ഖത്തര്‍ വീണ്ടും ഞെട്ടിക്കുന്നു; ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് വിസ വേണ്ട..

അറബ് ലോകത്ത് വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുകയാണ് ഖത്തര്‍. നേരത്തെ വിദേശികള്‍ക്ക് സ്ഥിരം താമസ അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ച ഖത്തര്‍ ബുധനാഴ്ച വ്യത്യസ്തമായൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നു. ഇന്ത്യടക്കമുള്ള 80 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഖത്തറിലേക്ക് വരാന്‍ ഇനി വിസ വേണ്ട.

വിസയില്ലാതെ ഖത്തറിലേക്ക് വരാം. ദിവസങ്ങള്‍ താമസിക്കാം. ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്താണ് ഇങ്ങനെ ഒരു പ്രഖ്യാപനത്തിന് കാരണം. ഏതൊക്കെ രാജ്യങ്ങള്‍ക്കാണ് ഇളവ്… കൂടുതല്‍ വിശദീകരിക്കാം.

വിസാ സ്വതന്ത്ര രാജ്യം

ഖത്തര്‍ വിസാ സ്വതന്ത്ര രാജ്യമാകുന്നുവെന്ന പ്രഖ്യാപനമാണ് അധികൃതര്‍ നടത്തിയത്. ഖത്തറിലേക്ക് വിമാന ടിക്കറ്റും പാസ്‌പോര്‍ട്ടും മാത്രമായി ഇനി പോകാം. താമസിക്കാന്‍ സാധിക്കുന്ന സമയപരിധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇളവ് ഈ രാജ്യങ്ങള്‍ക്ക്

ഇന്ത്യയ്ക്ക പുറമെ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ദക്ഷിണാഫ്രിക്ക, സീഷെല്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറലേക്കെത്തുമ്പോള്‍ വിസ ആവശ്യമില്ല.

വിസയ്ക്ക് സാധാരണ വലിയൊരു സംഖ്യ ചെലവാകാറുണ്ട്. ഇത് എടുത്തുക്കളഞ്ഞത് വഴി കൂടതല്‍ പേരെ ഖത്തറിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഖത്തര്‍ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം ഖത്തര്‍ കൈക്കൊണ്ടത്. വിസയ്ക്ക് അപേക്ഷിക്കുകയോ പണം നല്‍കുകയോ വേണ്ടെന്ന് ഖത്തര്‍ അധികൃതര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

ഖത്തറിലേക്ക് എത്തുമ്പോള്‍ തിരിച്ചുപോകാനുള്ള ടിക്കറ്റും കൈവശം ഉണ്ടായിരിക്കണം. ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണം. ഇതാണ് പുതിയ വ്യവസ്ഥകള്‍.

ഓരോ രാജ്യങ്ങള്‍ക്കും ഖത്തറില്‍ തങ്ങാന്‍ കഴിയുന്ന ദിവസത്തിന്റെ പരിധിയില്‍ വ്യത്യാസമുണ്ട്. പരമാവധി 180 ദിവസം വരെ പരിധിയുള്ള പാസ്‌പോര്‍ട്ട് കൈവശം വേണം. തുടര്‍ച്ചയായി 90 ദിവസം വരെ ഖത്തറില്‍ താമസിക്കാം. അതില്‍ ചില നിബന്ധനകളുണ്ട്.

30 ദിവസം വരെ ഒരാള്‍ക്ക് ഖത്തറില്‍ താമസിക്കാന്‍ അനുവദിക്കൂ. പിന്നീട് കാലാവധി നീട്ടി കിട്ടാന്‍ അപേക്ഷിക്കണം. ഇത്തരത്തില്‍ അപേക്ഷ നല്‍കിയാല്‍ വീണ്ടും 30 ദിവസം വീതം സമയപരിധി നീട്ടി നല്‍കും.

ഗള്‍ഫ് മേഖലയിലെ തുറന്ന രാജ്യമായി മാറുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹീം പറഞ്ഞു. ലോകരാജ്യങ്ങളെ ഞങ്ങള്‍ ക്ഷണിക്കുകയാണ്. ഞങ്ങളുടെ ആതിഥ്യമര്യാദ കാണൂ എന്നതാണ് ഖത്തറിന്റെ മുദ്രാവാക്യം.

ഖത്തറിലേക്ക് എത്തുമ്പോള്‍ ചെയ്യേണ്ടത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്ക ടിക്കറ്റും കാണിക്കണം എന്നതാണ്. 33 രാജ്യങ്ങള്‍ക്ക് 90 ദിവസം വരെ ഖത്തറില്‍ തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് ലഭിക്കുക.

ഇന്ത്യയടക്കമുള്ള 47 രാജ്യങ്ങള്‍ക്ക് 30 ദിവസം തങ്ങാനും 30 ദിവസം കൂടി നീട്ടികിട്ടാനും സാധിക്കുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതി ലഭിക്കും. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ചുമത്തിയ ഉപരോധം മറികടക്കാനുള്ള വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

2022ല്‍ ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കും. ഈ വേളയില്‍ ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. കായിക പ്രേമികള്‍ക്ക് വിസയില്ലാതെ ഇനി ഖത്തറിലേക്ക് എത്താന്‍ സാധിക്കും. ഖത്തര്‍ വരുമാനത്തില്‍ വന്‍ വര്‍ധനവാണ് പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുക.

Source – http://malayalam.oneindia.com/news/international/citizens-of-80-countries-including-india-now-dont-require-visa-to-enter-qatar-178603.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply