ഗോവ – കര്‍ണാടക അതിര്‍ത്തിയില്‍ ദൂത് സാഗര്‍ ട്രെക്കിങ്ങിനിടെ…

വയനാട്ടുകാരന്‍ ആയതുകൊണ്ടാവും ജനിച്ചിട്ട് 14 കൊല്ലം കാത്തിരിക്കേണ്ടി വന്നു ഇതിനെ ഒന്ന് നേരില്‍ കാണാന്‍…ഇന്നും അത്ഭുതമാണ്‌ ഈ ജീവി. (ഗോവ – കര്‍ണാടക അതിര്‍ത്തിയില്‍ ദൂത് സാഗര്‍ ട്രെക്കിങ്ങിനിടെ പകര്‍ത്തിയത്..)

കൊങ്കണിന്റെ അനുഗ്രഹമായ പാൽക്കടൽ; ദൂത് സാഗര്‍ വെള്ളച്ചാട്ടം.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെളളച്ചാട്ടം ഏതാണെന്നു ചോദിച്ചാൽ അത് മഴക്കാലത്ത് പാൽക്കടലാവുന്ന ദൂധ്‌സാഗർ ആണെന്നു പറയാം. ഒരു തവണയെങ്കിലും ഇവിടെ നേരിട്ട് സന്ദർശിച്ചിട്ടുള്ളവർ അങ്ങനെയേ പറയൂ. തെക്കൻ ഗോവയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് ഭഗവൻമഹാവീർ വന്യജീവി സങ്കേതത്തിലാണ് 1017 അടി ഉയരമുള്ള ഈ പാലൊഴുക്കുന്ന വെള്ളച്ചാട്ടം. കൊങ്കണിന്റെ അത്ഭുതം എന്നും ഇതിനെവിശേഷിപ്പിക്കപ്പെടുന്നു. അതെ ശരിക്കും അത്ഭുതം തന്നെയാണ് ദൂത് സാഗര്‍.

മാണ്ഡോവി നദി വലിയൊരു പാറക്കെട്ടിൽ നിന്നും താഴേക്കു വീഴുമ്പോൾ ദൂത് സാഗര്‍ പിറക്കുന്നു. രാജ്യത്തെ വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇത്.നാലുതട്ടായി വീഴുന്ന വെള്ളച്ചാട്ടം അതിന്റെ പൂർണ്ണ ഭംഗി പ്രാപിക്കുക മഴക്കാലത്താണ്. ബാംഗ്ലൂർ-ഗോവ വഴിയുളള കൊങ്കൺ തീവണ്ടിയാത്രയിൽദൂധ്സാഗർ വെള്ളച്ചാട്ടം കാണാം. കർണ്ണാടക അതിർത്തി തീരുമ്പോൾ വണ്ടി ഒരു പാലത്തിലേക്കു പ്രവേശിക്കും. മഴക്കാലമാണെങ്കിൽ ആകാശത്തുനിന്നുംഇരമ്പി വീഴുന്ന പാൽക്കടൽ പോലെ വെള്ളച്ചാട്ടം വീണൊഴുകുന്ന കാഴ്ച്ച തീവണ്ടിയിൽ നിന്നും ഒരു നോക്കു കാണാം. ജലപാതയിലൂടെ പാലൊഴുകുന്നത്പോലെ വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്ന കാഴ്ച കണ്ണിനൊപ്പം മനസ്സിനും കുളിർമയേകുന്നതാണ്.

മഴക്കാല ട്രക്കിങ്ങിനൊരുങ്ങുന്നവർക്ക് ദൂത് സാഗറിലേക്കുള്ള റെയിൽ ട്രാക്ക് ട്രക്കിങ്ങ് അവിസ്മരണീയമായ ഒരനുഭവമായിരിക്കും. മഴനുകർന്നുകൊണ്ട് ടണലുകൾ കടന്ന്, കാടും കുന്നുകളും കണ്ട്, അരുവികളുടെ കളകളം കേട്ട് അവിസ്മരണീയമായ ഒരു യാത്ര.മഴക്കാലത്ത് ശക്തിപ്രാപിക്കുന്നതിനാൽ ഈ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെക്കാറുണ്ട്.ഒക്ടോബറോടെ പ്രവേശനം പുനഃസ്ഥാപിക്കും. ആ സമയങ്ങളിൽ കുലേമിൽ നിന്ന് ദൂദ്‌സാഗറിലേക്കുള്ള റോഡും അടയ്ക്കും. വെള്ളച്ചാട്ടത്തിനടുത്തേക്കെത്താനുള്ള ഏക വഴി പിന്നെ റയിൽ ലൈൻ പിൻപറ്റിയുള്ള ട്രക്കിങ്ങാണ്. ഗോവ ഭാഗത്തു നിന്ന് കുലേമിൽനിന്നും, കർണ്ണാടക ഭാഗത്തു നിന്ന് കാസിൽ റോക്ക് വഴിയും റെയിൽ ലൈനിലൂടെ ട്രക്ക് ചെയ്ത് എത്താം. രണ്ടു വഴിയിലൂടെയുംഏകദേശം 15 കിലോമീറ്റർ ദൂരം ട്രക്ക് ചെയ്യണം.

എന്നാൽ ഏറ്റവും അമ്പരിപ്പിക്കുന്ന ട്രക്കിങ്ങ് യാത്ര റോക്ക് കാസിൽ – ദൂത് സാഗര്‍ വഴിതന്നെ. കുന്നുകൾ തുരന്നും പിളൾന്നുംതുരങ്കങ്ങളും, സ്റ്റേഷനുകളും നിർമ്മിച്ച ആ എഞ്ചിനിയറിങ്ങ് വൈദഗ്ധ്യത്തിനു മുന്നിൽ നാം നമിച്ചു പോവും. ദൂത് സാഗറിൽ ഒരുറെയിൽവെ സ്‌റ്റേഷനുണ്ടെങ്കിലും വണ്ടികൾക്ക് മിക്കതിനും ഇവിടെ സ്‌റ്റോപ്പില്ല. സ്റ്റേഷനടുത്തു തന്നെയാണ് വെള്ളച്ചാട്ടം.വെള്ളച്ചാട്ടത്തിനും റെയിൽവെ ട്രാക്കിനുമടുത്ത് ഒരു ചെറിയ റൂം കാണാം. ട്രക്കർമാർക്ക് ഇവിടെ ക്യാമ്പ് ചെയ്യാന്നുള്ള സംവിധാനവുമുണ്ട്.

ഗോവയിലെ എല്ലായിടങ്ങൾക്കും ഉള്ളത്പോലെ ദൂത് സാഗറിനുമുണ്ട് ഒരൈതീഹ്യം. നൂറ്റാൺറ്റുകൾക്ക് മുൻപ് പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ഒരു രാജാവ് ഭരിച്ചിരുന്നു. രാജാവിന്റെ അതിസുന്ദരിയായ മകൾ എന്നും ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിൽ നിരാട്ടിനായി എത്തും. നീരാട്ടിന് ശേഷം സ്വർണ്ണകുടത്തിൽ കൊണ്ടുവരുന്ന പാൽ കുടിക്കുന്ന ശീലവുമുണ്ടായിരുന്നു രാജക്കുമാരിയ്ക്ക്. അങ്ങനെയൊരിക്കൽ രാജക്കുമാരി പാൽ കുടിക്കുന്നത് മറ്റൊരു രാജ്യത്തെ രാജക്കുമാരൻ ഒളിഞ്ഞുനിന്ന് കണ്ടു. രാജകുമാരിയുടെ വശ്യസൗന്ദര്യത്തിൽ മയങ്ങിയ കുമാരൻ ഇമവെട്ടാതെ രാജക്കുമാരിയെ നോക്കിനിന്നു. വിവസ്ത്രയായ തന്നെയാരോ കാണുന്നുണ്ടെന്നറിഞ്ഞ കുമാരി തന്റെ നഗ്നത മറയ്ക്കാനായി കൈയ്യിലുണ്ടാരുന്ന പാൽക്കുടം ദേഹത്തൂടെ കമഴ്ത്തി. അങ്ങനെ പാൽ വെള്ളച്ചാട്ടത്തിനൊപ്പം ഒഴുകി. രാജക്കുമാരിയുടെ അനശ്വരമായ പാതിവൃത്തത്തിനും എളിമയ്ക്കുമുള്ള സ്തുതിയായിട്ടാണ് ഇന്നും ദൂത് സാഗറിൽ പാലിന് സമാനമായി വെള്ളം ഒഴുകുന്നു എന്നാണ് ഇതിന് പിന്നിലെ ഐതീഹ്യം.

ഇന്ന് നൂറ്കണക്കിന് സഞ്ചാരിക്കളുടെ സ്ഥിരം സന്ദർശനപ്രദേശമാണ് ദൂത് സാഗര്‍. പർവ്വതാരോഹകരുടെ സ്വപ്നഭൂമിയും.ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 60 കി.മീ അകലെയായാണ് ദൂത് സാഗര്‍ സ്ഥിതിചെയ്യുന്നത്. ഉയരത്തിന്റെ കാര്യത്തിൽഇന്ത്യയിൽ അഞ്ചാമതും ലോകത്തിൽ 227ആമതുമാണ് ദൂധ്സാഗറിന്റെ സ്ഥാനം. അനേകം ഘനഅടി വെള്ളമാണ് ഈ ജലപാതത്തിലൂടെവർഷകാലത്ത് ഒഴുകുന്നത്.

റോഡുവഴിയും റെയിൽ വഴിയും ഈ വെള്ളച്ചാട്ടത്തിനരികിൽ എത്തിച്ചേരാൻ സാധിക്കും. കൊളേം തീവണ്ടിനിലയമാണ്ദൂധ്സാഗറിനോട് ഏറ്റവും അടുത്തുകിടക്കുന്നത്. ദേശിയപാത 4A വഴിയും ഇവിടെ എത്താം. എത്തിയാൽ ഇവിടെനിന്ന് തിരികെ പോകാൻ തോന്നില്ല എന്നൊരു കുഴപ്പം മാത്രമെ ഉള്ളു.

By: Sudeep krishna

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply