മൊയ്‌തീൻ്റെ ഓർമ്മകളെയും കാഞ്ചനമാലയെയും തേടി മുക്കത്തിൻ്റെ മണ്ണിലേക്ക്‌….

വിവരണം – സലിം MKM.

ഇത് ഒരു യാത്രാവിവരണമാണോ എന്ന സംശയം എനിക്കുമുണ്ട്… ” എന്ന് നിന്റെ മൊയ്‌തീൻ ” സിനിമക്ക് ശേഷം എല്ലാവരുടെയും മനസിൽ ഒരു ആഗ്രഹം ആണ്. മുക്കത്ത്‌ പോകണം. കാഞ്ചനമാലയെയും മൊയ്‌തീൻ സേവാമന്ദിറും, ഇരുവഴിഞ്ഞിപുഴയെയും നേരിട്ടു കാണണമെന്നും ഉളളത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കോഴിക്കോട് പുതിയപ്പായിൽ ഉള്ള സുഹൃത്ത് വിജീഷ് ഏട്ടനും കുടുംബവും മുക്കത്തെക്കു തിരിച്ചതും അതേ ഉദ്ദേശത്തോട് കൂടിയായിരുന്നു. മണാശ്ശേരി യിൽനിന്നും വിജീഷ് ഏട്ടൻ എന്നെ വിളിക്കുമ്പോൾ കയാക്കിങ് കണ്ടു പുല്ലൂരാംപാറയിൽ നിന്നും മടങ്ങുകയായിരുന്നു ഞാൻ മുക്കം പിസി ജംഗ്ഷനിലേക്ക് എതാൻ പറഞ്ഞു ഞാനും അങ്ങോട്ട് തിരിച്ചു.

പി സി ജംഗ്ഷനിൽ നിന്നും 50 മീറ്റർ ദൂരമേ ഉള്ളു മൊയ്‌തീൻ സേവാമന്ദിരത്തിലേക്കു അതിന്റെ അടുത്ത് എത്തിയപ്പോൾ “മാനവം” സാംസ്കാരികവേദി മൊയ്‌തീൻ സ്മാരകം സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ടു. അതിൽ എഴുതിയിരിക്കുന്നത് വായിച്ചാൽ മനസിലാകും മൊയ്‌തീൻ എന്ന വ്യക്തിയുടെ പ്രവർത്തനങ്ങൾ മുക്കത്തിന് നൽകിയ സംഭാവനകൾ. അവിടെനിന്നും അകത്തേക്ക് കയറിയാൽ പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന മൂന്നുനില കെട്ടിടം കാണാം. അതാണ് പുതിയ മൊയ്തീൻ സേവമന്ദിർ. നടൻ ദിലീപിന്റെ സഹായത്താൽ പണികഴിപ്പിക്കുന്നതാണ്. ഇപ്പോൾ സേവാമന്ദിറും വായനശാലയും പ്രവർത്തിക്കുന്നത് അവിടെ അടുത്ത് തന്നെ മറ്റൊരു കെട്ടിടത്തിലാണ്. കാഞ്ചനമാലയെ കാണണം എങ്കിൽ അവിടെ ചെന്നാൽമതി. 10 മാണി മുതൽ 5 മണി വരെ കാഞ്ചനമാല അവിടെ ഉണ്ടാകും എന്ന് അവിടെ തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞു…

ഞങ്ങൾ സേവമന്ദിറിന്റെ അടുത്തേക്ക് നടന്നു. മാളിക കോംപ്ലക്സിലെ മൂന്നാം നിലയിലാണ് ഇപ്പോൾ സേവാമന്ദിർ പ്രവർത്തിക്കുന്നത്. കോണിപ്പടി കയറി മുകളിലെത്തിയപ്പോൾ അവിടെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു അനശ്വര പ്രണയത്തിന്റെ കെടാവിളക്ക് കാഞ്ചനമാല, കാഞ്ചനമാലയെ കാണാൻ വന്ന വേറെ കുറച്ചു പേരും അവിടെ ഉണ്ടായിരുന്നു കാഞ്ചനമാലയുടെ ചിത്രം വരക്കുകയായിരുന്നു അതിനാൽ 5 മിനുട്ട് കാത്തു നിൽക്കാൻ പറഞ്ഞു. അല്പസമയത്തിനുശേഷം കാഞ്ചനമാല ഞങ്ങളെ ഉള്ളിലേക്ക് ഉള്ളിലേക്ക് ക്ഷണിച്ചു.

ഞങ്ങളുടെ ഉള്ളിൽ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം… അകത്തുകയറിയപ്പോഴുള്ള കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. അലമാരകൾ നിറയെ പുസ്തകങ്ങൾ. അലമാരയുടെ മുകളിൽ മുഴുവൻ ട്രോഫികളും അംഗീകാരങ്ങളും, ചുമരുകൾ നിറയെ മൊയ്‌തിന്റെയും കാഞ്ചനമാലയുടെയും ചിത്രങ്ങൾ… ഞങ്ങളെ എല്ലാവരെയും ചുറ്റുമിരുത്തി മധുരം നൽകിയായിരുന്നു ഞങ്ങളെ കാഞ്ചനമാല സ്വീകരിച്ചത്.

ഞങ്ങളെ പരിചയപ്പെട്ട ശേഷം കാഞ്ചനമാല അവരുടെ ജീവിതാനുഭവങ്ങളുടെ അണക്കെട്ട് തുറന്നുവിട്ടു…. സിനിമയിൽ എന്റെയും മൊയ്‌തീന്റെയും പ്രവർത്തനങ്ങളുടെയും ഞങ്ങൾ അനുഭവിച്ച വേദനയുടെയും ചെറിയൊരു ഭാഗം മാത്രമാണ് ഉള്ളത്‌ എന്ന് പറഞ്ഞു . അവരുടെ കഥകൾ കേട്ടുകഴിഞ്ഞപ്പോൾ സിനിമയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും അവരുടെ ജീവിതാനുഭവം തന്നെ ആയിരുന്നു എന്ന് ബോധ്യമായി…😑

കുട്ടിക്കാലത്ത് 3 വർഷം മൊയ്‌തീനോടൊപ്പം പഠിച്ചതുമുതൽ …. അവരുടെ മനോഹരമായ പ്രണയകാലവും…. കോളജ് ജീവിതവും …. തുല്യതക്കുവേണ്ടി കാഞ്ചനമാല ഹോസ്റ്റലിൽ നടത്തിയ പോരാട്ടവും…. മൊയ്‌തീനുവേണ്ടി വീട്ടിൽ നടത്തേണ്ടിവന്ന പോരാട്ടവും……. വീട്ടിലെ തടവറയിൽ മൊയ്‌തീന്റെ ഓർമകളും പുസ്തകങ്ങളുമായി കിടന്ന കാലവും…. ആന്മഹത്യയുടെ വക്കിലൂടെയുള്ള ജീവിതവും…. എല്ലാം വിവരിച്ചു തന്നു. ഞങ്ങളുടെ ഉള്ളിലുള്ള സംശയങ്ങൾ ഒരോന്നായി ഞങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടികൾ തന്നു കൊണ്ട് കാഞ്ചനമാല തന്റെ കഥ തുടർന്നു… സ്വന്തം അമ്മൂമ്മ കഥ പറഞ്ഞു തരുന്നതുപോലെ ഞങ്ങൾ കേട്ടിരുന്നു….

സിനിമയിൽ മൊയ്ദീന്റെ കഥാ പാത്രതെ മുഴുവൻ സമയവും ഒരു ക്ലീൻ ഷേവ് ആയിട്ടാണ് അവതരിപ്പിച്ചത്. എന്നാൽ കാഞ്ചനമാല പറയുന്നത് വല്ലപ്പോഴും മാത്രമേ മൊയ്‌ദീൻ ക്ലീൻ ഷേവ് ചെയ്യാറുള്ളൂ എന്നും. കൂടതൽ സമയവും കുറ്റി താടി യുള്ള മൊയ്തീൻ ആയിരുന്നു അവരുടെ ജീവിതത്തിൽ എന്നുമാണ്. മൊയ്തീന്റെ ഉമ്മ വളരെ നല്ല ഒരു സ്ത്രീ ആയിരുന്നു എന്നും ഒരിക്കൽ പോലും ഒരാളെ കുറിച്ചും ഒരു കുറ്റമോ പരദൂഷണമോ ഒന്നും പറയാത്ത ഒരു വലിയ മനസ്സിന്റെ ഉടമയായിരുന്നു എന്നും പറഞ്ഞു. അത് പറയുമ്പോൾ കാഞ്ചനമാലയ്ക് ഉണ്ടായ സന്തോഷം ഞങ്ങൾ അവിടെ വച്ചു കണ്ടതാണ്… ആ ഉമ്മയോടുള്ള സ്നേഹം ഇന്നും ഒരു കിടാവിളക്ക് പോലെ കാത്ത് സൂക്ഷിക്കുന്നുണ്ട്.

അതേ സമയം മൊയ്‌തീൻ എന്ന മനുഷ്യ സ്‌നേഹിയ കുറിച്ചും കാഞ്ചന മാല പറഞ്ഞു തന്നു. സമൂഹത്തിൽ പാവങ്ങൾക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളും… നാട്ടിൽ നിലനിന്നിരുന്ന പല അനാചാരങ്ങൾക്കുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ മൊയ്‌തീൻ. പക്ഷികളെയും മൃഗങ്ങളെയും കൂടാതെ സകല ജീവജാലങ്ങളെയും സ്നേഹിക്കുന്ന മൊയ്‌തീൻ. ഏത് പ്രതികൂല സാഹചര്യങ്ങളിലും എടുത്ത നിലപാടുകളിൽ ഉറച്ചുനിന്നിട്ടുള്ള മൊയ്‌തീന്റെ ധൈര്യവും. പാവങ്ങൾക്കുവേണ്ടി നിലപാടെടുത്തതിനാൽ പണക്കാരുടെയും സ്വന്തം ബാപ്പയുടെപോലും ശത്രുവായ മൊയ്‌തീൻ… എന്നാൽ പള്ളിയിൽ പോകാത്തതിനാലും മതത്തിന് പുറത്തു ജീവിച്ചതിനാലും പാവങ്ങളുടെയും ശത്രുവായ മൊയ്തീൻ.

മൊയ്തീന്റെ ബാപ്പ നാല് പ്രാവശ്യം പഞ്ചായത്ത് പ്രിഡന്റായിട്ടുണ്ട് പക്ഷേ അത് കോൺഗ്രസ് പാർട്ടിയുടെ അംഗത്വം കൊണ്ടല്ല മറിച്ച് സ്വതന്ത്രൻ ആയി മത്സ്സരിച്ചു കൊണ്ടായിരുന്നു എന്നാൽ സിനിമയിൽ ബാപ്പയെ അവതരിപ്പിച്ചത് ഒരു കോൺഗ്രസുകാരൻ ആയിട്ട് ആണ്.  മൊയ്തീനെ കുറിച്ചുള്ള കഥകൾ എല്ലാം കേട്ടപ്പോൾ ഒരു കാര്യം മനസിലായി സിനിമയിൽ അവരുടെ ജീവിതത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമേ ഉള്ളു എന്ന്‌..

ഒരിക്കൽ പോലും മൊയ്തീൻ കാഞ്ചനമാലയെ ഒന്ന് സ്പർശിച്ചിട്ടു പോലും ഇല്ല എന്ന് പറഞ്ഞപ്പോയും. പിന്നെ അവരുടെ ആശയ കൈമാറ്റതിനു അവർ തന്നെ ഒരു ലിബി ഉണ്ടാക്കുകയും ചെയ്തു എന്നു കേട്ടപ്പോൾ വല്ലാത്ത അത്ഭുതം ആണ് തോന്നിയത്. എപ്പോഴും ആ ബുക്ക് അവിടെ നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട് ആത് ഞങ്ങൾക്ക് കാണിച്ച് തരുകയും ചെയിതു. അ ലീബി കണ്ടപ്പോൾ ഞങ്ങൾക്ക് ഒന്നും മനസിലായില്ല… അതൊക്കെ കാഞ്ചന മാല വായിച്ച് കേൾപ്പിച്ചു തന്നപ്പോൾ വേറെ ഏതോ ഒരു ലോകത്ത് എത്തി ചേർന്നൊരു അനുഭവം ആയിരുന്നു.. അവരുടെ ആ അനശ്വര പ്രണയതെ തൊട്ടറിഞ്ഞ ഒരു അനുഭൂതിയിൽ ഏതോ മായാലോകതെന്ന പോലെ ഞങ്ങൾ കേട്ടിരുന്നു.

പിന്നീട് മൊയ്‌തീൻ ഇലക്ഷൻ നിന്നതും എല്ലാ രാഷ്ട്രീയ പാർട്ടികളെയും എതിർക്കുന്നതും… അവർ 4 തവണ ഒരുമിച്ചു ജീവിക്കാൻ പുറപ്പെടാൻ തീരുമാനിച്ചതും, നാലാംതവണ തന്റെ 41വയസ്സിൽ മൊയ്‌തീനെ ഇരുവഴിഞ്ഞിപുഴ തട്ടിയെടുതതും മൊയ്തീന്റെ മരണവിവരം അറിഞ്ഞപ്പോൾ മുതൽ 6 മാസം വരെ കണ്ണ് തുറക്കാതെ ഒരു മുറിയിൽ തന്നെ ഒറ്റക്ക് കഴിഞ്ഞു കൂടുകയായിരുന്നു. ഭക്ഷണം പോലും അധികം കഴിക്കാതെ കൂടതൽ സമയം പട്ടിണി കിടന്നും ആ മുറിയിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ഇരിക്കുബോൾ കാഞ്ചനമാലക്കു കഴിക്കാൻ നല്ല മീൻ കറിയെല്ലാം ഒരുക്കി വച്ചു ഭക്ഷണം കഴിക്കാൻ നിർബന്ധിച്ച് കൊണ്ട് വന്നിരുത്തി. ഭക്ഷണം വിളമ്പി അതിൽ മീൻ എടുത്ത് വെച്ചതും ആ മീനിനെ കണ്ടപ്പോൾ മൊയ്തീൻ ഇരവഞ്ഞിപുഴയിൽ മരിച്ചു കിടക്കുന്ന പോലെ ആയിരുന്നു കാഞ്ചനക്ക് അനുഭവപ്പെട്ടത്. അപ്പോള് തന്നെ കാഞ്ചനമാല മോഹാലസ്യപ്പെട്ടു വീഴുകയും ചെയ്തു. പിന്നീട് ഇതുവരെ ഒരിക്കൽ പോലും മീൻ കഴിച്ചിട്ടില്ല.
അങ്ങിനെ നമ്മൾ സിനിമയിൽ കണ്ടതും കാണാത്തതുമായ സംഭവബഹുലമായ ജീവിതവും….പിന്നീട് കാഞ്ചനമാല അനുഭവിച്ച ശാരീരികവും മാനസികവുമായ വേദനകൾ….

ഇതൊക്കെ പറയുമ്പോഴും ഒരിക്കൽപോലും അവരുടെ കണ്ണുകൾ ഈറൻ അണിയുന്നതായോ ശബ്ദം ഇടറുന്നതായോ ഞങ്ങൾക്കു തോന്നിയില്ല. ജീവിത സാഹചര്യങ്ങളെ ഇച്ഛാശക്തികൊണ്ട് അതിജീവിച്ചു മൊയ്‌തീനെ ജീവനുതുല്യം സ്നേഹിക്കുന്ന, മൊയ്‌തീൻ സേവമന്ദിരത്തിന്റെ പണി പൂർത്തിയാക്കാനായി പണം കണ്ടെത്തുന്നതിനും മറ്റുമായി ആരോഗ്യസ്ഥിതിപോലും മാനിക്കാതെ പ്രവർത്തിക്കുന്ന ആ ധീര വനിതക്കു മുന്നിലും മൊയ്‌തീന്റെ ഓർമകൾക്കു മുന്നിലും കൈകൾ കൂപ്പി ഞങ്ങൾ അവിടെ നിന്നും പടികൾഇറങ്ങി. പോരുമ്പോൾ കാഞ്ചനമാലയെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതിലുള്ള സന്തോഷവും, അവർ അനുഭവിച്ച ശാരീരികവും മാനസികവുമായ വേദനകളിൽ ഉള്ള ദുഃഖവും എല്ലാം കൂടെ മനസ്സിൽ വല്ലാത്ത ഒരു അവസ്‌ഥ ആയിരുന്നു..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply