ഏഴു കൂട്ടുകാരൊന്നിച്ച് ആനവണ്ടിയിൽ ഒരു അടിപൊളി ഗവി യാത്ര…

യാത്രാവിവരണം – Sojan Alex Joseph, ചിത്രങ്ങൾ കടപ്പാട് : Tibin Augustine.

#കിഴക്കിന്റെ വെനീസിൽ നിന്നും കോടമഞ്ഞിൻ പുതപ്പണിഞ്ഞ കാനന സുന്ദരി ഗവിയെത്തേടി ഒരു ആനവണ്ടി യാത്ര…. ധനുഷ്‌കോടി ട്രിപ്പിന്റെ ഹാങ്ങോവറിൽ അങ്ങനെ ഇരിക്കുമ്പോഴാണ് മനസ്സിൽ ഒരു സോളോ ട്രിപ്പ് വീണ്ടും കയറിക്കൂടുന്നത്… ഇത്തവണ ഇടുക്കി പിടിച്ചാലോ, എന്ന് ഒരു തോന്നൽ… ഇടുക്കിയെ തൊട്ടറിയണമെങ്കിൽ ഒരു രണ്ടുദിവസ്സമെങ്കിലും എടുക്കും… ഒരു വ്യത്യസ്തമായ ട്രിപ്പ് ആയിരിക്കണമെന്ന് മനസ്സിൽ ആഗ്രഹമുണ്ടാരുന്നു…നാട്ടിൽ നിന്നും സുഹൃത്തുക്കൾ ആരും ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത ഒരു മാർഗം അതിനായി ഉപയോഗിക്കണം എന്ന് തോന്നി… സൈക്കിൾ ആയിട്ട് ഇടുക്കി കറങ്ങിയാലോ എന്ന് ഒരു ആശ തോന്നി.. ഇതിനെല്ലാം ഉത്തരവാദി ഫേസ്ബുക്കിലെ സഞ്ചാരി ഗ്രൂപ്പ് ആണെന്ന് മനസ്സിൽ ഊന്നി ഊന്നി പറഞ്ഞോണ്ടിരുന്നുഞാൻ… എന്നിൽ ഉറങ്ങിക്കിടന്ന സഞ്ചാരിയെ ഉണർത്തിയ വൃത്തികെട്ട ഗ്രൂപ്പ്. 😝😝…അങ്ങനെ ഇടുക്കിയെ ആലോചിച്ചു കൊണ്ടിരുന്നു ദിവസം പോയപ്പോൾ വാട്സാപ്പിൽ ഒരു സുഹൃത്തിന്റെ മെസ്സേജ്…. ഡാ, അളിയാ,, ഗവിക്കു വിട്ടാലോ എന്ന്…. സന്ദീപ് ആണ്…..കണ്ണുമടച്ചു പറഞ്ഞു,. അളിയാ, ഞാൻ റെഡി.. ഞാൻ ഫ്രീ ആണ്. നീ എന്ന് ഫ്രീ ആകും?.. അല്ലറ ചില്ലറ തിരക്കുകൾ ഒക്കെയുള്ള ആളാണ് അവൻ..കുറച്ചു തിരക്കുണ്ട് എന്നാലും മൂന്നാം തീയതി കഴിഞ്ഞു ആറാം തീയതി വരെ ഫ്രീ ആണ്. അതിനിടയിൽ പോയേക്കാം… അങ്ങനെ നാലാം തീയതി തിങ്കളാഴ്ച.. യാത്രയുടെ ദിവസം തീരുമാനിച്ചു…

വർഷം 2012 മാസം മാർച്ച് തീയതി 17..അന്നാണ് ഈ യാത്രയുടെ ഉറവിടം രൂപം കൊണ്ടത്….. കുഞ്ചാക്കോ ബോബനും ബിജുമേനോനും നായകന്മാരായി സുഗീത് സംവിധാനം ചെയ്ത കന്നി പടം.***ഓർഡിനറി****. സഞ്ചാര പ്രിയരായിട്ടുള്ള ആളുകളെ ഇത്രയും സ്വാധീനിക്കാൻ കഴിയുന്ന ഒരു സിനിമയായി അത് മാറുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിക്കാണില്ല…ഗവിയെന്ന ശാലീന സുന്ദരിയെ അത്രത്തോളം, സഞ്ചാരികൾ ഓരോരുത്തരും അന്നുമുതൽ കൊതിച്ചിരുന്നു.. ഒരു നോക്ക് കാണാൻ ആഗ്രഹിച്ചിരുന്നു.. സിനിമ കുഞ്ചാക്കോ ബോബൻ – ബിജുമേനോൻ കൂട്ടുകെട്ടിൽ പിറന്ന ആദ്യത്തെ ബ്ലോക്കബ്സ്റ്റർ ആയി മാറി… കൂടാതെ ഗവിയെന്ന കൊച്ചു സുന്ദരിയും എല്ലാരുടെയും മനസ്സിൽ കയറിപ്പറ്റി….

 

പിന്നെ, ഗവി യാത്രയും മനസ്സിലിട്ടോണ്ട് ആയി നടത്തം… അങ്ങനെയിരിക്കുമ്പോൾ, എനിക്ക് ഒരു ആഗ്രഹം, എന്തായാലും സോളോ ട്രിപ്പ് അല്ല… അപ്പോൾപിന്നെ, വിളിച്ചാൽ വരുമെന്ന് ഉറപ്പുള്ളതും, യാത്രയെ ഇഷ്ടപ്പെടുന്നതുമായ സുഹൃത്തുക്കളെ കൂടെ കൂട്ടിയാലോ…. അങ്ങനെ, ജിമ്മിച്ചനെ(ജോർജ് ബുഷ് 😝) വിളിച്ചു… ആശാൻ പറയാം എന്ന് പറഞ്ഞു… പിറ്റേദിവസം നേരിൽ കണ്ടപ്പോൾ അവനും റെഡിയാണ്….അങ്ങനെ ഇരുവർസംഘം മൂവർ സംഘമായി, അപ്പോൾ സന്ദീപ് പറഞ്ഞു, അങ്ങനാണേൽ ജിംസനെ കൂടെ വിളിച്ചാലോ,,, ആള് ഫ്രീ ആണേൽ വരും… അങ്ങനെ ജിംസൺ വന്നു, റ്റിബിൻ (ഫോട്ടോഗ്രാഫർ 😜)വന്നു, ഷിന്റോ(ബോംബെ 😝) വന്നു, അവസാനം ജസ്റ്റപ്പനും(മുഷിമാൻ 😜) വന്നു.. അങ്ങനെ ഇരുവർസംഘം 7പേരടങ്ങുന്ന ഒരു ഗ്രൂപ്പ് ആയി മാറി….
അതിനിടയിൽ സന്ദീപിന് ഒരു അസൗകര്യം വന്നു…. അവനു വരാൻ പറ്റില്ല, അത്യാവശ്യമായി കുറച്ചു സ്ഥലങ്ങളിൽ പോവേണം എന്നും പറഞ്ഞു അവൻ വിളിച്ചു.. കുറെയൊക്കെ നിർബന്ധിച്ചിട്ടും, വരാൻ പറ്റാത്ത അവസ്ഥയിലായതിനാൽ അവൻ സമ്മതിച്ചില്ല.. അങ്ങനെ 6പേരടങ്ങുന്ന ഒരു സംഘം…….. അതിനിടയിൽ ജിമ്മിച്ചനും വരാൻ പറ്റില്ല, എന്തോ കാര്യം ഉണ്ട് എന്ന് പറഞ്ഞു… പക്ഷെ, ജിമ്മിച്ചനെയും കൊണ്ടാണ് ഞങ്ങൾ വണ്ടി കയറിയത്. അല്ല, പിന്നെ..

പിന്നീട് ജിംസന്റെ ജോലി സംബന്ധമായ അസൗകര്യം കാരണം ഇതിനിടയിൽ ട്രിപ്പ് തിങ്കളാഴ്ച എന്നത് ചൊവ്വാഴ്ചത്തേയ്ക്കു മാറ്റി…. എല്ലാരും പോകാൻ റെഡി ആയി. ആറംഗ സംഘം. അങ്ങനെ ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും ഇറങ്ങി പത്തനംതിട്ടയിൽ രാത്രി തങ്ങി, രാവിലെ6.30ന്റെ ksrtc യുടെ ആനവണ്ടിയിൽ പോകാം എന്ന തീരുമാനം എടുത്തു…

ചൊവ്വാഴ്ച വൈകുന്നേരം 7.15 നു ബൈക്ക് എടുക്കുന്ന സമയത്തു അപ്രതീക്ഷിതമായി ഹാഷ്മി (കാച്ചി 😝)കൂടി ട്രിപ്പിന്റെ ഭാഗമായി.. വീണ്ടും, ഏഴംഗ സംഘമായി അത് മാറി..മൂന്ന് ബൈക്ക് മാത്രമേയുള്ളു ഇപ്പോൾ,. അവിടെ നിന്നും പൂപ്പള്ളി ജംഗ്ഷൻ വരെ ഒരു വണ്ടി thriples വെക്കണം.. കാരണം ഒരു വണ്ടി ഷിന്റോയുടെ അളിയന്റെയാണ്,,, അത് അവിടെ ചെന്നാലേ എടുക്കാൻ പറ്റൂ.. അങ്ങനെ റ്റിബിനും ഞാനും ജിംസണും കൂടി ഒരു വണ്ടിയിൽ കയറി… ബാക്കി ഉള്ളവരെ മുൻപിൽ വിട്ടു.. കാരണം, പോലീസ് ചെക്കിങ് ഉണ്ടെങ്കിൽ സിഗ്നൽ തരണമല്ലോ… ഷിന്റോയും ജസ്റ്റിനും നേരത്തെ ബൈക്ക് എടുക്കാൻ പോയി. ഞങ്ങളുടെ തൊട്ടു മുന്നിലായി ഹാഷ്മിയും ജിമമ്മിയും, ഞങ്ങളുടെ നിർ ഭാഗ്യം കൊണ്ടാണോ, അതോ പോലീസുകാരുടെ ഭാഗ്യംകൊണ്ടാണോ എന്നറിയില്ല വളരെ കൃത്യമായി കേരള പോലീസിന്റെ കൈയിലോട്ടു ചെന്ന് കേറിക്കൊടുത്തു… സിഗ്നൽ തരാൻ മുൻപിൽ പോയ ഹാഷ്മിയെ അവിടെ പിടിച്ചും വെച്ചേക്കുന്നു, കാര്യം എന്നാ,, ആശാൻ പണിയും കഴിഞ്ഞു വന്നപ്പോൾ ലേശം ഒന്ന് മിനുങ്ങിയാരുന്നു.. .. അങ്ങനെ അവനും കിട്ടി പെറ്റി, ഞങ്ങൾക്കും കിട്ടി പെറ്റി.. thriples വെച്ചത് ഭാഗ്യം കൊണ്ട് 300രൂപയിൽ ഒതുക്കി.. അങ്ങനെ, ഹാഷ്മിയുടെ വണ്ടി ഞാൻ എടുത്തു..

ഏകദേശം ഒരു പത്തുമണി കഴിഞ്ഞപ്പോൾ പത്തനംതിട്ട എത്തി. Ksrtc സ്റ്റാൻഡിന്റെ അടുത്ത് തന്നെയുള്ള ഒരു ലോഡ്ജിൽ റൂം എടുത്തു.. 900രൂപ റൂം വാടക.. ഹോട്ടൽ ഉടമ ബൈക്ക് അവിടെ വെച്ചോളാൻ സമ്മതിച്ചു. ഗവിയെ മനസ്സിൽ ധ്യാനിച്ച് 4.30 ന് അലാറം വെച്ച് കിടന്നു. അലാറം വളരെ കൃത്യ സമയത്തു തന്നെ അടിച്ചു.. പക്ഷെ, ഞങ്ങൾ എണീക്കാൻ വീണ്ടും ഒരു മണിക്കൂർ എടുത്തു. ഒരു പക്ഷെ, അത് യാത്രയുടെ ക്ഷീണമാകാം.. അങ്ങനെ, അവിടെ നിന്നും പ്രഭാതകർമങ്ങൾ ഒക്കെ ചെയ്തു, മുറിയും പൂട്ടി പത്തനംതിട്ട ksrtc സ്റ്റാൻഡ് ലക്ഷ്യമാക്കി, അലക്ഷ്യമായി ഞങ്ങൾ നീങ്ങി.. 6.20ആയപ്പോൾ ഞങ്ങൾ സ്റ്റാൻഡ് എത്തി. ബസ് പിടിച്ചിട്ടില്ലാരുന്നു. പതുക്കെ ഓരോ ചായയും കുടിച്ചു ഇരുന്നപ്പോൾ ബസ് വന്നു. നേരത്തെ പോയി സീറ്റ് പിടിച്ചു. അവിടെ അങ്ങനെ ഇരുന്നു.. ഞങ്ങളെക്കൂടാതെ ഒരു 3പേരും കൂടി മാത്രമേ ഗവിയെ ആസ്വദിക്കാൻ എത്തിയിരുന്നുള്ളൂ… ബാക്കി എല്ലാരും സ്ഥിരം യാത്രക്കാർ ആയിരുന്നു. അങ്ങനെ ഗവി യാത്ര തുടങ്ങി..

ഏകദേശം ഒരു 2മണിക്കൂർ ആകാറായപ്പോൾ, ആങ്ങമൂഴി എന്ന സ്ഥലത്തെത്തി. കണ്ടക്ടർ ചേട്ടൻ പറഞ്ഞു, breakfast കഴിക്കാൻ ഉള്ളവർക്ക് കഴിക്കാം. അതുമല്ല, ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളതുകൂടി പാർസൽ വാങ്ങിച്ചുകൊണ്ടു പോവണം, അവിടെ ചെന്നാൽ അതിനൊന്നും സൗകര്യമില്ല, എന്ന്.. ഞങ്ങൾ അവിടെ നിന്നും ഉച്ചക്ക് വേണ്ടുന്ന ഭക്ഷണവും എല്ലാമായി 8.45 ആയപ്പോൾ വീണ്ടും യാത്ര തുടങ്ങി.. പിന്നെ, അങ്ങോട്ട് കാഴ്ചകളുടെ ഒരു ഗതി തന്നെ അങ്ങ് മാറി… കെട്ടിടങ്ങളുടെ സ്ഥാനത്തു, കാട്…. മുന്നോട്ടു പോകുംതോറും കാടിന്റെ നിബിഡത കൂടി കൂടി വന്നു… പിന്നെ, യാത്രയുടെ ടോൺ മാറി.. വളഞ്ഞു തിരിഞ്ഞുള്ള റോഡുകൾ കുത്തനെയുള്ള കയറ്റങ്ങൾ.. മുന്നോട്ടു പോകുംതോറും റോഡ് മുൻപിൽ ഉണ്ടോ എന്ന് തോന്നിക്കും രീതിയിൽ വള്ളിപ്പടർപ്പുകളും ശിഖരങ്ങളും റോഡിലേക്ക് നീണ്ടുനിൽക്കുന്നു. യാത്രയിൽ ഇടത്തെ വശത്തും വലത്തേ വശത്തും കാഴ്ചയുടെ പറുദീസാ ഒരുക്കി ഗവി. അവളാണ് ഗവി…. കോടമഞ്ഞിൻ പുതപ്പണിഞ്ഞ മലനിരകളും താഴ്‌വരകളും.. ആങ്ങമൂഴിയിൽ നിന്നും ശ്രദ്ധിച്ച ഒരു കാര്യമാണ്,, കുറച്ചു ദൂരം ഇടവിട്ട്, ഇടവിട്ട്, ആനപ്പിണ്ടങ്ങൾ കാണാം.. തെല്ലൊരു ഭയം മനസ്സിൽ ഉണ്ടെങ്കിലും ആനയെക്കാണാൻ കൊതിയാരുന്നു.. അതും കാട്ടാനയല്ലേ….

പോകുന്ന വഴിയിൽ അവിടെ അവിടെ ആയി, ചെറിയ കാട്ടുചോലകളും മറ്റും മനസ്സിനെ കുളിരണിയിപ്പിക്കുന്നു… കുറച്ചുകൂടി പോയപ്പോൾ കണ്ടക്ടർ ചേട്ടൻ ബെല്ലടിച്ചു. എന്താ കാര്യം,, അവിടെ ഒരു കാട്ടുപോത്തിന്റെ കൂട്ടം ഉണ്ടെന്നു… ഡ്രൈവർ ചേട്ടൻ ബസ് അവിടെ ഒതുക്കി… പിന്നെ, ആടിനെ മേയ്ക്കുന്ന ഇടയനെ പോലെ, കണ്ടക്ടർ ചേട്ടൻ മുന്നിലും ഞങ്ങൾ പുറകിലുമായി, ഇറങ്ങി നടന്നു.ചേട്ടൻ അട്ടയെക്കുറിച്ചും പുഴുവിനെക്കുറിച്ചും ഒരു മുൻധാരണ തന്നിരുന്നത് കൊണ്ട്, അത് ശ്രദ്ധിച്ചാണ് നടപ്പു .. കുറച്ചു മാറി കണ്ടക്ടർ ചേട്ടൻ ഒരു പോത്തിൻകൂട്ടത്തെ കാണിച്ചു തന്നു.. കുറച്ചു ദൂരെ ഒരു പട്ടിക്കുട്ടിയോളം വലുപ്പത്തിൽ കാണാം പോത്തിൻകൂട്ടത്തെ…. അങ്ങനെ അതും കഴിഞ്ഞു, വണ്ടിയിൽ കയറി വീണ്ടും യാത്ര തുടങ്ങി.. കോട ഉണ്ടായിരുന്നതുകൊണ്ട് ഒരു തണുപ്പ് എപ്പോഴും ഫീൽ ചെയ്യുന്നുണ്ട്.. വലതു വശത്തെ കാഴ്ചകൾ മാറുമ്പോൾ ഇടതു വശത്തു… അങ്ങനെ ഓരോ വശത്തോട്ടും ഓടി ഓടി മടുത്തു.. ഞാൻ പതുക്കെ ഗോപ്രോയും ആയി മുന്നിൽ പോയി നിന്നു.

ഇരുവശത്തുനിന്നും തൂങ്ങിനില്ക്കുന്ന വള്ളിപ്പടർപ്പുകൾ ബസ്സിന്റെ ഗ്ലാസിൽ തട്ടി ഭയങ്കര ശബ്ദത്തോടെ മാറിപ്പോകുന്നു.. ഗ്ലാസ് ഇപ്പോൾ പൊട്ടിപ്പോകുമോ എന്ന് ഞാൻവിചാരിച്ചു… പക്ഷെ, നമ്മുടെ ഡ്രൈവർ ചേട്ടൻ, ഇതൊക്കെ നമ്മള് കൊറേ കണ്ടതാ എന്ന രീതിയിൽ കൂൾ ആയിട്ട് ഡ്രൈവ് ചെയ്യുന്നു. പിന്നെ, നമ്മുടെ കണ്ടക്ടർ ചേട്ടൻ ആളൊരു രെസികനാ കേട്ടോ.. ഞാൻ പേര് ചോദിച്ചു.. ഉടനെ, വന്നു മറുപടി, കുഞ്ചാക്കോ ബോബൻ, ഡ്രൈവറിന്റെ പേര്, ബിജു മേനോൻ…. പിന്നെ, പറയാനുണ്ടോ, തുടങ്ങി സംസാരം.. പക്ഷെ, ഒത്തിരി ഓവർ ആയിട്ട് സംസാരിക്കാൻ ചേട്ടൻ നിന്നില്ല. ചേട്ടൻ പേര് അങ്ങനെ പറയാൻ കൂട്ടാക്കിയില്ല. പക്ഷെ, അവസാനം ബാനർജി എന്നോ മറ്റോ പറഞ്ഞു… ഉള്ളതാണോ എന്നറിയില്ല… എന്നാലും കിടക്കട്ടെ എന്ന് ഞാനും വെച്ചു. പക്ഷെ, ഡ്രൈവർ ചേട്ടന്റെ പേര് ചോദിക്കാൻ വിട്ടുപോയി.. ഇടയ്ക്ക് ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പുകൾ മലനിരകളിലൂടെ നീണ്ട് നിവർന്നു കിടക്കുന്നതു കാണാം. ആനയ്ക്ക് സഞ്ചരിക്കാനുള്ള റൂട്ട് ആണ് അതെന്നു കണ്ടക്ടർ ചേട്ടൻ ഇടയ്ക്ക് ഒരു കൗണ്ടർ അടിച്ചു. അതിൽ തൂങ്ങി വേറെ കുറെ തമാശകളും. .. അങ്ങനെ, കാഴ്ചകൾ കണ്ട്, ഇരുന്നു. ഓർഡിനറി മൂവിയിൽ ഭദ്രൻ അവസാനം ചാടി മരിക്കുന്ന ഡാമും ഒക്കെ കണ്ടു വണ്ടി മുന്നോട്ടു പോയി.

അങ്ങനെ കൊച്ചു പമ്പ എന്ന സ്ഥലത്തെത്തി. അവിടെ മുതൽ കുറച്ചു വീടുകൾ കാണാം. അവിടുത്തെ സ്കൂൾ ഈ ബസിനെ ആശ്രയിച്ചാണ്. കൂടുതൽ പിള്ളേരും ഈ ബസ്സിലാണ് വരുന്നത്. അതിനിടയിൽ ഗവിയിലേക്ക് പോകുന്ന വഴിയിൽ ആനയുണ്ടെന്നു കേട്ടു. കുറച്ചു മുന്നോട്ടു പോയപ്പോൾ നല്ല ലക്ഷണമൊത്ത ഒരു ഒറ്റയാൻ.. അവൻ അങ്ങനെ നിൽക്കുന്നു… റോഡിൻറെ വലതു വശത്തു അല്പം താഴെയായി. എല്ലാരും ഉടനെ, ആ വശത്തേയ്ക്ക് ചെന്നു. ശബ്ദം ഉണ്ടാക്കരുതെന്ന കണ്ടക്ടറുടെ നിർദേശത്തിനു പിന്നാലെ, ആരോ പറയുന്നത് കേട്ടു. ഇവൻ ഇന്നലെ അവിടെ കുറച്ചു വീടുകൾ അടിച്ചു തകർത്തെന്നു.. അതോടെ ഉള്ളിൽ ഉണ്ടായിരുന്ന ചെറിയ പേടി വീണ്ടും അണപൊട്ടി പുറത്തേയ്ക്കു വരാൻ തുടങ്ങി. ആരും മൊബൈൽ ഫ്ലാഷ് ഉപയോഗിക്കരുത്, അത് മുന്നോട്ടു വരുന്നുണ്ടെന്നു ആരോ പറഞ്ഞു. കണ്ടക്ടർ ചേട്ടൻ പതുക്കെ ഡബിൾ ബെല്ലടിച്ചു വണ്ടി വിട്ടു..

അങ്ങനെ ഏകദേശം കാഴ്ചകൾ ഒക്കെ കഴിഞ്ഞു 11.20ആയപ്പോൾ ഗവിയെത്തി.. ഗവിയിൽ അങ്ങനെ പ്രത്യേകിച്ച് ഒന്നും കാണാൻ ഇല്ല. ഗവിയാർ ഡാം ഒഴികെ.. അവിടെ കൂടുതലും പാക്കേജിൽ വരുന്നവർ ആണ്. അവിടെ restaurant പോലും അവർക്കു മാത്രേ ഉള്ളൂ . പതുക്കെ, അവിടെ നിന്നും കണ്ടക്ടർ ചേട്ടൻ പറഞ്ഞതുപോലെ ഒരു ജീപ്പിൽ ഞങ്ങൾ 7 പേരും പിന്നെ, കൂടെ വന്ന 3 പേരും കൂടി കൊച്ചുപമ്പയിലോട്ടു വിട്ടു .. 500രൂപയാണ് ചാർജ്.. അവിടെ ചെന്നപ്പോൾ അവിടെ ബോട്ടിംഗ് സൗകര്യമുണ്ടെന്നറിഞ്ഞു. ഒരാൾക്ക് 100രൂപയും പിന്നെ എൻട്രി ഫീസ് ആയിട്ട് 20രൂപയും… അവിടെ വെച്ച് കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. 7 മീൽസ് കൂടി പറഞ്ഞിട്ട് ബോട്ടിങ്ങിനു ഇറങ്ങി.

 

ഞങ്ങൾ 7പേര് ഒരു ബോട്ടിൽ 3ഉം ഒരു ബോട്ടിൽ 4ഉം പേര് വെച്ച് കയറി. കൂടെ വന്ന ഗൈഡ് കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു തന്നു.. ആകെ 44ഇനം കടുവകളും ആയിരത്തിലധികം ആനയും, സിംഹവാലൻ കുരങ്ങു, കരിംകുരങ്, മലയണ്ണാൻ, കരിമ്പുലി അങ്ങനെ നിരവധി മൃഗങ്ങളെക്കൊണ്ട് സമ്പന്നമാണ് ഗവി.. ആ ഡാമിൽ ആണെങ്കിൽ നിരവധി മത്സ്യങ്ങളും. അതിൽ സിലോപ്പിയ ആണ് പ്രധാനമായും… ബോട്ടിങ്ങിനിടയിൽ നേരത്തെ കണ്ട ഒറ്റയാനെ വീണ്ടും കാണാൻ പറ്റി. അവൻ വെള്ളത്തിന്റെ സൈഡിൽ നിൽപ്പുണ്ടായിരുന്നു. ഒത്തിരി അടുത്തേയ്ക്കു പോകാൻ ഗൈഡ് സമ്മതിച്ചില്ല.. ഗൈഡിനോട് സംസാരിച്ചപ്പോൾ ആ ചേട്ടൻ ഒരു പാലാക്കാരൻ ആണ് എന്നറിഞ്ഞു. മാസത്തിൽ ഒരിക്കൽ വീട്ടിൽ പോകും എന്നും പറഞ്ഞു.

അങ്ങനെ ബോട്ടിംഗ് കഴിഞ്ഞു കയറിയപ്പോൾ, കഴിക്കാനുള്ള ഭക്ഷണം റെഡി ആയി. വെജി. മീൽസ് ആയിരുന്നു പറഞ്ഞിരുന്നത്. 100 രൂപയാണ്.. പിന്നെ, തീന്മേശയിൽ ഒരു യുദ്ധമായിരുന്നു…ഭക്ഷണം ഒക്കെ കഴിഞ്ഞു, കുറച്ചു നേരം വിശ്രമിച്ചു. അതുകഴിഞ്ഞു, അവിടെ അടുത്ത് ആ ഡാമിലോട്ടു ഇറങ്ങി കുളിക്കാൻ ഒരു കടവുണ്ടെന്നു ഗൈഡ് പറഞ്ഞു.. അപ്പോൾ സമയം 2.30. 3 മണി കഴിയുമ്പോൾ ആ ബസ് തിരിച്ചു വരും എന്നാണു പറഞ്ഞത്. വേഗം പോയി ആ കടവിൽ പോയി ഒരു കുളിയും പാസാക്കി, ഒരുങ്ങി ബസ്റ്റോപ്പിൽ ഇരുന്നു. 3.20ആകാറായപ്പോൾ ബസ് വന്നു…വീണ്ടും കണ്ട കാഴ്ചകൾ തന്നെ ആസ്വദിച്ചു തിരിച്ചു 7.20 ആയപ്പോൾ പത്തനംതിട്ട എത്തി.കൂടെ യാത്ര ചെയ്തവരോടും പ്രത്യേകിച്ച് കണ്ടക്ടർ ചേട്ടനോടും ഡ്രൈവർ ചേട്ടനോടും യാത്ര പറഞ്ഞു ഇറങ്ങി. . വണ്ടിയും എടുത്തു തിരിച്ചു വീട്ടിൽ രാത്രി 9.40 ആയപ്പോൾ എത്തി..സുഹൃത്തുക്കൾ എല്ലാരോടും യാത്ര പറഞ്ഞു പിരിഞ്ഞു. അങ്ങനെ ഗവി എന്ന കൊച്ചു സുന്ദരി മനസ്സിൽ നൽകിയ മധുരമായ കാഴ്ചകളും അനുഭവങ്ങളും അയവിറക്കിക്കൊണ്ടു ഒരു സുഖ നിദ്ര പാസ്സാക്കി. ഇനിയും ഗവിയെന്ന സുന്ദരിയെ കാണാൻ വരും എന്ന ഉറപ്പോടെ….

Nb: പോയതിലെ ഒരു രസം എന്താണ് എന്ന് വെച്ചാൽ എന്നെയും ജിംസനെയും ഒഴികെ ബാക്കി എല്ലാർക്കും അട്ട പണി കൊടുത്തു എന്നതാണ്.. അതിൽ കണ്ടക്ടർ ചേട്ടനും പെടും.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply