വാല്‍പ്പാറ എന്ന ഏഴാം സ്വർഗത്തിലേക്ക് ഒരു ബൈക്ക് യാത്ര..!!

വാല്‍പ്പാറ… ഒരുപാടു കേട്ടിട്ടുണ്ട് ഈ സ്ഥലത്തെപ്പറ്റി. ഒരിക്കല്ലെങ്കിലും അങ്ങോട്ടേക്ക് പോകണമെന്ന് ഒരു ആഗ്രഹം എന്റെ മനസിൽ കയറികൂടിയിട്ടു നാളൊരുപാടായി… പിന്നെ ഒരു കാര്യം പറയാൻ മറന്നു… ഈ സ്ഥലത്തെപ്പറ്റി ഞാൻ ആദ്യമായി കേട്ടത് എന്റെ ചേട്ടന്റെ അടുത്തുനിന്നു തന്നെ. ഏതൊരു ബൈക്ക് റൈഡറുടെയും മനസ്സിൽ എന്നും മായാതെ കിടക്കുന്ന ഒരു റൂട്ട്… അതുതന്നെയാണ് ഒരുപാടു സ്വദേശികളെയും വിദേശികളെയും അങ്ങോട്ടേക്ക് ആകർഷിക്കുന്നതും. ചേട്ടൻ വാല്പാറയുടെ സൗന്ദര്യത്തെ പറ്റി പറഞ്ഞു കേട്ടപ്പോൾത്തന്നെ എന്നെങ്കിലും ആ യാത്ര ഞാൻ നടത്തും എന്ന് മനസ്സിൽ ഞാൻ ഉറപ്പിച്ചിരുന്നു…

അങ്ങനെ കുറെ നാളുകൾ കടന്നു പോയി.. എന്റെ ചേട്ടനും കൂട്ടുകാരും അത്യാവശ്യം യാത്രകളൊക്കെ പ്ലാൻ ചെയ്യാറും അത് നടപ്പിലാക്കാറും ഉണ്ട്‌. അതുപോലെ ഒരിക്കൽ ഒരു വൈകുന്നേരം ചേട്ടൻ കൂട്ടുകാരുമായി ട്രിപ്പ് പ്ലാൻ ചെയ്യുന്നത് ഞാൻ കേട്ടു. എന്നത്തേയും പോലെ വല്ലോ ചെറിയ ദൂരെത്തെക്കുള്ള യാത്ര ആയിരിക്കും എന്ന് ഞാൻ വിചാരിച്ചു. പിന്നീടാണ് ഞാൻ അറിഞ്ഞത് അവരുടെ ലക്ഷ്യവും എന്റെ സ്വപ്‌നവും ഒന്നാണെന്ന്.

ഇതറിഞ്ഞ നിമിഷം തന്നെ എന്നിലെ യാത്രികൻ ഉണർന്നു. എന്നാലും ഒരു പേടി..അവർ കൂട്ടുകാരൊക്കെ ആയിട്ട് പോകുമ്പോ എന്നെ കൊണ്ടുപോവ്വോന്നു. പക്ഷെ ഞാൻ ചിന്തിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ. ഞാൻ ചോദിച്ചതും അവരെന്നെ കൊണ്ടുപോകാം എന്ന് സമ്മതിച്ചു. അപ്പോഴും ഒരു പ്രശ്നം. എന്റെ ബൈക്കിൽ കൂടെ ആര് പോരും എന്ന ചോദ്യം ബാക്കി. അങ്ങനെ ഏത് ഉറക്കത്തിലും ട്രിപ്പ് എന്ന് കേട്ടാൽ ഓടി ഇറങ്ങുന്ന വീടിനടുത്തുള്ള സുഹൃത്തിനോട് ചോദിച്ചു…. അവനും റെഡി… പിന്നത്തേക്കു വച്ചിരുന്ന അല്ലറ ചില്ലറ പണികളൊക്കെ തീർത്തു ബൈക്ക് ഉം റെഡി…

അങ്ങനെ ഞങ്ങൾ തീരുമാനിച്ചുറപ്പിച്ച ദിവസം എത്തി. രാവിലെ 5 മണിക്ക് വീട്ടിൽ നിന്നും പുറപ്പെടണം എന്നായിരുന്നു തീരുമാനം. തീരുമാനിച്ചുറപ്പിച്ച പോലെ തന്നെ എല്ലാവരും സമയത്തു തന്നെ എന്റെ വീട്ടിൽ ഒത്തുകൂടി. അങ്ങനെ ഞങ്ങൾ കാത്തിരുന്ന ആ യാത്ര അവിടന്ന് തുടക്കം കുറിച്ചു. മുവാറ്റുപുഴ ഇൽ നിന്നും നേരെ പെരുമ്പാവൂറിലേക്കു. അവിടെ നിന്നും ബൈക്കിനു ഇന്ധനം നിറച്ചു. രാവിലെ തന്നെ ആയതുകൊണ്ട് നല്ല തണുപ്പുണ്ട് യാത്രയിൽ ഉടനീളം. റോഡ് ഇൽ ഒട്ടുംതന്നെ തിരക്കും ഇല്ലായിരുന്നു. ഞങ്ങളുടെ യാത്ര എം. സി റോഡില്കൂടി അങ്കമാലി ചെന്നെത്തി.

അങ്കമാലി ഇൽ നിന്നും 4 കി. മി യാത്ര ചെയ്തു ഞങ്ങൾ കരയാംപ്പറമ്പ് എത്തുകയും അവിടെനിന്നും വലത്തോട്ട് തിരിഞ്ഞ് അതിരപ്പിള്ളി -വാഴച്ചാൽ റൂട്ടിലെക്ക് കയറി. ഈ പാതയിലേക്ക് കയറിയത് മുതൽ ചുറ്റുമുള്ള കാഴ്ചകളും മാറിത്തുടങ്ങി. അതുവരെ യാത്ര ചെയ്ത റോഡുകളിൽ നിന്നും വ്യത്യസ്തമായി ചുറ്റുപാട് എങ്ങും പച്ചപ്പ്‌ കണ്ടു തുടങ്ങി. എന്നാൽ റോഡിലെ ചെറിയ രീതിയിലുള്ള കുഴികൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. കാട്ടിലൂടെ ഉള്ള യാത്ര ആകുമ്പോ ചെറിയ കുഴി ഒക്കെ ഇല്ലെങ്കിൽ എന്താ ഒരു ത്രില്ല്.ആ വഴിയിലേക്ക് കയറിയത് മുതൽ തണുപ്പും ചെറുതായി കൂടി തുടങ്ങിയിരുന്നു.അങ്ങനെ ഞങ്ങൾ അതിരപ്പിള്ളി യുടെയും വാഴച്ചാലിന്റെയും അതിമനോഹരമായ സൗന്ദര്യം പിന്നിട്ടു വാല്പാറ റൂട്ടിലേക്കുളള ചെക്‌പോസ്റ് ഇൽ ചെന്നെത്തി.അവിടെ നിന്നും പാസ് എടുത്തു ഞങ്ങൾ ഈ യാത്രയിലെ ഏറ്റവും മനോഹരമായ പാതയിലേക്ക് പ്രേവേശിച്ചു.

ഈ ചെക്‌പോസ്റ് ഇൽ നിന്നും മലക്കപ്പാറ ചെക്‌പോസ്റ് വരെ ഒള്ള 44 കി.മി ആണ് ഈ യാത്രയിൽ ഏറ്റവും അതികം ആസ്വദിക്കാൻ കഴിയുന്നത്. ചെക്‌പോസ്റ് കയറിയപ്പോൾ ഏതാണ്ടൊരു 8:30 കഴിഞ്ഞിരുന്നു.ഈ ചെക്‌പോസ്റ് ഇൽ നിന്നും മലക്കപ്പാറ ചെക്‌പോസ്റ് വരെ എത്താനായി നമുക്ക് അനുവദിക്കുന്ന സമയം 2 മണിക്കൂറാണ്. പിന്നീടായിരുന്നു ഞങ്ങളുടെ ബ്രേക്ക്ഫാസ്റ്റ്. ചെക്‌പോസ്റ് കഴിഞ്ഞു ഉടെനെ ഉള്ള ഒരു കടയിൽ നിന്നും ഞങ്ങളെല്ലാം ചായ കുടിച്ചു. ആ ചൂടൻ ചായ ഞങ്ങളുടെ എല്ലാം തണുപ്പിന് ഒരു പരിധി വരെ അവസാനം നൽകി. ആ കടയിലെ ചേച്ചി ഞങ്ങൾക്ക് ഈ വഴിയേ പറ്റി അത്യാവശ്യം വേണ്ടേ എല്ലാ കാര്യവും പറഞ്ഞുതന്നു. അവരിൽനിന്നൊരു കാര്യംകൂടി ഞങ്ങൾ മനസ്സിലാക്കി.. ഇന്നലെയുംകൂടി ഇവിടെ ആന ഇറങ്ങിയതേ ഒള്ളു എന്ന്. ഇത് ഞങ്ങളിലെ പേടിയും ആകാംഷയും ഇരട്ടിയാക്കി.

ചായ കുടിക്കു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. പിന്നീടങ്ങോട്ട് പറയാതിരിക്കാൻ വയ്യല്ലോ നല്ല അടിപൊളി റോഡ്. നിറയെ വളവുകളും തിരിവുകളും. ഞങ്ങൾ ശെരിക്കും യാത്ര ആസ്വദിച്ച് തുടങ്ങി. ഇനിയങ്ങോട്ടുള്ള റോഡ് ഇൽ ഏതുനിമിഷവും നമുക്ക് വന്യമൃഗങ്ങളെ നേരിടേണ്ടി വന്നേക്കാം. ഓരോ വളവു തിരിയുമ്പോളും നെഞ്ചിലൊരു ആധിയാണ്.
റോഡ് ഇൽ വല്ലോ ആനയും നിൽക്കുന്നുണ്ടോ എന്നോർത്ത്. പക്ഷെ ഞങ്ങൾക്ക് കുരങ്ങിനെ അല്ലാതെ മറ്റൊരു ജീവികളെയും കാണാൻ കഴിഞ്ഞില്ല. (വഴിയിൽ ഉടനീളം ആനയുടെ പിണ്ഡം കാണാൻ കഴിഞ്ഞു. ഇത് ഇവിടത്തെ ആനയുടെ സാനിധ്യം എത്രത്തോളമാണെന്നു ഞങ്ങൾക്ക് മനസിലാക്കി തന്നു.) പിന്നീടങ്ങോട്ടുള്ള വഴികളും കാഴ്ചകളും എല്ലാം ക്യാമറ ഇൽ പകർത്താനും ഞങ്ങൾ സമയം കണ്ടെത്തി.

നല്ല വ്യൂ പോയിന്റ് കളിൽ ഞങ്ങൾ നിർത്തി. അവിടത്തെ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച്.
ഫോട്ടോ എല്ലാം പകർത്തി വന്നപ്പോഴേക്കും ഞങ്ങൾക്ക് അനുവദിച്ചിരിക്കുന്ന 2 മണിക്കൂർ സമയം തീരാറായിരുന്നു. പിന്നീടങ്ങോട്ടൊരു കത്തിക്കലായിരുന്നു.(സമയത്തിനുള്ളിൽ മലക്കപ്പാറ ചെക്ക് പോസ്റ്റ് ഇൽ കയറിയില്ലെങ്കിൽ ഫൈൻ ഉണ്ടെന്നു കേട്ടിരുന്നു ). ഈ വഴിയുടെ അവസാന ഭാഗം എത്തിത്തുടങ്ങിയപ്പോഴേക്കും വഴി അൽപ്പം മോശം ആയി തുടങ്ങി.

പിന്നീട് ഞങ്ങൾ ആ സത്യം മനസ്സിലാക്കി… ഏതായാലും പറഞ്ഞ സമയത്തിനുള്ളിൽ ചെക്ക് പോസ്റ്റ് ഇൽ എത്താൻ കഴിയില്ലെന്ന്. ഞങ്ങൾ ഏതാണ്ട് ഒരു 12 മണി ആയപ്പോൾ മലക്കപ്പാറ ചെക്‌പോസ്റ് ഇൽ എത്തി. ഫൈൻ നൽകേണ്ടി വരും എന്നോർത്താണ് ചെക്‌പോസ്റ് ഇൽ ചെന്നത്. എന്നാൽ അവിടെ താമസിച്ചതിനു യാധൊരുവിധ കുഴപ്പവും ചെക്‌പോസ്റ് ഓഫീസർ പ്രേകടിപ്പിച്ചില്ല. (ചെക്‌പോസ്റ് ഇലെ ഓഫീസർ നല്ല കമ്പനി ഉം ആയിരുന്നു). അദ്ദേഹത്തോട് ഇനിയങ്ങോട്ടുള്ള കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി ഞങ്ങൾ യാത്ര തുടർന്നു.

ഇനി അങ്ങോട്ട് തമിഴ്നാട് ആണ്. പിന്നെ അധികം ദൂരം പിന്നിടുന്നതിനു മുമ്പുതന്നെ തമിഴ്നാട് പോലീസ് ചെക്‌പോസ്റ് എത്തി. അവിടെ അവർ എല്ലാവരുടെയും ലൈസൻസ് എല്ലാം പരിശോദിച്ചു. ഞങ്ങളെ പോകാൻ അനുവദിച്ചു. തമിഴ്നാട് എത്തിയത് മുതൽ കാഴ്ചകൾ വീണ്ടും മറ്റൊരു ദിശയിലേക്കു മാറിത്തുടങ്ങി. റോഡ് ഇന്ടെ വശങ്ങളിലെല്ലാം തേയില തോട്ടങ്ങൾ. നല്ല മനോഹരമായ കാഴ്ചകൾ. ചിലയിടത്തെല്ലാം ചെറിയ കുടിലുകളും കൂട്ടത്തോടെ ഉണ്ടായിരുന്നു.

അങ്ങനെ ഞങ്ങളുടെ യാത്ര ഷോളയാർ ചെന്നെത്തി. ഷോളയാർ ഡാം കാണാനായി ഞങ്ങളെല്ലാം ഇറങ്ങി. ഡാം ഇന്ടെ അടുത്തുവരെ പോകാനുള്ള അനുവാദമേ നമുക്കൊള്ളു. പിന്നീട് ഗേറ്റ് എല്ലാം വച്ച് പൂട്ടിയിരിക്കുകയാണ് . അവിടെ അൽപ്പനേരം വിശ്രമിച്ചു.ഒരുപാടു ഫോട്ടോസ് എല്ലാം പകർത്തി. കൂടെയുള്ളവർ നല്ലതുപോലെ വെറുപ്പിക്കുന്നുണ്ടായിരുന്നു. അവരുടെ വെറുപ്പിക്കലിന് ഒരു അറുതി ആയപ്പോൾ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഷോളയാർ ഡാം ഇൽ നിന്നും വാല്പാറ ടൌൺ വരെ ഏതാണ്ട് 23 കി. മി വരും. അവിടെ നിന്നും പുറപ്പെടുമ്പോളെക്കും തണുപ്പും ചൂടും കലർന്ന ഒരു കാലാവസ്ഥ ആയിരുന്നു. ഈ കാലാവസ്ഥ ആയിരുന്നു ഞാൻ ഏറ്റവും അധികം ആസ്വദിച്ചത്. ഷോളയാർ ഇൽ നിന്നും വാല്പാറക്കുള്ള വഴികളിലും നിറയെ തേയിലത്തോട്ടങ്ങളായിരുന്നു റോഡ് ഇന്ടെ ഇരു വശങ്ങളിലും. അങ്ങനെ ഞങ്ങൾ ലക്ഷ്യ സ്ഥാനമായ വാല്പാറ ടൗണിൽ എത്തി.

വാല്പാറ ടൗൺ വിചാരിച്ചതിലും വലിയ ഒരു ടൗൺ ആയിരുന്നു. അത്യാവശ്യം കടകളും, പെട്രോൾ പമ്പ് ഉം എല്ലാം ഉള്ള ഒരു ടൗൺ. അവിടെനിന്നു ഞങ്ങൾ വീണ്ടും പെട്രോൾ നിറച്ചു. ഇനി തിരിച്ചു പോകുമ്പോ പെട്രോൾ കിട്ടണമെങ്കിൽ അതിരപ്പിള്ളി എത്തണം. പിന്നീട് ഞങ്ങൾ ഒരു കടയിൽ നിന്നും ചായ എല്ലാം കുടിച്ചു ചെറിയ രീതിയിലുള്ള ഭക്ഷണങ്ങൾ ഒക്കെ കഴിച്ചു.
അതിനുശേഷം വാല്പാറ ടൌൺ ഒന്ന് കാണുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത്യാവശ്യം ടൌൺ ഒക്കെ ഒന്ന് വളയം വച്ച് ഞങ്ങൾ മടക്കയാത്ര തുടങ്ങി. 2 മണിക്ക് മുൻപ് മലക്കപ്പാറ ചെക്ക് പോസ്റ്റ് ഇൽ തിരുച്ചു കയറണം. ഇല്ലെങ്കിൽ പിന്നെ കയറ്റി വിടില്ല എന്നാണ് ഞങ്ങൾ കേട്ടത്. എന്നാൽ അധെല്ലാം ഇങ്ങോട്ടു വന്നപ്പോൾ ഞങ്ങൾ കണ്ടതുപോലുള്ള ഒരു കാര്യം മാത്രമാണെന്നും, ഉദ്യോഗസ്ഥർ അതിനൊന്നും വല്യ പ്രാധാന്യം കല്പിക്കുന്നില്ലെന്നും ഞങ്ങൾ മനസ്സിലാക്കി.

ഏതായാലും ഞങ്ങൾ ഷോളയാർ ഉം, തമിഴ്നാട് ചെക്‌പോസ്റ് ഉം എല്ലാം പിന്നിട്ടു മലക്കപ്പാറ എത്തിയപ്പോൾ സമയം 2:30 കഴിഞ്ഞിരുന്നു. ആദ്യം പറഞ്ഞതുപോലെ തന്നെ ഇവിടത്തെ ഉദ്യോഗസ്ഥർക്ക് അതൊന്നും ഒരു പ്രേശ്നമേ അല്ല. ഞങ്ങൾ മലക്കപ്പാറ ചെക്ക്പോസ്റ്റ് ഉം പിന്നിട്ടു വാഴച്ചാൽ ചെക്‌പോസ്റ് ലക്ഷ്യമാക്കി കുതിച്ചു. അങ്ങോട്ട് പോയപ്പോൾ സമയ പരിമിതി കാരണം നിർത്താത്ത പല സ്ഥലങ്ങളിലും ഞങ്ങൾ തിരിച്ചു പോയപ്പോൾ നിർത്തി. നിർഫാഗ്യവശാൽ തിരിച്ചുള്ള യാത്രയിലും ഒരു മൃഗങ്ങളെയും ഞങ്ങൾ കണ്ടില്ല. അങ്ങനെ ഏതാണ്ടൊരു 5:30 ആയപ്പോൾ ഞങ്ങൾ വാഴച്ചാൽ ചെക്‌പോസ്റ് കടന്നു. അതിരപ്പിള്ളി യിലും വാഴച്ചാലും നേരത്തെ പോയിട്ടുള്ളതുകൊണ്ട് അവിടെ കയറാതെ ഞങ്ങൾ നേരെ യാത്ര തുടർന്ന്. ഞങ്ങളുടെ അടുത്ത ലക്ഷ്യം എവിടെനിന്നെങ്കിലും ഭക്ഷണം കഴിക്കണം എന്നതായിരുന്നു. അതിരപ്പിള്ളി കഴിഞ്ഞു ഒരു ഹോട്ടൽ ഇൽ കയറി എല്ലാവരും വയറു നിറച്ചു ഭക്ഷണവും കഴിച്ചു വീട്ടിലേക്കുള്ള യാത്ര തുടർന്ന്. തുടർ യാത്രയിൽ ചെറിയൊരു പോലീസ് പരിശോധന. കൂട്ടത്തിൽ ഒരു ബൈക്കിന്റെ എമിഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ട് ഒരു 100 പോയിക്കിട്ടി.

തിരിച്ചു വീട്ടിലേക്കുള്ള യാത്ര പ്ലാന്റേഷൻ റോഡ് ഇൽ കൂടി ആയിരുന്നു. വളരെ മോശം റോഡ്. ഒട്ടും തന്നെ വണ്ടികളും ഇല്ല. അങ്ങനെ ഒരു വിധത്തിൽ ഞങ്ങൾ മലയാറ്റൂർ എല്ലാം താണ്ടി പെരുമ്പാവൂർ വഴി തിരിച്ചു മുവാറ്റുപുഴ എത്തി. ഏതാണ്ടൊരു 7:30 ആയപ്പൊളേക്കും വീട്ടിലും എത്തി.

വീട്ടിൽനിന്നും പോയി തിരിച്ചെത്തിയപ്പോളേക്കും എന്റെ വണ്ടി 300 കി. മി ഓടി കഴിഞ്ഞിരുന്നു. ഈ യാത്രക്കായി എനിക്ക് ചെലവായത് പെട്രോൾ ഇനായിട്ടുള്ള 500 രൂപയും ഭക്ഷണത്തിനായി വന്ന ചിലവുമാണ്. ചുരുക്കത്തിൽ വല്യ ചിലവില്ലാദേ വല്യ ദൂരവും താണ്ടതേ പോകാൻ പറ്റിയ ഒരു സ്ഥലം തന്നെയാണ് വാല്പാറ. പിന്നെ ഈ യാത്രയിൽ നാം അനുഭവിക്കേണ്ടി വരുന്ന ഒരു പ്രെധാന ബുദ്ധിമുട് സൂപ്പർ ബൈക്ക് കളുടെ ചീറിപ്പായലാണ്. സൂക്ഷിച്ചു നിന്നില്ലെങ്കിൽ അവ നമ്മളെയും കൊണ്ട് പോകും.

തിരിച്ചുള്ള യാത്ര പൊള്ളാച്ചി വഴി ആയിരുന്നെങ്കിൽ ഇതിലും മനോഹരമായെന്നെ… 40 ചുരങ്ങൾ കയറി തമിഴ്നാട് പൊള്ളാച്ചി വഴിയുള്ള യാത്ര അതിമനോഹരം ആയിരുനെങ്കിലും സമയക്കുറവ് കാരണം ആ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു… എന്നാലും തീർച്ച… ഒരു ദിവസം ആ വഴി പോയിരിക്കും…. ഏതായാലും ഉദ്ദേശിച്ചതിലും ഭംഗിയായി ഞങ്ങളുടെ യാത്ര പൂർത്തി ആക്കാൻ ദൈവം ഞങ്ങളെ സഹായിച്ചു. ഇനിയും ഇതുപോലുള്ള യാത്രകൾക്കായി ഞാൻ കാത്തിരിക്കും……

വിവരണം – ബിബില്‍ ഷാജു.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply