ്ക്കു വീണ്ടും ബസോടുകയായിരുന്നു.  ഈയിടെ എംസി റോഡിന്‍റെ പണി ആരംഭിച്ചതോടെ പൊലീസും അധികൃതരും ഇത് അവഗണിച്ചു. അപകടത്തെ തുടർന്നു നാട്ടുകാർ ഇടവഴിയിലൂടെയുള്ള ഗതാഗതം തടഞ്ഞു.

News : Malayala Manorama

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply