പ്രകൃതിയൊരുക്കിയ പറുദീസ തേടി ഒരു കുട്ടമ്പുഴ – മാമലക്കണ്ടം യാത്ര…

യാത്രാവിവരണം – Shameer Thankayathil.

ഗോകർണ പോയി വന്നിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു അപ്പോഴേക്കും ഗ്രൂപ്പിൽ വല്ലാതെ കശപിശ കാര്യം തിരക്കിയപ്പോൾ ഗോഗർണ ഇവന്റിൽ പോരാത്തവരും പോയവരും തമ്മിലാണ് കാരണം ഗോകർണയുടെ ചിത്രവും സംസാരവും ചർച്ച ചെയ്യുമ്പോഴാണ് സംഗതി അപ്പൊ തന്നെ തീരുമാനിച്ചു വീണ്ടും ഒന്നൂടെ കൂടണം ന്ന് എല്ലാവർക്കും മൗനം സമ്മതം. പലപല തീയതികൾ ഉയർന്നു വന്നു അതൊക്കെ മാറി മറിഞ്ഞുകൊണ്ടേയിരുന്നു അവസാനം ഒരു തിയതിയും സ്ഥലവും ഉറപ്പിച്ചു മെയ്‌ 5-6 അലിയുടെ നാട്ടിൽ ഒറ്റ ദിവസത്തെ ഒത്തുകൂടൽ.

അങ്ങനെ അഞ്ചാം തിയതി ശെനി ഉച്ച തിരിഞ്ഞു 2:15 നു നിലമ്പൂരിൽ നിന്നും പെരിന്തൽമണ്ണ(3:15), കോതമംഗലം വഴി കൃതിക് റോഷന്റെ നാട്ടിലേക്കുള്ള ഒരു ഫാസ്റ്റ് പാസ്സന്ജറുണ്ട്. അതിനു കണക്കാക്കി 2 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങി. ചില സാങ്കേതിക കാരണത്താൽ ആ ബസ്സ് കിട്ടിയില്ല. പിന്നെയുള്ള ബസ്സ് വഴിക്കടവ് നിന്നും പൊൻകുന്നം വരെ പോകുന്നതാണ് . ബസ്സ് പിടിച്ചു 5 മണിക്ക് സ്റ്റാൻഡ് വിട്ടു. വൻ ബ്ലോക്ക്‌ കാരണം 7:30 ന് തൃശ്ശൂരിൽ എത്തേണ്ട ബസ്സ് 8 : 15 എത്തി. അവിടെയും 15 മിനുട്സ് നിർത്തിയതിനു ശേഷം വണ്ടി നേരെ ഹൈവ കേറീ ചീറി പാഞ്ഞു. അവിടെ മുതൽ നല്ല മഴയാ. ഒരു യാത്രയുടെ ഐശ്വര്യമാണല്ലോ മഴ. പിന്നെ ബ്ലോക്കിന്റെ കാര്യം പറയണ്ടല്ലോ.
ബസ്സ്‌ കുറെ വൈകിയാണ് ഓടുന്നത്. പെരുമ്പാവൂരിൽ ഇറങ്ങി അവിടുന്നു കോതമംഗലം ചെന്നിറങ്ങണം. അവിടുന്നു പിന്നെ കുട്ടമ്പുഴ ബസ്സ്‌ പിടിക്കണം. അവിടെയാണ് എല്ലാവരും നിക്കുന്നത്. അപ്പൊ പിന്നെ വെറുതെ ഒന്ന് ഫോണിൽ നെറ്റ് തുറന്നു ചുമ്മാ മ്മളെ നാവിഗേറ്ററിന്റെ ഗ്രൂപ്പ്‌ തുറന്നപ്പോൾ അതാടക്കുന്നു അഫ്സൽ( അൽ തിലക് ) ന്റെ ഒരു ലൈവ് ലൊക്കേഷൻ.

തുറന്നു നോക്കിയപ്പോൾ ഏകദേശം അവർ കോതമംഗലം എത്തികൊണ്ടിരിക്കുന്നു. നേരെ വിളിച്ചു കാറിൽ എനിക്ക് ഇരിക്കാൻ ഗ്യാപ് ഉണ്ടാക്കി വെച്ച് അവർ അവിടെ കാത്തു നിക്കാം ന്നു പറഞ്ഞ്. ആനവണ്ടി മുക്കിയും മൂളിയും കാലടി കഴിഞ്ഞിരിന്നു. അവർ എന്നെ കയറ്റാൻ വേണ്ടി 21 km പിറകോട്ടു സഞ്ചരിച്ചു. കൂട്ടത്തിൽ ഒരു മണിക്കൂറിനടുത്തു കട്ട പോസ്റ്റും ആന വണ്ടി അവർക്ക് പണി കൊടുത്തു. അങ്ങനെ പെരുമ്പാവൂരിൽ ബസ്സ് ഇറങ്ങി നേരെ കാറിലേക്ക്. കൂടെ നല്ല ഇടി വെട്ട് മഴയും ഉണ്ടായിരുന്നു. 40 km ഓടി ഞങ്ങൾ എത്തേണ്ട സ്ഥലത്ത് കറക്റ്റായി എത്തിപ്പെട്ടു.

നല്ല മഴകാരണം അവിടെ കറണ്ടില്ലായിരുന്നു. ഇൻവെർട്ടർ വെട്ടമായിയിരുന്നു ആകെ ആ വീട്ടിലെ ആശ്രയം.
അലി തരപ്പെടുത്തിയ എല്ലാ സൗകര്യം നിറഞ്ഞൊരു വീട്ടിൽ എല്ലാവരും പൂമുഖത്തു ഞങ്ങളെ കാത്തിരിക്കുകയാണ്. ഞങ്ങളെയല്ല, ഞങ്ങൾ സഞ്ചരിച്ച കാറിലാണ് രാത്രി കഴിക്കാനുള്ള ഭക്ഷണത്തിനുള്ള അരിയും സാധനങ്ങളും. അപ്പോഴേക്കും ബാക്കിയുള്ള പച്ചക്കറി ഐറ്റംസ് അവർ കട്ട്‌ ചെയ്തു വെച്ചിരുന്നു. പിന്നെ പാട്ടായി കൂത്തായി.. 12 മണിയോട് കൂടി നെയ്ച്ചോറും ചിക്കനും റെഡിയായി കൂടെ നല്ല ഫ്രഷ് പുഴമീനും. നേരത്തെ വന്നവർ ചൂണ്ട ഇട്ടു പിടിച്ചതാണ്. പിന്നെ നേരെ ഞങ്ങൾ കുട്ടമ്പുഴയുടെ തീരത്തേക്ക് നടന്നു. ടെന്റ് അടിച്ചു.. കുറച്ചു പേർ വീട്ടിലും ബാക്കി പുഴവക്കിലും ഇരുന്നു. ക്യാമ്പ്ഫയർ നു വേണ്ടി ഉണ്ടാക്കിവച്ച വിറക് കെട്ടുകൾ നനഞ്ഞത് കൊണ്ട് വെറും പാട്ടുകൾ കൊണ്ട് ഞങ്ങൾ അമ്മാനമാടി. സമയം പുലർച്ചെ 3 മണി കഴിഞ്ഞിരിക്കുന്നു. ഞങ്ങൾക്ക് നിലാവിന്റെ വെട്ടത്തിൽ കുളിക്കാനൊരു പൂതി.. അതു സാധിച്ചു. നേരെ ടെന്റിലേക്ക്. രാവിലെ കുട്ടംപുഴയിലൂടെ ഒരു തോണിയാത്രയും ഐസ് നെ വെല്ലുന്ന തണുത്ത വെള്ളത്തിലെ കുളിയും ….

മഞ്ഞു മൂടിയ മലകളും നിത്യ ഹരിത വനങ്ങളും അവയില്‍ നിന്നൂരിയെത്തുന്ന നീരുറവകള്‍ കൊച്ചരുവികളായി , തോടുകളായി , പുഴകളായി പുഴകളുടെ കൂട്ടമായി , കുട്ടമ്പുഴയാരായി കുട്ടിക്കല്‍ എന്ന സ്ഥലത്ത് പെരിയാറില്‍ വന്ന് സംഗമിക്കുന്നു . മലകളുടെ മടിത്തട്ടില്‍ ഇടമലയാര്‍ ജലസംഭരനിയും പെരിയാര്‍വാലീ തടാകവും സ്ഥിതി ചെയ്യുന്നു . ഡോ.സലിം അലി കണ്ടെത്തിയ പക്ഷികളുടെ ആവാസകേന്ദ്രവും ദേശാടനക്കിളികളുടെ പരുദീസയുമായ തട്ടേക്കാട്‌ പക്ഷിസങ്കേതം.. തട്ടെക്കാട് എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടി വരുന്നത് 2007 ൽ നാടിനെ നടുക്കിയ അപകടമാണ്. 2007 ഫെബ്രുവരി 20 നായിരുന്നു അത്. ഒരു അദ്ധ്യാപകനും മറ്റ് വിദ്യാര്‍ത്ഥികളുമടക്കം ഇവിടേക്ക് വിനോദസഞ്ചാരത്തിനു വന്ന 18 പേര്‍ തട്ടേക്കാടിനടുത്ത് മുങ്ങി മരിച്ചു. സെന്റ് ആന്റണീസ് യു.പി സ്‌കൂള്‍ ഇളവൂരിലെ വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങുകയായിരുന്നുവത്രേ. കാലിലൂടെ മരണത്തിന്റെ സ്പന്ദനം കയറി വരുന്നതു പോലെയാണ് തോന്നിയത്. അതിമനോഹരമായ കൊടുംപിരിക്കുത്ത് , പീണ്ടിമേട്‌ വെള്ളച്ചാട്ടങ്ങളും കാട്ടനക്കൂട്ടങ്ങളും മ്ലവിന്കൂട്ടങ്ങളും കാട്ടുപോത്തും വാനരക്കൂട്ടങ്ങളും ഉല്ലസിച്ചു വാഴുന്ന കാനനത്തോപ്പും ഇവിടെ എത്തുന്ന വിനോദസഞ്ചാരികളെ സ്വപ്നലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നതിനു ഒരു സംശയവും ഇല്ല .

പ്രകൃതീ ദേവി കനിഞ്ഞു നല്‍കിയ അനുഗ്രഹത്തിന്റെ തികവാണ്‌ കുട്ടമ്പുഴ. കുട്ടമ്പുഴയുടെ വിരിമാറിലൂടെ ശാന്തമായി ഒഴുകുന്ന പുഴ ഗ്രാമത്തിന്റെ ചൈതന്യമായി അനർഗളം ഒഴുകുന്നു ..പല പുഴകള്‍ കൂടിച്ച്ര്‍ന്നോഴുകുന്ന പുഴയാണ് കുട്ടംപുഴയായത് എന്ന് അനുമാനിക്കുന്നു.. വിസ്തൃതമായി കിടക്കുന്ന ഈ കുട്ടമ്പുഴ പഞ്ചായത്തിന്റെ ഭാഗമാണ് വടാട്ടുപാറ ,ഇഞ്ചത്തോട്ടി , മാമലക്കണ്ടം തുടങ്ങിയവ. പഞ്ചായത്തിന്റെ വിവിധ മേഖലകളിലായി നിരവധി ആദിവാസികളും വസിക്കുന്നുണ്ട്… പൂയംകുട്ടിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ പീണ്ടിമേട് കുത്തിനടുത്ത് വനത്തിലാണ് മോഹന്‍ലാല്‍ നായികനായ പുലിമുരുകൻ ചിത്രത്തിന്റെചിത്രീകരണം നടന്നത് . പ്രകൃതി ഒരുക്കിയ പറുദീസയായി കുട്ടമ്പുഴ കോതമംഗലത്തിന് തിലകക്കുറിയായി നിലകൊള്ളുന്നത്.

ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതം സവാരിക്കിടയിലെ പ്രധാന കാഴ്ചകളിലൊന്നാണ്. ഇവിടത്തെ കാനന ഭംഗിയുടെ അലൗലിക ദൃശ്യം ആരേയും ആകര്‍ഷിക്കുന്നതാണ്. കാടും പുഴയും പ്രണയിച്ചു കിടക്കുന്ന അഴകിന്റെ മാസ്മരികത മതിയാവോളം നുകരാം. കരപ്പക്ഷികളും ജലപ്പക്ഷികളും വട്ടമിട്ട് പറക്കുന്ന അപൂര്‍വ്വ കാഴ്ചയും കൗതുകമാണ്. തട്ടേക്കാട് മാത്രം അമ്പതോളം ചിത്രശലഭങ്ങള്‍ അധിവസിക്കുന്നുണ്ട്. ഇവയ്ക്കായി ഉദ്യാനത്തില്‍ 15 ഇനത്തില്‍പ്പെട്ട 2000 ത്തിന് മേല്‍ സസ്യങ്ങളും പൂച്ചെടികളും നട്ടുവളര്‍ത്തിയിട്ടുണ്ട്. പോകുന്ന വഴിയില്‍ വിവിധയിനം പക്ഷികളേയും മാന്‍, മ്ലാവ്, മലയണ്ണാന്‍ തുടങ്ങിയ ജീവികളേയും കാണാന്‍ സാധിക്കും.

ഉച്ചയോടെ കുട്ടംപുഴയിൽ നിന്നും വിടപറഞ്ഞു നേരെ പോയത് ഞങ്ങൾ അലിയുടെ അമ്മാവന്റെ നാടായ മാമലക്കണ്ടത്തേക്ക് ആയിരുന്നു. അവിടെയായിരുന്നു ഉച്ചക്കുള്ള കഞ്ഞിയും പയറും ചമ്മന്തിയും ഉണക്കമീൻ വറുത്തതും. കുറച്ചു പ്ലാവില പറിച്ചെടുത്തു രാവിലത്തെതും കൂട്ടി മതിവരുവോളം കുടിച്ചു. പല ആളുകളും അവരുടെ കുട്ടികാലം ഒന്നൂടെ ഓർമപ്പെടുത്തി. പിന്നെ ഞങ്ങൾ നേരെ വെള്ളച്ചാട്ടത്തിലേക്ക് നീങ്ങി. ഒരു അടാർ യാത്രയായിരുന്നു. ഉള്ള പത്തിരുപത് പേരും ഒരുപോലെ പേടിച്ച നിമിഷങ്ങൾ. ആനച്ചൂര് വിട്ട് മാറാത്ത കാറ്റുകൾ.. പലരും തിരിച്ചു പോവാന് തുടങ്ങി. അവസാനം എല്ലാവരും പെട്ടന്ന് തിരിച്ചു ചെറിയൊരു വെള്ളച്ചാട്ടത്തിൽ നീരാടി. കേരളത്തിൽ ഏറ്റവും കൂടുതൽ രാജവെമ്പാലയും ആനയും തിങ്ങി നിറഞ്ഞ കാടുകൾ അതും അലിയുടെ നാട് സ്വന്തമാക്കി…

ഇനി മാമലകണ്ടത്തെ വിശേഷങ്ങൾ പറയാം. എങ്ങനെ തുടങ്ങണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല, കാരണം ഒരുപാടു കാര്യങ്ങൾ ഒളിഞ്ഞും മറഞ്ഞും കിടക്കുന്ന ഒരു ഗ്രാമമാണ് മാമലക്കണ്ടം..അധികം ആരും കാണാത്ത.. എന്നാൽ ഏതൊരു പ്രകൃതിസ്നേഹിയും കണ്ടിരിക്കേണ്ട ഒരു കൊച്ചു സ്വർഗ്ഗമാണ് മാമ്മലക്കണ്ടം. ഇന്ന് മാമ്മലക്കണ്ടത്തിന് മറ്റൊരു വിളിപ്പേരുകൂടി കിട്ടിയിരിക്കുന്നു… “പുലിമുരുകന്‍റെ നാട് “.അതെ പുലിമുരുകൻ എന്ന ചിത്രത്തിന് ദൃശ്വ മികവേകാൻ ഒരുപക്ഷെ ഇതിലും നല്ലൊരു ലൊക്കേഷൻ ഉണ്ടാകില്ല.പുലിമുരുകൻ എന്ന ചിത്രത്തിൽ ഏവരുടേയും മനം കവരുന്ന കാടും,വെള്ളച്ചാട്ടവും,എല്ലാം മാമ്മലക്കണ്ടത്തിന്‍റെ ചെറിയൊരു ഭാഗം മാത്രം.

മാമ്മലക്കണ്ടം വനാന്തരത്തിലൂടെ യാത്ര ചെയ്യുന്ന ഓരോ സഞ്ചാരിക്കും ലഭിക്കുന്ന അനുഭവങ്ങൾ വ്യത്യസത്ഥമാണ്. ചിലർക്ക് പാറയിലൂടെ കുതിച്ചൊഴുക്കുന്ന കാട്ടരുവിയിൽ കുളിച്ച് വെള്ളച്ചാട്ടത്തെ സ്പർശിച്ചറിഞ്ഞ്, നോക്കെത്താ ദൂരം കോടമഞ്ഞിൽ പുതച്ചു കിടക്കുന്ന മലയോരങ്ങൾ കണ്ട്, കാട്ടിൽ ഉല്ലസിച്ച് കാട്ടു തേനും കാട്ടു വിഭവങ്ങളും രുചിച്ച് കാടിന്‍റെ മക്കളോട് സൗഹൃദം പങ്കുവച്ച കഥയാണു പറയാനുള്ളത് എങ്കിൽ മറ്റു ചിലർക്ക് ആനച്ചൂരിന്‍റെ ഗന്ദമറിഞ്ഞ് കാട്ടാനകളെ കണ്ട് നടത്തിയ സാഹസിക യാത്രയുടെ കഥയായിരിക്കും. OFF ROAD DRIVING ന്‍റെ സാഹസികത ഇഷ്ട്ടപ്പെടുന്നവർക്ക് മാമ്മലക്കണ്ടത്തെ കൊയ്നിപ്പാറ Hill station മറക്കാനാവാത്ത വിസ്മയങ്ങളുടെ ഒരു കലവറ സമ്മാനിക്കും എന്നതിൽ സംശയമില്ല.

നാലു വശവും വനത്താൽ ചുറ്റപ്പെട്ട മാമ്മലക്കണ്ടം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിൽ ആണ് എന്ന് പറഞ്ഞാൽ ഒന്ന് നെറ്റി ചുളിക്കാത്ത ആരുമുണ്ടാകില്ല , കാരണം എറണാകുളം ജില്ലയിൽ ഇങ്ങനെ ഒരു വനവും ഗ്രാമവും ഉണ്ടന്ന് ആർക്കും അങ്ങനെ അറിയില്ല… കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിൽ 10-11 വാർഡകള്‍ ആണ് മാമലക്കണ്ടം, മുമ്പ് ഇടുക്കി ജില്ലയിൽ ആയിരുന്ന മാമലക്കണ്ടം ഇപ്പോൾ എറണാകുളം ജില്ലയുടെ ഭാഗമാണ്… ഇടുക്കിയുമായി അതിർത്തി പങ്കിടുന്നതും മാമലകണ്ടത്താണ്…

80 വർഷം മുൻപാണ് മാമലക്കണ്ടത് ജനങ്ങൾ കുടിയേറി പാർക്കാൻ ആരംഭിച്ചത് , കൃഷി ആവശ്യങ്ങൾക്കായി ജനങ്ങൾ കാടുകയറി ,പിന്നീട് അത് ഒരു ഗ്രാമമായി രൂപാന്തരപ്പെട്ടു… പ്രകൃതിയിൽ അനുഗ്രഹിക്കപ്പെട്ട മാമലക്കണ്ടം നാലു വശത്താലും വനത്തിൽ ചുറ്റപെട്ടുകിടക്കുന്നു എന്നത് തന്നെയാണ് മാമലക്കണ്ടത്തെ മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കാടിനു ഒരൽപം പോലും കോട്ടം വരുത്താതെയാണ് ജനങ്ങൾ ഇവിടെ ജീവിച്ചു പോരുന്നത് . ആദിവാസി സംസ്കാരം നിലനിർത്തി ജീവിക്കുന്ന ഒരുപറ്റം ആദിവാസി ഗ്രാമവും അതോടു ചേർന്ന് ജീവിക്കുന്ന നാട്ടുകാരും കേരളത്തിൽ വേറെ എവിടെയും കാണാൻ സാധിക്കില്ല , എത്ര കണ്ടാലും മതി വരാത്ത പ്രകൃതിയുടെ വരദാനമാണ് ഇവിടത്തെ വനങ്ങളും കാഴ്ചകളും..വിജനമായ വീഥികള്‍. കിളിനാദം മാത്രം അന്തരീക്ഷത്തില്‍ മുഴങ്ങി നിന്നു. മാനത്ത് വലിയൊരു മഴ മുഴങ്ങിയതോടെ, ഞങ്ങള്‍ തിരിച്ചു നടന്നു. യാത്ര പറയാന്‍ ദൂരെ ഭൂതത്താന്‍മാര്‍ കരിമേഘക്കൂട്ടങ്ങളിലൂടെ എത്തുകയാണെന്നു തോന്നിച്ചു. മഴയില്‍ നിന്നു രക്ഷതേടി ഞങ്ങള്‍ വാഹനത്തിനരുകിലേക്ക് വേഗത്തില്‍ നടന്നു.

കടപ്പാട്:- Navigator team members n Wiki.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply