മൂന്നാറിൽ നിന്ന് കള്ളവണ്ടി കയറിയ അണ്ണാൻ; വർഷങ്ങൾക്കിപ്പുറം സംഭവിച്ചതോ?

യാത്രാവിവരണവും ജീവിതാനുഭവങ്ങളും കൂട്ടിക്കലർത്തി മനോഹരമായ ഈ വിവരണം എഴുതിയത് തലശ്ശേരി സ്വദേശിയായ പർവേസ് ഇലാഹിയാണ്. ഇനി പർവേസിന്റെ വാക്കുകളിലൂടെ നമുക്ക് ആ കഥ കാണാം…

ഇതൊരു യാത്രാ വിവരണം മാത്രമല്ല, ഞാൻ എന്ന ജീവിത സഞ്ചാരിയുടെ ജീവിതത്തിലേക്ക് ഒരു യാത്രാമദ്ധ്യേ കയറി വന്ന ഒരു ജീവന്റെ കഥ കൂടിയാണ്. 2016 ജനുവരി മാസം അനുഭവങ്ങളുടെ ചുരം കയറാൻ മൂന്നാറിലേക്ക് വച്ചു പിടിച്ചു. തലശ്ശേരിയിൽ നിന്നും മൂന്നാറിലേക്ക് 350 കിലോമീറ്ററുകൾ. കാലത്ത് 9 മണിക്ക് പുറപ്പെട്ട് രാത്രി 8 ആവുമ്പോഴേക്കും മൂന്നാറിൻറെ മണ്ണിൽ മുത്തമിട്ടു. എല്ല് തുളച്ചു കയറുന്ന തണുപ്പ്, മുന്പോട്ടേക്കുള്ള യാത്രയ്ക്ക് തടസ്സം നില്കുന്ന കോട മഞ്ഞ്, ചക്ര ശ്വാസം വലിച് കൊണ്ട് ചുരം കയറിപറ്റുന്ന ലോറികളുടെ മുരള്ച്ച, ലോറികൾ അല്ലാതെ മറ്റു യാത്രികർ കൂട്ടിനില്ല, രാത്രിയുടെ നിശബ്ദദ്യ്ക്ക് ശബ്ദം പകര്ന്നു കൊണ്ട് എവിടെ നിന്നോ ഒഴുകിയെത്തി നിലം പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ശബ്ദം.

മുൻപിൽ മങ്ങിയ വെളിച്ചത്തിൽ ഒരു ബോർഡ്‌ തെളിഞ്ഞു വന്നു ‘black forest stay’,തണുപ്പ് കാരണം യാത്ര മതിയാക്കാൻ തന്നെ തീരുമാനിച്ചു,വണ്ടി യുടെ ശബ്ദം കേട്ടതും ശൂന്യതയിൽ നിന്നും നിറഞ്ഞ പുഞ്ചിരിയുമായ് ഒരു കാവൽക്കാരൻ പ്രത്യക്ഷപെട്ടു, ഞങ്ങൾ അയാള്ക്ക് പുറകേ നടന്നു, ഒപ്പം തുളച്ചു കയറാൻ തക്കം നോക്കി തണുപ്പും.റൂം കാട്ടി തന്ന് കാവൽക്കാരൻ ഒരു ചിരി കൂടി പാസ്സാകി തിരിച് ഞാനും, കല്ലാർ വെള്ളച്ചാട്ടത്തിൻറെ പൂർണ സൗന്ദര്യം ദർശിക്കും വിധം ഒരു റൂം തരപെടുത്തി എടുത്തു, കിടക്ക കണ്ടതേ ഒർക്കുനുള്ളൂ, നിദ്രാ ദേവി അനുഗ്രഹിച്ചു അനുഗ്രഹം ഇരു കൈയ്യും നീട്ടി സ്വീകരിച്ചു, ജനാലയ്ക്ക് പുറത്ത് നിന്നും താരാട്ട് പാടി കല്ലാറും….

ഒരു ദിനം കൂടി പിറന്നു, കല്ലാറിന്റെ കള ഗീതം കേട്ടു കൊണ്ട് ഉണർന്നു, ജനാല തുറന്ന് പുറത്തേക് നോകിയപ്പോൾ കണ്ണുകളേ കീഴ്പെടുത്തും വിധം നിറഞ്ഞൊഴുകുന്ന കല്ലാർ സുന്ദരി… ചുറ്റിലും മാനം മുട്ടി നിൽകുന്ന വൻ മരങ്ങൾ, ഇതിന്റെയൊക്കെ ഒത്ത നടുകാണല്ലോ ഒരു രാത്രി കഴിഞ്ഞത് എന്നോർത്തപ്പോൾ വല്ലാത്ത ഒരു സുഖം, ഒട്ടും വൈകിച്ചില്ല കാപ്പിയും,നല്ല ഉഴുന്ന് ദോശയും അകത്താക്കിയ ഉന്മേഷത്തിൽ യാത്ര തുടര്ന്നു, മുന്നാറിൻറെ വഴികൾ എനിക്ക് സ്വന്തം നാട് പോലെ സുപരിചിതമാണ്….. കരടിപ്പാറയും, ചീയ്യപ്പാറയും, പോത്തൻ മേടും, കണ്ടിറങ്ങി എത്രാമത്തെ വട്ടമാണ് എന്ന് ചോദിച്ചാൽ എനികറിയില്ല ……. ടോപ്‌ സ്റ്റേഷനും, കൊളുക്ക് മലയും ആയിരുന്നു മനസ്സിൽ മുഴുവൻ, വണ്ടി നേരേ ടോപ്‌ സ്റ്റേഷൻ ലകഷ്യമാക്കി പറന്നു, എന്നേയും കാത്ത്, എൻറെ വരവും കാത്ത് അവിടെ ഒരാൾ ഉണ്ടെന്നു ഒരിക്കൽ പോലും ഞാൻ അറിഞ്ഞിരുന്നില്ല,….

പച്ചപിനുള്ളിൽ ഇഴഞ്ഞു പോവുന്ന പുഴുക്കളേ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകൾ, മാട്ടുപെട്ടി ഡാമും, എക്കോ പൊഇന്റും, കുണ്ടല ഡാമും കടന്നു കാറ്റിനെ പിളർത്തി വണ്ടി പാഞ്ഞു…. ടോപ്‌ സ്റ്റേഷൻ അടുക്കാറായപ്പോൾ മുന്നാറിന്റെ മുഖഭാവം ആകേ ഒന്നു മാറി. സൗന്ദര്യത്തിന്റെ മൂർത്തി ഭാവം കെട്ടിയാടുന്നത് പോലെ, സർവതും തട്ടി തഴുകി പറന്നു നീങ്ങുന്ന കോട, എങ്ങു നോകിയാലും അവസാനമില്ലാത്ത വശ്യത, ആ വശ്യതയിൽ മയങ്ങി ഞങ്ങളും…. ഒടുവിൽ, ടോപ്‌ സ്റ്റേഷൻ കീഴടകി, സഞ്ചാരികൾ എത്തി തുടങ്ങുന്നതേ ഉള്ളു, മുന്പിലുള്ള കാഴ്ചകളെ മറച്ചു കൊണ്ട് കോട വീണ്ടും വില്ലൻ ആയി, കൊടയേ തുരത്തി ഞങ്ങൾ മുൻപോട്ട് . എൻറെ യാത്രാ അനുഭവം തന്നെ മാറ്റി മറിക്കാൻ ഒരാൾ അവിടെ കാത്ത് നിൽപുണ്ടായിരുന്നു ……

കുറച്ചു കൂടി മുൻപോട്ട് പോയപ്പോൾ കോട ഒരൽപ്പം കുറഞ്ഞു, തണുപ്പ് ഒരൽപ്പം കുറക്കാൻ അടുത്തുള്ള തട്ടു കടയിൽ നിന്ന് ചായ പാസ്സാക്കി, ചായ കുടിച്ച് ചുമ്മാ അരികിൽ കണ്ട ഒരു വൻ വ്ര്ക്ഷത്തെ ക്യാമറയിൽ ഒപ്പി എടുക്കുമ്പോളാണ് ആ കാഴ്ച ശ്രദ്ധയിൽ പെട്ടത്, മരത്തിനു താഴേ വീണു കിടക്കുന്ന ഇലകളിൽ നിന്ന് ഒരനക്കം, വല്ല പാമ്പോ മറ്റോ ആയിരിക്കും എന്ന് കരുതി ആദ്യം പോവാൻ മടിച്ചു, വീണ്ടും അനക്കം തുടർന്നപ്പോൾ
കൈയിൽ ഒരു കമ്പുമായ് സദൈര്യം മുൻപോട്ട് (ചില സമയത്ത് എനിക്ക് ഒടുക്കത്ത ധൈര്യാ കേട്ടോ).
കൈയിലുള്ള കമ്പ് ഉപയോഗിച്ച് ഇലകള്കിടയിൽ തപ്പിയപ്പോൾ പാമ്പിനു പകരം കണ്ടത് മറ്റൊന്ന്, ഒരു എലി കുഞ്ഞിനേ പോലെ ചുരുണ്ട് കൂടി കിടക്കുന്ന ഒരു ജീവി, ദേഹത്ത് ഒരൽപ്പം രോമം മാത്രം, ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു ചോര കുഞ്ഞ്, നിലത്ത് കിടന്നു അത് അമ്മയുടെ ചൂടിനു വേണ്ടി ഇലകൾകിടയിലേക്ക് വകഞ്ഞ് കയറുന്നു.

എലി അല്ല അതൊരു അണ്ണാൻ ആണെന്ന സത്യം വൈകാതെ മനസ്സിലായി, മരത്തിനു മുകളിൽ നിന്നും വീണതാണെന്നു ഞാൻ ഊഹിച്ചു അഥവാ അതിൻറെ അമ്മ എന്നേ കണ്ട് താഴേ ഇറങ്ങാതെ നിൽകണ്ട എന്ന് കരുതി ഞാൻ ഒരൽപ്പം മാറി നിന്നു, ഒരുപാട് നേരം കാത്തിരുന്നിട്ടും അമ്മ അണ്ണാൻറെ ഒരു പൊടി പോലുമില്ല. ചായ കടക്കാരനോട്‌ സംഗതി പറഞ്ഞപ്പോൾ അയാൾ പറഞ്ഞു “ഇവിടെ അണ്ണാൻമാരെ പൊതുവേ കാണാറില്ല, വല്ല പരുന്തോ, കാക്കയോ, കൊത്തി കൊണ്ട് പോവുമ്പോൾ വീണതാവും.” അയാൾ പറഞ്ഞതിൽ കാര്യമുണ്ട്. ഇല്ലേൽ അമ്മ അണ്ണാൻ വന്ന് കൊണ്ട് പോവേണ്ട സമയം കഴിഞ്ഞു…മനുഷ്യനായ ഞാൻ പോലും വിറകുന്ന ഈ തണുപ്പത്ത് അമ്മയുടെ ചൂടിനായി പരക്കം പായുന്ന ആ കുഞ്ഞു ജീവിയുടെ മുഖം മനസ്സിന് വല്ലാത്ത വേദനയായി, അതിനേ കണ്ട് പോയല്ലോ എന്ന അവസ്ഥയിലായി ഞാൻ, അവിടെ ഇട്ടേച്ചു പോരാൻ മനസ്സ് അനുവദിച്ചില്ല.

ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ അതിനേ കൈയിലെടുത്തു, ദൈവമേ, എന്തൊരു ചെറുതാണ് ഇത്, ചെറിയ ഒരു പഞ്ഞി കെട്ട് പോലെ, എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നു , ഒന്നും നോകിയില്ല ഷൂസ് അഴിച്ചു സോക്സ് ഊരി, സോക്സ്സിലേക് കുഞ്ഞു അണ്ണാനേ ഇട്ടു പോതിനെടുത്തു നേരേ കാറിലേക്ക് കൊണ്ട് പോയി, ഇനി എന്ത് ചെയ്യുമെന്നു ഒരു പിടുത്തവുമില്ല, നേരേ ചായ കടക്കാരന്റെ അടുത്തേക് ചെന്ന് ഒരു ഗ്ലാസ്‌ പാൽ വാങ്ങി, കാറിലേക്ക് ചെന്നു ഒരു ചെറിയ മൂടിയിലേക്ക് ഒഴിച്ച് അണ്ണാൻൻറെ വയോട് ചേർത്ത് വച്ചു അത് പതിയേ ഞാൻ വായിലേക് തൊട്ട് വച്ചു കൊടുത്തു രണ്ട് മൂടി പാൽ കുടിച്ച് നിർത്തി, ബാക്കി വന്ന പാൽ കുപ്പിയിലാക്കി കാറിൽ വച്ചു. അണ്ണാനെ ഒരു തുണിയിൽ കൂടി പൊതിഞ്ഞു കൈയിലെടുത്തു… എന്തോ വല്ലാത്ത ഒരു സന്തോഷം ഒരു ജീവൻ രക്ഷിച്ചത് പോലെ, കടക്കാരനു ഗ്ലാസ്‌ തിരിച്ചു കൊടുത്തു ഞാൻ നടന്നു. ജാക്കെറ്റിൻറെ പോക്കെറ്റിലെക്ക് പുള്ളികാരനേ കിടത്തി. അമ്മയുടെ ചൂടിനു പകരമാവില്ല എന്നറിയാം, എന്നാലും ഉളില്ലുള്ള സ്നേഹം കൊണ്ട് അതിന് ഞാൻ ചൂട് പകര്ന്നു,

ടോപ്‌ സ്റ്റേഷൻറെ ഓരോ പടവ് ഇറങ്ങുമ്പോഴും, കൊളുക്ക് മല കഴറുമ്പോയും, ആനമുടി കണ്ടിറങ്ങിയപ്പോഴും ഞാൻ കൂടേ കൂട്ടി. വയറു നിറച്ച് പാല് കൊടുത്തു, ഒരു കുഞ്ഞിനെ പോലെ ഞാൻ അതിനേ സ്നേഹിച്ചു, ഒടുവിൽ രണ്ടാം നാൾ മുന്നാർ ചുരം ഇറങ്ങാൻ പോവും മുൻപ് ഞാൻ ചോദിച്ചു “എൻറെ കൂടേ പോരുന്നോ അതോ മുന്നാറിന്റെ മണ്ണിൽ തന്നെ നിൽക്കുന്നോ” അപ്പോൾ അവൻ രണ്ട് കൈയും കൂട്ടി എൻറെ വിരൾ പിടിച്ചു, ഇപ്പോൾ ഇത് ഞാൻ നിങ്ങളോട് പറയുമ്പോൾ എൻറെ വീടിനകത്തൂടെ ഓടികളിക്കുകയണവൻ. അതേ മൂന്നാറിൽ നിന്ന് കള്ള വണ്ടി കയറിയ അണ്ണാൻ, എൻറെ കൂടേ യാത്ര ചെയ്യാൻ ഇഷ്ടമാണ് അവനിപ്പോൾ ആ ഇഷ്ടം കാരണം ഒടുവിൽ ചെന്നൈ വരെ വന്നു എൻറെ കൂടേ, ഒരിക്കൽ മുന്നാറിലേക്ക് പോവും ഞാൻ ഇവനേയും കൂട്ടി, അവന്റെ നാട് കാണിച്ചു കൊടുക്കും,അവനും ഞാനും ഒന്നിച്ചു കയറിയ മലകളും, കാടുകളും കാട്ടി കൊടുക്കും എന്നിട്ട് ഒരിക്കൽ കൂടി ഞാൻ ആ ചോദ്യം ആവര്ത്തിക്കും “കൂടേ പോരുന്നോ അതോ മുന്നാറിൻറെ മണ്ണിൽ നിൽക്കുന്നോ ?”

അങ്ങനെ രണ്ടു വർഷങ്ങൾ കടന്നുപോയി. ഒരു ദിവസം ഞാൻ പതിവ് പോലെ പാലും, പഴവുമായി ചെന്നതാണ്, പുള്ളിക്കാരനു എന്തോ ഒരു പരുങ്ങി കളി. പാലു കണ്ടാൽ ചാടി വന്നു തോളത്തേക് കയറി ഒടുക്കത്തെ ജാടയോടെ പാലു നക്കി നക്കി കുടിക്കുന്ന ആളായിരുന്നു ഇന്നെന്തോ ഒരു പന്തികേട്…… എന്നെ പോലെ നല്ലവനും, സൽസ്വഭാവിയും ആയത് കൊണ്ട് കുരുത്തകേടിലൊന്നും പോയി ചാടില്ലെന്നറിയാം എന്നാലും എന്തോ ഒരു ചുറ്റി കളി മണത്തു….. ഈ ഇടയായിട്ട്, അയല്പക്കത്തെ തെങ്ങിൽ താമസിക്കുന്ന ഒരുത്തിയുമായി കറങ്ങി നടക്കണത് ശ്രദ്ധയിൽ പെട്ടിരുന്നു. പ്രായത്തിന്റെ തിളപ്പല്ലേ എന്നു കരുതി അധികം ഞാൻ അങ്ങോട്ട് ഗൗനിച്ചില്ല…
പക്ഷേ അവൾ ഇവനോട് പെരുമാറണ രീതിയും, ഇവനെ കാണുമ്പോൾ ഉള്ള ആ വാലാട്ടാലും,
‘ചില് ചില് ‘ എന്ന കരച്ചിലുമൊക്കെ ആകെ ഒരു വശ പിശക് മണംമായിരുന്നു…..

കഴിഞ്ഞ ഒരു മാസമായി ഇവൻ വീട്ടിൽ വരാൻ വൈകുന്നുണ്ടെന്ന് ഉമ്മ പറഞ്ഞു, ഓഫീസിൽ കഴിഞ്ഞു ഞാൻ വീട്ടിൽ എത്തുമ്പഴേക്കും ഇവൻ കയറി നല്ല ഉറക്കമായിരിക്കും, പോട്ടെ !! കളിച്ചു ക്ഷീണിച്ചതായിരിക്കും എന്ന് കരുതി ഞാൻ ശകാരിക്കാൻ പോവാറില്ല…… മനം നൊന്തു അവൻ വല്ല കയ്യബദ്ധവും ചെയ്താലോ എന്ന ഭയം എന്നെ പിന്നോട്ട് വലിച്ചു… !! പക്ഷേ കാര്യം ഇത്ര കൈ വിട്ട കാര്യം ഞാൻ അറിഞ്ഞിരുന്നില്ല, ഇവാൻ മറ്റവളുമായി തെങ്ങിൻ പൂകുലയിൽ കള്ളനും പോലീസും കളിക്കുന്നത് കണ്ടൻ പൂച്ച പല തവണ ശ്രദ്ധിച്ചിരുന്നു പക്ഷേ ആ കണ്ടന്റെ അത്ര പോലും ഞാൻ ശ്രദ്ധിച്ചില്ല, കാരണം ഇവനെ ഞാൻ വിശ്വസിച്ചു,….

പാലു അവനു നേരെ നീട്ടി, അവൻ അൽപ്പം അങ്ങോട്ടേക് മാറി നിന്നു എന്തോ വലിയ കുറ്റം ചെയ്ത ഭാവം. “എന്താടാ ചെക്കാ ഒന്നും മിണ്ടാതെ ?” ഞാൻ ചോദിച്ചു, പരുങ്ങൽ മാത്രമായിരുന്നു മറുപടി, അപ്പഴാണ് കാര്യം ശ്രദ്ധയിൽ പെട്ടത് തൊട്ടപ്പുറം തെങ്ങിൽ മറ്റവൾ വാലും നീട്ടി ഇരിക്കുന്നു, പെട്ടെന്നതാ ഇവൻ പൊതുവേ കിടക്കുന്ന തുണി മേത്തയ്ക്ക് അടിയിൽ നിന്നും ഒരനക്കം,ഞാൻ ഞെട്ടി തരിച്ചു പോയി. ഇല്ലാ ഒരിക്കലും സമ്മതിക്കില്ല… ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇതിനനുവദിക്കില്ല…. ഉള്ളിൽ സീരിയലുകളിളേ പശ്ചാത്തല സംഗീതം നിറഞ്ഞാടി……
ഞാൻ അവനെ തറപ്പിച്ചു നോക്കി അവൻ എന്നേയും, അവൻ തട്ടി മാറ്റി തുണി പതിയേ വലിച്ചു നീക്കി… ! ലവൻ ചതിച്ചു….. കുടുംബത്തിന് ചീത്ത പേരുണ്ടാക്കി.. സർവ്വതും നശിപ്പിച്ചു.. എന്റെ മുന്നിൽ അതാ കിടക്കുന്നു ഒരു ചോര കുഞ്.!!!

കണ്ണുകളെ വിശ്വസിക്കാൻ സാധിക്കുന്നില്ല, പ്രസവിച്ചു ഒരു 4 ദിവസം പ്രായം തോന്നിക്കുന്ന അവന്റെ ഫോട്ടോസ്റ്റാറ് കോപ്പി. തെങ്ങിൻ മുകളിൽ നിക്കുന്ന അവളെ നോക്കി, രണ്ട് പറയണം എന്നുണ്ടായിരുന്നു പക്ഷേ എന്റെ മനസാക്ഷി അനുവദിച്ചില്ല. എന്നാലും ഇവൻ എന്നെ കുറിച്ചോര്ത്തോ ? മുന്നാറിലെ കോട മഞ്ഞും താണ്ടി ഇവനെ കൂട്ടി കൊണ്ട് വന്ന ഈ എന്നെ ? നമ്മുടെ ഉപ്പയേ പറ്റി ഓർത്തോ ? നീ നമ്മുടെ കുടുംബത്തെ പറ്റി ഓർത്തോ ??….അധികം കണ്ട് നില്ക്കാൻ പറ്റിയില്ല, കുഞ്ഞിനെ വാരിയെടുത്തു തുണിയിൽ പൊതിഞ്ഞു മാറോട് ചേർത്തു… എന്തായാലും അവനായി അവന്റെ കുടുംബമായി ഇനി അവൻ തീരുമാനിക്കട്ടെ അവന്റെ കുട്ടിയേ എന്ത് ചെയ്യണമെന്ന്. അല്ലേലും ഈ അണ്ണന്മാരുടെ കുടുംബ കാര്യത്തിൽ ഞാൻ ഇടപെടൂല….

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply