പ്രളയം സമ്മാനിച്ച മണ്ണാർക്കാട്ടെ പുതിയ ബീച്ച്

സ്വന്തമായി ഒരു ബീച്ച് ഇല്ലെന്ന പരാതി ഇനി പാലക്കാട് ജില്ലക്കാർക്ക് വേണ്ട. മറ്റു ബീച്ചുകളേക്കാൾ മനോഹരമായ ഒരു അടിപൊളി ബീച്ചാണ് ആഗസ്ത് മാസത്തിലെ പ്രളയം കഴിഞ്ഞതുപോയപ്പോൾ മണ്ണാർക്കാട് കുന്തിപ്പുഴയിൽ തത്തേങ്ങലത്തുകാർക്ക് നൽകിയത്. വെള്ളമണൽ നിറഞ്ഞ് ബീച്ചിനു സമാനമായ കാഴ്ച രൂപപ്പെട്ടതോടെ ഇവിടേക്കു സന്ദർശകരുടെ ഒഴുക്കായി. പ്രകൃതിയൊരുക്കിയ ഈ വിസ്മയക്കാഴ്ച ആരും നശിപ്പിക്കാതിരിക്കാൻ ജാഗ്രതാ സമിതി രൂപീകരിക്കാനുള്ള തയാറെടുപ്പിലാണു നാട്ടുകാർ. ഈ പുതിയ ബീച്ചിലേക്ക് അബ്ദുൽ മുസ്സാവിർ എന്ന സഞ്ചാരി നടത്തിയ യാത്രയുടെ വിവരണം ചുവടെ കൊടുത്തിരിക്കുന്നു. അതൊന്നു വായിച്ചു നോക്കാം…

വിവരണം – Abdl Musavvir.

ഫേസ്‌ബുക്കിൽ സ്ക്രോൾ ചെയ്യുന്നതിനിടയിൽ ആണ് ഒരു വീഡിയോ കണ്ണിലുടക്കിയത് മണ്ണാർകാട്ടെ ബീച്ചിനെ കുറിച്ചുള്ള ഒരു വീഡിയോ. കൗതുകം ലേശം കൂടുതലായൊണ്ട് പിറ്റേന്ന് തന്നെ മണ്ണാർക്കാട് ലക്ഷ്യമാക്കി ബൈക്കിന്റെ കിക്കറിന് ഒരു ചവിട്ടു കൊടുത്തു. മണ്ണാർകാടിൽനിന്നും വഴി ചോദിച്ചു ചോദിച്ചു കൈതച്ചിറ വഴി ഏകദേശം 5 -KM സഞ്ചരിച്ചു തത്തേങ്ങലം എന്ന സ്ഥലത്തു എത്തി. അവിടെ നിന്നും ബീച്ചിലേക്കുള്ള വഴി ചോദിക്കുന്നതിനുമുമ്പു തന്നെ നാട്ടുകാർ വഴി കാണിച്ചു തരും. നാശം വിതച്ച പ്രളയത്തിന് ശേഷം രൂപം കൊണ്ട ഈ ബീച്ചിനു എന്ത് പേരിടണമെന്ന തർക്കത്തിലാണ് നാട്ടുകാർ…. പാണ്ടി ബീച്ച് എന്നാകാമെന്നും അതല്ല തത്തേങ്ങലം ബീച്ച് തന്നെ മതിയെന്നും ഒരു പക്ഷം. ഇതിനിടക്ക് ‘സൈരന്ധ്രി ബീച്ച്’ എന്നെഴുതിയ ഒരു ബോർഡും റോഡു വക്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

നട്ടുച്ചനേരം ഒരു മണിക്കാണ് ഞങ്ങൾ എത്തിയത്. സൂര്യേട്ടൻ തലക്കുമുകളിൽ വെട്ടിത്തിളങ്ങിനിൽകുന്നു. ഈ നേരത്തും ഞങ്ങളെ കൂടാതെ ആരെങ്കിലും ബീച്ചിൽ ഉണ്ടാകുമോ എന്ന സംശയത്തിലായിരുന്നു ഞങ്ങൾ. മുന്നോട്ടു നീങ്ങുംതോറും പാതക്കിരുവശത്തുമുള്ള വീടുകൾക്കുമുമ്പിൽ സർബത്തും ഉപ്പിലിട്ടതുമൊക്കെയായി ധാരാളം പേര് ബീച്ചിലേക്ക് വരുന്നവരെ സ്വീകരിച്ചാനയിച്ചു ഇരുത്തി കച്ചവടം പൊടിപൊടിക്കുന്നുണ്ട്. ഇന്നലെ വരെ അധികമാരും എത്തിപ്പെടാത്ത തത്തേങ്ങലം ഗ്രാമം ഇന്ന് ഈ കൊച്ചു ബീച്ചിലേക്ക് വരുന്ന ജനങ്ങളെ കൊണ്ട് തിരക്ക് പിടിച്ചിരിക്കുന്നു.

വെറുമൊരു നീർച്ചാലായി ഒഴുകിയിരുന്ന കുന്തിപ്പുഴ, ആർത്തലിച്ചുവന്ന മലവെള്ളപ്പാച്ചിലിൽ തന്റെ അവകാശം തിരിച്ചെടുത്തതിന്റെ ബാക്കിപത്രമെന്നോണം പുതിയ പാത വെട്ടിപിടിച്ചിരിക്കുന്നതു കാണാം. വെള്ളമിറങ്ങിയതോടെ പുഴയുടെ മറുഭാഗത്തേക്ക് ഒഴുക്കിന്റെ ഗതി മാറിവരികയും പഴയ സ്ഥലത്തു ബീച്ചിലേതു പോലെ തന്നെ വിശാലമായ അതിമനോഹരമായ മണൽത്തീരം രൂപപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ വിത്യസ്ത വർണങ്ങളിലും വലിപ്പത്തിലുമായി ധാരാളം ഉരുളൻ കല്ലുകളും സ്ഥാനം പിടിച്ചിരിക്കുന്നു. ഈ നട്ടുച്ചനേരത്തും വെയിലിനെ വക വെക്കാതെ ധാരാളം പേര് ബീച്ചിൽ പ്രകൃതി ഭംഗി ആസ്വദിച്ചു നില്കുന്നു. കുറച്ചാളുകൾ വെള്ളത്തിലേക്കിറങ്ങി ആവേശപൂർവം നീരാടുന്നുണ്ട്. അങ്ങിങ്ങായി കുറച്ചുപേർ കല്ലുകൾ ഒന്നിനു പിറകെ ഒന്നായി മുകളിൽ വെച്ച് പിരമിഡ് ഉണ്ടാകുന്ന ശ്രമത്തിലാണ്. ബീച്ചിലും ധാരാളം കച്ചവടക്കാർ ഉണ്ട്. എല്ലാം കൂടെ വളരെ സജീവമാണ് ഈ കൊച്ചു തീരം.

കുറച്ചകലെ നിശ്ശബ്ദതയുടെ താഴ്വരയിൽ നിന്നുള്ള തെളിമയാർന്ന ഉറവ ഒഴുകി വരുന്നു. ചിലരൊക്കെയും കൈകുമ്പിളിൽ തെളിനീരെടുത്തു ദാഹം ശമിപ്പിക്കുന്നുണ്ട്. കൂടെ ഞങ്ങളും മതിവരുവോളം കുടിച്ചു. കുറച്ചുനേരത്തെ ഫോട്ടോ പിടിത്തത്തിനു ശേഷം മുട്ടിനൊപ്പം വെള്ളത്തിൽ ഞങ്ങൾ കുറച്ചുദൂരം മുന്നോട്ടു നീങ്ങി. ആ താഴ്വരയെ സാക്ഷിയാക്കി തെളിനീർ വെള്ളത്തിൽ മനസ് നിറയുവോളം മുങ്ങിക്കുളിച്ചു. ഞങ്ങൾ തിരികെ കയറിയപ്പോയേക്കും വെകുന്നേരമായിരുന്നു. അങ്ങനെ ഒരു ദിവസം മനോഹരമായി ചിലവഴിച്ചു എന്ന വിശ്വാസത്തോടെ തിരികെ നാട്ടിലേക്ക് തിരിച്ചു.  ഒരിക്കൽ ഈ പുഴക്ക് നഷ്ടപ്പെട്ട സൗന്ദര്യം പ്രകൃതി തിരികെ നൽകിയിരിക്കുന്നു. ഇനിയിതിൽ നിന്നും ഒരു തരിമ്പു പോലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ട കടമ ഇവിടേക്കുവരുന്ന നാമോരോത്തർക്കും ആണ്. ഈ തീരം ഇങ്ങനെ എത്രനാൾ കൂടി ഉണ്ടാകും ….? ഒരുപക്ഷെ അടുത്ത മഴക്കാലം വരെ ?

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply