പല കാരണങ്ങളാൽ മുടങ്ങിപ്പോയ എൻ്റെ മൂകാംബിക – കുടജാദ്രി യാത്ര…

വിവരണം  – Bharath Vellappellil.

ചില യാത്രകൾ അങ്ങനെതന്നെയാണ്. നമ്മളെത്ര പോകണമെന്ന് ഉദ്ദേശിച്ചാലും അതിന്റെ സമയത്ത് മാത്രം നമുക്ക് കൃത്യമായി അവിടെ എത്താൻ സാധിക്കും. അങ്ങനെ എന്റെ യാത്രകൾ തുടങ്ങിയ സമയം മുതൽ പോകാൻ ആഗ്രഹിക്കുന്നത്, എന്നാൽ പലകാരണങ്ങളാൽ മടങ്ങിപ്പോകുകയും ചെയ്ത ഒരു യാത്രയാണ് മൂകാംബിക കുടജാദ്രി യാത്ര. അങ്ങനെ ഈ കഴിഞ്ഞ ജൂലൈ 27 തീയതി വ്യാഴാഴ്ച വൈകുന്നേരമായപ്പോൾ പെട്ടെന്ന് മനസ്സിൽ മൂകാമ്പിക പോയാലോ എന്നൊരു തോന്നൽ. നേരെ വീട്ടിലേക്ക് പോയി അവിടുന്നു കയ്യിൽ കിട്ടിയ തുണിയും ക്യാമറയും എല്ലാംകൂടി ഒരു ബാഗിൽ എടുത്ത്  രാത്രി എട്ടരയോടെ വീട്ടിൽ നിന്നും ഇറങ്ങി. പെട്ടെന്നായതുകൊണ്ട് ആനവണ്ടി ആപ്ലിക്കേഷനിൽ നോക്കിയപ്പോൾ കൊട്ടാരക്കരയിൽ നിന്നും മൂകാംബിക ഒരു വണ്ടി ഉണ്ട് എന്ന് കണ്ടു. അത് മൂവാറ്റുപുഴയിൽ രാത്രി പതിനൊന്നരയോടെ എത്തും എന്നും കണ്ടു. സീറ്റ് ഉണ്ടാകുമോയെന്നും യാതൊരു ഉറപ്പും ഇല്ലായിരുന്നു. അങ്ങനെ ബൈക്ക് മൂവാറ്റുപുഴ കൊണ്ട് വച്ച വച്ച ബസിനു വേണ്ടി കാത്തു നിന്നു. കൃത്യസമയത്ത് വണ്ടി എത്തി.

‌അങ്ങനെ വെളുപ്പിന് ഏഴരയോടെ വണ്ടി കണ്ണൂരിലെത്തി. അവിടം വരെ നല്ല ഉറക്കം തന്നെയായിരുന്നു. അവിടെ നിന്നും അങ്ങോട്ട്  മലബാർ കാഴ്ചകൾ ആസ്വദി ആസ്വദിച്ച് അങ്ങ് പോയി. ഏകദേശം 11 മണിയോടെ ബസ് കർണാടകയിൽ പ്രവേശിച്ചു. പിന്നീട് അവിടുന്ന് അങ്ങോട്ട് മംഗലാപുരം ഉഡുപ്പി കുന്ദാപുര വഴിയിലൂടെ ഏകദേശം 3 മുപ്പതോടെ മൂകാംബികയിൽ എത്തി. അന്ന് രാത്രി കുടജാദ്രി കയറി. അവിടെ താമസിച്ച് രാവിലെ മൂകാംബിക വരാം എന്നായിരുന്നു എന്റെ പ്ലാൻ. പക്ഷേ വൈകുന്നേരം മൂന്നുമണിയോടെ കുടജാദ്രിയിലേക്കുള്ള അവസാനത്തെ ജീപ്പ് പുറപ്പെടും. അങ്ങനെ ആ പ്ലാൻ പൊളിഞ്ഞു. ബസിൽ നിന്നിറങ്ങിയപ്പോൾ തന്നെ ഒരുപറ്റം കുട്ടികൾ വണ്ടിയെ പൊതിഞ്ഞു. വേറെ ഒന്നുമല്ല റൂം എടുത്തു തരാൻ സഹായിക്കാൻ ആണത്രേ. കൂട്ടത്തിൽ ഒരുത്തൻ എന്നെ കൊണ്ടുപോയി ഞാനോർത്തു പണികിട്ടിയെന്ന്. പക്ഷേ അവൻ എന്നെ ഒരു നല്ല റൂമിൽ ആക്കിത്തന്നു. അതും 400 രൂപ ചിലവിൽ. റൂമിൽ നിന്നും ഭാണ്ഡക്കെട്ട് എല്ലാം ഇറക്കി വെച്ച് ഒരു കുളിയും കഴിഞ്ഞു ക്യാമറയും എടുത്തു പുറത്തേക്കിറങ്ങി.

അവിടെയടുത്ത് സൗപർണിക തീർത്ഥ ‌ഉണ്ട് എന്നു അറിഞ്ഞു. ഏകദേശം മൂകാംബികയിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട്. എന്തായാലും നടക്കാം എന്നു വച്ച് നേരെ അങ്ങോട്ടു പോയി. ശരിക്കും അത് ഒരു നദിയാണ്. അധികം ആളുകൾ ഒന്നും അവിടെ ഇല്ലായിരുന്നു. പക്ഷേ കുരങ്ങന്മാരുടെ ശല്യം അവിടെ വളരെ അധികമായിരുന്നു. കുറച്ചുസമയം അവിടെ ചെലവിട്ടു നേരെ അമ്പലത്തിൻറെ പരിസരത്തേക്ക് പോയി. അവിടെ മുഴുവനും ഒന്ന് ചുറ്റിക്കണ്ടു. ഭീമാകാരന്മാരായ പശുക്കളാണ് അമ്പലത്തിനു ചുറ്റും. ഇതിനിടയിൽ നല്ലൊരു മഴയും പെയ്തു. പിന്നെ അമ്പലത്തിനു പുറത്തു കണ്ട കടകളിൽ നിന്നും കുറച്ച് സാധനങ്ങളും വാങ്ങി ഭക്ഷണവും കഴിച്ച് വീണ്ടും റൂമിലേക്ക് പോയി. വൈകിട്ട് ഏകദേശം ഏഴു മണിയോടെ അമ്പലത്തിലേക്ക് പോയി. പുറത്തു കണ്ട കടയിൽ നിന്നും കുറച്ച് പേനയും ചരടും എല്ലാം വാങ്ങി അമ്പല ദർശനം നടത്തി. പിന്നെ പിറ്റേ ദിവസം രാവിലെ കുടജാദ്രി പോകാനുള്ള വണ്ടിയും അറേഞ്ച് ചെയ്തു. അവിടത്തെ രാത്രി ഭംഗിയും ആസ്വദിച്ച് പത്തു മണിയോടെ തിരിച്ച് മുറിയിലെത്തി. ഫോണും ക്യാമറയും എല്ലാം ചാർജ് ചെയ്യാൻ വെച്ച് അഞ്ച് മണിക്ക് അലാറം വെച്ച് കിടന്നുറങ്ങി.

രാവിലെ കുളി കഴിഞ്ഞു അത്യാവശ്യം സാധനങ്ങൾ ഒരു ചെറിയ ബാഗിൽ എടുത്തു ബാക്കി മുറിയിൽ സൂക്ഷിച്ച ജീപ്പ് പുറപ്പെടുന്ന സ്ഥലത്തേക്ക് എത്തി. അങ്ങനെ ആറു മുപ്പതോടെ എല്ലാവരും എത്തി. ജീപ്പ് കുടജാദ്രി ക്ക് പുറപ്പെട്ടു. കൂടെയുള്ള സഹയാത്രികർ എല്ലാവരും മലയാളികൾ ആയിരുന്നു. അതു തന്നെ ഒരു ഉപകാരമായി . മൂകാംബികയിൽ നിന്നും ഏകദേശം 30 കിലോമീറ്ററാണ് കുടജാദ്രിയിലേക്കുള്ള ദൂരം. 370 രൂപയാണ് വണ്ടിക്ക് ഒരാൾ നൽകേണ്ട പൈസ. ഏകദേശം 20 കിലോമീറ്ററിന് അടുത്ത് മൂകാംബിക വന്യജീവിസങ്കേതത്തിനുള്ളിൽ ചുരം കയറി വണ്ടി നീങ്ങി. നമ്മുടെ കൂടെ ജീപ്പിൽ ഉണ്ടായിരുന്നത്  കാസർഗോഡ് നിന്നുള്ള ഒരു ഫാമിലി, കോട്ടയത്തുള്ള രണ്ടു ചേട്ടന്മാർ, പിന്നെ കോഴിക്കോട്ടുള്ള ശൈലേഷ് ചേട്ടൻ (പുള്ളി ഫാമിലിയാണ് എത്തിയതെങ്കിലും കുടജാദ്രി ക്ക് ഒറ്റയ്ക്കാണ് വന്നത്) എന്നിവരാണ്.

ജീപ്പ് ഇടയ്ക്ക് ഒരു കവലയിൽ നിർത്തി നമുക്ക് ഭക്ഷണം കഴിക്കാനുള്ള സമയം തന്നു. സ്വതവേ കേരളത്തിന് പുറത്ത് പുറത്ത് കടന്നാൽ അവിടുത്തെ ഭക്ഷണം എനിക്ക് പിടിക്കാറില്ല. അതുകൊണ്ട് ഒരു നാരങ്ങ വെള്ളവും ലെയ്സും കഴിച്ച് എന്റെ എന്റെ പ്രഭാതഭക്ഷണം അവസാനിപ്പിച്ചു. വീണ്ടും ജീപ്പിൽ ഒരു ആറ് കിലോമീറ്റർ കഴിഞ്ഞപ്പോൾ റോഡ് അവസാനിച്ചു. കുടജാദ്രി ക്കുള്ള ഓഫ് റോഡ് ആരംഭിച്ചു. അതിന്റെ താഴെ 25 രൂപയുടെ പാസ്സ് എല്ലാവരും എടുത്തു. തുടർന്ന് ഓഫ് റോഡ് ആരംഭിച്ചു. വാക്കുകളിൽ അതിന്റെ കാഠിന്യം പറയാൻ സാധിക്കില്ല. അത്രയ്ക്ക് മോശം വഴിയാണ്. കൂടാതെ തുടർച്ചയായി പെയ്ത മഴയിൽ  വഴി മുഴുവൻ നശിച്ച കിടക്കുകയാണ്. എങ്കിലും നമ്മുടെ ജീപ്പ് ഡ്രൈവർ വാഹനം മുന്നോട്ടു നയിച്ചു. വണ്ടിയിൽ മുറുകെ പിടിച്ചിരുന്നു യാത്ര ചെയ്തില്ലെങ്കിൽ താഴെ പോകും എന്ന അവസ്ഥയിലാണ്. വഴി ഇടയ്ക്ക് വണ്ടി ഒന്ന് നിന്നു പോയാൽ പിന്നെ വണ്ടി കയറില്ല. അത്രയ്ക്ക് കുത്തനെയുള്ള കയറ്റങ്ങൾ ആണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു സാഹസിക യാത്ര.

ഏകദേശം 20 മിനിറ്റ് കൊണ്ട് വണ്ടി കുടജാദ്രി മുകളിലെത്തി. ശക്തമായ കോട മഞ്ഞാണ് ഞങ്ങളെ അവിടെ വരവേറ്റത്. ചുറ്റും നിൽക്കുന്നത് കാണാൻ പോലും വയ്യാത്ത അവസ്ഥ. കൂടെ വന്ന വണ്ടി ഏകദേശം രണ്ടുമണിക്കൂറോളം നമുക്ക് കുടജാദ്രിയിൽ കാത്തുനിൽക്കും. ആ സമയം കൊണ്ട് നമ്മൾ സർവജ്ഞപീഠം, ചിത്രമൂല എന്നിവിടങ്ങൾ കണ്ട് മടങ്ങിയെത്തണം. കുടജാദ്രി ആരംഭിക്കുന്ന അടുത്ത മൂന്നു നാല് അമ്പലങ്ങൾ ഉണ്ട്. പിന്നെ അതിന്റെ മുകളിൽ താമസിക്കാൻ ഒരു വീടും. അതിന്റെ മുന്നിൽ നിറയെ മീനുകൾ ഉള്ള ഒരു കുളവും ഉണ്ട്. പിന്നീട് നേരെ സർവജ്ഞപീഠത്തിലേക്ക് പോണം. ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. അൽപ്പം കയറ്റമാണ്. കോടയും തണുപ്പും ആയതിനാൽ ക്ഷീണം അറിയാതെയുള്ള നടത്താമായിരുന്നു. മഞ്ഞിലൂടെ കൂടിയിട്ടുള്ള ആ നടത്തം ഒരു വല്ലാത്ത അനുഭൂതി തന്നെയായിരുന്നു.

കുറച്ചുദൂരം പിന്നിട്ടപ്പോൾ വഴി ഒരു ചെറിയ കാട് എന്ന് തോന്നിക്കുന്ന ചുറ്റും മരങ്ങൾ നിറഞ്ഞ ഒരു സ്ഥലത്തേക്ക് പ്രവേശിച്ചു. അതും രസകരമായ ഒരു അനുഭവമായിരുന്നു. സർവ്വജ്ഞപീഠം മുഴുവനായി മഞ്ഞിൽ കുളിച്ച് നിൽക്കുകയായിരുന്നു. അവിടെ കുറച്ചു സമയം ചിലവഴിച്ചു ഞങ്ങൾ ചിത്രമൂലയിലേക്ക് പുറപ്പെട്ടു. സർവജ്ഞപീഠത്തിലെ പിന്നിൽ നിന്നും ഒരു വലിയ പാറക്കൂട്ടങ്ങൾക്കിടയിലൂടെ താഴേക്കിറങ്ങി. വീണ്ടും കുത്തനെയുള്ള ഇറക്കം ഇറങ്ങി ആണ് അങ്ങോട്ട് പോകേണ്ടത്. അല്പം അപകടകരമായ വഴിയായതിനാൽ ശ്രദ്ധിച്ചാണ് ഞങ്ങൾ ഇറങ്ങിപ്പോയത്. ഏകദേശം ഒന്നര കിലോമീറ്ററോളം താഴെ ഇറങ്ങി ശ്രീ ചിത്രമൂലയിലെത്തി. സൗപർണിക നദിയുടെ തുടക്കം അവിടെനിന്നാണ് എന്നാണ് പറയുന്നത്. എന്തായാലും പറയേണ്ട ഒരു കാര്യം ഞാൻ ജീവിതത്തിൽ കുടിച്ചിട്ടുള്ള ഏറ്റവും രുചികരമായ വെള്ളം ശ്രീചിത്ര മൂലയിൽ ഉള്ള ഒരു അരുവിയിലെയാണ്. അവിടെ ഉള്ള ഒരു ഒരു ശിവന്റെ വിഗ്രഹത്തിലേക്ക് വെള്ളം ധാര ആയി വീഴുന്ന കാഴ്ചയും മനോഹരമായിരുന്നു.

താഴേക്ക് അത്രയും ഇറങ്ങിയതിനാൽ തിരികെയുള്ള കയറ്റം അല്പം കഠിനമായിരുന്നു. ഇതിനിടയിൽ കൂടെ വന്ന ശൈലേഷ് ചേട്ടനുമായി ഞാൻ നല്ല കൂട്ടായിരുന്നു. തിരികെ ഞങ്ങൾ സർവജ്ഞപീഠത്തിലെത്തിയപ്പോൾ ഏകദേശം മഞ്ഞെല്ലാം മാറി നല്ല ഒരു കാഴ്ച സമ്മാനിച്ചു. സർവജ്ഞ പീഠത്തിലെ താഴ്ഭാഗത്ത് ഒരു കടയുണ്ട്. കട എന്ന് പറഞ്ഞാൽ പറഞ്ഞാൽ ഷീറ്റ് വലിച്ചു കെട്ടിയിരിക്കുന്ന ഒരു സ്ഥലം. നടന്നതിന്റെ ക്ഷീണത്തിൽ അവിടെ കിട്ടിയ കക്കിരിയും സംഭാരവും എല്ലാം കുടിച്ച് ക്ഷീണം മാറ്റി. അതിന്റെ താഴെയുള്ള ഒരു ഗുഹയും കണ്ടു. ആ ഗുഹയുടെ ഉള്ളിൽ കൂടി ഒരു കിലോമീറ്റർ പോയാൽ അത് ചിത്രമൂല അവസാനിക്കുമെന്ന് കടയിലെ ചേട്ടൻ പറഞ്ഞു. ഏകദേശം പന്ത്രണ്ടരയോടെ വീണ്ടും ജീപ്പ് ഇരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങൾ എത്തി. ശേഷം മലയിറക്കം.

തലേ ദിവസം രാത്രി അവിടെ എത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോയി. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഇതിനിടയിൽ മുരുദേശ്വർ പോകുവാൻ ശൈലേഷ് ചേട്ടൻ എനിക്ക് ഒരു ലിഫ്റ്റ് ഓഫർ ചെയ്തു. അങ്ങനെ ഒരു മണിയോടെ ഞങ്ങൾ വീണ്ടും മൂകാംബികയിൽ എത്തി. ഞാൻ റൂമിൽ പോയി എൻറെ സാധനങ്ങൾ വീണ്ടും ബാഗിലാക്കി ഒന്നരയോടെ റൂം വെക്കേറ്റ് ചെയ്ത് താഴെ ഇറങ്ങി. അപ്പോളേക്കും ശൈലേഷ് ചേട്ടനും കുടുംബവും അവിടെയെത്തിയിരുന്നു. അങ്ങനെ അവരുടെ കൂടെ സ്കോർപ്പിയോ മുരുദേശ്വർ പുറപ്പെട്ടു.

കൊല്ലൂരിൽ നിന്നും ഏകദേശം 50 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. ഒരു മണിക്കൂറോളം സമയം കൊണ്ട് ഞങ്ങൾ മുരുദേശ്വർ എത്തി. കടലിനോട് ചേർത്ത് സ്ഥാപിച്ചിരിക്കുന്ന ശിവന്റെ ഒരു വലിയ വിഗ്രഹമാണ് ഇവിടുത്തെ ഏറ്റവും വലിയ കാഴ്ച. വിഗ്രഹത്തിനു മുന്നിൽ ഉള്ള 18 നില ഗോപുരത്തിന് മുന്നിൽ കയറി ആ വിഗ്രഹം കാണാൻ സാധിക്കും. പിന്നിലുള്ള കടലും ശിവന്റെ വിഗ്രഹവും എല്ലാംകൂടി മാസ്മരികമായ ഒരു കാഴ്ചയാണ് അവിടെ ലഭിക്കുന്നത്. ഒന്നര മണിക്കൂറോളം അവിടെ ചിലവിട്ടതിനു ശേഷം ഒരു ഓട്ടോറിക്ഷ പിടിച്ചു മുരുദേശ്വർ റെയിൽവേ സ്റ്റേഷനിൽ ചെന്നു. അവിടെ അന്വേഷിച്ചപ്പോൾ 20 കിലോമീറ്റർ മാറിയുള്ള ഭട്കൽ എന്ന സ്ഥലത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വൈകുന്നേരം എട്ടുമണിക്ക് എറണാകുളത്തേക്കുള്ള മരുസാഗർ എക്സ്പ്രസ് വരുമെന്നറിഞ്ഞു.

റെയിൽവെ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി അടുത്ത കണ്ട കടയിൽ നിന്നും ഒരു നൂഡിൽസും കഴിച്ചു നേരെ ഭട്കലിന് പോകുന്ന ബസ്സിൽ കയറി. ബസ്സ് ഇറങ്ങുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരമുണ്ട് റെയിൽവേ സ്റ്റേഷനിലേക്ക്. എന്തായാലും നടക്കാൻ തീരുമാനിച്ചു. അങ്ങനെ 7 30 ഓടെ ഭട്കൽ സ്റ്റേഷനിലെത്തി എറണാകുളത്തിന് ഉള്ള ടിക്കറ്റ് എടുത്തു. അവിടെ നിന്നും ഭട്കൽ ബാങ്കിൽ വർക്ക് ചെയ്യുന്ന ആലുവക്കാരൻ മനോജേട്ടനെ പരിചയപ്പെട്ടു. പുള്ളി പറഞ്ഞു വണ്ടിയുടെ റിസർവേഷൻ കമ്പാർട്ടുമെന്റിൽ കയറി ചെക്കർ വരുമ്പോൾ ടിക്കറ്റ് മാറിയാൽ മതിയെന്ന്. ഏകദേശം ഒൻപതു മണിയോടെ ട്രെയിൻ സ്റ്റേഷനിൽ എത്തി. അതിൽ കയറി ഒരു ഒരു അപ്പർ ബർത്തിൽ സ്ഥാനം പിടിച്ചു. രാത്രി 11 മണിയോടെ മംഗലാപുരം എത്തിയപ്പോളാണ് പിറ്റേ ദിവസം കേരളത്തിൽ ഹർത്താൽ ആണെന്ന് അറിഞ്ഞത്. പെട്ടുപോയി..

എന്തായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി. രണ്ടു ദിവസത്തെ ക്ഷീണം കാരണം എപ്പോഴാണ് ഉറങ്ങിയത് എന്നോർമ്മയില്ല. രാവിലെ കണ്ണുതുറന്നപ്പോൾ വണ്ടി ആലുവ സ്റ്റേഷൻ കഴിഞ്ഞിരുന്നു. എനിക്ക് ഇടപ്പള്ളിക്ക് പോകേണ്ടതിനാൽ വണ്ടി കളമശ്ശേരി ഭാഗത്ത് പിടിച്ചിട്ടപ്പോൾ ഞാൻ അതിൽ നിന്ന് ഇറങ്ങി. തുടർന്ന് എറണാകുളത്തുള്ള സുഹൃത്ത് എനിക്ക് മൂവാറ്റുപുഴ വരെ ലിഫ്റ്റ് ഓഫർ ചെയ്തു. അങ്ങനെ 12 മണിയോടെ മൂവാറ്റുപുഴ എത്തി. അവിടെ അടുത്ത പ്രശ്നം.. ബൈക്കിൽ പെട്രോൾ തീർന്നു പോയി. തുടർന്ന് ഒരു ഓട്ടോറിക്ഷ ചേട്ടന്റെ സഹായത്തോടുകൂടി ഒരു കടയിൽ നിന്നും രണ്ട് ലിറ്റർ പെട്രോൾ ബ്ലാക്കിൽ വാങ്ങി പുറപ്പെട്ടു. മൂന്നു രാത്രിയും മൂന്നു പകലും നീണ്ടുനിന്ന ഏകാന്തയാത്ര അവസാനിച്ചു. ഒരുപാട് ഓർമ്മകളും സൗഹൃദങ്ങളും സമ്മാനിച്ച മനോഹരമായ ഒരു യാത്രയായിരുന്നു അത്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply