വെറും 60 രൂപയ്ക്ക് ഒരു പിടി നല്ല ഓര്‍മ്മകള്‍ തന്ന കര്‍ണാടകന്‍ അതിര്‍ത്തിഗ്രാമങ്ങള്‍…

ജോലി സംബന്ധമായ ഒരാവശ്യത്തിന് ബാവലിയിൽ എത്തിയതാണ്. കർണാടകയോട് ചേർന്ന് നിൽക്കുന്ന കേരളത്തിലെ ഒരതിർത്തി ഗ്രാമം. പൊങ്കൽ ആയതിനാൽ വയനാട് ജില്ലയിൽ ഇന്ന് പൊതു അവധിയാണ്. ബാവലി എത്തിയ സ്ഥിതിക്ക് സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒക്കെ ഒന്ന് കാണാമെന്നു വെച്ചു. ഗൂഗിളിൽ പരതിയപ്പോൾ എല്ലാം പലതവണ പോയ സ്ഥലങ്ങൾ, കണ്ടു മടുത്ത കാഴ്ചകൾ.

ബാവലി അങ്ങാടിയിൽ നിന്ന് വലത്തോട്ട് ഒരു പൊട്ടി പൊളിഞ്ഞ റോഡ് കണ്ടപ്പോൾ വണ്ടി അങ്ങോട്ട്‌ തിരിച്ചു. ഏതെങ്കിലും ഗ്രാമത്തിലേക്കുള്ള റോഡായിരിക്കണം. കുറച്ചു ദൂരം ബൈക്കോടിച്ചു മുന്നോട്ടു പോയപ്പോൾ വിചാരിച്ച പോലെ തന്നെ മനോഹരമായ ഒരു ഗ്രാമം.
നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന നെൽവയലുകൾ, മരക്കൊമ്പുകളിൽ ചെറിയ ചെറിയ ഏറുമാടങ്ങൾ, കളമുഴുകുന്ന ട്രാക്ടറും കുറേ കർഷകരും, ചളിയിൽ നിന്ന് മീൻ കൊത്തി പറന്നകലുന്ന കൊക്കുകൾ. കണ്ണിനു കുളിര്മയേകുന്ന തനത് ഗ്രാമീണ കാഴ്ച.

നട്ടുച്ച, വെയിലിനു നല്ല ചൂട്. കുറച്ചു സമയം വിശ്രമിക്കാം. വിശാലമായ ഒരു പാടത്തിനു സമീപം ബൈക്കടുപ്പിച്ചു നിർത്തി. കുറച്ചകലെയായി ഒരു ചേട്ടൻ പാടത്തിൽ വരമ്പ് കീറുന്നു. കയ്യിൽ ഭക്ഷണ പാത്രങ്ങളുമായ് ഒരു ചേച്ചി നടന്നടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ആയിരിക്കണം.

പെട്ടെന്ന് വേറെന്തൊക്കൊയോ ഓർമ വരുന്നു….. ഓർമ്മകൾ… അതെന്നെയും കൊണ്ടങ്ങനെ പോകുകയാണ്. എത്ര ദൂരം പോകുമായിരിക്കും. ആവോ… അറീല്ല. സാദാരണ അധികദൂരമൊന്നും എത്താറില്ല.

കന്നാട്ടിയിലെ നെൽവയലാണ് മുന്നിൽ. മാവിൻ കൊമ്പിലാണ് ഞാനിരിക്കുന്നത്. കുറുപ്പിന്റെ കടയുടെ പുറകിലെ ഉപ്പ് ചാക്കിൽ നിന്ന് വാരിയ കുറച്ചു കല്ലുപ്പ് കയ്യിലുണ്ട്. പാടത്തു ഉപ്പ മാത്രമേ ഉള്ളൂ. നെൽവിത്ത് ഇടുന്നതിനു മുൻപ് പാടം നന്നായി ഉഴുതു മറിക്കണം.അങ്ങ് ദൂരെ നിന്ന് ഉമ്മ വരുന്നത് കാണാം.കയ്യിലെ ചോറ്റു പാത്രത്തിൽ ചക്ക പുഴുങ്ങിയതും മാങ്ങ ചമ്മന്തിയും ആയിരിക്കും…

ഒരപരിചിതൻ പെട്ടെന്ന് ബൈക്ക് നിർത്തി തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാകണം അത് വരെ പാടത്തു പണിയെടുത്തു കൊണ്ടിരുന്ന ചേട്ടൻ എന്നോട് എന്തൊക്കെയോ ചോദിക്കുന്നു. കന്നഡ യിലാണ്. ഒന്നും മനസ്സിലാകുന്നില്ല.  ചെരുപ്പ് റോഡരികിൽ വെച്ച് ഞാൻ മൂപ്പരുടെ അടുത്തേക്ക് ചെന്നു. മാനന്തവാടിയിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ സംസാരം മലയാളത്തിലായി.

നെൽകൃഷിയെ പറ്റിയും രാത്രി ആനയിറങ്ങി കൃഷി നശിപ്പിക്കുന്നതിനെ പറ്റിയുമൊക്കെയാണ് പറയുന്നത്. രാത്രി സമയങ്ങളിൽ തീപ്പന്തവും പടക്കവുമൊക്കയെടുത്തു അവർ ഏറുമാടത്തിൽ താമസിക്കും. എത്ര ശ്രദ്ധിച്ചാലും കുറെയൊക്കെ ആന നശിപ്പിക്കും. എത്ര നഷ്ടം വന്നാലും അടുത്ത തവണ വീണ്ടും വിത്തിറക്കും.

“മ്മളെ വലിയുപ്പമാരുടെ കാലം തൊട്ടേ വിത്തിറക്കുന്നതല്ലേ, നഷ്ടമാണെന്ന് കരുതി അതൊക്കെ നിർത്താൻ പറ്റോ” ഉപ്പയുടെ ശബ്ദമാണ്. വർഷാവർഷം നഷ്ടമായിട്ടും അവർ വീണ്ടും പാടത്തു വിത്തിറക്കുന്നു., ഒരു കാർഷിക പാരമ്പര്യത്തിന്റെ വേരുകൾ അറ്റ് പോകാതിരിക്കാൻ

ദാഹജലം ചോദിച്ചപ്പോൾ വലിയൊരു പാത്രത്തിൽ കഞ്ഞിവെള്ളം കൊണ്ട് തന്നു. പിന്നെ ഭക്ഷണം കഴിച്ചു പോയാൽ മതിയെന്നായി. നന്നായി വിശപ്പുണ്ടായിട്ടും ഇപ്പോ കഴിച്ചതേയുള്ളൂ എന്ന് കള്ളം പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ കൊണ്ട് വന്ന ഭക്ഷണ പാത്രത്തിൽ കഷ്ടിച്ച് രണ്ടു പേർക്ക് കഴിക്കാൻ പോലും ഭക്ഷണം കാണില്ല എന്നുറപ്പാണ്.  അവരോടു യാത്ര പറഞ്ഞു വീണ്ടും മുന്നോട്ടു. ഒരു ചെറിയ കാട്ടിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ആ വഴി കുറച്ചു കൂടെ മുന്നോട്ടു പോയപ്പോൾ ബൈരക്കുപ്പ എന്ന സ്ഥലത്തെത്തി. തൊട്ടടുത്തു തന്നെ അതി മനോഹരമായ ഒരു പുഴ.

പുഴയുടെ മറുകരയിലേക്ക് പോകാൻ കടത്തു തോണികൾ ഉണ്ട്.അഞ്ചു രൂപയാണ് കടത്തു കൂലി.തോണിയിൽ കയറിയിട്ട് വർഷങ്ങൾ ഒരുപാടായി.തോണി യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.അക്കരെ പോയി തിരിച്ചു ഇക്കരെയെത്തിയിട്ടും യാത്ര മതിയാകാത്തത് പോലെ. കാഴ്ചകൾ എല്ലാം ക്യാമറ കണ്ണുകളിലൂടെ മാത്രം കണ്ടതിനാൽ ശരിക്കും അങ്ങട് ആസ്വദിക്കാൻ പറ്റിയില്ല.  ഒരു തവണ കൂടി അക്കരേക്ക്…..

ഒരു വലിയ ഇരുമ്പ് പാത്രം പോലുള്ള ചെറു തോണിയിൽ രണ്ടു ബൈക്ക് അക്കരെ നിന്നും കൊണ്ട് വരുന്നത് അത്ഭുദത്തോടെ നോക്കി നിന്നു.  20രൂപ കൊടുത്തു ഒരടിപൊളി തോണിയാത്ര നടത്തി അടുത്ത സ്ഥലത്തേക്ക് യാത്രയായി.

ബൈരക്കുപ്പയിൽ നിന്ന് മൈസൂർ ഹൈവേ യിൽ കയറി കാടിനുള്ളിലൂടെ അന്തർസന്തേ എന്ന സ്ഥലത്തേക്ക്. പോകുന്ന വഴി ആനയും കുരങ്ങനും മാനുമെല്ലാം ഇടക്കിടക്ക് പ്രത്യക്ഷപ്പെട്ടു. കാട് കഴിഞ്ഞയുടനെ ഫോറെസ്റ്റ് ചെക്ക് പോസ്റ്റാണ്. വൈകിട്ട് 6. 30 ന് ഗേറ്റ് അടച്ചാൽ പിന്നെ തിരിച്ചു വരവ് ബുദ്ധിമുട്ടാകും. ഗേറ്റ് കടന്നയുടൻ വലത്തോട്ടെക്ക് ഒരു മൺറോഡ് കണ്ടു. ഒരു ജീപ്പിനു കഷ്ട്ടിച്ചു പോകാം. അടുത്തടുത്തു കിടക്കുന്ന വീടുകളുള്ള ഒരു കോളനിക്കരികിൽ റോഡ് അവസാനിക്കുകയാണ്. തിരിച്ചു പോരാൻ തോന്നിയില്ല. വീടിനു മുന്നിലൂടെ കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോൾ അതിമനോഹരമായ ഒരു സ്ഥലത്താണ് എത്തിച്ചേർന്നത്.

കബനി നദിയുടെ ഭാഗമാണ്. പീച്ചന ഹള്ളി ഡാമിന്റെ കീഴിലാണ് ഇതു വരുന്നത്. കടും നീല നിറത്തിൽ പരന്നു കിടക്കുന്ന വെള്ളക്കെട്ടിന് സമീപത്തു നോക്കെത്താ ദൂരത്തിൽ നീണ്ടു കിടക്കുന്ന പച്ച പുതച്ച തായ്‌വര. ഒരൊറ്റ മനുഷ്യ ജീവി പോലുമില്ല. ശരിക്കും ഒരു സ്വപ്നലോകത്തു എത്തിപ്പെട്ടത് പോലെ.

അറ്റം കാണാത്ത ആ പുൽമേട്ടിലൂടെ വെള്ളക്കെട്ടിന്റെ ഓരം പറ്റി ഞാൻ ബൈക്ക് ചീറി പായിച്ചു. ഒരു വല്ലാത്ത അനുഭൂതി. കേൾക്കാൻ ഒട്ടും ഇമ്പമില്ലാത്ത എന്റെ വൃത്തികെട്ട ശബ്ദത്തിൽ ഞാൻ ഉറക്കെ പാട്ടുകൾ പാടി. കൈ രണ്ടും വിട്ടു ബൈക്ക് ഓടിക്കാൻ തോന്നുന്നു. വേണ്ട.. അത്ര ആവേശം വേണ്ട.

കുറച്ചു ദൂരം അങ്ങനെ പോയപ്പോൾ ദൂരത്തായി ഒരു കുട്ടവഞ്ചിയും അതിനകത്തു പങ്കായത്തിൽ തല വെച്ച് കിടന്നുറങ്ങുന്ന ഒരു വൃദ്ധനും. ഹേ… ഒരു മനുഷ്യ ജീവിയെ കണ്ട സന്തോഷത്തിൽ ബൈക്ക് നിർത്തി മൂപ്പരുടെ അടുത്ത് ചെന്നു.ഞാൻ മലയാളത്തിലും മൂപ്പർ കന്നടയിലും എന്തൊക്കെയോ സംസാരിച്ചു.ഞങ്ങൾക്ക് രണ്ടു പേർക്കും കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്.അല്ലെങ്കിലും ആശയവിനിമയത്തിന് ചിലപ്പോൾ ഭാഷക്ക് വല്യ സ്ഥാനം ഉണ്ടാകാറില്ലല്ലോ.

സ്വാമി… അതാണ്‌ മൂപ്പരുടെ പേര്.ഒരു പക്ഷെ സ്വാമി എന്നത് അദ്ദേഹത്തിന്റെ പേരല്ലായിരിക്കും. ഞാൻ മനസ്സിലാക്കിയതിൽ തെറ്റ് പറ്റിയതുമാകാം. എന്നാലും ഞാൻ പിന്നീട് അവരെ സ്വാമി എന്നാണ് വിളിച്ചത്.ഓരോ തവണ വിളിക്കുമ്പോഴും കഞ്ചാവിന്റെ മണം വായുവിലേക്ക് തള്ളി അദ്ദേഹം നിഷ്കളങ്കമായി ചിരിച്ചു കൊണ്ടിരുന്നു.

ഇപ്പോൾ നിൽക്കുന്ന പുൽമേടിന് നേരെ എതിർവശം ഒരു ഗ്രാമം കാണാം. അവിടെയുള്ള ഗ്രാമവാസികളെ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കാനുള്ള കുട്ടവഞ്ചിയാണിത്. വര്ഷങ്ങളായി സ്വാമി ഇവിടുത്തെ കടത്തുകാരനാണ്. രാവിലെയും വൈകുന്നേരവും നല്ല തിരക്ക് കാണും. പിന്നെ ഇടക്കിടക്ക് കുറച്ചു പേർ വന്നാലായി. അങ്ങകലെ കാണുന്ന ആ ഗ്രാമത്തിൽ തുഴഞ്ഞെത്താൻ ചുരുങ്ങിയത് ഒരു ഇരുപത് മിനിറ്റ് എങ്കിലും വേണം. 20 രൂപയാണ് കടത്തു കൂലി

കുറച്ചു കഴിഞ്ഞപ്പോൾ ഗ്രാമത്തിലുള്ള അഞ്ചാറുപേർ വന്നു. അങ്ങനെ ഞങ്ങൾ കുട്ടവഞ്ചിയിൽ മരുകരക്ക് പോകുകയാണ്. കുട്ടവഞ്ചി യാത്ര ആദ്യമായിട്ടാണ്. തോണി പോലെയല്ല. നമ്മൾ ശരിക്കും വെള്ളത്തിൽ തന്നെയാണ് ഇരിക്കുന്നത്. അമർന്നിരുന്നാൽ പാന്റിന്റെ പുറകിൽ മുഴുവൻ നനയും. മുള ചീന്തിയുണ്ടാക്കിയ വഞ്ചിയുടെ ചെറിയ വിടവുകളിലൂടെ വെള്ളം അകത്തേക്ക് അരിച്ചു കയറുന്നു. യാത്രക്കാരിൽ ഒരാൾ ആ വെള്ളം ഇടക്കിടക്ക് മുക്കി പുറത്തേക്കു കളയുന്നുണ്ട്.

ഞങ്ങൾ ഏകദേശം വെള്ളത്തിന്റെ നടുഭാഗത് എത്തിയപ്പോൾ കുട്ട വഞ്ചി വല്ലാതെ ഉലയുന്നുണ്ട്. അങ്ങ് ദൂരെ ഒരു പൊട്ട് പോലെ എന്റെ ബൈക്ക് കാണാം. ഈ വിശാലമായ ലോകത്തു ഓളപരപ്പിനു മുകളിൽ ഒരു കുട്ട വഞ്ചിയും കുറച്ചു അപരിചിതരും. പേടി ശക്തമായപ്പോൾ ഞാൻ കണ്ണുകൾ അടച്ചു. കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ്‌ തലയിൽ വെച്ചു. (എന്ത് കാര്യത്തിന് !!!!!).

“പേടി വേണ്ട.. പേടി വേണ്ട” സഹയാത്രികരിൽ ആരുടെയോ ശബ്ദം. അങ്ങനെ മറുകരയെത്തി… കുറച്ചു സമയം അവിടെ ചെലവഴിച്ചു വീണ്ടും വഞ്ചിയിൽ കയറി. ഇത്തവണ ഞാൻ മാത്രമേ ഉള്ളൂ.  ഇങ്ങോട്ട് വന്നപ്പോൾ ഉണ്ടായ പേടിയൊക്കെ മാറി. ഇരു കൈകളും വെള്ളത്തിൽ ഇട്ടു ഒരു പ്രണയ ഗാന രംഗത്തിൽ അഭിനയിക്കുന്ന നായകനെ പോലെ മറുകര ലക്ഷ്യമാക്കി നീങ്ങി..

കരയിലേക്ക് എത്താറായപ്പോൾ സ്വാമി കുട്ട വഞ്ചി ഒന്ന് കറക്കി. ആഞ്ഞു ആഞ്ഞു തുഴഞ്ഞപ്പോൾ ഒരു പമ്പരം പോലെ വഞ്ചി വെള്ളത്തിൽ കിടന്നു കറങ്ങി. വെറും 60 രൂപയ്ക്കു ഒരുപിടി നല്ല ഓർമകളുമായി തിരിച്ചു വയനാട്ടിലെക്ക്…

വിവരണം – Suhail Sugu.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply