കെഎസ്ആര്‍ടിസിയില്‍ ജോലിക്ക് കയറിയിട്ട് നീണ്ട അവധിയെടുത്ത് മുങ്ങി നടക്കുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി പുതിയ എംഡി ടോമിന് തച്ചങ്കരി. നേരത്തെ രാജമാണിക്യം എംഡിയായിരുന്ന സമയത്ത് ഈ കാര്യത്തില്‍ ഉചിതമായ നടപടി എടുത്തു വരികയായിരുന്നു. ദീര്‍ഘകാലമായി ജോലിക്ക് ഹജരാകാതവരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോഴത്തെ എംഡി തച്ചങ്കരി ഉത്തരവിട്ടിരിക്കുകയാണ്. ഇതിനിടെ അഞ്ചു വര്‍ഷത്തിലധികമായി ജോലിക്കു ഹാജരാകാത്ത 450 ജീവനക്കാരെ കോര്പറേഷന് പുറത്താക്കുകയും ചെയ്തു.
മറ്റു ജോലികള്‍ കിട്ടിയതിനെത്തുടര്‍ന്ന് സ്ഥാപനം വിട്ടുപോയവരാന് ഈ പുറത്താക്കിയവരില്‍ പലരും. ജീവനക്കാര്‍ മറ്റുള്ള ജോലികള്‍ ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണു നടപടി കര്‍ശനമാക്കിയത്. ഇവര്‍ക്കു ആദ്യം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കാനാണ് ആലോചന.
കെഎസ്ആർടിസിയിൽ ഇപ്പോഴുള്ളവരിൽ 30 ശതമാനം പേരും പണിക്കു കൊള്ളാത്തവരാണ് എന്ന് എംഡി ടോമിന് തച്ചങ്കരി അഭിപ്രായപ്പെട്ടു. കെഎസ്ആർടിസി തൊഴിലാളികൾക്കുള്ളതല്ല, പൊതുജനത്തിനുള്ളതാണ്. ജീവനക്കാരുടെ തസ്തികകളിലും ശമ്പളത്തിലും കർക്കശമായ അഴിച്ചു പണിയുണ്ടാവുമെന്നു കണ്ണൂർ ഗാരിജ് സന്ദർശിച്ച അദ്ദേഹം ജീവനക്കാരുമായി സംസാരിക്കവേ പറഞ്ഞു. ജോലി ചെയ്യാൻ പറ്റാത്തവർ രാജി വച്ചു പുറത്തു പോകണം. കെഎസ്ആർടിസിയെ വിജയത്തിലെത്തിച്ച ശേഷം പൊതുജനത്തിനു മുന്നിൽ നിന്നു തനിക്ക് പരസ്യമായി പ്രസംഗിക്കണം. ദൗത്യമേറ്റെടുത്താൽ താൻ നടത്തിയിരിക്കും. ഇവിടെ കൂട്ടുഭരണം നടക്കില്ല. നമ്മൾ ഉദ്യോഗസ്ഥരാണ്. അതേസമയം സഹോദരീ സഹോദരങ്ങളുമാണ്. എന്ന് വച്ച് ഉമ്മാക്കി കാട്ടി പേടിപ്പിച്ചാൽ നടക്കില്ല. ദയ, അനുകമ്പ, കരുണ എന്നിവ തന്നിൽ നിന്നു പ്രതീക്ഷിക്കരുത്- തച്ചങ്കരി പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ ചട്ടങ്ങള്‍ അനുസരിച്ച് ഒരു ജീവനക്കാരന് അഞ്ചു വര്‍ഷംവരെ ദീര്‍ഘകാല അവധിയെടുക്കാന്‍ സാധിക്കും. അവധി തുടര്‍ച്ചയായ പതിനാലുദിവസം കഴിഞ്ഞാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ യൂണിറ്റ് മേധാവി ഭരണവിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അയയ്ക്കണം.
കടക്കെണിയിലായ കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഇപ്പോള്‍ നടത്തുന്നത് അവസാന ശ്രമമെന്നാണ് എംഡി ടോമിന് തച്ചങ്കരി പറയുന്നത്. ഇനിയും പരാജയപ്പെട്ടാല്‍ ഇതിലും കടുത്ത തീരുമാനത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.