ചാലക്കുടിയിൽ നിന്ന് ഉത്തരഖണ്ഡ് എന്ന ദേവഭൂമിയിലേക്ക് ഒരു ഡ്രൈവ്..!

വിവരണം – ദിലീപ് നാരായണൻ.

രണ്ട് പേർ ,8000 km 16 ദിവസം.. ഒരു 4 X 4 … 650 Lit ഡീസൽ , വഴി നിറയെ ടോളും!! എല്ലാവരും ആഗ്രഹിക്കുന്ന പോലെ ഒരു പാൻ ഇന്ത്യ റോഡ് ട്രിപ്പ് നമ്മുടെയും ആഗ്രഹങ്ങളിലൊന്നായിരുന്നു ,ഇത് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഞാനും സുഹൃത്ത് Sojan Devassy യും ചേന്ന് നടത്തിയ ഒരു യാത്രയുടെ വിവരണമാണ്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരഖണ്ഡ് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം .

ദീർഘയാത്രകൾ ഏത് വണ്ടിയിൽ പോകണമെന്ന് പലർക്കും ഒരു ആശയകുഴപ്പം തന്നെയാണ്. ഞങ്ങൾ തെരഞ്ഞെടുത്തത് മഹീന്ദ്ര ഥാർ ആയിരുന്നു. ഈ യാത്രയിൽ പതിവ് പോലെ അവസാനം വരെ വിശ്വസ്തനായ കമ്പാനിയൻ ആയി ഥാർ കൂടെനിന്നു! തൃശൂരിലെ ഷോറൂമിൽ നിന്ന് അവസാന മിനുക്ക്പണികൾ തീർത്ത് ഫെബ്രുവരി പത്താം തീയ്യതി രാവിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ അനുഗ്രഹത്തോടെ ഫ്ലാഗ് ഓഫ് ചെയ്ത് ഞങ്ങൾ യാത്ര തുടങ്ങി. NH 544 ലൂടെ ആരംഭിച്ച് നേരെ കന്യാകുമാരിയിൽ നിന്ന് ശ്രീനഗർ വരെ പോകുന്ന NH 44 എന്ന നോർത്ത് സൗത്ത് കോറിഡോർ വഴി ബാംഗ്ലൂർ സിറ്റിയും പിന്നിട് ബാംഗ്ലൂർ ഹൈദ്രബാദ് പാതയിലെ പെനഗൊണ്ട എന്ന ചെറിയ പട്ടണത്തിലാണ് ആദ്യത്തെ നൈറ്റ് ഹാൾട്ട് ചെയ്തത്.

ഹൈവേയിൽ നിന്ന് അകന്ന് സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ഒരു പട്ടണം ! രാത്രി വൈകിയതിനാലും തൊട്ടടുത്ത് വേറേ ഹോട്ടലുകൾ ഇല്ലാത്തതിനാലും പെനഗൊണ്ട തന്നെ തിരഞ്ഞെടുത്തു. ! കൊയമ്പത്തൂർ കഴിഞ്ഞാൽ തന്നെ മോഹിപ്പികുന്ന ഹൈവേകളിലൂടെ ആയിരിക്കും യാത്ര. ഏകദേശം 640 കിമീ താണ്ടി ആദ്യ ദിവസം.! പക്ഷെ ,ഇന്ത്യയിലെ ഏത് എക്സ്പ്രസ്സ് വേ ആയാലും കടുത്ത വളവുകളും മൃഗങ്ങളുടേയും മുഷ്യരുടേയും ക്രോസ്സിംഗ് മൂലവും സാധാരണ റോഡുകളിലേക്കാൾ അപകട സാധ്യത ഇത്തരം ഹൈവേകളിലുണ്ട്. അതിനാൽ വണ്ടിയുടെ വേഗത 90 ൽ കൂടുതൽ ഒരിക്കലും കൂട്ടാൻ ശ്രമിച്ചിരുന്നില്ല! രാത്രി പരമാവധി ഡ്രൈവ് ഒഴിവാക്കാനും മുൻകൂട്ടി തീരുമാനിച്ചിരുന്നു. കാരണം രണ്ട്പേരും മാറിമാറി രാത്രിയും പകലും ഡ്രൈവ് ചെയ്ത് യാത്രതുടരുന്നത് സുരക്ഷിതമായ മാർഗ്ഗമല്ല ഇത്തരം ദീർഘയാത്രകളിൽ.

രണ്ടാം ദിവസം NH 44 വഴി യാത്രതുടർന്ന് ഹൈദ്രബാദ് നെഹ്റു റിങ്ങ്റോഡ് വഴി മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലെത്തി.. ആന്ധ്രാപ്രദേശും തെലുങ്കാനയും പിന്നിട്ടിരുന്നു അപ്പോൾ. രാത്രിയോടെയാണ് അപരിചിതമായ ഈ നഗരത്തിലെത്തിയത്‌. 950 കിമീ ദൂരമുണ്ട് പെനഗുണ്ടയിൽ നിന്ന് നാഗ്പൂർ വരെ. അന്ന് രാത്രി നാഗ്പൂരിൽ തങ്ങി. ഈ പാതയിലെ മഹാരാഷ്ട്ര അതിർത്തി പ്രദേശങ്ങൾ ഹൈവേ റോബറിക്ക് കുപ്രസിദ്ധമാണ്. റോഡ് പണിമൂലം ഇവിടെ വച്ച് വഴിതെറ്റിയ ഞങ്ങൾക്ക് സഹായമായി ഒരു കേരള റെജിസ്ട്രേഷൻ ലോറി ഭാഗ്യംകൊണ്ട് എത്തിപെട്ടു! അപ്പോൾ തോന്നിയ ഒരു സന്തോഷമുണ്ട്. അതാണ് ഈ യാത്രയിൽ അനുഭവിച്ച ഏറ്റവും വലിയ സന്തോഷം ! അത്ഭുതത്തോടെയാണ് ലോറിയിലെ ഡ്രൈവർ ജീപ്പിനടുത്ത് എത്തി ഞങ്ങളോട് സംസാരിച്ചത് !

മൂന്നാം ദിവസം യാത്ര തുടർന്ന് ധാൻസി വഴി മദ്ധ്യപ്രദേശിലെ ഗ്വാളിയർ എത്തിച്ചേർന്നു. പിറ്റേ ദിവസം രാവിലെ ആഗ്രയും താജ്മഹലും സന്ദർശിക്കുകയായിരുന്നു ആദ്യത്തെ ലക്ഷ്യം. നാഗ്പൂരിൽ നിന്ന് 710 കിമീ താണ്ടി സംഗീതനഗരമായ ഗ്വാളിയർ നഗരത്തിലെത്തിയപ്പോൾ അവിടെ വമ്പൻ മേള നടക്കുകയായിരുന്നു. വണ്ടി ഹോട്ടലിൽ കഴുകാൻ ഏൽപ്പിച്ച് രാത്രിയിൽ ഗ്വാളിയർ നഗരവും മേളയും കാണാൻ ഞങ്ങൾ ഇറങ്ങി. ലാൻഡ് ഓഫ് മ്യൂസിക് എന്നറിയപ്പെടുന്ന ഈ നഗരം ഹിന്ദുസ്ഥാനി സംഗീതസഭകകളാൽ അതിപ്രസിദ്ധമാണ്, സമൃദ്ധമാണ്.

ആറാം തമ്പുരാനിൽ മോഹൻലാൽ ചെന്ന് പെട്ടെന്ന് സിംഹത്തിന്റെ മടയും ഇവിടെ എവിടെയെങ്കിലും കാണുമായിരിക്കും എന്ന് പറഞ്ഞ് ഞങ്ങളും ഹിന്ദുസ്ഥാനി സംഗീതം പൊഴിക്കുന്ന ഒരു സഭയിൽ ചെന്നിരുന്നു കുറച്ച് നേരം ! ചെന്ന്കയറിയ സിംഹമടയിൽ സംഗീതം ഒരിക്കലും നിലക്കാത്ത പ്രതിഭാസം പോലെ തുടർന്ന് കൊണ്ടിരുന്നു. വെളുപ്പിന് വരെ ആ സംഗീത സഭകൾ തുടരും ! മേള കൂടി കാണാനുള്ളതിനാൽ ഞങ്ങൾ സംഗീതം വിട്ട് അടുത്ത ലക്ഷ്യത്തിലേക്ക് നീക്കി. ഗ്വാളിയർ നിന്ന് ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് 120 കിമീ ദൂരമേ ഉള്ളൂ..

രാവിലെ തന്നെ ആഗ്രയിലെത്തിയ ഞങ്ങൾ താജ്മഹലിന്റെ ഈസ്റ്റ് ഗേറ്റിൽ ജീപ് പാർക്ക് ചെയ്ത് ഒരു ഗൈഡിനേയും കൂട്ടി ബാറ്ററി കാറിൽ കയറി താജ്മഹൽ എന്ന അത്ഭുതം കാണാൻ പുറപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഞാനിവിടെ എത്തുന്നത്. ആ മനോഹരമായ സൗധം അത്ര മനോഹരമല്ലാത്ത ഒരു നഗരത്തിൽ സ്ഥിതി ചെയ്യുന്നു.. ചുറ്റുമുള്ള അഴുക്ക് കുറച്ച് കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല ! അങ്ങകലെകലെ യമുനാനദിക്കരയിൽ ചുവന്ന് തിളങ്ങുന്ന ആഗ്ര ഫോർട്ടും കാണാം. ഉച്ചയോടെ താജ്മഹലിൽ നിന് പുറത്തിറങ്ങി ഫത്തേപൂർസിക്രിയും ആഗ്രഫോർട്ടും കണ്ടു.. 40 കിമീ ദൂരമുണ്ട് ഫത്തേപൂർ സിക്രിയിലേക്ക് ആഗ്ര ടൗണിൽ നിന്ന്. അന്ന് രാത്രി, ആഗ്രയിൽ താജ്മഹൽ കണികണ്ടുണരാൻ പാകത്തിൽ ഒരു ഹോട്ടലിൽ തങ്ങി.

നഗരത്തിന് പുറത്തുള്ള ലെതർ ഫാക്ടറികളുടെ ഔട്ട് ലെറ്റുകൾ തേടിപ്പിടിച്ച് വിലപേശി കുറച്ച് ഷോപ്പിംഗ് നടത്തി. ആഗ്ര ലെതർ ഫാക്ടറികളുടെ ശവപ്പറമ്പാണ്. ഒപ്പം അന്തരീക്ഷ മലിനീകരണവും ഒട്ടും കുറവല്ല, അന്തരീക്ഷം മുഴുവൻ തുകലിന്റെ മണമാണ്. വളരെ വില കുറച്ച് നല്ല ലെതർ ഐറ്റംസ് ഇവിടെ നിന്ന് വാങ്ങാൻ കഴിയും. അഞ്ചാം ദിവസം 400 കിമീ അകലെയുള്ള ഉത്തർഖണ്ടിലെ ഹരിധ്വാർ ലക്ഷ്യമാക്കി ആഗ്രയിൽ നിന്ന് ആഗ്ര റിംഗ് റോഡ്, യമുന എക്സ്പ്രസ്സ്വേ വഴി ഡൽഹിയിലൂടെ കടന്ന് പോകുന്ന രാജപാതയിലൂടെ രാവിലെതന്നെ ഞങ്ങൾ പുറപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈവേകളിലൊന്നാണിത്.. 160 കിമീ മുകളിൽ വേഗതയിലാണിതിലൂടെ വാഹനങ്ങൾ പായുന്നത് !

ഡൽഹി നഗരം എത്തുന്നതിന് മുൻപ് ഗ്രേറ്റർ നോയിഡ വഴി ഗാസിയാബാദിലേക്ക് തിരിഞ്ഞ് മീററ്റും മുസാഫർ നഗറും കടന്ന് വൈകിട്ടോടെ ഞങ്ങൾ ദേവഭൂമിയുടെ അതിർത്തിയിലേക്ക് പ്രവേശിച്ചു. നോയിഡ മുതൽ മീററ്റ് വരെ കനത്ത ട്രാഫിക് ആണ് അനുഭവപ്പെട്ടത്. ഇവിടെ പുതിയ പാതയുടെ പണികൾ പുരോഗമിക്കുകയാണ് ! ഇടക്ക് ബീഫിന്റെ പേരിൽ വിവാദമായ ദാദ്രിയും കടന്നു പോയി. ദാദ്രി ഭാവഭേദങ്ങൾ ഒട്ടുമില്ലാതെ സാധാരണമായി നിലകൊള്ളുന്നു. അങ്ങനെ അഞ്ചാം ദിവസം വൈകീട്ടോടെ ഡെറാഡൂൺ പിന്നിട്ട് കേരളത്തിൽ നിന്ന് 2850 കിമീ അകലെ പുണ്യനഗരമായ ഉത്തരഖണ്ഡിലെ ഹരിധ്വാറിൽ എത്തി ഞങ്ങൾ തമ്പടിച്ചു.

എങ്ങും മന്ത്രധ്വനികളും ജടാധാരികളും അമ്പലങ്ങളും തിക്കും തിരക്കും മാത്രം! ഹരിദ്വാറും ഋഷികേശും ഇരട്ടനഗരങ്ങളാണ്. പലയിടങ്ങളിലും വലിയ തൂക്ക്പാലങ്ങളുണ്ട് ഇവിടെ ഗംഗാനദിക്ക് കുറുകെ. ഋഷികേശിലെ ലക്ഷ്മൺജൂലയും അത്തരത്തിൽ ഒരു വലിയപാലമാണ്, മനോഹരവും. ദേവഭൂമിയെന്നറിയപ്പെടുന്ന ഉത്തരഖണ്ഡ് മനോഹരമായ ഹിമാലയൻ പർവ്വത പ്രദേശമാണ്. കിഴക്ക് കുമയൂൺ പർവ്വത മേഖലകളും പടിഞ്ഞാറ് ഗഡ്വാൾ പർവ്വത മേഖലയും സ്ഥിതിചെയ്യുന്ന പ്രദേശം. വൈദ്യുതി എത്തിനോക്കാത്ത ഗ്രാമങ്ങളും ആട്ടിടയന്മാരും കൃഷിക്കാരും നിറഞ്ഞ പ്രദേശങ്ങളും ഗ്രാമങ്ങളും സുലഭം. ചെമ്മരിയാടും കമ്പിളിപുതപ്പ് നിർമ്മാണവും കൃഷിയുമായി കഴിയുന്ന ജനത.. വിദ്യാഭ്യാസ നഗരമെന്നറിയപ്പെടുന്ന തലസ്ഥാനമായ ഡെറാഡൂണിന്റെ യാതൊരു പകിട്ടും ഇവരുടെ മറ്റ് ഗ്രാമങ്ങളിൽ കാണാനാകില്ല .. ലോവർ ഹിമാലയൻ റേഞ്ചിലെ കറുത്തിരുണ്ട മലമടക്കുകൾ മാത്രം കാണാം എങ്ങും !

ഹരിധ്വാറിൽ നിന്ന് ഗഡ്വാൾ മേഖലയിലെ മുസ്സോറിയിൽ തുടങ്ങി ധനോൾട്ടി, സുർകന്ദ ദേവി ക്ഷേത്രം തെഹ്‌രി ഡാം ചമ്പ തുടങ്ങി ത്രിവേണീ സംഗമമായ ദേവപ്രയാഗ് വരെയായിരുന്നു ആദ്യഘട്ടം ഉത്തരഖണിൽ യാത്ര ചെയതത്. മുസോറിയിലെ ലാൽ ഡിബ്ബയിൽ നിന്നും സുർകന്ദദേവി ക്ഷേത്രത്തിന്റെ മുകളിൽ നിന്നും മഞ്ഞ് മൂടിയ ഹിമാലയൻ കൊടുമുടിയുടെ മനോഹരമായ കാഴ്ചകൾ ലഭിക്കും. ഇവിടെ ധനോൾട്ടി മനോഹരമായ പൈൻ മരങ്ങൾ നിറഞ്ഞ പർവ്വത ഗ്രാമമാണ് ! അതി സുന്ദരമാണ് ധനോൾട്ടി!

മുസ്സോറി ഹിൽസ്റ്റേഷനിൽ ഒരു ദിവസം തങ്ങി IAS ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അടക്കം സന്ദർശിച്ചു. കനത്ത സുരക്ഷയിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത് ! ഇവിടെ നിന്ന് ചമ്പ ലക്ഷ്യമാക്കിയുള്ള പാത വീതി കുറഞ്ഞ അപകടകരമായ പാതയാണ്. വശങ്ങളിലൂടെ വളരെ താഴ്ചയിൽ ഒഴുകുന്ന അളകനന്ദയുടെ ഹുങ്കാരശബ്ദം നമ്മോടൊപ്പം ഭീതി ജനിപ്പിച്ച് കൂടെയുണ്ടാകും ഈ വഴികളിൽ അളകനന്ദയും ഭഗീരഥിയും ഗംഗയും ആല്ലങ്കിൽ അവരുടെ കൈ വഴികളിൽ ഏതെങ്കിലും ഒന്ന് എങ്ങോട്ട് തിരിഞ്ഞാലും നമ്മോടൊപ്പം കാണും ഇവിടെ.

2013 ലെ കനത്ത മഴയിൽ വെള്ളപൊക്കത്തിൽ തകർന്ന പല റോഡുകളും പുനർ നിർമ്മിക്കപ്പെട്ടെങ്കിലും ഇപ്പോഴും കനത്ത പണികൾ നടക്കുന്ന പാതകളാണ് ഇവിടെ പലയിടത്തും. ഗംഗാ നദിയിൽ നിന്നെടുക്കുന്ന ഉരുളൻ കല്ലുകൾ കയറ്റിയ ലോറികൾ വഴി നീളെ കാണാം. നദിയിലെ വെള്ളം കുറഞ്ഞ ഭാഗത്ത് നൂറ് കണക്കിന് ലോറികൾ കല്ല് ഖനനം നടത്തുന്നുണ്ട്. മാഫിയ ആയിരിക്കാം. നാട്ടിലെ മണൽ മാഫിയ പോലെ! കുറച്ച് ഭംഗിയുള്ള കല്ലുകൾ ഞങ്ങളും നദിയിലിറങ്ങി ശേഖരിച്ചു. ചമ്പയും തെഹ്റി ഡാമും ഉപഡാമുകളും പിന്നിട്ട് ദേവപ്രയാഗ് എത്തിയ ഞങ്ങൾ അന്നവിടെ തങ്ങി. ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്താൻ നിരവധി ഭക്തർ എത്തുന്ന സ്ഥലമാണിത് .ഇവിടെനിന്ന് അളകനന്ദ ഭഗീരഥിയുമായി ചേർന്ന് ഗംഗയെന്ന പുണ്യനദിയായി ഒഴുകുന്നു

ദേവപ്രയാഗിൽ നിന്ന് ബഥരീനാഥ് റൂട്ടിൽ ജോഷിമഠ് എന്ന സ്ഥലത്തിനടുത്ത് ഔളി എന്ന ഹിൽ സ്റ്റേഷൻ ആയിരുന്നു അടുത്ത ക്യാമ്പിംഗ് ലക്ഷ്യം. ഇവിടെ നിന്നാണ് ഇന്ത്യയുടെ അവസാനത്തെ വില്ലേജ് എന്നറിയപ്പെടുന്ന ചൈനീസ് അതിർത്തിയിലെ മന സ്ഥിതിച്ചെന്നത്. പ്രകൃതിരമണീയമമായ പകുതിയും മഞ്പുതച്ച് കിടക്കുന്ന ഗ്രാമങ്ങൾ ! മനാപാസ് മഞ്ഞ് കാലത്ത് അടച്ചിടും. ഇന്ത്യയുടെ അവസാന ചായക്കടയെന്നും മറ്റും പറയുന്ന പലതും ഇവിടെ കാണാം !

ജോഷിമഠിനടുത്ത് ലോകപ്രസിദ്ധമായ തപോവൻ ചൂട്നീരുറവയും അതിനടുത്തുള്ള ശിവ ക്ഷേത്രവും ഞങ്ങൾ സന്ദർശിച്ചു. കനത്ത തണുപ്പിലും തിളച്ച്പൊങ്ങുന്ന വെള്ളം അത്ഭുതം തന്നെയാണ്. ഇതിന് 1 Km താഴേയുള്ള ശിവക്ഷേത്രത്തിലേക്ക് ഈ ചൂട് വെള്ളം പൈപ്പിലൂടെ ഒഴുക്കുന്നുണ്ട്. അവിടെ മുങ്ങി കുളിക്കാൻ നിരവധി പേർ എത്തിയിരുന്നു. എല്ലാ പാപങ്ങളും തീരുമത്രെ. ഇവിടെ കറുത്തിരിണ്ട മലയിടുക്കുകൾക്കിടയിൽ അളകനന്ദയുടെ പോഷകനദിയായ ദോൾഗംഗ ആർത്തലച്ചൊഴുകുന്നു. അങ്ങകലെ മഞ്ഞ്മൂടിയ കൂറ്റൻ പർവ്വതനിരകളും തപോവനിൽ നിന്ന് കാണാം.. ഭീതി നിറക്കുന്ന ചിത്രങ്ങളാണത്..

തപോവനിൽ നിന്ന് 50 കിമീ മുന്നോട്ട് പോയാൽ ഈ റീജ്യനിലെ അവസാന ഗ്രാമങ്ങളായ മലരിയും നിതിയും എത്തിച്ചേരും.. പുരാതന ഗ്രാമങ്ങളാണിവ. ഇതിലൂടെ മുന്നോട്ട് പോയാൽ സമുദ്രനിരപ്പിൽ നിന്ന് 5800 മീറ്റർ മുകളിലായി നിലനിൽക്കുന്ന ചൈനീസ് അതിർത്തിയിലെ നിതിപാസ്സ് എത്താം ഈ പാസ്സ് കടന്നാൽ ടിബറ്റ് എത്തും. ഇവിടേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടില്ല. മിലിട്ടറി വാഹനങ്ങൾ മാത്രം കാണുന്ന ഭാഗങ്ങളാണിത്. ഇവിടെ ഞങ്ങൾ രാത്രി തങ്ങിയത് ജോഷിമഠിനടുത്ത് ഔളി എന്ന ഒൻപതിനായിരത്തോളം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഔളി സ്കി റിസോർട്ടിലാണ്.

കനത്ത തണുപ്പും പിന്നെ മഞ്ഞ്വീണ മൗണ്ടൻ റേഞ്ചുകളും ആണിവിടെ ചുറ്റും. സ്കിയിങ്ങ് ഇഷ്ടപെടുന്നവരുടെ പറുദീസയാണിവിടം. ജോഷിമഠിൽനിന്ന് റോപ്വേ ലഭ്യമാണിവിടേക്ക്. പക്ഷെ അതുപയോഗിച്ചാൽ വണ്ടി ജോഷിമഠിൽ പാർക്ക് ചെയ്യേണ്ടി വരും. അതു കൊണ്ട് മഞ്ഞ് മൂടിയ പാതയിലൂടെ സഞ്ചരിച്ച് ഞങ്ങൾ റിസോർട്ടിലെത്തി അവിടെ തങ്ങി. ഈ റിസോർട്ടിൽനിന്ന് മുകളിലേക്ക് പോകാൻ ഏകദേശം ഒന്നര കിമീ കേബിൾ ചെയർ കാറും ലഭ്യമാണ്. ഹിമാലയത്തിന്റെ നന്ദാദേവി പീക് ഇവിടെ നിന്ന് നന്നായി ദർശിക്കാം ഉത്തരഖണ്ഡിലെ രണ്ടാമത്തെ മേഖലയായ കമയൂൺ മലനിരകളിലെ കൊസാനിയും അൽമോറയും നൈനിറ്റാളും സന്ദർശിച്ച് 7 ദിവസത്തെ ഉത്തരഖണ് വാസത്തിന് വിട പറഞ്ഞ് ഡൽഹിയിലെത്തിയ ഞങ്ങൾ രാത്രിയിൽ അവിടെ വിശ്രമിച്ചു …

തിരിച്ചുള്ള യാത്രയിൽ രാജസ്ഥാനിൽ കടന്ന് പിങ്ക് സിറ്റി ജയ്പൂരിലെ മുഴുവൻ കാഴ്ചകളും കണ്ട് ഒരു ദിവസം ചിലവഴിച്ചു. അവിടെ നിന്ന് മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ അജന്ത എല്ലോറ ഗുഹാക്ഷേത്രങ്ങളിലെത്തി സന്ദർശിച്ച് ബാംഗ്ലൂർ വഴി 16 ദിവസങ്ങൾക്ക് ശേഷം ചാലക്കുടിയിൽ ഞങ്ങൾ തിരിച്ചെത്തി.

യാത്രാവിശേഷങ്ങൾ : ഉത്തരഖണ്ഡ് പർവ്വതമേഖലയിലുടനീളം നിരവധി മിലിട്ടറി ട്രക്കുകളും കാരവനുകളും ചീറി പായുന്നത് സ്ഥിരം കാഴ്ചയാണ് വഴിയിൽ. ചൈനയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളാകാം അതെല്ലാം. ബോർഡർ റോഡ്സ് ഇവിടെ ഉടനീളം റോഡ് വികസന പരിപാടികൾ നടത്തുന്നുണ്ട്.. വെള്ളപൊക്കത്തിൽ നശിച്ച പാതകൾ പലയിടത്തും മനോഹരമായ പാതകൾ ആയി അവർ പുനർനിർമ്മിച്ചു കഴിഞ്ഞിരുന്നു. മലയാളികളടക്കമുള്ള നിരവധി പേർ ഇവിടെ രാജ്യസേവനം ചെയ്യുന്നു.. ചിലരെ ഞങ്ങൾ വഴിയിൽ പരിചയപെട്ടു.. KL 64 കണ്ട് ഉത്തരഖണ്ടിലെ വഴികളിൽ വെച്ച് പരിജയപ്പെട്ട നിരവധി മലയാളികൾ ഉണ്ട്. അവർക്ക് എല്ലാവർക്കും ബിഗ് സല്യൂട്ട്! ബാരക്കുകകളിൽ നിന്ന് ബാരക്കുകളിലേക്ക് പായുന്ന ഇവരുടെ സേവനം മറ്റുള്ളവർക്ക് പ്രചോദനമാണ്.. അവർക്ക് മുന്നിൽ സഞ്ചാരികളായ നമ്മൾ ഒന്നുമല്ല… പക്ഷെ നമ്മുടെ സുരക്ഷിതമായ യാത്രക് അവർ എന്ത് സഹായവും ചെയ്യാൻ തയ്യാറായിരുന്നു എന്നത് അഭിമാനകരമായി തോന്നി.

40000 രൂപയുടെ ഡീസലും 8000 രൂപയുടെ ടോളും ഈ ട്രിപ്പിൽ ആവശ്യമായി വന്നു. Oyo വഴി ബുക്ക് ചെയ്ത റൂമുകൾ മികച്ചതും എക്കണോമിക്കലും ആയിരുന്നു. റൂമുകൾ മുൻകൂട്ടി ഈ യാത്രയിൽ ബുക്ക് ചെയ്തിരുന്നില്ല. അതാത് സ്ഥലങ്ങളിൽ ചെന്നെത്തിയശേഷം മാത്രം അറേഞ്ച് ചെയ്യുകയായിരുന്നു. ഇതിവിടെ പറയുന്നത് ഇത്തരം യാത്രകൾ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കാണ്. ഒരു ബഡ്ജറ്റ് ധാരണ കിട്ടാൻ.

മഹാരാഷ്ട്ര പോലീസും യു പി പോലീസും KL റെജിസ്ട്രേഷൻ വണ്ടി കണ്ട് മോശമായ പ്രതികരണങ്ങൾ ഉണ്ടാക്കിയെങ്കിലും ഉത്തരഖണ്ടിൽ ജോലി ചെയ്യുന്ന നമ്മുടെ സ്വന്തം ആർമി ഓഫീസറുടെ എഴുത്ത് റെഫറൻസിൽ ഉണ്ടായിരുന്നതിനാൽ അത് വഴി സാമ്പത്തികനഷ്ടം ഉണ്ടാകാതെ അവരെ ഒഴിവാക്കാൻ സാധിച്ചു. പൊതുവെ ആവേശകരമായിരുന്നു ഈ യാത്ര. നിരവധി ഹൈവേകൾ, എക്സ്പ്രസ് വേകൾ ഈ യാത്രയിൽ നമ്മൾ താണ്ടും.. അതിൽ ഏറ്റവും ഭീകരൻ ഡൽഹി – ജയ്പൂർ – മുംബയ് ഹൈവേയാണ്. കനത്ത ചരക്ക് പാതയാണിത്. തുറമുഖ നഗരമായ മുംബയിൽ നിന്നുള്ള ഡൽഹി ലക്ഷ്യക്കിയും തിരിച്ചും പായുന്ന ലോറികൾ മാത്രമാണിവിടെ. രാത്രി ഈ പാത സുരക്ഷിതമല്ല !

ഹിമാലയം എന്നുംഎല്ലാവരേയും ആകർഷിച്ച് കൊണ്ടേയിരിക്കും … യാത്രകളും. നിരവധി നല്ലതും മോശവുമായ അനുഭവങ്ങൾ ഇത്തരം യാത്രകളിൽ നമ്മെ തേടിയെത്തും. അതിൽ ചിലത് ഞാൻ ഇവിടെ ഞാൻ കുറിച്ചെന്നു മാത്രം . ഈ യാത്രകൾ തുടർന്ന് കൊണ്ടേയിരിക്കുന്നു. മഞ്ഞുവീണ് വെള്ളപുതച്ച പർവ്വതനിരകളും തണുത്തുറഞ്ഞ ഹിമാലയപർവ്വതത്തിന്റെ വെല്ലുവിളികളും ഗംഗയുടെ ദൈവീകഭാവവും ഹരിധ്വാറിലെ ഗംഗാആരതിയും ഋഷികേശിലെ മണിമുഴക്കങ്ങളും ക്ഷേത്രങ്ങളിലെ പനിനീർസൗരഭ്യവും ദേവപ്രയാഗിലെ ത്രിവേണീസംഗമവും ഒരിക്കൽ മനസ്സിലേക്ക് ആവാഹിക്കപെട്ട് കഴിഞ്ഞാൽ ദേവഭൂമിയെന്ന ഈ പുണ്യഭൂവിനെ വിട്ട്പോകുക വിഷമകരമായിരിക്കും, എളുപ്പമായിരിക്കില്ല. കാലമിനിയുമുരുളും. വിഷുവരും, വർഷം വരും, പിന്നെയൊരോതളിരിന്നും പൂ വരും, കായ്‌വരും, അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം..

Check Also

ബുള്ളറ്റിന് പകരം ബിഎസ്എ, കാത്തിരിക്കാം ഈ എല്‍ ക്ലാസിക്കോയ്ക്കായി

ബ്രിട്ടനിൽ നിന്നെത്തിയ രണ്ടു പേര് ഇന്ത്യൻ മണ്ണിൽ പോരാട്ടത്തിനൊരുങ്ങുന്നു. ഏകദേശം സമപ്രായക്കാരായ രണ്ടു കമ്പനികളിലൊന്നിനെ ഇന്ത്യയിലേയ്ക്ക് പറിച്ചു നട്ടതാണെങ്കിൽ മറ്റൊന്ന് …

Leave a Reply