ഇന്ത്യയുടെ അവസാനത്തെ ഗ്രാമത്തിലേക്ക് ഒരു യാത്ര !!!

1971 ഡിസംബർ പതുമൂന്നിനു പാക്കിസ്ഥാനിൽ ഉറങ്ങിയ തുർ-തുക്ക് എന്ന കൊച്ചു ഗ്രാമം 1971 ഡിസംബർ പതിനാലിന് ഇന്ത്യയിൽ എഴുനേറ്റു . രാഷ്ട്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ഫലമായി വരക്കപ്പെടുന്ന വരക (LAC –LINE OF ACTUAL CONTROL) കളുടെ മുറിവുകൾ ഏറ്റുവാങ്ങിയ ഒരു ജനത ,അവർക്ക് ത്രിവർണ പതാകയും ,പച്ച പതാകയും ഉയർത്തുബോൾ എല്ലാം നഷ്ടപെട്ടത്തിന്റെ നിസംഗത യാണ്. കാറകോറം മലനിരകൾ ക്കിടയിലൂടെ നീലനിറത്തിൽ ഒഴുകുന്ന ഷായോക്ക് നദീതീരത്തെ തുർ-തുക്ക് എന്ന ഗ്രാമത്തിലേക്ക് നടത്തിയ ബൈക്ക് യാത്ര , ഇന്ത്യ യുടെ അവസാനത്തെ ഗ്രാമത്തിലേക്ക് !!!!

ഇപ്പോഴെത്തും ,പെട്ടെന്ന് എത്തും എന്ന പ്രതീക്ഷയിൽ നേരം പുലരുന്നതിനു മുൻപ് ഓടിക്കാൻ തുടങ്ങിയതാണ് ,സമയം ഉച്ചകഴിഞ്ഞിരിക്കുന്നു , ഒരിക്കലും അവസാനിക്കാത്ത റോഡ് നീണ്ടുകിടക്കുന്നു , തലേദിവസം പതിനാലു മണിക്കൂർ വണ്ടി ഓടിച്ചാണ് ഹുന്ദർ ഗ്രാമത്തിൽ എത്തിയത് . ഇന്നിതാ വീണ്ടും , നീണ്ട യാത്രയിൽ , പോകുന്നവഴികളിൽ മനുഷ്യവാസം ഉണ്ടെന്ന് തിരിച്ചറിയുന്നത് പട്ടാളക്യാമ്പുകൾ കാണുമ്പോഴാണ് കാരണം നുബ്ര യിലെ ബൌധ ഗ്രാമങ്ങൾ എല്ലാം തന്നെ കഴിഞ്ഞിരിക്കുന്നു. ഇടക്ക് വിമാനങ്ങൾ ,ഹെലികോപ്റ്റർ എന്നിവയുടെ ഡ്രില്ലിംഗ് പ്രകടനങ്ങൾ കാണാം. പിന്നെ ഒരു തീവണ്ടി പോലെ വരിവരി യായി പോകുന്ന പട്ടാള ലോറികൾ , മെല്ലെ പോകുന്ന അവരെ കടന്നുപോവുക മറ്റൊരു ബുദ്ധിമുട്ടാണ്.

ഒരുപക്ഷെ ഇ യുദ്ധ സന്നാഹങൾ കണ്ടു പോകുന്നത് കൊണ്ടായിരിക്കും ഇവിടെ വരാൻ സർക്കാരിന്റെ പ്രത്യേക അനുമതി വേണ്ടി വന്നത് (PAPR-Protected area permit regime) അനുമതി വാങ്ങാൻ പോയപ്പോൾ പല സംശയങ്ങൾ ആയിരുന്നു. ഇവർ ഇനി ഞാൻ പാക്കിസ്ഥാൻ ചാരനുമാണെന്ന് തെറ്റിദ്ധരിക്കുമോ , ക്രിക്കറ്റ് വേൾഡ് കപ്പ് നടക്കുമ്പോൾ ഒരു ഹരത്തിന് ഞാൻ പാക്കിസ്ഥാനെ ഒത്തിരി പിന്തുണച്ചതല്ലാതെ മറ്റു പരിചയങ്ങൾ ഒന്നും എനിക്കാ രാജ്യവും മായിട്ടില്ല . എന്തായാലും കേരളത്തിൽ ഒരു വനം സന്ദർശിക്കാൻ അനുമതി ലഭിക്കേണ്ട കഷ്ടപ്പാടി നെക്കാളും നൂറു ഇരട്ടി ലളിതമാണ് പാക് -ചൈനീസ് അതിർത്തി ഗ്രാമങ്ങൾ സന്ദർശിക്കാനുള്ള അനുമതി.

കലങ്ങി ഒഴുകുന്ന ഷായോക്ക് നദീതീരത്തുകൂടി , വൻ പാർവത ഇടുക്ക്കളിലൂടെ ചില ഇരുമ്പ് പാലങ്ങൾ എല്ലാം കയറി ഞങ്ങൾ മുന്നോട്ടുപോയി , പണ്ട് ഏഴാം ക്ലാസ്സിൽ സാമുഹ്യപാട ത്തിൽ കാറകോറം മലനിരകളെ കുറിച്ച് പറഞ്ഞപ്പോൾ ഇതിനിടയിലൂടെ യാത്ര ചെയ്യുന്നത് സ്വപ്നം പോലും കണ്ടില്ലായിരുന്നു . വളരെ ദൂരെ ഗോതമ്പ് -ബാർലി പാടങ്ങൾ കണ്ടു തുടങ്ങി , ഒരു വൻ വൃക്ഷത്തിന്റെ താഴെ പുല്ലു മുളച്ചതു പോലെ വലിയ പർവതത്തിനു താഴെ പച്ചപൊട്ടുകൾ പോലെ ഗ്രാമങ്ങൾ ,ഇറുകിയ കണ്ണും പതിഞ്ഞ മൂക്കുമുള്ള ജനങ്ങളിൽ നിന്നും നീണ്ട മൂക്കും വിടർന്ന കണ്ണും ഉള്ള ജനങ്ങളിലേക്ക് എത്തിയിരിക്കുന്നു ,ഞങ്ങൾ ബാൾട്ടീ ഗ്രാമങ്ങളിൽ എത്തിയിരിക്കുന്നു.

നേരത്തെ പറഞ്ഞ റോഡ് അവസാനിക്കുകയാണ് ,മൂന്നു കിലോമീറ്റർ കൂടികഴിഞ്ഞാൽ പാകിസ്താൻ ആയി , മുന്നോട്ട് സഞ്ചാരികൾക്ക് പ്രവേശനമില്ല എന്ന ബോർട് കണ്ടു എന്നാൽ മുകളിലീക്കുള്ള ചെറിയ റോഡ് ഗ്രാമത്തിലേക്ക് കടന്നു പോകുന്നു , അവിടെ ഒരു തടിപാലം ഗ്രാമത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു , ടൂറിസ്റ്റ്കൾക്ക് വേണ്ടി പുതുതായി തുറന്ന ഒരു ചായക്കടയും എന്നാൽ ലടാക്കിലെ മറ്റു സ്ഥലങ്ങളിലെ പോലെ തിരക്ക് ഇല്ല , ഫ്രഷ് ആയി ഉണ്ടാക്കിയ നാടൻ ഭക്ഷണവും കഴിച്ചു പുറത്തേക്കിറങ്ങി , തടിപാലത്തിന്റെ ഒരു ഭാഗം യുൾ എന്ന ഗ്രാമവും മറ്റേ ഭാഗം ഫരൂൾ എന്നഗ്രാമവും യുളിൽ പച്ചക്കറി തോട്ടങ്ങൾ ആണെങ്കിൽ ഫരൂളിൽ ധാന്യങ്ങൾ ആണ് .തെളി നീരോഴുകുന്ന പുഴയെ കടന്നു ഫരൂളിലേക്ക് നടന്നു , അവിടവിടെ കായിച്ചു നില്ക്കുന്ന അപ്രി കൊട്ട് മരങ്ങൾ ,ആപ്പിൾ ചെടികൾ കൊണ്ടുള്ള വേലികൾ ,കല്ലുപാകിയ ചെറിയ ഇടവഴികൾ ,പതുകെ ഒരു കാൽപനിക ലോകത്തിലേക്ക് നടക്കുന്ന പ്രതീതി ,പുഴയുടെ ശബ്ദം ,പിന്നെ എല്ലാ ഇടവഴിയിലും വീടുകളിലീക്ക് വേണ്ട വെള്ളം തിരിച്ചുവിടുന്ന ചാലുകൾ , . മൊത്തതിൽ അകിര കുറ വസോവ -സിനിമാ-ഡ്രീം രംഗങ്ങൾ പോലെ….

ദൂരെ നിന്നും ഒരു മുത്തശ്ശിയും കുറെ കുട്ടികളും നടന്നുവരുന്നു , ഞങ്ങലെ കണ്ടപ്പോൾ കുട്ടികൾ ഓടിവന്നു , ചുവന്ന കവിളുകളും നേരിയ ചെമ്പൻ മുടിയുമുള്ള അവർ ചില്ലറ ഇംഗ്ലീഷ് വാക്കുകൾ ഉറക്കെ പറയുന്നു , ഞങ്ങളും പറഞ്ഞു ജൂലെ – ലദാക്കി വിഷിങ്ങ് ആണ് ജൂലെ ,പിന്നെ കുട്ടികൾ ആയി ഞങ്ങളുടെ വഴി കാട്ടി , മനോഹരമായ ചില ഭവനങ്ങളും പൂത്തുലഞ്ഞു നിൽക്കുന്ന ബാർലി തോട്ടങ്ങളും അതിനെ തഴുകി നിൽക്കുന്ന ഇൻഡിഗോ പൂക്കളുടെ കടന്നു പോകുന്നു, പുഴയുടെ ശബ്ദം കുറഞ്ഞു പക്ഷെ കാറ്റും ബാര്ളിതോട്ടങ്ങളുടെ ഗന്ധവും ചെറുതായി ഒന്ന് മത്തുപിടിപ്പിച്ചു , ഗ്രാമത്തിന്റെ അവസാനതെത്തി തടികൊണ്ട് ഉണ്ടാക്കിയ ഒരു കൊച്ചു പള്ളി 1690 ഇൽ നിർമിച്ചതാണ് ഇ പള്ളിയെന്നും രണ്ടു ഗ്രാമത്തിനും ഓരോ പള്ളികൾ വീതം ഉണ്ടെന്നും ഞങ്ങൾ പിന്നീട് അറിഞ്ഞു .

വിശാലമായ ഗോതമ്പ് തോട്ടങ്ങൾ ഒഴിവാക്കിയാൽ ഫ രുളിനു മൊത്തം ഒരു കിലോമീറ്റർ നീളം ഉണ്ട്നു തോന്നുന്നു , തിരിച്ചു നടന്നു യുൾ എത്തി , യുളിലെ വഴികൾ കൂടുതൽ ഇടുങ്ങിയതാണ് , പഴയ കൽ വീടുകളും ധാരാളം പച്ചക്കറിത്തോട്ടങ്ങളും ഇവിടെ കാണാം , കാബേജ് ,കോളി ഫ്ലവർ ,തക്കാളി അങ്ങനെ പോകുന്നു , വീടുകളുടെ മേൽ കൂരകളിൽ അപ്രികോട്ട് പഴങ്ങൾ ഉണക്കുന്നു ,ഒരു ഔഷധ മണം , കൃഷി സാധനങ്ങൾ ഉരുക്കുന്ന ഒരു കൊല്ലനെയും കൂടെ വർത്തമാനം പറഞ്ഞിരിക്കുന്ന ചില വ്രദ്ധജനങ ളെയും കണ്ടു അവസാനം യുളിലെ പള്ളി എത്തി , തടികൊണ്ടുട്ടാക്കിയ പള്ളി ,ശേഷം കുട്ടികൾ കുറാവയിരുന്നു എന്നാൽ നാണക്കാരനായ ഒരു ബാലനെ കണ്ടു , അതികം മിണ്ടാത്ത അവൻ കല്ലുകൊണ്ടുടാക്കിയ ഒരു കിടങ്ങ് ,കയ്യിടാൻ പറഞ്ഞു മരവിക്കുന്ന തണുപ്പ് , മഞ്ഞുകാലത്ത് പച്ചക്കറികൾ സൂക്ഷിച്ചു വെക്കുന്ന നാടൻ ഫ്രിഡ്ജുകൾ ആണത്.

നേരം സന്ധ്യാ മയങ്ങി ,കുറെ മണിക്കൂറുകൾക്ക് ശേഷം ഒന്നുരണ്ടു സഞ്ചാരി കളെ കണ്ടു , ഗുജറാത്തികൾ ആണെന്നു തോന്നുന്നു പിന്നെ ഒന്നുരണ്ടു വിദേശികളും കേണൽ മാർ നടത്തുന്ന ചില ഹോം സ്റ്റേ കൾ മാത്രമാണ് താമസ ആശ്രയം. മൾബറി ചെടികളുടെ അടുത്ത് ചെറിയ തീ കായലുമായി ഇരിക്കുന്നു ,കൊറിക്കാനായി മൾബറി പഴങ്ങളും ,ചില്ലറ നാട്ടു വിശേഷങ്ങളുമായി നമ്മുടെ കേണലും എത്തി , സ്ഥിരം പറ്റാലബാടായി കളാണ് പ്രതീക്ഷിതെങ്കിലും അനുഭവം തിരിച്ചായിരുന്നു , ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവതം നൂറു കിലോമീറ്റർ അടുത്താണെന്നും ഉർദു ,ലടാക്കി ,ഹിന്ദി ഭാഷകൾ സംസാരിക്കുന്ന ഗ്രാമവാസികൾ മംഗോളിയൻ മിശ്രിത ആര്യൻ മാരാണെന്നും എന്നാൽ ഇറാൻ -ടിബറ്റ് -റ്റാർദ് മൈഗ്രേഷൻ ഫലമായി ഉടലെടുത്ത ബാൾട്ടിസ്ഥാൻ ഭരണത്തിൽ കീഴിൽ ആയതുകൊണ്ടാണ്‌ ആയിരത്തിലേറെ വർഷം ഇ ഗ്രാമങ്ങൾ നിലനിന്നതു പറഞ്ഞു ചർച്ചകൾ തുടങ്ങി .

വടക്ക് തുർക്കി സ്ഥാൻ ദേശത്തിന്റെ പിൻതുടർച്ചവകാശി യഗ്ബൊ മോദ് ഖാൻ ഭരണമായിരുന്നു തൻറെ ഗ്രാമത്തിന്റെ സുവർണകാലഘട്ടവും അന്ന് പട്ടുപാത വ്യാപാരങ്ങൾ ചൈനയിലെ ക്സിജിയാങ്ങ് തുടർന്നു മംഗോളിയ വരെ കടന്നു പോയത് ഇതിലേ യാണെന്നും മെല്ലാം ഞങൾ കേൾട്ടു .ഗ്രാമവാസികൾ എല്ലാവരും തന്നെ മുസ്ലിങ്ങൾ ആണെന്നും (നുബ്രകഷി മുസ്ലിം ) എന്നാൽ തങ്ങൾ ദലൈലാമയെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞു. ലഡാക്ക്ഗ്രാമങ്ങളിലെല്ലാം ജാതിമതഭേത മന്യേ എല്ലാവരും ദലൈലാമയെ ബഹുമാനിക്കുന്നു ,ആരാധിക്കുന്നു .

അതിശൈത്യം ഉണ്ടാകുന്ന മേഖലയായത് കൊണ്ട് പ്രകൃതിയോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു ജീവിതമാണ് ഇവരുടേത് , എന്നാലും ശരാശരി നൂറു വയസ്സ് വരെ ആയുസ്സ് ഉണ്ട് ,ഒരുപക്ഷെ അവരുടെ ഭക്ഷണരീതി തന്നെ യായിരിക്കാം ഇ ആരോഗ്യം നിലനിർത്തുന്നത് . ബക്ക് വീറ്റ് (കുതിരക്കു കൊടുക്കുന്ന ഗോതമ്പ് ) കൊണ്ട് രണ്ടുതരം റൊട്ടി ഉണ്ടാക്കും ,മസ്കുറ്റ് -കിസിർ അതിന്റെ കൂടെ വെയിലത്ത് ഉണക്കിയ തക്കാളിയും വാൾ നട്ടും (അക്രോട്ടുമരം ) വെളുത്തുള്ളി ചമ്മന്തി യും ബാർലി പോറിജ്ജ്, പിന്നെ റ്റസ്മിക് ഇലകൾ വിതറിയ കട്ടി തൈരും . കൂടെ അപ്രി കൊട്ട് -മൾബറി പഴങ്ങളും. ഞങളുടെ ഭക്ഷണം റെഡിയായി, കൂടെ രണ്ട് വിദേശ സഞ്ചാരികളും ചേർന്നു.

ഒരു മിശ്രിത ശൈലി , ബ്രെഡും ,റൊട്ടിയും , ചൌമീനും എല്ലാം കൂടി , കേരളത്തിൽ നമ്മൾ ചോറ് കഴിക്കുന്നത് പോലെ യാണ് ടിബറ്റൻ മേഖലയിൽ ചൌമീനും ,മോമോസും . ചൌമീൻ എന്നാൽ നൂഡിൽസ് വറുത്തു അതിൽ പച്ചക്കരികളോ ,ഇറച്ചി വിഭാവങ്ങളോ ചേർത്ത് ഉണ്ടാക്കുന്ന ആഹാരം . ഭക്ഷണത്തിനിടയിലാണ് അതിർത്തി വിഷയങ്ങൾ കടന്നു വന്നത് . കേണലിന്റെ സുഹ്രതും അപ്പോൾ അവിടെ വന്നിരുന്നു . അവർക്ക് കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലെങ്കിലും ഞങളുടെ ആകാംക്ഷ അവരെ കൊണ്ട് സംസാരിപ്പിച്ചു .

അവർ ഇന്ത്യ രാജ്യത്തെ ബഹുമാനിക്കുന്നു വെന്നും കാർഗിൽ യുദ്ധത്തിൽ പർവതാരോഹണത്തിൽ പ്രസിദ്ധരായ ഈ ഗ്രാമങ്ങളിലെ ജവാൻമാർ പങ്കെടുത്തുവെന്നും തണുപ്പ്കാലത്തും പിന്നെ ആർമിയിൽ തൊഴിൽ നൽകിയും നമ്മുടെ രാജ്യം അവരെ സംരക്ഷി ക്കുന്നുവെന്നും ലടാക്കിലെ മറ്റു ഗ്രാമഗളെ ക്കാൾ പ്രാധാന്യം നമുക്ക് ലഭിക്കുന്നു വെന്നും കേണൽ പറഞ്ഞു .എന്നാൽ തന്റെ സുഹ്രത്ത് പറഞ്ഞത് വിഭജനം വിതച്ച ദുരന്തവും ,ശേഷമുള്ള രണ്ടു വ്യാഴവട്ടക്കാല മുള്ള ജീവിതവും ഒരുപേ ക്കിനാവ് പോലെ ഇന്ം അവരെ വേട്ടയാടുന്നുവെന്നാണ്.

പോണി കുതിരകളെയും , ബക്റ്റ്രിയൻ ഒട്ടകങ്ങലുടെയും വ്യാപാരം നടത്തകയും ,ധാരാളം ഗൊതംബ് ,പച്ചക്കറികൾ എന്നിവ കൃഷി ചെയ്തും ജീവിച്ച ഒരു ഗ്രാമം ആയിരുന്നു അവരുടേത്. ചൈനയിലേക്കും ,മംഗോളിയിലേക്കും പ്രധാന പാതകൾ പോകുന്ന ഒരു സുപ്രധാന ബാൾട്ടി പാകിസ്ഥാനി ഗ്രാമം .ഓരോ കുടുംബത്തിനും 35000 രൂപ വരെ വർഷികവരുമാനം കിട്ടിയ സമ്പന്ന ഗ്രാമങ്ങൾ ,ആറുമാസം കൊണ്ട് അഞ്ചു ലക്ഷം രൂപ വരെ സമ്പാദിക്കുന്ന വിദ്വാൻ അവരുടെ ഇടയിൽ ഉണ്ടായിരുന്നു . ബാൾട്ടി നൃത്തവും , സംഗീതവും , തുണികൊണ്ടുള്ള കരകൌശലവും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു .

ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത ഒരു രാത്രി അവരുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചുതങ്ങളുടെ രാജ്യം (pak) കിഴക്കേ പാകിസ്ഥാനുമായുള്ള (ബംഗ്ലാദേശ് ) വിഭജനം നടക്കുന്ന സമയം , മേജർ ചി വാങ്ങ് റിംഗ് ചെൻ പതിനാലു ദിവസം നീടുനിന്ന ദൗത്യത്തിൽ ഇന്ത്യൻ ആർമി 24 കിലോമീറ്റർ മുന്നേറി 804 ചതുരശ്ര കിലോമീറ്റർ വരുന്ന നാല് ബാൾട്ടി ഗ്രാമങ്ങൾ പിടിച്ചെടുത്തു . അങ്ങനെ ദൊതങ്ങ് ,ത്യാക്ഷി ,ചാലുങ്ങ്ക ,തുർതുക്ക് എന്നീ ഗ്രാമങ്ങൾ ഇന്ത്യൻ സൈഡ് ഓഫ് ബാൾട്ടി സ്ഥാൻ ആയി 1 9 7 2 ഷിംല accord പ്രകാരം പുതിയ നിയദ്രണ രേഖ നിലവിൽ വന്നു. ഇന്ത്യൻ ആർമി പിടിച്ചടക്കുന്ന രാത്രി ഗ്രാമം മുഴുവനും Nullah gorge അഭയം പ്രാപിച്ചു , വെള്ളകൊടികളും ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്ന വാക്യം ഭയത്താൽ മോഴിജുട്ടടാകാം ,എന്നാൽ ഇന്ത്യൻ ആർമി സ്വന്തം സഹോദരങ്ങളെ പോലെയാണ് അവരെ കണ്ടതെന്നും ഇന്ത്യൻ ആർമി യുടെ സഹകരണം വിലമതിക്കാനവതതീനൂം ഓർമ്മകൾ.

ഇന്ത്യക്ക് ലഭിച്ച ഈ വലിയ നേട്ടം ബാൾട്ടി ഗ്രാമവാസികൾക്ക് ഒരു അപ്രദീക്ഷിത ദുരന്തം ആയിരുന്നു . അവരുടെ ഉപജീവനമാർഗമായിരുന്ന കൃഷിയും കാലി വ്യാപാരവും പൂർണമായി നിലച്ചു ,അവരുടെ ഭൂമി മുഴുവൻ രാഷ്ട്രം ഏറ്റെടുത്തു. അവരുടെ കൃഷി ഭൂമികൾ തരിശായി കൊണ്ടിരുന്നു. സ്വന്തമായി ഭൂമി യുടായിരുന്നവരുടെ ആധാരവും മറ്റും പാകിസ്ഥാനിലെ സ്കർദുവിൽ ആയതുകൊണ്ട്അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല . തൊഴിൽ നഷ്ടപെട്ട യുവാക്കൾ ഭാരം കൂടിയ യുദ്ധ ഉപകരണങ്ങൾ വൻ പർവതങ്ങളുടെ മുകളിലേക്ക് കയറ്റുക എന്ന അപകടം പിടിച്ച ജോലികളിൽ എർപെട്ടു. കാലികൾ പലതും അതിര്‍ത്തിരേഖക്കടുത്തുള്ള തെരുവ് പട്ടികളുടെ ഭക്ഷണമായി. വിഭജനം എന്താണെന്ന് കാര്യമായി മനസിലാകാത്ത ചില അമ്മമാർ അതിർത്തിയിലേക്ക് ഓടി പോകുമായിരുന്നു. അഞ്ചു വയസ്സുമാത്രം പ്രായമുള്ള മുഹമ്മദലി തന്റെ അമ്മുമ്മയുടെ കൂടെ വീട്ടിൽ ഇരുന്നപ്പോഴാണ് രക്ഷിതാക്കളും സഹൊദരങ്ങളും തൊട്ടടുത്ത ഫ്രാനു ഗ്രാമത്തിലേക്ക് പോയത് . പിന്നീട് വളരെ ദൂരെ അവനു അവനു ആ ഗ്രാമം കാണാമായിരുന്നു. വിഭജനം എന്താണെന്നറിയാത്ത അവൻ പക്ഷികളും ഷായോക്ക് നദിയും അവന്റെ ഉറ്റവരുടെ അടുത്തേക്ക് പോകുന്നത് കണ്ടു. ഒരിക്കൽ ബാനോ എന്ന യുവതി ഷായോക്ക് നദിയിൽ വീഴുകയും അവരുടെ ജഡം പാകിസ്താൻ ആർമിയിൽ ജോലി ചെയ്യുന്ന അവരുടെ ഭർത്താവ് ഗുലാം ഖാദറിനു ലഭിക്കുകയും ചെയ്തു . ചില പഴയകാല ബോളിവുഡ് സിനിമകളെ വെല്ലുന്ന ജീവിതാനുഭവങ്ങൾ. തികച്ചും രാജ്യ സ്നേഹിയായ എന്നെ ഇവരുടെ അനുഭവങ്ങൾ അസ്വസ്ഥനാക്കി.

അന്നത്തെ ഉറക്കത്തിലും വിഭജനത്തിന്റെയും യുദ്ധത്തിന്റെയും മുറവിളികൾ പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കുന്നതുപോലെ. അല്ലെങ്കിലും ഇതു പോലുള്ള ദുരന്തങ്ങളിൽ ഒരു സാധാരണക്കാരന് നിസ്സഹായനായി നോക്കിനില്കാനല്ലാതെ എന്ത് ചെയ്യാൻ പറ്റും? പിന്നീടു പത്രങ്ങളിൽ കാണുന്ന യുദ്ധ വിജയങ്ങളിൽ പലപ്പോഴും ഓർ ക്കാറുള്ളത് ഇതു പോലെയുള്ള ഗ്രാമങ്ങളെയും . 2013 SEP 2 7 നു ലഡാക്ക് ന്യൂസ് പേപ്പർ ആയ രാങ്ങ്യുൽ കണ്ട ഒരു വാർത്ത യാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. (Mother and Son Reunite after 43 years . Rangyul News paper Sep 27,2013 By Alishan ) ലോകം ഒരൊറ്റ ഗ്രാമം ആയിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് തന്റെ അമ്മയെ കാണാൻ ജന്മനാട്ടിലെക്ക് ഒരുമാസത്തെ വിസയുമായി പാകിസ്താനിൽ നിന്നു വന്ന ബഷീറിന്‍റെ വാർത്ത . അദ്ദേഹം ഇപ്പോൾ ഡൽഹിയിലെ അംബെത്കർ ബസ് സ്റ്റേഷനിൽ നിൽക്കുന്നു.

വിഭജന സമയത്ത് ബഷീർ പാക്കിസ്ഥാനിലെ സ്കർദുവിൽ ആയിരുന്നു ,ഗർഭിണിയായ ഭാര്യ ആമ്ന ഇന്ത്യയിലും ,നീണ്ട നാല്പത്തൊന്നു വർഷം കാണാത്ത അവർ സ്കർദു റേഡിയോ സ്റ്റേഷനിലൂടെ അവിടെ ജോലിചെയ്യുന്ന ബഷിര്ന്റെ ശബ്ദം കേൾക്കാരുണ്ടായിരുന്നു , ഇന്നു ബഷിര്ന്റെ മകൾ സുലേഖ ക്ക് നാല്പത്തൊന്നു വയസ്സ് ,ബഷിര്ന്റെ അമ്മക്ക് 80 വയസ്സ്. ഒരു മാസം ബഷീർ കുടുംബാഗലോടൊപ്പം ഉണ്ടാകും ,തദ്ദേശ വാസികൾക്കുമാത്രം സഞ്ചരിക്കാൻ സ്കർദു -കാപ്ലു റോഡ് തുറക്കണമെന്ന് ഇന്നും മുറവിളികൾ ഉയരുന്നു.

സൗദിയിലെ വിരസതയാർന്ന ജോലിക്കിടയിൽ ഈ ലേഖനം എഴുതുമ്പോൾ ഒരു നിമിഷം ബന്യാമിൻ പറഞ്ഞത് ഓർത്തു പോയി . നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്. വിഭജനത്തിനുശേഷം ഏതാണ്ട് രണ്ടു വ്യാഴവട്ടക്കാലം തുർ തുക്ക് ജീവിതം ദുരിതപൂർണമായിരുന്നു. ഒരു ദ്വീപിൽ അകപെട്ടപോലെയുള്ള ജീവിതം. എന്നാൽ 1999 ഇൽ തുർ തുക്കിൽ പുതിയ വെളിച്ചം വീശി. ജനറൽ അർജുൻ റോയ് ഓപ്പറേഷൻ സംഭാവന ഗ്രാമാവാസികള്‍ക്കുവേണ്ട സ്കൂളുകള്‍ ,കമ്പ്യൂട്ടർ പഠനകേന്ദ്രം ,ആതുരസേവനം, റേഷൻ, അവരുടെ പള്ളികൾ സംരക്ഷിക്കാനുള്ള തുക, റോഡുകൾ ,പാലങ്ങൾ ,ബസ് സർവീസ് എന്നിവയെല്ലാം തുടങ്ങി. ലദ്ദാക് സ്കൌട്ടിലെ നല്ലൊരു ശതമാനം പേർക്ക് പട്ടാളസേവനത്തില്‍ ജോലി ലഭിച്ചു.

രാവിലെ എഴുനേറ്റു നടക്കാനിറങ്ങിയ ഞങളെ ഒരു ഫാക്ടറി കാണിച്ചു തരാമെന്നു തദ്ദേശ വാസി പറഞ്ഞു. ഇത്രയും സുന്ദരമായ ഗ്രാമത്തിൽ ഫാക്ടറിയോ? നെറ്റിചുളിവോട് കൂടി പോയങ്കിലും സ്ഥാപനം രസകരമാണ്. ഒരു മനുഷ്യനും ഒരു യന്ത്രവും… നമ്മുടെ നാട്ടിലെ പൊടിമില്ലുകൾ പോലെ. ഇങ്ങനെയായാലും തുർ തുക്ക് വികസിക്കുകയാണ് . മൾബറി തോട്ടങ്ങളുടെ ഇടയിലും പുതിയ കൂടാരങ്ങൾ ഉയരുന്നു.. അങ്ങനെ വളര്ന്നുവരുന്ന ഇന്ത്യയുടെ കൂടെ വളർന്നു വരുന്ന ഇന്ത്യയുടെ കൂടെ തുർ തുക്കും വികസിക്കുന്നു. simple, sustainable ,inspiring.. ഈ ഗ്രാമത്തെക്കുറിച്ച് എന്‍റെ കൂടെയുണ്ടായിരുന്ന സായിപ്പിന്‍റെ വര്‍ണനയാണിത്‌. ഒരിക്കല്‍ക്കൂടി വരണം ഈ സുന്ദര ഗ്രാമത്തിലേക്ക്. വന്നപൊലെയല്ല ,തിരിച്ചു പോകും നേരം വേഗം എത്തും. എതോരുയാത്രയുടെയും ഏറ്റവും സുന്ദരനിമിഷം വീട്ടിലേക്കുള്ള തിരിച്ചുവരവ് തന്നെയല്ലേ , നിർത്താതെ റോഡ്-റെയിൽ മാർഗം യാത്ര ചെയ്താൽ 8 ദിവസം കോഴിക്കോട് എത്താം , യാത്ര തിരിക്കുന്നു.

യാത്രപറയാൻ ചിലരൊക്കെ സ്വന്തം നാട് ചോദിച്ചത് കൂട്ടുകാർ മുംബൈ എന്നും ഞാൻ കേരളമെന്നും പറഞ്ഞു. അത്ഭുതമെന്നു പറയട്ടെ ഇ ഗ്രാമത്തിലുള്ള ഒട്ടുമിക്കവർക്കും കേരളം അറിയാം. അന്വേഷിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത് 2010 ലഡാക്ക് പ്രളയം നാശം വിതച്ചപ്പോൾ ബാൾ ട്ടി ഗ്രാമ ങ്ങളിൽ മേഘ സ്പോടനം ഉണ്ടായി അപ്പോൾ നമ്മുടെ പ്രതി രോധ മന്ത്രി എ കെ ആന്റണി തൊട്ടടുത്ത ഗ്രാമം ആയ, ത്യാക്ഷി യിൽ വരുകയും രക്ഷ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു …. ലോകത്തിന്റെ എതുമൂലയിൽ പോയാലും മലയാളി സാന്നിധ്യം ഉണ്ടാകുമെന്ന് സഹയാത്രികരായ രണ്ടു ഗുജരാത്തി കളോട് പറഞ്ഞു യാത്ര തിരിച്ചു.

NB: ദേശസ്നേഹവും , രാജ്യം കാക്കുന്ന ജവാൻ മാരോട് ഉള്ള ആദരവും പൂർണമായി ഉൾക്കൊണ്ടു കൊണ്ട് … എന്നാൽ ഭൌതീകമായ അതിർവരമ്പുകൾ നിർണയിക്കുബ്ബോൾ അവിടെ കാണാതെ പോകുന്ന ചില യാഥാര്‍ഥ്യങ്ങള്‍ തുറന്നു കാട്ടുക എന്നത് മാത്രമാണ് ഇവിടെ ഉദ്ദേശിച്ചത്.

വിവരണവും ചിത്രങ്ങളും – സനത് ബി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply