സാഹസികതയ്ക്കായി കാടു കയറുന്നവരാണോ നിങ്ങള്‍? ഒരു നിമിഷം ശ്രദ്ധിക്കൂ…

പ്രിയ സുഹൃത്തുക്കളെ, കേരളത്തില്‍ കടലും കരയും സമതലവും കുന്നുമൊക്കെയുണ്ട്. എല്ലായിടവും കാണാന്‍ ഏറെ ഭംഗിയേറിയതും എല്ലാവരും പോകാന്‍ കൊതിക്കുന്നതും. എന്നാലും മല കയറാം എന്നു പറഞ്ഞാല്‍ ചിലര്‍ മുഖം ചുളിക്കും. അതേ സമയം മറ്റ് ചിലര്‍ക്ക് അത് ആവേശമാണ്. കാടും മലയും ഒക്കെ ആസ്വദിച്ച് ട്രക്കിംഗ് നടത്താന്‍ പോകുന്നവര്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. പോകുന്നയിടം നശിപ്പിക്കരുത്. ഇത് എടുത്തു പറയാന്‍ കാരണമുണ്ട്. മുമ്പ് പോയ പല ട്രക്കിംഗ് സ്ഥലങ്ങളും ഇപ്പോള്‍ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്.

ഉൾക്കാടുകളിലെ കാഴ്ചകളും, സാഹസിക ട്രക്കിംഗ് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്തു കൊണ്ട് അനധികൃത ട്രക്കിംഗ് ടീമുകള്‍ കൂണുകൾ പോലെ മുളച്ചുപൊന്തുമ്പോൾ സൂക്ഷിക്കുക. സാമ്പത്തിക താത്പര്യങ്ങൾ മുന്നിൽ കണ്ട് നടത്തപ്പെടുന്ന ഇത്തരം യാത്രകൾ യാതൊരു വിധ പെർമിഷനുകളോ, ഇത്തരം യാത്രകൾക്കാവശ്യമായ മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് സംഘടിപ്പിക്കുന്നതെന്ന് നിങ്ങൾ മനസിലാക്കുക.

ഇത്തരം യാത്രകൾ നിങ്ങളെ ഗുരുതരമായ നിയമ നടപടികളിലേക്കായിരിക്കും നയിക്കുക. കേരളത്തിൽ പെരുകി വരുന്ന ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ ഫോറസ്റ്റ് – പോലീസ് ഡിപ്പാർട്ടുമെന്റുകളുടെ നിരീക്ഷണത്തിലാണെന്നും മനസിലാക്കി വേണം സാമൂഹിക മാധ്യമങ്ങളിലൂടെ വാഗ്ദാനം ചെയ്യപ്പെടുന്ന ഇത്തരം യാത്രകളിൽ പങ്കാളികളാകുവാൻ…

ഇത്തരത്തിലുള്ള യാത്രകളിൽ പങ്കെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-

1) വനങ്ങളിലേക്കുള്ള യാത്രകളാണ് വാഗ്ദാനം ചെയ്യുന്നതെങ്കിൽ ആ പ്രദേശത്ത് ടൂറിസം അനുവദിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക.

2) ടൂറിസത്തിനായി മാറ്റി വയ്ക്കാത്ത വന പ്രദേശങ്ങളിൽ യാത്ര ചെയ്യണമെങ്കിൽ വനം വകുപ്പിന്റെ പ്രത്യേക പെർമിഷൻ ആവശ്യമാണ്. ഇത്തരം ട്രക്കിംഗ് ഗ്രൂപ്പുകളെ സാധാരണ ഗതിയിൽ ഇത്തരം പ്രദേശങ്ങളിൽ അനുവദിക്കാറില്ല.

3) ചില വനമേഖലകളിലെ റിസോർട്ട് ഗ്രൂപ്പുകൾ, രാത്രികാല ജീപ്പ് സഫാരികൾ വാഗ്ദാനം ചെയ്യാറുണ്ട്. അത്തരം യാത്രകളിൽ പലതും നിയമവിരുദ്ധമാണെന്ന് മനസിലാക്കുക.

4) ഉൾവനങ്ങളിലൂടെയുള്ള യാത്രകൾ തീർച്ചയായും അപകടകരമാണ്. അവിടെ വച്ചുണ്ടാകുന്ന ഏതൊരു അപകടവും നിങ്ങളുടെ ജീവന് ഭീഷണിയായി മാറാം.. നഷ്ടം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മാത്രം.

5) വനത്തിലേക്കുള്ള അനുവാദം കൂടാതെയുള്ള കടന്നുകയറ്റം നിങ്ങളെ ഗുരുതരമായി നിയമ പ്രശ്നങ്ങളിലേക്ക് നയിക്കും എന്ന് ഓർമിക്കുക. നിങ്ങളുടെ ജോലികളെയും വിദേശയാത്രകളെയും വരെ ബാധിക്കാവുന്ന ഗുരുതരമായ നിയമ ലംഘനമാണിത്.

6) കാടുകളെ സ്നേഹിക്കുന്നവരും, കാടിനെ അറിയുവാൻ ആഗ്രഹിക്കുന്നവരും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന വന്യ ജീവി സർവ്വെകളിൽ പങ്കാളികളാവുക. കാടിനെ ആസ്വദിക്കുന്നതിനൊപ്പം പരിസ്ഥിതി -വന്യജീവിസംബന്ധമായ വിഷയങ്ങളിൽ അറിവു നേടുവാനും ഇത്തരം സർവ്വെകൾ സഹായകരമാകും.

7) അപകട സാദ്ധ്യത കൂടുതലായതുകൊണ്ടും വന്യജീവികളുടെ സ്വൈരജീവിതം തടസപ്പെടുമെന്നതുകൊണ്ടുമാണ് പല വനമേഖലകളിലും അനുമതി നല്കാനാവാത്തത്. അനുമതിയില്ലാതെ കാട്ടിലേക്ക് പ്രവേശിക്കുന്നത് ശിക്ഷാ൪ഹമായ കുറ്റമാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥരോട് സഹകരിക്കുക.

കടപ്പാട് – കേരള വനം വകുപ്പ്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply