വൈറസ്

വൈറസ്… ആഷിക് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് ഇപ്പോൾ. 2018 ൽ കോഴിക്കോട് ഭാഗത്ത് നിപ്പാ വൈറസ് പടർന്നു പിടിച്ചതിനെത്തുടർന്നു നടന്ന സംഭവങ്ങളുടെ ഒരു ദൃശ്യാവിഷ്ക്കരമാണ് വൈറസ്. ആഷിക് അബുവും റിമാ കല്ലിങ്കലും ചേർന്നു നിർമ്മിച്ച ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ടോവിനോ, ആസിഫലി, സൗബിൻ ഷാഹിർ, റഹ്മാൻ, ശ്രീനാഥ് ഭാസി, ജോജു ജോസഫ്, ഇന്ദ്രജിത്, രേവതി, പാർവ്വതി, റിമാ കല്ലിങ്കൽ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇത്രയും പോപ്പുലറായ നടീനടന്മാർ ഉണ്ടെങ്കിലും പൊതുവെ ഇവരിൽ ഒരാൾക്കു മാത്രമായി പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ട ഒരു സംഗതി. അഭിനയിച്ചിരിക്കുന്ന എല്ലാവരും തങ്ങളുടെ റോൾ മനോഹരമായി ചെയ്തിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരുടെ പ്രകടനങ്ങളാണ്. യഥാർത്ഥ സംഭവത്തിലെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ രൂപത്തോട് വളരെയേറെ സാമ്യത്തോടെയാണ് രേവതി ഇതിൽ വന്നിരിക്കുന്നത്. അതും കയ്യടി നേടുന്ന ഒരു കാസ്റ്റിങ് തന്നെയാണ്.

ചിത്രത്തിന്റെ പേരുപോലെ തന്നെ നിപ്പാ വൈറസ് ആണ് ഇതിലെ വില്ലൻ. ഈ വില്ലനെ മന്ത്രി, കളക്ടർ, ഡോക്ടർമാർ, നഴ്‌സുമാർ, ആശുപത്രി ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങി ഒരു നാട്ടിലെ ജനങ്ങൾ ഒന്നടങ്കം ചെറുത്തു തോൽപ്പിച്ച കഥയാണ് വൈറസ്. 2018 ൽ കേരളത്തിലെ കോഴിക്കോട് ഭാഗത്ത് പടർന്നു പന്തലിച്ചവാർത്ത നമ്മൾ സോഷ്യൽ മീഡിയയിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയുമാണ് അറിഞ്ഞത്. എന്നാൽ ഈ വാർത്തകൾക്കുമപ്പുറം ആ നാട്ടിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഈ ചിത്രം കണ്ടാൽ നമുക്ക് മനസ്സിലാകും. തുടക്കം മുതൽ ഒടുക്കം വരെയും നമ്മൾ നിപ്പാ വൈറസ് പടർന്ന സമയത്ത് കോഴിക്കോടും പേരാമ്പ്രയിലുമെല്ലാം ഉണ്ടായിരുന്ന ഒരു പ്രതീതിയായിരിക്കും ലഭിക്കുക.

വളരെ റിയലിസ്റ്റിക്കായി തന്നെ ഈ ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തിച്ചതിൽ പ്രധാനമായും അഭിനന്ദിക്കേണ്ടത് സംവിധായകൻ ആഷിക് അബുവിനെ തന്നെയാണ്. അതോടൊപ്പം രാജീവ് രവി, ഷൈജു ഖാലിദ് എന്നിവർ ഒപ്പിയ ദൃശ്യങ്ങൾ ചിത്രത്തിന് കൂടുതൽ മിഴിവ് പകരുന്നു. കൂടാതെ സുഷിൻ ശ്യാമിന്റെ സംഗീതം പ്രേക്ഷകനെ ആ സിനിമയിലേക്ക്, ചില സമയങ്ങളിൽ ഭീതിയുടെ ആഴങ്ങളിലേക്ക് ഇറക്കിക്കൊണ്ടുപോവുന്നുണ്ട്.

2019 ജനുവരിയിൽ കോഴിക്കോട് മെഡിക്കൽകോളേജ്, മറ്റു പരിസരങ്ങൾ എന്നിവിടങ്ങളിയായി ആരംഭച്ച വൈറസിന്റെ ഷൂട്ടിംഗ് 52 ദിവസങ്ങളോളം നീണ്ടു നിന്നു. ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റർ മാർച്ചിൽ പുറത്തിറങ്ങുകയും ട്രെയിലർ ഏപ്രിൽ 26 നു റിലീസ് ആകുകയും ചെയ്തു. ട്രെയിലർ കണ്ടതോടെ ഞാനടക്കമുള്ള പ്രേക്ഷകർക്ക് ചിത്രം കാണുവാനുള്ള ആകാക്ഷ വർദ്ധിക്കുകയാണുണ്ടായത്. ഒടുവിൽ ജൂൺ 7 നു വൈറസ് തിയേറ്ററുകളിൽ റിലീസായി. തൃശൂർ കൈരളി തിയേറ്ററിൽ നിന്നുമാണ് ഞാൻ ഈ ചിത്രം കണ്ടത്. സെക്കൻഡ് ഷോ ആണെങ്കിലും കുടുംബപ്രേക്ഷകരടക്കം ധാരാളമാളുകൾ തിയേറ്ററിൽ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

നിപ്പാ, പ്രളയം തുടങ്ങിയവ അതിജീവിച്ച നമ്മൾ മലയാളികളുടെ ഒത്തൊരുമയും വേണ്ടപ്പെട്ടവരുടെ കാര്യശേഷിയുമൊക്കെ വൈറസിലും ഏറെക്കുറെ കാണാവുന്നതാണ്. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോഴും കണ്ടിറങ്ങിക്കഴിഞ്ഞപ്പോഴും മനസ്സിൽ വന്നത് രോഗികളെ പരിചരിക്കുന്നതിനിടയിൽ രോഗത്തെ ഏറ്റുവാങ്ങി ഒടുവിൽ മരണത്തിനു കീഴടങ്ങിയ ലിനി സിസ്റ്ററുടെ മുഖമാണ്. എന്തായാലും നമ്മൾ മലയാളികളെല്ലാം കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് വൈറസ്. ഡിവിഡി ഇറങ്ങുന്നതിനു കാത്തിരിക്കാതെ നല്ല തിയേറ്റർ നോക്കി പോയി കാണുക. ഒരു നാട് എങ്ങനെ ഒറ്റക്കെട്ടായി നിപ്പയ്‌ക്കെതിരെ പൊരുതിയെന്നു അവരിൽ ഒരാളായി തിയേറ്ററിലെ ഇരുണ്ട ചുവരുകൾക്കുള്ളിലിരുന്നു കൊണ്ട് കണ്ടു മനസിലാക്കാം.

ഈ ചിത്രത്തിനു ഞാൻ കൊടുക്കുന്ന റേറ്റിംഗ് 4.8/5 ആണ്.

Check Also

ബുള്ളറ്റിന് പകരം ബിഎസ്എ, കാത്തിരിക്കാം ഈ എല്‍ ക്ലാസിക്കോയ്ക്കായി

ബ്രിട്ടനിൽ നിന്നെത്തിയ രണ്ടു പേര് ഇന്ത്യൻ മണ്ണിൽ പോരാട്ടത്തിനൊരുങ്ങുന്നു. ഏകദേശം സമപ്രായക്കാരായ രണ്ടു കമ്പനികളിലൊന്നിനെ ഇന്ത്യയിലേയ്ക്ക് പറിച്ചു നട്ടതാണെങ്കിൽ മറ്റൊന്ന് …

Leave a Reply