ഈ ലേഖനം എഴുതിത്തയ്യാറാക്കിയത് – Sajin Satheesan.
ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് ബേലുംകേവ്സ് സ്ഥിതി ചെയ്യുന്നത്.പത്തൊൻപതാം നൂറ്റാണ്ടിൽ ജർമൻകാരനായ “ഡാനിയേൽ ഗബർ” കണ്ടെത്തിയ ഈ ഗുഹ പതിനാലാം നൂറ്റാണ്ടിൽ രൂപംകൊണ്ടു എന്ന് കരുതപ്പെടുന്നു.1988ൽ ആന്ധ്രാപ്രദേശ് സർക്കാർ ബേലുംകേവ്സ് സംരക്ഷിതപ്രദേശമായി പ്രഖ്യാപിച്ചു.തുടർന്ന് ഗുഹയ്ക്കുള്ളിൽ ഒന്നര കിലോമീറ്റർ സന്ദർശകർക്കായി തുറന്നുകൊടുക്കുവാൻ തീരുമാനമായി 1999ൽ ടൂറിസം ഡെവലപ്മെന്റ് ഗുഹ ഏറ്റെടുത്തു 2002ൽ സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു….
65 രൂപയാണ് മുതിർന്നവർക്ക് ടിക്കറ്റ് നിരക്ക് കുട്ടികൾക്ക് 45ഉം.ഇവിടെയും ഞങ്ങൾക്ക് കേരള രെജിസ്ട്രേഷൻ കണ്ടത് കൊണ്ട് ഞങ്ങളോട് യാത്രയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു പാർക്കിംഗ് ഫീ ഒഴിവാക്കി തന്നു(വളരെ സന്തോഷം). ടിക്കറ്റും കാണിച്ചു താഴേക്കുള്ള പ്രവേശന പടികൾ ഇറങ്ങിച്ചെല്ലുന്നത് ഭൂമിക്കടിയിലുള്ള ഗുഹയിലേക്കാണ്.ആദ്യം എത്തിച്ചേരുന്ന മുകൾഭാഗം തുറന്നിടം “മെഡിറ്റേഷൻ ഹാൾ”എന്നാണറിയപെടുന്നത്. പണ്ട് ബുദ്ധസന്യാസിമാരുടെ ധ്യാനകേന്ദ്രമായിരുന്നിവിടം. അതിന്റെതായ തെളിവുകളും ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്.

മുന്നോട്ട് നടക്കുന്തോറും വലിയ ഒരു ഹാളിനേക്കാൾ വലിപ്പമുള്ള ഗുഹാ ഭാഗത്തുകൂടെയാണ് നമ്മൾ നടന്നെത്തുന്നത്. ചുണ്ണാമ്പ് കല്ലുകളുടെ പല രൂപങ്ങളിൽ രൂപാന്തരപ്പെട്ട ഭാഗങ്ങൾകൊണ്ട് മനോഹരമായിരിക്കുന്നു അന്തർഭാഗങ്ങൾ.കാഴ്ചയുടെ വ്യക്തതക്കായി നിയോൺ ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ശെരിക്കും കണ്ടുതന്നെ അറിയേണ്ട ഒരത്ഭുതം തന്നെയാണ് ബേലുംകേവ്സ്.ഭൂമിക്കടിയിൽ ഏതാണ്ട് 4കിലോമീറ്ററോളം നീളത്തിലാണ് ഈ തുരങ്കസമാനമായ ഗുഹ. അസഹനീയമായ ചൂടാണ് ചില ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്.കൃത്യമായി വെളിച്ചം കൊണ്ടൊരുക്കിയ വഴികൾക്കുപുറമെ പുതുതായി കണ്ടെത്തി നടവഴി ഒരുക്കികൊണ്ടിരിക്കുന്ന ചില പാതകൾകൂടി ഇതിനുള്ളിലുണ്ട്.കയ്യിൽ സോളാർ ലൈറ്റ് ഉണ്ടായിരുന്നതിനാൽ അതിനുള്ളിലേക് കടന്നു കാണാനുള്ള ഒരു ശ്രമകരമായ ദൗത്യം കൂടി ഞങ്ങൾ നടത്തി.
അതിനുള്ളിലൂടെ നടക്കുമ്പോൾ ഗുഹയുടെ മുകൾത്തട്ടിലെല്ലാം ജലത്തിന്റെ ഈർപ്പം നിറഞ്ഞിരുന്നു,ചിലയിടത്തു വലിയ തുള്ളികളായി വെള്ളം വീണുകൊണ്ടിരുന്നു.പുറത്തെ കനത്തവെയിലിലും എങ്ങനെയാണ് ഇവിടെ വെള്ളം കാണപ്പെടുന്നത്, ഞങ്ങൾ അതിശയിച്ചിരുന്നു.ഉള്ളിലേക്ക് അധികം നടന്നാൽ ശ്വാസതടസം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഞങ്ങൾ അധികം മുന്നോട്ട് നടന്നില്ല.വീണ്ടും പ്രധാന പാതയിലേക്കു തിരികെ കയറി…
ശെരിക്കും ആയാസപ്പെട്ട് കുഞ്ഞിഞ്ഞുകയറേണ്ട സ്ഥലങ്ങൾ വരെ ഇവിടെയുണ്ട്.പാണ്ടുകാലത്ത് ജലപ്രവാഹം മൂലമാണ് ഗുഹ രൂപപ്പെട്ടത് എന്നു കരുതപ്പെടുന്നു.കൂടാതെ “സിംഹദ്വാരം, കൊടിലുഗലു,മണ്ഡപം,മായാ മന്ദിർ,വസൂലമരി,സപ്തസ്വര ഗുഹ, എന്നിങ്ങനെ പേരുകളുള്ള ചില ഭാഗങ്ങൾ കൂടിയുണ്ട്.ഗുഹയുടെ ഏറ്റവും താഴ്ന്ന ഭാഗമാണ് പാതാളഗംഗ.125അടിയാണ് ഈ ഭാഗത്തെ താഴ്ച.ചെറിയൊരു വെള്ളച്ചാട്ടം പോലെ നീരൊഴുക്കും ഇവിടെയുണ്ട്.തീരെ വെളിച്ചക്കുറവായതിനാൽ കാഴ്ചയ്ക്കു കുറവായിരുന്നു.അതിനു ചുവട്ടിലെ ലൈറ്റ് പ്രകാശിച്ചിരുന്നില്ല.കാതോർത്താൽ നീരൊഴുക്കിന്റെ ശബ്ദം കൃത്യമായി കേൾക്കാൻ കഴിയും…
ഈ പ്രകൃതിദത്തമായ അത്ഭുതസൃഷ്ടി കണ്ടു മുകളിലെത്തിമ്പോൾ വിയർത്തൊലിക്കാൻ തുടങ്ങിയിരുന്നു..അടുത്ത കടയിൽനിന്നും വെള്ളവുംവാങ്ങി(നല്ല ചൂടായയതിനാൽ വെള്ളം ഫ്രീസറിൽ ആണ് സൂക്ഷിച്ചിരുന്നത്,അത് പുറത്ത് അൽപനേരം വെച്ചപ്പോൾ തന്നെ വെള്ളമാവാൻ തുടങ്ങിയിരുന്നു)അവിടെനിന്നും ബുദ്ധപ്രതിമയുടെ അടുത്തേക്ക് ഞങ്ങൾ നീങ്ങി.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രകൃതിദത്തമായ ഗുഹ കൂടിയാണ് ബേലുംകേവ്സ്. ഇവിടെനിന്നും ലഭിച്ച ബുദ്ധസ്മരണകളുടെ അടയാളം എന്ന നിലയിലാണ് തൂവെള്ള നിറത്തിൽ ആകാശം മുട്ടിനിൽകുന്ന ബുദ്ധപ്രതിമ നിലകൊള്ളുന്നത്.ശെരിക്കും ആനന്ദപ്രഭ ചൊരിയുന്ന തരത്തിലാണ് ശില്പത്തിന്റെ നിർമാണം.പാതിയടഞ്ഞ കണ്ണുകളോടെ ധ്യാനത്തിലിരിക്കുന്ന ബുദ്ധൻ സമാധാനത്തിന്റെ പ്രതീകം കൂടിയാണ്…
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog