സർക്കാർ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്ന ഗതാഗത സംവിധാനത്തിനു പുതിയൊരു മുഖം ലഭിച്ചത് കെയുആർടിസി എന്ന ഉപസ്ഥാപനത്തിനു കീഴിൽ ലോ ഫ്ലോർ വോൾവോ ബസുകളുടെ വരവോടെയാണ്. സംഗീതം കേട്ട്, തണുപ്പാസ്വദിച്ചുള്ള സ്വസ്ഥ യാത്രയാണ് ലോ ഫ്ലോർ ബസുകൾ ഒരുക്കിയത്. അതുകൊണ്ടു തന്നെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ചെറുപ്പക്കാരുടെ പ്രിയപ്പെട്ട വാഹനവും ലോ ഫ്ലോർ ബസുകളായി.
പ്രതിദിനം ശരാശരി 25,000 രൂപയുടെ വരുമാനം ഒരു ബസിൽ നിന്നു കോർപറേഷനു ലഭിച്ചുതുടങ്ങുകയും ചെയ്തു. ഇപ്പോൾ പക്ഷേ, സ്ഥിതി അതല്ല. സ്പെയർ പാർട്സുകൾ മാറ്റാതെയും ഇടിച്ചു തകർന്നും ഗ്ലാസുകൾ ഇല്ലാതെയും സീറ്റുകൾ കുത്തിക്കീറിയും ലോ ഫ്ലോർ ബസുകളിൽ പകുതിയോളം കട്ടപ്പുറത്തായിക്കഴിഞ്ഞിരിക്കുന്നു.
File Photo
എയർ കണ്ടീഷൻഡും അല്ലാത്തതുമായി 603 ബസുകൾ ഉണ്ടായിരുന്നതിൽ 246 എണ്ണവും ഇപ്പോൾ വർക്ഷോപ്പിൽ വിശ്രമത്തിലാണ്. ബസുകൾ കയറ്റിയിടാൻ സ്ഥലം കണ്ടെത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ് അധികൃതർ. ബസ് ഓടിക്കാൻ എത്തുന്ന ജീവനക്കാരോട് വാഹനം ഇല്ലാത്തതിനാൽ അവധിയെടുക്കാൻ അപേക്ഷിക്കേണ്ട സ്ഥിതി വരെയെത്തി കാര്യങ്ങൾ.
എന്നാൽ, യാത്രക്കാരുള്ള ഒരു റൂട്ടിൽ പോലും സർവീസ് മുടങ്ങിയിട്ടില്ലെന്ന നിലപാടിലാണു കെഎസ്ആർടിസി. ലോ ഫ്ലോറുകളിൽ പലതും ഓടാതെ കിടക്കുകയാണെന്ന യാഥാർഥ്യം കോർപറേഷൻ സമ്മതിക്കുന്നുണ്ട്. എസി ലോ ഫ്ലോർ ബസുകളിൽ തിരുവനന്തപുരത്തുള്ള 39ൽ 19 എണ്ണവും എറണാകുളത്തും തേവരയിലുമായുള്ള 169ൽ നൂറും ഇന്നലത്തെ കണക്കു പ്രകാരം സർവീസ് നടത്തിയിട്ടില്ല.
പലതും അറ്റകുറ്റപ്പണികൾ നടത്തിയിട്ടു കാലങ്ങളായെന്നു ജീവനക്കാർ തന്നെ സമ്മതിക്കുന്നു. നൽകാനുള്ള കുടിശികയിൽ ഒരു ഭാഗം വിട്ടുകൊടുത്തതിനെ തുടർന്ന് ഇന്നലെ ബസുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ സഹായത്തോടെയാണു ലോ ഫ്ലോർ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ 15% കെഎസ്ആർടിസിയും 15% നഗരസഭകളും 70% കേന്ദ്രസർക്കാരും വഹിക്കണമെന്നായിരുന്നു ചട്ടം. നഗരസഭകളുടെ 15% വിഹിതം സർക്കാർ ഏറ്റെടുത്തു.
ഓരോന്നിനും 72 ലക്ഷം രൂപ വീതം മുടക്കിയാണ് എസി വോൾവോ ബസുകൾ വാങ്ങിയത്. ബസുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു സ്വകാര്യ ഏജൻസിയുമായി കോർപറേഷൻ കരാറും ഒപ്പിട്ടിട്ടുണ്ട്. പുറത്തുള്ളതിലും കൂടിയ നിരക്കാണ് ഈ ഏജൻസി ഈടാക്കുന്നതെന്നു ജീവനക്കാരുടെ സംഘടന ആരോപിക്കുന്നുണ്ടെങ്കിലും പകുതി നിരക്കേ ഈടാക്കുന്നുള്ളുവെന്നു കമ്പനിക്കാർ പറയുന്നു.
സ്വകാര്യ വോൾവോ ബസുകളുടെ ഓയിൽ 1200 രൂപയ്ക്കു മാറുമ്പോൾ കെഎസ്ആർടിസി വോൾവോയുടെ ഓയിൽ മാറാൻ ചെലവാക്കുന്നത് 49000 രൂപയാണ്. പുറത്ത് 5000 രൂപ വിലയുള്ള ഗ്ലാസുകൾ 80,000 മുടക്കിയാണ് കോർപറേഷൻ മാറുന്നതെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഏജൻസിക്ക് ഇതേവരെ 57 കോടി രൂപ കൊടുത്തു കഴിഞ്ഞെന്നും മൂന്നരക്കോടി ഇപ്പോൾ കുടിശികയുണ്ടെന്നുമാണ് വിവരം.
ഇതു യാഥാർഥ്യമാണെന്നു കോർപറേഷൻ മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ളവർ സമ്മതിക്കുന്നു. ഇടതുസർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ മുഖ്യമന്ത്രി ഇടപെട്ട്, ഏജൻസിക്കു നൽകാനുള്ള കുടിശിക കൊടുക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്നാണ് തിരുവനന്തപുരത്തും കൊച്ചിയിലുമായി അന്നു കട്ടപ്പുറത്തുണ്ടായിരുന്ന അറുപതോളം ബസുകൾ അറ്റകുറ്റപ്പണി തീർത്തു പുറത്തിറക്കിയത്. ഇപ്പോൾ സ്ഥിതി വീണ്ടും പഴയപടിയായി.
കോർപറേഷനു സ്വന്തം വർക്ഷോപ്പിൽ തന്നെ അറ്റകുറ്റപ്പണികൾ നടത്താവുന്നതല്ലേ എന്നുകൂടി ആലോചിക്കണം. ഇപ്പോൾ അറ്റകുറ്റപ്പണികൾ നടത്തുന്ന ഏജൻസിയും ഇതിന്റെ സാധ്യതകൾ നോക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ ‘കട്ടപ്പുറം’ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പൊതുജനത്തിന്റെ പണം പാഴാക്കാൻ മാത്രമുള്ള വെള്ളാനകളായി ലോ ഫ്ലോർ ബസുകളും വൈകാതെ മാറും. അങ്ങനെയൊരു ദുരവസ്ഥ വരുത്തിവച്ചുകൂടാ.
കടപ്പാട് : മലയാള മനോരമ