നോർത്ത് ഇന്ത്യയിലേക്ക് ഒരു പക്കാ ലോക്കൽ കമ്പാർട്ടുമെൻറ് യാത്ര..

യാത്രാവിവരണം – ബോബി ജോയ്.

മുംബൈയിൽ ട്രക്കിംഗിന് പോകാനുള്ള തീരുമാനത്തിൽ നിന്ന് നൈസായിട്ട് സ്കൂട്ടായി.ഒരാഴ്ച മുംബൈയിൽ പോയി നിൽക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് നോ പറഞ്ഞത്.പിറ്റേന്ന് എഴുന്നേറ്റപ്പോൾ പതിനൊന്ന് മണിയായിരുന്നു.
വാട്സാപ്പിൽ ചെഗ്ഗൂന്റെ മെസേജ് ഉണ്ട്. “മുംബൈ പോകുന്നില്ല,കാശി പോകാം”. ഫോണെടുത്ത് വിളിച്ചു,രണ്ട് മണിക്ക് തൃശൂർ നിന്ന് ട്രെയിൻ. പെട്ടെന്നുതന്നെ കയ്യിൽ കിട്ടിയ സാധനങ്ങളൊക്കെ പാക്ക് ചെയ്തു.രണ്ടരയായപ്പോഴാണ് തൃശൂർ എത്തിയത്.മഴയായതുകൊണ്ട് അവർക്കും എത്താൻ പറ്റിയില്ല. പാലക്കാട് നിന്നാണ് അവൻ വന്നത്.കൂടെ ഒരാൾ കൂടിയുണ്ടായിരുന്നു,അവിൻ. മെഡിക്കൽ എൻട്രൻസ് എഴുതി റിസൾട്ട് വെയ്റ്റ് ചെയ്യുന്നു.ലാസ്റ്റ് ട്രിപ്പാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും വിട്ടിരിക്കുന്നത്. തിരുപ്പതിക്ക് എന്നാണ് അവൻ വീട്ടിൽ പറഞ്ഞത്.

പുതിയ ആളെ പരിചയപ്പെട്ടതിനു ശേഷം ടിക്കറ്റ് എടുത്തു. ബാംഗ്ലൂർ പോയി അവിടെ ഒന്നു ഫ്രഷ് ആയി പിന്നെ അടുത്ത ട്രെയിനിൽ പോകാമെന്നാണ് ആദ്യം തീരുമാനിച്ചത്. പിന്നെ,നേരെ ഡൽഹി ടിക്കറ്റ് എടുത്തു.റിസർവേഷൻ കിട്ടിയില്ല. ടി.ടി.ആറും ചതിച്ചു. ഡൽഹി വരെ ലോക്കൽ കംപാർട്ട്മെന്റിൽ രണ്ടു ദിവസം.

അഞ്ചു മണിക്കാണ് തൃശൂരിൽ നിന്നും പുറപ്പെടുന്നത്.ആദ്യം സീറ്റ് കിട്ടിയില്ല.കാലു കുത്താൻ പറ്റാത്ത അവസ്ഥ.മുഴുവൻ ഹിന്ദിക്കാരാണ്. ഷൊർണ്ണൂർ എത്തിയപ്പോൾ സീറ്റ് കിട്ടി. ‘L’ ഷേപ്പിലുള്ള,പഴയ K.S.R.T.C ബസിനെ അനുസ്മരിപ്പിക്കുന്ന ‘അതിമനോഹരമായ’ സീറ്റ്. എങ്ങനെ അവിടെ വരെ എത്തുമെന്ന് ഒരു പിടിയുമില്ല.കുറച്ചുനേരം ഇരുന്നിട്ട് നടുനിവർത്താൻ എഴുന്നേറ്റാൽ അപ്പൊ,ആ സെക്കന്റിൽ ഏതെങ്കിലും തെണ്ടി അവിടെ കയറി ഇരുന്നിട്ടുണ്ടാകും. ആളുണ്ടെന്ന് പറഞ്ഞാലും വരുമ്പോൾ മാറിത്തരാമെന്ന് പറഞ്ഞ് ഇരിക്കും.പിന്നെ കണ്ടഭാവം നടിക്കില്ല.പിന്നെ രണ്ട് മണിക്കൂർ കരഞ്ഞു കാലുപിടിച്ചാൽ ചിലപ്പോ കിട്ടും. അതാണ് അവസ്ഥ.

ഫുഡ് കഴിച്ച് കൈ കഴുകാൻ ചെന്നപ്പോൾ ടോയ്ലറ്റിന്റെ മുന്നിൽ വരെ ഭായിമാർ തോർത്തുവിരിച്ച് കിടക്കുന്നു.
വാഷ്ബേസിനിൽ മുറുക്കാനും ഗുഡ്കയും ചവച്ച് തുപ്പിയിട്ടിരിക്കുന്നു.പൈപ്പിൽ വെള്ളമില്ല,പൂർത്തിയായി. ഉറക്കം വന്നിട്ട് തല നേരെ നിൽക്കുന്നില്ല,നടുവേദന കാരണം ചെരിഞ്ഞ് മടിയിൽ തലവെച്ച് കിടക്കാനും പറ്റുന്നില്ല.പുറത്ത് നല്ല മഴയും.വിൻഡോയിലൂടെ വെള്ളം വീണ് കുളമായി കിടക്കുകയാണ്.അവിടെ ഒരു കൂസലുമില്ലാതെ കിടന്നുറങ്ങുന്നവരുമുണ്ട്. ഏതെങ്കിലും സ്റ്റേഷൻ എത്തുമ്പോൾ കുറച്ച് പേർ ഇറങ്ങും,അപ്പോൾ കിടന്നുറങ്ങാം എന്നൊക്കെയായിരുന്നു പ്ലാൻ. ഇറങ്ങിയതിനേക്കാൾ കൂടുതൽ ആളുകൾ കയറിയതല്ലാതെ ഒരു മാറ്റവുമുണ്ടായില്ല.
ഇടയ്ക്ക് എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേ ദിവസം രാവിലെയും അവിടുത്തെ അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടായില്ല.അടുത്തിരിക്കുന്ന ആൾ മാറി വേറെ ആളുവരും… പിന്നെ എല്ലാം പഴയപോലെ തന്നെ. മലയാളികളായി ഞങ്ങളല്ലാതെ വേറാരുമുണ്ടായിരുന്നില്ല അവിടെ.
ഞങ്ങൾ പരസ്പരം മലയാളം സംസാരിക്കുന്നത് കണ്ട് ഓരോരുത്തർ ചോദിച്ചു തുടങ്ങി,എന്താണ്,എവിടുന്നാണ് എന്നൊക്കെ. കശ്മീർ പോവുകയാണെന്ന് പറഞ്ഞപ്പോൾ എങ്ങനെ പോകണമെന്നൊക്കെ ചില ഉപദേശങ്ങൾ കിട്ടി.
പകൽ അങ്ങനെ ഫുഡ് ഒന്നുംതന്നെ കഴിച്ചില്ല.ബിസ്കറ്റും വെള്ളവുമൊക്കെയായി അഡ്ജസ്റ്റ് ചെയ്തു.ടോയ്ലറ്റിൽ പോകേണ്ടിവന്നാല്ലോ എന്നുള്ള പേടിയായിരുന്നു.

രാത്രി ആയപ്പോഴേക്കും ഒരു രക്ഷയുമില്ലാതായി.നടുവേദനയും തലവേദനയും… നല്ല വിശപ്പുമുണ്ട്. ഈ അവസ്ഥയിൽ അങ്ങനെ പോകാൻ പറ്റില്ലെന്ന് ഉറപ്പായി. ഒരു ദിവസം മുഴുവൻ ഒരേ ഇരുപ്പ് ഇരുന്നതിനാൽ ഫ്രാക്ച്ചറായ അവിന്റെ കാൽ നീരു വയ്ക്കാൻ തന്നെ തുടങ്ങിയിരുന്നു. “ഇനി എത്തുന്ന മെയിൻ സ്റ്റേഷൻ എത്തുമ്പോൾ ഇറങ്ങി അവിടെ കിടക്കാം.നേരം വെളുത്തിട്ട് അടുത്ത വണ്ടിക്കു പോകാം”. “അങ്ങനെ പോയാൽ നമ്മൾ വീണ്ടും ഒരു ദിവസം കൂടി താമസിക്കും,കൂടുതൽ ക്ഷീണിക്കും”. “ഒന്ന് ഉറങ്ങിക്കിട്ടിയാൽ മതി,പിന്നെ നേരം വെളുത്തിട്ട് എഴുന്നേറ്റാൽ മതിയല്ലോ”. അങ്ങനെ ഓരോരോ നിർദ്ദേശങ്ങൾ വന്നുകൊണ്ടിരുന്നു.അവസാനത്തേത് മതി.മതിയല്ലേ…
കണ്ണടച്ചിരുന്നു.ഉറങ്ങി വരുമ്പോഴേക്കും നടുവേദന കൂടുന്നു,നേരേ ഓപ്പോസിറ്റ് ഇരിക്കുന്നവൻ ചവിട്ടുന്നു,മുകളിൽ നിന്ന് ബാഗ് തലയിലേക്ക് വീഴുന്നു…ഒരു രക്ഷയുമില്ല. എല്ലാം സഹിച്ച് കിടന്നു.

പിന്നെ കണ്ണു തുറക്കുന്നത് പിറ്റേന്ന് ഉച്ചയ്ക്കാണ്.ഇത്രയും നേരം കിടന്നുറങ്ങിയോ എന്ന് അത്ഭുതത്തോടെ ഫോണിൽ സമയം നോക്കി. ഏഴ് മണി. പുറത്ത് ഭയങ്കര വെയിൽ. നാട്ടിലെ ഒരു ഉച്ച സെറ്റപ്പ്. ഇവിടെ പകൽ കൂടുതലാണ്,രാത്രി കുറവും. വൈകിട്ട് നാല് മണിക്ക് ഡൽഹി എത്തി.അവിടെത്തന്നെ ഒരു റൂമിൽ പോയി കിടിലനായിട്ടങ്ങ് കുളിച്ചു.രണ്ടു ദിവസം കുളിക്കാതെ,പല്ലു പോലും തേക്കാതെ ഇരുന്ന ക്ഷീണം മാറ്റി. പുറത്തിറങ്ങി റൊട്ടിയും ദാൽ കറിയും ലസിയും കഴിച്ചു.

കൗണ്ടറിൽ ചെന്ന് കശ്മീർ ടിക്കറ്റ് എടുത്തു. ‘ലോക്കൽ’ ആണ്… സാരമില്ല,പന്ത്രണ്ട് മണിക്കൂർ അല്ലേ…സഹിക്കാം.
പ്ലാറ്റ്ഫോമിൽ വെയ്റ്റ് ചെയ്യുമ്പോൾ “മലയാളിയാണോ” എന്നു ചോദിച്ചു വന്ന മൂന്നു കൊല്ലംകാർ മച്ചാന്മാരെയും കിട്ടി ഒരു കമ്പനിക്ക്.അവരും കശ്മീർ കാണാൻ ഇറങ്ങിയത്. സീറ്റ് കിട്ടിയില്ലെങ്കിലോ എന്നുകരുതി യാർഡിൽ കിടന്ന വണ്ടിയിൽ കയറാൻ റെയിൽവേ ട്രാക്കിലൂടെ നടന്നതിന് റെയിൽവേ പോലീസ് പിടിച്ച് തെറി പറഞ്ഞുവിട്ടു. എന്നിട്ടും വണ്ടിയിൽ ചാടിക്കയറി ലൈറ്റ് ഓഫ് ചെയ്ത് സെയ്ഫ് ആയി ഇരുന്നു. രാത്രി ഒൻപതുമണിക്ക് ഡൽഹിയിൽ നിന്ന് ലുധിയാന,ജലന്ധർ വഴി കശ്മീരിന്.

രാവിലെ ആറരക്ക് ജമ്മുതവി എത്തി.കൂടെയുണ്ടായിരുന്ന കൊല്ലം മച്ചാന്മാർ അവിടെയിറങ്ങി. പത്ത് മിനിറ്റ് സ്റ്റോപ്പ് ഉണ്ടായിരുന്നു.ഒരു ചായയൊക്കെ കുടിച്ച് വീണ്ടും ട്രെയിനിലേക്ക്. ‘കഠ്ര’ ആണ് ഞങ്ങളുടെ സ്റ്റോപ്പ്. ജമ്മു തവിയിൽ നിന്ന് കഠ്രയിലേക്കുള്ള കാഴ്ചകൾ വളരെ മനോഹരമാണ്.വളരെ വലിയ മലകൾ. സിനിമയ്ക്ക് സെറ്റ് ഇട്ടതാണെന്നേ കണ്ടാൽ പറയൂ.ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയിലെ ആക്ഷൻ സീനുകൾ പോലെ. ഇടയ്ക്ക് പാട്ടുപാടി കുറച്ച്വകാശ്മീരി കുട്ടികൾ വന്നു. ഒൻപത് മണിയായപ്പോഴാണ് കഠ്ര എത്തുന്നത്. തോക്ക് പിടിച്ച് നടക്കുന്ന പട്ടാളക്കാരാണ് എവിടെ നോക്കിയാലും.

ആ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന എല്ലാവരും വൈഷ്ണവ ദേവീ ക്ഷേത്രത്തിൽ വരുന്നവരാണ്. കഠ്ര സ്റ്റേഷനിൽ നിന്ന് പതിനേഴ് കിലോമീറ്റർ മലയാണ്.ആ മലമുകളിലാണ് ക്ഷേത്രം. കുറേ ഫോർമാലിറ്റീസ് ഉണ്ട് മല കയറാൻ. റെയിൽവേ സ്റ്റേഷനിലെ ചെക്കിംഗ് കഴിഞ്ഞ് മുകളിലേക്ക് പോകാം. കുറച്ച് മുകളിലെത്തുമ്പോൾ നമ്മുടെ ഐഡി പ്രൂഫ് കൊടുക്കണം.അതിലെ വിവരങ്ങൾ വച്ച് ബാർ കോഡ് ഉള്ള ഒരു കാർഡ് തരും.നമ്മുടെ ഫോട്ടോ എടുക്കും. അടുത്ത ചെക്കിംഗ് ഓഫീസിൽ എത്തുമ്പോൾ ഈ ബാർക്കോഡ് സ്കാൻ ചെയ്താണ് മുകളിലേക്ക് കയറ്റിവിടുക. മൂന്നുതവണ കയ്യിലുള്ള ലഗേജ് ചെക്ക് ചെയ്യും. മുകളിലൂടെ പറക്കുന്ന ഹെലിക്കോപ്റ്ററുകൾ പട്ടാളക്കാരുടേതാണെന്നാണ് ആദ്യം കരുതിയത്.മലമുകളിലെ ക്ഷേത്രത്തിലേക്ക് ആളുകളെ കയറ്റി കൊണ്ടുപോകുന്നതാണെന്ന് പിന്നീടാണ് മനസിലായത്.

മുകളിലേക്ക് പോകുന്ന വഴിയിൽ ഇടക്ക് നല്ല തണുത്ത മധുരമുള്ള ഒരു വെള്ളം കിട്ടും.സഞ്ചാരികൾക്ക് നാട്ടുകാർ കൊടുക്കുന്നതാണ്.ഫ്രീയാണ്. ഇതിനിടയിൽ ഒരുപാട് കടകളുണ്ട്.വലിയ മാർക്കറ്റുകളാണ്. കശുവണ്ടി, ബദാം, നിലക്കടല എല്ലാം നിസാരവിലയേയുള്ളൂ. ഒരുപാട് ഹോട്ടലുകളുമുണ്ട്.ന്യായ വിലയാണ്,പിടിച്ചുപറിയോ കത്തിവയ്പോ ഒന്നുമില്ല. മലയുടെ അടിവാരത്ത് ഒരു പുഴയുണ്ട്.അവിടെ കുളിച്ചിട്ടാണ് മുകളിലേക്ക് കയറുന്നത്. അവിടെ നിന്നാണ് ശരിക്കും യാത്ര തുടങ്ങുന്നത്. കുത്തനെയുള്ള കയറ്റമാണ്. നല്ല വെയിലുണ്ട്,ഭയങ്കര ചൂടും.

സിനിമയിലെ കാശ്മീരിൽ മഞ്ഞും ഐസുകട്ടയുമൊക്കെയാണ് കാണുന്നത്.ഇവിടെ വന്നപ്പോഴോ സഹാറാ മരുഭൂമിയാണെന്നു തോന്നും. 48 ഡിഗ്രി സെൽഷ്യസ് ആണ് ചൂട്. നാലുമണിക്കൂർ വേണ്ടി വന്നു മലമുകളിലെത്താൻ. കുറച്ചുനേരം വിശ്രമിച്ചു.ക്ഷേത്രത്തിൽ കയറി തൊഴുതു. വളരെ സമാധാനം നിറഞ്ഞ ഒരു കാലാവസ്ഥയാണ് ക്ഷേത്രപരിസരത്ത്. സമയം നാലുമണി കഴിഞ്ഞിരുന്നു.മലയിറങ്ങി താഴെയെത്തിയാലും റെയിൽവേ സ്റ്റേഷനിൽ കിടക്കേണ്ടി വരും.എന്തായാലും അത് ശരിയാകില്ല. മലമുകളിൽ കിടന്നുറങ്ങാൻ തീരുമാനിച്ചു. അമ്പലത്തിലെ അന്തേവാസികൾക്ക് അവിടെ ഭക്ഷണം കൊടുക്കാറുണ്ട്. അതും കഴിച്ച് സുഖമായി കിടന്നുറങ്ങി.

രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കേണ്ടി വന്നു.രാത്രി അവിടെ കിടന്നതുകൊണ്ട് മലമുകളിലെ സൂര്യോദയം മിസ്സായില്ല. ചെറിയൊരു കുളിയൊക്കെ കഴിഞ്ഞ് ക്ഷേത്രത്തിൽ കയറി തൊഴുതു. ഭക്ഷണം കഴിച്ചു. ഇനി തിരിച്ചു മലയിറക്കമാണ്. വഴിയിലെ കഴ്ചകളൊക്കെ കണ്ട് വളരെ പതുക്കെയാണ് താഴേക്ക് ഇറങ്ങിയത്. നടന്നു കയറാൻ പറ്റാത്തവരെ നാലുപേർ കൂടി പല്ലക്കിൽ എടുത്തുകൊണ്ടു പോകുന്നുണ്ട്.കുതിരപ്പുറത്ത് പോകേണ്ടവർക്ക് അങ്ങനെയും പോകാം.

ഉച്ചയ്ക്ക് ഒരുമണിയോടു കൂടിയാണ് താഴെ റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. നന്നായി വിശന്നിട്ടാണ് താഴെ വരുന്നത്. സ്റ്റേഷനടുത്തുള്ള ഒരു കടയിൽ കയറി റൊട്ടി കഴിച്ചു. ഇനി ഋഷികേശിലേക്കാണ്,ട്രെയിൻ വൈകിട്ട് നാലുമണിക്ക്.അതുവരെ ഫോൺ ചാർജ് ചെയ്യാം.രാവിലെ ഓഫ് ആയതാണ്. പ്രത്യേകിച്ച് കാര്യമൊന്നുമില്ല.ജമ്മു എത്തിയാൽ എല്ലാ കണക്ഷനും ഓട്ടോമാറ്റിക്കലി ഓഫ് ആകും. ഇവിടെ വേറെ കണക്ഷനാണ്. ‘യാത്രി’ സിം.
കഴിഞ്ഞ ഒരു ദിവസം ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണ് ഫോൺ ഉപയോഗിച്ചത്.അന്തരീക്ഷം ചൂടായതുകൊണ്ട് ബാറ്ററി ലൈഫ് കുറവാണ്.

മൂന്നുമണിക്ക് സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ നിറയെ ആളുകൾ. ഉള്ളിലേക്ക് കയറാൻ പോലും വയ്യ.ഡോറിൽ വരെ സ്തീകളും കുട്ടികളും.ഇതിനിടയിൽ കുത്തിക്കയറി ലഗേജ് വയ്ക്കാൻ ഇത്തിരി സ്ഥലം ഒപ്പിച്ചു.അവിടെ ഒരാൾക്ക് ഇരിക്കാം.പതിനാല് മണിക്കൂർ ഉണ്ട്. മൂന്നുപേർക്കും മാറി മാറി ഇരിക്കാൻ ഇഷ്ടംപോലെ സമയമുണ്ടല്ലോ.
നാലരയോടെ ട്രെയിൻ എടുത്തു. ഇനി ഋഷികേശിലേക്കും അവിടെ നിന്ന് ബദ്രിനാഥിലേക്കും. 48 ഡിഗ്രി സെൽഷ്യസ് ചൂടിൽ നിന്നും 10 ഡിഗ്രി സെൽഷ്യസ് തണുപ്പിലേക്ക്…

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply