സൂപ്പര്‍ ബൈക്കുകള്‍ക്ക് മൂക്ക് കയറിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

സൂപ്പര്‍ ബൈക്കുകള്‍ക്കു മേല്‍ നിരീക്ഷണ കണ്ണുമായി അത്യാധുനിക ക്യാമറ വരുന്നു. മത്സര ഓട്ടം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിയിലെ ഇടറോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പാണ് ക്യാമറ സ്ഥാപിക്കുന്നത്. പനമ്പിള്ളി നഗര്‍ മേഖലയിലെ ഇടറോഡുകളിലാണ് ആദ്യം ക്യാമറ സ്ഥാപിക്കുക. എന്നാല്‍ എവിടെയാണ് ക്യാമറയുള്ളതെന്നും റോഡിന്റെ ഏതു വശത്തേക്കാണ് തിരിച്ചു വെയ്ക്കുന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിടില്ല.

വിവിധ ദിശകളില്‍ സൂം ചെയ്ത് 60 മീറ്റര്‍ അകലെ വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒളിക്യാമറകള്‍ക്ക് സാധിക്കും. നൈറ്റ് വിഷന്‍ സംവിധാനമുള്ളതിനാല്‍ രാത്രികാലത്തും ഉപയോഗിക്കാം.

പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം സ്ഥാപിക്കുന്ന ഒളിക്യാമറ വിജയമാണെന്നു കണ്ടെത്തിയാല്‍ നഗരത്തിലെ മറ്റു പല ഇടങ്ങളില്‍ ഇതേ രീതിയിലുള്ള രഹസ്യ ക്യാമറകള്‍ സ്ഥാപിക്കും. എന്നാല്‍ പൂര്‍ണമായും ഈ സ്ഥലങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. ക്യാമറകള്‍ സ്ഥാപിക്കേണ്ട ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

സൂപ്പര്‍ ബൈക്കുകളുടെ മത്സര ഓട്ടം നഗരത്തില്‍ കൂടുതലായി കാണുന്ന സ്ഥലങ്ങളിലൊന്നാണു പനമ്പിള്ളി നഗര്‍. രാത്രി സമയങ്ങളില്‍, 1,000 സി.സി.ക്കു മേലുള്ള ബൈക്കുകളുമായി നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം റേസിങ് സംഘങ്ങള്‍ സജീവമായിരുന്നു.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന കര്‍ശനമാക്കിയപ്പോഴാണ് സൂപ്പര്‍ ബൈക്കുകളുടെ മത്സര ഓട്ടത്തിന് ശമനം വന്നത്.

സൂപ്പര്‍ ബൈക്ക് ഉള്‍പ്പെടെയുള്ള ഇരുചക്ര വാഹനങ്ങളെ ലക്ഷ്യംവച്ചാണ് ഇടറോഡുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതെങ്കിലും മറ്റു വാഹനങ്ങളുടെ അമിത വേഗവും ഇതര കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ ഇവ സഹായകമാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.

Source – http://ernakulam.metromalayali.in/news/details/motor-vehicle-department-installing-cctv-to-watch-super-bikes-ride-in-the-city

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply