വണ്ടിപ്രേമികളുടെയും ഡ്രൈവര്‍മാരുടേയും ചങ്കിടിപ്പായി AKDF കൂട്ടായ്മ..

വാഹനങ്ങളും അവ ഓടിക്കുവാനും ഇഷ്ടമുള്ളവര്‍ ഏറെയാണ്‌. ചെറുപ്പം മുതലേ ആരാകണം എന്നു ചോദിച്ചാല്‍ ‘ഡ്രൈവര്‍’ എന്നു പറഞ്ഞവരാണ് നമ്മളില്‍ ഏറെപ്പേരും. കാലങ്ങള്‍ കടന്നുപോയപ്പോള്‍ ചിലര്‍ ജീവിതം മുന്നോട്ടു നീക്കുവാന്‍ വളയം പിടിക്കുന്നു… ചിലര്‍ സ്വന്തം താല്പര്യം കൊണ്ടുമാത്രം ഡ്രൈവര്‍ എന്ന ലേബല്‍ എടുത്തണിയുന്നു. കാര്യം എല്ലാവര്‍ക്കും ഡ്രൈവിംഗ് ഇഷ്ടമാണെങ്കിലും ഡ്രൈവര്‍ എന്ന തൊഴിലിലെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പിന്മാറുന്നവര്‍ ധാരാളമാണ്.

എന്താണ് ഡ്രൈവര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍? ഒത്തിരിയുണ്ട്. അപകടങ്ങള്‍, പരിചയമില്ലാത്തിടത്തു വാഹനം കേടാകല്‍, ചെയ്യാത്ത തെറ്റിന് പഴികേള്‍ക്കേണ്ടി വരല്‍, ചില പോലീസുകാരുടെ പീഡനം അങ്ങനെ ഏറെയാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാം പരസ്പരം കൈത്താങ്ങായി പ്രവര്‍ത്തിക്കുവാനും സഹായങ്ങള്‍ ചെയ്യുവാനും ഉള്ള ലക്ഷ്യത്തോടെ ഫേസ്ബുക്കില്‍ ഒരു ഗ്രൂപ്പ് രൂപം കൊണ്ടു. ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ് അഥവാ AKDF എന്ന പേരില്‍ തുടങ്ങിയ ആ ഗ്രൂപ്പ് ഇന്ന് ലോകം മുഴുവനും മെമ്പര്‍മാരുമായി ജൈത്രയാത്ര തുടരുകയാണ്. രണ്ട് ലക്ഷത്തോളം പേരുടെ ഫെയ്‌സ്ബുക് കൂട്ടായ്മയാണ് എകെഡിഎഫ്. ഓള്‍ കേരള ഡ്രൈവേഴ്‌സ് ഫ്രീക്കേഴ്‌സ് എന്നാണ് പേരെങ്കിലും സംഗതി വേറെ ലെവലാണ്!

എറണാകുളം വൈപ്പിന്‍ സ്വദേശി ഷിബിന്‍ ജോസഫിന്റെ മനസ്സില്‍ തെളിഞ്ഞ ആശയമായിരുന്നു എകെഡിഎഫ്. 2015ല്‍ വൈപ്പിനിലെ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി തുടങ്ങിയ ഗ്രൂപ്പ് പിന്നീട് കേരളമാകെ വളര്‍ന്ന കാഴ്ചയാണ് കണ്ടത്. ഗ്രൂപ്പിന്‍റെ സാരഥി ഷിബിന്‍ പ്രവാസജീവിതത്തിലേക്ക് കടന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലും എകെഡിഎഫ് എത്തി.  ഫെയ്‌സ്ബുക് ഗ്രൂപ്പായി തുടങ്ങിയ കൂട്ടായ്മ പിന്നീട് വാട്‌സാപ്പിലേക്കും വ്യാപിച്ചു. ഇന്ന് എട്ടംഗ അഡ്മിന്‍ പാനലിന്റെ കീഴില്‍ 14 ജില്ലകളിലും എകെഡിഎഫിന് കമ്മിറ്റികളുണ്ട്. ഷിബിന്‍ ജോസഫിന് പുറമേ അനീഷ് എറണാകുളം, ജാഫര്‍ അലി,മജോ, വിമല്‍ കൊല്ലം, നിയാസ് കൊല്ലം, ഷാനു പാലക്കാട്, ആതിര മുരളി എന്നിവരാണ് ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍. ഇവര്‍ക്കൊപ്പം 6 ആംഗ മോഡറേറ്റര്‍ പാനലും പ്രവര്‍ത്തിക്കുന്നു.

അംഗങ്ങളും കുടുംബങ്ങളുമായും പരസ്പരം നല്ല സുഹൃത്ത് ബന്ധങ്ങള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ് ഈ ഗ്രൂപ്പ്. ഗ്രൂപ്പില്‍ പരിചയപ്പെട്ട് ഒന്നിച്ച് കുടുംബങ്ങളുമായി യാത്രകള്‍ പോയിട്ടുള്ളവരും ഇവിടെയുണ്ട്. യാത്രയ്ക്കിടെ പെരുവഴിയില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ? ഉദാഹരണത്തിന് ടയര്‍ പഞ്ചറാകുക, വണ്ടിയ്ക്ക് എന്തെങ്കിലും പ്രശ്നം വരിക അങ്ങനെയെന്തെങ്കിലും. വിഷമിക്കേണ്ട ഫേസ്ബുക്ക് ഗ്രൂപിലോ വാട്സ് ആപ്പിലോ ഒരു സന്ദേശം ഇട്ടാല്‍ മതി. നിമിഷനേരങ്ങള്‍ക്കകം ഏതെങ്കിലും AKDF മെമ്പര്‍ രക്ഷയ്ക്കായി എത്തും എന്നുറപ്പാണ്. നിങ്ങളേത് ലൊക്കേഷനിലാണുള്ളതെന്ന് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്ന വിവരം അഡ്മിന്‍ വിവിധ കമ്മിറ്റികളിലേക്ക് ഷെയര്‍ ചെയ്യുകയാണ് പതിവ്.

പല സ്ഥലങ്ങളിലും ഗ്രൂപ്പ് മീറ്റുകളും ഒന്നിച്ചുള്ള യാത്രകളും AKDF മുന്‍കൈയെടുത്ത് നടത്തുന്നുണ്ട്. ഈ മീറ്റുകളില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ടൂറിസ്റ്റ് ബസ്സും പിടിച്ച് ആളുകള്‍ വന്ന കാഴ്ച എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. അതെ,,, അതുതന്നെയാണ് ഈ ഗ്രൂപ്പിന്‍റെ വിജയവും. ഡ്രൈവര്‍ ജോലി ചെയ്യുന്നവര്‍ മാത്രമല്ല ഡ്രൈവിംഗ് ഇഷ്ടമുള്ളവരും സ്വന്തമായി വാഹനം ഉള്ളവരും ഒക്കെയുണ്ട് ഈ കൂട്ടായ്മയില്‍.

എകെഡിഎഫ് അംഗങ്ങളെ തിരിച്ചറിയാന്‍ ഏറ്റവും സഹായകമാകുക അവരുടെ വാഹനങ്ങളിലൊട്ടിച്ചിരിക്കുന്ന ലോഗോയാണ്. ലോഗോ വൈറല്‍ ആയതിന്‍റെ സന്തോഷത്തിലാണ് ഇപ്പോള്‍ എകെഡിഎഫ് അംഗങ്ങള്‍. ഈ ലോഗോ ലഭിക്കുവാന്‍ കേരളത്തിലുടനീളം എല്ലാ ഡ്രൈവര്‍മാരും മത്സരമാണ്. AKDF ലോഗോയുള്ള വാഹനങ്ങള്‍ യാത്രയ്ക്കിടെ കണ്ടുമുട്ടി പരസ്പരം സുഹൃത്തുക്കളാകുന്നവരും ധാരാളമാണ്. അതുപോലെ തന്നെ ഈ ലോഗോ കണ്ടാല്‍ ആരും അനാവശ്യ വഴക്കുകള്‍ക്ക് വരാറില്ലെന്നതും ശ്രദ്ധേയമാണ്.

ചുമ്മാ ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ മാത്രം ഒതുങ്ങുന്നതല്ല AKDF ന്‍റെ പ്രവര്‍ത്തനങ്ങള്‍. ട്രാഫിക് സിനിമയില്‍ കണ്ടതുപോലെയുള്ള നിരവധി ജീവന്‍ രക്ഷാ മിഷനുകള്‍ സധൈര്യം ഏറ്റെടുത്തിട്ടുള്ള ചരിത്രവും AKDF ന് ഉണ്ട്. ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ചും സര്‍ക്കാരുമായി ചേര്‍ന്ന് ആംബുലന്‍സ് സംവിധാനം ഒരുക്കുവാന്‍ ഈ ഗ്രൂപ്പ് മുഖേന കഴിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇതൊരു കൈതാങ്ങാണ്. ഇത്തരത്തിലുള്ള ആംബുലന്‍സ് ചിലവുകള്‍ എല്ലാം സര്‍ക്കാരാണ് വഹിക്കുന്നത്. ഈയൊരു സൌകര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്നതും മറ്റൊരു വസ്തുതയാണ്.

പാലക്കാട് കുറ്റിക്കാട് സ്വദേശികളായ ഫാറൂഖ്-ഫാത്തിമ ദമ്പതികളുടെ ഏഴ് ദിവസം പ്രായമായ കുഞ്ഞിനെ അതിസാഹസികമായി തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് ചികിത്സാര്‍ഥം എത്തിച്ചതാണ് എകെഡിഎഫിന്റെ നേട്ടങ്ങളില്‍ ഏറ്റവും പുതിയത്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരം വരെ വെന്റിലേറ്ററിന്റെ സഹായം നിലനിര്‍ത്തി കുഞ്ഞിനെ എത്തിക്കുക എന്നത് എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. 250 ഓളം കിലോമീറ്റര്‍ ദൂരമാണ് പിന്നിടാനുള്ളത്. പെരുമഴയും അതിശക്തമായ കാറ്റും  തീര്‍ക്കുന്ന പ്രതിസന്ധി വേറെ. വിമാനമാര്‍ഗം പോലും എത്തിക്കാമെന്ന് ഉറപ്പില്ലാത്ത അവസ്ഥ. പക്ഷേ, ആ കുഞ്ഞിന്റെ ജീവനോളം വലുതല്ല പ്രതികൂല സാഹചര്യങ്ങള്‍ തീര്‍ക്കുന്ന പ്രതിസന്ധികളെന്ന് എകെഡിഎഫ് വിശ്വസിച്ചു. കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് മാതാപിതാക്കളെയും അധികൃതരെയും അറിയിച്ചു. ആ ‘യെസ്’ ചരിത്രമായി മാറി. വെറും മൂന്നേ മുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് തൃശൂര്‍ നിന്നും തിരുവനന്തപുരം വരെ AKDF മെമ്പറായ ഡ്രൈവര്‍ ശ്രീജിത്ത് ആംബുലന്‍സ് ഓടിച്ച് എത്തിച്ചത്.

ഇനിയും ഒരുപാട് നല്ല കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ട്. ഇത് എകെഡിഎഫ്, ചങ്കല്ല ചങ്കിടിപ്പാണ് എകെഡിഎഫ്’ സോഷ്യല്‍മീഡിയയെ നല്ലതിനായി ഉപയോഗിക്കാമെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നുണ്ട് ഈ നന്മക്കൂട്ടായ്മ.

വിവരങ്ങള്‍ക്ക് കടപ്പാട് – വീണാ ചന്ദ്, മാതൃഭൂമി

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply