കൂട്ടുകാരിയ്ക്കായി..അവളോടൊപ്പം..ഒരു ഹിമാലയൻ യാത്ര…

വിവരണം – അനു ജി.എസ്.

നിനക്കായ് സഖീ ഈ യാത്ര !!! Delhi YWCA ഹോസ്റ്റൽ വരാന്തയിലൂടെ വെറുതേ നടക്കുമ്പോ കണ്ടു മുട്ടിയതാണ് ഞാൻ അവളെ . ആ സൗഹൃദം വളർന്ന് പന്തലിച്ച് അങ്ങ് khajjiar വരെ എത്തും എന്ന് ആര് അറിഞ്ഞു. ഹിമാചലിലേയും ഉത്തരാഖണ്ഡിലേയും ട്രെക്കിംഗ് കഥകൾ പറയുമ്പോ വളരെ ആകാംക്ഷയോടെ ആണ് എന്നും അവൾ അതൊക്കെ കേട്ടിരുന്നത്.മലയും, കാടും, കുന്നും, മഞ്ഞും, പാലരുവിയും ,പൂക്കളും നിറഞ്ഞ ഹിമാലയൻ കഥകൾ പറയാൻ എനിയ്ക്കും .. അതിലേറെ കേൾക്കാൻ അവൾക്കും ആവേശമായിരുന്നു.

അങ്ങനെ ഒരു രാത്രി അവൾ എന്നോടു പറഞ്ഞു – എനിയ്ക്കും പോകണം മല കാണാൻ ,എനിയ്ക്കും കാണണം Himalayas, എനിയ്ക്കും മല കയറണം. ആദ്യം ഞാൻ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത് .പിന്നെ തോന്നി- ഞാൻ കൊണ്ടുപോയില്ലേൽ പിന്നെ ആരാ അവളെ കൊണ്ട് പോവുക.. ഉറ്റ സുഹൃത്ത് എന്ന് പറഞ്ഞിട്ട് പിന്നെ എന്താ കാര്യം.. പോകണം.. അവളെ കൊണ്ട് പോകണം.. മനസ്സിൽ ഉറപ്പിച്ചു. ഡൽഹിയുടെ പല ഭാഗത്തും ഞങ്ങൾ പോയിട്ടുണ്ടെങ്കിലും ഡൽഹിക്കു പുറത്തേക്കുള്ള പ്ലാൻ ഇതാദ്യമായിരുന്നു.

അടുത്ത ദിവസം ഓഫീസിൽ പോയെങ്കിലും മനസ്സ് മുഴുവൻ അവളെ കൊണ്ട് പോകാൻ പറ്റിയ സ്ഥലങ്ങളെപ്പറ്റിയുള്ള ആലോചനയിൽ മുഴുകിയിരുന്നു. Shimla.manali.. Nainital..Mussorie. തുടങ്ങി ഉത്തരേന്ത്യൻ ഹിൽസ്റ്റേഷനുകൾ മുഴുവൻ കയറി ഇറങ്ങി മനസ്സിലൂടെ. അപ്പോഴാണ് Google സജഷൻസിൽ Khajjiar കണ്ടത്.അടിക്കുറിപ്പ് അതിലേറെ ഗംഭീരം – khajjiar-India’s Switzerland.സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ പടിഞ്ഞാറൻ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ പുൽതകിടി ആണ് ഖജിയാർ.അവളുടെ കൂടെ പോകാൻ ഇതിലും നല്ല സ്ഥലം വെറേ ഏതാ.. ഉറപ്പിച്ചു..

ഇന്ത്യയുടെ സ്വിസർലാന്റിലേയ്ക്ക് ഒരു യാത്ര. പിന്നെ തുടങ്ങി അവിടെ എത്താനുള്ള വഴികളെപ്പറ്റിയുള്ള തിരച്ചിൽ. അപ്പോഴാണ് Dalhiouse യ്ക്ക് അടുത്താണ് ഖജിയാർ എന്ന് മനസ്സിലായത്.Google, Instagram ചിത്രങ്ങൾ ഒരു പാട് മോഹിപ്പിച്ച സ്ഥലമാണ് ദൽഹൗസി. ഒരു ദിവസം ദൽഹൗസി ഒരു ദിവസം ഖജിയാർ അങ്ങനെ ആക്കി പ്ലാൻ.
ബസ് ബുക്ക് ചെയ്യണം, ഹോട്ടൽ ബുക്ക് ചെയ്യണം.. അവളുടെ കൂടെയാ പോകുന്നേ ഒന്നിനും ഒരു പാളിച്ച വരാൻ പാടില്ല.. റിസ്ക് എടുക്കണ്ട.. എല്ലാം പോകുന്നതിന് മുമ്പ് തന്നെ ബുക്ക് ചെയ്യണം – അങ്ങനെ മനസ്സിൽ കുറിച്ചു.
അപ്പോഴാണ് Delhi മുഴുവൻ വിഷപുക (Smog) കൊണ്ട് നിറഞ്ഞത്. പിന്നെ വേറെ ഒന്നും ആലോചിച്ചില്ല.. പോവുകയാണ് ഞങ്ങൾ ഇത്തിരി നല്ല വായുവിനായി.. ഒരിത്തിരി ശാന്തിയ്ക്കായി.. ഞങ്ങളെ തന്നെ തേടി..അങ്ങ് ഹിമാലയൻ താഴ്വരയിലോട്ട്.

Himachal Road Transport ന്റെ ഒരു AC ബസ് ബുക്ക് ചെയ്തു. 1100 രൂപ ഒരാളിന് ഒരു വാക്ക് ദൽഹൗസി വരെ. പിന്നെ ഹോട്ടൽ തിരച്ചിൽ തുടങ്ങി. MakeMyTrip,Goibibo,OyoRooms,Redbus.. അങ്ങനെ എല്ലാ സൈറ്റുകളിലും ഹോട്ടൽ നോക്കി. അതിന് കാരണമുണ്ട് ഒരേ ഹോട്ടലിന് തന്നെ പല വില ആണ് ഓരോ സൈറ്റുകളിലും. അപ്പോ ഹോട്ടൽ ഫിക്സ് ആക്കിയാൽ പിന്നെ ഏറ്റവും വില കുറഞ്ഞ സൈറ്റിൽ കയറി അങ്ങ് ബുക്ക് ചെയ്യാമല്ലോ.

അവസാനം ഹോട്ടൽ ഫൈനൽ ആക്കി -ഹോട്ടൽ ജാസ്മിൻ.800Rs ഒരു ദിവസത്തേയ്ക്ക്.എല്ലാ സൈറ്റിലെയും റിവ്യൂകൾ വായിച്ചു തന്നെയാണ് ബുക്ക് ചെയ്‌തത്. അവളുടെ കൂടെയാ…ബുദ്ധിമുട്ട് ഒന്നും ഉണ്ടാകാൻ പാടില്ല…അവള് എന്നും ഓർത്തു വയ്ക്കുന്ന ഒരു യാത്ര ആകണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു . പിന്നെ 2..3 ദിവസം വിന്റർ ഷോപ്പിംഗ് ആയിരുന്നു. അവൾക്കു വേണ്ടി 1..2 sweater ഉം,ജാക്കറ്റും, ഷ്വാളും,സോക്‌സും ഒക്കെ വാങ്ങിച്ചു.അതിനു കാരണമുണ്ട് കുറഞ്ഞ താപനില 6°c ഉം ,കൂടിയത് 16 °c ഉം ആണ് ദൽഹൗസിയിൽ എന്ന് ഗൂഗിൾ ഞങ്ങളെ പേടിപ്പിച്ചിരുന്നു.

അങ്ങനെ ആ വെള്ളിയാഴ്ച ഓഫീസിൽ നിന്ന് ഓടി കിതച്ചു മെട്രോ ഒക്കെ പിടിച്ചു ഞാൻ എത്തി കശ്‌മിരി ഗേറ്റിൽ.. അവളും. രാത്രി 7 മണിക്കാണ് ബസ് രാവിലെ 8 ന് ദൽഹൗസി എത്തും.ഏറ്റവും നല്ല ഒഴിവ് ദിവസങ്ങൾ തുടങ്ങുന്നത് kashmiri gate ബസ്‌ സ്റ്റാൻഡിൽ നിന്നാണെന്നു എനിക്ക് എപ്പോഴും തോന്നാറുണ്ട് – കാരണം അവിടെ നിന്നാണല്ലോ ഉത്തരാഖണ്ഡിലേക്കും ഹിമാചലിലേക്കും ഉള്ള ബസുകൾ സ്റ്റാർട്ട് ആകുന്നത്.

അങ്ങനെ യാത്ര ആരംഭിച്ചു.ഉറങ്ങിയത് അങ്ങ് ഡൽഹിയുടെ പൊടി പടലത്തിൽ എങ്കിൽ ഉണർന്നത് ഇങ്ങ് ഹിമവന്റെ മടിയിൽ.കോടമഞ്ഞിൽ മൂടി കിടക്കുന്ന ദൽഹൗസി ..അങ്ങ് മഞ്ഞിന്റെയും മലയുടേയും പുറകിൽ ഒളിച്ചിരിക്കുകയാണ് സൂര്യൻ.സൂര്യദേവാ ഒന്ന് പുറത്തോട്ട്‌ വാ..ഞങ്ങൾക്ക് തണുക്കുന്നു..ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.
ദൽഹൗസി ബസ് സ്റ്റാൻഡ് ഒരു ചെറിയ നാലുമുക്ക് ആണ്..4..5 കടകൾ മാത്രം,പിന്നെ ബസിൽ നിന്ന് ഇറങ്ങുന്നവരെ ചാക്കിട്ട് പിടിയ്ക്കാൻ നിൽക്കുന്ന taxi drivers..അങ്ങ് വടക്കേ കോണിൽ തണുത്തു വിറച്ച് ചായ ഉണ്ടാക്കുന്ന ഒരു അപ്പൂപ്പൻ.ഒരു കുട്ടയിൽ ആപ്പിളും വില്ക്കാൻ വച്ച് ഉറക്കച്ചടവിൽ ഇരിക്കുന്ന ചിമാചലിന്റെ എല്ലാ തനിമയും മുഖത്തുള്ള ഒരു പഹാടി അമ്മൂമ്മ. ഹോട്ടൽ വേണം എന്നുള്ളവർക്കു 2 മിനുട്ടിൽ ഹോട്ടൽ മുറി എന്ന് പറഞ്ഞ് ഹോട്ടൽ ജീവനക്കാർ.. ഇത്രയൊക്കെ ഉള്ളു!!2000 രൂപയിൽ ഹോട്ടൽ എന്ന് പറഞ്ഞ് അവസാനം 500 രൂപയ്ക്കു വരെ ഹോട്ടൽ തരാം എന്നായി അവർ .

അതിനിടയിലൂടെ അവളുടെ കൈയും പിടിച്ചു ഞാൻ മുന്നോട്ടു നടന്നു.ഒരു taxi എടുത്തു(150Rs) ഹോട്ടലിലേക്ക്. അധികം ദൂരം ഒന്നുമില്ല ഹോട്ടൽ വരെ എത്താൻ..പിന്നെ ഉറക്ക ചടവിൽ ഈ തണുപ്പത്ത് മുത്തുകത്തു ഭാരവും കയറ്റി നടക്കാനുള്ള മടി. ഹോട്ടൽ എത്തി.ഹിമാച്ചൽ തൊപ്പി ഒക്കെ വച്ച ഒരു ഭൈയ്യ!!പുള്ളിക്കാരന്റെ സ്വന്തം ഹോട്ടൽ ആണ്.ഒരു ചെറിയ വൃത്തിയുള്ള മുറി തന്നു അയാൾ ഞങ്ങൾക്ക്.ആ ജനാലയിലൂടെ ദൽഹൗസി മുഴുവൻ കാണാൻ പറ്റുന്നുണ്ടെന്ന് തോന്നി.Goibibo യിലെ റിവ്യൂവിൽ വായിച്ച വരികൾ ഞാൻ മനസ്സിൽ ഓർത്തു-“this hotel rooms have the awesome view of valleys “.

സമയം 9..ഒന്ന് കുളിച്ചു ഫ്രഷ് ആയി ഞങ്ങൾ നാട് കാണാൻ ഇറങ്ങി. ടാക്സികാരോട് വിലപേശി അവസാനം ഒരു ടാക്സി ഒപ്പിച്ചു-1700 രൂപയ്ക്കു.അവർ കുറെ സ്ഥലങ്ങൾ ചുറ്റി കാണിക്കും- ഖജിയാർ,ദൈൻകുണ്ട്, കാലാട്ടോപ്പ് ഇതൊക്കെ ആണ് പ്രധാന സ്ഥലങ്ങൾ. Indica യിലാണ് യാത്ര.ഞങ്ങൾ 2 പേരും കയറി ഇരുന്നു.ഒരു മദ്ധ്യവയസ്കൻ ആണ് ഡ്രൈവർ.കാർ സ്റ്റാർട്ട് ചെയ്തതും ഞെട്ടിയ്ക്കുന്ന സ്വരത്തിൽ അവൾ ഡ്രൈവറോട് പറഞ്ഞു -“bhaiyya mujhe mountains mein paithal jaana hei..trekking karna hei “(ചേട്ടാ.. എനിയ്ക്ക് മലകൾ നടന്ന് കയറണം.. എനിയ്ക്ക് ട്രെക്കിംഗ് ചെയ്യണം ). അത് കേട്ട ഡ്രൈവർ ചേട്ടൻ ഉഷാറായി..haanji madamji mein aapko Dainkund lekke jaaunga..vaham pe aap trekking kar sakte ho..(ശെരി മാഡം.. ഞാൻ നിങ്ങളെ ദൈൻകുണ്ട് എന്ന സ്ഥലത്ത് കൊണ്ട് പോകാം.. അവിടെ നിങ്ങൾക്ക് ട്രെക്ക് ചെയ്ത് മുകളിൽ പോയി മഞ്ഞ് മലകൾ കാണാൻ കഴിയും..) അവളേയും കൊണ്ട് ട്രെക്കിംഗ് മനസ്സിൽ ഒരു പേടി ഇല്ലാതില്ല. ഏതായാലും വരുന്നിടത്ത് വച്ച് കാണാം എന്നായി.

Dainkund ന്റെ അടിവാരത്തെത്തി. പതിയെ പതിയെ ഞങ്ങൾ മല കയറാൻ തുടങ്ങി. നല്ല കാറ്റു.. അതിൽ ഒരു പൂമ്പാറ്റ യെ പോലെ അവള് പാറി നടക്കുന്നതായി തോന്നി.ഓരോ പടിയും ഞാൻ അവളെ കൈ പിടിച്ചു കയറ്റി.ഇവിടെ വയ്ക്കൂ കാല്..ഇടത്തോട്ടു വലത്തോട്ട് ..അങ്ങനെ ആ മലയുടെ സൗന്ദര്യം ആസ്വദിച്ചു ഞങ്ങൾ മുകളിലോട്ടു നടന്നു നീങ്ങി.ദേ അവിടാണ് മഞ്ഞ് മലകൾ..ഇവിടെ മരങ്ങൾ ആണ്‌..നല്ല പച്ചപ്പ് ഉണ്ട്..മൊട്ടകുന്നുകൾ ആണ് മറു വശത്ത്.. ദേ ഇവിടുന്ന് താഴോട്ട് ഒരു കൊക്ക ആണ് -വീണാൽ തീർന്നു..അപ്പുറത്തു വാനോളം ഉയരം ഉള്ള പൈൻ മരങ്ങൾ ആണ്..സൂര്യൻ ഇപ്പൊ പുറത്തു വന്നു പുഞ്ചിരിക്കുന്നുണ്ട്.. അങ്ങനെ ഞാൻ വിശദീകരിക്കാൻ തുടങ്ങി.. അപ്പോൾ അവൾ -ഈ കാറ്റിന് എന്താ സുഖം അല്ലേ..ഈ വായുവിന് എന്താ ഒരു സുഗന്ധം അല്ലേ… ശെരിയാ… ഞാനും ആ കാടിന്റേയും മഞ്ഞിന്റേയും… മലയുടേയും.. സൗന്ദര്യം ആസ്വദിക്കുകയായിരുന്നു.

അവസാനം ദൈൻകുണ്ട് വ്യൂ പോയിന്റ് എത്തി ഞങ്ങൾ.നോക്കെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മൊട്ടകുന്നുകളും..അങ്ങ് ദൂരെ ഹിമാലയൻ മഞ്ഞ് മലകളും,വളഞ്ഞ് പുളഞ്ഞ് അടി വാരത്തേയ്ക്കുള്ള റോഡുകളും ഒക്കെ കാണാൻ നല്ല രസമുണ്ട്-അവൾക്കു വിവരണം കൊടുത്തു ഞാൻ. താഴേയ്ക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ആരോ പറഞ്ഞത് മുകളിലേയ്ക്ക് വേണമെങ്കിൽ ഇനിയും പോകാം.. അവിടെ ഒരു അമ്പലം ഉണ്ട്.. അവിടെ നിന്നാൽ ഹിമാലയൻ മലകൾ കുറച്ച് കൂടെ അടുത്തായി കാണാം…….

“നമുക്ക് പോയാലോ അനുവേ..”അവളുടെ ശബ്ദം ..ഈശ്വരാ..ദേ പിന്നേം..ഞാൻ നന്നായിട്ട് ഒന്ന് ഞെട്ടി..ഏതായാലും ശ്രമിച്ച് നോക്കാം എന്നായി.. അവിടെ നിന്നുള്ള വഴി കുറച്ച് ബുദ്ധിമുട്ടായിരുന്നു.. കല്ലാണ്… പടിയാണ്.. ഇടത്തോട്ട് കാല്‌ വയ്ക്ക് വലത്തോട്ട് കാല് വയ്ക്ക്.. അവിടെ കുഴി ആണ്.. അനുസരണയുള്ള ഒരു കൊച്ച് കുട്ടിയെ പോലെ അവൾ അതൊക്കെ കേട്ട് എന്റെ കൂടെ വന്നു. അത്യാവശ്യം നന്നായി തളർന്നെങ്കിലും ഇടക്കിടക്ക് ഇരുന്നും.. നടന്നും.. കിടന്നും..ഒക്കെ ഞങ്ങൾ സന്നിധാനത്ത്‌ എത്തി.ശെരിയാണ്..മഞ്ഞ്‌ മലകൾ അടുത്തായി കാണാം.. താഴ്വരകളും. അങ്ങ് ദൂരെ കണ്ട ചെറിയ നിറക്കൂട്ടുകളെ ചൂണ്ടി കാണിച്ചു ഞാൻ അവളോട് പറഞ്ഞു -അതാണ് ദൽഹൗസിയിലെ ഗ്രാമങ്ങൾ. മലമുകളിലെ ശാന്തി.. അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.. അതും അനുഭവിച്ച് ഞങ്ങൾ പതിയെ മല ഇറങ്ങി.

തിരിച്ചെത്തിയ അവളുടെ മുഖത്ത് ഞാൻ കണ്ട സന്തോഷം ..10 സൂര്യൻ ഒരുമിച്ച് ഉദിച്ച പോലെ.വീട്ടുകാരെയും സുഹൃത്തുക്കളെയും ഒക്കെ ഫോണിൽ വിളിച്ചു അവൾ പറഞ്ഞു -ഞങ്ങൾ മല കയറി..മഞ്ഞ്‌ മലകൾ കണ്ടു.എന്തിന് ഏറെ പറയുന്നു..ഒരു പരിജയവും ഇല്ലാത്ത ഡ്രൈവറോട് പോലും മുറി ഹിന്ദിയിൽ അവൾ മല കയറിയ വിശേഷങ്ങൾ പറയാൻ തുടങ്ങി. അവിടുന്നു ഞങ്ങൾ ഖജിയാറിൽ എത്തി. ഡ്രൈവർ ഭൈയ്യ കുറേ വിവരിച്ചു ഖജിയാറിനെപ്പറ്റി മെയ്യ്, ജൂണിലൊക്കെ വന്നാൽ, ഇത് സ്വിറ്റ്സർലൻഡ് തന്നെയാണ് മാഡം എന്നൊക്കെ.ഇതിപ്പോ നവംബര് ആണ് .അപ്പോൾ നമ്മൾ വന്നതു കുറച്ചു ഓഫ് സീസണിൽ ആണ്..ആ സാരമില്ല ഖജിയാർ.. ഖജിയാർ തന്നെ അല്ലേ എന്നൊക്കെ പറഞ്ഞ് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ആശ്വസിപ്പിച്ചു.

ഒരു വലിയ മൈതാനം -നടുവിൽ ഒരു തടാകം..മൂന്ന് ചുറ്റും വാനോളം മുട്ടുന്ന മരങ്ങൾ..അതിനു പുറകിൽ വൻ മലകൾ..അതാണ് ഒറ്റ നിമിഷത്തിൽ ഞാൻ കണ്ട ഖജിയാർ.അവൾ മൈതാനത്തു സന്തോഷത്തോടെ ഓടി നടക്കാൻ തുടങ്ങി.നല്ല നിരപ്പാണ്..നല്ല രസമുണ്ട് നടക്കാൻ..അവൾ പറഞ്ഞ്‌ തുടങ്ങി. മൈതാനത്തിന്റെ മറ്റേ അറ്റത്ത് Adventorous sports ഒക്കെ നടക്കുന്നുണ്ട്.Paragliding ഉം,ziplining ഉം ..അങ്ങനെ എന്തൊക്കെയോ..ഒരു ചൂട് കാപ്പിയും നുണഞ്ഞ് ആ മൈതാനവും ഖജിയാറിന്റെ സൗന്ദര്യവും ആസ്വദിച്ചു.. 2 ഫോട്ടം പകർത്തി ഇനി ഒരു മെയ് ജൂണിൽ കാണാം എന്ന് പറഞ്ഞ് ഞങ്ങൾ വിട ചൊല്ലി -ഇന്ത്യയുടെ സ്വിറ്റ്സർലാന്റിന്.

അവിടുന്ന് കാലറ്റോപ്പിലേക്ക്.പ്രസിദ്ധമായ Chamba Wild Life sanctuary കടന്നാണ് ഇവിടെ എത്താൻ പറ്റുക.car സഫാരി ആണ്.കൊടും കാടിന്റെ നടുവിലൂടെ ഉള്ള യാത്ര.പലതരം മൃഗങ്ങളുടേയും പക്ഷികളുടേയും ഫോട്ടോകൾ വച്ചിട്ടുണ്ട് വഴിയിലുടനീളം.. ഇവിടെ കണ്ട് വരുന്ന പക്ഷികളും മൃഗങ്ങളും എന്നൊക്കെ പറഞ്ഞ്.. ഏതായാലും ഞങ്ങൾ വഴിയിലെങ്ങും ഒരു കുരങ്ങിനെ പോലും കണ്ടില്ല.. അവസാനം ഞങ്ങൾ എത്തി കാലാറ്റോപ്പിൽ .
കാറിൽ നിന്ന് ഇറങ്ങിയ ഞങ്ങൾക്ക് അങ്ങ് എവറസ്റ്റിൽ എത്തിയ പോലെയാണ്‌ തോന്നിയത്.അത്രയ്ക്കാണു തണുപ്പ്.. കൊടും ശൈത്വത്തെ അവഗണിച്ച് ഞങ്ങൾ പതിയെ മലയുടെ അറ്റത്തേയ്ക്ക് നടന്നു നീങ്ങി.അവിടെ ഒരു സുന്ദരൻ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു എന്ന് ആരറിഞ്ഞു.ദേ നില്ക്കുന്നു അവൻ.. ഈ ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്ന തേജസ്സോടെ.. 10000 കണ്ണുകളോടെ.. ഭൂമി മുഴുവൻ ചുട്ടെരിക്കാനുള്ള ശക്തിയോടെ.. ഞങ്ങൾക്ക് വേണ്ടി മാത്രം അസ്തമിക്കാതെ ദേ അവിടെ “സൂര്യദേവൻ”. ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു സൂര്യാസ്തമയം ഞാൻ അന്ന് അവിടെ കണ്ടു..അവളോടൊപ്പം..അങ്ങ് ദൽഹൗസിയിലെ കാലാറ്റോപ്പിൽ !!

തിരിച്ചു ഞങ്ങളെ ഡ്രൈവർ ഭൈയ്യ mall റോഡിൽ ഇറക്കി വിട്ടു.അതിനു അടുത്താണ് ഞങ്ങളുടെ ഹോട്ടൽ.മിക്ക ഹിൽ സ്റ്റേഷനുകളിലും ഉണ്ടാകും ഒരു മാൾ റോഡ്.ബ്രിട്ടീഷുകാരുടെ കാലത്ത് സന്ധ്യാ നടത്തത്തിന്നും ഒരു ഒത്തുകൂടലിനും കുശലം പറയാനും ഒക്കെ നിർമ്മിച്ചതാണ് മാൾ റോഡുകൾ. ഏയ്..ഏതാ ഈ സ്ഥലം.. നമ്മൾ എവിടെയാ എത്തിയേ.. രാവിലെ ഇവിടെ എങ്ങും ആരും ഇല്ലായിരുന്നല്ലോ…അവൾ ചോദിച്ചു.ശരിയാ… മാൾ റോഡ് ആകെ സജീവമായിരിക്കുകയാണ്.. വഴിയോര കച്ചവടക്കാരും ,സഞ്ചാരികളും, ഗ്രാമവാസികളും ഒക്കെ ആയി ഒരു ഉത്സവ പ്രതീതിയുണ്ട്.. ചൂടപ്പം പോലെ വിറ്റഴിയുന്ന momos ഉം, ഗുലാബ് ജാമുനും… ഒട്ടും നേരം കളയാതെ ഞങ്ങളും ഓരോ പ്ലേറ്റ് അങ്ങ് വാങ്ങി.

അപ്പോഴാണ് ആ yellow scooter കണ്ണിൽ പെട്ടത്.3 star ഉം,5 star ഉം ഹോട്ടൽ ഒക്കെ ഉള്ള ഈ കാലത്തു ഒരു മഞ്ഞ സ്കൂട്ടറിൽ തന്റെ കട മുഴുവനുമായി ഒരു തൊപ്പിക്കാരൻ അപ്പൂപ്പൻ. ഒരു ഗ്യാസ് സ്റ്റൗവ്വും,മുട്ട പെട്ടിയും,സ്റ്റോർ റൂമും ഒക്കെ ആ മഞ്ഞ സ്കൂട്ടറിൽ തന്നെയാണ്.അവിടുന്ന് ഒരു Omlete കഴിച്ചു.എന്താ പറയുക..ഓംലേറ്റിന് ഒക്കെ ഇത്രയും ടേസ്റ്റ് ഉണ്ടാകുവോ…ഏതായാലും അത്താഴം കുശാലായി.പിന്നെ പതിയെ റൂമിലേയ്ക്ക് നടന്നു. കാടിന്റേയും, നാടിന്റെയും, നാട്ടാരുടേയും വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞ് ഉറങ്ങിയതറിഞ്ഞില്ല.

ദേ രാവിലെ തന്നെ പുള്ളിക്കാരൻ എത്തിയിട്ടുണ്ട് .. ആരാ.. നമ്മുടെ സൂര്യൻ-അങ്ങ് കണ്ണിലൊട്ടു വെളിച്ചം അടുപ്പിക്കുകയാണ് ..ഇനിയിപ്പോ എണീറ്റല്ലേ പറ്റൂ.. ഞായറാഴ്ച ആയിട്ട് സൂര്യാ നിനക്ക് ഇത്തിരി late ആയി ഉദിച്ചാൽ പോരായിരുന്നോ എന്നൊക്കെ പറഞ്ഞ് എഴുന്നേറ്റ ഞാൻ കണ്ടതു-രാവിലെ തന്നെ എണീറ്റു സ്ഥലം കാണാൻ പോകാൻ റെഡി ആയി ഇരിക്കുന്ന അവളെ ആണ്.”ഇജ്ജ് ഇത് എപ്പോ എണീറ്റു ?ഞാൻ അവളോട് ചോദിച്ചു.നീ ഒന്ന് വേഗം റെഡി ആക്..അവള് ചൂടായി… ശരിയാ ഇന്നും കൂടെ ഉള്ളു ഈ മാന്ത്രിക പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ.
ഭക്ഷണം കഴിച്ച് വേഗം തിരിച്ചു panjpula വെള്ളച്ചാട്ടം കാണാൻ.3 km ഉണ്ട്.നടന്നു പോയാലോ ..അവളും റെഡി.. അങ്ങനെ ഞങ്ങൾ ആ കാട്ടിലൂടെ നടക്കാൻ തുടങ്ങി.2 വശവും കാടും..അതിനു നടുവിൽ ഒരു ചെറിയ ടാറിട്ട റോഡും.വഴിയിൽ കണ്ട ആൾക്കാരോട് ഒക്കെ കുശലം അന്വേഷിച്ച് അവിടേയും ഇവിടേയും നിന്ന് ഫോട്ടോ ഒക്കെ എടുത്ത് ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ മുമ്പിൽ എത്തി.

ആതിരപ്പള്ളി പോലെ ഒന്നും ഇല്ലേലും ഒരു ചെറിയ സുന്ദരമായ വെള്ളച്ചാട്ടം.വെള്ളത്തിൽ തൊടണം എന്നായി അവൾക്ക്. സൈഡിലെ 2..3 പടി കൈ പിടിച്ച് ഇറക്കി വെള്ളത്തിൽ തൊടുവിച്ചു.. അയ്യോ തണുപ്പ്.. അവൾ നിലവിളിച്ചു.ആ നല്ല തണുപ്പാണ് ഈ തെളിഞ്ഞ മലവെള്ളത്തിന്. അവിടുന്ന് സുഭാഷ് ചൗക്കിലേക് നടന്നു.സുഭാഷ് ചന്ദ്ര ബോസിന്റെ ഒരു പ്രതിമയും,ഒരു ക്രിസ്ത്യൻ പള്ളിയും ഒരു വാലി വ്യൂ പോയിന്റും ഒക്കെ ആയി പ്രകൃതി രമണീയമായ ഒരു സ്ഥലം. അടുത്തായി തന്നെ ബുദ്ധമതക്കാരുടെ ഒരു പ്രാർത്ഥനാലയവും ഉണ്ട്. യോദ്ധ സിനിമയെ ഓർപ്പിക്കും വിധം ഓം- മാനി- പദ്മേ- ഹം -പ്രാർത്ഥനാ സ്വരങ്ങൾ കേൾക്കാം അവിടുന്ന്. ചെറിയ shopping ഒക്കെ നടത്തി ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി. പായ്ക്ക് ചെയ്‌തു checkout ചെയ്‌തു പുറത്തിറങ്ങിയ എന്നോട് ഹോട്ടൽ ജീവനക്കാരൻ ഒരു ചോദ്യം – “ആ മാഡത്തിന് കണ്ണു കാണില്ലേ?” സത്യം അത് കയ്പ്പാണ് മനസ്സ് മന്ത്രിച്ചു. ഞാൻ പറഞ്ഞു – “ഹാ..കാണില്ല”.

അയാൾ വീണ്ടും ചോദിച്ചു ഒരു ഞെട്ടലോടെ ഒട്ടും കാണില്ലേ? ഇല്ല ഒട്ടും കാണില്ല..പക്ഷെ മിടുക്കിയാ..college proffesor ആ!! ഇവൾ Reem..Dr Reem Shamsudeen..സ്വയം അന്ധകാരത്തിൽ ആണെങ്കിലും മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കുന്നവൾ.ചിലപ്പോഴൊക്കെ തോന്നാറുണ്ട് മനസ്സ് മുഴുവൻ നന്മ ഉള്ള ഇവളാ വെളിച്ചത്തിൽ. ആ നന്മ കാണാൻ കഴിയാത്ത നമ്മളാ അന്ധകാരത്തിലെന്ന്.അഞ്ചാം ക്ലാസ്സിൽ പടിക്കുമ്പോ കാഴ്ച ശക്തി മുഴുവനായും നഷ്ടപ്പെട്ടെങ്കിലും..അവളുടെ വെളിച്ചം ദൈവം തിരിച്ചെടുത്തു എങ്കിലും..മനസ്സിലെ വെളിച്ചം..ഒട്ടും കെടാതെ ലോകത്തിന്റെ പ്രകാശം ആയി മാറുന്നു ഇന്ന് ഇവൾ.

നീ കാണാത്ത ലോകത്തിന്റെ വെളിച്ചത്തിലേക്ക് അക്ഷരങ്ങളുടെ സഹായത്തോടെ ഒരുപിടി വിദ്യാർത്ഥികളെ നയിക്കുന്ന പ്രിയമുള്ളവളെ നിനക്ക് മുമ്പിൽ ശതകോടി പ്രണാമം.ലോകം മുഴുവൻ കുലുങ്ങിയപ്പോഴും പോരാടി ഇന്ന് ഡോക്ടറേറ്റും നേടി കേന്ദ്ര ഗവണ്മെന്റിന്റെ മുന്തിയ കോളേജിൽ പ്രൊഫസർ ആയി ജോലി ചെയുന്ന നിനക്ക് മുമ്പിൽ വിധി തോറ്റു തുന്നം പാടി.ലോകത്തിന് കാണാൻ കഴിയാത്ത വിധിയ്ക്കു മായ്ക്കാൻ പറ്റാത്ത നിന്റെ സ്വപ്ന ലോകത്തു നി വിതയ്ക്കുന്ന വിത്തുകളുടെ ഫലം ഈ ലോകത്തിന്റെ അന്ധകാരത്തെ തൂത്തു മാറ്റാൻ കഴിയുന്നു എന്ന് പറയുമ്പോ അഭിമാനം കൊള്ളുന്നു ഉള്ളം..ശിരസ് നമിക്കുന്നു നിനക്ക് മുമ്പിൽ!! ഞാൻ അവളെ അല്ല.. അവൾ എന്നെയാണ് വഴി നടത്തിയത് എന്ന് തോന്നി പോവുകയാണ്. അവളുടെ കണ്ണിലൂടെ ഞാൻ കണ്ട ഖജിയാർ… അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേയ്ക്ക് എന്നെ നയിച്ച സഖി നിനക്കായി ഈ യാത്ര !!

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply