പല പ്രാവിശ്യം പല രീതിയിലും ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും മുള്ളി വഴി ഒന്നു പോവാൻ കുറച്ചു നാളായി ഒരു പുതി.. അങ്ങനെ പ്ലാൻ തുടങ്ങിയതാ. ഇനി ഊട്ടി പോവുന്നവർക്ക് പരീക്ഷിക്കാവുന്ന… അല്ല തീർച്ചയായും പോവേണ്ട ഒരു റൂട്ട് ആണ്… ഒരു 100 km കൂടുമെങ്കിലും അതൊന്നും ഒന്നും അല്ലാ എന്ന് വഴിയേ മനസിലാവും.
രാവിലെ 6:30ന് ഞങ്ങളിറങ്ങി.. മണ്ണർക്കടെത്തിയപ്പോൾ പൊല്യൂഷൻ സെർട്ടിഫിക്കറ്റ് എടുത്തു ഓരോ കട്ടനും അടിച്ച് റൈഡ് തുടങ്ങി…സമയം 7:30 – 8 ആയിക്കാണും.. തണുപ്പും മഞ്ഞും എവിടേക്കോ പോയി മറഞ്ഞു.മണ്ണാർക്കാടും കഴിഞ്ഞു അട്ടപ്പാടി എത്താറായി..ചെറിയ ഒരു ഹോട്ടലിൽ കയറി പ്രാതൽ കഴിച്ചു..നല്ല ഒരു ഗ്രാമാന്തരീക്ഷം.. റോഡ് തീരെ ചെറുതായി. കൊറേ നിഷ്കളങ്കരായ ആളുകളെ കാണാം റോഡിന്റെ ഇരുവശവും.

അട്ടപ്പാടി താവളവത്തിൽ നിന്നും ഇടത് തിരിയണം….താവളം മുതൽ മുള്ളി വരെ മനോഹരമായ കേരളീയ ഗ്രാമങ്ങൾ ആണ്….കടകളും ഹോട്ടലുകളും നന്നേ കുറവ്….റോഡിന്റെ ഓരം ചേർന്നു മനോഹരമായ ഒരു പുഴ നമ്മളെ പിന്തുടർന്നു കൊണ്ടേ ഇരുന്നു….മനോഹരമായ താഴ്വരകൾക്ക് ആ പുഴ സ്വർഗീയ അനുഭൂതി നൽകി….ഇടക്ക് അങ്ങു ദൂരെ കാറ്റാടി യന്ത്രങ്ങൾ പ്രത്യക്ഷപ്പെട്ടു. മുള്ളിയോട് അടുത്തുള്ള ഗ്രാമത്തിൽ വെച്ചു മൂന്നു കഴുതകൾ വഴി മുടക്കി നിന്നു. അപ്പൊഴേക്കും ബോർഡർ എത്തി.

ചെക്പോസ്റ്റിൽ ഇറങ്ങി RC യും, ലൈസൻസും, ഇൻഷൂറൻസും പോലൂഷനും കാണിച്ചു പിന്നെ RC ഒണർ ആരാന്നും എന്താ ബന്ധം എന്നല്ലാം ചോദിച്ചു എന്നിട്ട് നമ്മുടെ എല്ലാ ഡീറ്റൈൽസും എഴുതി വെച്ചിട്ട് ..ഗേറ്റ് പൊക്കി.. ഗേറ്റിനു അപ്പുറത്തു എത്തിയപ്പോ വല്ല പറമ്പിലേക്കും ഇറങ്ങിയ പോലെ ടാറും ഇല്ല ഒന്നും ഇല്ല കുറച്ചു ദൂരം ആ പറമ്പിലൂടെ പോയപ്പോൾ തമിഴ്നാടിന്റെ ഊഴം എത്തി.. അവർ ഗേറ്റ് തുറന്നു തരാൻ വേണ്ടി ₹50 രൂപ ചോദിച്ചു..ഞാൻ ₹ 50 ഇല്ല ₹30 രൂപ ഒള്ളു ചില്ലറ പറഞ്ഞപ്പോ അതും വാങ്ങി ഗേറ്റ് തുറന്നു..(പൈസ കൊടുക്കേണ്ട ആവശ്യം ഒന്നും ഇല്ല.. അയാളെ കണ്ടപ്പോ കൊടുക്കാൻ തോന്നി ). ₹30 രൂപയുടെ നന്ദി അയാൾ കാണിച്ചു.. ശ്രദ്ധിച്ചു പോണംആന ,കാട്ടി ഉണ്ടാവും, വളവെല്ലാം നോക്കി ഓടിക്കണം എന്നൊക്കെ പറഞ്ഞു.

ഇനി ആണ് മഞ്ചുരിലേക്ക് കയറുന്നത്. 43 ഹെയർപിൻ വളവ്.. ഓരോന്നും കയറും തോറും ഭംഗി കൂടിക്കൂടി വന്നു. കൂടെ തണുപ്പും..ഊട്ടി എത്തിയ ഒരു ഫീലിംഗ് ആയിരുന്നു. കോടമഞ്ഞു പൊങ്ങി പൊങ്ങി വരുന്നത് നമുക്ക് കാണാൻ കഴിയും..ഒരു ഏഴ് ഹെയർപിൻ കയറിയതും മുൻപിൽ ഒരു കാട്ടുപോത്ത്..ഒന്ന് നിർത്തി. പക്ഷെ ജസീമിന്റെ പേടി കാരണം വണ്ടി വേഗത്തിൽ കയറി. കാമെറയിൽ പകർത്താൻ കഴിഞ്ഞില്ല..കറുപ്പും ചെമ്പൻ കളറും ചേർന്ന ഭംഗി ആയിരുന്നു അതിനു.

കുറച്ചു ദൂരം പോയപ്പോൾ കാട്ട് പോത്തിനെ കോണ്ട് ഒരു ചിരിം കളിയും… പിന്നെ ഉടുമ്പും.. പോവുന്ന വഴിയിലെല്ലാം ആന ഓടിച്ചിട്ടു മരച്ചില്ലകളും കൊറേ ചൂടാറാത്ത ആനപിണ്ഡവും കണ്ടു. ചെറിയ പേടി ഉള്ളിൽ ഒതുക്കി ഞങ്ങൾ മുന്നോട്ട് പോയി.. ഇടക്ക് മലയിടുക്കുകളെ ബന്ധിപ്പിച്ച ഒരു ഡാമും പവർ ഹൗസും കടന്നു മുള്ളിയിൽ നിന്നും മഞ്ചൂർ വരെ ഉള്ള ആ യാത്ര ഒരിക്കലും മറക്കില്ല… അത്രയും ദൂരം സഞ്ചരിച്ചു, ഞങ്ങൾ കണ്ടത് ആകെ ഒരു വണ്ടിയാണ്…
(ഒരിക്കലും ഒറ്റക്ക് ഈ വഴി സഞ്ചാരിക്കരുത്… അത് അപകടമാണ്.. ആന ശല്ല്യം കൂടുതൽ ഉള്ള വഴി ആണ്.. ).

അങ്ങനെ മുള്ളി ഭംഗി ആസ്വദിച് മഞ്ചൂരിലെത്തി… അങ്ങനെ മഞ്ഞൂരിൽ ….അവിടെ പെട്രോൾ പമ്പൊക്കെ ഉള്ള ഒരു അങ്ങാടി ആണ്….തണുപ്പ് കൂടി തുടങ്ങി… ഊട്ടിയിലേക്ക് ഇനിയും 30km. മുപ്പതോളം ഹെയർപിൻ വളവുകളും.. തണുപ്പും പച്ചപ്പും ,തേയിലത്തോട്ടങ്ങളും,കാബേജ്,കാരറ്റ് പാടങ്ങളും നമ്മളെ അകത്തും പുറത്തും കുളിരു നിറക്കും…… അവസാനം ഊട്ടിയിലെത്തി അവിടെ നിന്നും ഒരു ലമൺ ട്ടീ കുടിച്ച്.. നേരേ ഊട്ടി ഗൂഡല്ലൂർ വഴി എന്റെ എടവണ്ണയിലേക്ക്.
NB :- പോവുന്നവർ വാഹനത്തിന്റെ മുഴുവൻ രേഖകളും (Rc,insurance,pollution) ഒറിജിനൽ ലൈസൻസ് നിർബന്ധമായും കൈവശം വെക്കേണ്ടതാണ്. പിന്നെ ഈ റൂട്ട് ബൈക്ക് റൈഡിങ് ഇഷ്ട്ടമുള്ളവർക്കും അൽപം സ്വൽപം ഭംഗി ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്കും മാത്രമേ ഇഷ്ടപ്പെടൂ.
സ്നേഹത്തോടെ, ഷാൻ പി എടവണ്ണ.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog