കശ്മീർ മുതൽ കേരളം വരെ ഒരു സോളോ റൈഡ്…

യാത്രാവിവരണം – Sabi Ct.

“കശ്മീർ മുതൽ കേരളം വരെ ഒരു സോളോ റൈഡ്” ഈ സ്വപ്‌നം യാഥാർഥ്യമാക്കാൻ എനിക്ക് മുന്നിലെ തടസ്സം പണമായിരുന്നു. ചില സമയത്തു അങ്ങനെയാണ് സമയവും അവസരവും ഉണ്ടാവും പക്ഷെ പണം തോൽപ്പിക്കാൻ ശ്രമിക്കും പക്ഷെ അതിൽ എനിക്ക് ജയിക്കാൻ കഴിയും എന്ന് ഉറപ്പിച്ചു എന്റെ റൂട്ടിൽ ഉള്ള അറിയാവുന്ന എല്ലാ സുഹൃത്തുക്കളെയും വിളിച്ചു ഞാൻ ഏത് നിമിഷവും അടുത്ത് എത്താൻ സാധ്യതയുണ്ട് ഫോൺ കുറച്ചു ദിവസത്തേക്ക് സൈലന്റ് ആക്കരുത് എന്നും പറഞ്ഞൂ.. എല്ലാവരും സന്തോഷത്തോടെ നീ വാടാ നമ്മൾ ഉണ്ടാവും ഏത് പാതിരാത്രി വേണേലും വിളിച്ചോ എന്നായിരുന്നു മറുപടി!!! അത് മുന്നോട്ടുള്ള യാത്രക്ക് ഒരു പ്രചോദനം ആയിരുന്നു

15,000 രൂപ ഉണ്ട് പെട്രോൾ അടിക്കണം ഫുഡ് താമസം ഇതിലെല്ലാം അഡ്ജസ്റ്റ് ചെയ്യാം.. മറ്റൊരു ചോദ്യചിഹ്നം
വണ്ടിക്ക് എന്തെങ്കിലും കേടുപാട് സംഭവിച്ചാൽ എന്നുള്ളതായിരുന്നു ന്നു.. ജമ്മുവിലെ ബൈക്ക് മെക്കാനിക്ക് ആയ സുഹൃത്ത് വണ്ടിയുടെ അറ്റകുറ്റപ്പണിയും ഗ്രീസിങ്ങും എല്ലാം ഫ്രീയായി ചെയ്ത് തന്നു ഇനിയൊരു അവസരം ഒത്തുകിട്ടില്ലെന്ന് ഉറപ്പിച്ച് വണ്ടിയിൽ തന്നെ തിരിക്കാൻ തീരുമാനിച്ചു!!

21/1/18 #jammu : ബാഗും സാധനങ്ങളും വച്ച് കെട്ടി കശ്മീർ സുഹൃത്തുക്കളോട് യാത്ര പറഞ്ഞു നേരെ പഞ്ചാബ് ലക്ഷ്യമാക്കി നീങ്ങി അംറിസ്റ്റർ ആണ് ആദ്യ ലക്ഷ്യം. 3മണിയോടെ അംറിസ്റ്റർ എത്തി ഹെവി ട്രാഫിക്ക് ആണ് സിറ്റിയിൽ ഓട്ടോക്കാർ 3 തവണ ബാക്കിൽ ഇടിച്ചു കേരിയറിൽ ആയതുകൊണ്ട് കുഴപ്പമൊന്നും പറ്റിയില്ല.. ഫ്രീ പാർക്കിങ്ങിൽ വണ്ടി നിർത്തി ഗോൾഡൻ ടെമ്പിൾ കണ്ടു. ആരോടൊക്കെയോ കുറേ സംസാരിച്ചു. നോട്ട് ചെയ്യാവുന്ന രീതിയിൽ ആരെയും കിട്ടിയില്ല. പൊതുവെ ടൂറിസ്റ്റ് ഏരിയ ആണ്. ട്രാവല്ലേഴ്സിനെ ആരെയും കണ്ടില്ല!!

അവിടെ നിന്നും യാത്ര തുടർന്നു ഇരുട്ടും ചെറിയ വിശപ്പും ഒന്നിച്ചാണ് കടന്ന് വന്നത് ഒരു കടയിൽ നിർത്തി ചായയും സ്നാക്കും കഴിച് വീണ്ടും മുന്നോട്ട് നീങ്ങി അടുത്ത ഡസ്റ്റിനേഷൻ ജൈസൽമീർ ആണ്.. മുന്നോട്ട് പോവുന്തോറും തണുപ്പ് കൂടി വരുന്നുണ്ട് നല്ല കോടയും. കണ്ണ് കാണാൻ പറ്റാത്ത വിധം കോടയാണ് മഞ്ഞ ലൈറ്റ് ഓണാക്കിയിട്ടും ഒരു മാറ്റവുമില്ല കോടയ്ക്കനാൽ ഉള്ള പോലത്തെ കോടയല്ല ഒരുമാതിരി കട്ടിയുള്ള വെള്ള പുകപോലെയുള്ള കോട അത് വട്ടം കറങ്ങുകയും മറ്റും ചെയ്യുന്നുണ്ട് ചെറിയ സ്പീഡിൽ വണ്ടി ഓടിച്ചു റിസർവ് ആയപ്പോൾ ഒരു പമ്പിൽ കേറി പെട്രോൾ അടിച് ഫോണ് ചാർജ് ചെയ്യാൻ ഏല്പിച് വണ്ടിയിൽ ഇരുന്നു കുറച് കഴിഞ്ഞ് ഓഫിസിൽ ഇരിക്കുന്ന ആൾ വന്ന് എന്തിനാ ഇവിടെ തണുപ്പിൽ ഇരിക്കുന്നത് അകത്തിരിക്കാം എന്ന് പറഞ്ഞു വിളിച്ച് ഇരുത്തി അകത്ത് ഹീറ്റർ ഉണ്ട് തണുപ്പിന് ചെറിയ ശമനം കിട്ടി..

അയാൾ കാര്യങ്ങൾ തിരക്കി.. ചുമ്മ കറങ്ങാൻ ഇറങ്ങിയതാണ് എന്ന് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല നിങ്ങൾ എന്തോ സർവീസ് അല്ലെ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു.. രാത്രി പോവണ്ട എവിടെയെങ്കിലും റൂം എടുത്തോളൂ പഞ്ചാബ് ഡേഞ്ചർ ഏരിയ ആണെന്നും വയലൻസ് കൂടുതൽ ആണെന്നും ഓർമിപ്പിച്ചു.. എന്തായാലും റൂം എടുക്കൽ നടക്കില്ല ടെന്റ് ഇടാമെന്ന് വച്ചാൽ ആരെങ്കിലും പണി തരുമോ എന്ന പേടിയും എന്തായാലും ഒരു വഴി തെളിയും എന്ന വിശ്വാസത്തിൽ മുന്നോട്ട് നീങ്ങി..

നല്ല തണുപ്പാണ് ഇങ്ങനെ പോയാൽ എവിടെയെങ്കിലും വീഴും എന്നൊക്കെ ചിന്തിച്ചു ഇരുന്നപ്പോൾ ഒരു ദാബാ കണ്ടു. അവിടെ തീ കൂട്ടി ഇട്ടിട്ടുണ്ട്. ഒരു ചായ പറഞ്ഞ് തീ കാഞ് തണുപ്പ് അകറ്റി..തീയിൽ നിന്നും മാറിയാൽ വീണ്ടും വിറക്കുന്നുണ്ട്.സർദാർ വന്നിട്ട് പറഞ്ഞു വണ്ടി ഒതുക്കി പാർക്ക് ചെയ്തിട്ട് അകത്ത് പോയി റസ്റ്റ് എടുത്തോളൂ രാവിലെ പോയാൽ മതി.” കയർ മെടഞ്ഞ കട്ടിൽ ഉണ്ട്. കയ്യിലുള്ള സ്ലീപ്പിങ് ബാഗ് എടുത്ത് അവിടെ കിടന്നുറങ്ങി..

22/1/18 #punjab രാവിലെ എണീറ്റ് മുഖം കഴുകി ഫ്രഷ് ആയി ചായ കുടിച്ചു പോവാൻ ഒരുങ്ങുമ്പോൾ മഴ പെയ്തു.
പോസ്റ്റ് ആയി നിന്നപ്പോഴാണ് സ്ഥലം ഞാൻ ശ്രദ്ധിക്കുന്നത് പരന്നു കിടക്കുന്ന വയലുകൾ ഇടക്ക് ഇലയില്ലാത്ത മരങ്ങൾ കാളവണ്ടികൾ പഞ്ചാബിൽ മാത്രം ഉള്ള 3 ടയറുള്ള വേറൊരുത്തരം വണ്ടി നല്ല ശാന്ത പ്രദേശം ഒരു ചായ കൂടെ കുടിച്ചു എന്തോ സ്നാക്കും കഴിച്ചു മഴ നിന്നപ്പോൾ സർദാരിനോട് യാത്രയും നന്ദിയും അറിയിച് വണ്ടിയെടുത്തു..

വീതി കുറഞ്ഞ നീണ്ടുകിടക്കുന്ന പാത കയറ്റവും ഇറക്കവും ഇല്ല അതുപോലെ അവിടെ ഇലട്രിക്ക് ഓട്ടോകൾ ധാരാളം ഉണ്ട്.. പിന്നെ ഇലട്രിക്ക് ഓട്ടോ കണ്ടിട്ടുള്ളത് ഛത്തീസ്ഗഡ് ആണ് അതും വിരളം.. ഇരുവശവും വയലിനാൽ സമൃദമായ നീണ്ട് നിവർന്ന് കിടക്കുന്ന റോഡിലൂടെ ഒരു സ്വപ്നത്തിലെന്നപോലെ ഞാൻ നീങ്ങിക്കൊണ്ടിരുന്നു. ചിലയിടത്ത് നിർത്തി ചായ കുടിക്കുന്നുണ്ട്. ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്. എന്റേത് മാത്രമായ മായാ ലോകത്തിൽ ആയിരുന്നു ഞാൻ. ഒരു പമ്പിൽ പെട്രോൾ നിറക്കാൻ കയറിയപ്പോൾ അവിടെ ഉള്ള പ്രായം ചെന്ന ഒരാൾ കാര്യങ്ങൾ തിരക്കി. പുള്ളി ട്രക്ക് ഡ്രൈവർ ആണ്. എന്നോട് ചായ കുടിക്കാൻ നിർബന്ധിച്ചു..

ചായ കുടിച്ചുകൊണ്ട് പുള്ളി യാത്ര ചെയ്ത സ്ഥലങ്ങളെ കുറിച്ചും മറ്റും ഒരുപാട് സംസാരിച്ചു കയ്യിലുള്ള ബീഡി പങ്കിട്ട് വലിച്ചു. അതിനിടക്ക് പമ്പിന്റെ ഓണർ വന്നു. പുള്ളിയോട് സംസാരിക്കുന്നതിനിടക്ക് മക്കളോട്കഞ്ചു പോയ കാര്യം പറഞ്ഞു. പുള്ളിയും കുറേ മുൻപ് അവിടെ പോയിട്ടുണ്ടെന്നും അന്നത്തെ അവസ്ഥകളും വിവരിച്ചു. ഇപ്പോഴത്തെ അവസ്ഥ എന്നോട് ചോദിച്ചറിയുകയും ചെയ്തു..അവസാനം രണ്ടുപേരും ആശംസകളോടെ എന്നെ യാത്രയാക്കി.
രണ്ട് മണിക്കൂറോളം ആ പമ്പിൽ ചെലവായി..ഏകദേശം രാജസ്ഥാൻ ബോർഡർ അടുത്ത് തുടങ്ങിയിരിക്കുന്നു. പരന്ന പ്രദേശങ്ങളിൽ നിന്നും പതിയെ കയറ്റവും ഇറക്കവും വന്നു തുടങ്ങി. പതിയെ മലനിരകൾ പ്രത്യക്ഷപ്പെട്ടു..

ജൈസൽമീർ ലക്ഷ്യമാക്കി കുതിച്ചു.. വയലുകൾ മാറി ഇരുവശവും മണൽതിട്ടകൾ ആണിപ്പോൾ. റോഡ് സൈഡിൽ വണ്ടി നിർത്തി മണൽ പരപ്പിലൂടെ വെറുതെ കുറച്ച് നടന്നു. രാജസ്ഥാൻ പൊതുവെ വിജനമാണ്. എപ്പോഴെങ്കിലും പ്രത്യക്ഷപ്പെടുന്ന ദാബാകൾ മാത്രം വിരളം. ചില ചെറിയ ഗ്രാമങ്ങൾ.. ബാക്കി മൊത്തം നിശ്ശബ്ദതയുടെ വിജനമാം മണൽതിട്ടകൾ.വല്ലപ്പോഴും ദാബാകളിൽ നിന്നും ചായ കുടിക്കാൻ നിർത്തും പിന്നെ ഇരിക്കാൻ പറ്റിയ ഇടങ്ങളിൽ റസ്റ്റ് എടുക്കാനും നിർത്തുന്നുണ്ട്..സൂര്യൻ ഡ്യൂട്ടി കഴിഞ്ഞു പോവാൻ നിൽക്കുകയാണ്. ഏതോ പേരറിയാത്ത മണൽ കൂനയിൽ ഇരുന്ന് സണ്സെറ്റ് കണ്ടു..തണുപ്പ് കൂടി വരുന്നുണ്ട് ഒരു ദാബായിൽ കിടക്കാൻ തീരുമാനിച്ചു.

23/1/18 #Rajasthan.. രാവിലെ ഒരു ചായയും കുടിച് റൊട്ടിയും കഴിച്ചു കഴിഞ്ഞ 2 ദിവസമായി കാര്യമായി ഒന്നും കഴിച്ചില്ലായിരുന്നു. ഫോണ് എടുത്ത് ഫ്‌ളൈറ്റ്‌ മോഡ് മാറ്റി നോക്കി. നെറ്റ്‌വർക്ക് വരുന്നില്ല. ബിൽ അടക്കാത്ത കാരണം ആയിരിക്കും എന്ന് ഊഹിച്ചു മാപ്പ് നോക്കാൻ ഒരു വഴിയും ഇല്ല…ഒരു ട്രക്ക് ഡ്രൈവറോട് വഴി ചോദിച്ച് മനസ്സിലാക്കി വണ്ടിയെടുത്തു. ഒരുപാട് നേരത്തെ ഓട്ടത്തിന് ശേഷം നിർത്തി മാപ്പ് നോക്കി. വഴി മാറിയിയിരിക്കുന്നു. തികച്ചും വിജനമായ റോഡ്. എപ്പോഴെങ്കിലും പാസ്സ് ചെയ്യുന്ന ലോറികൾ മാത്രം. പക്ഷെ നിൽക്കുന്ന റോഡും എന്റെ ലക്ഷ്യ സ്ഥാനത്തേക്ക് ഉള്ളത് തന്നെ ആണ്. ദൂരം അല്പം കൂടുതലാണ് എന്ന് മാത്രം..
ഒരുപക്ഷേ പോവാൻ ഉദ്ദേശിച്ച റോഡിനേക്കാൾ വിജനവും സുന്ദരവും ആയിരുന്നു ഓടിക്കൊണ്ടിരിക്കുന്ന വഴി.

ഒരുപാട് നേരത്തെ യാത്രയ്ക്കുശേഷം ഞാൻ ജയ്സൽമേർ സിറ്റി എത്തിയിരിക്കുന്നു.. പഴയ കോട്ടകൾ കൊണ്ട് മനോഹരമാണ് ജയ്സൽമേർ സിറ്റി. ഗവർമെന്റ് അപ്രൂവൽ ഉള്ള ബാങ് ഷോപ്പ് ഒക്കെ ഉണ്ട് സിറ്റിയിൽ.. കോട്ടകളും ജയ്സൽമേർ സിറ്റിയും കണ്ടു കഴിഞ്ഞതിനുശേഷമാണ് എനിക്ക് മരുഭൂമിയെ കുറിച്ച് ഓർമ്മ വന്നത്. ജയ്സൽമേർ വന്നതുതന്നെ മരുഭൂമി ആസ്വദിക്കാനാണ്. അന്വേഷിച്ചപ്പോൾ സിറ്റിയിൽ നിന്നും 55കിലോമീറ്ററോളം ദൂരമുണ്ട് മരുഭൂമിയിലേക്ക്. നേരം രാത്രി 10 മണി കഴിഞ്ഞിരിക്കുന്നു. എന്തായാലും മരുഭൂമിയിൽ തങ്ങാൻ തീരുമാനിച്ചു. കൂരിരുട്ടാണ് വീതികുറഞ്ഞ റോഡും. വേറെ വാഹനങ്ങൾ ഒന്നും തന്നെ ഇല്ല..

ഒരു ജംഷൻ വന്നപ്പോൾ വഴി ചോദിക്കാൻ ഒരാളെ കിട്ടാനായി ഒരുപാട് സമയം അവിടെ കാത്തിരിക്കേണ്ടി വന്നു . കൊടും തണുപ്പിൽ ഒരുപാട് നേരത്തെ ഓട്ടത്തിന് ശേഷം മരുഭൂമി എത്തിച്ചേർന്നു. ഇരുട്ടയതിനാൽ ഒന്നും മനസ്സിലാവുന്നില്ല. ഒരു കട മാത്രം തുറന്നിട്ടിട്ടുണ്ട്. ചായ ചോദിച്ചപ്പോൾ ബീർ ഉണ്ടെന്ന് പറഞ്ഞു. 800 രൂപ പാക്കേജിൽ ഡിസർട്ട് സഫാരി, കാമല് സഫാരി, താമസം ഭക്ഷണം, കൾച്ചറൽ പ്രോഗ്രാം എല്ലാം കിട്ടും എന്ന് പറഞ്ഞു.. ഒരു ചിപ്സ് മേടിച്ചു കഴിച്ചു കുറച് കൂടെ മുന്നോട്ട് വണ്ടിയെടുത്തു നീങ്ങി. ഡിസർട്ടിൽ വലിയ ഏതോ വണ്ടി പോയ ടയർ മാർക്കിലൂടെ കാലുകുത്തി തുഴഞ്ഞും മറ്റും കുറച്ച് അകത്തോട്ടായി ടെന്റടിച്ചു. വെളിച്ചത്തിൽ ആ സ്ഥലം കണ്ടിട്ടില്ല. ഒറ്റയ്ക്കാണ് എന്താണ് അവസ്ഥ എന്ന് ഒരു പിടിയും ഇല്ലാത്ത സ്ഥലം. സമയം രാത്രി 2 മണി. എന്തായാലും ടെന്റിൽ കേറി കിടന്നു. വിജനതയുടെ എന്തൊക്കെയോ ശബ്‌ദം പേടിപെടുത്താൻ ശ്രമിക്കുന്നുണ്ട്. അത് കേൾക്കാതിരിക്കാൻ ഫോണിൽ ഗസൽ പ്ലെ ചെയ്ത് സുഖമായി കിടന്നുറങ്ങി..

24/1/18 #jaisalmer രാവിലെ എഴുന്നേറ്റ് ടെന്റിന് വെളിയിൽ ഇറങ്ങിയപ്പോൾ ചന്ദ്രനിൽ ഇറങ്ങിയ ഒരു ഫീൽ ആയിരുന്നു. അടുത്തെങ്ങും ഒന്നും ഇല്ല. പരന്നു കിടക്കുന്ന മരുഭൂമി. മുഖം കഴുകി ഫ്രഷ് ആയി ആർക്കോ വേണ്ടി കാത്തിരിക്കുന്ന ഭാവത്തിൽ കുറച്ച് നേരം ചിന്തിച്ചിരുന്നു. വരുവാനില്ലാരും ഈ വിജനമാം വഴിവക്കിൽ എന്ന സത്യം മനസ്സിലാക്കി പെട്ടന്ന് തന്നെ സെറ്റ് ആയി അവിടുന്ന് വണ്ടി എടുത്തു.

ചെറിയ ഒരു ടൌൺ ആണ് ജൈസൽമീർ. അവിടെ നിന്നും അവരുടെ രീതിയിൽ ഉള്ള എന്തൊക്കെയോ കഴിച്ചു. പ്രായമായ കുറേ പേര് വട്ടം കൂടി ഇരിക്കുന്നുണ്ട്. അവരോട് കൂടെ ഇരുന്നു ചായ കുടിച്ചു പതിവ് ചോത്യങ്ങൾ ഉയർന്നു.. അവിടുത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു ഒരു പ്രായം ചെന്ന ആൾ അവരുടെ തലയിൽ കെട്ടിയ പക്കിടി കുട്ട പോലെ തിണ്ണയിൽ വച്ച് അതിന്റെ ഒരറ്റം എടുത്തു വീണ്ടും ചുറ്റുന്നു. ഒരുപാട് നീളമുള്ള തുണിയാണ് .വീഡിയോ എടുക്കാൻ താല്പര്യം ഉണ്ട്. പക്ഷെ ഇഷ്ടപെട്ടില്ലെങ്കിലോ വിചാരിച്ചു അതിന് മുതിർന്നില്ല. വളരെ കൗതുകത്തോടെ ഞാൻ അയാൾ കെട്ടി തീരുന്നത് വരെ നോക്കി നിന്നു.

പിന്നെ ബോർഡർ റോഡ് വഴി ഒരുപാട് മുന്നോട്ട് ഓടി. വളവുകൾ ഇല്ലാത്ത വീതി കുറഞ്ഞ റോഡ് അവസാനം ചെക്ക് പോസ്റ്റ്‌ വരെ എത്തി. അവിടെ നിന്നും കടത്തി വിടില്ല എന്ന് പറഞ്ഞൂ!! തിരിച്ചു വരുന്ന വഴി പലയിടത്തും നിർത്തി മരുഭൂമി ശരിക്കും ആസ്വദിച്ചു. ഒട്ടകങ്ങളും ഡെസേർട് ക്യാമ്പുകളും രാജസ്ഥാനി വേഷവും എല്ലാം പുതുമകൾ നിറഞ്ഞതായിരുന്നു.. സമയം വൈകി തുടങ്ങിയിരുന്നു ജൈസൽമീറിലെ അവസാന ചായ കുടിക്കാൻ ഒരു കടയിൽ നിർത്തി. വളരെ ഫ്രണ്ട്ലി ആയ ആളുകൾ. ഓരോരുത്തർക്കും ഓരോ കഥകൾ പറയാനുണ്ട്. സഹനത്തിന്റെയും സാഹചര്യത്തിന്റെയും യാത്രയുടെയും പ്രണയത്തിന്റെയും അങ്ങനെ ഒരുപാട്..

ഇനി അടുത്ത ലക്ഷ്യം ബർമീർ ആണ് ഏറ്റവും വലിയ ഇന്ത്യൻ ഡെസേർട്ട് താർ മരുഭൂമി അവിടെയാണ്… അവിടേക്ക് ഞാൻ നീങ്ങി.. യാത്രകൾ ഇനിയും തുടരാനുണ്ട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply