നൈലിൻ്റെ പുത്രിയുടെ മണ്ണിലേക്ക്; ഒരു ഈജിപ്ഷ്യൻ യാത്ര….

വിവരണം – ചിത്ര വിക്രമൻ.

സഞ്ചാരിയിൽ ഈയിടെയായി തന്നെ രണ്ടോ മൂന്നോ ഈജിപ്ത് പോസ്റ്റ്‌ കണ്ടു. ഞാനും വീണ്ടും ഫറവോന്റെയും മമ്മിയുടെയും ചരിത്രം എഴുതി ആവർത്തിച്ച് വിരസമാക്കുന്നില്ല… അത്രയ്ക്ക് അങ്ങോട്ട്‌ യാത്ര പ്രേമികളെ പിടിച്ചിരുത്തി വായിപ്പിക്കാനുള്ള കഴിവും എന്റെ എഴുത്തിനു ഉണ്ടാകും എന്ന് തോന്നുന്നില്ല.. പക്ഷെ യാത്രകളോട് ആവേശവും ആർത്തിയും പ്രണയവും ഉള്ള … യാത്ര തന്നെ ജീവവായുവാക്കി ജീവിക്കുന്ന ആളുകൾ ഉള്ള ഈ ഗ്രൂപ്പിൽ നിന്ന് ഇതു വായിച്ചു ഒരു കുടുംബമെങ്കിലും ഈജിപ്ത് കാണാൻ പോയാൽ എന്റെ യാത്ര പങ്കുവെച്ചതിൽ ഒരു സംതൃപ്തി കിട്ടും..

കുടുംബം എന്നു പറയാൻ കാരണം മുതിർന്നവരേക്കാൾ കുട്ടികൾ അടിച്ചു പൊളിക്കും ഈജിപ്ത്..കുറച്ചു ശ്രദ്ധിച്ചാൽ മാതാപിതാക്കൾക്ക് ചെലവ് ചുരുക്കി കുട്ടികളെ ഒരു മിനി ട്രിപ്പിന് കൊണ്ടോകാം… അവർ പഠിച്ചതും അറിഞ്ഞതുമായ ലോകത്തിലെ എറ്റവും പുരാതനവും കൗതുകസമൃദ്ധവുമായ ഈജിപ്തിലെ സംസ്കാരം… പിരമിഡുകൾ.. മമ്മി..എന്നുവേണ്ട തകർത്തു മറിയാൻ പറ്റിയ ചെങ്കടലും പവിഴപുറ്റും വർണമത്സ്യങ്ങളും… ഈജിപ്ത് ഞങ്ങൾക്ക് ഒരു ഹോളിഡേ ഡെസ്റ്റിനേഷൻ എന്നതിനുപരി ഒരു അനുഭവം തന്നെയായിരുന്നു….പഴമയുടെ അത്ഭുതത്തിന്റെയും മണ്മറഞ്ഞു പോയ ഒരു ആദിമ സംസ്കാരത്തിന്റെയും സമ്പന്നത മാത്രമല്ല, മറിച്ചു നൈൽ എന്ന ഒറ്റ നദി രൂപപ്പെടുത്തി എടുത്ത ഈജിപ്ത് എന്ന രാജ്യത്തിലെ കഴിഞ്ഞ നൂറ്റാണ്ടിലെ ഭരണകർത്താക്കൾ നടത്തിയ പുരോഗതിയുടെയും തീവ്രവാദത്തിനും മുല്ലപ്പൂ വിപ്ലവത്തിനും ഇരയായി കുത്തനെ തകർന്ന സമ്പദ്‌വ്യവസ്ഥയിൽ നട്ടം തിരിയുന്ന മിസ്‌രികൾ എന്ന ഈജിപ്ത്യരെയും ..ഈ കാലഘട്ടത്തിലും മൊബൈൽ ഫോണിന്റെ അതിപ്രസരം തൊട്ടുതീണ്ടാത്ത യുവജനതയെയും തെല്ലൊരു ഗർവോടെ ഈജിപ്ത് നമ്മുക്ക് മുൻപിൽ കാട്ടിത്തരും.

വിസ പ്രോസസ്സിംഗ് : യാത്രയ്ക്കുള്ള ദിവസങ്ങൾ ഉൾപ്പെടെ 11 ദിവസങ്ങളാണ് ഞാനും മകൻ ഉണ്ണിയും ഈജിപ്തിൽ ചെലവിട്ടത്. ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ ഉള്ള ഈജിപ്ത് എംബസിയിൽ ആണ് വിസ അപ്ലിക്കേഷൻ ഇട്ടത്. ഇന്ത്യയിൽ നിന്നാണെങ്കിൽ Consulate general of Arab republic of Egypt ന്റെ രണ്ടു എംബസി ഉണ്ട്. www.mfa.gov.eg/mumbai_cons , phone- +91 22 2367 6422/6407, www.mfa.gov.eg/newdelhi_emb, phone- +91 11 26114096/4097.
ഓൺലൈൻ അപ്ലിക്കേഷൻ ഡൗൺലൈഡ് ചെയ്തു പൂരിപ്പിച്ചു ബാങ്ക് സ്റ്റേറ്റ്മെന്റ്, ലെറ്റർ of എംപ്ലോയ്‌മെന്റ്, ഓസ്‌ട്രേലിയൻ വിസ കോപ്പി, ഡമ്മി ടിക്കറ്റ്‌, $60 ചെക്ക്, പാസ്പോർട്ട്‌, പിന്നെ റിട്ടേൺ പാസ്സ്പോർട്ടിനുള്ള പ്രീപെയ്ഡ് കൊറിയർ കവർ ഇത്രയുമാണ് എംബസിയിലോട്ട് ഞാൻ അയച്ചത്. രണ്ടു ദിവസം കൊണ്ട് വിസ സ്റ്റാമ്പ്‌ ചെയ്തുന്നു അവർ വിളിച്ചു പറഞ്ഞു.

ഇന്ത്യയിലെ പ്രോസസ്സിംഗ് എനിക്ക് അറിയില്ല. മുകളിലത്തെ ലിങ്ക് അല്ലേൽ ഫോൺ നമ്പർ വിളിച്ചാൽ അറിയാൻ കഴിഞ്ഞേക്കും. അല്ലേൽ നേരത്തെ ഈജിപ്ത് പൊയ് വന്ന Jaseem Chammayil ന്റെ പോസ്റ്റിൽ ഡീറ്റെയിൽസ് ഉണ്ടെന്നു തോന്നുന്നു.( വേറെ ആരെയും ഓർമ വരുന്നില്ല..കുറെ പേർ ഗൾഫിൽ നിന്നും ആണ് പോയിരിക്കുന്നത് ). ടിക്കറ്റ് : ഞാൻ ബുക്ക്‌ ചെയ്തത് ക്ലിയർ ട്രിപ്പ്‌ ന്റെ ആപ്പ് വഴിയാണ്. എനിക്കും കുട്ടിക്കും കൂടി കുവൈറ്റിൽ എയർവേസ് വഴി ട്രിവാൻഡ്രം ടു കയ്‌റോ 52537 INR ആയി.

ടൂർ ഗ്രൂപ്പ്‌ വേണോ ചോയ്ച് ചോയ്ച് പോണോ????  ഈജിപ്തിൽ കഴിഞ്ഞ വർഷം ഈസ്റ്റെർ സമയത്തു കോപ്റ്റിക് ക്രിസ്ത്യൻ പള്ളികളുടെ നേരെ കുറച്ചു തീവ്രവാദ ആക്രമണം ഉണ്ടായിരുന്നു മരണസംഘ്യ 300 അടുപ്പിച്ചു ഉണ്ടായിരുന്നു ..വീണ്ടും അത് 6 മാസം കഴിഞ്ഞപ്പോൾ ആവർത്തിക്കപ്പെട്ടു. ഞാൻ പ്ലാൻ ചെയ്തത് ഈ വർഷത്തെ ഈസ്റ്റെർ അവധിക്കും. പോരെ പൂരം… പറഞ്ഞ ഒന്ന് രണ്ടു പേർ പുരികം പൊക്കിയും കണ്ണുരുട്ടിയും പേടിപ്പിച്ചു. ഒന്നാമത് കുഞ്ഞിനേയും കൊണ്ട് ഒറ്റയ്ക്ക് തന്നിഷ്ടം കാട്ടി പോയി വല്ലതും വരുത്തി വെച്ചാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ വീണ്ടും തല കുനിക്കണം.. ഇനി ആരുടെ മുൻപിലും തോൽക്കില്ല എന്നത് കൊണ്ട് കുറെ റിവ്യൂസ് വായിച്ചു. ഈജിപിറ്റിലെ സ്ഥലങ്ങളെ പറ്റി എന്താണ് കാണാനുള്ളത് ഒറ്റയ്ക്ക് പോകാൻ പറ്റുമോ അതോ ടൂർ ഗൈഡ് വേണമോ എന്ന് വ്യക്തമായ ധാരണയുണ്ടാക്കി. നന്നായി യാത്രകൾ നടത്തുന്ന കുറച്ചു പേരോട് അഭിപ്രായം ചോദിച്ചപ്പോൾ അവരൊക്കെ കട്ട സപ്പോർട്ട്..

പിന്നെ യാദൃച്ഛികമായി ഒരു വാചകം കണ്ടു “The greatest risk is the one you never took”…എത്രയും മതിയായിരുന്നു എനിക്ക് ഉണ്ണിയേയും കൊണ്ട് ഞങ്ങളുടെ ആദ്യത്തെ ട്രാവൽ എക്സ്പീരിയൻസ് ന് തുടക്കമിടാൻ. ചിലവ് ചുരുക്കി ഉള്ള യാത്ര ആണെങ്കിൽ ടൂർ ഗൈഡ് വേണമെന്നില്ല. പക്ഷെ ചരിത്രമറിയാൻ ഈജിപ്തിൽ ഗൈഡ് ഒരു മുതൽക്കൂട്ടാണ് എന്നതിൽ തർക്കമില്ല. കഴിയുന്നത്ര വിശദീകരിച്ചു ഓരോ സ്ഥലത്തെയും പറ്റി നമ്മൾക്ക് അറിയാൻ കഴിയും ഗൈഡ് ഉണ്ടെങ്കിൽ..ഇല്ലെങ്കിലും പ്രശ്നമില്ല… എല്ലാ പ്രധാനപെട്ട സ്ഥലങ്ങളും കണ്ടാൽ മാത്രം മതിയെങ്കിൽ 😉. ഞങ്ങൾക്ക് കയ്‌റോ, അസ്വാൻ, ലക്സോർ ഇവിടൊക്കെ പേർസണൽ ടൂർ ഗൈഡ് ഉണ്ടായിരുന്നു..ലാസ്റ്റ് സ്റ്റോപ്പ്‌ ആയ ഹുർഗാട യിൽ മാത്രം അപ്‌നാ അപ്‌നാ… അത്‌ ചെങ്കടലിനോട് ചേർന്ന് കിടക്കുന്ന ഒരു റിസോർട്ട് ആയിരുന്നു. അവിടെ തന്നെ സ്‌ക്യൂബാ ഡൈവിംഗ്, സ്‌നോർകെല്ലിങ്, പിന്നെ ഗ്ലാസ്‌ ബോട്ടം ബോട്ട് ഇതൊക്കെ ഉണ്ടായിരുന്ന കൊണ്ട് ഗൈഡ് വേണ്ടി വന്നില്ല…അതുകൊണ്ട് കുറച്ചൊക്കെ യാത്ര ചെയ്ത് പരിചയം ഉണ്ടായാലും ഇല്ലേലും സ്ഥിരം നാടകങ്ങളായ പറ്റിക്കൽ വിലപേശൽ ഇവയൊക്കെ ഡീൽ ചെയ്യാനുള്ള മിടുക്കുണ്ടെൽ ഈജിപ്ത് ഒരു നല്ല എക്സ്പീരിയൻസ് ആയിരിക്കും.

മാർച്ച്‌ 29 ഉച്ചയോടെ കുവൈറ്റ്‌ എയർവേസ്ന്റെ വിമാനം കയ്‌റോവിൽ ലാൻഡ് ചെയ്തു. നേരത്തെ ഈജിപ്ത് സന്ദർശിച്ച സുഹൃത്ത് ജ്യോതിസ് വഴി അവിടെ ഗൈഡ് ആയ ഇബ്രാഹിംനെ വാട്സാപ്പ് വഴി പരിചയപ്പെട്ട് കാണാനുള്ള സ്ഥലങ്ങൾ, രണ്ടു ദിവസത്തെ റേറ്റ്, എല്ലാം പറഞ്ഞ് ഉറപ്പിച്ചിരുന്നു. ഇമ്മിഗ്രേഷൻ വല്യ നൂലാമാല ഒന്നുമില്ലാതെ ക്ലിയർ ആയി പുറത്തേക്ക് ഇറങ്ങി. എയർപോർട്ട്‌ന് പുറത്ത് ഇബ്രാഹിം ഡ്രൈവർ അഹമ്മദുമൊത്തു ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു. ഞങ്ങളുടെ ഹോട്ടൽ ലക്ഷ്യമാക്കി അഹമ്മദ് വണ്ടി നീക്കി. കയ്‌റോ ഏരിയയിൽ താമസിക്കുന്നതിനേക്കാൾ ഞാനിഷ്ടപ്പെട്ടതു ഗിസയിൽ താമസിക്കാനാണ്. പിരമിഡുകളെ നോക്കി അങ്ങനെ ഇരിക്കാനും സൂരോദയവും അസ്തമയവും കാണാനും ഒരു മോഹം… കയ്‌റോയിൽ നിന്ന് ഗിസയിലേക്കു 35 – 40 മിനിറ്റ് ഡ്രൈവ് ഉണ്ട്. നിരത്തിലൂടെ വായു ഗുളിക വാങ്ങാൻ പോകുന്നു എന്ന് തോന്നിപ്പിക്കും വിധം ചീറിപ്പായുന്ന കാറുകൾ, ടു വീലറുകൾ, കൂടെ കഴുതകളും കുതിരവണ്ടികളും. ഇബ്രാഹിം തെല്ലൊരു ജാഗ്രതയോടെ ഇരിക്കാൻ പറഞ്ഞു. ഇന്ത്യയിൽ നിന്ന് വന്ന നമ്മളോടോ ബാലാ എന്ന് ഞാനും. വാഹനം ഓടിക്കുന്നതിൽ മാത്രമല്ല കെട്ടിടങ്ങളിലും ഉണ്ട് നമ്മുടെ നാടുമായി കയ്‌റോയ്ക്ക് സാമ്യം. സോപ്പ് പെട്ടി അടുക്കി വെച്ചിരിക്കുന്ന പോലെ അപാർട്മെന്റ് സമുച്ഛയങ്ങൾ.. പക്ഷെ ഒന്നിനും പുറത്ത് പെയിന്റ് അടിച്ചു മനോഹരമാക്കിയിട്ടില്ല. മരുഭൂമി പോലത്തെ ഭൂ പ്രകൃതിയിലും മിക്കപ്പോഴും വീശുന്ന മണൽകാറ്റിലും എത്ര സുന്ദരമാക്കിയാലും കാര്യമില്ലലോ😂.

ആഫ്രിക്കയിലെയും പശ്ചിമ ഏഷ്യയിലെയും വല്യ സിറ്റികളിലൊന്നിൽ മുന്നിലുണ്ട് കയ്‌റോ. തിരക്കിന്റെ കാര്യത്തിലും നഗരം മുന്നിൽ തന്നെ. ഇവിടെ ജീവിതം കഴിഞ്ഞ കുറെ വര്ഷങ്ങളായി പ്രതിസന്ധിയിലാണ് എന്ന് ഇബ്രാഹിം പറഞ്ഞു. മുല്ലപ്പൂ വിപ്ലവത്തിനും തീവ്രവാദ ആക്രമണത്തിനും ശേഷം കൂപ്പുകുത്തിയ ടൂറിസം മേഖല ഇതേ വരെ പൂർവ്വം സ്ഥിതിയിൽ ആക്കാൻ സർക്കാർ വേണ്ടുന്ന പ്രയത്നങ്ങൾ ചെയ്യുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. തലേന്ന് കഴിഞ്ഞ പ്രസിഡന്റ്‌ ഇലക്ഷൻ ന്റെ ഫ്ലസ്ഉകൾ പലയിടങ്ങളിലായി കാണാം. പോകുന്ന വഴിക്കു ഇബ്രാഹിം ഒരു സിം കാർഡ് സ്റ്റോറിൽ കയറി 200 EGP കൊടുത്തു എനിക്ക് etisalat ന്റെ ഒരു സിം എടുത്തുതന്നു. ഇതു ഒറിജിനൽ പ്രൈസ് ആണോ എന്ന് സ്ഥിതീകരിക്കാൻ എനിക്ക് ബില്ല് ഒന്നുമില്ലാട്ടോ. 10gb ഡാറ്റ ഉണ്ടെന്നു പറഞ്ഞത് ശരിയായിരിക്കാം. ഈജിപ്തിൽ അങ്ങനെയാണ്.. ടൂറിസ്റ്റുകൾക്ക് ഒരു റേറ്റ് ലോക്കൽസിനു വേറെയും.

കയ്‌റോയിലും ഗിസ യിലും ഒക്കെ കറുത്ത നിറത്തിലുള്ള യൂണിഫോം ധരിച്ച പോലീസ് കാവൽ നിൽക്കുന്നുണ്ട്. ഞങ്ങൾ ഗിസയിലെ ഗ്രേറ്റ്‌ പിരമിഡ് ഇന്ൻ എന്ന ഹോട്ടലിലാണ് താമസം. അതിന്റെ ഇന്റീരിയർ ഒക്കെ സൂപ്പറാണ്. മുകളിൽ റെസ്റ്റോറന്റും ഉണ്ട്. ബാല്കണിയിൽ നിന്ന് നോക്കിയാൽ പഴയ ലോകാത്ഭുതങ്ങളിൽ ആകെ ഇന്ന് അവശേഷിക്കുന്ന പിരമിഡുകളെ കാണാം… ദി ഗ്രേറ്റ്‌ പിരമിഡ് ഓഫ് ഗിസ…ഒന്ന് നുള്ളി നോക്കി… സത്യം തന്നെ….
ഒരു മണിക്കൂറിൽ ഫ്രഷായി താഴെ കാത്തു നിന്ന ഗൈഡിനൊപ്പം ഞങ്ങൾ നൈലിലെ ആൻഡ്രിയ എന്ന ബോട്ടിൽ നടക്കുന്ന ഡിന്നർ ക്രൂയിസിന് പോയി. മാർച്ച്‌ അവസാനം ചൂട് തുടങ്ങേണ്ടിയിരുന്ന കയ്‌റോവിൽ രാവിലെ നല്ല മൂടൽ മഞ്ഞും പിന്നെ തണുത്ത കാറ്റും രണ്ടു ദിവസമായി തുടങ്ങിയിട്ടുണ്ട്. ജാക്കറ്റ് എടുക്കാതെ വന്ന ഞാനും ഉണ്ണിയും തണുത്തു വിറയ്ക്കാൻ തുടങ്ങിയിരുന്നു. ഞങ്ങൾ ഡെക്കിൽ കുറച്ചു ഫോട്ടോസ് എടുത്തിട്ട് താഴേക്കു പോയി.

കാറ്റു കാരണം ആദ്യം ബോട്ട് പുറപ്പെടുന്നില്ല എന്ന് പറഞ്ഞെങ്കിലും ഡിന്നറും ഈജിപിറ്റിന്റ തനതായ കലാരൂപങ്ങളായ ബെല്ലി ഡാൻസിങ്, തനൂറാ(tanoura) എന്നിവ തുടങ്ങിയപ്പോഴേക്കും ബോട്ട് പതിയെ നീങ്ങി തുടങ്ങി. നൈലിന്റെ രണ്ടു കരയിലായിട്ട് അഭിവൃദ്ധിപ്പെട്ടു കിടക്കുന്ന കയ്‌റോ നഗരം. അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിൽ മസ്ജിദുകളും മിനാറാത്തുകളും… ചിലയിടത്തു വലയെറിഞ്ഞു കാത്തിരിക്കുന്ന ആൾക്കാർ… കുട്ടികൾ ഫുട്ബോൾ കളിക്കുന്നു.. അപ്പോൾ ഇബ്രാഹിം ഈജിപ്തിന്റെ ഫുട്ബോൾ പ്രാന്തിനെ പറ്റി വാചാലനായി.എല്ലാ വീട്ടിലും ഡിഷ്‌ ആന്റീന ഉണ്ടത്രേ. ഇപ്പോൾ Liverpool FC യിൽ കളിക്കുന്ന മുഹമ്മദ് സലാ (Mohammed Salah) അവരുടെ സച്ചിൻ ആണ് പോലും. ഫിഫയിലേക്കു സെലെക്ഷൻ കൂടി കിട്ടിയതിന്റെ ത്രില്ലിലാണ് ഈജിപ്ത് മുഴുവനും എന്ന് പറയുമ്പോൾ ഇബ്രാഹിമിന്റെ മുഖത്ത് എന്തെന്നില്ലാത്ത അഭിമാനം..ബോട്ട് മുഴുവൻ ചൈനീസ് ആണ്.. അതിപ്പോ ഒരു പുതിയ കാര്യമല്ലാത്തതു കൊണ്ട് ഫുഡ്‌ (ബുഫേ ) കഴിക്കാൻ കാത്തു നിന്നു. സൂപ്പും സലാഡും അടങ്ങുന്ന സ്‌റ്റാർട്ടർസ്‌ പിന്നെ വൈറ്റ് റൈസ്, പാസ്ത, പിറ്റ ബ്രെഡ് (കുബ്ബൂസ് ), ചിക്കൻ, ബോയ്ൽഡ് വെജിറ്റബ്ൾസ് പിന്നെ ഈജിപ്തിന്റെ സ്വന്തം tangine( ഉരുളക്കിഴങ്ങും തക്കാളിയും ബീഫും കൂടിയുള്ള കറി). നല്ല വിശപ്പുള്ള കാരണം ഫുഡ്‌ നന്നായി തട്ടി. ഡിസേർട്ട് അത് പോലെ തന്നെ പല വ്യത്യസ്ത രൂപങ്ങളിൽ…കണ്ടതും ഉണ്ണീടെ മുഖത്ത് പൂരത്തിന്റെ വെടിക്കെട്ട്‌ പ്രകാശം😂😂.

ഭക്ഷണം കഴിഞ്ഞു ഞങ്ങൾ കലാപരിപാടികൾ തുടങ്ങാനായി കാത്തിരുന്നു. നാലഞ്ച് പാട്ടുകൾ കഴിഞ്ഞപ്പോൾ ബെല്ലി ഡാൻസറിന്റെ ഊഴമായി. ഡ്രസിങ് ഇച്ചിരി മാദകത്വം ഉള്ളതാണെങ്കിലും ഉണ്ണിയോട് നേരത്തെ പറഞ്ഞു കൊടുത്തിരുന്നു.. ഓരോ കലാരൂപങ്ങൾക്കും അതിന്റെതായ വേഷം വിധാനങ്ങൾ ഉണ്ടെന്നും everyone’s body deserves respect എന്നും. കുട്ടികൾക്ക് കാണാൻ പാടില്ല എന്ന് പറഞ്ഞു കണ്ണ് പൊത്തിയാൽ അവർക്കു കൗതുകം കൂടും( കുഞ്ഞിലത്തെ അനുഭവം 😅😅).അടുത്തത് തനൂറാ എന്ന മാസ്മരികമായ നാടോടി കലാരൂപമായിരുന്നു. അത് അവതരിപ്പിച്ച അഹമ്മദ് ഒരു ഓൾ റൗണ്ട് എന്റെർറ്റൈനെർ ആയിരുന്നു എന്നതിൽ തർക്കമില്ല. ഒരു വലിയ കുടപോലെ ഉടുത്തിരിക്കുന്ന തനൂറാ അദ്ദേഹം കറങ്ങിക്കൊണ്ടു പലതരം പലതരം ജാലവിദ്യകൾ കാട്ടുന്നത് ഉണ്ണി അത്ഭുതത്തോടെ നോക്കി നിൽക്കുന്നുണ്ട്. അതെല്ലാം ഞാൻ സന്തോഷത്തോടെ കണ്ടു നിന്നു…ഒടുവിൽ നല്ലൊരു രാത്രിക്കു പര്യവസാനം കുറിച്ച് ഞങ്ങൾ റൂമിലേക്ക്‌ മടങ്ങി.. കട്ടിൽ കണ്ടതു മാത്രം ഓർമയുണ്ട്…ഇനി നാളെ പിരമിഡുകളുടെ ചരിത്രത്തിനു പുറകെ സഞ്ചരിക്കേണ്ടതല്ലേ….

എയർപോർട്ടിൽ തന്നെ ഇമ്മിഗ്രേഷന് മുൻപിലായി നാഷണൽ ബാങ്ക് ഓഫ് ഈജിപ്ത് ന്റെ ഒരു ചെറിയ ഓഫീസ് ഉണ്ട്. US ഡോളർ ഉണ്ടെങ്കിൽ ഈജിപ്ത്യൻ പൗണ്ട് ആക്കി അവിടെ മാറ്റാം. അല്ലെങ്കിൽ പുറത്ത് ഏത് ATM മിൽ നിന്നും പൈസ വലിക്കാം.  നേരത്തെ പറഞ്ഞ പോലെ ഈജിപ്തിൽ ടൂറിസ്റ്റുകൾക്ക് എല്ലാത്തിനും വേറെ വില നിരക്ക്‌ ആണ്. കാശ് നമ്മുടേതായതു കൊണ്ട് വില പേശാൻ മടിക്കരുത്. ബഡ്ജറ്റ് സ്റ്റേ ഒക്കെ കയ്‌റോയിലും ഗിസയിലുമുണ്ട്. എല്ലാം ബ്രേക്ഫാസ്റ് ഉൾപെട്ടവ. 3 നൈറ്റ്‌ ന് ഞാൻ 14000 അടുപ്പിച്ചു കൊടുത്തു. പിരമിഡ് കണ്ടു ഉറങ്ങേണ്ടേൽ അതിലും കുറച്ചേ ആവുള്ളുട്ടോ🤑🤑 പിന്നെ ഒരു 6 months മുന്നേ പ്ലാൻ ചെയ്ത് ബുക്ക്‌ ചെയ്താൽ ഇനിയും കുറയും. 5 star വേണ്ടവർക്ക് Le meridian ഒക്കെ അത്യാവശ്യം നല്ല rate ന് കിട്ടും.ഗൈഡ് ന് രണ്ടര ദിവസത്തെ റേറ്റ്, എയർപോർട്ട്‌ പിക്കപ്പ് ഡ്രോപ്പ് ഓഫ്‌, പ്രൈവറ്റ് ഗൈഡിങ് വിത്ത്‌ ഡിന്നർ ക്രൂയ്‌സ് & 2 ഡേയ്‌സ് ലഞ്ച് ഞാൻ കൊടുത്തത് 300 USD( 20000 INR). കുറച്ചു കൂടുതലാണ് എന്നാലും ആദ്യത്തെ യാത്ര കാരണം വിശ്വസിക്കാൻ പറ്റുന്ന ഒരാൾ വേണമെന്ന് നിർബന്ധമായിരുന്നു. ചിലവ് ചുരുക്കി പോകുന്നവർ കയ്‌റോ യിൽ താമസിക്കുന്നതാണ് നല്ലത്.

അടുത്ത ദിവസം രാവിലെ തന്നെ എഴുന്നേറ്റ് മുറിയുടെ ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു. നല്ല തണുപ്പുണ്ട്… മൂടൽ മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന പിരമിഡുകൾ.. അതിനിടയിലേക്കു പതിയെ മറയുന്ന ചുവപ്പു നിറമുള്ള ചന്ദ്രൻ…ഒരു ചൂട് കാപ്പി കുടിച്ചേക്കാം എന്ന് കരുതി മുകളിലത്തെ റെസ്റ്റാറ്റാന്റിലേക്കു വിളിച്ചു പറഞ്ഞു.. ദേണ്ടെ വരുന്നു ഷാർജ ഷേക്കിന്റെ ഗ്ലാസിൽ ഒരു യമണ്ടൻ കോഫി.. പിന്നെ ഇൻസ്റ്റാഗ്രാം ഫോട്ടോ പിടിത്തം ഒഴിവാക്കാൻ പറ്റില്ലലോ.. പിരമിഡുകൾ നേരിട്ട് ആസ്വദിക്കാൻ ഉള്ളതുകൊണ്ട് പെട്ടെന്ന് റെഡിയായി റൂഫ്‌ടോപ് റെസ്റ്റാറ്റാന്റിലേക്കു പോയി അടിപൊളി ബ്രേക്ഫാസ്റ്റും കഴിഞ്ഞപ്പോൾ 8 മണി കഴിഞ്ഞിരുന്നു… ഞങ്ങളെ കൊണ്ട് പോകാൻ ഇബ്രാഹിം വണ്ടിയുമായി വന്നിരുന്നു.. തണുപ്പ് മാറും എന്ന ഉറപ്പിന്മേൽ ജാക്കറ്റ് വാങ്ങേണ്ട എന്ന് തീരുമാനിച്ച് വണ്ടി കയ്‌റോവിന് 30km തെക്കായി സ്ഥിതി ചെയ്യുന്ന സഖാര/സക്കാര (Saqqara) നെക്രോപോളിസ് ലക്ഷ്യമാക്കി പാഞ്ഞു.
കയ്‌റോയുടെ തിരക്കുള്ള അന്തരീക്ഷത്തിൽ നിന്നും ഗ്രാമഭംഗിയിലേക്കു കാഴ്ചകൾ വഴി മാറി.. കഴുത പുറത്തു സഞ്ചരിക്കുന്ന ഗ്രാമീണർ.. ഇരുവശത്തും ഈന്തപ്പന തോട്ടങ്ങളും ചെറിയ തോടുകളും കാണുന്നുണ്ട്.. ഇലക്ട്രോണിക്സ് കാലഘട്ടത്തിന്റെ അതിപ്രസരം ഏൽക്കാത്ത ആൾക്കാരാണ് അവിടെയുള്ളത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം.. പിന്നെ അലക്സാൻഡ്രിയയിലെ തന്റെ ഗ്രാമത്തെപ്പറ്റിയും അവിടുത്തെ ആചാരങ്ങൾ.. വിവാഹം.. സാമൂഹികമായ ചുറ്റുപാടുകൾ ഇവയൊക്കെയെ പറ്റി ഇബ്രാഹിം പറഞ്ഞു കൊണ്ടേയിരുന്നു.

പല പ്രത്യേകതകൾ കൊണ്ട് ഈജിപ്റ്റോളജിസ്റ്റുകളെയും പുരാവസ്തുഗവേഷകരെയും ഒരുപാട് ആകർഷിക്കുന്ന നെക്രോപോളിസ് ആണ് സക്കാര. അതിൽ എറ്റവും പ്രസിദ്ധി ലോകത്തെ തന്നെ ആദ്യത്തെ പിരമിഡ് എന്ന് അറിയപ്പെടുന്ന 4500 വർഷം പഴക്കമുള്ള സ്റ്റെപ് പിരമിഡ് ആണ്. അത് കൂടാതെ turo limestone കൊണ്ട് നിർമിച്ച ഒരു വൻ ചുറ്റുമതിലും പല ക്ഷേത്രങ്ങളും ചികിത്സക്കായി ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് കരുതുന്ന അറകളും രാജകുടുംബാംഗങ്ങളുടെയും ഫറവോന്റെ സഭയിലെ മുഖ്യരുടെയും കല്ലറകളും സക്കാരയിൽ കാണാൻ സാധിക്കും. പ്രവേശനകവാടം കഴിഞ്ഞ് ഉള്ളിലേക്ക് കടന്നാൽ കാണാൻ സാധിക്കുക കൽനിർമിതമായ 40 തൂണുകളുടെ ഒരു ഇടനാഴിയാണ് കാണാൻ കഴിയുക. അത് നേരെചെന്ന് കയറുന്നത് ഒരു അറയിലേക്കാണ്. പിന്നെ തുറസ്സായ ഒരു സ്ഥലത്തിന് അഭിമുഖമായി സ്റ്റെപ് പിരമിഡ് കാണാം. പിരമിഡുകളുടെ കാലഘട്ടം ചരിത്രകാരന്മാർ പുരാതന, മാധ്യമ, നവീന രാജഭരണ കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. അതിൽ പുരാതന ഘട്ടത്തിലെ പ്രഥമ ഫറവോ ആയിരുന്ന യോസെർ നു (Djoser) വേണ്ടി ആണ് അദ്ദേഹത്തിന്റെ പുരോഹിതനും ഉപദേശിയും മുഖ്യനും ആയിരുന്ന ഇമോട്ടപ് (Imhotep) സ്റ്റെപ് പിരമിഡ് പണികഴിപ്പിച്ചത്. അതു വരെ വെറും ചതുരത്തിൽ ആയിരുന്നല്ലോ കല്ലറ അഥവാ മസ്തബ(masthaba) ഒന്നിന് മേലെ ഒന്ന് അടുക്കി വെച്ച് പുതിയ ഒരാശയം ഇമോട്ടപ് രൂപപ്പെടുത്തിയത്.

ജ്യോതിശാത്രം അനുസരിച്ചു ഇതു നോർത്ത് സ്റ്റാറിനു നേരെ ആണത്രേ ചൂണ്ടി നില്കുന്നത്. മരണാനന്തരം ഫറവോയ്ക്കു സ്വർഗത്തിൽ പോകാനുള്ള പടികളായും ഇതിനെ വ്യാഖാനിക്കപ്പെടുന്നു. 1930 ലാണ് അവസാനമായി സ്റ്റെപ് പിരമിഡിനുള്ളിൽ ആളുകളെ കയറ്റിയത്. ഭൂമികുലുക്കവും മണൽകാറ്റും കൊള്ളക്കാരും ഒക്കെ ഇതിനെ അത്യധികം ജീര്ണാവസ്ഥയിൽ എത്തിച്ചിരുന്നതിനാൽ അന്ന് തൊട്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു. ഇബ്രാഹിം പറഞ്ഞതനുസരിച് യോസെറിന്റെ കല്ലറ 30 അടി താഴ്ചയിൽ ആണ് സ്ഥിതിചെയ്യുന്നത്. പിരമിഡിനുള്ളിൽ ഗവേഷകർ പല അറകളും ഇടനാഴികളും ചെറുമുറികളും ചേര്‍ന്ന സങ്കീര്‍ണ്ണമായ ഭൂഗര്‍ഭവ്യൂഹം കണ്ടെത്തിയിട്ടുണ്ടത്രെ. തൊട്ടടുത്ത് പുരാതന രാജവാഴ്ചയിലെ ഒടുവിലത്തെ കാലഘട്ടത്തിൽ ഭരിച്ച യൂനസ് (Unas) ഫറവോന്റെ പിരമിഡ് പ്രവേശകർക്കായി തുറന്നിട്ടിട്ടുണ്ട്. ഫോട്ടോഗ്രഫി അനുവദിക്കില്ല എങ്കിലും കല്ലറ കാട്ടുന്നവർ 10 pound ചോദിക്കും എന്നിട്ട് അനുവാദം തരും. ഈ പിരമിഡിൽ ഇടനാഴി ഇറങ്ങി ചെല്ലുമ്പോൾ രണ്ടു വശത്തായി അറകളുണ്ട്. ചുമരിൽ pyramid texts എന്ന് അറിയപ്പെടുന്ന മന്ത്രോച്ചാരണങ്ങൾ Hieroglyphics ൽ എഴുതി നിറച്ചിരിക്കുന്നു. വളരെയേറെ പ്രത്യേകത നിറഞ്ഞതാണിവ. ഫറവോയ്ക്ക് സ്വർഗത്തിൽ അനായാസേന എത്തിചേരാൻ സഹായിക്കുന്നു എന്ന് വിശ്വസിക്കപെടുന്നവ. വലതു വശത്തെ അറയിൽ നല്ല പൊക്കത്തിൽ കൃഷ്ണശിലയിൽ (basalt) നിർമിച്ച കല്ലറ (sarcophagus) കാണാം.

സക്കാരയിൽ നിന്നാൽ അങ്ങ് ദൂരെ ഗിസ പിരമിഡുകൾ കാണാം. ധാരാളം ഒട്ടകങ്ങളും ഉണ്ട്.. സൂക്ഷിക്കണം കെട്ടോ ചുമ്മാ ഫോട്ടം പിടിക്കാനും മിസിരികൾ പൈസ ചോദിക്കും. ഉണ്ണിക്കു ഒരു ഒട്ടകത്തിന്റെ കൂടെ നിന്നു ഫോട്ടോ പിടിക്കാൻ 20 EGP കൊടുത്തു. സക്കരയിൽ തന്നെ ഇമോട്ടപ് മ്യൂസിയം കണ്ടു. സമയപരിമിധി കൊണ്ട് കേറിയില്ല. അവിടുന്ന് ഞങ്ങൾ നേരെ പോയത് 10 km അകലെയുള്ള ദാശൂർ (Dahshur) ലേക്കാണ്. യോസെറിന്റെ പിൻഗാമിയായ സ്നേഫുറു ഫറവോ സ്റ്റെപ് പിരമിഡ് ലേശം മോഡിഫൈ ചെയ്തു വേറൊരു അടിപൊളി പിരമിഡ് പണിയണം എന്ന് പുള്ളിടെ മുഖ്യനോട് പറഞ്ഞു. പക്ഷെ പണിഞ്ഞു വന്നപ്പോൾ base angle മാറിപോയതു കാരണംകൊണ്ട് മുകളിലോട്ടു കെട്ടി പൊക്കിയതിന്റെ ഭാരം താങ്ങാതെ പിരമിഡ് ഇടയ്ക്ക് വെച്ചൊന്നു ഷേപ്പ് മാറി. ഇതാണ് Bent pyramid of Dahshur. ഇതിന്റെ പുറമെയുള്ള പോളിഷ് ചെയ്ത limestone ആവരണം എപ്പോഴും കേടുപാടുകൾ കൂടാതെയുണ്ട്. മറ്റു പിരമിഡുകളിൽ ഇവ ഒന്നുകിൽ കാലക്രമേണ നശിച്ചു പോവുകയോ അല്ലെങ്കിൽ വേറെ കെട്ടിടങ്ങൾ പണിയാൻ എടുക്കുകയോ ചെയ്തിട്ടുണ്ട്.

ഷേപ്പ് പോയ പിരമിഡ് കണ്ടു ടെംപെർ തെറ്റിയ ഫറവോ പക്ഷെ മുഖ്യന് ഒരു അവസരം കൂടി കൊടുത്തു കെട്ടോ. തല പോകാതിരിക്കാൻ പുള്ളി bent pyramid ന് അടുത്ത് തന്നെ red limestone കൊണ്ട് ഒരു ജൈജാന്റിക് ബോംബ്‌ളാസ്‌റ്റിക്‌ പിരമിഡ് പണിതു. അതാണ് Red pyramid of Snefuru. ഇതിനുള്ളിൽ പ്രവേശിക്കാൻ സാധിക്കും. ക്യാമറയും അനുവദിക്കും. ഏകദേശം നാടുവിലായാണ് കവാടം. അങ്ങോട്ട്‌ എത്തിപ്പെടാൻ പടവുകൾ പോലെ കല്ലിൽ വെട്ടി രൂപപ്പെടുത്തിയിട്ടുണ്ട്. ഉണ്ണിക്ക് സുഖമായി നടന്നിറങ്ങാം. എനിക്ക് കുനിഞ്ഞു ഇറങ്ങണം. നടുവ് വേദനയുള്ളവർക്കു ലേശം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പക്ഷെ ഗിസയുടെ അത്ര പാടുള്ള ഇറക്കമല്ല ഇവിടെ. കുറച്ചു പ്രകാശമേയുള്ളു.. പിന്നെ പടവുകൾ തടിയുടേതും..ചെറുതായി കാലു വഴുതും. പകുതിയായപ്പോൾ പുത്രന് ശകലം പേടിയും ഒരു ചെറിയ കരച്ചിലുമൊക്കെ വന്നെങ്കിലും ക്ഷമയോടെ അവൻ ഇറങ്ങി. പടികൾ ഇറങ്ങി ചെല്ലുന്നത് ഒരു കുഞ്ഞു ഇടനാഴിയിലേക്കും അവിടുന്ന് ഒരു അറയിലേക്കും.എവിടെ വെച്ചാണ് mummyfication rituals നടക്കുക . മുകളിൽ പോകാൻ തടികൊണ്ട് പടികളുണ്ട്. അതു കയറിച്ചെന്നാൽ burial chamber കാണാം. അവിടെ ഒരു രൂക്ഷ ഗന്ധം തങ്ങി നിൽക്കുന്നുണ്ട്. താഴത്തെ അറയിൽ നിന്നു മുകളിലേക്കു നോക്കുമ്പോൾ ആണ് യഥാർത്ഥത്തിൽ ഞാൻ ഞെട്ടുന്നത്. ഒരു കാൽകുലെറ്ററും കോമ്പസും ഒന്നുമില്ലാതെ എങ്ങനെ ഇത്ര കൃത്യമായി ഈ ആകൃതി കിട്ടിന്ന് പ്ലിങ്ങസ്യാ അടിച്ചു നിൽക്കാനേ പറ്റൂ നമ്മുക്കൊക്കെ😱…Its such an amazing masterpiece.

ടൂർ ഗൈഡ് ഇല്ലാതെ പോകുന്നവർ ഒന്നുകിൽ ഒരു ടാക്സിയിൽ റേറ്റ് പറഞ്ഞുറപ്പുച്ചിട്ട് കയറുക. ഗിസ, സക്കാര, ദാശൂർ , മെംഫിസ് ഇവ കാണാൻ ഒരു ദിവസം മതിയാകും. അല്ലെങ്കിൽ ഹോട്ടലുകൾ സൗകര്യം ചെയ്തു തരാറുണ്ട്. വില പേശി പേശി മാത്രം തുക ഉറപ്പിക്കുക. പിരമിഡ്‌സ് നേരത്തെ തുറക്കും. 4. 30 ഒക്കെ ആകുമ്പോൾ അടയ്ക്കും. Sightseeing നേരത്തെ തുടങ്ങിയാൽ സമയത്തിന് തീർക്കാം. ഉച്ചയ്ക്ക് ലഞ്ചിന്‌ ധാരാളം കബാബ് കടകൾ ഉണ്ട് ഗിസ ഏരിയയിൽ. റെസ്റ്റാറ്റാന്റിൽ സൂപ്പ് ആൻഡ് സ്റ്റാർട്ടർസ് ഉൾപ്പെട്ട ഈജിപ്ഷ്യൻ ഊണിനു 75 – 140 EGP per person ആകും. കുട്ടികൾ ഉള്ളവർ (മുതിർന്നവർക്കും ബാധകമാണ് 😜)കൈയിൽ എന്തേലും snack pack and filled water bottle കരുതുക. ആദ്യത്തെ രണ്ടു സ്ഥലങ്ങളിൽ കടകൾ അധികം കണ്ടില്ല. ഒട്ടകവും കുതിരയും ഒക്കെ ഫോട്ടോ എടുക്കുമ്പോൾ ചെറിയ ചേഞ്ച്‌ കൈയിൽ കരുതുക. ഉടമസ്ഥൻ കൈനീട്ടും ഫോട്ടോയെടുപ്പ് കഴിയുമ്പോൾ.

ദാഷൂറിൽ നിന്നും ഒരു 10 മിനിറ്റ് കാറിൽ സഞ്ചരിച്ചപ്പോളേക്കും ഞങ്ങൾ പുരാതന ഈജിപ്റ്റിന്റെ തലസ്ഥാന നഗരിയായിരുന്ന മെംഫിസിൽ എത്തിച്ചേർന്നു. നൈലിന്റെ തീരത്ത് കയ്‌റോവിൽ നിന്നും ഏതാണ്ട് 25km അകലെയായാണ് മെംഫിസ് സ്ഥിതിചെയ്യുന്നത്. ഒരിക്കൽ ഈജിപ്റ്റിന്റെ വാണിജ്യ വിപണന കേന്ദ്രവും ആരാധനസ്ഥലവും ഒക്കെയായിരുന്ന മെംഫിസ് ഇന്ന് ഒരു open air museum ആണ്. കലകളുടെയും സൃഷ്ടിയുടെയും ദേവനായ Ptah യുടെ ക്ഷേത്രം ഏതാണ്ട് 4600 വർഷങ്ങൾക്കു മുൻപ് സകല പ്രൗഢിയോടെയും മെംഫിസിൽ നിലകൊണ്ടിരുന്നു . പിന്നീട് റോമൻസിന്റെ അധിനിവേശവും ക്രിസ്തുമതത്തിന്റെ ഉയർച്ചയും മെംഫിസ് എന്ന തലസ്ഥാനത്തെ തകർച്ചയിലേക്ക് എത്തിച്ചു. അവിടുന്നങ്ങോട്ട് അലക്സാൻഡ്രിയ ഈജിപ്റ്റിന്റെ തലസ്ഥാനനഗരിയായി മാറി. 1979 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ച മെംഫിസിൽ ധാരാളം ആരാധനാവിഗ്രഹങ്ങൾ, ശിലാഫലകങ്ങൾ, ശവക്കല്ലറകൾ, തൂണുകൾ എന്നിവ കാണാം. എന്നാൽ ഇവിടെ സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്നത് Ramesses രണ്ടാമന്റെ അപൂര്ണകായ ശിലയും അലബാസ്റ്റർ കല്ലിൽ കൊത്തിയെടുത്ത സ്ഫിങ്സുമാണ്.

സക്കാരയിലെയും ഡാഷൂറിലേയും പിരമിഡുകൾ കൂടാതെ നൈലിന്റെ തീരത്തായി 6 ഇടങ്ങളിൽ തൊണ്ണൂറോളം പിരമിഡുകളും അവശേഷിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈജിപ്ത് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടി വരുന്ന പിരമിഡ് ആണ് the great pyramid of Giza. ആധുനിക കയ്‌റോയുടെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഗിസ സമുച്ചയത്തിൽ 3 പ്രധാന പിരമിഡുകളും 6 ചെറിയ പിരമിഡുകളും അനുബന്ധ കെട്ടിടങ്ങളും ഗ്രേറ്റ്‌ സ്ഫിങ്സ് ഓഫ് ഗിസയും ഉൾപ്പെടുന്നു.എവിടെനിന്ന്‌ ഇതിന്റെ വർണ്ണന തുടങ്ങണം എന്ന് അറിയില്ല, കാരണം ജ്യോതിശാസ്ത്രപരമായും ഗണിതശാസ്ത്രപരമായും അത്രമേൽ പ്രത്യേകതകളുണ്ട് ഇതിന്. ഉദ്ദേശം 4500 വർഷങ്ങൾക്കു മുൻപ് ഈജിപ്ത് ഭരിച്ചിരുന്ന കുഫു / കിയോപ്സ് ഫറവോയുടെ കല്ലറയ്ക്കു വേണ്ടിയാണു ഇത് പണികഴിപ്പിക്കപ്പെട്ടത്.

ഭൂനിരപ്പിൽ നിന്ന്‌ 147 അടി ഉയരത്തിൽ 2.5 ton ഭാരമുള്ള 2.3 മില്യൺ limestones ഉം ഉള്ളിൽ അസ്വാൻ പ്രവിശ്യയിലെ red granite ഉം ആണ് ഈ പിരമിഡ് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. നൈൽ നദിയിൽ വെള്ളപൊക്കം ഉണ്ടാകുന്ന മൂന്നു മാസക്കാലമാണത്രെ ക്വാറികളിൽ നിന്നും പാറക്കല്ല് എത്തിക്കാൻ സാധിക്കുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികൾ ഇരുപതു വർഷമെടുത്തു ഈ മഹാത്ഭുതം പൂർത്തിയാക്കാൻ. പണിക്കിടയിൽ മരണപെട്ടവർക്കു തന്റെ പിരമിഡിന് സമീപം അന്ത്യവിശ്രമം നൽകി ആദരിക്കാനും ഫറവോ മറന്നില്ല. പിരമിഡിന് അടുത്തായി മൂന്ന് ചെറിയ പിരമിഡുകളും മുഖ്യന്മാരുടെയും സേവകരുടെയും കല്ലറകളും ഉണ്ട്. അകത്തു കയറിയാൽ കുത്തനെ ഉയരത്തിൽ ഒരു ഇടനാഴിയിൽ കൂടി കടന്നു വേണം രാജാവിന്റെ കല്ലറയിൽ എത്തുവാൻ എന്ന് വായിച്ചു അറിഞ്ഞിട്ടുണ്ട്. ദാഷൂറിലെ പിരമിഡിനുള്ളിൽ കയറിയതിനാൽ എവിടെ കയറിയില്ല. ഇത് കൂടാതെ ഉള്ളിൽ വേറെ രണ്ടു അറകൾ കൂടി ഉണ്ടെങ്കിലും നൂറ്റാണ്ടുകൾക്കു മുന്നേ ഇവയെല്ലാം കൊള്ളയടിക്കപ്പെട്ടിരുന്നു.

സാധാരണ ഒരു പിരമിഡ് സമുച്ചയത്തിൽ പ്രധാന പിരമിഡ് കൂടാതെ മമ്മിഫൈ ചെയ്യാനുള്ള കെട്ടിടം (valley/mummification temple) പിന്നെ കല്ലറയിലേക്കു കൊണ്ട് പോകും മുൻപ് 70 ദിവസം ഉള്ള കർമങ്ങൾക്കായി ഒരു സ്ഥലം (funerary temple) പിരമിഡിനെയും ടെംപിൾനെയും നൈലിനേയും ബന്ധിപ്പിക്കുന്ന പാത (causeway) ഇവയാണ് പ്രധാനമായും കാണുക. ഇവ കൂടാതെ കുഫു വിന്റെ പിരമിഡിന് ചുറ്റും നിന്നായി വഞ്ചിയുടെ ആകൃതിയിൽ കുഴികൾ കണ്ടെത്തിയിരുന്നു.അതിൽ നിന്നും ലഭിച്ച വഞ്ചി അടുത്തുള്ള സോളാർ ബോട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതും ഫറവോയ്ക്കു മരണാനന്തരം സ്വർഗത്തിൽ എത്തി ചേരാൻ ആണെന്നാണ് കരുതപ്പെടുന്നത്. പിരമിഡുകൾക്കു പോളിഷ് ചെയ്ത white limestone കൊണ്ടുള്ള ആവരണം ഉണ്ടായിരുന്നുവെന്നും എറ്റവും മുകളിലായി സ്വർണം പൂശിയിരുന്നു എന്നും കരുതപ്പെടുന്നു. സൂര്യ പ്രകാശം ഏൽക്കുമ്പോൾ ഒരു ദൈവിക കലയോടെ അവ തിളങ്ങുന്നത് ഫറവോന്റെ പ്രൗഢഗംഭീരമായ വാഴ്ചയെ സൂചിപ്പിച്ചിരുന്നു എന്നും ഗൈഡ് ഇബ്രാഹിം പറഞ്ഞു തന്നു…ഇന്ന് രണ്ടാമത്തെ പിരമിഡായ കാഫ്റെയുടെതിൽ മാത്രം ആ ആവരണം നമുക്ക് കാണാൻ സാധിക്കും.

കുഫുവിന്റെ അനന്തരാവകാശി ആയിരുന്ന കാഫ്റെ തന്റെ പിതാവിന്റെ പിരമിഡിൽ നിന്നും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാൻ വേണ്ടി ഉയർന്ന പ്രതലത്തിലാണ് അദ്ദേഹത്തിന്റെ പിരമിഡ് പണികഴിപ്പിച്ചത്. അതുകൊണ്ട് കാണുമ്പോൾ രണ്ടാമത്തെ പിരമിടാണ് വലുതെന്നു നമ്മുക്ക് തോന്നും. മാത്രമല്ല കാഫ്റെയുടെ പിരമിഡ് സമുച്ചയത്തിന്റെ ഭാഗമാണ് the great sphinx of Giza. ഫറവോന്റെ മുഖവും സിംഹത്തിന്റെ ഉടലുമുള്ള സ്ഫിങ്സ് ഈജിപ്തിലെ ജനങ്ങൾക്ക്‌ തന്റെ ശക്തി സൂചിപ്പിക്കാനായി ഫറവോ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ഒറ്റക്കല്ലിലാണ് ഇതിന്റെ നിർമാണം. കണ്ടെത്തുമ്പോൾ തന്നെ മുഖത്തെല്ലാം കാര്യമായ കേടുപാടുകൾ ഉണ്ടായിരുന്നു. സ്ഫിങ്സ്നു സമീപമുള്ള funeral ടെംപിളിനുള്ളിൽ കടന്നാൽ ഒരു വിഷിങ് വെൽ ഉണ്ട്. ഒരു കോയിൻ ഇട്ടു ഞാൻ ഒരു കാര്യം ആഗ്രഹിച്ചത് നടന്നു കേട്ടോ.. (കാഫ്റെ ആള് പുലിയാന്നാ തോന്നണേ 😂😂). അലബാസ്റ്റർ ശിലയും അസ്വാനിലെ red granite ഉം ചേർത്താണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. ഇതിൽ നിന്നും പിരമിഡിലേക്കു പോകാൻ 494 m നീളമുള്ള പാതയുമുണ്ട്.

കാഫ്റെയുടെ മകനും കുഫുവിന്റെ കൊച്ചു മകനുമായ മെനകുറെയാണ് മൂന്നാമത്തെ പിരമിഡിന്റെ ഉടമ. തന്റെ മുത്തച്ഛന്റെ പിരമിഡിന്റെ പകുതി ഉയരം പോലും ഇതിനില്ല എങ്കിൽ പോലും ചുവന്ന ചുണ്ണാമ്പ്കല്ലു കൊണ്ട് നിർമ്മിച്ച പിരമിഡ് നിറത്തിൽ മൂന്നിൽ നിന്നും വേറിട്ടു നിൽക്കുന്നു. സമീപത്തിൽ റാണിമാരെയോ മക്കളെയോ അടക്കി എന്ന് വിശ്വസിക്കുന്ന മൂന്നു ചെറിയ പിരമിഡുകളും കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഈജിപ്ത് ഭരിച്ചിരുന്ന സുൽത്താനായ Al- Malek പിരമിഡിനെ തകർക്കാൻ 8 മാസം പരിശ്രമിച്ചിട്ടും കവാടത്തിനടുത്ത്‌ ചെറിയ കേടുപാട് ഉണ്ടാക്കാനേ സാധിച്ചുള്ളൂ എന്നത് മാത്രം മതി പണ്ടത്തെ construction method ഓർത്ത് വാ പൊളിച്ചു നിൽക്കാൻ 😜

പിരമിഡുകൾ ഒക്കെ കണ്ടു നടന്നു കഴിഞ്ഞാൽ ചുമ്മാ കുതിരപ്പുറത്തോ ഒട്ടകപ്പുറത്തോ ഒക്കെ ചെറിയ സവാരിക്ക് ധാരാളം അവസരമുണ്ട്. അരമണിക്കൂർ എന്ന് പറഞ്ഞാലും 15 – 20 min പ്രതീക്ഷിച്ചാൽ മതി. Price 100EGP per person. പുനർനിർമാണ പ്രവർത്തനങ്ങൾ കാരണം ഒരു പിരമിഡ് മാത്രമേ പലപ്പോഴും പ്രവേശനത്തിനായി തുറന്നു കൊടുക്കാറുള്ളു. ഗിസയുടെ ഉള്ളിൽ കടക്കാൻ എൻട്രി പാസ്സ് adults EGP 300 ആണെന്ന് തോന്നുന്നു. പിരമിഡ് എൻട്രി വേണ്ടങ്കിൽ adults EGP120, child EGP 60. പിരമിഡുകളും സ്ഫിങ്സ് ഉം കണ്ടിറങ്ങുമ്പോൾ ധാരാളം സുവനീറുകളും വസ്ത്രങ്ങളുമൊക്കെ വിൽക്കുന്ന വഴിയോര കച്ചവടക്കാറുണ്ട്.

ഇബ്രാഹിമും ഉണ്ണിയും മുൻപിൽ നടന്നു പോയതിനാൽ ഞാൻ ഒറ്റയ്ക്കാണ് നടന്നിരുന്നത്. ചിലയിടങ്ങളിൽ ഒക്കെ വായിച്ച പോലെ എന്നെ ആരും വന്നു ശല്യപെടുത്തുകയോ സാധനം വാങ്ങാൻ നിർബന്ധിക്കുകയോ ചെയ്തില്ല കെട്ടോ. കരീന കപൂർ..ഷാരൂഖാൻ.. ഹേയ് ഇന്ത്യ എന്നൊക്കെയുള്ള വിളി ഇടക്ക് ഉണ്ടെങ്കിലും അതു അത്ര അലോസരപ്പെടുത്തിയില്ല. ഗിസയ്ക്കുള്ളിൽ ഫോട്ടോഗ്രഫി അനുവദിക്കില്ല. പക്ഷെ ചെറിയ ചില്ലറ കൊടുത്താൽ അവിടെ നിൽക്കുന്നവർ സമ്മതിക്കും. അല്ലെങ്കിൽ ഫോട്ടോ അടുത്ത് കഴിഞ്ഞ് നമ്മളോട് കൈ നീട്ടിക്കൊള്ളും. വൈകുന്നേരം ഒരു 7 മണിയാകുമ്പോൾ ലൈറ്റ് & സൗണ്ട് ഷോയുണ്ട്. ഞങ്ങളുടെ ഹോട്ടൽ റൂഫ് ടോപ്പിൽ ഇരുന്നാൽ നന്നായി കാണാൻ കഴിയുന്നതിനാൽ it was free show for us..Price $25 USD ആണെന്ന് തോന്നുന്നു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply