ഊട്ടിയില്‍ പോകുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ഒരു ജലാശയം…

മോഹിപ്പിക്കുന്ന മരതക വർണ്ണമാണ് പൈക്കരയിലെ ജലാശയത്തിന്. സ്വപ്നഗിരിയായ നീലഗിരിയുടെ വിരിമാറിൽ ഊട്ടിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് പൈക്കര എന്ന സുന്ദര ദേശം. ഗുഡല്ലൂർ – ഊട്ടി യാത്രയിൽ ദേശീയപാത 181ൽ നിന്നും പൈക്കര ടൗൺ എത്തുന്നതിനുമുമ്പ് വലത്തോട്ട് തിരിഞ്ഞ്, ചോലവനങ്ങൾക്കിടയിലൂടെ രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാൽ പൈക്കര ബോട്ട് ഹൗസിലെത്താം. സഹപ്രവർത്തകരും കുടുംബവുമൊക്കെയായി മുപ്പതിലധികം പേരടങ്ങുന്ന ഞങ്ങളുടെ യാത്ര സംഘം അതിരാവിലെ കോട്ടക്കലിൽ നിന്നും പുറപ്പെട്ട്, സൂചിമലയിലെ 360 ഡിഗ്രി വ്യൂ പോയിന്റ് (Needle Rock View point) സന്ദർശിച്ച ശേഷമാണ് പൈക്കരയിലെത്തിയത്.

ഒറ്റനോട്ടത്തിലെ മോഹിപ്പിക്കാൻ മാത്രം ലാവണ്യവതിയാണ് ചോല വനങ്ങൾ അതിരിടുന്ന പൈക്കര ജലാശയം! മുക്കുരുത്തി ശിഖിരത്തിൽനിന്നും(Mukkuruthi peak) ഉത്ഭവിക്കുന്ന പൈക്കര നദിയിൽ തീർത്ത അണക്കെട്ടിന്റെ റിസർവോയറാണ് ഇവിടെ ജലാശയമായി മാറിയിരിക്കുന്നത്. നീലഗിരിയിലെ ആദിവാസി സമൂഹമായ തോഡകളുടെ (Todas) പുണ്യനദികൂടിയാണ് പൈക്കര.

 

ബസിൽ നിന്നിറങ്ങിയ ഞങ്ങൾ ടിക്കറ്റെടുത്ത് ബോട്ടിങ്ങിന് തയ്യാറായി. കൗണ്ടറിൽനിന്നും പടിക്കെട്ടുകൾ ഇറങ്ങി വേണം ബോട്ട് കയറുന്നിടത്തെത്താൻ. ജലാശയത്തിൽ തീരത്തോട് ചേർന്ന് പൊങ്ങിക്കിടക്കുന്ന പ്ലാറ്റ്ഫോമാണ്(Floating Platform) ബോട്ട് ജെട്ടി! ഞങ്ങൾ എട്ട് പേർക്ക് സഞ്ചാരിക്കാവുന്ന മൂന്ന് ബോട്ടുകളിലായാണ് ജലാശയത്തിലിറങ്ങിയത്. വലിയ പ്ലാറ്റ്ഫോമിൽ രണ്ടു പേർക്ക് ഇരിക്കാവുന്ന 4 ഇരിപ്പിടങ്ങൾ സജ്ജീകരിച്ച മട്ടിലാണ് ബോട്ട് രൂപകല്പനചെയ്തിരിക്കുന്നത്. ഞങ്ങളുടെ ബോട്ട് സ്റ്റാർട്ട് ചെയ്ത് യാത്ര ആരംഭിച്ചു.

വിശാലമായ ജലാശയത്തിലൂടെ 20 മിനിറ്റ് കൊണ്ട് ഒന്നു കറങ്ങി വരാം. വനത്തിനു നടുവിൽ, മരതക വർണമാർന്ന ജലാശയത്തിൽ സ്വപ്നതുല്യമായ ഒരു ജലയാത്ര! തടാകത്തിന്റെ മറുകരയിൽ ഒരുകൂട്ടം കാട്ടുപോത്തുകൾ മേഞ്ഞ് നടക്കുന്നു. കാട്ട് പക്ഷികളുടെ കളകൂജനവും ബോട്ടിന്റെ എൻജിൻ പ്രവർത്തിക്കുന്ന ഇരമ്പവുമല്ലാതെ മറ്റുതരത്തിലുള്ള ശബ്ദങ്ങളൊന്നും അവിടെ കേൾക്കാനില്ല. എല്ലാവരും ആ പ്രകൃതി സൗന്ദര്യത്തിൽ മതിമറന്നിരിക്കുകയാണ്. ഇടക്ക് വീശിയ കാറ്റിനോടൊപ്പം തണുപ്പ് അസഹ്യമായി മാറിയതൊന്നും ആ സന്തോഷത്തിന്റെ മാറ്റ്കുറച്ചില്ല. 20 മിനിറ്റ് കഴിഞ്ഞ് ബോട്ടിറങ്ങുമ്പോഴേക്കും ഞങ്ങളിൽ പലരും പൈക്കര എന്ന അതിസുന്ദരിയിൽ അനുരക്തരായി കഴിഞ്ഞിരുന്നു….!!

സീസണ്‍ സമയങ്ങളിലുള്ള ഗതാഗതക്കുരുക്കുകളും താമസസ്ഥലങ്ങള്‍ക്കുള്ള ഉയര്‍ന്ന നിരക്കും ഒഴിവാക്കിയാല്‍ ഇന്ത്യയിലെ ഏതൊരു ടൂറിസ്റ്റുകേന്ദ്രത്തേക്കാളും ഉയര്‍ന്നുതന്നെയാണ് നീലഗിരിക്കുന്നുകളുടെ സ്ഥാനം. ഓഫ് സീസണ്‍ സമയങ്ങളില്‍ സന്ദര്‍ശനം തെരഞ്ഞെടുക്കുകയായിരിക്കും ഉചിതം. തണുപ്പും ഊട്ടിയിലെ സ്ഥിരം കാഴ്ചകളും എല്ലാം അതേപോലെ ആസ്വദിക്കാം. തിരക്ക് ഉണ്ടാകില്ലെന്ന് മാത്രം.

വിവരണം – മുഹമ്മദ്‌ റഫീഖ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply