നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിച്ചാല്‍ ഇനി പണികിട്ടും;കാരണം

വാഹനത്തിന്‍റെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയും കൃത്രിമം കാണിച്ചും മോട്ടോര്‍വാഹന വകുപ്പിനെ കബളിപ്പിക്കുന്നവര്‍ക്ക് മുട്ടന്‍ പണി വരുന്നു. ഇത്തരക്കാരെ കുടുക്കാനായി അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്.എസ്.ആര്‍.പി) നടപ്പിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നമ്പര്‍പ്ലേറ്റുകള്‍ ഒരിക്കല്‍ ഘടിപ്പിച്ചാല്‍ അഴിച്ചെടുക്കാന്‍ സാധിക്കുകയില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഈ നമ്പര്‍ പ്ലേറ്റില്‍, അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് അക്കം എഴുതുകയാണ് ചെയ്യുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ നമ്പര്‍ പ്ലേറ്റുകളില്‍ ഓരോ വാഹനത്തിനും വ്യത്യസ്തമായ കോഡുകള്‍ നല്‍കും. ഇവ ലേസര്‍വിദ്യ ഉപയോഗിച്ച് ഓരോ നമ്പര്‍പ്ലേറ്റിലും ഘടിപ്പിക്കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ അടക്കമുള്ള വിവരങ്ങള്‍ ഈ കോഡുമായി ബന്ധിപ്പിക്കും. ഹോളോഗ്രാഫ് രീതിയിലുള്ള പ്ലേറ്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ശ്രമിച്ചാല്‍ പ്ലേറ്റുകള്‍ പൂര്‍ണമായും നശിക്കും.

ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളിലായിരിക്കും ഈ നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുക. 2019-ഓടെ കേരളത്തിലെ എല്ലാ വാഹനങ്ങളിലും ഇവ ഘടിപ്പിക്കും. 2005-ലാണ് മോട്ടോര്‍വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവന്നത്.  നിലവില്‍ അസം, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മുകശ്മീര്‍, ബംഗാള്‍, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നത്.

2010-ല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി സുപ്രീംകോടതി വിധി വന്നിരുന്നു. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്രയും വേഗം ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ ഇ-ടെന്‍ഡറുകള്‍ പലപ്രാവശ്യം വിളിച്ചെങ്കിലും പദ്ധതി നടപ്പായില്ല. നിലവില്‍ പുതിയ ടെന്‍ഡറുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കിറ്റ്കോയ്ക്കാണ് പദ്ധതി ചുമതല.

Source – http://www.asianetnews.com/automobile/high-security-number-plate-for-kerla-vehicles

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply