സ്വാതന്ത്ര്യദിനത്തിൽ ഹിൽ വ്യൂ പാർക്കിൽ കേറി നിന്ന് ഇടുക്കി ഡാമിനൊരു സല്യൂട്ട് കൊടുത്താലോ…?കാലം കുറേ ആയില്ലേ കേരളത്തിന് മുഴുവൻ ഊർജ്ജമായി നിവർന്ന് നിൽക്കാൻ തുടങ്ങിയിട്ട്…?
ഒരു ദിവസം മുഴുവൻ ഇവിടിരിക്കാൻ പറ്റിയെങ്കിൽ എന്നാഗ്രഹിക്കുന്നൊരിടം… ഇടുക്കി ചെറുതോണി ഡാമുകളുടെയും ഒപ്പം വൈശാലി ഗുഹയുടെയും വിദൂര ദൃശ്യം ഇതിലും ഭംഗിയായി കാണാൻ മറ്റൊരു സ്ഥലവും ഇടുക്കിയിൽ കാണില്ല യാത്ര അവസാനിച്ചാലും മനസ്സിൽ നിന്ന് മായാത്ത മനോഹാരിത…
സ്വാതന്ത്ര്യദിനം ഒരു ദിവസം മുൻപേ തന്നെ ആഘോഷിച്ചേക്കാം… കാരണം ഇന്നാണ് ഒരിടവേള കിട്ടിയത്… പോരാത്തതിന് വെയിലേറ്റ് കിടക്കുന്ന വഴികൾ… റൈഡ് പോകാൻ ഇതിൽ കൂടുതലെന്തു വേണം…
ഇടുക്കിയെ പ്രേണയിക്കുന്ന ഞാൻ വേറെങ്ങോട്ട് പോകാനാ… ചെന്നു കാണാൻ തന്നെ തീരുമാനിച്ചു… ഈ വഴിയേ ഇഷ്ടപ്പെടാൻ ഉള്ള പ്രെധാന കാരണം വളവുകൾക്ക് ഒരു ക്ഷാമവുമില്ല… പിന്നെ കുറച്ചോർമ്മകളും… പണ്ടെന്നോ ആദ്യമായി എന്നെ ഇവിടെ എത്തിച്ച ഒരു വ്യക്തിയുണ്ട് പാറേന്മാവ് ആശ്രമത്തിലെ വൈദികൻ എന്റെ പ്രിയ കുഞ്ചാച്ചൻ, അദ്ദേഹത്തിന്റെ ബുള്ളറ്റിന്റെ പുറകിലിരുന്ന് രണ്ട് പൊടിക്കുട്ടികൾ ഇടുക്കി മൊത്തം കണ്ടതിന്റെ ഓർമ്മകൾ… എന്റെ കുഞ്ഞിക്കണ്ണുകൾ ആദ്യമായി അത്ഭുദത്തോടെ നോക്കി കണ്ട ഇടുക്കി…
ഇന്നും ഇടുക്കിയെ തേടി ചെല്ലുമ്പോൾ ഈ ഓർമ്മകൾ എന്നെ പിന്തുടരുന്നുണ്ട്…ഹിൽ വ്യൂ പാർക്കിന്റെ കല്പടവിലൂടെ വീണ്ടും ഓർമകളുടെ ഭാണ്ഡവും ചുമന്നു നടന്നു…കുറേ കോളേജ് വിദ്യാർഥികൾ സേവനവാരം ആഘോഷിക്കുന്നു… പൊട്ടിച്ചിരികളും, പരിഭവങ്ങളും നിറഞ്ഞ സൗഹൃദങ്ങൾക്കിടയിലൂടെ ഏകനായി കടന്ന് ചെന്ന എന്നെ… ഏതാ ഈ പരിഷ്കാരി എന്ന ചോദ്യവുമായാണവർ വരവേറ്റത് ചമ്മൽ മറച്ചു ഞാനൊരു വഴിപോക്കൻ കടത്തി വിടാവോ എന്ന മറുപടിയും നൽകി നടന്നകന്നു…
കണ്മുന്നിൽ സൂര്യശോഭയിൽ തിളങ്ങി നിൽക്കുന്ന ഇടുക്കി ജലാശയം… കുറവനും കുറത്തിയും ശാപമോക്ഷത്തിനായി തപസ്സിരുന്ന അനുഗ്രഹീതഭൂമി…
പരമശിവന്റേയും പാർവ്വതിയുടെയും പ്രെണയനിമിഷങ്ങളിൽ വഴി തടഞ്ഞു വന്ന്… മരങ്ങൾക് മറഞ്ഞ കുറവനെയും കുറത്തിയെയും തന്റെ തൃക്കണ്ണിന്റെ കോപാഗ്നിയാൽ ശിലയായി പോകട്ടെ എന്ന് ശപിച്ചത്രേ ശിവൻ…അവരാണിപ്പോൾ കണ്മുന്നിൽ നിറഞ്ഞുനിൽക്കുന്നത്…ഇടുക്കി എത്ര കണ്ടാലും മടുക്കാത്ത വിസ്മയം…
…..ഇനിയല്പം ചരിത്രം……
ഏഷ്യയിലെതന്നെ ഏറ്റവും വലിയ കമാന അണക്കെട്ട് നിര്‍മ്മാണത്തിന് തുടക്കം കരുവെള്ളയാന്‍ കൊലുമ്പനെന്ന ആദിവാസി മൂപ്പനിൽ നിന്നായിരുന്നു…ആ ചൂണ്ടു വിരലായിരുന്നു ഈ മഹാത്ഭുദത്തിന്റെ അടിത്തറ… അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ആദിരിക്കാന്‍ മറന്നുപോയവര്‍ ഇന്നും അത് തുടർന്ന് പോരുന്നു… എന്നാല്‍ മലയോരനിവാസികളുടെ മനസില്‍ ഇപ്പോഴും ഒരുവീരനായകന്റെ പരിവേഷമാണ് അദ്ദേഹത്തിന്…
ആദിവാസി – ഗോത്രവിഭാഗത്തിലെ ഊരാളി സമുദായത്തിന്റെ മുടിചൂടാമന്നനും മൂപ്പനുമായിരുന്നു കൊലുമ്പന്‍… ഊരാളി സമുദായത്തിലെ പഴയ തലമുറ ഐതീഹ്യകഥയിലെ നായകനെപ്പോലെയാണ് കൊലുമ്പനെ കണ്ടിരുന്നതും ആരാധിച്ചിരുന്നതും…
ഇടുക്കി അണക്കെട്ട് സ്ഥിതിചെയ്യുന്ന ഭാഗത്തുനിന്നും അഞ്ചുകിലോമീറ്റര്‍ അകലെയുള്ള കൊടുംവനമായിരുന്ന..ചെമ്പകശേരി നരിക്കാട്ട് എന്ന സ്ഥലത്തായിരുന്നു കൊലുമ്പനും കൂട്ടാളികളും കുടിപാര്‍ത്തിരുന്നത്…
അഞ്ചടി ഉയരം, കറുപ്പനിറം, ചെമ്പിച്ച നീണ്ട താടി, ജഡപിടിച്ച നീണ്ട മുടി, മുട്ടിനൊപ്പം വരുന്ന ഒറ്റമുണ്ട്…കയ്യില്‍ ആറടി നീളമുള്ള ബലവത്തായ ഒരു വടി… ആരെയും കൂസാത്ത ഭാവം… നടുനിവര്‍ത്തി മൂക്ക് വിടര്ത്തിയുള്ള നടപ്പ്… ഇതായിരുന്നു കൊലുമ്പന്‍…
കാടിന്റെ ഓരോ മുക്കും മൂലയും കാണാപ്പാഠമായിരുന്ന കൊലുമ്പന്‍ വനത്തിനുള്ളിലെ നേരിയ ചലനങ്ങള്‍പോലും ശ്രദ്ധിക്കുമായിരുന്നു… കൊലുമ്പനെ കണ്ടാല്‍ കടുവയും കാട്ടനയും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ വഴിമാറി കൊടുക്കുമെന്ന് സഹോദരനായ മാണിക്യന് പറഞ്ഞു കേട്ടിട്ടുള്ളത്…
കടുവ ആഹാരത്തിനായി കൊല്ലുന്ന മൃഗങ്ങളുടെ ജഡത്തിന് കാവല്‍നില്‍ക്കുന്നത് പതിവാണ്… കൊലുമ്പനെ കണ്ടാല്‍ പേടിച്ചരണ്ട പെരുച്ചാഴിയെപ്പോലെ കടുവ സ്ഥവിടുമെന്നുള്‍പ്പെടെ കൊലമ്പനെകുറിച്ച് നിറമ്പിടിപ്പിച്ച നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്…
വിദഗ്ധ കാട്ടുവൈദ്യന്‍ കൂടിയായിരുന്ന കൊലുമ്പന്റെ കയ്യില്‍ ഏതു കൊടിയ വിഷത്തിനും പകര്‍ച്ചവ്യാധികള്‍ക്കും ഫലപ്രദമായ മരുന്നുണ്ടായിരുന്നു… ഒരിക്കല്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് കുടല് പുറത്തുവന്ന കുടിയിലെ ഒരു യുവാവിന്റെ മുറിഞ്ഞ വയറില്‍ അമൂല്യങ്ങളായ പച്ചമരുന്നുകള്‍ കണ്ടെത്തി അരച്ച് വച്ചുകെട്ടി ഒരുമാസം വിശ്രമിക്കാന്‍ നിര്‍ദേശംനല്‍കി…
ഒടുവില്‍ മുറിവിലെ കെട്ടഴിച്ചപ്പോള്‍ മുറിവ് പൂര്‍ണമായി കരിഞ്ഞുണങ്ങി എന്ന് ചരിത്രം…
ആദ്യകാലങ്ങളില്‍ കൊലുമ്പന്റെയും കുടിയിലുള്ളവരുടെയും ആഹാരം കിഴങ്ങുവര്‍ഗങ്ങളും പൊടിവിതച്ച് കൊയ്തെടുക്കുന്ന നെല്ലരിയുമായിരുന്നു…പകല്‍ താഴെ മറച്ച ഈറ്റക്കുടിലില്‍ ആഹാരം പാകംചെയ്യുന്ന ഇവരുടെ രാത്രികാല ഉറക്കം മരങ്ങളില്‍ കെട്ടിയുണ്ടാക്കിയ ഏറുമാടങ്ങളിലായിരുന്നു…രണ്ടുപ്രാവശ്യം വിവാഹിതനായ കൊലുമ്പന്റെ ആദ്യഭാര്യ മരിച്ചതിനുശേഷമായിരുന്നു രണ്ടാം വിവാഹം… ആദ്യവിവാഹത്തില്‍ മക്കൾ രാമനും തേവനും…
1919 ലാണ് , ഇടുക്കി വനാന്തരങ്ങളില്‍ വേട്ടയാടി നടന്ന മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ശ്രീ തോമസ് എര്‍ടാറ്റി അവിടുത്തെ ഊരാളി മൂപ്പനായ കൊലുമ്പനെ കണ്ടുമുട്ടുന്നത്…ആദ്യ സന്ദര്‍ശനത്തില്‍ തന്നെ ഒരു വന്‍ സാധ്യത തിരിച്ചറിഞ്ഞ തോമസ് ഇവിടെയൊരു അണകെട്ടി വൈദ്യുതോത്പാദനം നടത്താനുള്ള അവസരത്തെ പറ്റി ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു…
തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനിയറായിരുന്ന ജോസഫ് ജോണ്‍ ആണ് ആദ്യമായി വിശദമായ ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്… പക്ഷെ, അതീവ ദുര്‍ഗ്ഗമമായ ആ മലമടക്കുകകളില്‍ ഒരു കൂറ്റന്‍ അണക്കെട്ട് പണിയുന്നതിനുള്ള സാങ്കേതിക മികവ് അന്ന് നമുക്കുണ്ടായിരുന്നില്ല… അതുമല്ല അവിടെ വേണ്ടത് ഒരു ആര്‍ച്ച് ഡാമായിരിക്കണം എന്നത് മറ്റൊരു പ്രശ്നമായി…ഡാമുകള്‍ പല തരമുണ്ട്…മണ്ണുകൊണ്ട് നിര്‍മ്മിക്കുന്ന എര്ത് ഡാം…ഭാരം കരുത്തേകുന്ന ഗ്രാവിറ്റി ഡാം…ആര്‍ച് രൂപത്തില്‍ ഉള്ളിലേക്കും വശത്തേക്കും വളഞ്ഞു നില്ക്കുന്ന ആര്‍ച്ച് ഡാം എന്നിങ്ങനെ പലതും…അണക്കെട്ട് നിര്‍മ്മിക്കുന്ന ഭൂമിയുടെ പ്രത്യേകതകള്‍ , ഉള്‍ക്കൊള്ളേണ്ട വെള്ളത്തിന്റെ അളവ് , താങ്ങാന്‍ കഴിയുന്ന മര്‍ദ്ദം… ഇതെല്ലാം കണക്കിലെടുത്താണ് ഏതു തരത്തിലുള്ള ഡാമാണ് വേണ്ടത് എന്ന് തീരുമാനിക്കുക…പണി തുടങ്ങുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം… അതുവഴി ഒഴുകുന്ന പുഴയെ വഴിതിരിച്ച് വിടുക എന്നതാണ്… ഹൃദയ ശസ്ത്രക്രിയ നടക്കുമ്പോള്‍ ഹൃദയം നിശ്ചലമാക്കിയാ ജോലി ഹാര്‍ട്ട് ലങ് മെഷീനെ ഏല്‍പ്പിക്കുന്നത് പോലെ… കൃത്രിമമായ ഒരു കനാലുണ്ടാക്കി വെള്ളം ആ വഴിക്ക് തിരിച്ച് വിടും.
ഇടുക്കിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടത് മൂന്ന് അണക്കെട്ടുകളുടെ ഒരു കോമ്പിനേഷനാണ്… വെള്ളം രക്ഷപെട്ടു പോകാതിരിക്കാന്‍ തൊട്ടടുത്തുള്ള കുളമാവ് , ചെറുതോണി മലയിടുക്കുകളില്‍ രണ്ട് സാധാരണ ഗ്രാവിറ്റി ഡാമും കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് കൂറ്റന്‍ ആര്‍ച്ച് ഡാമും… സംഭരണിക്കു താഴെ ആറുമീറ്റര്‍ വ്യാസത്തിലും 6000 മീറ്റര്‍ നീളത്തിലുമുള്ള തുരങ്കവും… മൂലമറ്റത്ത് ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന 750 മെഗാവാട്ട് വൈദ്യുതി നിലയവും ചേര്‍ന്ന രീതിയിലാണ് പദ്ധതി രൂപകല്പന ചെയ്യപ്പെട്ടത്… 1963 കേന്ദ്രഗവണ്മെന്റ് അനുമതിയും പിന്നാലെ പാരിസ്ഥിതിക അനുമതിയും ലഭിച്ചതോടെ പെരിയാറിനെ പിടിച്ച് കെട്ടാനുള്ള നീക്കങ്ങള്‍ക്ക് ശക്തിയേറി… കാനഡയിലെ SNC കമ്പനിയുടെ സാങ്കേതിക, സാമ്പത്തിക സഹായം കൂടി ഉറപ്പാക്കിയപ്പോള്‍ , KSEആ സൂപ്രണ്ടിങ് എഞ്ചിനിയര്‍ പീലിപ്പോസിന്റെ നേതൃത്വത്തില്‍ കേരളം കണ്ട ഏറ്റവും വലിയ വികസന പദ്ധതി ചിറകു വിരിച്ചു… പടുകൂറ്റന്‍ യന്ത്രസാമഗ്രികളും ആയിരക്കണക്കിന് തൊഴിലാളികളും ഇടുക്കിയിലെ മലമടക്കുകളില്‍ തമ്പടിച്ചു…
എഞ്ചിനീയര്‍മാരും സാങ്കേതിക വിദഗ്ദ്ധരും തൊഴിലാളികളും ഉറക്കമൊഴിച്ച് ഒരു അണക്കെട്ട് നിറക്കാനുള്ള വിയര്‍പ്പൊഴുക്കിയപ്പോള്‍… ജാലവിദ്യക്കാരന്റെ തൊപ്പിയില്‍ നിന്നെന്നോണം ആ മഹാത്ഭുതം കുറവന്‍ കുറത്തി മലയിടുക്കില്‍ മുളച്ച് പൊന്തി…സാധാരണ ഗ്രാവിറ്റി ഡാമുകള്‍ മാത്രം കണ്ടിട്ടുള്ള മലയാളി , അതിനേക്കാള്‍ ഒരുപാട് മെലിഞ്ഞു, ഒരു തളിക പോലെ വളഞ്ഞ ഈ കോണ്‍ക്രീറ്റു രൂപത്തെ ഭീതി കലര്‍ന്ന അത്ഭുതത്തോടെയാണ് കണ്ടത്…
ഈ വിചിത്ര സൃഷ്ടിയാണോ ഒരു പടുകൂറ്റന്‍ ജലാശയത്തെ തടുത്ത് നിര്‍ത്താന്‍ പോകുന്നത് എന്നവര്‍ ചിന്തിച്ചിട്ടുണ്ടാകും…1973 ല്‍ 169 മീറ്റര്‍ ഉയരവും , 683 മീറ്റര്‍ കൂടിയ നീളവുമുള്ള ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം പൂര്‍ത്തിയായി..169 മീറ്റര്‍ ഉയരമെന്നാല്‍ അറുപത് നില കെട്ടിടത്തിന്റെ ഉയരം…1974 ഫെബ്രുവരിയില്‍ ഡാമില്‍ വെള്ളം നിറച്ചു… 1975 ഒക്ടോബറില്‍ മൂലമറ്റത്ത് നിന്നും ആദ്യമായി വൈദ്യുതി പുറത്തേക്കൊഴുക്കി പവര്‍ ഹൗസിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു…1976 ഫെബ്രുവരി 12 ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കി പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചു…
…വൈശാലി ഗുഹ…
എംടി ഭരതന് ടീമിന്റെ വിഖ്യാതമായ ‘വൈശാലി ‘ സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനായിരുന്നു ഇടുക്കി ഡാം പരിസരം. അതില്‍, ഋഷിസൃങ്കനും വൈശാലിയും തമ്മിലുള്ള സമാഗമ രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ഡാമിലേക്ക് കടക്കുന്ന ഗുഹയിലാണ്…അന്നുമുതല്‍ ആ ഗുഹക്ക് വൈശാലി ഗുഹ എന്ന പേരുവീണു…
ദേവഗംഗയെ ഭൂമിയില്‍ പിടിച്ച് കെട്ടിയ മഹാദേവന്റെ ജടാമകുടം പോലെ വളഞ്ഞ് പുളഞ്ഞ ഇടുക്കി ഡാമും ജലാശയവും കേരളത്തിന്റെ ഹൃദയമായി…
അവിടെനിന്നൊഴുകുന്ന വെള്ളം മലയാളിയുടെ രക്തമായി… മൂലമറ്റത്തുനിന്ന് പ്രവഹിക്കുന്നത് വൈദ്യുതിയല്ല, ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹൃദയത്തുടിപ്പുകള്‍ തന്നെയാണ്… ഇടുക്കിയില്‍ വെള്ളം കുറയുമ്പോളും കൂടുമ്പോളും കേരള ജനതയുടെ നെഞ്ചിൽ കനലെരിഞ്ഞു തുടങ്ങി… സ്വന്തം നാട്ടില്‍ പെയ്തില്ലങ്കിലും, ഇടുക്കിയില്‍ തകര്‍ത്ത് പെയ്യാന്‍ മഴദൈവങ്ങളോട് നാം കണ്ണീരൊഴുക്കി… അതെ, പണ്ഡിതനും പാമരനും കുബേരനും കുചേലനുമടങ്ങുന്ന സമൂഹത്തിന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന മറ്റൊരു പദ്ധതിയും ഇല്ല ഇന്നീ കേരള മണ്ണിൽ… പ്രെണയം എന്നുമെനിക്കീ പുണ്യഭൂമിയോട്….
സ്വാതത്ര്യദിന സല്യൂട്ട് കൊടുക്കാൻ ഇതിലും പറ്റിയ സ്ഥലം വേറെവിടെ കിട്ടാനാ…
By : Joe kudakallumkal
Source – https://www.facebook.com/love.to.traavel/