പളനി, കൊടൈക്കനാൽ, മൂന്നാർ, കുമളി റൂട്ടിൽ 7 ദിവസത്തെ ബുള്ളറ്റ് ട്രിപ്പ്..

യാത്രാവിവരണം – Rajeev Clicks.

7 ദിവസം. പളനി, കൊടൈക്കനാൽ, മൂന്നാർ, കുമളി എന്നീ സ്ഥലങ്ങളിൽ ബുളളറ്റിൽ കറക്കം. പോകുന്നതിന്റെ തലേ ദിവസം വരെ ഭാര്യയ്ക്ക്‌ വിശ്വാസം ഇല്ലായിരുന്നു പോകുമോ ഇല്ലയോ എന്ന കാര്യം. വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് 21 നു വൈകിട്ട്‌ കൂട്ടുകാരൻ നൗഫലിന്റെ ബുളളറ്റ്‌ എടുത്തുകൊണ്ട്‌ വന്നു. പക്ഷെ 4 വയസ്സുളള മകനെ കൂടെ വിടുവാൻ ഇരു വീട്ടുകാരും തയ്യാറല്ല. അവസാനം അവനെ ഭാര്യ വീട്ടിലേക്ക്‌ മാറ്റി.

21 നു രാത്രിയിൽ പളനി ശാസ്തി ഹോട്ടലിൽ 660 രൂപയ്ക്ക്‌ നോൺ ä.ç റൂം ഓണലൈനിൽ ബുക്ക്‌ ചെയ്തു. പിന്നെ കൊടൈക്കനാലിൽ ഗ്രീൻലാൻഡ്‌ യൂത്ത്‌ ഹോസ്റ്റലിൽ നോർമ്മൽ റൂം 800 രൂപയ്ക്ക്‌ രണ്ടു ദിവസത്തേക്കും. 22 നു രാവിലെ 5.15 നു ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നിന്നും പുറപ്പെട്ടു. ഭാര്യയുടെ ആദ്യ ബൈക്ക്‌ യാത്ര ആയതുകൊണ്ട്‌ ചെറിയ കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ആറന്മുള, എരുമേലി, കുമളി, കമ്പം, തേനി, ബത്തലഗുണ്ട്‌, പളനി ഇതായിരുന്നു പ്ലാൻ.

ലഗ്ഗേജ്ജ്‌ ക്യരിയറിൽ ലഗ്ഗേജ്ജ്‌ എല്ലാം ബെൽറ്റ്‌ ഇട്ട്‌ കെട്ടിമുറുക്കിയശേഷം യാത്രയായി. ചെറിയ തണുപ്പ്‌ ഉണ്ടായിരുന്നു. ഏകദേശം 7.30 ആയപ്പോൾ പീരുമേട്‌ കഴിഞ്ഞു. അവിടെ ഒരു കടയിൽ നിർത്തി ചായ കുടിച്ച്‌ ശരീരം ചൂടാക്കിയ ശേഷം വീണ്ടും യാത്ര തുടർന്നു. ഭാര്യ ശരിക്കും യാത്ര ആസ്വദിക്കുകയായിരുന്നു. പ്രകൃതിയുടെ വിരിമാറിലൂടെയുളള യാത്രയുടെ സുഖം കാറിനുളളിൽക്കൂടി പോയാൽ കിട്ടില്ല. തെയിലത്തോട്ടങ്ങൾ കണ്ടും ഇടയ്ക്ക്‌ വണ്ടി നിർത്തി ഫോട്ടോസ്‌ എടുത്തും പാതുക്കെയായിരുന്നു യാത്ര.

കുമളി ചെക്ക്‌ പോസ്റ്റ്‌ കഴിഞ്ഞ്‌ മലയിറങ്ങി തമിഴ്‌നാട്ടിലെ കമ്പത്തേക്ക്‌ പ്രവേശിച്ചു. 9.30 കഴിഞ്ഞപ്പോൾ ജെസ്സി മുന്തിരി തോട്ടത്തിനടുത്തെത്തി. അവിടെ അടുത്തുളള കടയിൽനിന്ന് ദോശ കഴിച്ചശേഷം മുന്തിരിത്തോട്ടത്തിലേക്ക്‌ പ്രവേശിച്ചു. പാകമാകാറായികിടക്കുന്ന മുന്തിരിക്കുലകൾക്കിടയിലൂടെ കുനിഞ്ഞ്‌ നടന്ന് മായ – ഭാര്യയുടെ പേരു – വേറെ ഏതോ ലോകത്ത്‌ എത്തിയപോലെയായിരുന്നു. അവളുടെ ജീവിതത്തിൽ ആദ്യമായാണു ഇങ്ങനെ ഒരു ദൃശ്യം. അവിടെ തോട്ടത്തിൽ ജോലി ചെയ്യുന്ന ആളുകൾ ഉണ്ട്‌. മുന്തിരികൾ പറിക്കരുതെന്ന് അവർ നിർദ്ദേശം തന്നു.
അവിടെ അരമണിക്കൂർ ചിലവിട്ട്‌ ബത്തലഗുണ്ട്‌ ലക്ഷ്യമാക്കി പാഞ്ഞു.

തമിഴ്‌നാട്ടിൽ കയറിയാൽ ഭൂപ്രകൃതിയിലുളള വ്യത്യാസം പെട്ടന്ന് തിരിച്ചറിയാൻ സാധിക്കും. വീശിയടിക്കുന്ന കാറ്റും തല ഉയർത്തിനിൽക്കുന്ന തെങ്ങിൻ തോപ്പുകളും വാഴക്കൂട്ടങ്ങളും കൃഷിസ്ഥലങ്ങളും പ്രകടമായ ഒരു മാറ്റം തന്നെയാണു. ചെങ്ങന്നൂർ പളനി 290 കി.മി ഉണ്ട്‌ അതിന്റെ പകുതി താണ്ടിക്കഴിഞ്ഞു. ബത്തലഗുണ്ട്‌ എത്തിയപ്പോൾ 12.30 ആയി. ഇനി 80 നോട്‌ അടുത്ത്‌ ദൂരം. ഹോട്ടലിൽ വിളിച്ച്‌ 2.00 നു എത്തുമെന്ന് പറഞ്ഞു. ചെറിയ ചൂട്‌ കാറ്റ്‌ അടിക്കുന്നുണ്ടായിരുന്നു. കരിക്കിൻ വെളളം കുടിച്ച്‌ ക്ഷീണം അകറ്റി.

വണ്ടി 80 – 100 ൽ പാഞ്ഞു. കറക്റ്റ്‌ 2 ആയപ്പോൾ പളനിയിൽ എത്തിച്ചേർന്നു. ഇഡുമ്പൻ കോവിലിനടുത്തായിരുന്നു ഹോട്ടൽ. അവിടെ റിസപ്ഷനിൽ ഡീറ്റെയിൽസ്‌ കൊടുത്തശേഷം റൂമിൽ ലഗ്ഗേജ വച്ച്‌ ഭക്ഷണം കഴിക്കാൻ പോയി. 110 രൂപയുടെ രണ്ട്‌ ഊണു കഴിച്ചശേഷം ഒന്ന് മയങ്ങി. പളനിയിൽ ഭക്ഷണത്തിനു അൽപം അധിക പണം ഈടാക്കുന്നുണ്ടോ എന്ന് സംശയം.

4.30 ക്ക്‌ കുളിച്ച്‌ റെഡിയായി ഇഡുമ്പൻ മല കയറാൻ പോയി. ഇഡുമ്പനും ഭാര്യയും ജന്മം കൊണ്ട്‌ രാക്ഷസരായിരുന്നു. കടുത്ത ശിവഭക്തരായിരുന്ന ഇവർ അഗസ്ത്യമുനിയുടെ ഉപദേശപ്രകാരം രണ്ട മലകളായ ശിവമലയും ശിവതിയും ഒരു കമ്പിന്റെ രണ്ട്‌ അറ്റത്ത്‌ പാമ്പുകളെക്കൊണ്ട്‌ കെട്ട്‌ കാവടിപോലെയാക്കി സഞ്ചരിച്ചു. ഇന്നത്തെ പളനി ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തെ എത്തിയപ്പോൾ ഇഡുമ്പൻ ക്ഷീണിക്കുകയും മലകൾ താഴെ വയ്ക്കുകയും ചെയ്തു. അവിടെ വച്ച്‌ ബാലമുരുകന്റെ കരങ്ങളാൽ ഇഡുമ്പനു മോക്ഷം കിട്ടുകയും ചെയ്തു. പളനിയിൽ ചെന്നാൽ ഏവരും പോകാൻ മറക്കുന്നതും പോകേണ്ടതുമായ സ്ഥലമാണു. സമയക്കുറവ്‌ എന്നാണു മറുപടി. ഓടിപ്പിടിച്ച്‌ അവിടെ പോയിട്ട്‌ എന്തുകാര്യം. പളനിമലയോളം ഉയരമില്ലെങ്കിലും 500 പടികൾ താണ്ടി വേണം എത്തുവാൻ.

മുകളിൽ പളനിമലയുടെ നല്ലൊരു ദൃശ്യം ലഭ്യമാകും. അവിടെ ഇരുന്ന് മെഡിറ്റേഷനും ജപവും ചെയ്തു. വേറെ ഒരു എനർജി ലെവൽ ആയിരുന്നു ക്ഷേത്രാന്തരീക്ഷത്തിൽ. മായ നിശബ്ദയായി ചുറ്റുപാടും വീക്ഷിച്ചുകൊണ്ടിരുന്നു. വൈകിട്ട്‌ 8 വരെ അവിടെ ഇരുന്നു. ആളുകൾ വളരെ കുറവായിരുന്നു. പളനിമലയുടെയും പട്ടണത്തിന്റെയും നല്ലൊരു രാത്രിവ്യൂവിനു ശേഷം അവിടെ മലയിറങ്ങി രാത്രി ഭക്ഷണം കഴിച്ചു. 4 ഊത്തപ്പം 120 രൂപ. രണ്ടു കാപിയും 30 രൂപ. പളനി മലയുടെ താഴെ പ്രവേശന കവാടം വരെ പോയിട്ട്‌ രാത്രിയിലെ ബഹളങ്ങളും തിരക്കും ചെറിയ രീതിയിൽ ഷോപ്പിംഗും നടത്തിയിട്ട്‌ റൂമിലേക്ക്‌ തിരിച്ചു. ഇഡുമ്പൻ മലയും പളനിമലയും തമ്മിൽ 200 – 250 മീറ്റർ ദൂരം മാത്രം.

രാവിലെ 5.30 ക്ക്‌ പളനി മല കയറി. മായ 400 പടി കഴിഞ്ഞപ്പോഴേക്കും അണയ്ക്കുവാൻ തുടങ്ങി. അവളുടെ കൈയ്യിൽ പിടിച്ച്‌ ബാക്കി പടികൾ നടന്നു. ഇടയ്ക്ക്‌ വലിച്ചു കയറ്റി. അരമണിക്കൂർ കൊണ്ട്‌ മുകളിൽ എത്തി. മുകളിൽ എത്തിയപ്പോൾ സ്കന്ദഷഷ്ഠി കവചം പാട്ട്‌ മൈക്കിൽക്കൂടി. പോടുന്നനെ കണ്ണുകളിൽ നിന്നും ഭക്തിയുടെ ധാര പ്രവഹിക്കുവാൻ തുടങ്ങി. മായ എന്തെക്കൊയേ എന്നോടു പറയുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി ആ പാട്ടിലെ വരികൾ കേട്ട്‌. അവൾ അറിയാതെ കണ്ണു തുടച്ച്‌ ക്ഷേത്രത്തിന്റെ അകത്തേക്ക്‌ നടന്നു. 100 രൂപയുടെ ടിക്കറ്റ്‌ എടുത്തു പെട്ടന്ന് ഭഗവാന്റെ മുൻപിൽ എത്തി. ഭഗവാനു 250, 100, 20, 10 ടിക്കറ്റുകാരെല്ലാം ഒരു പോലെ. ദർശനം നടത്തി വിടവാങ്ങി നേരെ ഭോഗർ എന്ന് സിദ്ധന്റെ സമാധി സ്ഥലത്തേക്ക്‌.

ഭോഗരുടെ സമാധിസ്ഥലം മുരുകക്ഷേത്രത്തിനു അടുത്തായിട്ടാണു. ഭോഗരെക്കുറിച്ച്‌ വളരെ ചുരുക്കം ആളുകൾക്ക്‌ മാത്രമേ അറിയുകയുളളൂ. ബി.സി. 3000 വർഷങ്ങൾക്ക്‌ മുൻപ്‌ ജീവിച്ച സിദ്ധൻ. 18 സിദ്ധന്മാരിൽ ഒരാൾ. പച്ച മരുന്നുകളെപ്പറ്റി അഗാധപാണ്ഢിത്യമുണ്ടായിരുന്ന അദ്ദേഹം ലോകനന്മായിക്കയി 4448 പച്ച മരുന്നുകൾ ചേർത്ത്‌ 9 കൊടും വിഷങ്ങളുണ്ടാക്കി. ഈ 9 വിഷങ്ങൾ ചേർത്ത്‌ ഒരു മരുന്നുണ്ടാക്കി. എല്ലാ അസുഖങ്ങൾക്കും വേണ്ടിയുളള ഒറ്റമൂലി. തിരുമൂലരുടെ തിരുമന്ദിരം എന്ന പ്രസിദ്ധഗ്രന്ഥത്തിൽ ഈ മരുന്നിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. അദ്ദേഹം അഗസ്ത്യമുനിയുടെയും മറ്റ്‌ സിദ്ധന്മാരുടെയും അഭിപ്രായപ്രകാരം ഈ ഒറ്റമരുന്ന് ഉപയോഗിച്ചാണു പളനിയിലെ മുരുകന്റെ വിഗ്രഹം നിർമ്മിച്ചത്‌. ശരിക്കും ഒരു ഔഷധക്കൂട്ടാണു ഈ വിഗ്രഹം. അതിനുശേഷം അതിൽ പാലും പഞ്ചാമൃതവും അഭിഷേകം ചെയ്യാൻ തുടങ്ങി. വിഗ്രത്തിൽ അഭിഷേകം ചെയ്ത പാലും പഞ്ചാമൃതവും മരുന്നായിത്തീർന്നു. ആ അഭിഷേകം ചെയ്ത പഞ്ചാമൃതം ആണു അവിടെ നിന്ന് പ്രസാദമായി വാങ്ങുന്നത്‌.

ഭോഗരുടെ സമാധിക്ക്‌ ശേഷം പുലിപ്പനി എന്ന അദ്ദേഹത്തിന്റെ ശിഷ്യൻ ആണു പൂജ തുടർന്നതും പിന്നീട്‌ ക്ഷേത്രമായതും. ഭോഗരുടെ സമാധിസ്ഥലത്ത്‌ കുറച്ചു സമയം ധ്യാനത്തിൽ മുഴുകിയശേഷം ഞാനും മായയും എഴുന്നേറ്റു ക്ഷേത്രപരിസരത്ത്‌ അൽപ സമയം ചിലവഴിച്ചു. 8.30 ആയപ്പോൾ ഭഗവാനോട്‌ വിടവാങ്ങി പടികളിറങ്ങിത്തുടങ്ങി. 9.30 നു കൊടൈക്കനാലിലേക്ക്‌ ബുളളറ്റ്‌ സ്റ്റാർട്ട്‌ ചെയ്തു മുൻപോട്ട്‌ നീങ്ങി. 700 രൂപയ്ക്ക്‌ തലേദിവസം പെട്രോൾ അടിച്ചിരുന്നു. 300 രൂപയ്ക്ക്‌ വീണ്ടും ഇന്ധനം നിറച്ചുകൊണ്ട്‌ മലകയറിത്തുടങ്ങി. വളവും തിരിവും പ്രകൃതിയുടെ മനോഹര ദൃശ്യങ്ങളും ഇടയ്ക്ക്‌ ഫോട്ടോസ്‌ എടുത്തും 12.30 ആയപ്പോൾ കൊടൈക്കനാലിൽ 63 കി.മി താണ്ടി എത്തി. വരുന്നവഴി 8.കിമി മുൻപുളള സിൽ വർ കാസ്കേഡ്‌ വെളളച്ചാട്ടവും കണ്ടു.

യൂക്കാലിമരങ്ങളിൽനുന്നും തട്ടിവരുന്ന തണുത്ത കാറ്റിനു ഒരു പ്രത്യേകമണമാണു. അതും നുകർന്ന് പതിയെ വണ്ടി ഹോട്ടൽ ലക്ഷ്യമാക്കി പാഞ്ഞു. 12.30 നു ചെക്ക്‌ ഇൻ ചെയ്തു. മലയടിവാരത്ത്‌ ബ്രിട്ടീഷ്‌ കാർ ഉപയോഗിച്ച ഒരുസ്കൂൾ ആണു നോർമ്മൽ റൂമിനു ഉപയോഗിച്ചിരിക്കുന്നത്‌. ക്ലാസ്സ്‌ മുറികൾ റൂമായി തയ്യാർ ചെയ്തിരിക്കുന്നു. ചൂടുവെളളം ലഭ്യമല്ല. 800 രൂപയ്ക്കുളള മുറിയുടെ സൗകര്യങ്ങൾ ധാരാളം അതും കൊടൈക്കനാലിൽ സീസൺ സമയത്ത്‌. മുറിയുടെ മുൻപിലുളള പ്രകൃതിയുടെ മനോഹരദൃശ്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണു. കാടുകളും കോടമഞ്ഞു മൂടിയ മലനിരകളും മനസ്സിനെ റിലാക്സിംഗ്‌ മൂഡിലേക്ക്‌ കൊണ്ടുപോകും. പട്ടണത്തിലെ തിരക്കും ബഹളവും ഇല്ലാതെ തീർത്തും പ്രകൃതിയോട്‌ ഇടപഴകി നിങ്ങൾക്ക്‌ അവിടെ താമസിക്കാം. പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നവർക്ക്‌ എന്തുകൊണ്ടും അനുയോജ്യമാണു ഗ്രീൻലാന്റ്‌ യൂത്ത്‌ ഹോസ്റ്റൽ.

2 ആയപ്പോൾ അവിടെ നിന്നും ഇറങ്ങി കോക്കേഴ്സ്‌ വോക്കിലേക്ക്‌ പോയി. ഹോട്ടലിൽ നിന്നും 100 മീറ്റർ ദൂരമെയുളളൂ. കൊടൈക്കനാൽ മലനിരകളുടെയും സിറ്റിയുടെയും നല്ലൊരു ദൃശ്യം അവിടെ നിന്നും ലഭിക്കും. ഒരാൾക്ക്‌ 20 എന്ന നിരക്കിൽ പാസ്സ്‌. ഏകദേശം അരകിലോമീറ്ററോളം നടന്നാൽ മറ്റൊരു ഭാഗത്തുളള കവാടത്തിൽ എത്തിച്ചേരാം. ഞാനും മായയും കൈകൾ കോർത്ത്‌ നടക്കുവാൻ തുടങ്ങി. മലയുടെ അടിവാരത്തുകൂടെയുളള നടത്തം. കല്യാണം കഴിഞ്ഞ്‌ ഹണിമൂൺ പോകത്തതിന്റെ അവളുടെ പരിഭവം ഈ യാത്രയോടുകൂടി മാറി. വൃത്തിയായി സംരക്ഷിച്ചിട്ടുണ്ട്‌ നടപ്പാത. ഒരു വശത്ത്‌ കമ്പിവേലികെട്ടി സംരക്ഷിച്ചിട്ടുണ്ട്‌. കമ്പി വേലിയുടെ താഴെ കാട്ടുകോഴി ഇര തേടുന്നതു കണ്ടു. പിന്നെ കാടയുടെ വർഗ്ഗത്തിൽപ്പെട്ട കിളികളും. കുറച്ചു ദൂരം നടന്നശേഷം ഞങ്ങൾ തിരിച്ചു നടന്നും. അവിടെ നിന്നുമിറങ്ങി കൊടൈക്കനാൽ തടാകം ലക്ഷ്യമാക്കി പാഞ്ഞു.

സിറ്റിയുടെ ഹൃദയഭാഗത്തുളള തടാകത്തിനു ബുളളറ്റിൽ ഒരു പ്രദക്ഷിണം. ഇടയ്ക്കിറങ്ങി പുഴുങ്ങിയ ചൂട്‌ ചോളം കഴിച്ചു. 30 രൂപ. ഉച്ചഭക്ഷണം ഓരോ ചോളത്തിലൊതുക്കി. പിന്നീട്‌ നേരെ ബ്രയന്റ്‌ ഫ്ലവർപാർക്കിലേക്ക്‌ പോയി. 30 രൂപ ടിക്കറ്റ്‌ നിരക്കാണു ഒരാൾക്ക്‌. അത്ര വലുതല്ലെങ്കിലും ഉളളത്‌ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. റോസാപ്പൂക്കളുടെ വലിപ്പം കണ്ട്‌ മായയുടെ കണ്ണു തളളി. പല വൈവിധ്യത്തിലും റോസ്‌, ഡാലിയ മറ്റ്‌ ഇതര പൂക്കളും അവിടെ സന്ദർശിക്കാൻ കഴിയും. 2 മണിക്കൂർ അവിടെ ചിലവഴിച്ചശേഷം 6.00 ആയപ്പോൾ റൂമിലേക്ക്‌ പോയി. തണുപ്പ്‌ കൂടിക്കൂടി വരുന്നു. മായ ജാക്കറ്റും സോക്സും ധരിച്ച്‌ പുറത്തേക്ക്‌ വന്നു. ഞങ്ങൾ റൂമിനടുത്തുളള പുൽത്തകിടിയിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സ്കൂളിന്റെ മറുഭാഗത്ത്‌ കാട്ടിൽ നിന്ന് പശിവിന്റെ പോലെ എന്തോ കയറി വരുന്നതുകണ്ടു. കൊമ്പും കാലിലെ വെളള ഷൂസും കണ്ടപ്പോൾ കാട്ടുപോത്താണെന്ന് മനസ്സിലായി.

ഞാൻ അവളെയും വിളിച്ച്‌ അൽപം മുകൾ ഭാഗത്തേക്ക്‌ പോയി നിരീക്ഷിച്ചു. കാട്ടുപോത്ത്‌ തന്നെ. 2 കുട്ടിയും 2 വലുതുമുണ്ട്‌. അവിടുത്തെ സ്ഥിരം സന്ദർശകരായിരിക്കും. ഞങ്ങളെ കുറച്ച്‌ സമയം തുറിച്ച്‌ നോക്കിയശേഷം പുല്ലുതിന്നുവാൻ തുടങ്ങി. അപ്പോഴേക്കും സമയം ഇരുട്ടിത്തുടങ്ങിയിരുന്നു. എന്നാൽ കഴിച്ചിട്ടുവരാം എന്ന തീരുമാനത്തിൽ വണ്ടിയെടുത്ത്‌ പുറത്തേക്ക്‌ പുറപ്പെട്ടു. വൈകിട്ട്‌ ദോശ കഴിച്ചു 110 രൂപ. തടാകത്തിനു ഒരു പ്രദക്ഷിണം വെച്ച്‌ റൂമിലേക്ക്‌ തിരിച്ചു. തടാകത്തിനു ഇരു ഭാഗത്തുമുളള കടകളിൽ തിരക്കൊഴിഞ്ഞിരുന്നു.

8.30 ആയപ്പോൾ ഹോട്ടലിൽ തിരിച്ചെത്തി. മുകളിൽ റിസപ്ഷനിൽ അൽപസമയം സംസാരിച്ചശേഷം താഴെയുളള റൂമിലേക്ക്‌ പടികളിറങ്ങുന്ന അൽപഭാഗത്ത്‌ വെളിച്ചക്കുറവായിരുന്നു. മൊബെയിലിൽ വെളിച്ചം തെളിച്ച്‌ മുൻപോട്ട്‌ നിങ്ങിയപ്പോൾ റൂമിനടുത്ത്‌ ഒരു 10 മീറ്റർ മാറി രണ്ടു തിളങ്ങുന്ന കണ്ണുകൾ. കാട്ടുപോത്ത്‌. ഞാൻ ചിരിച്ചുകൊണ്ട്‌ ഭാര്യയെ കാണിച്ചു. അതിനെ കണ്ടതും അവൾ അലറിക്കൊണ്ട്‌ ഒരു ഓട്ടം റിസപ്ഷനിലേക്ക്‌. പിന്നീട്‌ അവിടെയുളള സെക്യൂരിറ്റി പയ്യൻ വന്ന് അതിനെ ഓടിച്ചു വിട്ടു. അവറ്റകൾ ഒന്നും ചെയ്യാറില്ലെന്നും പേടിക്കേണ്ടന്നും റിസ്പ്ഷനിസ്റ്റ്‌. കാട്ടുപോത്തുകൾ താഴേക്കു പോയി എന്നു ബോധ്യം വന്ന ശേഷം ഞങ്ങൾ റൂമിൽ കയറി. നാളേയ്ക്കുളള യാത്ര പ്ലാൻ ചെയ്തു കിടന്നു.

നല്ല ഉറക്കത്തിനുശേഷം രാവിലെ ഉണർന്നപ്പോൾ നേരം പുലർന്ന് തുടങ്ങിയിരുന്നു. റൂം തുറന്ന് പുറത്തിറങ്ങിയപ്പോൾ 3 കാട്ടുപോത്ത്‌ കുറച്ച്‌ മാറിനിന്ന് പുല്ലുതിന്നുന്നു. ഏകദേശം 30 മീറ്റർ എന്നിൽ നിന്നും മാറി. കുറച്ചു നേരം തല ഉയർത്തി എന്നെ നോക്കിയ ശേഷം അവറ്റകൾ തീറ്റ തുടർന്നു. ഞാൻ കുറച്ചു സമയം ആ വരാന്തയിൽ ഇരുന്നു അതുങ്ങളെ നിരീക്ഷിച്ചു. ചെറിയ ഒരു കുട്ടിയും അമ്മയും അച്ഛനും. അച്ഛൻ ഒരു അജാനബാഹു, പേടിപ്പെടുത്തുന്ന രൂപം. നടക്കുമ്പോൾ ഭൂമി കുലുങ്ങും പോലെ തോന്നി. വെയിൽ ചെറുതായി വീണു തുടങ്ങിയപ്പോൾ പോത്തുകൾ താഴെ കാടിനുളളിലേക്ക്‌ മറഞ്ഞു.

ഞാൻ മായയെ എഴുന്നേൽപ്പിച്ച്‌ മുകളിലെ പുൽത്തകിടിയിൽ കൊണ്ടുപോയി ഇരുത്തി. ഞങ്ങൾ രണ്ടു പേരും മഞ്ഞും കൊണ്ട്‌ കാഴ്ചകൾ കണ്ട്‌ ഇരുന്നു. കിളികളുടെ ശബ്ദവും പ്രത്യേകമണമുളള കാറ്റും ഏറ്റ്‌ ഞങ്ങളും പ്രകൃതിയുടെ ഒരു ഭാഗമായി. 9.00 നു ഞങ്ങൾ രണ്ടുപേരും ഫ്രഷ്‌ ആയി. റൂമിൽ നിന്നും പൈൻ ഫോറസ്റ്റ്‌ ലക്ഷ്യമാക്കി പാഞ്ഞു. പോകും വഴി 100 രൂപയ്ക്ക്‌ നാലു ദോശയും കഴിച്ചു. പിന്നെ 500 രൂപയ്ക്ക്‌ പെട്രോളും. 8 കി.മി സിറ്റിയിൽ നിന്നും മാറിയുളള പൈൻ ഫോറസ്റ്റ്‌ നല്ല വിശാലമായ പൈൻ മരങ്ങളുടെ കാഴ്ചയാണു നൽകുന്നത്‌. അവിടെ അൽപസമയം ചിലവഴിച്ചശേഷം ബെർജിയം തടാകം കാണുന്നതിനായി പോയി.

ബെർജിയം തടാകം ഇന്ന് തുറക്കില്ലെന്ന് മൂയർ ചെക്ക്‌ പോസ്റ്റിൽ നിന്നും അറിയാൻ കഴിഞ്ഞു. ഞങ്ങൾ അവിടെ നിന്നും 23കി.മി ദൂരെയുളള പൂമ്പാറ, കൂക്കൽ ഗ്രാമങ്ങൾ കാണുവാൻ പോയി. ബുളളറ്റിൽ ഒരു തുടർ യാത്രയായിരുന്നു. വളവുകളും തിരിവുകളും കയറ്റവും ഇറക്കവും ചില സ്ഥലങ്ങളിൽ റോഡ്‌ മോശവും. പൂമ്പാറ എത്തിയപ്പോൾ 12.30 ആയി. പൂമ്പാറ ഗ്രാമങ്ങൾ കണ്ണിനു നല്ലൊരു ദൃശ്യഭംഗി നൽകുന്നു. അകലമില്ലാതെ മലമുകളിൽ പണിതിട്ടുളള കൂട്ടമായുളള വീടുകളും താഴെയുളള കൃഷിസ്ഥലങ്ങളും എനിക്ക്‌ നല്ല കുറേ ഫോട്ടോസിനു വഴിയൊരുക്കി. കൃഷിയെ ആശ്രയിച്ചാണു അവിടെയുളള ജനങ്ങളുടെ ജീവിതം. ഗ്രാമത്തിനകത്തൂടെ മോശമല്ലാത്ത വഴിയിലൂടെ ഞങ്ങൾ അവിടെനിന്നും കുറച്ച്‌ മാറിയുളള കൂക്കൽ എന്ന ഗ്രാമം ലക്ഷ്യമാക്കി നീങ്ങി. വളരെ പതുക്കെ കാഴ്ച കണ്ടുകൊണ്ടായിരുന്നു യാത്ര.

കൂക്കൽ ഗ്രാമവും പൂമ്പാറ പോലെ തന്നെ. കൃഷിസ്ഥലങ്ങളും വീടുകളും. തട്ടുതട്ടായുളള കൃഷിയിടങ്ങളായിരുന്നു അവിടുത്തെ പ്രത്യേകത. ക്യാരറ്റ്‌, ബൂട്ട്രൂട്ട്‌, തക്കാളി, റാഡിഷ്‌, ക്യാബേജ്‌, കോളീഫ്ലവർ തുടങ്ങിയവയായിരുന്നു അവിടുത്തെ പ്രധാന കൃഷി ഇനങ്ങൾ. അവിടുത്തെ ഗ്രാമഭംഗികൾ ആസ്വദിച്ച്‌ തിരിച്ചു വരും വഴി സൂയിസൈഡ്‌ പൊയിന്റും സന്ദർശിച്ച്‌ വൈകിട്ട്‌ 5 മണിക്ക്‌ റൂമിൽ തിരിച്ചെത്തി. അപ്പോഴേക്കും കോടമഞ്ഞ്‌ മലനിരകളെ തഴുകാൻ തുടങ്ങിയിരുന്നു. അൽപ സമയം കഴിഞ്ഞ്‌ രാത്രി ഭക്ഷണത്തിനായി പുറത്തേക്ക്‌ പോയി. രാത്രിയിൽ തണുപ്പുകൊണ്ട്‌ തിരക്കുകുറഞ്ഞ തടാകത്തിന്റെ അരികിൽ ഇട്ടിരുന്ന ബഞ്ചിൽ 2 മണിക്കൂർ അവിടുത്തെ കാഴ്ചകൾ കണ്ട്‌ ഇരുന്നു. പിന്നീട്‌ ഭക്ഷണം കഴിച്ച്‌ റൂമിലേക്ക്‌ പോയി.

അടുത്ത ദിവസം ബെറിജാം തടാകം കാണുന്നതിനായി 8.30 ആയപ്പോൾ മൂയർ പൊയിന്റിലേക്ക്‌ പോയി. അവിടെ ഫോറസ്റ്റ്‌ ഡിപ്പാർട്ട്‌മന്റ്‌ വണ്ടിയിൽ ഏകദേശം 9.30 ആയപ്പോൾ പുറപ്പെട്ടു. ഒരു 6 കി.മി കാട്ടിന്റെ ഉളളിലാണു തടാകം. ഒരു ദിവസം 20 വാഹനത്തിൽ കൂടുതൽ പ്രവേശിപ്പിക്കില്ല. പ്രൈവറ്റ്‌ വാഹനങ്ങളിൽ പോകുന്നതിനു കൊടൈക്കനാൽ ടൗണിൽ ഫോറസ്റ്റ്‌ ഓഫീസിൽ മുൻ കൂട്ടി അനുമതി വാങ്ങണം. ഞങ്ങൾ ആളൊന്നുക്ക്‌ 100 രൂപ പാസ്‌ എടുത്ത്‌ ബസ്സിൽ കയറി. പോകും വഴി സെയിലന്റെ വാലി വ്യൂപൊയിന്റ്‌, ക്യാപ്സ്‌ റോക്ക്‌, ഷോല വനങ്ങൾ എന്നിവ സന്ദർശിച്ച്‌ ബെറിജാം തടാകത്തിൽ എത്തി. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ചെറിയ ഒരു തടാകം. മൂന്നാറിലേക്ക്‌ പോകുന്ന പരമ്പരാഗത വഴിയാണത്‌ ഇപ്പോൾ അടച്ചിട്ടിരിക്കുന്നു. അവിടെ അൽപ സമയം ചിലവഴിച്ചശേഷം ബസ്സിൽ തിരിച്ച്‌ 12.30 ആയപ്പോൾ മൂയർ പൊയിന്റിൽ എത്തി. അവിടെ നിന്നും തിരിച്ച്‌ റൂമിൽ എത്തി.

റൂ വെക്കേറ്റ്‌ ചെയ്ത്‌ ലഗ്ഗേജ്‌ എല്ലാം ക്യാരിയറിൽ വെച്ചു കെട്ടി. ഇനി അടുത്ത ലക്ഷ്യം കുമിളി ഏകദേശം 180 കി.മി ഉണ്ട്‌. നേരെ ബത്തലഗുണ്ട്‌ അവിടെ നിന്നും തേനി കമ്പം കുമിളി. ഹോട്ടലിൽ നിന്നിറങ്ങി 1 കി.മി ചെന്നപ്പോൾ മായ പറഞ്ഞു ബാഗ്‌ ചെരിഞ്ഞാണിരിക്കുന്നതെന്ന്. വണ്ടി ഒരു മരത്തിന്റെ അരികിൽ നിർത്തി ബാഗുകൾ നേരെയാക്കുന്നതിനിടെ എവിടെ നിന്നൗവൻബതറിയില്ല പെട്ടെന്ന് തകർത്തു മഴ പെയ്യാൻ തുടങ്ങി. ഭാഗ്യത്തിനു എന്റെ ജാക്കറ്റ്‌ ബാഗിന്റെ മുകളിൽ വെച്ച്‌ കെട്ടിയിട്ടുണ്ടായിരുന്നു അതുകൊണ്ട്‌ ബാഗുകൾ കൂടുതൽ നനഞ്ഞില്ല. അടുത്തെങ്ങും കയറി നിൽക്കാൻ ഇടമില്ല. അതുകൊണ്ട്‌ ആ മരത്തിനോട്‌ ചേർന്നു നിന്ന് മഴയും ആസ്വദിച്ചു നിന്നു. അൽപം മഴ തോർന്ന ശേഷം കൊടൈക്കനാൽ സിറ്റിയിൽ നിന്നും ഭക്ഷണം കഴിച്ച്‌ നേരെ കൊടൈ – മധുര റൂട്ടിലൂടെ ബത്തലഗുണ്ട്‌ ലക്ഷ്യമാക്കി നീങ്ങി.

മലയിറങ്ങുന്നതിനിടെ വീണ്ടും മഴ. തൽക്കാലം വണ്ടി നിർത്തിയില്ല മഴ നനഞ്ഞു കൊണ്ട്‌ യാത്രയായി. കൊടൈകനാലിലെ തണുപ്പും മഴയും കൊണ്ട്‌ ഒരു യാത്ര..ശരിക്കും ആസ്വദിക്കുകയായിരുന്നു. ഏകദേശം 3 മണി ആയി അവിടെ നിന്നും തിരിച്ചപ്പോഴേക്കും. നീണ്ട യാത്രയ്ക്കു ശേഷം കമ്പത്ത്‌ വണ്ടി നിർത്തി. അപ്പോൾ 5.15 കഴിഞ്ഞു. അവിടെ ഒരു കടയിൽ കയറി മൊരിഞ്ഞ മസാല ദോശയും കാപ്പിയും വടയും കഴിച്ചു 110 രൂപ. തമിഴന്റെ ഭക്ഷണം. രുചി ഒന്നു വേറെയാണു. പ്രത്യേകിച്ച്‌ വെജ്ജിറ്റേറിയൻ ആയ എനിക്ക്‌ വളരെ ഇഷ്ടമായി. പിന്നീട്‌ അവിടെ നിന്നും കുമളി ലക്ഷ്യമാക്കി പാഞ്ഞു. പോകും വഴി വണ്ടിക്ക്‌ പെട്രോൾ നിറയ്ക്കാനും മറന്നില്ല.

7.15 ആയപ്പോഴേക്കും കുമളി എത്തി. കൂട്ടുകാരൻ രാജ റും ബുക്ക്‌ ചെയ്തിരുന്നു 600 രൂപ നിരക്കിൽ. രാജ അവിടുത്തെ ഗൈഡും ടൂർ ഓപ്പറേറ്ററുമാണു. ഞങ്ങൾ തമ്മിൽ ഇപ്പോൾ കാണുന്നത്‌ നീണ്ട 9 വർഷത്തേ ഇടവേളയ്ക്കുശേഷം. രാവിലെ തേക്കടിയിൽ ബോട്ടിങ്ങും സത്രവും പോകുവാനായിരുന്നു പ്ലാൻ. പക്ഷേ രാത്രിയിൽ തീരുമാനിച്ചു രാവിലെ മൂന്നാർ പോകുവാനായി. 92 കി.മി ദൂരം. രാവിലെ 4 നു എണീറ്റു കുളിച്ച്‌ റെഡിയായി 5.15 ഞാനു മായയും മൂന്നാറിനു തിരിച്ചു. പോകും വഴി ഏലത്തോട്ടങ്ങളിൽ നിന്നുളള വശ്യമായ സുഗന്ധവും ആസ്വദിച്ച്‌ തണുപ്പും കൊണ്ട്‌ മൂന്നാർ ലക്ഷ്യമാക്കി പാഞ്ഞു. കയറ്റവും ഇറക്കവും യു ടേണുകളും രസകരമായ യാത്ര പ്രദാനം ചെയ്യുന്നു. യാത്ര ചെയ്യുവാണെങ്കിൽ ബൈക്കിൽ തന്നെ പോകണം. പ്രകൃതിയെ അറിഞ്ഞു മഴയും വെയിലും എല്ലാം ആസ്വദിച്ച്‌ വേറെ ഒരു ഫീൽ ആണു.

8.30 ആയപ്പോൾ മൂന്നാറിൽ എത്തി. അവിടെ നിന്നും പ്രഭാത ഭക്ഷണം കഴിച്ച്‌ രാജമല ലക്ഷ്യമാക്കി നീങ്ങി. രാജമലയിൽ 20 വർഷം മുൻപ്‌ ഞാൻ പോയതിലും ആകെ മാറ്റം വന്നു. പ്രവേശന ഫീസും മറ്റും മുൻപ്‌ ഇല്ലായിരുന്നു. വാഹങ്ങളും ഇപ്പോൾ കടത്തിവിടില്ല. വനം വകുപ്പിന്റെ മിനി ബസ്സിൽ ആണു യാത്ര. 5 കി.മി യാത്ര. അതു കഴിഞ്ഞാൽ കുറച്ച്‌ മുകളിലേക്ക്‌ നടക്കുമ്പോൾ വരയാടുകളെ കണ്ടു തുടങ്ങും. ചിലപ്പോൾ ഒറ്റയ്ക്കോ കൂട്ടമായോ. ഞങ്ങൾ ചെന്നപ്പോൾ 5 വരയാടുകൾ ഉണ്ടായിരുന്നു. മനുഷ്യനെ കണ്ട്‌ പേടി മാറിയത്‌. എന്നാൽ കാടിന്റെ വന്യതയുമുണ്ട്‌. അവിടെ റോഡിന്റെ ഇരുവശവും വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു. മുൻപ്‌ ഇങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. ഒരു കണക്കിനു നല്ലതാണു അല്ലെങ്കിൽ ഉളളതും കൂടി നഷ്ടമാകും.

അവിടെ നിന്നും മലയിറങ്ങി നേരെ മാട്ടുപ്പെട്ടി ഡാം കാണുവാൻ പോയി. ഡാമിന്റെ കരയിൽ അൽപ സമയം ചിലവഴിച്ചശേഷം മാട്ടുപ്പെട്ടി ഫാം കാണുവാൻ ഒരു ശ്രമം നടത്തിയെങ്കിലും നടന്നില്ല. റെക്കമെണ്ടേഷൻ വേണം ഉയർന്ന ഉദ്യോഗസ്ഥരുടെ. മാട്ടുപ്പെട്ടി ഡാമിൽ നിന്നും തിരിച്ചപ്പോഴേക്കും 1 മണിയായി. വട്ടവട അവിടെ നിന്നും 40 കി.മി ദൂരമുണ്ട്‌. അന്തരീക്ഷം ആകെ മേഘാവൃതമായി. തിരിച്ചു കുമളിക്ക്‌ പോകാം എന്നു തീരുമാനിച്ചു. മൂന്നാർ ടൗണിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം അടിമാലി, ഇടുക്കി, കട്ടപ്പൻ വഴി കുമളിക്ക്‌ പോകാൻ തിരുമാനിച്ചു. മൂന്നാർ ടൗണിൽ നിന്നും 2 കി.മി മാറി സഞ്ചരിച്ചപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി. ഏകദേശം മൂന്നു മണി വരെ അവിടെ നിന്നു. മഴ അൽപം കുറഞ്ഞ ശേഷം അവിടെനിന്നും പുറപ്പെട്ടു. അടിമാലി എത്തുന്നതിനു മുൻപ്‌ വീണ്ടും മഴ. 5.30 വരെ അവിടെ നിന്നു.

വീണ്ടും അവിടെ നിന്നും കുമളി ലക്ഷ്യമാക്കി നീങ്ങി. ഇടയ്ക്ക്‌ മഴയും പെയ്യുന്നുണ്ടായിരുന്നു. അതു അത്ര കാര്യമാക്കിയില്ല. സമയം ഒരുപാട്‌ ഇരുട്ടുന്നതിനു മുൻപ്‌ ലക്ഷ്യത്തിലെത്തണം. പോകും വഴിയിൽ ഒന്നും കറണ്ട്‌ ഇല്ല. ഒറ്റപ്പെട്ട മലയോരപാതയിലൂടെ ഞങ്ങൾ മാത്രമേ സഞ്ചരിക്കുന്നുളളൂ എന്ന് തോന്നി. വല്ലപ്പോഴും ഒരു ബസ്സോ മറ്റോ കടന്നു പോയാലായി. സൈൻ ബോർഡും ആളുകളോട്‌ ചോദിച്ചു 8 മണിയായപ്പോൾ കുമളിയിലെത്തി. അവിടെ എത്തിയപ്പോഴേക്കും കറണ്ട്‌ വന്നു. രാജയെ വിളിച്ചു. ആളു വീട്ടിൽ അൽപം തിരക്കിലാണു നാളെ കാണാം എന്നു പറഞ്ഞു. വൈകിട്ട്‌ തട്ടുകടയിൽ നിന്നും ദോശ കഴിച്ചതിനുശേഷം റൂമിലേക്ക്‌ പോയി.

നാളെ രാവിലെ ബോട്ടിംങ്ങും സത്രവും കാണാൻ പോകാം എന്ന് തീരുമാനിച്ചു. രാവിലെ 5.30 എണീറ്റ്‌ ബോട്ടിംങ്ങ്‌ പാസ്സ്‌ എടുക്കുന്ന സ്ഥലത്തെത്തി. രാവിലെ തന്നെ ആളുകൾ എത്തിയിരുന്നു. 6 മണിക്ക്‌ പാസ്സ്‌ കൊടുത്തു തുടങ്ങി. 60 രൂപയ്ക്ക്‌ പാസ്സ്‌ എടുത്ത്‌ ബോട്ട്‌ ലാൻഡിംഗ്‌ വരെ പോകാം വനം വകുപ്പിന്റെ ബസ്സിൽ. 15 മിനിറ്റ്‌ യാത്ര. പിന്നീട്‌ അവിടെ നിന്നു പാസ്സ്‌ എടുക്കണം ബോട്ടിംഗിനായി. 190 രൂപയുടെ രണ്ട്‌ പാസ്സ്‌ അവിടെനിന്നും എടുത്തു. 7.30 ആണു ആദ്യ ബോട്ടിംഗ്‌ ആരംഭിക്കുന്നത്‌. 3 ബോട്ടുകൾ യാത്രക്കാരെ കൊണ്ടുപോകുവാനായി കാത്തുകിടക്കുന്നുണ്ടായിരുന്നു. ചെറിയ മഞ്ഞ്‌ മൂടിക്കിടന്നിരുന്നു തടാകത്തിൽ. ദൂരെ ആദിവാസികൾ തടാകത്തിന്റെ കരയിൽ മീൻ പിടിക്കുന്നതു കാണാം.

7.30 നു ബോട്ട്‌ യാത്ര ആരംഭിച്ചു. ലൈഫ്‌ ജാക്കറ്റ്‌ അണിഞ്ഞു സീറ്റ്‌ നമ്പർ പ്രകാരമാണു ഏവരും ഇരിക്കുന്നത്‌. തടാകത്തിലെ ശാന്തതയെ ഭേദിച്ചുകൊണ്ട്‌ ബോട്ടിന്റെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. ഒന്നര – രണ്ട്‌ മണിക്കൂറാണു ബോട്ടിംഗ്‌ സമയം. കുറച്ച്‌ മുൻപോട്ട്‌ പോയശേഷം കാട്ടു പട്ടികളെ കണ്ടു. തടാകത്തിന്റെ കരയിൽ രാത്രിയിൽ വേട്ടയാടിയ മൃഗത്തെ തിന്നുകയാണു. കൂട്ടത്തോടെയാണു ഇവറ്റകൾ ആക്രമിക്കുന്നത്‌. വേട്ടയാടിയ മൃഗത്തിന്റെ ജീവൻ പോകുന്നതിനുമുൻപ്‌ തിന്നു തുടങ്ങുന്നതും ഇവരുടെ പ്രത്യേകതകൾ ആണു. ചെറിയ ചുവപ്പ്‌ കലർന്ന ചാര നിറം. വാലിന്റെ അറ്റത്ത്‌ കറുപ്പ്‌. കൂർത്ത മുഖം. നാട്ടിലെ പട്ടുയുടെ അത്രയുമുളളു വലിപ്പം.

കുറച്ചു കൂടി മുൻപോട്ട്‌ പോയപ്പോൾ ദൂരെ മ്ലാവുകൾ വെളളം കുടിക്കുന്നതുകണ്ടു. പിന്നെ കാട്ടുപോത്തിൻ കൂട്ടവും. തലേ ദിവസം ആനക്കൂട്ടം തടാകക്കരയിൽ ഉണ്ടായിരുന്നു എന്ന് ബോട്ട്‌ ജീവനക്കാരൻ പറഞ്ഞു. ഇന്ന് എന്തായാലും കാണാൻ പറ്റിയില്ല. കാട്ടിലെ യാത്രയിൽ മൃഗങ്ങളെ കാണുക എന്നതു ഒരു ഭാഗ്യമാണു. ഈ ഹരിതശോഭ കാണുമ്പോളെല്ലാം ഞാൻ ഏതോ പ്രാചീനമനുഷ്യനായി മാറിക്കഴിഞ്ഞിരുന്നു. പ്രകൃതിയായ അമ്മയുടെ മകനായി.

ഒന്നരമണിക്കൂർ ബോട്ടിങ്ങിനുശേഷം നേരെ റൂമിൽ വന്നു. റൂം വെക്കേറ്റ്‌ ചെയ്തു ലഗ്ഗേജ്‌ റിസപ്ഷനിൽ വെച്ച്‌ സത്രം കാണുവാനായി പോയി. പൊന്നമ്പലമേടിന്റെ അടിവാരമാണു സത്രം. പുൽമേടുകളും മൊട്ടക്കുന്നുകളും കൊണ്ട്‌ സമ്പന്നമായ പ്രദേശം. കുറച്ച്‌ ഓഫ്‌ റോഡാണു. പോകാം എന്നു ഉറപ്പുണ്ടെങ്കിൽ ബൈക്കിൽ പോകാം. അല്ലെങ്കിൽ ജീപ്പ്‌ വാടകയ്ക്ക്‌ കിട്ടും 2000 രൂപയോട്‌ അടുത്താണു ജീപ്പ്‌ വാടക.

ദോശകഴിച്ച്‌ 10 മണിയായപ്പോൾ വണ്ടിപ്പെരിയാർ ലക്ഷ്യമാക്കി നീങ്ങി. 10 കി.മി ദൂരം. അവിടെ നിന്നും 12 കി.മി ദൂരമുണ്ട്‌ സത്രത്തിനു. പോകും വഴി വണ്ടിപ്പെരിയാർ എത്തും മുൻപേ പുറകിലെ ടയർ പഞ്ചറായി. അപകടം ഒന്നും ഉണ്ടായില്ല. വണ്ടി റോഡ്‌ സൈഡിൽ ഒതുക്കിനിർത്തി. മായ അവിടെ നിൽക്കാം എന്നു പറഞ്ഞു. ഞാൻ ഓട്ടോയിൽ 4 കി.മി മാറിയുളള പഞ്ചർ കടയിൽ പോയി ആളെ കൂട്ടിക്കൊണ്ട്‌ വന്നു ശരിയാക്കി. ടയർ എല്ലാം ശരിയാക്കിയപ്പോൾ 12.30 ആയി. വണ്ടിപ്പെരിയാൻ പോലീസ്‌ സ്റ്റേഷനിൽ നിന്നും ഇടത്തോട്ട്‌ തിരിഞ്ഞാണു സത്രം റോഡ്‌ പോകുന്നത്‌. പോകും വഴി മൂന്നാറിനെ വെല്ലുന്ന തെയിലത്തോട്ടങ്ങളുടെ മനോഹരമായ ദൃശ്യങ്ങൾ കാണാം.

പോകും വഴി പെട്ടന്ന് ഇരട്ടത്തലച്ചി എന്നു പേരുളള പക്ഷി റോഡിന്റെ അരികിലെ ചെടികളിൽ നിന്ന് പറന്ന് വണ്ടിയിൽ വന്നിടിച്ചു റോഡിൽ വീണു. സാരമായ പരുക്ക്‌ പറ്റി കിളിക്ക്‌. കാലിനു ചെറിയ മുറിവ്‌. വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. ഞാൻ അതിനെ എടുത്ത്‌ മായയുടെ കൈകളിൽ കൊടുത്തു. പോകും വഴി ഒരു വീട്ടിൽ ഏൽപ്പിച്ചു. മുറിവിൽ അൽപം മഞ്ഞൾ തേച്ചു പറത്തിവിടണം എന്ന് വീട്ടിലുളള ചേട്ടനോടു പറഞ്ഞു ഞങ്ങൾ നീങ്ങി.

കുറച്ച്‌ പൊട്ടിപ്പൊളിഞ്ഞ വഴിയിൽകൂടിയും പിന്നീട്‌ കല്ലുകൾ നിറഞ്ഞ റോഡിൽകൂടിയും സഞ്ചരിച്ച്‌ സത്രത്തിൽ എത്തിച്ചേർന്നു. പുൽമേടിന്റെ ഒരു ഭാഗം അവിടെ നിന്നും കാണുവാൻ കഴിയും. മുട്ടക്കുന്നുകളിൽ പുല്ലുകൾ കിളിർത്ത്‌ വരുന്നതേയുളളൂ.. ആഗസ്റ്റ്‌ കഴിഞ്ഞ്‌ വരുമ്പോൾ പുല്ലുകൾ തഴച്ചു വളരും. ചിലപ്പോൾ മൃഗങ്ങളെയും കാണുവാൻ സാധ്യതയുണ്ട്‌. അവിടെ കുറച്ചു നേരം വെറുതെ ഇരുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ..വെറും ആസ്വാദകനായി..2 പുൽമേടുകൾക്കു മുകളിൽ വണ്ടി ഓടിച്ചു കയറ്റി. ഇടയ്ക്ക്‌ മായയുടെ നിലവിളി അവിടെമാകെ പ്രതിധ്വനിച്ചു. ഓഫ്‌ റോഡാണു വെറും കല്ലുകൾ മാത്രം. സത്രം കാഴ്ചകൾ കണ്ട്‌ ഏകദേശം 3 മണിക്ക്‌ അവിടെ നിന്നും മടങ്ങി. വണ്ടിപ്പെരിയാറു നിന്നും ഭക്ഷണം കഴിച്ചു. തിരിച്ചു കുമളിയിൽ പോയി ലഗ്ഗേജ്‌ വണ്ടിയിൽ കെട്ടി വീട്ടിലേക്ക്‌ മടക്കയാത്രയ്ക്ക്‌ തയ്യാറായി. കൂട്ടുകാരൻ രാജയെ അന്നു കാണാൻ കഴിഞ്ഞില്ല. ചെറിയ ഓട്ടം കിട്ടിയിരുന്നു. ആളോടു ഫോൺ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

തിരിച്ചു വണ്ടിപ്പെരിയാറിൽ നിർത്തി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട രഞ്ജിത്ത്‌ വാണി ചേട്ടന്റെ സ്റ്റുഡിയോയിൽ പോയി. ആളെ കണ്ടു. അടുത്ത ബേക്കറിയിൽ നിന്നും സ്നേഹത്തിൽ ചാലിച്ച സർബത്ത്‌ കുടിച്ച്‌ ഞങ്ങൾ പിരിഞ്ഞു. സ്റ്റുഡിയോയിൽ വെച്ച്‌ ഒരു ഫോട്ടോ എടുക്കാനും ആളു മറന്നില്ല. പിന്നെ അവിടെ നിന്നും നേരെ എരുമേലി. 8 മണിയായി എരുമേലി എത്തിയപ്പോൾ. പതുക്കെയായിരുന്നു മലയിറക്കം. എന്റെ ഗുരുവിനോട്‌ മനസ്സാൽ നന്ദി പറഞ്ഞുകൊണ്ട്‌..അദ്ദേഹത്തിന്റെ സംരക്ഷണത്തിലാണു എന്റെ ഓരോ യാത്രകളും. എരുമേലിയിൽ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മഴ തകർത്തു പെയ്തു. ഒരു മണിക്കൂറിനുശേഷം യാത്ര തുടർന്നു. 10 മണിയായപ്പോൾ വീട്ടിൽ. അങ്ങനെ 7 ദിവസത്തെ ഊരുതെണ്ടലിനുശേഷം വീട്ടിൽ…..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply