നമ്മൾ യാത്രകൾ പലയിടത്തേക്കും പോകാറുണ്ട്. യാത്രകൾ പോകുന്നതാകട്ടെ, നമ്മുടെ സന്തോഷത്തിനാണ്. എന്നാൽ ആ യാത്രകളിൽ നാം മറ്റു ജീവജാലങ്ങളുടെ സന്തോഷങ്ങൾ കൂടി ഓർക്കാറുണ്ടോ? അത്തരത്തിൽ യാത്ര ചെയ്യുന്ന ഒരാളാണ് എറണാകുളം സ്വദേശിയും ഫോട്ടോഗ്രാഫറും കൂടിയായ അരുൺ. ഒരു ദിവസം അതിരപ്പിള്ളിയിൽ പോയപ്പോൾ കണ്ട ദയനീയമായ ഒരു കാഴ്ച അരുണിന്റെ മനസ്സിനെ വല്ലാതെ ഉലയ്ക്കുകയും ചെയ്തു.
പൊള്ളുന്ന വെയിലിൽ ദാഹിച്ചു വലഞ്ഞ ഒരു അമ്മക്കുരങ്ങും കുട്ടിക്കുരങ്ങും കൂടി ഒരു ടാപ്പ് തുറക്കാൻ ശ്രമിക്കുന്നതായിരുന്നു ആ കാഴ്ച. ടാപ്പ് തുറക്കാൻ അടുത്തു ചെന്നാൽ കുരങ്ങുകൾ ഉപദ്രവിക്കുമോയെന്ന പേടിമൂലം അകലെ നിന്നും നോക്കി നിൽക്കുവാനേ അരുണിനു കഴിഞ്ഞുള്ളൂ. പക്ഷേ ആ പൈപ്പിൽ വെള്ളം ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യമായിരുന്നു. അന്ന് വിഷമത്തോടെ മടങ്ങി ഫേസ്ബുക്കിൽ ഈ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം വീണ്ടും അതിരപ്പിള്ളിയിൽ പോയപ്പോൾ അരുണിനെ കാത്തിരുന്നത് വളരെ സന്തോഷകരമായ ഒരു കാഴ്ചയായിരുന്നു. ഈ സംഭവത്തെകുറിച്ച് അരുൺ കുറിച്ചത് ഇങ്ങനെ..

“തീരെ പ്രതീക്ഷിക്കാതെ ആയിരുന്നു അവിടെക്കുള്ള യാത്ര. പ്രളയത്തിൽ താണ്ടവം ആടിയ അതിരപിള്ളി ഇന്നു വരാൻ പോകുന്ന കടുത്ത വേനലിന്റെ പിടിയിലാണു. പച്ചപ്പെങ്ങും തന്നെ ഇല്ലാതെ ഒക്കെ ഉണങ്ങി. അത് അവിടുത്തെ മിണ്ടാപ്രാണികളെയും ബാധിച്ചു. അതു മനസ്സിലാക്കി തരുവാൻ ആകും അത്രെയും വേദനാജനകമായ ഒന്നു പകർത്തെണ്ടി വന്നത്. ഒരു കുപ്പി വെള്ളം കൈയ്യിൽ ഉണ്ടായിരുന്നെങ്കിൽ അവനു കൊടുക്കാമായിരുന്നു. ആ ചുട്ടു പൊള്ളുന്ന വെയ്ലിൽ ആ കുരങ്ങൻ ആ ടാപ്പ് ഒന്നു തുറക്കുവാൻ ആയി, ഒരു തുള്ളി വെള്ളം ആ നാവൊന്നു നനക്കുവാനായി പരിശ്രമിക്കുന്നു. പക്ഷെ ആ ടാപ്പിൽ വെള്ളവും ഇല്ല. എന്നാൽ അത് പ്രസ്സ് ചെയ്ത് പിടിച്ചാൽ മാത്രമേ വെള്ളം വരുള്ളു എന്ന വിവേകം ആ മിണ്ടാപ്രണിക്കില്ലല്ലോ.
കരളലിയിക്കും വിധം നിസ്സഹായനായി ഈ രംഗങ്ങൾ പകർത്തി ഞാൻ ഫേസ്ബുക്കിൽ ഇടപാടെ ഒത്തിരി നല്ല മനസ്സിനുടമകൾക്ക് ഈറനണിഞ്ഞു. ദിവസങ്ങൾക്കകം വീണ്ടും അതിരപ്പിള്ളിയിൽ പോയപ്പോൾ അതേ പൈപ്പിനടുത്തെക്ക് ചെന്നപ്പൊ കണ്ട കാഴ്ച്ച സന്തോഷം നിറയ്ക്കുന്നതായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ ഒന്നിനും ഇത്രെയും സന്തോഷിച്ചിട്ടുണ്ടാവില്ല.
ഒരിറ്റു വെള്ളത്തിനു വേണ്ടി ദിവസങ്ങൾക്ക് മുൻപ് ആ പൈപ്പിനോട് തോറ്റ കുരങ്ങുകൾ ആവശ്യനുസരണം അതിൽ നിന്നും ചോരുന്ന വെള്ളത്തിൽ നിന്നും കുടിക്കുന്നു. തൊട്ടടുത്തെ ടാങ്കുകളിൽ എല്ലാം വെള്ളം നിറച്ചിരിക്കുന്നു. നന്ദി ഉണ്ട്. ഈ കാഴ്ച്ചകൾ വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ വന്നതു കൊണ്ടൊണോ എന്ന് അറിയില്ല. പക്ഷെ ആ നല്ല മനസ്സിൻ്റെ ഉടമകൾക്ക് ഒരായിരം നന്ദി. മിണ്ടാപ്രാണികളുടെയും ലോകമല്ലെ ഇത് അവരും ജീവിക്കട്ടെ…”
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog